ലോകമെമ്പാടും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് തക്കാളി.അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും വച്ച് പിടിപ്പിക്കേണ്ട ഒന്നാണ് തക്കാളി. തക്കാളിക്കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. വിത്തുകള്‍ മുളപ്പിക്കാം
വിത്തുകള്‍ പാകി മുളപ്പിച്ച് 20-25 ദിവസത്തിനു ശേഷം മാറ്റി നടുന്നതാണ് നല്ലത്. മണ്ണൊരുക്കുമ്പോള്‍ കുമ്മായം ചേര്‍ക്കണം. വിത്ത് മുളക്കുവാന്‍ വെക്കുമ്പോള്‍ ജലാംശം അധികമാകാതെ ശ്രദ്ധിക്കണം. തക്കാളി ചെടികള്‍ ചാക്കിലോ ഗ്രോബാഗിലോ നടാവുന്നതാണ്. നേരിട്ടു നിലത്ത് നടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബാക്ടീരിയല്‍ വാട്ടം, നിമ വിരശല്യം എന്നിങ്ങനെയുള്ള രോഗ കീടബാധകള്‍ പ്രധിരോധിക്കാം. രണ്ടില്‍ കൂടുതല്‍ ചെടികള്‍ ഒരു ഗ്രോ ബാഗില്‍ വളരുന്നത് കായ്ഫലം കുറയാന്‍ കാരണമായേക്കും പകുതി ഭാഗം പോട്ടിംഗ് മിശ്രിതം നിറച്ച ശേഷം തൈകള്‍ നടുക. ശേഷം ചെടി വളരുന്നതനുസരിച്ച് മണ്ണിട്ട് കൊടുത്താല്‍ കൂടുതല്‍ വേരുകള്‍ ഇറങ്ങി ചെടി ആരോഗ്യത്തോടെ വളരും
2. വാട്ടരോഗത്തെ പ്രതിരോധിക്കാം
തക്കാളി വിത്ത് ഇരട്ടി സ്യൂഡോമോണാസുമായി പുരട്ടി അര മണിക്കൂര്‍ വെച്ചതിന് ശേഷം വിതയ്ക്കുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കാം.ശക്തി, മുക്തി, അനഘ എന്നിവ വാട്ടത്തെ ചെറുക്കുന്ന ഇനങ്ങളാണ്. ഒരു കാരണവശാലും തെങ്ങിന്റെ മടല് കത്തിച്ചവെണ്ണീര് ഇടരുത്. ചെടി വാടിപ്പോകും.
3. മുരടിപ്പ് തടയാം
നാലില പ്രായം തുടങ്ങി 10 ദിവത്തില്‍ ഒരിക്കലെങ്കിലും സ്യൂഡോമോണസ് (20g/5 ml + ഒരു ലിറ്റര്‍ വെള്ളത്തില്‍ ) ഇലകളില്‍ സ്പ്രേ ചെയ്യുകയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നത് ബാക്ടീരിയല്‍ വട്ടം, മുരടിപ്പ് തുടങ്ങി പല കീട രോഗ ആക്രമണങ്ങളെയും തടയും.
4. താങ്ങ് കൊടുക്കുക
ചെടി നടുമ്പോള്‍ തന്നെ ബലമുള്ള താങ്ങു കൊടുക്കണം. വളര്‍ന്ന ശേഷം താങ്ങു നാട്ടുമ്പോള്‍ വേരുപടലത്തിനു പൊട്ടലുണ്ടാവുകയും ചെടി നശിക്കുകയും ചെയ്യും.
5. ചുവട് വൃത്തിയാക്കുക
തക്കാളി ചെടിയും ചുവടും എപ്പോഴും വൃത്തിയായിരിക്കണം. ചെടി വളര്‍ന്നു വരുന്നതനുസരിച്ച് താഴ്ഭാഗത്തെ പ്രായമായ ഇലകള്‍ തണ്ടില്‍ നിന്നും രണ്ട് ഇഞ്ച് മാറി മുറിച്ചുകളയണം. ഇലകളുടെ ഇടയില്‍ നിന്നും മുളച്ചു വരുന്ന പുതിയ മുകുളങ്ങള്‍ മുറിച്ചുകളയുന്നത് ചെടിയുടെ ആരോഗ്യവും കായ് വലുപ്പവും കൂടാന്‍ സഹായിക്കും.
6. ഇലകള്‍ മുറിച്ചു മാറ്റുക*
ചിത്ര കീടം, മുരടിപ്പ് തുടങ്ങി രോഗങ്ങള്‍ ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി തീയിടുകയും ജൈവ കീടനാശിനി മൂന്നു ദിവസം കൂടുമ്പോള്‍ തളിക്കുകയും ചെയ്യണം.
7. തോട്ടത്തില്‍ ബന്തി ചെടി വളര്‍ത്തിയാല്‍ വെള്ളീച്ച ആക്രമണം കുറയും.
8. കുമ്മായം കിഴികെട്ടി നേര്‍ത്ത ധൂളിയായി ഇലകളില്‍ വീഴ്ത്തുന്നത് ചീത്രകീടം, മുരടിപ്പ്, മിലിമൂട്ട, വെള്ളിച്ച എന്നിവയെ തുരത്താന്‍ നല്ലതാണ്.
9. മാസത്തില്‍ ഒരിക്കല്‍ 10 ഗ്രാം കുമ്മായം ചെടിയുടെ തണ്ടില്‍ തട്ടാതെ ചുവട്ടില്‍ ഇടുന്നത് മണ്ണിലെ അമ്ലത കുറക്കും. വളര്‍ച്ചയെ സഹായിക്കും.
10. ജൈവവളങ്ങള്‍ക്കൊപ്പം എഗ്ഗ്, ഫിഷ് അമീനോകള്‍ നല്ല വളര്‍ച്ചാ ത്വരകങ്ങളാണ്.
11. തക്കാളി പൂക്കളില്‍ പരാഗണം നടന്നാല്‍ മാത്രമേ കായ്കള്‍ ഉണ്ടാവുകയുള്ളൂ. പരാഗണം കൃത്യമായി നടന്നില്ലെങ്കില്‍ പൂക്കള്‍ കൊഴിഞ്ഞുപോവുകയും കായ് പിടിക്കാതിരിക്കുകയും ചെയ്യും. അതിനു കൃത്രിമ പരാഗണം നടത്താം. പൂവ് കുലുങ്ങത്തക്ക വിധത്തില്‍ തണ്ടില്‍ ചെറുതായി തട്ടി കൊടുക്കാം. ഒരു രണ്ടു മിനിട്ട് നേരത്തേക്ക് ഇങ്ങനെ ചെയ്യുക. രാവിലെ വേണം ചെയ്യാന്‍. എല്ലാ ദിവസവും ചെയ്താല്‍, ഉണ്ടാവുന്ന പൂവുകളെല്ലാം കായ് പിടിക്കും.
12. വേപ്പെണ്ണ 25 ML + 25g വെളുത്തുള്ളി + 10g കാന്താരി / പച്ചമുളക് + 5g ഇഞ്ചി +10g ബാര്‍ സോപ്പ് ലായനി തയ്യാറാക്കി 6 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുന്നത് ഒരു വിധം എല്ലാ കീട രോഗങ്ങള്‍ക്കും ഫലപ്രദമാണ്. രാവിലെ 6 നും 8.30 നും ഇടയ്ക്കോ വൈകിട്ട് 4 നും 6.30 യ്ക്കും ഇടയ്ക്കോ തളിക്കുന്നതാണ് നല്ലത്. വേപ്പെണ്ണ ഇലകളില്‍ പൊള്ളല്‍ ഉണ്ടാക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
13. തക്കാളിയുടെ തണ്ടുമുറിച്ചു നട്ട് പുതിയ ചെടികള്‍ ഉണ്ടാക്കാവുന്നതാണ്. വെള്ളത്തിലോ ചകിരിച്ചോറിലോ തണ്ടുകള്‍ കുത്തി നിര്‍ത്തി വേരുപിടിപിച്ച് മാറ്റി നടാവുന്നതാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020