অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

'പന്തുമര'ത്തെ അലങ്കാരമാക്കാം

'പന്തുമര'ത്തെ അലങ്കാരമാക്കാം

 

'
മൂന്നുമീറ്റർ അല്ലെങ്കിൽ നാലു മീറ്റർ മാത്രം പൊക്കം വെക്കുന്ന ഒരു കുറ്റിച്ചെടി, നീണ്ട ഇലകൾ, നേർത്ത ഉറപ്പുകുറഞ്ഞ തണ്ടുകൾ.  കണ്ടാൽ അസാധാരണത്വം ഒന്നുമില്ലാത്ത ഈ കുറ്റിച്ചെടിയിൽ പൂക്കളുണ്ടാവാൻ തുടങ്ങിയിലാണ് നാം 'വിവരമറിയുക' ഇളം മഞ്ഞനിറത്തിൽ വലിയ പന്തുകൾപോലെയുള്ള പൂക്കൾക്കുള്ളിൽ നിറച്ചും  വിത്തുകളും. അതെ, അത്തരം ഒരു ചെടി നമ്മുടെ പൂന്തോട്ടത്തിൽ പുഷ്പിച്ചാൽ ആരുമ അസൂയയോടെ നമ്മെ നോക്കുമെന്നുറപ്പാണ്. അതാണ് പന്തുമരം എന്നുവിളിക്കപ്പെടുന്ന ബലൂൺപ്ലാന്റ്.
ഗോംഫോകാർപ്പസ് ഫൈസോകാർപ്പസ് എന്ന ശാസ്ത്രനാമത്തിലുള്ള ബലൂൺപ്ലാന്റ് ഗോംഫോകാർപ്പസ് ജനുസ്സിൽപ്പെട്ട അപ്പോസൈനാസിയേ കുടുംബക്കാരനാണ്. ഇതിന് നൈൽഹെഡ് എന്നും ബിഷപ്പ് ബോൾ ഹെയറി ബോൾ എന്നും പറഞ്ഞുവരുന്നുണ്ട്. തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാഭാവികമായിക്കണ്ടുവരുന്ന ഇത് നമ്മുടെ നാട് അടക്കം മറ്റുപലരാജ്യങ്ങളിലും നട്ടുവളർത്തിവരുന്നു. ഇത് ഒരു അലങ്കാരച്ചെടിയായാണ് തോട്ടങ്ങളിൽ വെച്ചു പരിപാലിക്കുന്നതെങ്കിലും പലരാജ്യങ്ങളിലും ഔഷധമായും ഉപയോഗിച്ചുവരുന്നുണ്ട്.
കളച്ചെടിയാണെങ്കിലും നട്ടുപിടിപ്പിക്കാം
ആഫ്രിക്കയിൽനിന്നും ലോകമൊട്ടുക്കും പരന്ന കളച്ചെടിയാണെങ്കിലും ചട്ടികളിലും പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി നട്ടുപിടിപ്പിക്കാവുന്നതാണിത്. മിൽക്ക് വീഡ് തരത്തിൽപ്പെട്ട ഇത് സമുദ്രനിരപ്പിൽനിന്ന് 800 മുതൽ 5000 അടിവരെ ഉയരത്തിൽകടണ്ടുവരുന്നു. അപ്പൂപ്പതാടിയെന്ന് നമ്മൾവിളിക്കുന്നതരത്തിൽ കാറ്റിൽ പാറിപ്പറക്കുന്ന രീതിയിലാണ് ഇതിന്റെ വിത്തുവിതരണം.
കൃഷിചെയ്യാം

വയനാട്ടിലും നമ്മുടെ നാട്ടിലെ പല ഹൈറേഞ്ചുകളിലും വീട്ടുവളപ്പുകളിൽ മുമ്പുകാലത്ത് കളയായി മുളച്ചുപൊന്തിയിരുന്നതാണെങ്കിലും ഇപ്പോൾ അലങ്കാരച്ചെടിയെന്നരീതിയിൽ നട്ടുവളർത്തുന്നു. പോട്ടിങ്് മിശ്രിതം നിറച്ച വലിയ ചട്ടിയിലോ ചാക്കിലോ ഇതിന്റെ വിത്ത് നട്ട് നമുക്ക് ഇതിനെ മുളപ്പിച്ചെടുക്കാം അത്യാവശ്യം  തണുപ്പും നല്ല  സൂര്യപ്രകാശവും ഉള്ളിടങ്ങളിൽ നന്നായി വളരുന്നു. മുരട്ടിൽ വെള്ളം കെട്ടിനിൽക്കരുത്. അത് വേരുകൾ ചീഞ്ഞ് ചെടിനശിക്കാൻ കാരണമാകും. പൂന്തോട്ടങ്ങളുടെ അരികുകളിൽ ജൈവവേലിയായും ഇതിനെ വളർത്താവുന്നതാണ്. വരമ്പുമാടി നീർവാർച്ച ഉറപ്പാക്കിവേണം വിത്ത് നടാൻ.
നട്ട് ആറ് ഏഴ്  മാസങ്ങൾക്കുള്ളിൽ ചെടി പൂക്കാൻ തുടങ്ങും ഏത് കാലാവസ്ഥയിലും പൂക്കളുണ്ടാകാമെങ്കിലും വേനൽക്കാലത്താണ് കൂടുതലായി പൂക്കൾ കാണപ്പെടുക. പച്ചനിറത്തിലുണ്ടാകുന്ന മൊട്ടുകൾ വലുതായി പൂക്കളാകുമ്പോഴേക്കും ഇളം മഞ്ഞനിറത്തിൽ വീർത്ത് ബലൂൺപോലെയാകുന്നു. ഓരോ ബോളും രണ്ടാഴ്ചയോളം നിലനിൽക്കുന്നു. അതിനുശേഷം ഉണങ്ങിപ്പൊട്ടി അപ്പൂപ്പൻതാടികളെപ്പോലെ പാറി വിത്തുവിതരണം നടത്തുന്നു. ശരിക്കും ഇതിന്റെ പൂക്കൾ ചെറുതാണ് എന്നാൽ പൂവെന്ന് നാം വിളിക്കുന്ന ബാളുകൾ യഥാർഥത്തിൽ അതിന്റെ വിത്തുകൾ സൂക്ഷിക്കുന്ന അറയാണ്. അതാണ് ബലൂൺപ്ലാന്റിന്റെ ഏറ്റവും ആകർഷകമായഭാഗവും.
കേരളകാർഷിക സർവകലാശാലയുടെ അമ്പലവയൽ കേന്ദ്രത്തിൽ ഇതിന്റെ വിത്തിന്റെ പാക്കറ്റ് ലഭിക്കും. ചെറിയപാക്കറ്റിന് പത്തുരൂപയാണ് വില. എന്താ ഒരു പാക്കറ്റ് വിത്ത് വാങ്ങി പൂന്തോട്ടം മനോഹരമാക്കുകയല്ലേ.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com

അവസാനം പരിഷ്കരിച്ചത് : 9/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate