ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ പാലക്കാട്ടെ മുതലമടയിൽ നിന്നുള്ള മാമ്പഴം ഉത്തരേന്ത്യൻ വിപണയിലെത്തും. കിലോയ്ക്ക് അഞ്ഞൂറ് രൂപയായിരിക്കും വില. അതിന് ശേഷം തമിഴ്നാട്, ആന്ധ്ര, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള വിപണിയിലേക്ക് പോകും. അങ്ങനെ മാങ്ങാക്കാലം അവസാനിക്കും.

നവംബർ-ഡിസംബർ ആകുമ്പോൾ മാവ് പൂക്കാൻ തുടങ്ങും. സാധാരണ ഗതിയിൽ മാവ് പൂത്ത് കഴിഞ്ഞാൽ മാങ്ങയായി മൂപ്പെത്താൻ തൊണ്ണൂറ് ദിവസം വേണം. ചിലയിനങ്ങൾക്ക് 100-105 ദിവസം വരെയെടുത്തേക്കാം.ആദ്യം വിപണിയിലെത്തുന്നവരിൽ പ്രധാനികൾ പ്രിയൂർ, മൂവാണ്ടൻ, സിന്ദൂരം , ചന്ദ്രക്കാരൻ എന്നിവയാണ്. നമ്മുടെ തൊടിയിലെ മാവുകൾ നന്നായി പൂക്കുന്നതിനായി ഉടനെ ചെയ്യാവുന്ന കാര്യങ്ങൾ ഇവയാണ്.

മാവിന്റെ ബലം കുറഞ്ഞതും അസുഖം വന്നതും വളഞ്ഞ് അകത്തേക്ക് വളരുന്നതുമായ ശിഖരങ്ങൾ മുറിച്ച് മാറ്റി മുറിപ്പാടിൽ കുമിൾ നാശിനി പുരട്ടണം. മാവിന്റെ ശിഖരങ്ങളിൽ വെയിൽ നന്നായി തട്ടണം.

മാവിന്റെ ചുവട്ടിൽ വലിയ ആഴത്തിലല്ലാതെ , എന്നാൽ കുറച്ച് വേരുകളെങ്കിലും തെളിഞ്ഞു കാണത്തക്കരീതിയിൽ തടംതുറന്ന് മൂന്ന് ആഴ്ച വെയിൽ കൊള്ളിക്കുക.
അതിനുശേഷം ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാമ്പൽ എന്നിവ ചേർത്ത് കുഴിയിൽ ചെറുതായി മണ്ണിട്ട് മൂടി നന്നായി ചപ്പുചവറുകൾ ഇട്ട് നന്നായി നനയ്ക്കുക. മാവിനെ ഒന്നു ക്ഷീണിപ്പിച്ച ശേഷം പിന്നീട് നന്നായി പരിപാലിക്കുമ്പോൾ കൂടുതൽ പൂക്കളുണ്ടാകാനുള്ള പ്രവണത കാണുന്നു.

പൊട്ടാസ്യം നൈട്രേറ്റ് ( 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ചതിനു ശേഷം ) ഒരാഴ്ച കഴിഞ്ഞ് കാൽസ്യം നൈട്രേറ്റ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു മില്ലി സ്റ്റാനോവെറ്റ് ചേർത്ത് ഇലകൾ കുളിപ്പിച്ച് തളിക്കുക.

വളരെ വർഷങ്ങളായി പൂക്കാതെ നിൽക്കുന്ന മാവുകളിൽ തായ്ത്തടിയിലെ തൊലി ഒരു മോതിരവളയത്തിന്റെ വീതിയിൽ നീക്കം ചെയ്യുന്നത് പൂക്കുന്നതിന് കാരണമാകുന്നു എന്നു നിരീക്ഷിച്ചിട്ടുണ്ട്. 2 സെന്റീമീറ്റർ വീതിയിൽ വളയം പൂർണമായോ അല്ലെങ്കിൽ ഒരൽപ്പം ഒരു ഭാഗത്ത് നിർത്തി ഭാഗികമായോ പുറംതൊലി നീക്കം ചെയ്തു നോക്കാവുന്നതാണ്.

മാവിന്റെ ചുവട്ടിൽ ഒരു ചട്ടിയിൽ തൊണ്ട്, കരിയിലകൾ എന്നിവ വച്ച് നിയന്ത്രിതമായി പുകച്ച് നോക്കുന്നതും ഗുണകരമായിരിക്കും.

എത്രൽ (എത്തിഫോൺ) എന്ന ഹോർമോൺ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ ആഴ്ചയിലൊരിക്കൽ എന്ന തോതിൽ അഞ്ചാഴ്ച ഒക്ടോബർ മാസത്തിൽ ഒഴിച്ചു കൊടുത്ത് തടം കുതിരുത്തുകൊടുക്കാവുന്നതാണ്.

പാക്ലോബ്യൂട്രസോൾ ( കൾട്ടാർ) എന്ന ഹോർമോൺ 3 മില്ലി ഒരു ചതുരശ്ര മീറ്റർ ഇലച്ചാർത്തിന് എന്നയളവിൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടം കുതിർക്കുന്നത് വളരെ നാളുകളായി പൂക്കാതെ നിൽക്കുന്ന മാവുകളിൽ പരീക്ഷിക്കാവുന്നതാണ്. നല്ല രീതിയിൽ പൊട്ടാഷ് വളം നൽകുന്നതും നന്നായിരിക്കും. മറ്റുമരങ്ങളുടെ തണലിൽ നിൽക്കുന്ന മാവുകൾക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭ്യമാക്കുകയും വേണം.