Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജാതി കൃഷി

ജാതി കൃഷിയിൽ ലാഭം കൊയ്യാം

സുഗന്ധി ത്രിഫല എന്ന് സംസ്‌കൃതത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന ജാതിക്ക പുരാതനകാലം മുതല്‍ തന്നെ കേള്‍വികേട്ട സുഗന്ധവ്യഞ്ജനമാണ്. ജാതിച്ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ഔഷധനിര്‍മാണത്തെക്കുറിച്ച് പുരാതന വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. പുരാതനകാലത്ത് എന്നപോലെ തന്നെ ആധുനിക കാലത്തും മേന്മ ഒട്ടും നഷ്ടപ്പെടാത്ത സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. അടുത്തകാലത്ത് ജാതികൃഷിയില്‍ കര്‍ഷകരുടെ സവിശേഷ താല്‍പര്യവും ശ്രദ്ധയും കൂടിവരുന്നുണ്ട്. മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ജാതിയുടെ ജന്മദേശം ഇന്തോനീസ്യയിലെ ബാന്‍ഡ ദ്വീപുകളാണ്. ബ്രിട്ടിഷുകാരാണ് ജാതികൃഷി മറ്റു പ്രദേശങ്ങളിലേക്കു വ്യാപിപ്പിച്ചത്. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ആന്തമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ജാതികൃഷിയുള്ളത്.വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 16,400 ഹെക്ടര്‍ സ്ഥലത്ത് ജാതി കൃഷി ചെയ്യുന്നുണ്ട്.

ഇതില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ആന്തമാന്‍ ദ്വീപുകള്‍ എന്നിവയാണ്. കേരളത്തിലെ പത്തനംതിട്ട ജില്ലമുതല്‍ കോട്ടയം, തൃശൂര്‍ ഉള്‍പ്പെടെ വടക്ക് പാലക്കാട്, മലപ്പുറം ജില്ലകളില്‍ വരെ ജാതികൃഷി വ്യാപിച്ചുകിടക്കുന്നു. തീരപ്രദേശങ്ങളില്‍ ഇതിന്റെ കൃഷി കൂടുതല്‍ കാണപ്പെടുന്നു. സ്ഥലവിസ്തൃതിയിലും ഉല്‍പാദനത്തിലും കേരളമാണ് മുമ്പില്‍. ജാതികൃഷിയില്‍ നല്ല വിളവുകിട്ടാന്‍ ഏറ്റവും യോജിച്ചത് ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ്. ഇതാണ് കേരളത്തില്‍ ജാതികൃഷിക്ക് നല്ല വിളവു ലഭിക്കാന്‍ കാരണം. കൃഷി ചെയ്യുന്ന മണ്ണില്‍ ധാരാളം ജൈവാംശവും നനയ്ക്കാന്‍ വേണ്ടത്ര വെള്ളവും ആവശ്യമാണ്. പക്ഷേ, മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കരുത്.    എക്കല്‍ കലര്‍ന്ന മണ്ണാണ് കൃഷി ചെയ്യാന്‍ കൂടുതല്‍ അനുയോജ്യം. ജാതിയില്‍ ആണ്‍-പെണ്‍ വൃക്ഷങ്ങളുണ്ട്. പെണ്‍മരം മാത്രമേ ഫലം തരുകയുള്ളൂ. ജാതി വാണിജ്യമായി കൃഷിചെയ്യുമ്പോള്‍ ബഡ് തൈകളാണ് അനുയോജ്യം. നല്ല വിളവു ലഭിക്കുന്ന മാതൃവൃക്ഷങ്ങളില്‍ നിന്ന് ബഡ് തൈകള്‍ തയ്യാറാക്കാം. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടിയെങ്കിലും അകലം പാലിക്കണം. ഒരുവര്‍ഷത്തോളം പ്രായമായ ബഡ് ജാതിതൈകള്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കാം. നാലു തെങ്ങിന് നടുവില്‍ ഒന്ന് എന്ന രീതിയില്‍ തെങ്ങിന് ഇടവിളയായും ജാതി നടാം. കുറച്ചു തണലുള്ള താഴ്‌വരപ്രദേശങ്ങള്‍, പുഴയോരങ്ങളിലെ എക്കല്‍മണ്ണ് തുടങ്ങിയവയില്‍ ജാതി നന്നായി വളരുന്നു. ജാതി നന്നായി നനയ്ക്കണം. അതുകൊണ്ടുതന്നെ ജലസേചനസൗകര്യമുള്ള തെങ്ങിന്‍തോപ്പിലും കവുങ്ങിന്‍തോപ്പിലും മറ്റും ജാതി നന്നായി വളരുന്നു. നേരിട്ടടിക്കുന്ന വെയിലിനേക്കാള്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമാണ് ജാതികൃഷിക്കനുയോജ്യം. അതുകൊണ്ടുതന്നെയാണ് ഇടവിളയായി ചെയ്യുന്ന ജാതികൃഷിയില്‍ നിന്ന് കൂടുതല്‍ വിളവ് ലഭിക്കുന്നത്.

ഒന്നാംവര്‍ഷം ഓരോ ചെടിക്കും 10 കിലോ കാലിവളമോ കംപോസ്‌റ്റോ ചേര്‍ക്കണം. ഇതോടൊപ്പം തന്നെ ച : ജ : ഗ  20 : 18 : 50 ഗ്രാം കിട്ടത്തക്കവിധത്തില്‍ നേര്‍വളങ്ങളായ യൂറിയ 4550 ഗ്രാം, രാജ്‌ഫോസ് 90100 ഗ്രാം, പൊട്ടാഷ് 80 ഗ്രാം എന്നിവ ഒരു വര്‍ഷം പ്രായമായ ജാതിക്ക് ചേര്‍ത്തു കൊടുക്കണം. ഇത് ഓരോ വര്‍ഷവും കൂടിക്കൂടി 15 വര്‍ഷം പ്രായമായ ജാതിക്ക് നേര്‍വളങ്ങളായ യൂറിയ 1.1 കിലോഗ്രാം, രാജ്‌ഫോസ് 1.25 കിലോഗ്രാം, പൊട്ടാഷ് 1.75 കിലോഗ്രാം എന്ന തോതില്‍ ചേര്‍ത്തു കൊടുക്കണം. ജൈവവളം 1015 കിലോഗ്രാം ഇതോടൊപ്പം ചേര്‍ത്തുകൊടുക്കണം. മേല്‍പ്പറഞ്ഞ രാസവളങ്ങള്‍ രണ്ടുതവണയായിട്ട് പകുതിവീതം കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയമനുസരിച്ച് മണ്ണിലിട്ടുകൊടുക്കണം. നനയ്ക്കാന്‍ സൗകര്യമുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ തവണകളിലായി വളം നല്‍കുന്നത് വിളവ് കൂടാന്‍ സഹായിക്കും.ജാതികൃഷിക്ക് ജൈവവളമോ രാസവളമോ അവ സംയോജിപ്പിച്ചോ ഇവയുടെ ലഭ്യതയനുസരിച്ച് ചേര്‍ത്ത് കൊടുക്കാവുന്നതാണ്.    ജാതിക്ക് തണല്‍ ആവശ്യമായതുകൊണ്ട് തനിവിളയായിട്ടാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തണല്‍മരങ്ങളായ ശീമക്കൊന്ന, മുരുക്ക്, സുബാബുള്‍, വാക തുടങ്ങിയവ നടാവുന്നതാണ്. ചെടി നടാന്‍ കാലവര്‍ഷാരംഭമാണ് അനുയോജ്യം. മഴ കഴിയുന്നതോടെ തണല്‍ നല്‍കി നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് തൈകളെ സംരക്ഷിക്കണം. ജലാംശം നിലനിര്‍ത്താനായി നന്നായി പുതയിടുകയും വേണം.ജാതി വളര്‍ന്നു പൊങ്ങുന്നതിനനുസരിച്ച് ചുവട്ടിലെ ഒരുവരി കമ്പുകള്‍ വെട്ടിനീക്കാവുന്നതാണ്. ചകിരിത്തൊണ്ടു ചുവട്ടില്‍ അടുക്കിയും ജലാംശം നിലനിര്‍ത്താം. അധികം മണ്ണിളക്കാതെ വളങ്ങള്‍ ചുവട്ടിലിട്ട് നല്ല കനത്തില്‍ പുതയിട്ടുകൊടുക്കണം. ജാതിമരങ്ങളെ നന്നായി ശുശ്രൂഷിച്ചാല്‍ ഏഴാം വര്‍ഷം മുതല്‍ വിളവെടുക്കാം. മരത്തില്‍ ഏതു സമയത്തും കുറേ കായ്കള്‍ ഉണ്ടാവുമെങ്കിലും ഡിസംബര്‍  മെയ്, ജൂണ്‍, ജൂലൈ കാലങ്ങളിലാണ് കായ്കള്‍ ധാരാളമായി ഉണ്ടാവുന്നത്. ജാതിമരങ്ങളില്‍ ഒന്നിച്ച് പൂവുണ്ടാവാത്തതിനാല്‍ വിളവെടുപ്പും പല തവണയായി നടത്തേണ്ടിവരും. കായ്കള്‍ പറിക്കുകയും വിത്തുകള്‍ ശേഖരിക്കുകയും ചെയ്യുന്നതിന്റെ കൂടെ തന്നെ ജാതിപത്രിയും ശേഖരിച്ച് ഉണക്കിയെടുക്കണം. ഒരാഴ്ചകൊണ്ട് ജാതിക്കായ് ഉണങ്ങിക്കിട്ടും. ഇടയ്ക്ക് വീണ്ടും ഉണക്കണം. പുകയില്‍ ഉണക്കുന്നതിനേക്കാള്‍ വെയിലില്‍ ഉണക്കുന്നതാണു നല്ലത്. ജാതിപത്രി ഉണങ്ങുമ്പോള്‍ നല്ല ചുവപ്പ് നിറം കിട്ടും. നല്ല നിറമുള്ള ജാതിപത്രിക്ക് നല്ല വിലയും കിട്ടും. ഉണങ്ങിയ 150 ഓളം കായ്കള്‍ക്ക് ഒരു കിലോഗ്രാം. ഭാരമുണ്ടാവും. ജാതിപത്രിക്കാണു വിലക്കൂടുതലെങ്കിലും പത്രിയുടെ അളവ് താരതമ്യേന കുറവായിരിക്കും.നല്ല ജാതിപത്രിക്ക് കിലോയ്ക്ക് 800 രൂപയോളം ലഭിക്കും. അതുപോലെ ജാതിക്കയ്ക്ക് 250-300 രൂപയാണ് സാധാരണയായി ലഭിക്കാറുള്ളത്.    നാടന്‍ ജാതിതൈ നടുന്ന കര്‍ഷകര്‍ ആണ്‍ചെടികളെ തിരിച്ചറിയുമ്പോള്‍ സാധാരണയായി വെട്ടിക്കളയുകയാണ് ചെയ്യുന്നത്. എന്നാല്‍, ടോപ്പ് വര്‍ക്കിങ്, ബഡിങ് എന്നിവ നടത്തി ലിംഗമാറ്റത്തിലൂടെ ജാതിമരങ്ങളെ മാറ്റിയെടുക്കാം. വിത്തുമുളച്ചുണ്ടാവുന്ന തൈകള്‍ ആണ്‍ജാതിയോ പെണ്‍ ജാതിയോ ആവാനുള്ള സാധ്യത ഒരുപോലെയാണ് വിത്ത് വഴി നട്ട തൈകള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പൂവിടുമ്പോള്‍ മാത്രമാണ് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാവുന്നത്. എന്നാല്‍, അധികമായുള്ള ആണ്‍മരങ്ങള്‍ വെട്ടിക്കളയാതെ അവയെ പെണ്‍മരങ്ങളായി പരിവര്‍ത്തിപ്പിക്കാനാകും. ടോപ്പ് വര്‍ക്കിങ് നടത്തി ലിംഗഭേദം വരുത്തുന്നതിന് ആദ്യം മരത്തിന്റെ ഒന്നോ രണ്ടോ ശാഖകള്‍ ഒഴിച്ച് ബാക്കി എല്ലാം മുറിച്ചുമാറ്റണം. ശേഷം വരുന്ന പുത്തന്‍ശാഖയില്‍ നല്ല വിളവ് തരുന്ന പെണ്‍ജാതിയില്‍ നിന്നെടുത്ത നാമ്പുപയോഗിച്ച് പാച്ച്ബഡിങോ വശംചേര്‍ത്തൊട്ടിക്കലോ ചെയ്ത് ലിംഗമാറ്റം നടത്താം. വിളവ് കുറഞ്ഞ മരങ്ങളിലും ഇത്തരത്തില്‍ ടോപ്പ് വര്‍ക്ക് ചെയ്ത് വിളവ് കൂട്ടാവുന്നതാണ്.    മൂപ്പെത്തുന്നതിനു മുമ്പുതന്നെ കായ്കള്‍ വിണ്ടുപൊട്ടി പൊഴിഞ്ഞുവീഴുന്നത് ജാതികൃഷിയെ ബാധിക്കുന്ന പ്രധാന രോഗമാണ്. അശാസ്ത്രീയമായ വളപ്രയോഗം വഴി മണ്ണിലെ പൊട്ടാസ്യത്തിന്റെ അളവു കുറയുന്നതും കായ് പൊഴിച്ചിലിനു കാരണമാവുന്നു. ചൂട് കൂടുമ്പോഴും നനകുറയുമ്പോഴും കുമിള്‍ബാധ വരുമ്പോഴും കായ് പൊഴിച്ചില്‍ ഉണ്ടാവാം. അതിനാല്‍ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ ബോറോണിന്റെ അഭാവം ഉറപ്പാക്കിയ ശേഷം മരമൊന്നിന് 50 ഗ്രാം, 100 ഗ്രാം ബോറാക്‌സ് മണ്ണില്‍ ചേര്‍ത്തുകൊടുക്കുകയോ ബോറിക്ക് ആസിഡ് അല്ലെങ്കില്‍ ബോറാക്‌സ് രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കുകയോ ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സോലുബോര്‍ തളിച്ചുകൊടുത്താലും മതിയാവും. സൂക്ഷ്മമൂലകങ്ങള്‍ ചേര്‍ക്കുമ്പോള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള അളവിലും കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കാറുണ്ട്.

2.77777777778
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top