অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വളപ്രയോഗം

ജൈവകീട നിയന്ത്രണത്തിനുപയോഗിക്കുന്ന സൂക്ഷ്മാണുക്കള്‍, ജീവാണുക്കള്‍

വിവിധയിനം കീടങ്ങളില്‍ രോഗം പരത്തുന്ന മിത്ര കുമിളുകളെയും മിത്ര ബാക്ടീരിയകളെയും ഉപയോഗിച്ച് പച്ചക്കറികളില്‍ കീടനിയന്ത്രണം സാധ്യമാകുന്നു. വിപണിയില്‍ ലഭ്യമാകുന്ന ഇവയുടെ ഉത്പന്നങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള അളവിലും രീതിയിലും ഉപയോഗിക്കേണ്ടതാണ്. താഴെ പറയുന്നവയാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കപ്പെടുന്ന സൂക്ഷ്മാണു കീടനാശിനികള്‍.

നം

സൂക്ഷ്മാണു

വില്‍പ്പന നാമം

നിയന്ത്രണ വിധേയമാകുന്ന കീടങ്ങള്‍

1

ബാക്ടീരിയ

ബാസ്സിലസ് ടുറിന്‍-ജ്യാന്‍സിസ്

ഹാള്‍ട്ട്, ഡിപ്പല്‍ & ലി. ബയോബിറ്റ്, ഡല്ഫിന്‍

തണ്ട്/കായ് തുരപ്പന്‍, മറ്റ് ശലഭപ്പുഴുക്കള്‍

2

കുമിള്‍

എ-ബിവേറിയ ബാസിയാന

ബയോപവര്‍ ബയോഗാര്‍ഡ് റിച്ച്, റേസര്‍ ബിബി

മുഞ്ഞ, ചാഴി, ഇലച്ചുരുട്ടിപ്പുഴു, മറ്റ് ശലഭപ്പുഴുക്കള്‍

 

ബി-മെറ്റാരിസ്യം അനൈസോപ്ലിയെ

ബയോമെറ്റ് റിച്ച് പേസര്‍ എം.എ

ഉറുമ്പ്, ചിതല്‍, മണ്ണില്‍ കാണുന്ന മറ്റ് കീടങ്ങള്‍

 

സി-വേര്ട്ടിസീലിയം ലൈക്കാനി

ബയോകോച്ച്. മീലികില്‍ വി.എല്‍

മീലിമുട്ട, ശല്ക്കകീടം, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാം.

ജീവാണുവളങ്ങള്‍

  1. നൈട്രജന്‍ ജീവാണുവളങ്ങള്‍

പയറിനു അനുയോജ്യമായ നൈട്രജന്‍ ജീവാണുവളമാണ് റൈസോബിയം. വിത്തില്‍ പുരട്ടിയാണ് റൈസോബിയം പയറില്‍ പ്രയോഗിക്കേണ്ടത്. വെള്ളം അല്ലെങ്കില്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് ഈര്‍പ്പം വരുത്തിയ വിത്തിലേക്ക് റൈസോബിയം ചേര്‍ത്ത് ഇളക്കി തണലത്ത് 15-20 മിനിറ്റ് ഉണക്കിയ ശേഷം അപ്പോള്‍ തന്നെ വിതയ്ക്കുക. 500 ഗ്രാം കള്‍ച്ചര്‍ ഉപയോഗിച്ച് 5-10 ക.ഗ്രാം വിത്ത് പുരട്ടാം.

പച്ചക്കറികള്‍ക്ക് അനുയോജ്യമായ നൈട്രജന്‍ ജീവാണുവളങ്ങളാണ്. അസോസ്പൈരില്ലവും അസടോബാക്ടരും. ഇവ വിത്തില്‍ പുരട്ടിയും പറിച്ചുമാറ്റി നടുന്ന വിളകളുടെ വേരുകള്‍ മുക്കി നട്ടും പ്രയോഗിക്കാവുന്നതാണ്. കൂടാതെ 1:25 എന്ന അനുപാതത്തില്‍ കാലിവളവുമായി ചേര്‍ത്ത് മണ്ണില്‍ പ്രയോഗിക്കാവുന്നതാണ്.

  1. ഫോസ്ഫറസ് ജീവാണുവളങ്ങള്‍
  • മൈക്കൊറൈസ

ഒരു ഭാവഹ ജീവാണുവളം എന്നതിലുപരി ഒരു ടോണിക്കായി പ്രവര്‍ത്തിക്കുന്ന കുമിളാണ് മൈക്കൊറൈസ. കൂടാതെ കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കാനും ഇവയ്ക്കു സാധിക്കും.

താവരണയില്‍ ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ മുളക്, വഴുതന, തക്കാളി മുതലായ പച്ചക്കറി വിളകളുടെ നഴ്സറിയില്‍ മൈക്കൊറൈസ നല്‍കി തൈകള്‍ വളര്‍ത്തുക. നേരിട്ട് നടുന്ന പച്ചക്കറികള്‍ക്ക് ഒരു കുഴിയില്‍ 2-3 ഗ്രാം മൈക്കൊറൈസ നല്‍കി തൈകള്‍ നടുക. വിത്ത് മുളച്ച് വേര് പൊട്ടുമ്പോള്‍ കള്‍ച്ചറില്‍ കൂടി കടന്നുപോകും എന്ന്  ഉറപ്പാക്കുക.

  • ഫോസ്ഫറസ് സോലുബിലൈസര്‍

ഇത് ഒരു ഭാവഹ ജീവാണുവളമാണ്. അതാത് പച്ചക്കറികള്‍ക്ക് വേണ്ടുന്ന ജൈവവളം 1%-2% എന്ന തോതില്‍ കള്‍ച്ചറുമായി ചേര്‍ത്ത് ശുപാര്‍ശ പ്രകാരമുള്ള റോക്ക് ഫോസ്ഫേറ്റിനൊപ്പം ഉപയോഗിക്കുക.

  • പി.ജി.പി.ആര്‍ മിക്സ് 1
  • നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങള്‍ ഒരുമിച്ച് ഒറ്റ പ്രയോഗത്തിലൂടെ ലഭ്യമാക്കാന്‍ സഹായിക്കുന്ന ജീവാണുക്കളുടെ കൂട്ടായ്മയാണ് പി.ജി.പി.ആര്‍ മിക്സ് 1. ഈ കള്‍ച്ചര്‍ 1%-2% എന്ന തോതില്‍ കാലിവളം കമ്പോസ്റ്റുമായി ചേര്‍ത്ത് പച്ചക്കറി വിളകള്‍ക്ക് നല്‍കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • രാസവളങ്ങള്‍, രാസ കുമിള്‍-കീടനാശിനികള്‍ എന്നിവയുമായി ചേര്‍ത്ത് ഉപയോഗിക്കരുത്.രണ്ടാഴ്ച്ച ഇടവേളയിട്ട് പ്രയോഗിക്കാം.
  • ഈ കള്‍ച്ചറുകള്‍ ഉപയോഗിക്കുമ്പോള്‍ മണ്ണില്‍ അത്യാവശ്യം ഈര്‍പ്പം ഉണ്ടായിരിക്കണം.
  • ധാരാളം ജൈവവളം ഉപയോഗിക്കണം.
  • ചാരം ചേരാത്ത ജൈവവളത്തോടൊപ്പം ഉപയോഗിക്കുക.
  • അംഗീകൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കള്‍ച്ചറുകള്‍ മാത്രം ഉപയോഗിക്കുക.
  • കാലാവധിക്ക് മുമ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ലഭ്യത

വെള്ളായണി കാര്‍ഷിക കോളേജിലെ മൈക്രോബയോളജി ഡിപ്പാര്‍ട്ട്മെന്റ്, കാര്‍ഷിക സര്‍വ്വകലാശാലയുടെ മറ്റ് ഗവേഷണ സ്ഥാപനങ്ങള്‍, കൃഷി ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള സ്റ്റേറ്റ് ബയോ കണ്ട്രോള്‍ ലാബ്‌, മണ്ണുത്തി, തിരുവനന്തപുരം പാറോട്ടു കോണത്തുള്ള ജീവാണു ഉത്പാദന കേന്ദ്രം, ഏതാനും സ്വകാര്യ സ്ഥാപനങ്ങള്‍ മുതലായവ വഴി ഇവ ലഭ്യമാണ്. ഗുണമേന്മ നിലനിര്‍ത്തി അംഗീകൃത സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത കള്‍ച്ചറുകള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ബോര്‍ഡോ മിശ്രിതം (1%)

ജൈവകൃഷിയ്ക്ക് അനുവദിച്ചിട്ടുള്ള ഒരു കുമിള്‍ നാശിനിയാണിത്.

ആവശ്യമുള്ള സാധനങ്ങള്‍

തുരിശ്                   - 10 ഗ്രാം

ചുണ്ണാമ്പ്                  - 10 ഗ്രാം

വെള്ളം                   - 1 ലിറ്റര്‍

തുരിശും ചുണ്ണാമ്പും വെവ്വേറെ പാത്രങ്ങളില്‍ അരലിറ്റര്‍ വീതം വെള്ളത്തില്‍ ലയിപ്പിക്കുക. അതിനുശേഷം തുരിശുലായനി ചുണ്ണാമ്പു ലായനിയിലേക്ക് സാവധാനം ഒഴിക്കുകയും അതേസമയം ഇളക്കി കൊടുക്കുകയും ചെയ്യുക. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ബോര്‍ഡോമിശ്രിതത്തില്‍ തുരിശിന്റെ അംശം കൂടുതലാണെങ്കില്‍ അത് ചെടികളെ ദോഷകരമായി ബാധിക്കും. തുരിശിന്റെ അംശം കൂടുതലാണോ എന്ന് ഒരു ഇരുമ്പിന്‍റെ കഷണമോ കത്തിയോ ഉപയോഗിച്ച് കണ്ടുപിടിക്കാം.

അതായത് ഉണ്ടാക്കി വച്ചിരിക്കുന്ന മിശ്രിതത്തില്‍ തേച്ചുമിനുക്കിയ ഇരുമ്പിന്‍റെ കഷണമോ കത്തിയോ ഒരു മിനുറ്റ് നേരം താഴ്ത്തി വയ്ക്കുക. എടുത്തു നോക്കുമ്പോള്‍ തേച്ചുമിനുക്കിയ ഭാഗത്ത് തവിട്ടുനിറത്തിലുള്ള ‘ഊറല്‍’ കാണുകയാണെങ്കില്‍ ഉണ്ടാക്കിയ മിശ്രിതത്തില്‍ ഇരുമ്പിന്‍റെ അംശം കൂടുതലാണെന്ന് മനസ്സിലാക്കാം. ഇത് ശരിയാക്കുന്നതിനു വേണ്ടി പ്രത്യേകം ഒരു പാത്രത്തില്‍ ചുണ്ണാമ്പു ലായനി ഉണ്ടാക്കി കുറേശ്ശെയായി മിശ്രിതത്തില്‍ ഒഴിക്കുക. അതോടൊപ്പം തന്നെ മേല്‍പ്പറഞ്ഞ കത്തിടെസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കണം. പിന്നീട് ഈ മിശ്രിതം ചെടികളില്‍ തളിച്ച് കൊടുക്കാവുന്നതാണ്.

സാധാരണയായി ബോര്‍ഡോമിശ്രിതം തയ്യാറാക്കിയാലുടന്‍ ഉപയോഗിക്കേണ്ടതാണ്. വളരെ കൂടുതല്‍ അളവില്‍ ബോര്‍ഡോമിശ്രിതം ഉണ്ടാക്കി കഴിഞ്ഞ ഉടന്‍ അവിചാരിതമായി മഴയോ മറ്റേതെങ്കിലുമോ കാരണവശാല്‍ ഇത് ഉപയോഗിക്കാന്‍ പറ്റാതിരുന്നാല്‍ 2% കരുപ്പട്ടി/ശര്‍ക്കര ചേര്‍ത്ത് ഇതിന്‍റെ ഗുണം നഷ്ടപ്പെടാതെ ഒന്ന് രണ്ടു ദിവസത്തേക്ക് സൂക്ഷിക്കാവുന്നതാണ്. (20 ഗ്രാം/ലിറ്റര്‍) മഴക്കാലത്ത് ചെടികളില്‍ ഈ മിശ്രിതം തളിക്കുന്ന അവസരത്തില്‍ അതിന്‍റെ ഒട്ടിപ്പിടിക്കാനുള്ള ശക്തി വര്‍ദ്ധിപ്പിക്കാനായി അര്‍പ്പൂസ് (പൈന്‍ മരത്തിന്‍റെ കറ) അല്ലെങ്കില്‍ മറ്റേതെങ്കിലും പശകള്‍ ചേര്‍ക്കാവുന്നതാണ്.

പച്ചക്കറികളിലെ വാട്ടം, കരിച്ചില്‍, ഇലപ്പുള്ളി, അഴുകല്‍ എന്നീ രോഗങ്ങള്‍ ബോര്‍ഡോമിശ്രിതം ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. ഈ മിശ്രിതം മണ്ണില്‍ ഒഴിച്ചുകൊടുക്കാനും ചെടികളില്‍ തളിക്കാനും ഉപയോഗിക്കാവുന്നതാണ്.

ജൈവവള പ്രയോഗം

ചെടിയുടെ വളര്‍ച്ചയ്ക്ക് മികച്ച പോഷണം ആവശ്യമാണ്‌. ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികള്‍ക്ക് ആവശ്യമായ പോഷണം നല്‍കി നല്ല വിളവ്‌ ലഭ്യമാക്കുന്നത്.ജൈവവളങ്ങളാല്‍ സമ്പുഷ്ടമായ മണ്ണ് ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ നല്‍കി വിളവ്‌ വര്‍ധിപ്പിക്കുന്നു. വിളകള്‍ക്ക് അടിവളമായി സെന്‍റിന് 200 കിലോഗ്രാം ജൈവവളം മണ്ണില്‍ ചേര്‍ത്ത് നല്‍കേണ്ടതാണ്. ജൈവവളങ്ങള്‍ സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും അനുകൂലസാഹചര്യമൊരുക്കി മണ്ണിന്‍റെ വളക്കൂറും ഉത്പാദനശേഷിയും നിലനിര്‍ത്തുന്നു. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതെയും സൂക്ഷിക്കുന്നു. ജൈവവളങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കുമെങ്കില്‍, ചെടികള്‍ക്ക് സൂക്ഷ്മമൂലകങ്ങളുടെ കുറവ് അനുഭവപ്പെടാറില്ല.

പച്ചിലവളങ്ങള്‍, കാലിവളങ്ങള്‍, കമ്പോസ്റ്റുകള്‍, എല്ലുപൊടി, വിവിധ തരം പിണ്ണാക്കുകള്‍ എന്നിവയാണ് പ്രധാന ജൈവവളങ്ങള്‍.

ജൈവവള പ്രയോഗരീതി

  • മണ്ണില്‍ അമ്ലത്വവും ക്ഷാരത്വവും ക്രമീകരിക്കുന്നതിനായി കുമ്മായം 1 സെന്‍റിന് 2 കി.ഗ്രാം വീതം നല്‍കേണ്ടതാണ്.
  • ഉണക്കിപ്പൊടിച്ച ചാണകം സെന്റൊന്നിനു 200 കി.ഗ്രാം വീതം അടിവളമായി നല്‍കുക.
  • സെന്റൊന്നിനു ഒരു കി.ഗ്രാം എല്ലുപൊടി അടിവളമായി നല്‍കുന്നത് വേരുപിടിത്തം കൂട്ടാന്‍ സഹായിക്കും.
  • ഒരു കിലോ പച്ചചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്താല്‍ ലഭിക്കുന്ന പച്ചചാണകം ലായനിയുടെ തെളി ഊറ്റിയെടുത്ത് ഇലകളില്‍ തളിക്കുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.
  • ജൈവസ്ലറി തയ്യാറാക്കി ആഴ്ചയിലൊരിക്കല്‍ ചെടികളുടെ തടത്തില്‍ ഒരു ലിറ്റര്‍ വീതം ഒഴിച്ചുകൊടുക്കുക.

ജൈവസ്ലറി തയ്യാറാക്കുന്നവിധം

ഒരു ബക്കറ്റില്‍ ഒരു കിലോ പച്ചചാണകം, ഒരു കിലോ കടലപിണ്ണാക്ക്, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ ഒരുമിച്ച് ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളം ഒഴിച്ച് പുളിപ്പിക്കാന്‍ വയ്ക്കുക. 5 ദിവസങ്ങള്‍ക്കു ശേഷം ആ മിശ്രിതം ഇരട്ടിയായി നേര്‍പ്പിച്ച് തടത്തില്‍ 1 ലിറ്റര്‍ വീതം ഒഴിച്ച് കൊടുക്കുക.

വളര്‍ച്ചാ ത്വരകങ്ങള്‍

ജൈവരീതിയില്‍ കൃഷി ചെയ്യുമ്പോള്‍ വളര്‍ച്ച കുറയുമെന്ന ധാരണ വ്യാപകമാണ്. പക്ഷേ യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം,ഫിഷ്‌ അമിനോ ആസിഡ്, ഇ.എം പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്‌താല്‍ ചെടികളുടെ വളര്‍ച്ചയും ആരോഗ്യവും ഉറപ്പാക്കാം.

പഞ്ചഗവ്യം

പശുവിന്‍റെ ചാണകവും മൂത്രവും പാലും തൈരും നെയ്യും ഉചിതമായ അനുപാതത്തില്‍ കൂട്ടി കലര്‍ത്തിയാല്‍, പ്രസ്തുത മിശ്രിതത്തിന് അത്ഭുതാവഹമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിളകളുടെ വളര്‍ച്ച കൂട്ടി വിളവ്‌ വര്‍ദ്ധിപ്പിക്കുന്ന ഒരു ജൈവഹോര്‍മോണ്‍ ആയും നീരൂറ്റി കുടിക്കുന്ന കീടങ്ങളെ നിയന്ത്രിച്ച് കീടരോഗപ്രതിരോധ ശേഷി കൈവരിക്കുന്നതിനും അത്യുത്തമമാണ് പഞ്ചഗവ്യം.

പച്ചചാണകം         - 4.8. കിലോ

ഗോമൂത്രം           - 4 ലിറ്റര്‍

പാല്‍               - 1/2 ലിറ്റര്‍

നെയ്യ്               - 500 ഗ്രാം

തൈര്              - 500 ഗ്രാം

പാളയംകോടന്‍ പഴം   - 2 എണ്ണം

എന്നിവയാണ് പഞ്ചഗവ്യത്തിന്റെ ചേരുവകള്‍. പച്ചചാണകം നെയ്യും നന്നായി യോജിപ്പിച്ച് ഒരു ദിവസം വെക്കണം. ഇതിലേക്ക് പാല്‍, തൈര്, ഗോമൂത്രം, പഴം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തണലില്‍ സൂക്ഷിച്ചു വെക്കുക. ദിവസേന ഇളക്കുക. നല്ല വായു സഞ്ചാരം ലഭിക്കാനും സൂക്ഷ്മജീവികള്‍ വര്‍ദ്ധിക്കാനും ഇത് സഹായിക്കുന്നു. 15 ദിവസങ്ങള്‍ക്ക് ശേഷം 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ നാലില പ്രായം മുതല്‍ ആഴ്ചയിലൊരിക്കല്‍ തളിക്കാം.

ഫിഷ്‌ അമിനോ ആസിഡ്

ഒരു വളര്‍ച്ചാ ത്വരകമായ ഫിഷ്‌ അമിനോ ആസിഡ് 2 മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസം ഇടവിട്ട്‌ വൈകുന്നേരം ചെടികളില്‍ തളിക്കുക.

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

പച്ചമല്‍സ്യവും ശര്‍ക്കരയും കൂടി പുളിപ്പിച്ച് തയ്യാറാക്കുന്ന ഒരു വളര്‍ച്ചാ ത്വരകമാണിത്. ചെറിയ കഷണങ്ങളായി മുറിച്ച് 1 കിലോ പച്ചമത്തിയും ഒരു കിലോ പൊടിച്ച ശര്‍ക്കരയും ഒരുമിച്ച് ചേര്‍ത്ത് വായു കടക്കാത്ത അടപ്പുള്ള പാത്രത്തില്‍ 15 ദിവസം വെയ്ക്കുക. 15 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മിശ്രിതം 2 മില്ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് പത്ത് ദിവസത്തില്‍ ഒരിക്കല്‍ നാലില പ്രായം മുതല്‍ തളിക്കാവുന്നതാണ്. ചെടികള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കുന്നതാണ്.

കാര്യക്ഷമതയുള്ള സൂക്ഷ്മജീവികള്‍ (ഇ.എം)

ഒരു കൂട്ടം സൂക്ഷ്മജീവികളുടെ മിശ്രിതമാണ് ഫലപ്രദങ്ങളായ ജീവാണുക്കള്‍ (ഇ.എം) എന്ന സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കുന്നത്. ഇവയില്‍ പ്രകാശ സംശ്ലേഷണ ബാക്ടീരിയ, യീസ്റ്റ്, അക്ടിനോമൈസറ്റുകള്‍, ലാക്ടിക് ആസിഡ് ബാക്ടീരിയ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

ജൈവകൃഷിരീതിയില്‍ ആദ്യത്തെ ഒന്നു രണ്ടു കൊല്ലങ്ങളില്‍, മണ്ണില്‍ക്കൂടിയും വെള്ളത്തില്‍ക്കൂടിയും ജൈവവളങ്ങളില്‍ കൂടിയും ഇ.എം നല്‍കിയാല്‍ പെട്ടെന്ന് തന്നെ സൂക്ഷ്മ ജീവികളുടെ എണ്ണം വര്‍ദ്ധിച്ച്, ചെടികള്‍ നന്നായി വളര്‍ന്ന് നല്ല വിളവ്‌ തരുന്നു. ഇങ്ങനെ ഒരിക്കല്‍ ഇ.എം പ്രയോഗിച്ചു കഴിഞ്ഞാല്‍ തദ്ദേശീയമായ കാര്യക്ഷമതയുള്ള സൂക്ഷ്മജീവികളും വര്‍ദ്ധിക്കുന്നു. അങ്ങനെ ഒരു പറ്റം സൂക്ഷ്മജീവികള്‍ പിന്തള്ളപ്പെടുകയും മണ്ണിന്‍റെ ആരോഗ്യം കൂടുകയും രോഗങ്ങള്‍ കുറയുകയും ചെയ്യുന്നു. വിത്തിന്റെ അങ്കുരണം മുതല്‍ വളര്‍ച്ചയിലും പൂക്കുന്നതിലും കായ്ക്കുന്നതിലും ആരോഗ്യത്തിലും, വിളവിലും എല്ലാം ധാരാളം ജൈവാംശമുള്ളതും ഇ.എം ഉള്ളതുമായ മണ്ണില്‍ വളരുന്ന സസ്യങ്ങള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

ആക്ടിവേറ്റഡ് ഇ.എം (AEM)

1 ലിറ്റര്‍ സോപ്പ് ലായനി, ഇ.എം, 1 കിലോ ശര്‍ക്കര, 20 ലിറ്റര്‍ വെള്ളം എന്നിവ ഒരു ബക്കറ്റില്‍ ആക്കി, നന്നായി ഇളക്കി, അടച്ച് പ്രകാശവും ചൂടും തട്ടാതെ 10 ദിവസം സൂക്ഷിച്ചു വെക്കുക. ലായനിയുടെ പി.എച്ച്. (അമ്ലക്ഷാര മൂല്യം) ഈ സമയം കൊണ്ട് 3.4 ല്‍ താഴെയാവുകയും, നല്ല ഒരു സുഗന്ധം ലായനിയ്ക്ക് അനുഭവപ്പെടുകയും ചെയ്യും. ഇതാണ് എ.ഇ.എം. ഇതില്‍ നിന്ന് 2 മില്ലി എടുത്ത് 1 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളുടെ ഇലകളില്‍ തളിക്കുകയോ മണ്ണില്‍ ചേര്‍ക്കുകയോ കമ്പോസ്റ്റില്‍ ചേര്‍ക്കുകയോ ചെയ്യാം.

കമ്പോസ്റ്റ് നിര്‍മ്മാണം

കമ്പോസ്റ്റുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം വെള്ളം കെട്ടി നില്‍ക്കാത്തവിധം നന്നായി വൃത്തിയാക്കണം. ഒരു ബക്കറ്റില്‍ 30 ലിറ്റര്‍ വെള്ളം, 500 മില്ലി ആക്ടിവേറ്റഡ് ഇ.എം (AEM), 300 മില്ലി ശര്‍ക്കരലായനി എന്നിവ നന്നായി യോജിപ്പിച്ച് അതില്‍ നിന്നും 5 ലിറ്റര്‍ എടുത്ത് വൃത്തിയാക്കി വെച്ചിരിക്കുന്ന പ്രതലത്തില്‍ ഒഴിച്ചുകൊടുക്കുക. ഈ പ്രതലത്തിനു മുകളില്‍ ചാണകം 5 സെ.മീറ്റര്‍ ഉയരത്തില്‍ കൂട്ടിയിടുക. ഇതിനു മുകളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മേല്‍പ്പറഞ്ഞ ലായനി കുറച്ച് തളിച്ച് കൊടുക്കേണ്ടതാണ്. അതിനു മുകളില്‍ ചപ്പുചവറുകളും കളകളും കൂട്ടിയിട്ട് വീണ്ടും ലായനി തളിക്കണം. ഈ പ്രക്രിയ ഏകദേശം 135 സെ.മീ. ഉയരം വരെ ആവര്‍ത്തിക്കാം. ഈ കൂമ്പാരം ഷീറ്റ് ഉപയോഗിച്ച് മൂടേണ്ടതാണ്. 20-25 ദിവസങ്ങള്‍ക്കു ശേഷം ഈ കൂമ്പാരത്തിലെ ഈര്‍പ്പം പരിശോധിച്ച്, കുറവാണെങ്കില്‍ വെള്ളം ചേര്‍ത്ത് കൊടുക്കേണ്ടതാണ്. സാധാരണയായി 40-45 ലിറ്റര്‍ വെള്ളം ആവശ്യമായി വരാറുണ്ട്. താപനില അനുകൂലമാണെങ്കില്‍ 40-45 ദിവസത്തിനുള്ളില്‍ ഈ ജൈവാവശിഷ്ടം നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും.

ഇ.എം കമ്പോസ്റ്റിംഗ് നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കമ്പോസ്റ്റ് മണ്ണില്‍ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്
  • സസ്യാവശിഷ്ടവും ചാണകവും 2:1 എന്ന അനുപാതത്തിലെടുക്കുവാന്‍ ശ്രദ്ധിക്കണം.
  • കമ്പോസ്റ്റ് മഴവെള്ളത്തില്‍ ഒലിച്ചുപോകാതെയും, നേരിട്ട് സൂര്യപ്രകാശം എല്‍ക്കാതെയും ശ്രദ്ധിക്കണം. തണലില്‍ വേണം കമ്പോസ്റ്റ് ഉണ്ടാക്കാന്‍.
  • 5 കിലോ പിണ്ണാക്കും 5 കിലോ എല്ലുപൊടിയും കമ്പോസ്റ്റില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്.

മണ്ണിര കമ്പോസ്റ്റിംഗ്

സാധാരണ കമ്പോസ്റ്റ് രീതികളില്‍ കമ്പോസ്റ്റ് തയ്യാറാകാന്‍ 3-4 മാസമെടുക്കുമ്പോള്‍ മണ്ണിര കമ്പോസ്റ്റിംഗ് രീതി വഴി കമ്പോസ്റ്റ് 30-35 ദിവസത്തിനുള്ളില്‍ തയ്യാറാവുന്നു.

ഏകദേശം 45 സെ.മീ. നീളം, 30 സെ.മീ. വീതി, 45 സെ.മീ. പൊക്കവുമുള്ള വീഞ്ഞപ്പെട്ടിയോ പ്ലാസ്റ്റിക്‌ പാത്രമോ അടിവിസ്ഥാരമുള്ള ചട്ടിയോ ഇതിനായി ഉപയോഗിക്കാം. പെട്ടിയുടെ ചുവടെ വെള്ളം വാര്‍ന്നു പോകുന്നതിനു രണ്ട് ദ്വാരങ്ങള്‍ ഇടണം. വീഞ്ഞപ്പെട്ടി വേഗം ചീത്തയാകാതിരിക്കാന്‍ അടിയില്‍ ഏകദേശം 5 സെ.മീ. കനത്തില്‍ മണല്‍ നിരത്തി അതിനു മുകളിലായി 3 സെ.മീറ്റര്‍ കനത്തില്‍ ചകിരി ഇടുക. തുടര്‍ന്ന് 3 ഇഞ്ച്‌ കനത്തില്‍ 200 ഗ്രാം/500 ഗ്രാം എണ്ണം മണ്ണിരയോടുകൂടിയ കമ്പോസ്റ്റ് അഥവാ ചാണകപ്പൊടി നിരത്തുക. ഇതിനുമുകളില്‍ ഓരോ ദിവസത്തെയും അടുക്കളയിലെ പാഴ്വസ്തുക്കള്‍ (പ്ലാസ്റ്റിക്‌ ഒഴിവാക്കണം) എല്ലായിടത്തും നിരപ്പായി വിരിച്ച് എട്ടിഞ്ച് കനം എത്തിക്കുക. മണ്ണിരയെ ഇട്ട് 20-25 ദിവസം ആകുമ്പോള്‍ മാത്രം അടുക്കള അവശിഷ്ടം നിക്ഷേപിച്ച് തുടങ്ങുക. അതുകഴിഞ്ഞാല്‍ പെട്ടിക്കു മുകളില്‍ ഒരു ചാക്ക് വിരിച്ച് അനക്കാതെ മാറ്റി വച്ച ശേഷം ദിവസവും വെള്ളം തളിച്ചു കൊടുക്കുക.

അടുക്കളയിലെ പാഴ്വസ്തുക്കള്‍ ഇടുമ്പോള്‍ ഇടയ്ക്കിടെ കടലാസ് കഷണങ്ങള്‍, പാടി അഴുകിയ ഉണങ്ങിയ ഇലകള്‍ മുതലായവ ഇടുന്നത് വിരകള്‍ക്കാവശ്യമായ വായു സഞ്ചാരം കൂട്ടാന്‍ സഹായിക്കും.പെട്ടിക്കുമീതെ കമ്പിവല ഇടുന്നത് എലി, കാക്ക മുതലായവയുടെ ആക്രമണങ്ങളില്‍ നിന്നും മണ്ണിരയെ രക്ഷിക്കും. പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ വെള്ളം ഒഴിച്ച് പെട്ടി വെയ്ക്കുകയോ അല്ലെങ്കില്‍ പെട്ടി കല്ലുകള്‍ക്ക് മുകളില്‍ വച്ച് കല്ലിന് ചുറ്റും ഉപ്പ്/മഞ്ഞള്‍പ്പൊടി വിതറുന്നതും ഉറുമ്പു ശല്യം കുറയ്ക്കാന്‍ സഹായിക്കും.

പെട്ടി വെയിലത്ത് വെച്ചാല്‍ വിരകള്‍ താനേ അടിയില്‍ പോകും. അതിനുശേഷം മീതെയുള്ള കമ്പോസ്റ്റ് മാറ്റി പെട്ടി വീണ്ടും കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. രണ്ടു കമ്പോസ്റ്റു പെട്ടികള്‍ ഒരുമിച്ച് ഒരു വീട്ടില്‍ ഉപയോഗിക്കുന്നത് വിരകള്‍ മാറ്റാന്‍ എളുപ്പമാക്കും.എണ്ണയും എരിവും കൂടുതലുള്ള അവശിഷ്ടങ്ങള്‍ ഒഴിവാക്കണം.ആഴ്ചയിലൊരിക്കല്‍ ജൈവാവശിഷ്ടങ്ങള്‍ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കിക്കൊടുക്കണം. മണ്ണിരകമ്പോസ്റ്റില്‍ക്കൂടി വെള്ളം സാവധാനത്തില്‍ ഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകമായ വെര്‍മി വാഷ് അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കുന്നത് വളരെയധികം ഗുണപ്രദമാണ്.

സൂക്ഷ്മാണു വളങ്ങള്‍

സൂക്ഷ്മാണു വളങ്ങളുടെ ഉപയോഗവും ജൈവപച്ചക്കറി കൃഷിയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാന സസ്യമൂലകങ്ങള്‍ മണ്ണില്‍ ലഭ്യമാക്കാന്‍ ഇവ സഹായിക്കുന്നു. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് ചെടികള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന അമോണിയ രൂപത്തിലാക്കി നല്‍കുന്ന സൂക്ഷ്മാണുക്കളാണ് റൈസോബിയം, അസോസ്പൈറില്ലം, അസറ്റോബാക്ടര്‍ എന്നിവ. വിത്തില്‍ പുരട്ടിയോ നേരിട്ട് മണ്ണില്‍ ചേര്‍ത്തോ ഇവ ഉപയോഗിക്കാം.

റൈസോബിയം

പയര്‍വര്‍ഗ്ഗ ചെടികളുടെ വേരുകളിലുള്ള മുഴകളില്‍ കണ്ടുവരുന്ന റൈസോബിയം, ചെടികള്‍ക്കാവശ്യമായ നൈട്രജന്‍ കൂടുതല്‍ ലഭ്യമാക്കും. 10 കിലോ പയര്‍ വിത്ത് അര കിലോ റൈസോബിയം കള്‍ച്ചറും കഞ്ഞിവെള്ളവും ചേര്‍ത്ത് ഇളക്കി തണലില്‍ ഉണക്കി വിതയ്ക്കാവുന്നതാണ്.

അസറ്റോബാക്ടര്‍

മണ്ണില്‍ സ്വതന്ത്രമായി വസിച്ചു ചെടികള്‍ക്ക് നൈട്രജന്‍ അമോണിയയുടെ രൂപത്തില്‍ നല്‍കാന്‍ കഴിവുള്ള മറ്റൊരു ജീവാണുവാണ് അസറ്റോബാക്ടര്‍. വിത്തില്‍ പുരട്ടാനും പറിച്ചു നടുന്ന ചെടികളുടെ വേര് മുക്കി വയ്ക്കുവാനും മണ്ണില്‍ ചേര്‍ക്കാനും അസറ്റോബാക്ടര്‍ ഉപയോഗിക്കാം.

അസോസ്പൈറില്ലം

ചെടികളുടെ വേരിന്റെ ഉപരിതലത്തിലും ഉള്ളിലും ചുറ്റുപാടുമുള്ള മണ്ണിലും വസിച്ച് നൈട്രജന്‍ നല്‍കാന്‍ കഴിവുള്ള മറ്റൊരു സൂക്ഷ്മാണുവാണ് അസോസ്പൈറില്ലം.

ഫോസ്ഫറസ് ബാക്ടീരിയ

ചിലയിനം ബാക്ടീരിയകള്‍ക്കും കുമിളുകള്‍ക്കും മണ്ണില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റിനെ ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കി നല്‍കാന്‍ കഴിയും. കേരളത്തിലെ മണ്ണില്‍ അമ്ലത കൂടിയിരിക്കുന്നതിനാല്‍ ചെടികള്‍ക്ക് ഫോസ്ഫറസ് പലപ്പോഴും നേരിട്ട് വലിച്ചെടുക്കാന്‍ കഴിയാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഫോസ്ഫറസ് ബാക്ടീരിയ കള്‍ച്ചര്‍ വിത്തില്‍ പുരട്ടിയോ തൈകളുടെ വേര് ലായനിയില്‍ മുക്കിയോ നേരിട്ട് മണ്ണില്‍ ചേര്‍ത്തോ നല്‍കാം.

പൊട്ടാഷ് ബാക്ടീരിയ

പൊട്ടാഷ് നല്‍കാന്‍ കഴിയുന്ന ബാക്ടീരിയ കള്‍ച്ചറുകളും ഇന്ന് ലഭ്യമാണ്. വിളവില്‍ 20% വരെ വര്‍ദ്ധനയുണ്ടാക്കാന്‍ കഴിയുന്ന ഈ ബാക്ടീരിയ കള്‍ച്ചര്‍ വിത്തില്‍ പുരട്ടിയോ തൈകള്‍ മുക്കിവച്ചോ നേരിട്ടോ ഉപയോഗിക്കാം.

കടപ്പാട് : Farm Information Bureau

 

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate