Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / മരച്ചീനി (കപ്പ കിഴങ്ങ്)
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മരച്ചീനി (കപ്പ കിഴങ്ങ്)

ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്.

ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങാണ് മരച്ചീനി. സസ്യത്തിന്റെ വേരാണ് കിഴങ്ങായി മാറുന്നത്. യൂഫോർബിയേസീ എന്ന സസ്യകുടുംബത്തിലെ അംഗമായ മരച്ചീനിയുടെ ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta) എന്നാണ്.

ഇവയെ തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ പൂള എന്നും മധ്യകേരളത്തിൽ പല പ്രദേശങ്ങളിലും കൊള്ളി എന്നുമാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ cassava എന്നു പറയുന്നു. എങ്കിലും കപ്പയുടെ പൊടിയ്ക്കു പറയുന്ന tapioca എന്ന പേരാണ് കേരളത്തിൽ പ്രചാരം നേടിയത്.

ചരിത്രം

മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്. അവിടെയാണ് ഏറ്റവുമധികം ഇനം കപ്പകളും കാട്ട്കപ്പയും കാണപ്പെടുന്നത്.

പോർച്ചുഗീസ്കാരുടെ വരവോടെയാണ് ഏഷ്യ ഭൂഖണ്ഡത്തിൽ കപ്പകൃഷി തുടങ്ങിയത്. 1740 ൽ മൌറീഷ്യസിൽ മരച്ചീനി കൃഷി ചെയ്തിരുന്നതായി കാണുന്നു.

പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യ, ശ്രീലങ്ക, ജാവാ, ചൈനാ, ഫിലിപ്പീൻസ്, മലേഷ്യ, തായ്‌വാൻ, തായ്ലൻസ് എന്നിവിടങ്ങളിൽ ഈ കൃഷി വ്യാപകമായികഴിഞ്ഞു.

മരച്ചീനികൃഷി ഇന്ത്യയിൽ*

ഇന്ത്യയിൽ മരച്ചീനി മൂന്നു നൂറ്റാണ്ടുകളായി കൃഷിചെയ്തുവരുന്നു. തങ്ങളുടെ കോളനിയായിരുന്ന ബ്രസീലിൽനിന്നും പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ‍ മരച്ചീനി കൃഷി എത്തിച്ചത്

കേരളത്തിൽ കൃഷി ചെയ്തുവരുന്ന കിഴങ്ങുവിളകളിൽ സ്ഥലവിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനമാണ്‌ കപ്പയ്ക്കുള്ളത്. ദേശീയ ഉത്പാദനത്തിൽ 54% ആണ്‌ കേരളത്തിന്റെ സംഭാവന. മലബാറിലായിരുന്നു പോർച്ചുഗീസുകാരുടെ മേൽനോട്ടത്തിൽ മരച്ചീനികൃഷി പ്രചരിച്ചിരുന്നത്.

ഭക്ഷ്യവിഭവമെന്ന നിലയിൽ മരച്ചീനിയുടെ സാധ്യത മനസ്സിലാക്കിയ വിശാഖം തിരുനാൾ മഹാരാജാവാണ് തിരുവിതാംകൂർ പ്രദേശത്ത് ഇതു ജനകീയമാക്കാൻ മുഖ്യകാരണക്കാരൻ.

മലയ തുടങ്ങിയ ദേശങ്ങളിൽ നിന്നും പുതിയ ഇനം മരച്ചീനികൾ മഹാരാജാവ് കേരളീയർക്കു പരിചയപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധനാളുകളിലെ ക്ഷാമകാലത്ത് (1939-45) ബർമ്മയിൽ നിന്നും അരി ഇറക്കുമതി നിലച്ചപ്പോൾ തിരുവിതാംകൂറിൽ പ്രധാനഭക്ഷ്യവിഭവം മരച്ചീനിയായിരുന്നു.

വിവിധ ഇനങ്ങൾ

മരച്ചീനി, കയാലച്ച്ചാടി, ആമ്പക്കാടൻ, ആനകൊമ്പൻ, മലയൻ ഫോർ, സുമോ, 35 കിലോവരെ തൂക്കം ലഭിക്കും തോടലിമുള്ളൻ (ആദിവാസി ഇനം ) കാരിമുള്ളൻ, ചെറുമുള്ളൻ, വേള്ളൻ കിഴങ്ങ് (നന ക്കിഴങ്ങ്‌ )

കൃഷി രീതി

നീർവാർച്ചയുള്ള മണ്ണാണ്‌ കപ്പ കൃഷിക്ക്‌ അനുയോജ്യം. മണ്ണ്‌ ഇളക്കി കൂനകൾ ഉണ്ടാക്കിയാണ്‌ സാധാരണ കൃഷി ചെയ്യാറ്‌. ഇത്തരം കൂനകളെ കപ്പക്കൂടം എന്നു വിളിക്കുന്നു. ശൈത്യം കപ്പ കൃഷിക്ക് അനുയോജ്യമല്ല. വെള്ളം കെട്ടിനിൽക്കാത്ത മണൽക്കൂട്ടുന്ന നിലങ്ങളിൽ ചെടി നന്നായി വളരുന്നു. കപ്പത്തണ്ട് ഒരു ചാൺ നീളത്തിലുള്ള ചെറുതുണ്ടുകളാക്കി മുറിച്ച് മണ്ണിൽ കുഴിച്ച് വച്ചാണ് വളർത്തുന്നത്. ഓരോ തണ്ടും ഒരു മീറ്റർ അകലത്തിൽ വേണം നടാൻ. എട്ട് മുതൽ പത്ത് മാസം കൊണ്ട് കിഴങ്ങുകൾ പാകമാവുന്നു.

കുറഞ്ഞ കാലദൈർഘ്യം കൊണ്ട് വിളവെടുപ്പിനു പര്യാപ്‌തമാവുന്ന കപ്പയുടെ പ്രധാന ശത്രു പെരുച്ചാഴി അല്ലെങ്കിൽ എലി വർഗ്ഗത്തിൽ പെട്ട ജീവികളാണ്. വെട്ട്കിളിശല്യമോ മറ്റ് പറയത്തക്ക കീടബാധയോ കണ്ടുവരുന്നില്ല.

കീടരോഗബാധ

മരച്ചീനിയിൽ പ്രധാനമായും ബാധിക്കുന്ന രോഗം മെസേക് രോഗമാണ്‌. ഇത് വൈറസ് ജന്യരോഗമായതിനാൽ മുൻ‌കരുതലുകളിലൂടെ മാത്രമേ നിയന്ത്രണം സാധിക്കുകയുള്ളൂ. രോഗപ്രതിരോധമുള്ള ഇനങ്ങളിൽ ഒരു വർഷം 4% മുതൽ 5% വരെ മാത്രം വൈറസ് രോഗബാധ കാണപ്പെടുന്നതെങ്കിൽ രോഗപ്രതിരോധശേഷി കുറവുള്ള ഇനങ്ങളിൽ 75% വരെയും രോഗം കാണപ്പെടുന്നു.  ഒരു വർഷത്തെ വിളയിൽ നിന്നും അടുത്ത വർഷത്തേയ്ക്കും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്കും രോഗം വ്യാപിക്കുന്നതിനാൽ രോഗബാധയേറ്റ കമ്പുകൾ കൃഷിയിൽ നിന്നും ഒഴിവാക്കുന്നതാണ്‌ നല്ലത്. ഈ രോഗം മൂലം ചിലയിനങ്ങളിൽ 75% വരെ വിളവ് കുറവായി കാണപ്പെടുന്നു.

സങ്കരയിനങ്ങളായ എച്ച് - 165, എച്ച് - 97, ശ്രീവിശാഖം, ശ്രീസഹ്യ, മലയൻ - 4 എന്നിവയിൽ രോഗം പകരുന്നത് 5% മാത്രമാണ്‌.

രോഗമില്ലാത്ത കമ്പുകൾ തിരഞ്ഞെടുത്ത് നടുന്നതിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ രോഗം അകറ്റി നിർത്തുവാൻ സാധിക്കും. കൂടാതെ ഇങ്ങനെയുള്ള കമ്പുകളുടെ മുകുളങ്ങൾ മാത്രം വേർ‌തിരിച്ച് പ്രത്യേക മാധ്യമത്തിൽ വികസിപ്പിച്ച് എടുത്തു നടുന്നതുവഴിയും ഈ രോഗം കുറച്ചുകൊണ്ടുവരുവാൻ സാധിക്കും.

പോഷകഗുണം

ജലാംശം--59.4 ഗ്രാം

മാംസ്യം—0.7 ഗ്രാം

അന്നജം—38.1 ഗ്രാം

കൊഴുപ്പ്--0.2 ഗ്രാം

ഊർജം--157 കാലോരി

നാര്--0.6 ഗ്രാം

പൊട്ടാസ്യം—10 മില്ലിഗ്രാം

സോഡിയം—2 മില്ലിഗ്രാം

കാത്സ്യം—50 മില്ലിഗ്രാം

ഫോസ്ഫറ്സ്—40 മില്ലിഗ്രാം

കരോട്ടീൻ--ഇല്ല

ജീവകം സി--25 മില്ലിഗ്രാം

ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ കപ്പ പോഷകഗുണം കുറഞ്ഞ ഒരു ആഹാരവസ്തുവായാണ് കണക്കാക്കപ്പെടുന്നത്. കപ്പയിലെ ‘കട്ട്’ ആണ് ഭക്ഷ്യവസ്തു എന്ന നിലയിൽ ഉള്ള പോരായ്മ. പച്ചക്കപ്പയിൽ ലിനാമാറിൻ,ലോട്ടയുസ്ത്രാലിൻ എന്നീ രണ്ട് ഗ്ലൈകോസൈഡുകളാണ് പ്രധാനം. ഇവയിൽ നിന്ന് ഹൈഡ്രോസയനിക് ആസിഡ് അല്പാംശമായി ഉണ്ടാകുന്നതാണ് കപ്പയിലെ കട്ട്. തിളപ്പിച്ച് ഊറ്റുമ്പോൾ ഈ വിഷാംശം ഏറെക്കുറെ മാറ്റപ്പെടുന്നു. കൃത്രിമവളം ചേർത്ത് കൃഷി ചെയ്യുന്ന കപ്പയിലാണ് കട്ടിന്റെ അംശം ഏറെ കൂടുതൽ. എന്നാൽ ചാരം വളമായി ചേർത്തുണ്ടാക്കുന്ന കപ്പയിൽ കട്ടിന്റെ അംശം കുറവായിരിക്കും.

2.89473684211
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top