অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തൊട്ടാൽപൊള്ളുന്ന കൊടുവേലി കൃഷിചെയ്യാം

തൊട്ടാൽപൊള്ളുന്ന കൊടുവേലി കൃഷിചെയ്യാം

ത്വക് രോഗങ്ങൾക്കുള്ള കൺകണ്ട ഔഷധമാണ് കൊടുവേലി. തൊലിപ്പുറമേയുള്ള രോഗങ്ങൾക്ക് ആയുർവേദത്തിൽ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന കൂട്ടാണിത്. ചുവപ്പ്, നീല, വെള്ള എന്നിങ്ങനെയാണ് കൊടുവേലികൾ. അതിൽ കൂടുതൽ പ്രാധാന്യം അധികം ഉയരത്തിൽ വളരാത്ത  ചുവപ്പുനിറമുള്ളപൂക്കളുണ്ടാകുന്ന ചെത്തിക്കൊടുവേലിക്കാണ്.

നിലമൊരുക്കാം

സാധാരണയായി മഴക്കാലത്തിന്റെ ആരംഭത്തിലാണ് കൊടുവേലികൃഷി തുടങ്ങാറ്. കാലവർഷത്തിന്റെ തുടക്കത്തോടുകൂടി കൃഷിചെയ്യേണ്ട സ്ഥലം നന്നായി കിളച്ചൊരുക്കി അതിൽ ചാണകപ്പൊടി കമ്പോസ്റ്റ് എന്നിവ സെന്റിന് 50 കിലോഗ്രാം എന്ന തോതിൽ അടിവളമായി ചേർക്കുക. നന്നായി കിളച്ചു തയ്യാറാക്കിയ സ്ഥലം  20 സെന്റീമീറ്റർ ഉയരത്തിലും 60 സെന്റീമീറ്റർ വീതിയിലുമുള്ള തവാരണകളാക്കിമാറ്റുക. കൊടുവേലിയുടെ വേര് എളുപ്പത്തിൽ ഇളക്കിയെടുക്കുന്നതിനാണ് തവാരണകളാക്കുന്നത്. തവാരണകളിൽ അരമീറ്റർ അകലത്തിൽ കുഴികളെടുത്ത് തൈകൾ നടാം. തൈകൾ നട്ടതിനുശേഷം ഓരോ തൈയ്ക്കും 50ഗ്രാം വേപ്പിൻ പിണ്ണാക്ക് 200ഗ്രാം ചാണകപ്പൊടി 100 ഗ്രാം എല്ലു പൊടി എന്നിവ ചുറ്റും ഇട്ടുകൊടുത്ത് കുഴി മൂടാം. പിന്നിട്  മൂന്നുമാസം ഇടവിട്ട് വളപ്രയോഗം നടത്താം.

തൈകൾ

ചെറിയ പ്ലാസ്റ്റിക് കൂടകളിൽ പോട്ടിങ് മിശ്രിതം നിറച്ച് ഏഴു സെന്റിമീറ്റർ നീളത്തിലുള്ള കമ്പുകൾ മുറിച്ചുനട്ട് വേരു പിടിപ്പിച്ചാണ് തൈകൾ തയ്യാറാക്കുന്നത്. തവാരണകളിൽ കുഴിയെടുത്ത് തണ്ട് മുറിച്ച് നേരിട്ട് വളർത്തിയെടുത്തും കൃഷിചെയ്യാം. എന്നാൽ വേരുപിടിപ്പിച്ച് നടുന്നതിനെക്കാളും കാലതാമസത്തിലേ കമ്പു മുറിച്ച് നേരിട്ടുനടുന്ന കൃഷിരീതിയിൽ വിളവെടുക്കാനാവൂ എന്നതിനാൽ കൃഷിക്കാർ തൈകൾ തയ്യാറാക്കി കൃഷിചെയ്യുന്ന രീതിയാണ് പിൻതുടരുന്നത്.  ഒരേക്കറിൽ  നടാൻ ഏകദേശം  പതിനായിരത്തിനടുത്ത് ചെടികൾ വേണ്ടിവരും. ചെടിയുടെ വേരുപിടിപ്പിച്ച തൈകൾ ആയുർവേദ നഴ്‌സറിക്കാരുടെ അടുത്ത് ലഭിക്കും.

ഇടവിളയാക്കാം

കെടുവേലി തെങ്ങിൻതോപ്പുകളിലും റബ്ബർ തോട്ടങ്ങളിലും ഇടവിളയാക്കി നടാവുന്നതാണ്. വേരുപിടിപ്പിച്ച കൊടുവേലി തൈകൾ  ഓരോ ചെടിക്കും രണ്ടുമീറ്റർ അകലം നൽകണം. വാരം ഉയർത്തിയെടുത്താണ് ചെടികൾ എവിടെയാണെങ്കിലും നടേണ്ടത്.

പരിപാലനം

ജൈവകൃഷിരീതിയിൽ ചട്ടികളിൽ നടുന്ന കൊടുവേലി പരിപാലിക്കാൻ മൂന്നുമാസത്തിലൊരിക്കൽ ജൈവവളങ്ങൾചേർത്തുകൊടുക്കണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വെർമിവാഷ്‌നേർപ്പിച്ചത്, ഗോമൂത്രം നേർപ്പിച്ചത് എന്നിവ മിതമിയതോതിൽ ഒഴിച്ചുകൊടുക്കാം. ഒരു കുഴിക്ക് ഒരു മാസം 20 ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിർത്ത് കലക്കി നേർപ്പിച്ച വെള്ളം എന്നിവയൊഴിച്ചുകൊടുക്കാം. ഇത്‌ചെടികൾക്ക് വേണ്ടത്ര നൈട്രജൻ കിട്ടുന്നതിന് സഹായിക്കും. നീരൂറ്റിക്കുടിക്കുന്ന ചെറിയതരം പ്രാണികളാണ് ഇലകളെ മുരടിപ്പിക്കുന്നത്. വേപ്പധിഷ്ഠിത കീടനാശിനികൾ തളിച്ചാൽ അവയെ അകറ്റാം.

വിളവെടുക്കാം

ചെടികൾ വളർന്നുവരുമ്പോൾ ചുവട്ടിൽ മുളച്ചുവരുന്ന കളകൾ വർഷത്തിൽ നാലു തവണയെങ്കിലും പറിച്ചുമാറ്റണം. വേരുപിടിപ്പിച്ചു നട്ട തൈകൾ ഒരു വർഷത്തിനകവും തണ്ട് നട്ട തൈകൾ ഒന്നരവർഷത്തിനകവും വിളവെടുക്കാം. വിളവെടുക്കുമ്പോൾ കൈയിൽ പ്ലാസ്റ്റിക് കവറോ കൈയുറയോ ധരിക്കണം. വേരുകൾ ശ്രദ്ധയോടെ കിളച്ചെടുത്ത് വേരിൽനിന്ന് നാലു സെ.മീ. മുകളിൽവെച്ച് തണ്ടുകൾ മുറിച്ചെടുക്കണം.

സംസ്‌കരിക്കണം

വേരിന് പൊള്ളിക്കുന്നസ്വഭാവമുള്ളതുകൊണ്ടാണ്. വേരു പറിച്ചെടുക്കുമ്പോൾ കൈയുറ ധരിക്കണമെന്നുപറയുന്നത്. വേരിൽ അടങ്ങിയിരിക്കുന്ന പ്ലംബാജിൻ എന്ന വസ്തുവാണ് ഔഷധവീര്യത്തിനുകാരണം. അല്പം ചുണ്ണാമ്പുകലക്കിയവെള്ളത്തിൽ അരമണിക്കൂർ ഇട്ടുവെച്ചതിന് ശേഷം കഴുകിയെടുത്താണ് കൊടുവേലിയുടെ വേര് സംസ്‌കരിക്കാറ്. കിലോയക്ക് നൂറുരൂപയിലധികം വിലയുണ്ട് വിപണിയിലിതിന്.

ത്വക് രോഗത്തിനും വൃണത്തിനും രക്തദോഷത്തിനും നാസാരോഗങ്ങൾക്കുമുള്ള മരുന്നുകൾ ഉത്പാദിപ്പിക്കാനും ത്വക്‌രോഗങ്ങൾക്കുള്ള സോപ്പ് നിർമാണത്തിനുമാണ് ചെത്തിക്കൊടുവേലി ഉപയോഗിക്കുന്നത്.

പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate