অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിയെ സഹായിക്കുന്ന സൂക്ഷ്മാണുക്കള്‍

കൃഷിയെ സഹായിക്കുന്ന സൂക്ഷ്മാണുക്കള്‍

ആമുഖം

അവിശിഷ്ട വിഷങ്ങളില്ലാത്ത കാർഷിക ഉത്പന്നങ്ങൾ ലഭിക്കുന്നതിന് ജൈവ-ജീവാണു വളങ്ങളും കീടനാശിനികളുമാണ് ഉത്തമം. ജീവാണു വളങ്ങളും ജീവാണു കീടനാശിനികളും നാം വ്യാപകമായി കൃഷിയിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ ഉപയോഗിക്കുന്നതിന്റെ അളവും എന്തിനെതിരായി ഉപയോഗിക്കണമെന്നതും ഇപ്പോഴും കർഷകരുടെ ഇടയിൽ ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട്. കൃത്യമായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവാണു വളങ്ങളോ, ജീവാണു കീട-കുമിൾനാശിനികളോ ഫലപ്രദമല്ലാതെ വരും. അതിനാൽ ഇവയുടെ പ്രയോഗ രീതികളും കൃഷിയിൽ ഇവയ്ക്കുള്ള പ്രത്യേകതകളുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ആദ്യം ജീവാണു കീട - കുമിൾനാശിനികളെപ്പറ്റി ശ്രദ്ധിക്കാം. സ്യൂഡോമോണസ്, ട്രൈക്കോഡർമ, ബവേറിയ, വെർട്ടിസീലിയം, ഫ്യൂസേറിയം പാലിഡോറോസിയം, പെസിലോ മൈസസ്, മെറ്റാറൈസിയം, ബാസിലസ് തുറിഞ്ചിയൻസിസ്, പോച്ചോണിയ, മൈക്കോറൈസ തുടങ്ങി ഒട്ടനവധി സൂക്ഷ്മ ജീവികളെ കാർഷികരംഗത്ത് കീട-കുമിൾ നിയന്ത്രണത്തിനായി ഉപയോഗിച്ചു വരുന്നുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ട്രൈക്കോഡർമ, സ്യൂഡോമോണസ് എന്നിവയെപ്പറ്റി കൂടുതൽ വിശദമായി പരിശോധിക്കാം.

ട്രൈക്കോഡർമ

സസ്യങ്ങളുടെ വേരുപടലത്തിലുള്ള മണ്ണില്‍ കാണപ്പെടുന്ന ട്രൈക്കോഡർമയ്ക്ക് ഫൈറ്റോഫ്ത്തോറ, പിത്തിയം, റൈസക്ടോണിയ, ഫ്യുസേറിയം തുടങ്ങിയ രോഗകാരികളായ കുമിളുകളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനു കഴിവുണ്ട്. ട്രൈക്കോഡർമ ഉത്പാദിപ്പിക്കുന്ന ട്രൈക്കോഡെർമിൻ, വിറിഡിൻ, ഗ്ലയോടോക്സിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളും കൈറ്റിനോസ്,

ഗ്ലൂക്കനേസ്, സെല്ലുലോസ് മുതലായ എൻസൈമുകളും ഉപയോഗിച്ചാണ് മറ്റു രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കുന്നത്. ട്രൈക്കോഡർമയുടെ ഉപയോഗം പ്രധാനമായും രോഗകാരികളായ കുമിളുകൾക്കെതിരെയാണ്. രോഗഹേതുക്കളായ കുമിളുകളുടെ തന്തുക്കളെ വരിഞ്ഞുചുറ്റി പരാദമായി വളരുന്നതിനും അങ്ങനെ അവയുടെ വളർച്ചയെ നിയന്ത്രിക്കുന്നതിനും ട്രൈക്കോഡർമ്മയ്ക്ക് കഴിയും. ട്രൈക്കോഡർമയുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും ജൈവവളം ആവശ്യമാണ്. അതിനാൽ ജൈവവളവുമായി കലർത്തിയാണ് മണ്ണിൽ ട്രൈക്കോഡർമയെ ഉപയോഗിക്കേണ്ടത്. കുരുമുളകിലെ ദ്രുതവാട്ടം, ഇഞ്ചിയുടെ മൂടുചീയൽ (മൃദുചീയൽ), പച്ചക്കറി ഇനങ്ങളിലെ വേരുചീയൽ, ഏലം, വാനില എന്നിവയിലെ അഴുകൽ എന്നിവയ്ക്കെതിരേ ട്രൈക്കോഡർമ ഫലപ്രദമാണ്.

ഉപയോഗിക്കേണ്ടവിധം

90 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി, 10 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ രണ്ടു കിലോഗ്രാം എന്നിവ എടുത്തു നന്നായി ചേർത്തിളക്കി മൂടിയിടുക. പുട്ടുപൊടി പരുവത്തിന് നനവും വേണം. ഈർപ്പം നിലനിർത്താൻ ചണച്ചാക്കുകൾ കൊണ്ട് മൂടി നനച്ചുകൊടുക്കാം. ഒരാഴ്ച കഴിയുമ്പോൾ ഈ മിശ്രിതത്തിൽ ട്രൈക്കോഡർമയുടെ പച്ച നിറത്തിലുള്ള വളർച്ച കാണാം. ഒന്നുകൂടി ഇളക്കി ഒരാഴ്ചകൂടി വച്ചതിനുശേഷം വ്യത്യസ്ത അളവുകളിൽ ഉപയോഗിക്കാവുന്നതാണ്.

തെങ്ങ്, റബർ, പ്ലാവ് - 10 -15 കിലോഗ്രാം

കമുക് - 8-10 കിലോഗ്രാം

വാഴ - 5 കിലോഗ്രാം

കുരുമുളക് (ഒരുതടത്തിന്) - 2-3 കിലോഗ്രാം

ഏലം (ഒരു മൂട്ടിൽ) - 3-4 കിലോഗ്രാം

പച്ചക്കറികൾ (ഒരു സെന്റിൽ) - 3-4 കിലോഗ്രാം

പ്രോട്രേകളിൽ തൈകൾ ഉണ്ടാക്കുമ്പോൾ ട്രൈക്കോഡർമ ചേർത്തു കൊടുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ട്രൈക്കോഡർമ ഉപയോഗിക്കുമ്പോൾ മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കണം.
  • ചാരം കലർന്ന ജൈവവളത്തിൽ ട്രൈക്കോഡർമ ചേർക്കരുത്.
  • രാസവളം, രാസ കുമിൾനാശിനി എന്നിവ ട്രൈക്കോഡർമ ഉപയോഗിച്ച് 15 - 20 ദിവസം കഴിഞ്ഞേ ഉപയോഗിക്കാവൂ.
  • ബാക്ടീരിയൽ രോഗങ്ങൾക്ക് ട്രൈക്കോഡർമ ഫലപ്രദമല്ല.
  • പാക്കറ്റിൽ നിഷ്ക്കർഷിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ ഉപയോഗിക്കണം.

സ്യൂഡോമോണസ്

രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നിയന്ത്രിക്കുന്നതിന് സ്യൂഡോമോണസ് എന്ന മിത്ര ബാക്ടീരിയയ്ക്ക് ശേഷിയുണ്ട്. ഈ ബാക്ടീരീയ സസ്യങ്ങളുടെ ഇല, തണ്ട്, വേര് മുതലായ ഭാഗങ്ങളുടെ പ്രതലത്തിലും വേരുപടലത്തിനു ചുറ്റുമുള്ള മണ്ണിലും കാണപ്പെടുന്നു. പൈലൂട്ടിയോറിൻ, ട്രോപ്പാലോൺ, ഈമൈസിൻ, പൈക്കോസയാനിൻ മുതലായ ആന്റിബയോട്ടിക്കുകളും കോശഭിത്തികളെ ലയിപ്പിക്കുന്ന കൈറ്റിനേസ് എൻസൈമും ഉപയോഗിച്ചാണ് സ്യൂഡോമോണസ് രോഗനിയന്ത്രണം സാധ്യമാക്കുന്നത്. സ്യൂഡോമോണസ് ഉണ്ടാക്കുന്ന സിഡറോഫോറുകൾ ഉപയോഗിച്ച് ഇരുമ്പിന്റെ ലഭ്യത കുറച്ചും രോഗാണുക്കളെ നശിപ്പിക്കുന്നു. സസ്യ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ചില ഹോർമോണുകളും സ്യൂഡോമോണസ് പുറപ്പെടുവിക്കുന്നു. പിത്തിയം, ഫൈറ്റോഫ്തോറ, റൈസ്സ്ക്ടോണിയ എന്നീ കുമിളുകളുടേയും സാന്തോമോണസ് എന്ന രോഗകാരിയായ ബാക്ടീരിയയുടെ വളർച്ചയെയും സ്യൂഡോമോണസ് തടയുന്നു. നെല്ലിലെ പോളരോഗം, ബാക്ടീരിയൽ ഇലകരിച്ചിൽ, വാഴയിലെ പനാമാവാട്ടം, ഏലത്തിന്റെ അഴുകൽ, ആന്തൂറിയം തുടങ്ങിയ ചെടികളുടെ ഇലപ്പുള്ളി രോഗം പച്ചക്കറികളിലെ വാട്ടം എന്നിവയ്ക്കെതിരേ ഫലപ്രദമാണ്. നെല്ല്/പച്ചക്കറി എന്നിവയുടെ വിത്തുപരിചരണത്തിന് ഒരു കിലോഗ്രാമിന് 10 ഗ്രാം സ്യൂഡോമോണസ് ചേർത്തിളക്കി ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കാം. ഇലകളിൽ തളിക്കുന്നതിനായി പൗഡർ രൂപത്തിലുള്ളതാണെങ്കില്‍ 20 ഗ്രാം/ലിറ്റർ എന്ന അളവിലും ലായനി രൂപത്തിലാണങ്കിൽ അഞ്ചു മില്ലിലിറ്റർ എന്ന തോതിലും പ്രയോഗിക്കാവുന്നതാണ്. മണ്ണിൽ ചേർക്കുന്നതിനായി 20 കിലോഗ്രാം ചാണകപ്പൊടിയിൽ ഒരു കിലോഗ്രാം സ്യൂഡോമോണസ് ചേർത്തിട്ടു കൊടുക്കാം. തൈകൾ നടുന്നതിനു മുമ്പ് രണ്ടു ശതമാനം വീര്യമുള്ള ലായനിയിൽ അരമണിക്കൂർ മുക്കിവച്ച് നടുന്നത് വാട്ടരോഗത്തെ ഒഴിവാക്കുന്നതിന് സഹായകമാണ്. നെല്ലിലെ ബാക്ടീരിയൽ ഇലകരിച്ചിലിനെതിരേ 20 ഗ്രാം/ലിറ്റർ എന്ന തോതിലെടുത്ത് തളിച്ചു കൊടുക്കാം. സ്യൂഡോമോണസിനൊപ്പം കൈറ്റിൽ ചേർത്തുണ്ടാക്കുന്ന കൈറ്റിൻ സ്യൂഡോമോണസ് കീടങ്ങൾക്കെതിരേയും ഉപയോഗിക്കാം. അളവുകൾ എല്ലാം സ്യൂഡോമോണസിന്റേത് തന്നെയാണ്.

കടപ്പാട്: കര്‍ഷകന്‍

 

അവസാനം പരിഷ്കരിച്ചത് : 4/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate