অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ടെറസ്സിലെ കൃഷി

ടെറസ്സിലെ കൃഷി

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.

എന്നാല്‍ തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.

തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.

നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,

നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.

വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.

പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.

പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.

നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.

പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌ നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.

രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.

Source: മലയാളം വിക്കിപീഡിയ

;കര്‍ഷകന്‍

കടപ്പാട്: മിനി ടീച്ചർ

അവസാനം പരിഷ്കരിച്ചത് : 1/10/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate