অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചോളത്തിന് ചട്ടിമതി

ചോളത്തിന് ചട്ടിമതി

അധികം മൂപ്പെത്താത്ത ചോളം കനലിൽ ചുട്ടതും പാലും പഞ്ചസാരയും ചേർത്ത് പുഴുങ്ങിയതും  നമുക്കെല്ലാം വളരെയധികം ഇഷ്ടമുള്ളവയാണ് ആരോഗ്യത്തിന് നല്ലതും. നമ്മുടെ ഭക്ഷണത്തിന്റെ പട്ടികയിലേക്ക് അടുത്തിടെ കടന്നുവന്നയിനമാണ് ചോളത്തിന്റെ മൂപ്പെത്താത്ത കതിരായ ബേബികോൺ. എന്നാൽ ചോളപ്പാടങ്ങളിൽ തളിക്കപ്പെടുന്ന മാരകമായ പല കീടനാശിനികളുമാണ് ബേബികോണിന്റെ കതിരിലൂടെ അതിന്റെ നമ്മുടെ ആമാശയത്തിലെത്തിച്ചേരുന്നത്. അവ നമ്മുടെ നാഡീവ്യൂഹത്തെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്നു.

ഇതൊഴിവാക്കി ബേബികോൺ വളർത്താനും അങ്ങനെ രുചികരമായ ഭക്ഷണം കഴിക്കാനും നാം എന്തുചെയ്യണം. നമ്മുടെ വീട്ടിൽത്തന്നെ ചട്ടിയിലോ ചാക്കിലോ അടുക്കളത്തോട്ടത്തിൽ വരമ്പെടുത്തോ നാല് ചോളത്തിന്റെ തൈകൾ വളർത്തി വീട്ടിൽത്തന്നെ വിളവെടുത്താൽ രുചിയും ആസ്വദിക്കാം ആരോഗ്യവും സംരക്ഷിക്കാം.

മക്കച്ചോളത്തിന്റെ പരാഗണം നടക്കാത്ത കതിരുകളെയാണ് ബേബികേ്ാൺ എന്നുവിളിക്കുന്നത്. മക്കചോളത്തിന്റെ ഇനങ്ങളിൽ പെട്ടെന്ന് പുഷ്പിക്കുന്നതും കൂടുതൽ കതിർക്കമ്പുകൾ ഉണ്ടാകുന്നതുമായ ഹ്രസ്വകാലയിനങ്ങളെയാണ് ബേബികോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

നടേണ്ടവിധം

അടുക്കളത്തോട്ടത്തിൽ  മാത്രമല്ല അത്യാവശ്യം വലിപ്പമുള്ള ചട്ടിയിലും ബേബികോൺ  വളർത്തിയെടുക്കാം. നിലത്താണെങ്കിൽ. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരടി വീതിയും ഉയരവുമുള്ള വാരമെടുത്ത് അതിൽ കാലിവളം മണൽ അല്ലെങ്കിൽ ചകിരിച്ചോർ മണ്ണ് എന്നിവ സമാസമം കലർത്തണം അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് വിത്തുകൾ നടേണ്ടത്്. വിത്തിന് ഉറപ്പുകുറവായതിനാൽ പെട്ടെന്ന് ചീഞ്ഞുപോവും അതുകൊണ്ട് തടത്തിൽ വെള്ളം തീരേ നിർത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് ബേബികോൺ വളരും. അതുവരെ ഒന്നരാടൻ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്‌ക്കൊരിക്കൽ അല്പം കടലപ്പിണ്ണാക്ക് കുതിർത്തത് വെള്ളത്തിൽ നേർപ്പിച്ച് മുരട്ടിൽ ഒഴിച്ചുകൊടുക്കാം.

ചട്ടിയിലും വളർത്താം

അത്യാവശ്യം വ്യാസമുള്ള ചട്ടിയിലും മക്കച്ചോളം വളർത്തി ബേബികോൺ ഉണ്ടാക്കാവുന്നതാണ്. അതിന്റെ മുക്കാൽഭാഗം വരെ മുകളിൽപ്പറഞ്ഞ രീതിയിൽ പോട്ടിങ്മിശ്രിതം നിറച്ച്  അതിന്റെ നടുക്ക് വിത്ത് നട്ട് മിതമായ രീതിയിൽ നന നൽകി വളർത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിർത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോൾ നൽകിയാൽ രണ്ടുമാസത്തിനുശേഷം ബേബികോൺ പറിക്കാം.

മക്കചോളത്തിന്റെ ചെടികൾക്ക് ഏകദേശം രണ്ടുമീറ്റർവരെ ഉയരമുണ്ടാകും. ഒരു ചെടിയിത്തന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നു. ടാസൽസ് എന്ന് വിളിക്കപ്പെടുന്ന ആൺപൂക്കൾ ചെടിയുടെ അറ്റത്തും കോമ്പ്‌സ്(കതിർക്കമ്പ്) എന്നുവിളിക്കപ്പെടുന്ന പെൺപൂക്കൾ ഇലയുടെ കടകളിലും വളർന്നുവരുന്നു. കതിർക്കമ്പുകൾ ഇലകൾകൊണ്ട് പൊതിയപ്പെട്ടരീതിയിലാണ് കണ്ടുവരുന്നത്. കതിരിന്റെ ഉള്ളിൽനിന്നന് പരാഗണത്തിനായി നനുത്ത ലോമികകൾ സ്റ്റിഗ്മ പുറത്തേക്ക് തള്ളിനിൽക്കും. എന്നാൽ പരാഗണം അനുവദിക്കാതെ ആൺപൂവ് അഗ്രഭാഗത്തുനിന്നു പുറത്തുവരുമ്പോൾ മുറിച്ചുമാറ്റണം. പിന്നീട് വളർച്ചപ്രാപിക്കുന്ന എന്നാൽ പരാഗണം നടക്കാത്ത കോണാണ് ബേബികോൺ. 40 ദിവസം കൊണ്ടാണ് ചെടി പുഷ്പിക്കുക. പെൺപുഷ്പങ്ങളിൽനിന്ന്(കതിർക്കമ്പിൽനിന്ന്) സ്റ്റിഗ്മ പുറത്തുചാടി രണ്ടുസെ.മീ. വളർച്ചയെത്തുമ്പോഴോ 4 ദിവസത്തിനുള്ളിലോ വിളവെടുപ്പ് നടത്താം. 5-7 സെ.മീ. നിളവും 10-17 മില്ലിമീറ്റർ വ്യാസവുമുള്ള ബേബികോൺ ആണ് അത്യുത്തമം.  വളരെവേഗം തന്നെ ഏകദേശം രണ്ടുമാസം കൊണ്ട് വിളവെടുക്കുമെന്നതിനാൽ വർഷത്തിൽ അഞ്ചുതവണയെങ്കിലും ചട്ടിയിൽ വളർത്തിവിളവെടുക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

കേരളത്തിൽ കുമരകം പ്രാദേശിക ഗവേഷണകേന്ദ്രമാണ് ഇതിന്റെ പരീക്ഷണനിരീക്ഷണങ്ങൾ വർഷങ്ങൾക്കു മുമ്പേ തുടങ്ങിയത് അതിന്റെ ഫലമായി പലയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചട്ടിയിലെ ചോളം കൃഷി വിജയിക്കുകയും ചെയ്തു. അധികം മൂപ്പെത്താതെ വിളവെടുക്കുന്നതിനാൽ ഇതിന്റെ പച്ചയിലകൾ കന്നുകാലികൾക്ക് തീറ്റയായും ഉപയുക്തമാക്കുകയും ചെയ്യാം.

ജിവകം സി.യുടെ മികച്ച കലവറയാണ് ബേബികോൺ മാത്രമല്ല വിറ്റാമിൻ ബി.6,  ഫോളിക് ആസിഡ് , ഫോസ്ഫറസ്, സിങ്ക്, അയേൺ, മാംസ്യം, നാരുകൾ മുതലായവ ധാരാളം അടങ്ങിയിരിക്കുന്ന ആഹാരമാണ് ബേബികോൺ അതാക്കാം നമ്മുടെ തോട്ടത്തിലെ ഇത്തവണത്തെ പ്രധാനവിള.

പ്രമോദ്കുമാർ വി.സി.

pramodpurath@gmail.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate