Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / ജൈവ ഉത്പാദന ഘടകങ്ങള്‍ / ജൈവ വളം / വിവിധ തരത്തിലുള്ള ജൈവവളങ്ങൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ തരത്തിലുള്ള ജൈവവളങ്ങൾ

വിവിധ തരത്തിലുള്ള ജൈവവളങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

ജൈവവളങ്ങൾ

മീന്‍ വളം

ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മല്‍സ്യങ്ങളും ഭക്ഷ്യയോഗ്യമായ ചെറുമല്‍സ്യങ്ങളും പലപ്പോഴും വളമായി ഉപയോഗിക്കുന്നു. ഇവ അങ്ങനെ തന്നെയോ ഉണക്കിയശേഷം പൊടിച്ചോ ഉപയോഗിക്കാം. മല്‍സ്യത്തിന്‍റെതരമനുസരിച്ച് മീന്‍വളര്‍ത്തില്‍ 4-10% നൈട്രജനും 3-9% ഫോസ്ഫറസും 0.3-1.5% പൊട്ടാഷും അടങ്ങിയിട്ടുണ്ട്. മീന്‍ വളര്‍ത്തിലുള്ള മൂലകങ്ങള്‍ പെട്ടെന്നു തന്നെ കിട്ടുന്നതിനാല്‍ എല്ലാത്തരം വിളകള്‍ക്കും യോജിച്ചതാണ്.

മണ്ണിര വളം (വെര്‍മികമ്പോസ്റ്റ്)

ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകമൂലകങ്ങളും അടങ്ങിയ ജൈവവളമാണ് മണ്ണിരകമ്പോസ്റ്റ്. മണ്ണിരയുടെ കാഷ്ഠമാണിതില്‍ കമ്പോസ്റ്റായി ഉപയോഗിക്കുന്നത്. 
$ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഏകദേശം മൂന്നിരട്ടി അളവില്‍ ചെടികള്‍ക്ക് പെട്ടെന്ന് കിട്ടത്തക്കരൂപത്തില്‍ മണ്ണിരവളത്തില്‍ അടങ്ങിയിട്ടുണ്ട്.
$ ഇത് മണ്ണിന്‍റെ അമ്ലത്വം കുറയ്ക്കുന്നു
$ ചെടികള്‍ക്ക് രോഗപ്രതിരോധശക്തി നല്‍കുന്നു
$ വിളകളുടെ സൂക്ഷിപ്പുകാലം കൂട്ടുന്നു.
ടാങ്കു നിര്‍മാണം: 
തറനിരപ്പില്‍നിന്ന് മേല്‍പ്പോട്ടാണ് കമ്പോസ്റ്റുണ്ടാക്കാനുള്ള ടാങ്ക് നിര്‍മിക്കേണ്ടത്. അല്ലെങ്കില്‍ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ സഹായിക്കുന്ന മണ്ണിരകളെ തിന്നു ജീവിക്കുന്ന ഒരിനം നാടന്‍ മണ്ണിര ഉള്ളില്‍ കടക്കാനിടയുണ്ട്. തണലുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം. ടാങ്ക് സിമന്‍റ് തേച്ചുറപ്പിക്കേണ്ട ആവശ്യം പോലുമില്ല. വീതി കഴിയുന്നതും മൂന്നു മീറ്ററില്‍ കൂടുതല്‍ ആകരുത്. ചുറ്റും 5 സെ.മീ. വീതിയിലും 2.5 സെ.മീ. താഴ്ചയിലും ചാല്‍ നിര്‍മിച്ച് അതില്‍ വെള്ളംകെട്ടിനിര്‍ത്തണം. ഉറുമ്പ് കടക്കുന്നത് തടയാനാണിത്. ടാങ്കുനിര്‍മിക്കുമ്പോള്‍ അതിനകത്ത് വീഴുന്ന ജലം വെളിയില്‍പോകാന്‍ ഒരു പ്ലാസ്റ്റിക് കുഴല്‍ ഏറ്റവും അടിയില്‍ ഉറപ്പിക്കണം. അത് എപ്പോഴും അടച്ചുവയ്ക്കണം. അല്ലെങ്കില്‍ അതുവഴി ഉറുമ്പ് ടാങ്കുവഴി കയറും. എലി ശല്യം ഒഴിവാക്കാന്‍ കമ്പിവല ഫെമിയില്‍ ഘടിപ്പിച്ച് ടാങ്കിന്‍റെ മുകളില്‍ വയ്ക്കണം. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ കൂരയും ഉണ്ടാക്കണം.
മണ്ണിരകളെ തെരഞ്ഞെടുക്കല്‍: 
ഒരു പ്രത്യേകതരം മണ്ണിരകളെയാണ് കമ്പോസ്റ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സാധാരണയായി ഉപയോഗിക്കുന്നത് ആഫ്രിക്കന്‍ മണ്ണിരയാണ് (യുഡ്രിലസ് യൂജിന). അവ ഒരടിവരെ വളരും മണ്ണിരയെ വാങ്ങുമ്പോള്‍ പ്രായപൂര്‍ത്തിയായവയെ കുറച്ചെ വാങ്ങാവൂ. കുഞ്ഞുങ്ങളായിരിക്കണം കൂടൂതല്‍. കുഞ്ഞുങ്ങള്‍ പുതിയ സ്ഥലത്ത് വേഗത്തില്‍ വളരാന്‍ സാധ്യതകൂടുതലാണ്.
മണ്ണിരകളെ നിഷേപിക്കല്‍:
ടാങ്കില്‍ മണ്ണിരകളെ ഇടുമ്പോള്‍ ആദ്യം വേണ്ടത് ഇവയുടെ എണ്ണം കൂട്ടുകയാണ്. കാരണം മണ്ണിരയുടെ ഭക്ഷണത്തോടു അതിന്‍റെ ശരീരഭാരത്തിന്‍റെ ഏകദേശം 50 ശതമാനമാണ്. ടാങ്കിനുള്ളില്‍ നന്നായി നനച്ച ഉണക്കച്ചാക്കോ നല്ല മണ്ണിരകമ്പോസ്റ്റോ മൂന്നിഞ്ച് കനത്തില്‍ വിരിക്കണം. അതിനുമുകളില്‍ പച്ചച്ചാണകം രണ്ടിഞ്ച് കനത്തില്‍ നെടുനീളത്തില്‍ ചിറകെട്ടുന്നതുപോലെ വയ്ക്കണം. എന്നിട്ട് മണ്ണിരകളെ ടാങ്കില്‍ നിഷേപിച്ച് തടം നന്നായി നനയ്ക്കണം. അതിനുശേഷം നനഞ്ഞ ചണച്ചാക്കുകൊണ്ട് 'ചാണകച്ചിറ' മൂടിയിടണം. വിരയിളക്കാന്‍ മരുന്നുകൊടുത്തിട്ടുള്ള കന്നുകാലികളുടെ ചാണകം ഒരു മാസക്കാലം ടാങ്കിലിടരുത്.
മണ്ണിരയ്ക്കു ഭക്ഷണം:
മണ്ണിര അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങളേ കഴിക്കുകയുള്ളൂ. പച്ചിലയും കരിയിലയും ജൈവപദാര്‍ത്ഥങ്ങളും അവയുടെ ഭാരത്തിന്‍റെ പത്തിലൊന്ന് പച്ചച്ചാണകവുമായി കലര്‍ത്തി നന്നായി നനച്ചുവയ്ക്കണം. മൂന്നുനാലു ദിവസത്തിലൊരിക്കല്‍ അവ ഇളക്കി നനച്ചുകൊടുക്കണം. ഈ മിശ്രിതം 25-30 ദിവസം കഴിയുമ്പോള്‍ ആഹാരമായി നല്‍കാം. അടുക്കളാവശിഷ്ടങ്ങള്‍, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവ നേരിട്ടുതന്നെ നല്‍കുക. പക്ഷേ, ഇവയെല്ലാം നല്‍കേണ്ടത് കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒരുമാസം കഴിഞ്ഞേ ആകാവൂ. ഇവ ടാങ്കില്‍ നിഷേപിച്ച് മൂടിയിണം. അല്ലെങ്കില്‍ ഈച്ചയുടെ ഉപദ്രവം വരും. കുറശ്ശെ മാത്രമേ നല്‍കാനും പാടുള്ളൂ. ആദ്യമായി കൊടുത്ത ചാണകം തിന്നുകഴിയുമ്പോള്‍ രണ്ടാമതും പച്ചച്ചാണകമിടുക. അവയും തിന്നുന്നതിനുശേഷം മറ്റ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നല്‍കിതുടങ്ങാം. ഇതിനു ഏകദേശം 25-30 ദിവസം വേണ്ടിവരും. 
ഭക്ഷണം ഒരിക്കലും 10-15 സെ.മീ. കനത്തില്‍ കൂടുതല്‍ ഒരു സമയം നല്‍കരുത്. ടാങ്കിന്‍റെ വശങ്ങളില്‍നിന്ന് 15-30 സെ.മീ. മാറ്റി ഉള്ളിലായിവേണം ഭക്ഷണം നിഷേപിക്കാന്‍. ഒരിക്കല്‍ കൊടുത്ത ഭക്ഷണം കഴിച്ചിട്ടേ വീണ്ടും നല്‍കാവൂ. അല്ലെങ്കില്‍ മണ്ണിരകമ്പോസ്റ്റിനുപകരം സാധാരണ കമ്പോസ്റ്റായിരിക്കും കിട്ടുക. മനുഷ്യന്‍ ഭക്ഷിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും മണ്ണിരയ്ക്കു ഭക്ഷണമായി നല്‍കും. കോഴിയുടെ തൂവല്‍, മനുഷ്യന്‍റെ മുടി എന്നിവയും മണ്ണിര ഭക്ഷിക്കും.
ഈര്‍പ്പം നിലനിര്‍ത്തല്‍: 
മണ്ണിര 75 %-85% ഈര്‍പ്പമുള്ള സ്ഥലത്ത് നന്നായി വളരും. ഈര്‍പ്പം നിലനിര്‍ത്താനുള്ള എളുപ്പമാര്‍ഗ്ഗം നനച്ച ചണച്ചാക്ക് ഉപയോഗിക്കുകയാണ്. ചാക്കിലെ ഈര്‍പ്പം മാറാതെ നോക്കിയാല്‍ മതി. ഈര്‍പ്പം അധികമായാല്‍ വംശവര്‍ധന കുറയും.
കമ്പോസ്റ്റ് ശേഖരണം:
കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒന്നരമാസം കഴിയുമ്പോള്‍ അവ ടാങ്കില്‍നിന്ന് ശേഖരിച്ച് തുടങ്ങാം. ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും ടാങ്കിന്‍റെ ചുവരിന്‍റെയും ഇടയിലുള്ള സ്ഥലത്തായിരിക്കും കമ്പോസ്റ്റ് കാണപ്പെടുക. ഇവിടെനിന്ന് ഒരാഴ്ച ഇടവിട്ട് ശേഖരിക്കാം. അതോടൊപ്പം കിട്ടുന്ന മണ്ണിരകളെ തിരികെ ടാങ്കില്‍ വി
ട്ടാല്‍ മതിയാകും.
നിറഞ്ഞതിനുശേഷമാണ് ശേഖരിക്കുന്നതെങ്കില്‍ ആദ്യം ടാങ്കില്‍ ഒരു ഭാഗത്ത് പച്ചച്ചാണകം കട്ടിയായി 5-8 സെ.മീ. കനത്തില്‍വയ്ക്കുക. എന്നിട്ട് നനഞ്ഞ ചാക്കുകൊണ്ട് മൂടിയിണം. നാലഞ്ചു ദിവസം കഴിയുമ്പോള്‍ ടാങ്കിലുള്ള മണ്ണിരയുടെ 80% ചാണകക്കൂനയില്‍ വരും. അപ്പോള്‍ ചാക്കുമാറ്റിയിട്ട് ചാണകവും മണ്ണിരയും ഒന്നിച്ച് ശേഖരിച്ച് ഒരു സ്ഥലത്തുവയ്ക്കുക. ബാക്കി കിടക്കുന്ന മണ്ണിരകമ്പോസ്റ്റ് വാരി നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് ചെറിയകൂനകളായി വയ്ക്കുക. മൂന്നു മണിക്കൂറോളം വെയില്‍ കൊള്ളാന്‍ അനുവദിക്കുക. അപ്പോള്‍ മണ്ണിരകള്‍ കൂനയുടെ അടിഭാഗത്തെത്തും. അപ്പോള്‍ കൂനയുടെ മുകള്‍ ഭാഗത്തുനിന്നും കുറെശ്ശെയായി മണ്ണിരകമ്പോസ്റ്റ് വാരിമാറ്റം വയ്ക്കാം. അടിഭാഗത്തുകാണുന്ന മണ്ണിരകളെയും വീണ്ടും ടാങ്കില്‍ നിഷേപിക്കാം. 
മണ്ണിരകമ്പോസ്റ്റ് ഈര്‍പ്പം തട്ടാതെ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് തണലത്തുസൂക്ഷിച്ചാല്‍ രണ്ടുവര്‍ഷംവരെ ഗുണം നഷ്ടപ്പെടാതെയിരിക്കും. കമ്പോസ്റ്റ് ഒരിക്കലും വെയിലത്തിട്ട് ഉണക്കരുത്. അതിലുള്ള ഉപകാരപ്രദമായ അണുക്കള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്.
മണ്ണിരകളുടെ ശത്രുക്കള്‍:
മണ്ണിരകളുടെ മുഖ്യശത്രുക്കള്‍ എലി, പെരിച്ചാഴി, കോഴി, ഉറുമ്പ് എന്നിവയാണ്. കൂടാതെ മണ്ണിരകളെ ഭക്ഷിക്കുന്ന ചില മണ്ണിരകളുമുണ്ട്. ഈ മണ്ണിരയുടെ കൂടുതല്‍ വരുന്നത് കുഴികളില്‍ കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കുമ്പോഴും പഴയ ചാണകം ഉപയോഗിക്കുമ്പോഴാണ്. ഉറുമ്പിന്‍റെ ഉപദ്രവത്തെ തടയാനാണ് ടാങ്കിനുചുറ്റും ചാല്‍ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തുന്നത്.

പിണ്ണാക്കു പുളിപ്പിച്ച വളം

നിലക്കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവ ജൈവകൃഷിയില്‍ പൊതുവെ ഉപയോഗിച്ചുപോരുന്നു.
പിണ്ണാക്കുകളുടെ ഗുണമേന്മ കൂട്ടാനുള്ള വഴി അവയെ പുളിപ്പിക്കുകയെന്നതാണ്. നിലക്കടലപിണ്ണാക്ക് പുളിപ്പിച്ച് ഗുണമേന്മ കൂട്ടുന്നതിങ്ങനെയാണ്. 5 കിലോ നിലക്കടലപ്പിണ്ണാക്കും 5 കിലോ വേപ്പിന്‍പിണ്ണാക്കും പ്രത്യേകം പാത്രങ്ങളിലെടുത്ത് വെള്ളം ചേര്‍ത്തു കുതിര്‍ന്നുകിട്ടാന്‍ വയ്ക്കുക. ഒരു ദിവസം രാത്രിയില്‍വച്ചാല്‍ പിന്നേറ്റ് പുലരുമ്പോഴേക്ക് ഇത് തയാറായിക്കഴിഞ്ഞിട്ടുണ്ടാകും. ഒരു പാത്രത്തില്‍ 5 കി.ഗ്രാം ചാണകം 100 ലിറ്റര്‍ വെള്ളത്തില്‍ കലക്കിവയ്ക്കുക. അതിലേക്ക് പിണ്ണാക്കുകള്‍ രണ്ടും കുതിര്‍ന്നത് ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ടാഴ്ച ഇതെരീതിയില്‍ വയ്ക്കുക. ദിവസവും രാവിലെ നീളമുള്ള വടികൊണ്ട് മിശ്രിതം നന്നായി ഇളക്കിചേര്‍ക്കണം. രണ്ടാഴ്ചക്കഴിയുമ്പോള്‍ പിണ്ണാക്ക് ചാണകം മിശ്രിതം നന്നായി പുളിച്ചുചേര്‍ന്നിട്ടുണ്ടാവും. ഇത് ഒരു ലിറ്റര്‍ 5 ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്ക് ഇലയിലൂടെ ഒഴിച്ചുകൊടുക്കാനും ചുവട്ടിലൊഴിക്കാനും നല്ലതാണ്.

പഞ്ചഗവ്യം വളവും മരുന്നും

ജൈവകൃഷിയില്‍ ഇപ്പോള്‍ ഏറ്റവുമധികം ഉപയോഗിച്ചു വരുന്നൊരു വളക്കൂട്ടാണ് പഞ്ചഗവ്യം. നമ്മുടെ നാടിന്‍റെ പൗരാണിക പാരമ്പര്യത്തില്‍നിന്നാണ് പഞ്ചഗവ്യം വരുന്നത്. ഗോവില്‍നിന്ന്-പശുവില്‍നിന്നുള്ള-അഞ്ചുവസ്തുക്കളായ ചാണകം, മൂത്രം, തൈര്, നെയ്യ്, പാല്‍ എന്നിവയാണ് പഞ്ചഗവ്യം ഉണ്ടാക്കുന്നതിനുപയോഗിക്കുന്നത്. ഇത് ഒരേ സമയം വിളവുകിട്ടുന്ന ജൈവ ഹോര്‍മോണും രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെ പ്രതിരോധശേഷി തരുന്ന മരുന്നുമാണിത്.
പഞ്ചഗവ്യം അങ്ങനെതന്നെ ഉപയോഗിക്കുന്നത് പ്രസാദമായും ഗൃഹപ്രവേശത്തിനും മരണാനന്തര കര്‍മങ്ങള്‍ക്കുമൊക്കെ മാത്രം. കൃഷിയില്‍ ഉപയോഗിക്കുന്നത് ഇതിന്‍റെ കൂടെ ഏതാനും ചേരുവകളൊക്കെ ചേര്‍ത്താണ്. പല സ്ഥലത്തും പ്രചാരത്തിലിരിക്കുന്നൊരു പഞ്ചഗവ്യക്കൂട്ടിതാ. പച്ചച്ചാണകം മൂന്നുകിലോ, ഗോമൂത്രം മൂന്നു ലിറ്റര്‍, ഉരുക്കുനെയ്യ് രണ്ടു ലിറ്റര്‍, പാല്‍ രണ്ടു ലിറ്റര്‍, തൈര് രണ്ടു ലിറ്റര്‍, ശര്‍ക്കര രണ്ടു കിലോ രണ്ടു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്, പാളന്‍കോടന്‍ പഴം പന്ത്രണ്ടെണ്ണം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ അരച്ചെടുത്തത്, കരിക്കിന്‍ വെള്ളം രണ്ടു ലിറ്റര്‍ എന്നിവയാണിതിനു വേണ്ടത്. തൈര് കടഞ്ഞെടുത്ത വെണ്ണ ഉരുക്കിയ നെയ്യാണിതിനുപയോഗിക്കേണ്ടത്.
പച്ചച്ചാണകം മൂന്നുദിവസം തണലില്‍ വച്ച് ചിക്കി അതിന്‍റെ ദുര്‍ഗന്ധം മാറ്റുക. അതിനുശേഷം ചാണകവും നെയ്യും കൂടി നന്നായി തേച്ചു ചേര്‍ക്കുക. പൊറോട്ടയുണ്ടാക്കാന്‍ മാവു തേക്കുന്നതുപോലെ വേണമിത്. ഇങ്ങനെ മൂന്നു ദിവസം വച്ചേക്കുക. അതിലേക്ക് മറ്റു ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വിവിധ ഘടകങ്ങള്‍ പൂര്‍ണമായി തമ്മില്‍ ലയിക്കുന്ന രീതിയിലാണിതു ചെയ്യേണ്ടത്. ഈ മിശ്രിതം 21 ദിവസം അടച്ചു സൂക്ഷിക്കുക. എല്ലാദിവസവും ഒരു നേരം നീളമുള്ളൊരു വടിയുപയോഗിച്ച് ഒരേ ദിശയിലേക്ക് ചുറ്റിച്ച് ഇളക്കുക. 21 ദിവസം കഴിഞ്ഞാല്‍ ഉപയോഗിക്കാം. പച്ചക്കറികള്‍ക്കും ഇലയില്‍ ഉപയോഗിക്കുന്ന വിളകള്‍ക്കും ഒരു ലിറ്റര്‍ പഞ്ചഗവ്യത്തില്‍ അമ്പതു ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ചുവട്ടില്‍ ഒഴിക്കുന്നവയ്ക്ക് ചെടിയുടെ കടുപ്പത്തിനനുസരിച്ച് സാന്ദ്രത കൂട്ടാം. ചുരുങ്ങിയത് ഒരു ലിറ്റര്‍ പഞ്ചഗവ്യക്കൂട്ടില്‍ 25 ലിറ്റര്‍ വെള്ളം ചേര്‍ത്തിരിക്കണം.

വെര്‍മിടോയിലറ്റ്

ഇതില്‍ മണ്ണിരകളെ ഉപയോഗിച്ച് മനുഷ്യമലം കമ്പോസ്റ്റാക്കി മാറ്റാം. മനുഷ്യനു ഹാനികരമായ യാതൊന്നും ഈ കമ്പോസ്റ്റില്‍ കാണുകയില്ല. അമേരിക്കന്‍ പരിസ്ഥിതി സമിതി ഈ കമ്പോസ്റ്റ് കൃഷിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചൈനയിലും ജപ്പാനിലും ഇത് വ്യാപകമായി കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. വെര്‍മിടോയിലറ്റില്‍ ജലം വളരെ കുറച്ചുമാത്രം ഉപയോഗിച്ചാല്‍ മതി. ഒരു മനുഷ്യനില്‍നിന്ന് വര്‍ഷംതോറും 12-15 കി.ഗ്രാം കമ്പോസ്റ്റ് ലഭിക്കും. ഇത് നമ്മുടെ നാട്ടിലുള്ള ജനങ്ങളില്‍ നാലൊന്നില്‍ ഭാഗം ഇപ്രകാരം കമ്പോസ്റ്റ് നിര്‍മാണം നടത്തിയാല്‍ നമ്മുടെ ജൈവവളത്തിന്‍റെ അളവ് വളരെയധികം കൂട്ടാന്‍ കഴിയും.

എല്ലുപൊടി

പ്രധാനമായും ഫോസ്ഫറസിന്‍റെ ലഭ്യതയ്ക്കാണ് എല്ലുപൊടി ഉപയോഗിക്കുക. ഇത് രണ്ടുതരത്തില്‍ ലഭ്യമാണ്. ഒന്ന് ഉണങ്ങിയ എല്ല് പൊടിച്ചെടുക്കുന്നത്. ഇതില്‍ 20% ഫോസ്ഫറസ് ഉണ്ട്. എട്ട് ശതമാനം ഫോസ്ഫറസ് വലിയ താമസമില്ലാതെ ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലും ബാക്കിയുള്ളത് വളരെ സാവധാനത്തില്‍ കിട്ടുന്നതുമാണ്. രണ്ടാമത്തെ     ഇനം നീരാവികൊണ്ട് വേവിച്ചശേഷം ഉണക്കി പൊടിച്ചെടുക്കുന്നതാണ്. ഇതില്‍ 22% ഫോസ്ഫറസ് ഉണ്ട്. പതിനാറ് ശതമാനം വലിയ താമസമില്ലാതെ ചെടികള്‍ക്ക് കിട്ടുന്നതും ബാക്കിയുള്ളതു വളരെ സാവധാനത്തില്‍ കിട്ടുന്നതുമാണ്.
എല്ലുപൊടിയില്‍ 2-4% നൈട്രജനുണ്ട്. ഇതും ചെടികള്‍ക്ക് സാവധാനം കിട്ടുന്ന രൂപത്തിലാണ്. അമ്ലത്വമുള്ള മണ്ണില്‍ എല്ലുപൊടിയിലുള്ള ഫോസ്ഫറസ് രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലേക്ക് സാവധാനത്തില്‍ മാറുന്നതുകൊണ്ട് കേരളത്തിലെ മണ്ണില്‍ എല്ലുപൊടി യോജിച്ചതാണ്. എന്നാല്‍  ദീര്‍ഘകാല വിളകള്‍ക്ക് മാത്രമേ ഇത് ഉപയോഗിക്കുവാന്‍ പാടുള്ളൂ. കൂടാതെ ഒരു വര്‍ഷത്തിലധികം വളരുന്ന വിളകളായ കരിമ്പ്, പൈനാപ്പിള്‍ മുതലായ വിളകള്‍ക്കും പാകമാണ്. പെട്ടെന്ന് ഫോസ്ഫറസ് ആവശ്യമുള്ള ഹ്രസ്വവിളകളായ നെല്ല്, പയര്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് ഇതു ചേരില്ല.

കാലിവളം

തൊഴുത്തില്‍നിന്നു കിട്ടുന്ന മൂത്രം, ചാണകം, തീറ്റി സാധനങ്ങളുടെ ബാക്കി എന്നിവ അഴുകി കിട്ടുന്ന വളമാണ് കാലിവളം. ഇങ്ങനെ അഴുകിയശേഷം കിട്ടുന്ന കാലിവളത്തില്‍ 0.5 ശതമാനം വീതം നൈട്രജനും പൊട്ടാഷും 0.2 ശതമാനം ഫോസ്ഫറസുമുണ്ട്. ഒരു പശുവില്‍നിന്ന് ഒരു വര്‍ഷം ഏകദേശം 5 ടണ്‍ കാലിവളവും ഒരു എരുമയില്‍നിന്ന് 7 ടണ്‍ കാലിവളവും കിട്ടുമെന്നാണ് കണക്ക്. മൂലകങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ ഒരാണ്ടില്‍ മേല്‍പ്പറഞ്ഞ മൃഗങ്ങള്‍ ഓരോന്നും 40 തൊട്ട് 55 കി.ഗ്രാം വരെ നൈട്രജനും 10 മുതല്‍ 15 കി.ഗ്രാം വരെ ഫോസ്ഫറസും, 35 മുതല്‍ 45 കി.ഗ്രാം വരെ പൊട്ടാഷും തരുമെന്ന് കണക്കാക്കാം. ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും വളവും മൂലകങ്ങളും കിട്ടണമെങ്കില്‍ അവയില്‍നിന്നുള്ള ചാണകവും മൂത്രവും നഷ്ടപ്പെടാതെ ശേഖരിക്കുകയും വേണം.

ഗുണമേന്മയുള്ള കാലിവളം എങ്ങനെയുണ്ടാക്കാം?
കാലിവളം വെറുതെ കൂട്ടിയിടുന്നതുവഴി അതില്‍നിന്നും മൂലകങ്ങള്‍ പല രീതിയില്‍ നഷ്ടപ്പെടും. നനയത്തക്ക വിധത്തില്‍ വളം കൂട്ടിയിടുകയാണെങ്കില്‍ അവ ഒലിച്ചു നഷ്ടപ്പെടുകയും ചെയ്യും. മേന്മയുള്ള കാലിവളം ഉണ്ടാക്കിയെടുക്കുന്നതിനുള്ള കാര്യങ്ങള്‍ താഴെ പറയുന്നു. തൊഴുത്തിനടുത്ത് 20 അടി നീളം 5 അടി വീതി, 3 അടി ആഴം എന്നീ അളവില്‍ ഒരു കുഴിയുണ്ടാക്കുക. കാലികളുടെ തീറ്റി സാധനങ്ങളുടെ ബാക്കി, മുറ്റം അടിച്ചുകിട്ടുന്ന ചപ്പുചവറുകള്‍, അതുമാതിരിയുള്ള മറ്റു ചവറുകള്‍ എന്നിവ തൊഴുത്തിനടത്ത് കൂട്ടിയിടാം. ചാണകത്തേക്കാള്‍ മേന്മയുള്ളത് മൂത്രത്തിനായതുകൊണ്ട് നല്ല കാലിവളമുണ്ടാക്കാന്‍ മൂത്രം കിട്ടുന്നത്ര ശേഖരിക്കണം. ഇതിനായി മേല്‍ ശേഖരിച്ച ചപ്പുചവറുകള്‍ തൊഴുത്തില്‍ വിരിക്കുക-ഒരു മൃഗത്തിന് ഏതാണ്ട് 2 കി.ഗ്രാം എന്ന കണക്കിന് മൂത്രവും ചാണകവും വീഴാന്‍ സാധ്യതയുള്ള ഭാഗത്താണ് ഇങ്ങനെ നിരത്തുക. എല്ലാ ദിവസവും രാവിലെ ഇവ ശേഖരിക്കണം. ചപ്പുചവറ്, ചാണകം, മൂത്രം എന്നിവ ഒന്നിച്ചുള്ള മിശ്രിതം മേല്‍പ്പറഞ്ഞ കുഴിയില്‍ ദിവസവും ശേഖരിക്കാം. കുഴിയുടെ ഒരു ഭാഗത്തുനിന്ന് ഓരോ മീറ്റര്‍ നീളത്തിലാണ് ഇങ്ങനെ വളം കൂട്ടിയിടുക. ആദ്യത്തെ ഒരു മീറ്റര്‍ നീളത്തില്‍ ഇട്ട വളം കുഴി നിറഞ്ഞ് ഒന്നര മുതല്‍ രണ്ട് അടി ഉയരത്തിലെത്തുമ്പോള്‍ മൂടണം. ഇതിന് മണ്ണും ചാണകവും കൂടി ചെളിയാക്കിയ മിശ്രിതം ഉപയോഗിക്കാം. അതിനുശേഷം അടുത്ത ഒരു മീറ്ററില്‍ വളം നിറയ്ക്കാന്‍ ആരംഭിക്കാം. ആദ്യത്തെ കുഴി മൂന്നുനാലു മാസംകൊണ്ട് മൂടിക്കഴിഞ്ഞാല്‍ രണ്ടാമത്തെ കുഴി തുറക്കാം. രണ്ടാമത്തെ കുഴി നിറച്ചുകഴിയുന്നതോടെ ആദ്യത്തെ കുഴിയിലെ വളം പാകപ്പെട്ടിരിക്കും. മൂന്നു നാലു കന്നുകാലികളുള്ള ഒരു കര്‍ഷകന് ഇത്തരം രണ്ടുകുഴികള്‍ മതിയാവും. മൂന്നുപശുക്കളുള്ള ഒരു കര്‍ഷകന് ഈ രീതിയില്‍ ഒരു വര്‍ഷം ഏതാണ്ട് 15 ടണ്‍ വളമെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. മറ്റു രീതിയില്‍ ശേഖരിച്ച കാലിവളത്തേക്കാള്‍ ഏതാണ്ട് 60 ശതമാനമെങ്കിലും കൂടുതല്‍ മേന്മ ഈ വളത്തിനുണ്ടായിരിക്കും.
കാലിവളത്തിന് ഒരു പ്രത്യേകതയുണ്ട്. അത് മണ്ണില്‍ ചേര്‍ത്താല്‍ സാവധാനമേ അഴുകി അതില്‍നിന്നുള്ള മൂലകങ്ങള്‍ ചെടികള്‍ക്ക് ലഭിക്കൂ. ഒന്നാം വിളയ്ക്ക് ചേര്‍ക്കുന്ന കാലിവളത്തില്‍നിന്നും അതിലുള്ള ഏകദേശം 30 ശതമാനം നൈട്രജനും മൂന്നില്‍ രണ്ടുഭാഗം ഫോസ്ഫറസും ഏറിയ പങ്ക് പൊട്ടാഷും ആ വിളയ്ക്കുതന്നെ ലഭിക്കും. മൂന്നാം വിളയുടെ അവസാനമാകുമ്പോഴേക്കേ ഒന്നാം വിളയ്ക്ക് നല്‍കിയ കാലിവളത്തിന്‍റെ ഗുണം തീരുകയുള്ളൂ. ഓരോ വിളയ്ക്കും കാലിവളം ചേര്‍ക്കുമ്പോള്‍ വിളവ് വര്‍ധിക്കുന്നതും മണ്ണിന്‍റെ ഫലപുഷ്ടി നിലനില്‍ക്കുന്നതും ഇതുകാരണമാണ്.

ചാരം

പലതരം വസ്തുക്കളും കത്തിച്ചുണ്ടാകുന്ന ചാരം പണ്ടുമുതലേ നമ്മുടെ പ്രധാനപ്പെട്ടൊരു നാടന്‍ വളമായിരുന്നു. പൊട്ടാഷിനുവേണ്ടിയാണ് നാം ചാരം ഉപയോഗിക്കുന്നതെന്ന് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ചാരത്തിന് ഇംഗ്ലീഷില്‍ ആഷ് എന്നാണ് പറയുന്നത്. പോട്ട് എന്ന് ഇംഗ്ലീഷില്‍ പറയുന്നത് മലയാളത്തില്‍ പാത്രം എന്നാണ് അര്‍ഥം. വീട്ടില്‍ ഉണ്ടാകുന്ന ചാരം പാത്രത്തില്‍ ശേഖരിച്ച് ഉപയോഗിക്കുന്നു എന്നതിന് തുല്യമായ ഇംഗ്ലീഷിലുള്ള പോട്ട് ആഷില്‍ നിന്നാണ് പൊട്ടാഷ് എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. വീട്ടിലുണ്ടാകുന്ന ചാരത്തില്‍ 0.5-1.9% നൈട്രജനും, 1.6-4.2% ഫോസ്ഫറസും, 2.3-12.0% പൊട്ടാഷുമുണ്ട്. അടിവളമായാണ് സാധാരണ ചാരം ഉപയോഗിക്കുക.

പയറുവര്‍ഗചെടികള്‍

മണ്ണിന്‍റെ ആരോഗ്യവും വിളവു തരാനുള്ള ശേഷിയും വര്‍ധിപ്പിക്കാന്‍ പയര്‍വര്‍ഗ ചെടികള്‍ക്കു സാധിക്കും. ഇവ വളര്‍ത്തിയ ശേഷം മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ പുതയിടുകയോ ചെയ്താല്‍ മതി. നാടന്‍ പയര്‍ മുതല്‍ പ്രത്യേക പയര്‍ വര്‍ഗവളച്ചെടികള്‍ക്കു വരെ ഈ കഴിവുണ്ട്. 
ഇത്തരം ചെടികളുടെ വേരില്‍ കാണുന്ന മുഴകളില്‍ ഉള്ള ബാക്ടീരിയകള്‍ നൈട്രജന്‍ ശേഖരിക്കുന്നു. ചെടികള്‍ അഴുകുമ്പോള്‍ ഈ നൈട്രജന്‍ വിളകള്‍ക്ക് ലഭ്യമാകും. ഒരു ഹെക്ടറിന് വിവിധ തരം പയറുവര്‍ഗചെടികളില്‍നിന്നും കിട്ടാവുന്ന ജൈവവളത്തിന്‍റെ തോതും നൈട്രജന്‍റെ ലഭ്യതയും താഴെ കൊടുത്തിരിക്കുന്നു.

വിള               ജൈവവളത്തിന്‍റെ                     ലഭ്യമാകുന്ന നൈട്രജന്‍
തൂക്കം (ടണ്‍)                              (കി.ഗ്രാം)
ഡെയിഞ്ച                  20                                        84.0

വന്‍പയര്‍                 14                                        68.0
കിലുക്കി                   20                                        86.0
ഉഴുന്ന്                       11                                        45.0
ചെറുപയര്‍                8                                        43.0


പയറുവര്‍ഗച്ചെടികള്‍ക്ക് 8 മുതല്‍ 25 ടണ്‍ വരെ ജൈവവളം ഒരു ഹെക്ടറില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഇത്രയും ജൈവവളത്തില്‍നിന്നും 60 മുതല്‍ 90 കി.ഗ്രാം വരെ നൈട്രജന്‍ മണ്ണില്‍ ചേരുന്നു. ഇത്രയും നൈട്രജന്‍ കിട്ടണമെങ്കില്‍ 3 മുതല്‍ 10 ടണ്‍ വരെ കാലിവളം മണ്ണില്‍ ചേര്‍ക്കണം.
മണ്ണിലെ സൂക്ഷ്മാണുപ്രവര്‍ത്തനം ത്വരിപ്പെടുത്തുന്നു, മണ്ണിന്‍റെ ഘടന നന്നാക്കുന്നു, ചെരിവ് സ്ഥലങ്ങളില്‍ മണ്ണൊലിപ്പ് തടയുന്നു. കൂടുതല്‍ വെള്ളം മണ്ണില്‍ താഴ്ന്നിറങ്ങുന്നതിന് സഹായിക്കുന്നു തുടങ്ങിയവയും പയര്‍വര്‍ഗസസ്യങ്ങള്‍ മൂലമുള്ള മെച്ചങ്ങളാണ്. ഇത്തരം ചെടികള്‍ മണ്ണിന്‍റെ അടിത്തട്ടില്‍നിന്നും വലിച്ചെടുത്ത മൂലകങ്ങള്‍ അവ അഴുകുമ്പോള്‍ മേല്‍ത്തട്ടില്‍ ചേരുന്നു എന്നതാണ് മറ്റൊരു മെച്ചം. ഇതുവഴി മണ്ണില്‍ ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ് എന്നീ മൂലകങ്ങളുടെ ലഭ്യത വര്‍ധിക്കുന്നു.
പയറുവര്‍ഗചെടികളില്‍നിന്നും ഉദ്ദേശിച്ച ഗുണം കിട്ടണമെങ്കില്‍ അവയുടെ തണ്ടുകള്‍ മൃദുവായിരിക്കുമ്പോള്‍ ഉഴുതുചേര്‍ക്കണം. പൂത്തു തുടങ്ങുന്ന പ്രായമാണ് ഇവ ചേര്‍ക്കുന്നതിന് ഏറ്റവും നല്ലത്. ഇവയുടെ വേരുകള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാക്കുന്നതിനും അവയില്‍ നൈട്രജന്‍ ശേഖരിക്കുന്ന ബാക്ടീരിയകള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ഫോസ്ഫറസ് ആവശ്യമാണ്. തന്മൂലം പയറുവര്‍ഗച്ചെടികള്‍ വളര്‍ത്തുമ്പോള്‍ ഫോസ്ഫറസ് വളങ്ങള്‍ ചേര്‍ക്കണം. ഇത് അടിവളമായിത്തന്നെ ചേര്‍ക്കണം. പത്തു സെന്‍റിന് ഒന്നേകാല്‍ കി.ഗ്രാം ഫോസ്ഫറസ് ആവശ്യമാണ്. ഇതു ലഭിക്കാന്‍ പത്തുസെന്‍റിന് അഞ്ചേമുക്കാല്‍ കിലോ രാജ്ഫോസോ ഏഴര കിലോ സൂപ്പര്‍ഫോസ്ഫേറ്റോ ചേര്‍ത്തു കൊടുക്കേണ്ടതായി വരും. രാജ്ഫോസ് വെറും പാറപ്പൊടി മാത്രമായതിനാല്‍ ജൈവകൃഷിയില്‍ അനുവദനീയമാണ്. പയറിന് അടിവളമായി ഫോസ്ഫറസ് ചേര്‍ക്കുന്നതുകൊണ്ട് അതുകഴിഞ്ഞുവരുന്ന വിളയ്ക്ക് ഫോസ്ഫറസ് ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യാം.

ചകിരിച്ചോറ് കമ്പോസ്റ്റ്

കയര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടു കിട്ടുന്ന അവശിഷ്ടമാണ് ചകിരിച്ചോറ്. ഇത് നേരിട്ട് ജൈവവളമായി ഉപയോഗിക്കാറില്ല. സൂക്ഷ്മ ജീവികള്‍ക്ക് ഇതിനെ വിഘടിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിലുള്ള ലിഗ്നിന്‍ മാതിരിയുള്ള ഘടകങ്ങളാണ് വിഘടിക്കാന്‍ പറ്റാത്തത്. ടാനില്‍ അടക്കമുള്ള ഫീനോളിക് വസ്തുക്കളും എളുപ്പം വിഘടിക്കുന്നതല്ല. എന്നാല്‍ പ്ലൂറോട്ടസ് സൊജോര്‍-കാജു, ആസ്പര്‍ജില്ലസ്, ട്രൈക്കോഡെര്‍മ മുതലായ കുമികളുകള്‍ക്ക് ചകിരിച്ചോറിനെ എളുപ്പം വിഘടിച്ച് വളമാക്കി മാറ്റാന്‍ കഴിയും. സാധാരണ പ്ലൂറോട്ടസ് കുമിളാണ് ഇതിന് ഉപയോഗിക്കുക. ആലപ്പുഴ ജില്ലയില്‍ കലവൂരുള്ള കയര്‍ ഗവേഷണ കേന്ദ്രം ഈ കുമിളിന്‍റെ കള്‍ച്ചര്‍ 'പിത്ത് പ്ലസ്' എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. കൂടാതെ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ പറ്റിയ കൂണ്‍ വിത്ത് 250 ഗ്രാമിന് 15 രൂപ നിരക്കില്‍ കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി, വെള്ളാനിക്കര, കുമരകം കാമ്പസ്സുകളില്‍ ലഭ്യമാണ്. 200 കി.ഗ്രാം ചകിരിച്ചോറ് വിഘടിച്ച് വളമാക്കാന്‍ ഒരു കി.ഗ്രാം യൂറിയയും 300 ഗ്രാം പ്ലൂറോട്ടസ് കള്‍ച്ചറും വേണം. നിരപ്പായ തറയില്‍ 200 കി.ഗ്രാം ചകിരിച്ചോറ് സൗകര്യപ്രദമായ വീതിയിലും നീളത്തിലും നിരത്തുക. അതിനുമുകളില്‍ 250-300 ഗ്രാം പ്ലൂറോട്ടസ് വിതറുക. വീണ്ടും 200 കി.ഗ്രാം ചികിരച്ചോറ് അതിനുമുളില്‍ രണ്ടാമത്തെ അട്ടിയായി നിരത്തുക. അതിനുമുകളില്‍ ഒരു കി.ഗ്രാം യൂറിയ നിരത്തുക. വീണ്ടും ചകിരിച്ചോര്‍ 200 കി.ഗ്രാം പ്ലൂറോട്ടസ് കള്‍ച്ചര്‍ 300 ഗ്രാം ചകിരിച്ചോര്‍ 200 കി.ഗ്രാം യൂറിയ 1 കി.ഗ്രാം എന്ന ക്രമത്തില്‍ തട്ടുകളായി നിരത്തുക. ഉയരം നമുക്ക് കൈകാര്യം ചെയ്യാന്‍ പറ്റിയത് മതി. തുടര്‍ന്ന് തട്ടിന്‍റെ മുകളില്‍ നനയ്ക്കുക. നനയ്ക്കുമ്പോള്‍ കള്‍ച്ചറും യൂറിയയും വെള്ളത്തില്‍ കലങ്ങി ചകിരിച്ചോര്‍ നിറയെ പരക്കും. ചകിരിച്ചോര്‍ തട്ട് നനയുവാന്‍ മാത്രമുള്ള നന മതി. തുടര്‍ന്ന് ഇടയ്ക്കിടെ നന കൊടുക്കണം. മുകളില്‍ ഒരു പന്തല്‍കെട്ടി വെയിലും മഴയും തടയുന്നതും നന്ന്. ചകിരിച്ചോര്‍ വിഘടിച്ച് ഏതാണ്ട് 50-60 ദിവസം കൊണ്ട് നല്ല കമ്പോസ്റ്റാകും.

ചകിരിച്ചോറിന്‍റെയും ചകിരിച്ചോര്‍ കമ്പോസ്റ്റിന്‍റെയും ഘടന
ഘടകങ്ങള്‍                               ചകിരിച്ചോര്‍                                   ചകിരിച്ചോര്‍ കമ്പോസ്റ്റ്
ലിഗ്നിന്‍ (%)                                          37                                                        4.8
ഓര്‍ഗാനിക് കാര്‍ബണ്‍ (%)                41                                                         25
കാര്‍ബണ്‍: നൈട്രജന്‍ റേഷ്യോ          60:1                                                      24:1
ആകെയുള്ള നൈട്രജന്‍ (%)                 0.026                                                    0.06
ആകെയുള്ള പൊട്ടാഷ് (%)                 0.36                                                      1.2

ബയോഗ്യാസ് സ്ലറി

പാഴ്വസ്തുക്കളെ പ്രയോജനപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇവയില്‍ നിന്നു പാചകവാതകം ഉല്‍പാദിപ്പിക്കുന്നത്. വാതകം ഉല്‍പാദിപ്പിച്ച ശേഷം ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നു പുറന്തള്ളുത്ത ദ്രാവകമാണ് സ്ലറി. ചെടികളുടെ വളര്‍ച്ചയ്ക്കു വേണ്ട പോഷകങ്ങളെല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിന് ഗവണ്‍മെന്‍റില്‍ നിന്നും ഗണ്യമായ സാമ്പത്തികസഹായവും കിട്ടാനുണ്ട്. കഷിയില്‍ ബയോഗ്യാസ് സ്ലറിയുടെ ഉപയോഗം പലതരിത്തിലാണ്.

നേരിട്ട് വിളകള്‍ക്ക് കൊടുക്കാം.

കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കാം.

കരിയില, അറക്കപ്പൊടി, ചകിരിച്ചോറ് എന്നിവ ചേര്‍ത്ത് ഇളക്കി ഉണക്കിയെടുത്ത് ഉപയോഗിക്കാം.

രാസവളങ്ങളുമായി കൂട്ടുചേര്‍ത്ത് 'എന്‍റിച്ച്ഡ് മനുവര്‍' ആയി ഉപയോഗിക്കാം. ഇതിനായി 11 കി.ഗ്രാം യൂറിയയും 31 കി.ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റും 15 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുക്കുക. ഈ ലായനി ഉണക്കിയെടുത്ത 48 കി.ഗ്രാം വളവുമായി ഒന്നിച്ച് തണലത്തിട്ട് ഉണക്കുക. ഈ വെള്ളത്തില്‍ ഏകദേശം 6.0% നൈട്രജനും 6.0% ഫോസ്ഫറസും, 1.0% പൊട്ടാഷുമുണ്ടാകും.

ബാംഗ്ലൂര്‍ രീതിയിലുള്ള കമ്പോസ്റ്റ് നിര്‍മാണം

കര്‍ഷകരുടെ പുരയിടത്തിലുള്ള ചപ്പുചവറുകളും വിളകളുടെ അവശിഷ്ടങ്ങളും ദിവസവും ശേഖരിച്ച് കാലിത്തൊഴുത്തിനടുത്ത് ശേഖരിക്കുന്നു. ആവശ്യമെങ്കില്‍ ചെറുകഷണങ്ങളായി മുറിച്ചുകൂട്ടണം. വാഴക്കൈയും തടയും ചെറുകഷണങ്ങളായി അരിഞ്ഞുകൂട്ടണം. രണ്ടുമൂന്നു ദിവസംകൊണ്ട് ഇവ ചെറുതായൊന്ന് വാടും.
കമ്പോസ്റ്റിനുള്ള കഴിക്ക് 20 അടി നീളവും 3 അടി ആഴവും 6 തൊട്ട് 8 അടി വരെ വീതിയും ഉണ്ടായിരിക്കണം. കുഴികള്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലത്തായിരിക്കണം. വശങ്ങള്‍ക്ക് നേരിയ ചെരിവുണ്ടായാല്‍ നന്നായിരിക്കും. കുഴിയിലേക്ക് വെള്ളം ഒലിച്ചിറങ്ങാതിരിക്കാനും ക്രമീകരണം വേണം.
ശേഖരിക്കപ്പെട്ട ജൈവവസ്തുക്കള്‍ ഓരോ ദിവസവും വൈകുന്നേരം തൊഴുത്തില്‍ നിരത്തും-ഒരു കാലിക്ക് 5 തൊട്ട് 8 കി.ഗ്രാം എന്ന കണക്കില്‍ ചാണകവും മൂത്രവും ശേഖരിക്കുന്നതിനാണിത്. മൂത്രത്തില്‍ കൂടുതല്‍ മൂലകങ്ങള്‍ ഉള്ളതിനാല്‍ മൂത്രം ശേഖരിക്കുന്നത് അത്യാവശ്യമാണ്. പിറ്റേദിവസം രാവിലെ തൊഴുത്തില്‍ നിരത്തിയ ജൈവവസ്തുക്കള്‍ ശേഖരിക്കുന്നു. നന്നായി ഒന്നിച്ചശേഷം ഇവ കുഴിയുടെ ഒരു ഭാഗത്തുനിന്നും അടുക്കുന്നു. കുഴി ഒന്നിച്ചു നിറയ്ക്കാന്‍ ബുദ്ധിമുട്ടള്ളതിനാല്‍ പല ഭാഗങ്ങളായാണ് നിറയ്ക്കുക. നാലടി വീതമുള്ള പല ഭാഗങ്ങള്‍ ഒന്നിനുപുറമേ ഒന്നായി നിറയ്ക്കണം. ഓരോ ഭാഗവും നിറയ്ക്കുമ്പോള്‍ ആവശ്യമെങ്കില്‍ ആ ഭാഗം പലക ഉപയോഗിച്ച് മറിഞ്ഞുവീഴാതെ ഉറപ്പാക്കണം. ഓരോ ദിവസവും നിറച്ചശേഷം വെള്ളം നന്നായി തളിക്കണം. നന്നായി കുതിരത്തക്കവിധം വെള്ളം ആവശ്യമാണ്. കുഴി നിറഞ്ഞ് രണ്ടടി ഉയരമാകുമ്പോള്‍ ആദ്യത്തെ ഭാഗം വിട്ട് അടുത്ത ഭാഗം നിറച്ചുതുടങ്ങാം. നിറഞ്ഞ ഭാഗത്തിന്‍റെ മുകള്‍ ഭാഗം വൃത്താകാരത്തില്‍ മിനുസപ്പെടുത്തി കുഴമ്പാക്കിയ മണ്ണുപയോഗിച്ച് പൊതിയണം. ഇതിന് ഒരിഞ്ച് കട്ടി മതിയാകും. ഓരോ വിഭാഗവും ഏതാണ്ട് 10 ദിവസത്തിനുള്ളില്‍ നിറയ്ക്കാവുന്നതാണ്. ഇതുമാതിരി കുഴി തീരുന്നതുവരെ തുടരണം. ഈ രീതിയിലുണ്ടാക്കുന്ന കമ്പോസ്റ്റ് 6 മാസം കൊണ്ട് ഉപയോഗത്തിനായി പാകപ്പെട്ടുവരും. ഈ രീതിയില്‍ കമ്പോസ്റ്റ് ഉണ്ടാക്കുകയാണെങ്കില്‍ ഇടയ്ക്കിടക്ക് നനയ്ക്കുകയോ ഇളക്കി മറിക്കുകയോ ചെയ്യേണ്ടതില്ല. രണ്ട് കാലികളാണ് ഉള്ളതെങ്കില്‍ കുഴിക്ക് 20 അടി നീളമാണ് നല്ലത്. അഞ്ചു കാലി വരെയാണെങ്കില്‍ 25 അടിയും 10 കാലി വരെയാണെങ്കില്‍ 30 അടി നീളവുമാണ് കുഴികള്‍ക്ക് കണക്കാക്കിയിട്ടുള്ളത്. നന്നായി ഉണ്ടാക്കിയ കമ്പോസ്റ്റില്‍ കാലിവളത്തേക്കാള്‍ മൂലകങ്ങള്‍ അടങ്ങിയിരിക്കും. നൈട്രജന്‍ 0.8 മുതല്‍ 1.0 ശതമാനം വരെയും, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം 0.6, 2.2 ശതമാനവും ഉണ്ടായിരിക്കും.

കമ്പോസ്റ്റ് വളങ്ങള്‍

ജൈവ കൃഷിയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ജൈവവളം കമ്പോസ്റ്റ് എന്നു വിളിക്കപ്പെടുന്ന കൂട്ടുവളമാണ്. കമ്പോസ്റ്റ് എന്ന വാക്കിന് പലതിന്‍റെ സങ്കരം എന്നു മാത്രമാണ് അര്‍ഥം. ജൈവകൃഷിയുടെ നിബന്ധനകളനുസരിച്ച്
ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം രാസമാലിന്യങ്ങളില്ലാതെ ഉല്‍പ്പാദിപ്പിച്ചവയാണെന്ന് ഉറപ്പുവരുത്തിയിരിക്കണം. ജൈവകൃഷിയിടങ്ങളില്‍നിന്നു കിട്ടിയ പാഴ്വസ്തുക്കള്‍ തന്നെയായിരിക്കണം ഉപയോഗിക്കേണ്ടത്. അല്ലെങ്കില്‍ നല്ലതോതില്‍ കന്നുകാലികളെ വളര്‍ത്തുന്ന തോട്ടങ്ങളില്‍ നിന്നുള്ളതായിരിക്കണം. ഈ വസ്തുക്കളില്‍ കീടനാശിനികളുടെയും മറ്റും അവശിഷ്ടം ഉണ്ടായിരിക്കരുത്.
$ സ്വന്തം കൃഷിയിടത്തിലെ പാഴ്വസ്തുക്കളായിരിക്കണം കൂടുതലായി ഉപയോഗിക്കേണ്ടത്. ഇതില്‍ കുറഞ്ഞ അളവുമാത്രമേ പുറമേ നിന്നു കൊണ്ടുവരാവൂ.
$ പുറമേ നിന്നു വാങ്ങുന്ന ജൈവവസ്തുക്കളുടെ കൃത്യമായ അളവും കണക്കും സൂക്ഷിച്ചിരിക്കണം.
കമ്പോസ്റ്റുണ്ടാക്കാന്‍ കൂട്ടിയിടുന്ന പാഴ്വസ്തുക്കളെ കടുത്ത വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കണം. വെയിലില്‍ അവ ഉണങ്ങിപ്പോകാനും മഴയില്‍ പോഷകങ്ങള്‍ ഒലിച്ചു പോകാനും സാധ്യതയുണ്ട്. പാഴ്വസ്തുക്കളെത്തിക്കാനും കമ്പോസ്റ്റ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാനും സൗകര്യമുള്ള സ്ഥലമായിരിക്കണം തെരഞ്ഞെടുക്കുന്നത്. ഒന്നുകില്‍ കമ്പോസ്റ്റ് കൂനയ്ക്കു മുകളില്‍ ഒരു കൂരയുണ്ടായിരിക്കണം. അല്ലെങ്കില്‍ മരങ്ങളുടെയും മറ്റും തണലിലായിരിക്കണം കൂനയുണ്ടാക്കുന്നത്. ഇതിന് ഒന്നര മീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയും സൗകര്യപ്രദമായ നീളവുമാകാം. മഴ തീരെ കുറഞ്ഞ സ്ഥലങ്ങളില്‍ കമ്പോസ്റ്റുണ്ടാക്കുന്നത് കുഴികളിലുമാകാം.
കമ്പോസ്റ്റാക്കേണ്ട വസ്തുക്കള്‍ ആദ്യമേ തന്നെ ചെറുതായി അരിഞ്ഞ് തമ്മില്‍ ഇടകലര്‍ത്തണം. കഷണങ്ങള്‍ തീരെ ചെറുതാകരുത്. അല്ലെങ്കില്‍ പകുതി കഷണങ്ങള്‍ തീരെ ചെറുതായി നുറുക്കുകയും അവയും നീളം കൂടിയ കഷണങ്ങളും ഓരോ അടുക്കുകളായി കൂന കൂട്ടുകയും വേണം. തടിക്കഷണങ്ങളും മറ്റും നന്നയി കൊത്തി നുറുക്കണം. കൂന കൂട്ടുന്ന സ്ഥലം നന്നയി കൊത്തി നുറുക്കണം. കൂന കൂട്ടുന്ന സ്ഥലം നന്നായി തല്ലിയുറപ്പിക്കണം. വെള്ളക്കെട്ടോ നീരൊഴുക്കോ ഉണ്ടാകുന്ന സ്ഥലമാണെങ്കില്‍ ആദ്യത്തെ ഒരു നിര കമ്പുകളും മറ്റുമായിരിക്കുന്നതാണ് നല്ലത്. വൈക്കോല്‍, വാഴക്കച്ചി, ചാക്ക് എന്നിവയില്‍ ഒന്നുകൊണ്ട് കമ്പോസ്റ്റ് കൂനമൂടി സംരക്ഷിക്കണം.
സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായാണ് പാഴ്വസ്തുക്കള്‍ കമ്പോസ്റ്റ് ആയി മാറുന്നത്. ഈ പ്രവര്‍ത്തനത്തിന് വേഗം കൂടാന്‍ പുതിയ കൂനയിലേക്ക് പഴയ കമ്പോസ്റ്റ് കുറച്ചു ചേര്‍ത്തുകൊടുക്കുന്നത് നല്ലതാണ്. പാഴ്വസ്തുക്കള്‍ കമ്പോസ്റ്റായി മാറുന്നത്. 
$ അന്തരീക്ഷത്തിലെ ചൂട്
$ പാഴ്വസ്തുക്കളുടെ സ്വഭാവം
$ കൂനയിലെ ഈര്‍പ്പത്തിലെ സ്വഭാവം
$ കൂനയിലെ വായുസഞ്ചാരം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണിയിരിക്കുന്നത്.
കൂനയ്ക്കുള്ളില്‍ കടുത്ത ചൂടായായിരിക്കും. രോഗാണുക്കളോ കളകളുടെ വിത്തുകളോ ഒന്നും ഈ ചൂടിനെ അതിജീവിക്കില്ല. 800 സെല്‍ഷ്യസ് വരെ ചൂടെത്തിയാല്‍ കമ്പോസ്റ്റില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ നഷ്ടമാകാന്‍ ഇടയുണ്ട്. അതുകൊണ്ട് താപനില 600 സെല്‍ഷ്യസ് കടക്കാതിരിക്കുന്നതാണ് നല്ലത്. കൂനയ്ക്കുള്ളില്‍ സദാ ഈര്‍പ്പമുണ്ടായിരിക്കണം. എന്നാല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകരുത്. അഥവാ ഈര്‍പ്പം കൂടിയെന്ന് തോന്നിയാല്‍ മൂടിയിട്ടിരിക്കുന്ന സാധനങ്ങള്‍ എടുത്തുമാറ്റി കൂന ഉണങ്ങാന്‍ അനുവദിക്കണം.
അഥവാ ചൂട് കൂടുതലായി തോന്നിയാല്‍ കൂനയ്ക്കുള്ളിലെ വസ്തുക്കള്‍ ഒരുതവണ ഇളക്കി വീണ്ടും കൂനകൂട്ടണം. അല്ലെങ്കില്‍തന്നെ ഒരു കൂന കമ്പോസ്റ്റായി മാറുന്നതിനുമുമ്പ് മൂന്നുനാലുതവണ മൊത്തം ഇളക്കിമറിച്ച് വീണ്ടും കൂന കൂട്ടണം. വായു സഞ്ചാരത്തിനുവേണ്ടിയാണിത്. സാധാരണയായി 3-6 വരെ മാസംകൊണ്ടാണ് പാഴ്വസ്തുക്കള്‍ കമ്പോസ്റ്റായി മാറുന്നത്. കൂടുതല്‍ കാലം എടുക്കുന്നെങ്കില്‍ ഗുണമേന്മ അതിനനുസരിച്ച് കുറയുകയാണ് ചെയ്യുന്നത്.
നല്ല കമ്പോസ്റ്റ് പൊടിരൂപത്തിലായിരിക്കും ഇതില്‍ നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കള്‍ തീരെ കുറച്ചെ ദഹിക്കാതെ ശേഷിക്കൂ. ഇതിനു മണ്ണിന്‍റെ സുഗന്ധം ആയിരിക്കും. വേണമെങ്കില്‍ കമ്പോസ്റ്റ് എച്ച് ചാക്കില്‍കെട്ടി സൂക്ഷിക്കാം. ഉണങ്ങിപ്പോകാതെ ശ്രദ്ധിക്കണം. നല്ല കമ്പോസ്റ്റ് താഴെപ്പറയുന്ന അനുപാതത്തിലായിരിക്കും. വിവിധ ഘടകങ്ങളുണ്ടായിരിക്കുന്നത്.
ജൈവവസ്തുക്കള്‍ -60
കാര്‍ബണ്‍ -35
നൈട്രജന്‍-2.8
ഫോസ്ഫറസ്-2.2
പൊട്ടാസ്യം-2.6
കാല്‍സ്യം-3.1
ചാരം -4.0
ഇത് ചെടികളുടെ ചുവട്ടിലിട്ടു കൊടുത്ത് മേല്‍മണ്ണുമായി ചെറുതായി ഇളക്കിച്ചേര്‍ത്താല്‍ മതിയാകും. ചെടികളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ ചേര്‍ത്താലാണ് നല്ല ഫലം കിട്ടുന്നത്.

നാഡെപ് കമ്പോസ്റ്റ്

കമ്പോസ്റ്റുണ്ടാക്കുന്നതിലെ സൂപ്പര്‍ഫാസ്റ്റ് രീതിയ്ക്കു പേര് നാഡെപ് കമ്പോസ്റ്റ്. ഇതിനു നന്ദി പറയേണ്ടത് മഹാരാഷ്ട്രയിലെ എന്‍.സി. പാന്‍ധാരിപാണ്ഡെ എന്ന കര്‍ഷകനോട്. 
25 വര്‍ഷത്തോളം പഠനം നടത്തിയാണ് നാഡെപ്കാക്ക എന്നും അറിയപ്പെടുന്ന അദ്ദേഹം ശാസ്ത്രീയമായി ഈ രീതി രൂപപ്പെടുത്തിയത്. ചെലവുകുറഞ്ഞൊരു ടാങ്കു കെട്ടുന്നതോടെ നാഡെപ് രീതിയ്ക്ക് തുടക്കമാകും. ഇഷ്ടികള്‍ തമ്മില്‍ അകലമിട്ട് 10 അടി നീളവും 6 അടി വീതിയും 3 അടി ഉയരവുമുള്ള ടാങ്കാണ് നിര്‍മിക്കേണ്ടത്. തണലുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലത്താകണം ടാങ്ക്. കമ്പോസ്റ്റാക്കേണ്ട മാലിന്യം കൂടുതലാണെങ്കില്‍ ടാങ്കിന്‍റെ നീളം കൂട്ടണം. വീതി ഒരിക്കലും 6 അടിയില്‍ കൂട്ടരുത്. ടാങ്ക് കെട്ടാന്‍ സിമന്‍റ് വേണമെന്ന് നിര്‍ബന്ധമില്ല. ചെളി കുഴച്ചു കെട്ടിയാലും മതി. എങ്കിലും ടാങ്കിന്‍റെ ഉറപ്പിനുവേണ്ടി അവസാന രണ്ടുവരി ഇഷ്ടികള്‍ സിമന്‍റ് തേച്ച് ഉറപ്പിക്കുന്നതാണ് നല്ലത്. ചുവടുഭാഗത്ത് ഒരുനിരയ്ക്ക് ഇടയില്‍ അകലം പാടില്ല. ജലാംശം ഒലിച്ചുപോകാതിരിക്കാനാണിത്.
ടാങ്കിന്‍റെ ചെലവ് ഒഴിവാക്കി ഇതേ അളവില്‍ മണ്ണില്‍ കുഴിയെടുത്തും കമ്പോസ്റ്റുണ്ടാക്കാം. പക്ഷേ വെള്ളകെട്ടില്ലാത്ത ഉറപ്പുള്ള പ്രദേശത്തേ ഇത് ശരിയാകൂ. നമ്മുടെ നാട്ടില്‍ വെട്ടുക്കല്ലുള്ള ഭൂമിയാണെങ്കില്‍ വളരെ പ്രായോഗികമാണ്. പക്ഷേ, ഒരുകാരണവശാലും മൂന്നടി കൂടുതല്‍ ആഴമാകരുത്. അല്ലെങ്കില്‍ സൂക്ഷ്മജീവികള്‍ ചത്തുപോകുകയും കമ്പോസ്റ്റിങ് നടക്കാതെയാവുകയും ചെയ്യും.
അഴുകിചേരുന്ന എന്തു പാഴ്വസ്തുവും ഈ രീതിയില്‍ കമ്പോസ്റ്റാക്കാം. ഒന്നര ടണ്‍ പാഴ്വസ്തുക്കളാണ് ഒരുതവണ കമ്പോസ്റ്റാക്കാന്‍ വേണ്ടത്. ബാര്‍ബര്‍ഷോപ്പില്‍നിന്നും ശേഖരിക്കുന്ന മുടി, കരിമ്പിന്‍ചണ്ടി, പായല്‍, തുകല്‍ അവശിഷ്ടങ്ങള്‍, മല്‍സ്യമാംസ അവശിഷ്ടങ്ങള്‍, എല്ലുകള്‍, പേപ്പര്‍, ചാരം ഭക്ഷ്യയോഗ്യമല്ലാത്ത പിണ്ണാക്കുകള്‍, മൃഗങ്ങളുടെ വിസര്‍ജ്യം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്താം. 
ഇവയ്ക്കുപുറമെ 100 കിലോയോളം ചാണകം അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്‍റില്‍നിന്നുള്ള സ്ലറിയും വേണം. കല്ലും കുപ്പിച്ചിലുലം പ്ലാസ്റ്റിക്കുമില്ലാത്ത ശുദ്ധമായ മണ്ണാണ് വേണ്ട മറ്റൊരു ഘടകം. ഇതില്‍ ഗോമൂത്രം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാമെങ്കില്‍ ഗുണമേറും. കമ്പോസ്റ്റിന് സ്ഥിരമായി നനവു കൂടിയേ തീരൂ. അതിനു വെള്ളം വേണം. ഓരോ കാലാവസ്ഥയിലും വേണ്ടി വരുന്ന വെള്ളത്തിന്‍റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. എന്നാലും കമ്പോസ്റ്റില്‍ 20% ഈര്‍പ്പമുണ്ടാവണം.
മണ്ണിര കമ്പോസ്റ്റു നിര്‍മാണത്തില്‍നിന്നു വ്യത്യസ്തമായി നാഡെപ്പ് കമ്പോസ്റ്റില്‍ 24 മണിക്കൂറിനുള്ളില്‍ ടാങ്ക് നിറച്ചിരിക്കണമെന്നതു നിര്‍ബന്ധമാണ്. അലെങ്കില്‍ കമ്പോസ്റ്റിന്‍റെ ഗുണം നഷ്ടപ്പെടും. ടാങ്കു നിറയ്ക്കാന്‍ ഒന്നാം പടിയായി ചാണകം വെള്ളത്തില്‍ കലക്കി അടിത്തറയും ഉള്‍ച്ചുമരും നന്നായി മെഴുകുക. ആറിഞ്ച് കനത്തില്‍ ആദ്യതട്ടായി സസ്യാവശിഷ്ടങ്ങള്‍ നിറയ്ക്കുക. ഇത് 100-120 കിലോയോളം വരും. അതിനുമിതെ 4 കിലോ ചാണകം 150 ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി ആദ്യമിട്ട പാഴ്വസ്തുക്കള്‍ നന്നായി നനയ്ക്കുക. വെനല്‍ക്കാലമാണെങ്കില്‍ കൂടുതല്‍ നനയ്ക്കേണ്ടിവരും. പിന്നീട് 60 കിലോയോളം അരിച്ചമണ്ണ് അതിനുമീതെ ഒരേനിരപ്പില്‍ വിതറുക. വീണ്ടു നന്നായി നനയ്ക്കുക. വീണ്ടും സസ്യാവശിഷ്ടം, ചാണകവെള്ളം, മണ്ണ് എന്ന ക്രമത്തില്‍ അടുക്കി ടാങ്കിനുമുകളില്‍ ഒന്നരയിഞ്ചോളം ഉയരം വരുന്നതുവരെ നിറയ്ക്കണം. സാധാരണഗതിയില്‍ 12 നിര (ഒരു നിര=3 അടുക്കുളുള്ളത് മാലിന്യം-ചാണകം-മണ്ണ് എന്നിങ്ങനെ) വേണ്ടിവന്നേക്കും.
ഇതിനുശേഷം 3 ഇഞ്ച് കനത്തില്‍ ടാങ്കിന്‍റെ മുകള്‍ഭാഗത്ത് എല്ലായിടത്തും ഒരുപോലെ മണ്ണ് നിരത്തണം.  തുടര്‍ന്ന് ചാണകം വെള്ളത്തില്‍ കലക്കി ഈ മണ്ണിര മുഴുവന്‍ വായുകടക്കാത്ത രീതിയില്‍ മെഴുകണം. മണ്ണില്‍ വിള്ളല്‍വരാതെ നോക്കണം. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം രണ്ടുമൂന്നാഴ്ചകൊണ്ട് മാലിന്യകൂമ്പാരം ടാങ്കിന്‍റെ വക്കിനുള്ളിലേക്ക് താഴും. മെഴുകിയതു ഉളക്കിമാറ്റി പഴയ ഉയരത്തിലേക്ക് പാഴ്വസ്തുക്കള്‍ നിറച്ച് മെഴുകി ഉറപ്പിക്കണം. 
പിന്നീട് ഈര്‍പ്പം നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ചാണകവെള്ളം തളിച്ചുകൊടുക്കണം. ടാങ്കിന്‍റെ മീതെ ഓലകൊണ്ടൊരു മേല്‍ക്കൂരയുണ്ടാക്കുന്നതും നല്ലതാണ്. മെഴുകിയിടത്ത് വിള്ളല്‍ വീണാല്‍ തേച്ചടയ്ക്കണം. ചെറിയ തൈകളോ മറ്റോ മുളച്ചുവന്നാല്‍ ഉടന്‍ പിഴുതുകളയും വേണം. 90-120 ദിവസംകൊണ്ട് കമ്പോസ്റ്റ് തയാറാകും. ഇത് തവിട്ടുനിറത്തില്‍ യാതൊരു ദുര്‍ഗന്ധവുമില്ലാത്തതായിരിക്കും. ദ്രവിക്കാതെ കിടക്കുന്ന കമ്പുകളോ മറ്റോ ഉണ്ടെങ്കില്‍ വീണ്ടും നിറയ്ക്കുമ്പോള്‍ ഉപയോഗിക്കാം.
കൃഷിയിടത്തില്‍ പാഴ്വസ്തുക്കളുണ്ടാകുന്ന മുറയ്ക്ക് അവ ഒരിടത്തു കൂട്ടിയിടുകയും ഒന്നിച്ചുപയോഗിക്കുകയും ചെയ്യാം. ഒരാണ്ടില്‍ ചുരുങ്ങിയത് മൂന്നുതവണ ഒരേ ടാങ്കില്‍ കമ്പോസ്റ്റുണ്ടാക്കാന്‍ സാധിക്കും

3.48648648649
അന്ജു May 18, 2016 11:16 AM

കാളിവളം ഉപയോഗിച്ചതുവഴി എന്റെ വിളവ് വര്ദ്ധിച്ചു .ഇത് വളരെ ഉപകാരപ്രധമായ് .

Mariya Aby Apr 16, 2016 04:51 PM

കൃഷി എന്നത് നമ്മുടെ ജീവന മാര്‍ഗം എന്നതില്‍ ഉപരി ഒരു സംസ്കാരമായിരുന്നു . ഇന്ന് ആധുനിക കീടനാശിനികളുടെ അമിതമായ ഉപയോഗം കൃഷിയും മാനവ രാശിയെ മുഴുവനെയും തന്നെ നശിപിക്കുന്നു...ഇനി എങ്കിലും ജൈവ വളങ്ങൾ നമ്മുക്ക് ശീലമാക്കാം ...ലേഖനം നന്നയിട്ടുണ്ട്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top