অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബ്രോക്കോളി കൃഷി

ബ്രോക്കോളി കൃഷി

ബ്രസിക്കേസിയെ എന്ന കാബേജ് കുടുംബത്തിൽ പെട്ട സസ്യമാണ് ബ്രോക്കോളി. പച്ച നിറത്തിൽ ഇട തൂർന്നു സമൃദ്ധമായി ചെറു മരങ്ങളെന്നു തോന്നും വിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. ഇതേ സസ്യ കുടുംബത്തിൽ പ്പെട്ട കോളീഫ്‌ളവറുമായി ബ്രോക്കോളിക്ക് സാമ്യമുണ്ട്. എന്നാൽ കോളീഫ്‌ളവറിന്റെ തല ഭാഗം വെള്ള നിറത്തിലാണ്. കോളീഫ്‌ളവറും ബ്രോക്കോളിയും ഇട കലർത്തിയ ബ്രോക്കീഫ്ലവർ എന്ന സങ്കര സസ്യവും നിലവിൽ ഉണ്ട്. ബ്രോക്കോളി ഒരു ഇറ്റാലിയൻ സസ്യമാണ്. ഇതൊരു ശീതകാല പച്ചക്കറിയാണ്.
പാശ്ചാത്യർക്ക് ഏറെ പ്രിയപ്പെട്ട സസ്യാഹാരമാണിത്. ഇവയുടെ പൂത്തലകൾ വേവിച്ചോ വേവിക്കാതെയോ ഭക്ഷിക്കുന്നു. അർബുദത്തെ ചെറുക്കാൻ സഹായകമാകുന്ന സൾഫറാഫെയ്ൻ, ഇൻഡോൾസ്‌, എന്നീ പോഷകങ്ങൾ ബ്രോക്കോളിയിലുണ്ട്.
*ബ്രോക്കോളിയിൽ ജീവകം C, K,  ബീറ്റാകരോട്ടിൻ, തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.*
ബ്രോക്കോളിയിലെ പ്രധാനപ്പെട്ട നേട്ടം അതിന്റെ കുറഞ്ഞ കലോറിയാണ് 100 ഗ്രാമിന് 30 കിലോ കലോറി.
ബ്രോക്കോളി
നമ്മൾ സാധാരണയായി ഉപയോഗിക്കാത്തതാണെങ്കിലും ബ്രോക്കോളിയുടെ ഉപയോഗം ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്നു . ബ്രൊക്കോളി പതിവായിക്കഴിക്കുന്നത് ഹൃദയാരോഗ്യം വീണ്ടെടുക്കാൻ വളരെ നല്ലതാണ് . രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നതുമൂലം രക്തക്കുഴലുകൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ബ്രൊക്കോളി സഹായിക്കുന്നു. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കന്ന സൾഫറാഫിൻ എന്ന പദാർത്ഥം രക്തക്കുഴലുകളെ സംരക്ഷിക്കുന്ന എൻസൈമുകളുടെ ഉൽപാദനത്തെ ത്വരിതപ്പെടുത്തുകയും ഇതുവഴി ഹൃദയ കോശങ്ങൾക്ക്‌ ദോഷകരമായ തന്മാത്രകളുടെ ഉല്‍പാദനം കുറയ്‌ക്കുകയും ചെയ്യുന്നു. രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറുകളാണ്‌ ഹൃദയസംബന്ധമായ മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നത്‌. കാബേജ്‌ കുടുംബത്തിൽപ്പെടുന്ന സസ്യമാണ്‌ ബ്രൊക്കോളി.
*വിത്തുകൾ പാകി മുളപ്പിക്കാൻ 50 ശതമാനം തണലുള്ളയിടം വേണം തിരഞ്ഞെടുക്കാൻ...*
മണ്ണ്, മണല്, ചാണകപ്പൊടി/കമ്പോസ്റ്റ്  1:1:1 അനുപാതത്തിൽ നടീൽ മിശ്രിതം കലർത്തി തയ്യാറാക്കുക. അമ്ലതയുള്ള മണ്ണാണെങ്കിൽ 10 കിലോ മിശ്രിതത്തിന് 100 ഗ്രാം കക്കപ്പൊടി കൂടെ ചേർത്ത മിശ്രിതം നനവോടെ ഒരാഴ്ച തണലിൽ സൂക്ഷിക്കുക. ശേഷം, ട്രൈക്കോഡെർമ /സ്യുഡോമോണാസ്, ഇവയിൽ ഏതെങ്കിലും (രണ്ടും ഒരുമിച്ചു ചേർക്കരുത് )ഒരു കിലോ നടീൽ മിശ്രിതത്തിന് 10 ഗ്രാം എന്ന തോതിൽ അല്പം നനവോടെ ചേർക്കണം. ചെടികളുടെ കടചീയലിന് കാരണമാകുന്ന കുമിളുകളുടെ വളർച്ച തടയാനാണിത്.
*നടീൽ മിശ്രിതമുപയോഗിച്ചുള്ള തവാരണകൾ അരയടി ഉയരത്തിലും ഒരടിയെങ്കിലും വീതിയിലും ആവശ്യത്തിന് നീളത്തിലും തയ്യാറാക്കാം. വിത്തുകൾ ഓരോന്നും 0.5 മുതൽ 1 സെ. മീ. ആഴത്തിലും 2 ഇഞ്ച് അകാലത്തിലും പാകാം. Pro tray കളിലാണെങ്കിൽ നടീൽ മിശ്രിതം നിറച്ചഓരോ കുഴിയിലും ഓരോ വിത്തുകൾ വീതമാണ് പാകേണ്ടത്.*
മുളച്ച ശേഷം 25 -- 30 ദിവസം ആകുമ്പോൾ (10 സെ. മീ. ഉയരമാകുമ്പോൾ ) സൂര്യ പ്രകാശം ലഭിക്കുന്നയിടം തെരഞ്ഞെടുത്ത്, മുമ്പേ തയ്യാറാക്കിയ നീർ വാർച്ചയുള്ളതും വളക്കൂറുള്ളതുമായ മണ്ണിലേക്കോ ഗ്രോ ബാഗിലേക്കോ തൈകൾ പറിച്ചു നടാം.
കമ്പോസ്റ്റ് ആദ്യ ഘട്ടത്തിൽ ഒന്നോ രണ്ടോ തവണയും ജൈവ സ്ലറി, ഗോ മൂത്രം, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ്, ജീവാമൃതം, എന്നിവ മാറി മാറി, ആഴ്ചയിലൊരിക്കൽ വീതം വളർച്ചക്കനുസൃതമായി തടത്തിൽ കൊടുക്കുക.
*ജീവാമൃതം 20 ദിവസത്തിലൊരിക്കൽ, ഇലകളിൽ സ്പ്രേയായും തടത്തിലും ഉപയോഗിക്കാം.*
രോഗങ്ങൾ വരാതിക്കാനും ചെടികൾ കരുത്തോടെ വളരാനും ഇത് സഹായിക്കും.
*പഴുത്തതും ഉണങ്ങിയതുമായ ഇലകൾ
ചെടികളിൽ നിന്നും പറിച്ചു മാറ്റി നശിപ്പിക്കുന്നത്, ചെടികൾക്കിടയിൽ ഈർപ്പം നിൽക്കാതിരിക്കാൻ നല്ലതാണ്.
വേപ്പെണ്ണ മിശ്രിതം, ബ്യുവേറിയ, വെർട്ടിസില്ലിയം എന്നിവ (ഏതെങ്കിലും ഒരെണ്ണം ഒരിക്കൽ വീതം ) 20 ദിവസത്തിലൊരിക്കൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് കീടങ്ങളെ അകറ്റി നിർത്തും.
*ക്രമമായ ജലസേചനം വേണം. കൂടെ നീർ വാർച്ചയും ഉറപ്പാക്കുക.*

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate