অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ആമുഖം

പാലിന്റെ ദൈനംദിന ഉപഭോഗവും ഉല്പാദനവും തമ്മില്‍ താരതമ്മ്യം ചെയ്തു നോക്കിയാല്‍ ഉല്പാദനം ഉപഭോഗത്തേക്കാള്‍ കുറവാണെന്ന് കാണാം. ഇതുകൊണ്ടാണ് അന്യ സംസ്ഥാനങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പാല്‍ നമ്മുടെ സംസ്ഥാനത്തില്‍ യഥേഷ്ടം വിപണനം ചെയ്യപ്പെടുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാല് ഗുണമേന്മയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്ന കാര്യം ശ്രദ്ധേയമാണ്. അനുദിനം വര്‍ദ്ധിക്കുന്ന കാലീത്തീറ്റ വിലയും പുല്ലിന്റെയും, വൈക്കോലിന്റെയും
ദൌര്‍ലഭ്യതയും മറ്റ് പരിപാലന ചിലവുകളും കാരണം കേരളത്തില്‍ കന്നുകാലി വളര്‍ത്തല്‍ ചിലവേറിയതായി മാറിക്കൊണ്ടിരിക്കുന്നു. ലഭ്യമായ പാലിന്റെ വിലയുമായി തട്ടിച്ചുനോക്കുമ്പോള്‍ കന്നുകാലി പരിപാലനം പലപ്പോഴും ലാഭകരമല്ല.


കന്നുകാലി വളര്‍ത്തലില്‍ പാല് ഉല്പാദനത്തോടൊപ്പം ലഭിക്കുന്ന ചാണകം മുഖ്യമായും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വളമായി ഉപയോഗിച്ചുവരുന്നു. നല്ലൊരു അണുനാശിനി കൂടിയായ ചാണകം ഗ്രാമ പ്രദേശങ്ങളില്‍ പ്രാചീന കാലം മുതല്‍ക്കേ വീടുകള്‍ മെഴുകി വൃത്തിയാക്കുന്നതിന് ഉപയോഗിച്ചുവരുന്നു. ഭാരതത്തില്‍ പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് വടക്കേ ഇന്‍ഡ്യയില്‍ ഗ്രാമ വാസികള്‍ കന്നുകാലി ചാണകം ഉണക്കി ചാണക വറളികള്‍ ഉണ്ടാക്കി വിറകിന് പകരം പാചക ഇന്ധനമായി ഉപയോഗിച്ചുവരുന്നു.

കന്നുകാലി ചാണകം പച്ചിലകളുമായി കലര്‍ത്തി കമ്പോസ്റ്റ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ വളരെ മുന്‍പുതന്നെ പ്രചാരത്തില്‍ ഉണ്ടായിരുന്നതാണ്. നെല്‍കൃഷിക്ക് കന്നുകാലി ചാണകം വളമായി ഉപയോഗിക്കുമ്പോള്‍ നെല്‍കൃഷിയില്‍ നിന്നും കിട്ടുന്ന വയ്ക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായും നല്‍കി വരുന്നു. വര്‍ദ്ധിച്ചുവരുന്ന കൂലിയും മറ്റും നെല്‍കൃഷിയേയും കന്നുകാലി വളര്‍ത്തലിനേയും സാരമായി ബാധിച്ചിരിക്കുകയാണ്.


രാസ വളത്തിനുള്ള വിലക്കയറ്റമാണ് മറ്റ് വളങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള താല്പര്യം കര്‍ഷകരില്‍ ഉണ്ടാക്കിയ കാരണങ്ങളില്‍ ഒന്ന്. രാസ വളത്തോട് കിടപിടിക്കുന്ന ഒന്നാണ് ജൈവവളം. ജൈവവള നിര്‍മ്മാണത്തിന് കമ്പോസ്റ്റിങ്ങ്, അന്തരീക്ഷ വായുവിന്റെ സാന്നിധ്യത്തിലുള്ള സംസ്ക്കരണം, മണ്ണിര കമ്പോസ്റ്റിങ്ങ് എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങളും പ്രചാരത്തിലുണ്ട്. കമ്പോസ്റ്റിങ്ങ് പ്രാചീന കാലം മുതല്‍ക്കേ കര്‍ഷകര്‍ ചെയ്തുവന്ന ഒരു സംസ്ക്കരണ രീതിയാണ്. പ്രത്യേകം തയ്യാറാക്കിയ കുഴികളില്‍ പച്ചിലയും ചാണകവും ഇടകലര്‍ത്തി നിക്ഷേപിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നു. എയ‌റോബിക് സമ്പ്രദായമനുസരിച്ച് തുറസായ സ്ഥലത്ത് ജൈവമാലീന്യങ്ങള്‍ കൂട്ടിയിട്ട് സൂക്ഷ്മാണു ജീവികളുടെ സഹായത്താല്‍ മാലിന്യങ്ങള്‍ വിഘടിപ്പിച്ച് ജൈവവളമായി മാറ്റുന്നു. ഇങ്ങനെ ഉണ്ടാകുന്ന വളത്തിന് ഗുണമേന്മ കുറവായിരിക്കും. വളക്കൂറ് കൂട്ടുന്നതിനുവേണ്ടി ഇതില്‍, പുറമേ നിന്നും രാസവളംകൂടി ചേര്‍ത്താണ് വിപണനത്തിന് തയ്യാറാക്കുന്നത്. ‘മണ്ണിര കമ്പോസ്റ്റിങ്ങ്‘ എന്ന ഒരു സംസ്ക്കരണ രീതിയും നിലവിലുണ്ട്. ഇത് പ്രകൃതിയില്‍ തന്നെ ലഭിക്കുന്ന ചില പ്രത്യേകയിനം മണ്ണിരകളുടെ സഹായത്താല്‍ മാലിന്യങ്ങളെ ജൈവവളമാക്കി മാറ്റുന്ന പ്രക്രീയയാണ്.
കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവുംകന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

കന്നുകാലി ചാണകം ജൈവവാതക പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമായ അസംസ്കൃത വസ്തുവാണ്. ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് കന്നുകാലി ചാണകം ഉപയോഗിച്ചുവരുന്നു. ഇതില്‍ നിന്നുതന്നെ കന്നുകാലി ചാണകം ജൈവവാതക പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന് എത്രകണ്ട് പ്രയോജനപ്രദമെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ കേരളത്തിലെ കന്നുകാലി കര്‍ഷകര്‍ ഈ സാങ്കേതിക വിദ്യ പരമാവധി പ്രയ്യോജനപ്പെടുത്തുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ്. ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാല്‍ കന്നുകാലി വളര്‍ത്തല്‍ എങ്ങനെ ലാഭകരമാക്കാമെന്ന് നോക്കാം.

പ്ലാന്റ് സ്ഥാപിക്കുന്നതിന് സബ്സിഡി.
ഗാര്‍ഹിക ജൈവവാതക പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ഒരു പ്ലാന്റിന് 2700 രൂപ എന്ന നിരക്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ്‌ സബ്സിഡി നല്‍കി വരുന്നു. കേരളത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കി വരുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പുറമേ സന്നദ്ധ സംഘടനകളും ജൈവ വാതക പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇവയിലൊന്നാണ് തിരുവനന്തപുരത്ത് വഴുതക്കാട് എം.പി. അപ്പന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക്ക്. ബയോടെക്കില്‍ നിന്നും ജൈവവാതക പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ശാസ്ത്രീയമായി ജൈവവളം ഉല്പാദിപ്പിക്കുന്നതിനുമുള്ള എല്ലാവിധ സാങ്കേതിക സഹായവും ചെയ്തുവരുന്നു.

കന്നുകാലി വളര്‍ത്തുന്ന എല്ലാ വീടുകളിലും, ഡയറി ഫാമുകളിലും ജൈവവാതക പ്ലാന്റുകള്‍ സ്ഥാപിച്ച് ജൈവവള ഉല്പാദനം തുടങ്ങാവുന്നതാണ്. ജൈവവള ഉല്പാദനം നമ്മുടെ കാര്‍ഷിക മേഖലയ്ക്ക് പുത്തല്‍ ഉണര്‍വ് നല്‍കും. കാരണം പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ജൈവവളം കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാകാന്‍ കഴിയും. വീടുകളില്‍ ഉല്പാദിപ്പിക്കുന്ന അധിക ജൈവവളം ക്ഷീരോല്പാദന സഹകരണ സംഘങ്ങള്‍ വഴിയോ കര്‍ഷകര്‍ പ്രാദേശികമായി രൂപീകരിക്കുന്ന സൊസൈറ്റികള്‍ വഴിയോ വിപണനം ചെയ്യാന്‍ കഴിയും.

കന്നുകാലി വളര്‍ത്തലുള്ള എല്ലാവരും ജൈവവാതക പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ പ്രതിവര്‍ഷം ലക്ഷകണക്കിന് ടണ്‍ ജൈവവളവും തതുല്ല്യമായ ജൈവവാതകവും ഉല്പാദിപ്പിക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. ഇപ്രകാരം അധികമായി ഉല്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ജൈവവളം വിപണനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ബയോടെക്ക് ചെയ്തുകൊടുക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും ജൈവവളത്തിനുള്ള അന്വേഷണങ്ങള്‍ ബയോടെക്കിന് ലഭിക്കുന്നുണ്ട്. ജൈവവളത്തിന് പ്രചാരം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കന്നുകാലി വളര്‍ത്തലുള്ള എല്ലാ വീടുകളിലും വ്യാപകമായ തോ‍തില്‍ ജൈവവള നിര്‍മ്മാണത്തിനുള്ള ജൈവവാതക പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ കന്നുകാലി വളര്‍ത്തല്‍ ലാഭകരമാക്കാന്‍ കഴിയുന്നു എന്നുമാത്രമല്ല ജൈവവളത്തിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് രാസവളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയുന്നതുവഴി രാസവളത്തുനുവേണ്ടി ചിലവഴിക്കുന്ന വിദേശനാണ്യവും ലാഭിക്കാന്‍ സാധിക്കുന്നു എന്നുള്ളതും ഈ പദ്ധതിയുടെ സവിശേഷതയാണ്.

കടപ്പാട്-http:biotechenergy.blogspot.in

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate