অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൂകൃഷി

പൂകൃഷി

പുത്തന്‍ ജീവിതശൈലിയില്‍ മലയാളിയുടെ ഓണാഘോഷങ്ങളും ഏറെ മാറിയിരിക്കുന്നു. കേവലം ഒരു കുടുംബത്തിന്റെ കൂട്ടായ്മ എന്നതിനപ്പുറം നാടിന്റെ കൂട്ടായ്മയാണ് ഓണം. ഓണാഘോഷങ്ങള്‍ പൊതു വേദിയിലേക്ക് മാറിയിരിക്കുന്നു. തൊഴില്‍ സ്ഥാപനങ്ങളും റസിഡന്റ്‌സ് അസോസിയേഷനുകളും ആഘോഷവേദികളാകുക പതിവാണ്. അതുകൊണ്ടു തന്നെ ഒന്നില്‍ കൂടുതല്‍ ഓണസ്സദ്യ ഉണ്ണുന്നവരും കുറവല്ല.

ഏതു തന്നെയായാലും പൂക്കളങ്ങളില്ലാതെ ഓണാഘോഷം ഇല്ല. ഇത് ഇന്ന് മത്സരങ്ങളുടെ ഭാഗമായി. ആയിരങ്ങള്‍ ചിലവഴിച്ച് തയ്യാറാക്കുന്ന പൂക്കളം കൗതുകത്തോടെ ആസ്വദിക്കുന്നു. വീടുകളില്‍ തന്നെ നിത്യം പൂക്കളമിടുന്ന പതിവ് മാറി.
പൂക്കളത്തിലെ പൂവുകളില്‍ രാജ്ഞി ചെണ്ടുമല്ലി അഥവാ ബന്ദിപ്പൂവ് തന്നെ ജമന്തി, കോഴിവാലന്‍, അരളി, വാടാര്‍മല്ലി എന്നിവയാണ് മറ്റ് പൂക്കള്‍. ഇതില്‍ അരളി ഒരു ദീര്‍ഘകാല പുഷ്പിണിയാണ്. ചെണ്ടുമല്ലി, വാടാര്‍മല്ലി, വാടാര്‍മല്ലി, കോഴിവാലന്‍ തുടങ്ങി ഹ്രസ്വകാല വിളകള്‍ വസന്തകാലത്ത് കേരളത്തില്‍ കൃഷി ചെയ്യാം. എന്നാല്‍ ജമന്തി കൃഷിയുടെ സാദ്ധ്യത വിരളം.
വില്പനയ്ക്കായോ, നാടിന്റെ കൂട്ടായ്മയില്‍ പങ്കു ചേര്‍ന്നോ, സ്വന്തം വീട്ടാവശ്യത്തിനോ ഓണപ്പൂകൃഷി ഏറ്റെടുക്കുന്നവര്‍ ഇന്ന് പലഭാഗങ്ങളിലും ഉണ്ട്. അത്ത തലേന്ന് തുടങ്ങി ഓണത്തോടുകൂടി അവസാനിക്കുന്ന പത്തു നാളുകളാണ് ഓണപ്പൂവിപണി. ഈ സമയം ധാരാളം പൂക്കള്‍ വിടരുമാറ് ചിട്ടയോടെ പരിചരിച്ചു വളര്‍ത്തുകയാണ് പൂകൃഷിയിലെ മികച്ച തന്ത്രം.
നാടന്‍ ചെണ്ടുമല്ലി തൈകള്‍ നട്ട് രണ്ടു മാസം ആകുന്നതോടെ പൂവിട്ടു തുടങ്ങും. എന്നാല്‍ ഇന്ന് ധാരാളം ഇതളുകളുളള കുറിയ സങ്കരയിനം ചെണ്ടുമല്ലിയോടാണ് ഏവര്‍ക്കും താല്‍പര്യം. നാടന്‍ വാടാര്‍മല്ലി തൈകള്‍ പുഷ്പിണിയാകാന്‍ ഏതാണ്ട് ഒരു മാസത്തിനകം പൂക്കള്‍ വിടര്‍ത്തി തുടങ്ങും. എന്നാല്‍ പുഷ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരു മാസത്തോളം ഇവയെല്ലാം തുടര്‍ച്ചയായി പൂക്കള്‍ നല്‍കിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ ഓണപ്പൂകൃഷിയ്ക്കുളള ഒരുക്കങ്ങള്‍ നേരത്തെ ആകുന്നതാണ് ഉചിതം.
വിത്ത് മുളപ്പിച്ച് ഏതാണ്ട് ഒരു മാസം പ്രായമായ തൈകള്‍ വേണം നടാന്‍. നട്ട് ഒന്നര-രണ്ട് മാസം ആകുന്നതോടെ പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കാം. അതായത് അത്തത്തിനു ഏതാണ്ട് രണ്ടു മാസം മുമ്പ് തൈകള്‍ നടണം എന്നര്‍ത്ഥം. ഈ വര്‍ഷത്തെ കാര്യമാണെങ്കില്‍ ആഗസ്റ്റ് പകുതിയോടെ പൂനുളളല്‍ ആരംഭിക്കും വിധം പൂന്തോട്ടമൊരുക്കാന്‍ ജൂണ്‍ മധ്യത്തോടെ തൈകള്‍ നടണം. ഇതിന് മെയ് പകുതിയോടെ വിത്ത് പാകി നഴ്‌സറി ഒരുക്കണം. ഒരു സെന്റിന് 2 ഗ്രാം വിത്ത് വേണം. തൈകളാണെങ്കില്‍ നൂറെണ്ണം.
കേരളത്തില്‍ ഈ വിളകളുടെ പ്രധാന പൂക്കാലം വസന്തകാലം തന്നെ. എന്നാല്‍ പൂവിപണി ഓണക്കാലമായതിനാല്‍ മഴക്കാലകൃഷി ആവശ്യം തന്നെ. അതുകൊണ്ടു തന്നെ കാലം തെറ്റിയുളള കൃഷിയ്ക്ക് പരിപാലനമുറകളും ശ്രദ്ധ കൂടുതല്‍ വേണം. നാടന്‍ ഇനങ്ങളിലെ പ്രധാന പ്രതിസന്ധി പൂവിടാന്‍ വരുന്ന കാലതാമസം ആണ്. സങ്കര ഇനങ്ങളിലും നാടന്‍ ഇനങ്ങളിലും ബാക്ടീരിയല്‍ വാട്ടം, പ്രത്യേകിച്ച് ചെങ്ടുമല്ലിയില്‍- നിയന്ത്രിക്കുക ഏറെ ശ്രമകരവും.
മഴക്കാലകൃഷിയായതിനാല്‍ വെളളം കെട്ടിയുളള അഴുകലിനും സാധ്യതയേറെ. മേല്പറഞ്ഞ കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് കൃഷിരീതിയിലും വിളവെടുപ്പിലും ഓര്‍ത്തു വയ്ക്കാന്‍ ചില കാര്യങ്ങള്‍ പറയാം. നടുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പ്രധാനകൃഷിയിടം കുന്നായം/ഡോളോമൈറ്റ്, സെന്റൊന്നിന് 2 മുതല്‍ രണ്ടരകിലോ എന്ന തോതില്‍ ചേര്‍ത്ത് പുളിരസം ക്രമീകരിക്കണം.
തൈകള്‍ തമ്മില്‍ ഒന്നരയടി അകലം വേണം. മഴക്കാലമായതിനാല്‍ വെളളം കെട്ടി നില്‍ക്കാതിരിക്കാന്‍ ഉയര്‍ന്ന തടം വേണം. ഇടച്ചാലുകളില്‍ വെളളം കെട്ടി നില്‍ക്കുന്നവെങ്കില്‍ വാര്‍ന്നു പോകാനിട വേണം. ഇടച്ചാലുകളില്‍ വെളളം കെട്ടി നില്‍ക്കുന്ന ഇടങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴി കെട്ടി ഇടുന്നത് നന്ന്. മേല്‍മണ്ണ് ഒലിച്ചുപോകാനുളള സാധ്യത കൂടുതലായതിനാല്‍ വാരങ്ങളില്‍ ജൈവപുത ഉടുന്നത് ഗുണം ചെയ്യും. മഴക്കാലമായതുകൊണ്ടു തന്നെ ഇടവിട്ടുളള വളപ്രയോഗം വേണം. നടുമ്പോള്‍ സെന്റൊന്നിന്  80-100 കിലോ കാലി വളം/ കോഴികാഷ്ഠം ചേര്‍ക്കാം.
നട്ട് ഒരാഴ്ചയ്ക്കു ശേഷം മഴ ഒഴിവുളള സമയം നോക്കി വെളളത്തില്‍ പൂര്‍ണ്ണമായും അലിയുന്ന വളക്കൂട്ടുകള്‍ 5-6 ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ ഇലയില്‍ തളിക്കാം. പത്തു ദിവസം ഇടവിച്ച് ഇതാവര്‍ത്തിച്ചാല്‍ ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുന്നതായി കണ്ടിട്ടുണ്ട്.
സമൃദ്ധമായി ജൈവവളം നല്‍കി വളര്‍ത്താമെങ്കിലും സെന്റൊന്നിന് 2 കിലോ യൂറിയ ഒരു കിലോ രാജ് ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ രാസവളം ചേര്‍ക്കണം. ശക്തിയായ കാറ്റിലും മഴയിലും ചെടികള്‍ മറിഞ്ഞു വീഴുമെന്നതിനാല്‍ താങ്ങ് നല്‍കണം. വിപുലമായ കൃഷിയിടങ്ങളാണെങ്കില്‍ വരികളുടെ അറ്റങ്ങളില്‍ കുറ്റി വച്ച് കയറ് വലിച്ചു കെട്ടിയും ചെടികള്‍ താങ്ങി നിര്‍ത്താം.
സങ്കരയിനങ്ങള്‍ കൃഷിചെയ്യുന്ന പല തോട്ടങ്ങളിലും ഉപസൂക്ഷ്മ മൂലകങ്ങളുടെ അഭാവം കാണാറുണ്ട്. ഇലകളിലെ നിറവ്യത്യാസം, ഇലകരിച്ചില്‍, വളര്‍ച്ചാ മുരടിപ്പ് ഇതെല്ലാം പലപ്പോഴും മൂലകങ്ങളുടെ അഭാവം കൊണ്ടാണ്.
ഇതിന് ലഭ്യമായ ഉപസൂക്ഷ്മക മൂലക വളക്കൂട്ടുകള്‍ ഇലയില്‍ തളിച്ചു കൊടുക്കുകയോ മണ്ണില്‍ ചേര്‍ത്തുണ്ടാക്കുകയോ ചെയ്യാം.
പൂര്‍ണ്ണമായും സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളില്‍ ഒരുക്കിയ പൂന്തോട്ടങ്ങള്‍ മേല്‍പറഞ്ഞ രീതിയില്‍ പരിപാലിച്ചു പോരുകയാണെങ്കില്‍ അത്തത്തലേന്നു തന്നെ വിളവെടുപ്പിന് തയ്യാറാകും. തോട്ടത്തില്‍ പൂര്‍ണമായും വിരിഞ്ഞ പൂക്കള്‍ തിരഞ്ഞെടുത്തു പറിച്ചെടുക്കാം. മഴക്കാലമായതിനാല്‍ പൂക്കളില്‍ വെളളം ഉണ്ടാകുമെന്നതുകൊണ്ട് പറിച്ചെടുത്ത പൂക്കള്‍ വെളളം വാലാന്‍ കാറ്റ് കൊളളിക്കണം.
ഒരു സെന്റില്‍ നിന്നും 30-40 കിലോ പൂക്കള്‍ പ്രതീക്ഷിക്കാം.ചെണ്ടുമല്ലി കൃഷിയില്‍ ഇന്ന് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം വാട്ടരോഗം തന്നെ. കേരളത്തിലെ മഴക്കാലങ്ങളില്‍ യോജിച്ച വാട്ടരോഗപ്രതിരോധശേഷിയുളള ഇനങ്ങള്‍ കണ്ടെത്താനുളള പഠനങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയില്‍ പുരോഗമിക്കുന്നു. ഓണക്കാലത്ത് ഒരു കിലോ പൂവിന് 80-120 രൂപ വരെ ലഭിക്കുമെങ്കിലും പൊതുവില്‍ ഓണപ്പൂകൃഷി മഴയ്ക്കും വാട്ടരോഗത്തിനും ഇടയില്‍ ഉളള ഒരു തരം ചൂതാട്ടം തന്നെ എന്നാല്‍ ചെണ്ടുമല്ലി അഥവാ ബന്ദിപ്പൂവിന് നിമവിരകളെ നിയന്ത്രിക്കാനുളള കഴിവ് കാലങ്ങളായി കര്‍ഷകര്‍ക്കറിവുളളതാണ്. അതുകൊണ്ട് മറ്റ് കൃഷിയിടങ്ങളില്‍ ഇടവിളയായോ സഹവിളയായോ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.
കേവലംലാഭം മാത്രം ലക്ഷ്യമിട്ടുളള കൃഷിയെന്നതിലുപരി നാടിന്റെ കൂട്ടായ്മയ്ക്കും ആസ്വാദനത്തിനും ഓണനിറവിനും ഒക്കെയാണ് ഓണപ്പൂകൃഷി എന്ന തിരിച്ചറിവ് ആനന്ദകരം തന്നെ.
കടപ്പാട്:krishijagran

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate