অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വള്ളി മാങ്ങ

വള്ളി മാങ്ങ

കണ്ടാൽ മുന്തിരിക്കുല പോലെയിരിക്കും. പേര് വള്ളി മാങ്ങ . അതു കൊണ്ടു തന്നെ പലരുടെയും സംശയമാണ് വള്ളി മാങ്ങയും കാടൻ മുന്തിരിയും ഒന്നാണോ? ഇതിനെക്കുറിച്ച് പഠനം നടത്തുന്ന ബോട്ടണിസ്റ്റുകൾ പറയുന്നു, സംശയം വേണ്ട, രണ്ടും ഒന്നു തന്നെയാണ്. മാത്രവുമല്ല. മലയാളത്തിൽ   വേറെയും പല പേരുകളിൽ ഇതറിയപെടുന്നുവെന്നതാണ് മറ്റൊരു കൗതുകം .മുന്തിരി കുടുംബത്തിൽപ്പെടുന്ന   Ampelocissus Latifolia എന്ന ശാസ്ത്രീയ നാമത്തിൽ വൈൽഡ് ഗ്രേപ് ,ജംഗിൾ ഗ്രേപ് വൈൻ    എന്നിങ്ങനെയറിയപ്പെടുന്നതും ആയ ഇതിനെ ഞെരിഞൻ പുളിയെന്നും ചെറുവള്ളിക്കായ എന്നും വിളിക്കുന്നു. കന്നഡയിൽ ബിലി ഹംമ്പുവെന്നറിയപ്പെടുന്ന ഇതിന്റെ മറ്റ് മലയാള പേരുകൾ  കരണ്ട വള്ളി, ചെമ്പ്ര വള്ളി, വലിയ പീരപ്പെട്ടിക്ക, എന്നിങ്ങനെയാണ്. ചിലയിടങ്ങളിൽ പേരറിയാതെ കുളമാങ്ങയെന്നും വിളിക്കുന്നു.
പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിലും ചില സംരംക്ഷിത ബോട്ടാണിക്കൽ ഗാർഡനു കളിലും മാത്രം ഇപ്പോൾ കണ്ടു വരുന്ന വള്ളി മാങ്ങ പണ്ട് നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്നു.  സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം അടിയെങ്കിലും ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതലായി വളരുന്നത്. ചെടിയുടെ വളർച്ചക്ക് ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ അരുവികൾ ഉള്ള മലയോര മേഖലയിൽ ഇത് വളരാൻ എളുപ്പമാണ് ബോട്ടണിസ്റ്റ് കെ.എ. ബിജു പറഞ്ഞു.    ആദിവാസി പാരമ്പര്യ വൈദ്യൻമാർ മരുന്നു നിർമാണത്തിന് ഉപയോഗിക്കുന്ന ചെടിയുടെ തണ്ടുകളും ഇലയും കായ്കളും ഔഷധ ഗുണമുള്ളതാണ്. ഇതിന്റെ പേര് ചില രോഗങ്ങൾക്ക് ഒറ്റമൂലി ആയി ഉപയോഗിക്കാറുണ്ട്. പഴുത്ത കായ്കൾക്ക്     പുളിരസവും പാകത്തിന് പഴുപ്പാകാത്തതിന് ചെറിയ ചൊറിച്ചിലും ഉണ്ടെങ്കിലും കായ്കൾ ഭക്ഷ്യയോഗ്യമാണ്. കായ്കൾ കൂടുതലായി അച്ചാറിനാണ് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളിലെ ആദിവാസികൾ വള്ളി മാങ്ങയെ ചൊറിയൻ പുളി എന്നും വള്ളിയെ അമർച്ച കൊടി എന്നും  വിളിക്കാറുണ്ട്.
പടർന്ന് വളരുന്ന വള്ളികളിൽ കുലകളായി കായ്ക്കുന്നു. പൂക്കൾ വിരിയുമ്പോൾ ഇളം മെറൂൺ നിറവും കായ്കൾ പഴുക്കമ്പോൾ പഴുക്കാത്ത മുന്തിരി കുലയുടെ നിറവുമായിരിക്കും. ഒരു കുലയിൽ ചിലപ്പോൾ ഒരു കിലോ വരെ കായ്കൾ ഉണ്ടാകും. വനത്തോട് ചേർന്നുള്ള ആദിവാസി സങ്കേതങ്ങളിൽ ആദിവാസികൾ ഇപ്പോഴും വള്ളി മാങ്ങ ശേഖരിച്ച് ഉപയോഗിക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് വേലൂട മല  ഇപ്പോഴും വള്ളി മാങ്ങ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഇന്ത്യ കൂടാതെ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും വള്ളി മാങ്ങ ധാരാളമായി ഉണ്ട്. സന്ധിവേദന, അസ്ഥിവേദന, വയറുവേദന ,ന്യൂമോണിയ എന്നിവക്കാണ് ഇത് ഔഷധമായി ഉപയോഗിക്കുന്നത്. ശ്രീകാന്ത്  ഇഞാലിക്കറിന്റെ  Flowers of sahyadri എന്ന പുസ്തകത്തിൽ വള്ളി മാങ്ങയെക്കുറിച്ച് പരമാർശമുണ്ട്.
കാസർഗോഡ്  കാഞ്ഞങ്ങാട് സ്വദേശിയും ലണ്ടൻ സസക്സ് സർവ്വകലാശാലയിലെ നരവംശശാസ്ത്ര പി.ജി. വിദ്യാർത്ഥിയുമായ ബിനേഷ് ബാലൻ തന്റെ പഠനത്തിന്റെ ഭാഗമായി വീടിനടുത്ത് നിന്ന് കഴിഞ്ഞ ദിവസം വള്ളിമാങ്ങ ശേഖരിച്ചിരുന്നു. കേരളത്തിന്റെ ജൈവ വൈവിധ്യ സമ്പുഷ്ടതയുടെ അടയാളങ്ങളിലൊന്നാണ് വള്ളി മാങ്ങ പോലുള്ള ചെടികളുടെ സാന്നിദ്ധ്യം. വികസനത്തിന്റെ പേരിൽ കാടും നാടും വെട്ടി വെളിപ്പിച്ചപ്പോൾ നമുക്ക് നഷ്ടമാകുന്നതും ഈ ജൈവവൈവിധ്യ സമ്പന്നതയാണ്.
കടപ്പാട് :www.krishideepam.in

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate