অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുല്ലപ്പൂ കൃഷിയിലൂടെ കൊയ്യാം ലക്ഷങ്ങൾ

മുല്ലപ്പൂ കൃഷിയിലൂടെ കൊയ്യാം ലക്ഷങ്ങൾ

മുല്ലക്കർഷകർക്കിപ്പോൾ മുല്ല ശരിക്കും ഒരു 'ദൈവത്തിന്റെ സമ്മാന'മാണ്; അതിന്റെ പേരു പോലെത്തന്നെ. റെക്കോഡ് വിലയാണ് ഈ കല്യാണ സീസണിൽ. ഒരുവർഷം കേരളത്തിൽ മാത്രം ഉപയോഗിക്കുന്നത് ഏകദേശം നൂറുകോടിയുടെ മുല്ലപ്പൂക്കളാണ്. സുഗന്ധം പരത്തുന്ന പൂക്കളിൽ രാജ്ഞിയാണ് മുല്ലപ്പൂവ്. പുരാതനകാലം മുൻപുതന്നെ മനുഷ്യജീവിതവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതാണ് മുല്ലപ്പൂക്കൾ.  250ൽപ്പരം ഇനങ്ങളുള്ള ഒലിയേസ്യേ കുടുംബത്തിൽപ്പെട്ട ജാസ്മിനം എന്ന ശാ്ത്രനാമത്തിൽ വരുന്ന ചെടിയാണ് മുല്ല. ഭാരതത്തിൽ ഇതിന്റെ 40 ഓളം ജനുസുകൾ കണ്ടുവരുന്നു. സംസ്‌കൃതത്തിൽ മല്ലിക,  ഹിന്ദിയിൽ മോഗ്ര, തമിഴിൽ മുല്ലൈ, മല്ലിക, എന്നിങ്ങനെ പറയപ്പെടുന്ന മുല്ലയുടെ ഇംഗ്‌ളിഷ് വാക്കായ ജാസ്മിൻ എന്നത്  പേർഷ്യൻ വാക്കായ യാസിൻ എന്ന
തിൽ നിന്നാണ് വന്നത്. യാസിൻ എന്നതിന് അർഥം ദൈവത്തിന്റെ അനുഗ്രഹം എന്നാണ്. ഇന്ത്യയിൽ ഏകദേശം 100000 ഹെക്ടർ സ്ഥലത്ത് മുല്ല കൃഷിചെയ്തുവരുന്നുണ്ട്. ഇതിൽ പ്രധാനമായും തമിഴ്‌നാട് കർണാടകം എന്നിവിടങ്ങളിലാണ്.
മുല്ലയുടെ തരങ്ങൾ

കുറ്റിമുല്ല
കുറ്റിമുല്ലയാണ് കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യാൻ അനുയോജ്യം. ജാസ്മിനം സാംബക് എന്നാണിതിന്റെ ശാസ്ത്രീയനാമം. ഇത് അറേബ്യൻ മുല്ല, ടസ്‌കൻ മുല്ല എന്നും അറിയപ്പെടുന്നു. വർഷം മുഴുവനും പൂവ് തരുന്ന ഇനമാണിത് ഗുണ്ടുമല്ലി, മോട്ടിയ, വിരൂപാക്ഷി, മദനബാണം, രാമബാണം എന്നിവയാണ് ഇതിന്റെ ഇനങ്ങൾ
കോയമ്പത്തൂർ മുല്ല
തമിഴ്‌നാട്ടിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന അത്ര  മണമില്ലാത്തതരം മുല്ലയാണിത്. സി.ഒ.1, സി.ഒ.2 ഇനങ്ങളും ലോങ് പോയന്റ്, ലോങ്‌റൗണ്ട്, ഷോർട്ട് പോയന്റ് , ഷോർട്ട് റൗണ്ട് എന്നിങ്ങനെയാണ് ഇതിന്റെ ഇനങ്ങൾ. ജാസ്മിനം ഒറിക്കുലേറ്റം എന്നാണിതിന്റെ ശാസ്ത്രനാമം.
കൃഷിരീതി
മുല്ല നന്നായിമൊട്ടിട്ട് പൂക്കാൻ നല്ല സൂര്യപ്രകാശം ആവശ്യമാണ് തണലിൽ വളരുന്നവ നന്നായിപടർന്നാലും മൊട്ടുകൾ തീരേ കുറവായിരിക്കും. നല്ല നീർവാർച്ചയുള്ളതും പശിമരാശിയിൽപെട്ടതുമായ മണ്ണാണ് മുല്ലകൃഷിക്ക് അനുയോജ്യം. മുരട്ടിൽ വെള്ളം കെട്ടിനിൽക്കരുത്. എന്നാൽ കളിമണ്ണ് നന്നായി കലർന്ന മണ്ണിൽ പൂക്കൾ കുറയും. തൈകൾ വേരുപിടിപ്പിച്ച് മാറ്റിനടുന്നതിന് മുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം.  അതിനുശേഷം അതിൽ സെന്റൊന്നിന് 30-40 കിലോ തോതിൽ കാലിവളമോ കംപോസ്‌റ്റോ ചേർത്തിളക്കിനിരപ്പാക്കണം അമ്‌ളഗുണം കൂടുതലുള്ള മണ്ണാണെങ്കിൽ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേർത്തുകൊടുക്കാം. 40 സെമീ നീളം വീതി ആഴം എന്നിങ്ങനെയുള്ള കുഴികളാണ് എടുക്കേണ്ടത്. കുറ്റിമുല്ലയ്ക്ക് ഒന്നര മീറ്ററും മറ്റുള്ളവയ്ക്ക് ഒന്നേമുക്കാൽ മീറ്ററും അകലം ചെടികൾ തമ്മിൽ നൽകാം. വേരുപിടിച്ച കമ്പുകൾ ജൂൺ-ഓഗസ്റ്റ് മാസങ്ങളിലായിനടാം. നന്നായിനന കിട്ടുകയാണെങ്കിൽ മറ്റുമാസങ്ങളിലും നടാവുന്നതാണ്. ചെടിയുടെ  വളർച്ചയുടെ ആദ്യകാലങ്ങളിൽ പുലർകാലങ്ങളിൽ അന്തരീക്ഷത്തിൽ പുലർകാലങ്ങളിൽ തണുപ്പും പകൽകാലങ്ങളിൽ ചൂടും അത്യാവശ്യമാണ്. കൃഷിയിടത്തിൽ വെള്ളം കെട്ടിനിൽക്കരുത്. നട്ട് ഒരു മാസമായാൽ ഇടയിളക്കി കളകൾ പിഴുതുമാറ്റണം. പറച്ചുനടുന്നസഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. അഞ്ച്- ആറ് ഇലകൾ വന്നുകഴിഞ്ഞാൽ രണ്ടാഴ്ച ഇടവിട്ട് നനയ്ക്കുന്നത് വിളവിനെ വർധിപ്പിക്കും. ശിഖരം പൊട്ടുമ്പോഴും പൂവിടുമ്പോഴും നനയ്ക്കൽ നിർബന്ധമാണ്.
പതിനഞ്ചുദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം. ചെടി തഴച്ചുവളരാൻ യൂറിയയും നൽകാറുണ്ട്. ചെടിയുടെ ചുവട്ടിൽവെള്ളം കെട്ടിനിൽക്കരുത്. അങ്ങനെ നിന്നാൽ ചെടിമൊത്തം ചീഞ്ഞുപോവും. വേനൽക്കാലത്ത് ഒന്നരാടൻ നനയ്ക്കാം്. മഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മുരട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം.
തൈ തയ്യാറാക്കാം
കമ്പ് മുറിച്ചു നട്ടും പതിവെച്ചുമാണ് സാധാരണ തൈകൾ തയ്യാറാക്കാറ്. ഏറ്റവും എളുപ്പം ചെയ്യാവുന്നതാണ് കമ്പ് മുറിച്ചുനടുന്നരീതി. മഴക്കാലത്താണ് ഇങ്ങനെ കമ്പുകൾക്ക് വേരു പിടിപ്പിക്കുന്നത്. കമ്പ് മുറിച്ചുനടുമ്പോൾ എളുപ്പം വേരുപിടിക്കാൻ സഹായിക്കുന്ന ഇൻഡോൾ ബ്യൂട്ടറിക് ആസിഡോ, നാഫ്തലിൻ അസറ്റിക് ആസിഡോ 5000 പി.പി.എം എന്നതോതിൽ കലക്കിയ ലായനിയിൽ മുക്കിവെച്ചതിന് ശേഷം നട്ടാൽ വേഗം വേരു പിടിക്കും.
മഴ ലഭിക്കുന്ന മാസങ്ങളിലാണ് പതിവെയ്ക്കാവുന്നത് ഒരുവർഷത്തിൽ താഴേ പ്രായമുള്ള പാർശ്വശാഖകൾ മണ്ണിലേക്ക് വളച്ചുവെച്ച് മണ്ണിട്ടുമുടി വേരുപിടിപ്പിച്ച് വെട്ടിയെടുക്കാം.
ചാക്കിലും ചട്ടിയിലും
കുറ്റിമുല്ലകൾ ചാക്കിലും ചട്ടിയിലും പിടിപ്പിച്ച് അധികവരുമാനമുണ്ടാക്കുന്ന എത്രയോ വീട്ടമ്മമാരുണ്ട്്. മണ്ണ്, മണൽ , ചാണകപ്പൊടി എന്നിവ തുല്യഅളവിൽചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി അത് ചട്ടിയിലോ ചാക്കിലോ നിറച്ചതിനുശേഷം ഓരോ ചട്ടിയിലും നൂറുഗ്രാം കുമ്മായം, അൻപത്ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ നിറച്ചതിന് ശേഷം ഒരു മുന്നുദിവസം നനച്ചിട്ട് അതിൽ വേരുപിടിപ്പിച്ച തൈകൾ നട്ട് പരിപാലിക്കാം. രണ്ടുവർഷത്തിനുശേഷം പോട്ടിങ് മിശ്രിതം മാറ്റി ചെടികൾ അതിലേക്ക് നട്ടാൽ പൂക്കൾ കൂടും.
കൊമ്പുകോതണം
കുറ്റിമുല്ലയുടെ കൊമ്പുകോതൽ പ്രധാനമാണ് നവംബർ-ഡിസംബർ മാസങ്ങളിലാണ് കൊമ്പുകോതേണ്ടത്. വളർച്ച ഇല്ലാത്തതും ഉണക്കം കാണിക്കുന്നതും രോഗം ബാധിച്ചതും ആയ കൊമ്പുകളാണ് വെട്ടിമാേറ്റണ്ടത്. മുറിപ്പാടിൽ അല്പം ബോർഡോ മിശ്രിതം പുരട്ടുന്നത് നല്ലതാണ്.
രോഗവും കീടവും
ശലഭപ്പുഴു, ഈച്ചപ്പുഴു, ഗ്യാലറിപ്പുഴു, വെള്ളീച്ച, ഇലചുരുട്ടിപുഴു, ഇലതീനിപ്പുഴു, തണ്ടുതുരപ്പൻ പുഴു, ശൽക്കകീടങ്ങൾ എന്നിവയാണ് പ്രധാനമായും മുല്ലയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.  വേരുചീയൽ രോഗം, കടചീയൽരോഗം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങൾ.
ഇലപ്പുള്ളിരോഗം
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.
കീടങ്ങൾക്കും രോഗങ്ങൾക്കും വേപ്പധിഷ്ഠിത കീടനാശിനിയാണ് സാധാരണ ഉപയോഗിക്കാവുന്നത്. ആക്രമണം രൂക്ഷമാവുമ്പോൾ  ഹാനികരമല്ലാത്ത കീടനാശിനികളും ഉപയോഗിക്കാം.
വിളവെടുക്കാം
നട്ട് ആറുമാസത്തിനകം തന്നെ വിളവെടുക്കാവുന്നതാണ്. മൊട്ടുകളാണ് പറിച്ചെടുക്കേണ്ടത്. നല്ലവണ്ണം വികസിച്ച മൊട്ടുകളേ പറിച്ചെടുക്കാവൂ. ചെടിനട്ട് ആദ്യം ഉണ്ടാവുന്ന മൊട്ടുകൾ കൃഷിക്കാർ നുള്ളി നശിപ്പിക്കും. ഇത് ചെടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും പിന്നീട് കൂടുതൽ മൊട്ടുകളുണ്ടാവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നന്നായിവിളയുന്ന ചെടിയിൽനിന്ന് ഒരു ഹെക്ടറിൽ നാലുമുതൽ ആറു ടൺവരെ പൂക്കൾ ലഭിക്കും. എന്താ കുറ്റിമുല്ലകൃഷി തുടങ്ങുകയല്ലേ.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate