Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / മികച്ച വിളവിന് തെങ്ങിനെ ചികിത്സിക്കാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മികച്ച വിളവിന് തെങ്ങിനെ ചികിത്സിക്കാം

മികച്ച വിളയ്ക്ക് പരിപാലിക്കണം തെങ്ങിനെ

മികച്ച വിളവിന് തെങ്ങിനെ ചികിത്സിക്കാം

വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ കേരളത്തിലെ പുരയിടങ്ങളില്‍ നാളികേരത്തിന് ക്ഷാമമാണ്.

പണ്ട് നാളികേരം വെട്ടി കൊപ്രയുണക്കി വെളിച്ചെണ്ണയാക്കിയിരുന്നവര്‍ കറിയിലരയ്ക്കാന്‍ തന്നെ തേങ്ങയില്ലാതെ നട്ടംതിരിയുന്ന അവസ്ഥ. എന്താണിതിന് കാരണം? നാട്ടിലെല്ലാവരും തെങ്ങിന്‍തൈ വെക്കുകയെന്നല്ലാതെ നാളികേരത്തിന് വിലകുറയുന്ന സന്ദര്‍ഭങ്ങളില്‍ അതിനെ വേണ്ടവിധം പരിപാലിക്കുന്നില്ലെന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്. നന്നായി പരിപാലിക്കുന്ന തോട്ടങ്ങളില്‍ ഇപ്പോഴും വിളവിന് പഞ്ഞമില്ലെന്നതാണ് ഇതിന്റെ തെളിവ്.

പരിപാലിക്കണം

വില കുറഞ്ഞ അവസരത്തിലും വില കൂടിയ അവസരത്തിലും തെങ്ങിന്‍ തൈകളെ നന്നായി പരിപാലിച്ചാല്‍ മാത്രമേ തെങ്ങ് നന്നായി വളര്‍ന്ന് നല്ല കായ്ഫലം നല്‍കൂ. അതിനായി സാധാരണ നമ്മള്‍ ചെയ്തുപോരുന്ന രക്ഷകളൊക്കെ വര്‍ഷാവര്‍ഷം തെങ്ങിന് നല്‍കണം. ഓരോ സസ്യവും വളര്‍ന്നുവലുതായി കായ്ക്കണമെങ്കില്‍ അതിന് പതിനാറോളം മൂലകങ്ങളുടെ ആവശ്യകതയുണ്ട്. മഴപെയ്തു കഴിഞ്ഞാല്‍ തടം തുറന്ന് വളം ചേര്‍ക്കല്‍, ഉപ്പ്, കുമ്മായം, ഡോളമൈറ്റ്, പൊട്ടാഷ് എന്നിവ യഥാവിധി ചേര്‍ക്കല്‍, മറ്റ് രാസവളങ്ങള്‍ ചേര്‍ക്കല്‍ എന്നിവ നടത്തണം.
വേനല്‍ക്കാലത്ത് നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ രണ്ടുദിനം കൂടുമ്പോള്‍ നനയ്ക്കണം.

പോഷണം വേണം

പോഷകാംശത്തിന്റെ കുറവുകൊണ്ടാണ് പലതരം രോഗങ്ങളും കീടങ്ങളും തെങ്ങിനെ ആക്രമിക്കുന്നത്. തെങ്ങിന്റെ ആരോഗ്യക്കുറവിനും കായ്ഫലം കുറയുന്നതിനും കാരണം ഇതാണ്. വീണുകിടക്കുന്ന ഓലകളും ചകിരിയും കൊണ്ട് തെങ്ങിന്‍തടത്തില്‍ പുതയിടുക. കൃത്യമായ ഇടവേളകളില്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കുക, തടം വൃത്തിയാക്കി പുതയിടുന്നതിന് മുന്‍പ് ഓരോ തടത്തിനും 2 കിലോ ഡോളമൈറ്റ് വീതം നല്‍കുക, ട്രൈക്കോഡര്‍മ വളര്‍ത്തിയ വേപ്പിന്‍പിണ്ണാക്ക് മൂന്നുമാസത്തിന്റെ ഇടവേളകളില്‍ തടത്തിലിട്ട് നനയ്ക്കുക, 5 കിലോ വേപ്പിന്‍ പിണ്ണാക്കില്‍ 100 ഗ്രാം ട്രൈക്കോഡര്‍മ പൊടി ചേര്‍ത്താല്‍ മതി.

തെങ്ങിന്‍ തടി കൂര്‍ത്തുപോകല്‍

അധികം പ്രായമില്ലാത്ത തെങ്ങിന്റെ തടി മുകളിലേക്ക് കൂര്‍ത്തു പോകുന്നതിനും തേങ്ങകള്‍ മൂപ്പെത്താതെ കൊഴിഞ്ഞുപോവുന്നതിനും നാളികേരത്തിന്റെ വലിപ്പം കുറയുക, ആകൃതി വ്യത്യാസം, തേങ്ങയുടെ പുറം ഭാഗം ചുളിയല്‍ എന്നിവ വരുന്നതിനും ബോറാക്സ്, സിങ്ക് സള്‍ഫേറ്റ്, മാംഗനീസ് സള്‍ഫേറ്റ്, അയേണ്‍ സള്‍ഫേറ്റ് എന്നിവ 225ഗ്രാം വീതവും 10ഗ്രാം അമോണിയം മോളിബ്ഡേറ്റും 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി വര്‍ഷത്തിലൊരിക്കല്‍ തെങ്ങിന്‍ ചുവട്ടിലൊഴിച്ചാല്‍ മതിയാകും.

ചിതലിന്റെ ആക്രമണം

തെങ്ങിന്റെ അടിഭാഗത്ത് ആദ്യം ചിതലിന്റെ ആക്രമണം ഉണ്ടാവുകയും അതിലൂടെ ചെമ്പന്‍ ചെല്ലിയുടെയും ചെന്നീരൊലിപ്പിന്റെയും ബാധ ഉണ്ടാവുകയുമാണ് വെല്ലുവിളി. ഇത് ഒഴിവാക്കാന്‍ കുമ്മായമോ അല്ലെങ്കില്‍ ടാറോ ഒരു മീറ്ററോളം പൊക്കത്തില്‍ തടിയില്‍ തേച്ചുപിടിപ്പിക്കുക. എന്നാല്‍ ചിതല്‍ ശല്യത്തില്‍നിന്ന് രക്ഷനേടാം.
മച്ചിങ്ങ പൊഴിച്ചില്‍

മച്ചിങ്ങ കരിഞ്ഞ് പൊഴിഞ്ഞ് പോവുകയെന്നതാണ് മറ്റൊരു ഭീഷണി. കരിഞ്ഞ് പൊഴിഞ്ഞ മച്ചിങ്ങകള്‍ നശിപ്പിക്കണം അല്ലെങ്കില്‍ അടുത്ത തെങ്ങിലേക്ക് പടരും. മാങ്കോസെബ് രണ്ട് ഗ്രാം വീതം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തെങ്ങിന്‍ തലപ്പില്‍ തളിക്കുകയെന്നതാണ് പ്രതിരോധമാര്‍ഗം.
ഒച്ചിന്റെ ആക്രമണം
തെങ്ങിന്‍തടിയില്‍ ഒച്ചിന്റെ ആക്രമണം കണ്ടാല്‍ വിനാഗിരി പോലെ ഒച്ചിനെ ആകര്‍ഷിക്കുന്ന ദ്രാവകങ്ങളില്‍ മുക്കിയ ചണത്തിന്റെ ചാക്ക് ഉപയോഗിച്ച് അവയെ മണ്ണെണ്ണയോ തുരിശോ ഇട്ട് കൊല്ലുക.

മുന്‍കരുതലുകളെടുക്കാം

തെങ്ങിന്‍തോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ചെമ്പന്‍ചെല്ലി, കൊമ്പന്‍ചെല്ലി എന്നിവയെ തടയാനുള്ള ആദ്യമാര്‍ഗം. അഴുകിയ തെങ്ങിന്‍തടികള്‍ ഒരു കാരണവശാലും അലക്ഷ്യമായി വലിച്ചെറിയരുത്. അവ ചീന്തിയുണക്കിക്കത്തിക്കുക. ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണിച്ചുനാറി തോട്ടങ്ങളില്‍ കിടക്കാന്‍ അനുവദിക്കരുത്. തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കാനുള്ള ചാണകം ഉണക്കിസൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ചാണകക്കുഴികള്‍ കമ്പോസ്റ്റ് കുഴികള്‍ അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍ എന്നിവയില്‍ പെരുവലച്ചെടി അപ്പാടെ ഇടുകയോ അത് ഇടിച്ചുപിഴിഞ്ഞ് സത്തെടുത്ത് തളിക്കുകയോ ചെയ്താല്‍ ചെമ്പന്‍ചെല്ലി മുട്ടയിട്ട് പെരുകുന്നത് ഒഴിവാക്കാം.
കൂടാതെ മെറ്റാറൈസ്യം എന്ന പച്ചക്കുമിള്‍ ഒരു ക്യുബിക് മീറ്ററിന് 100ഗ്രാം കള്‍ച്ചര്‍ അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാലും ജൈവജീര്‍ണ വസ്തുക്കളിലെ ചെമ്പന്‍ചെല്ലിയുടെയും കൊമ്പന്‍ചെല്ലിയുടെയും വളര്‍ച്ച തടയാവുന്നതാണ്.

വൈറസ് ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ചും ഇവയെ നശിപ്പിക്കാം. ചെമ്പന്‍ചെല്ലിയെ കൂട്ടത്തോടെ നശിപ്പിക്കുന്ന വൈറസ് അസുഖം പരത്തിയ ചെല്ലികളെ വിട്ടും ഇവയെ നശിപ്പിക്കാം.
ഒറിക്ടസ് റൈനോസൈറസ വൈറസ് എന്ന ഒരിനം വൈറസാണിത്. ഇങ്ങനെ വൈറസ് ബാധയുള്ള ചെല്ലികള്‍ ഒരു ഹെക്ടറിന് 12-15 എന്ന തോതിലാണ് വേണ്ടിവരിക. അങ്ങനെ വൈറസ് ബാധയേറ്റ ചെല്ലികള്‍ മറ്റുള്ളവയില്‍ അസുഖം പരത്തി അവയെ 15-20 ദിവസത്തിനുള്ളില്‍ കൊന്നൊടുക്കും.

എന്നാല്‍ ചിലയിടങ്ങളില്‍ വൈറസിനെതിരെ ചെമ്പന്‍ചെല്ലികള്‍ പ്രതിരോധശേഷി നേടിയതായും കാണപ്പെടുന്നുണ്ട്.

തെങ്ങിനെ നന്നായി പരിപാലിച്ചാല്‍ വിളവ് കുറവ് എന്ന പ്രശ്നം മിക്കവാറും പരിഹരിക്കാം.
കടപ്പാട് : കൃഷി പാഠം
3.05263157895
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top