Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / കേരളത്തില്‍ ഈന്തപ്പനക്കൃഷിക്ക് സാധ്യതയുണ്ടോ?
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരളത്തില്‍ ഈന്തപ്പനക്കൃഷിക്ക് സാധ്യതയുണ്ടോ?

പിലാവി, ഹയാഹി, ഖദ്രാവി, മക്തൂം, മെഡ്ജൂള്‍, സൈദിതൂരി, സാഹിദി, ഇത്തീമ, മഹക്ബീര്‍

*പിലാവി, ഹയാഹി, ഖദ്രാവി, മക്തൂം, മെഡ്ജൂള്‍, സൈദിതൂരി, സാഹിദി, ഇത്തീമ, മഹക്ബീര്‍ .....പേരുകള്‍ കേട്ട് ചിന്താക്കുഴപ്പത്തിലാകേണ്ട. ഈത്തപ്പഴത്തിന്റെ വിവിധയിനങ്ങളാണിവ. ഒരു 'പവര്‍ ഫ്രൂട്ട്'  എന്ന് വിശേഷിപ്പിക്കാമിതിനെ.*
വലിയ അളവില്‍ ധാതുക്കളും ദഹന നാരുകളും പഞ്ചസാരയും പോളിഫീനോളുകളും അടങ്ങിയ ഈന്തപ്പഴം ഒരു സ്വര്‍ഗീയ ഫലം തന്നെ എന്നുള്ളതില്‍ സംശയമില്ല. തെങ്ങ് കേരളീയന് എത്ര പ്രിയങ്കരമാണോ അത്രതന്നെ പ്രിയപ്പെട്ടതാണ് അറബികള്‍ക്ക് ഇത്. ഈന്തപ്പനയുടെ എല്ലാ ഭാഗങ്ങളും അവര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. *ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറവായതുകൊണ്ട് പ്രമേഹ രോഗികള്‍ക്കും സുരക്ഷിതമായി കഴിക്കാവുന്നതാണ്.*
*ഈന്തപ്പഴങ്ങളില്‍ കേമന്‍ അല്‍ മദീന പ്രദേശങ്ങളില്‍ വളരുന്ന 'അജ് വ' ഇനമാണ്.* അല്ലാഹുവിന്റെ മാലാഖയുടെ വചനപ്രകാരം എല്ലാ ദിവസവും രാവിലെ അജ് വ ഈന്തപ്പഴം കഴിക്കുന്നവനെ വിഷത്തിന് പോലും ഒന്നും ചെയ്യാനാകില്ല എന്നത്രെ. ഈയിനത്തിന് കിലോയ്ക്ക് 3500 രൂപയോളം വിപണി വിലയുണ്ട്. മറ്റൊരു വിശേഷപ്പെട്ടയിനം 'മെഡ്ങൂള്‍' ഇനമാണ്.
കടുത്ത തവിട്ട് നിറത്തില്‍ ചുളുങ്ങി മൃദുവായ വലിയ ഇനം ഈന്തപ്പഴമാണിത്. ഇത് പനയില്‍ നിന്ന് പഴുത്ത് പ്രത്യേകം പരിചരണമൊന്നും കൂടാതെ തന്നെ വിപണിയിലെത്തുന്നു. ലോകത്തെ കൃഷിയോഗ്യമായ ഭൂമിയുടെ ഏതാണ്ട് 3 ശതമാനം സ്ഥലത്ത് ഈന്തപ്പനകള്‍ വളര്‍ന്നു നില്‍ക്കുന്നു. ഏതാണ്ട് 50 ലക്ഷം ടണ്‍ പഴം ഒരു വര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദനം ഈജിപ്റ്റിലാണ്. ഇസ്രയേലിന്റെയും സൗദി അറേബ്യയുടെയും ദേശീയ ചിഹ്നവും കൂടിയാണ്‌ ഈന്തപ്പന.

അല്‍പ്പം കൃഷിക്കാര്യം

ഇനി ഈന്തപ്പനയുടെ കൃഷിക്കാര്യങ്ങളിലേക്ക് വരാം. ഈന്തപ്പനയില്‍ ആണ്‍പനകളും പെണ്‍പനകളുമുള്ളതിനാല്‍ കുരുമുളച്ചുണ്ടാകുന്നവയില്‍ പകുതിയും ആണ്‍പനകളായിരിക്കും. ആയതിനാല്‍ ടിഷ്യുകള്‍ച്ചര്‍ തൈകളും വിശേഷപ്പെട്ട പെണ്‍പനകളുടെ ചുവട്ടില്‍ നിന്നും പൊട്ടിക്കിളിര്‍ക്കുന്ന വേരോടു കൂടിയ ചിനപ്പുകളുമാണ് നടീല്‍ വസ്തുക്കളായി ഉപയോഗിക്കുന്നത്. എന്നാല്‍ പരാഗണം നടക്കാനായി തോട്ടത്തിലെ രണ്ട് ശതമാനം ആണ്‍പനകളെ വളര്‍ത്തും.
സമുദ്ര നിരപ്പില്‍ നിന്നും 200 മീറ്റര്‍ വരെ ഉയര്‍ന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാം. ഏഴ് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില സഹിച്ചുവളരും. പക്ഷെ ഏറ്റവും അനുയോജ്യം 18 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ്. പക്ഷെ കായകള്‍ പാകമായി വരുമ്പോള്‍ മഴയുണ്ടാകാന്‍ പാടില്ല.
*അതുപോലെ അന്തരീക്ഷ ആര്‍ദ്രതയും കുറവായിരിക്കണം. പകല്‍ നല്ല ചൂടും ഉയര്‍ന്ന രാത്രി താപനിലയുമാണെങ്കില്‍ കായ്കളുടെ ഗുണനിലവാരം മികച്ചതായിരിക്കും.* പരാഗണം കാറ്റ് വഴിയാണെങ്കിലും കൂടുതല്‍ കായ്കള്‍ പിടിച്ചു കിട്ടണമെങ്കില്‍ യന്ത്രസഹായത്തോടെ കൃത്രിമ പരാഗണം നടത്തേണ്ടി വരും. കായ്കള്‍ പാകമായി വരുമ്പോള്‍ ഈന്തപ്പഴം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകും.
പരാഗണം നടന്ന് 17 ആഴ്ച വരെയുള്ളതിനെ 'ഖലാല്‍' എന്നു വിളിക്കുന്നു. കറ കൂടുതല്‍ ഉള്ള സമയമാണ്. മഞ്ഞനിറമായിരിക്കും.
27 ആഴ്ച വരെ പ്രായമുള്ള പഴത്തെ 'റുട്ടാബ്'  എന്ന് വിളിക്കുന്നു. ചുവന്ന് മൃദുവായിരിക്കും. 27 ആഴ്ചയ്ക്ക് ശേഷം ഇവയെ 'തമര്‍' എന്ന് വിളിക്കുന്നു. വളരെ മധുരമുള്ളതും ഈര്‍പ്പം 25 ശതമാനത്തില്‍ താഴെയുള്ളതുമായ ഇവ ദീര്‍ഘനാള്‍ സൂക്ഷിച്ച് വെക്കാം.
*തമിഴ്‌നാട്ടില്‍ ചിലയിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈന്തപ്പന കൃഷി തുടങ്ങിയിട്ടുണ്ട്.*
ധര്‍മപുരി ജില്ലയിലുള്ള സാലിഹ നഴ്‌സറി ബര്‍ഹിയിനത്തിലുള്ള ഈന്തപ്പനയുടെ ടിഷ്യു കള്‍ച്ചര്‍ തൈകള്‍ വില്‍ക്കുന്നുണ്ട്. ഒരു തൈക്ക് മൂവായിരം രൂപയോളമാണ് വില. കോയമ്പത്തൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ വഞ്ചിപ്പാളയത്ത് കെ.ജി മുരുഗവേല്‍ എന്ന കര്‍ഷകന്റെ 200 ലധികം പനകളുള്ള തോട്ടമുണ്ട്.
*'ബര്‍ഹി' യിനത്തില്‍പ്പെട്ട ഈ തോട്ടം കായ് പിടിച്ചു തുടങ്ങി. അഞ്ചാം  കൊല്ലം മുതല്‍ വിളവ് തരാന്‍ തുടങ്ങും.*
ചിട്ടയായ വളപ്രയോഗവും ജലസേചനവും ആവശ്യമാണെന്ന് മാത്രം. നീണ്ട വേനലും കുറഞ്ഞ അന്തരീക്ഷ ആര്‍ദ്രതയും കായ്പാകമായി വരുന്ന സമയത്ത് നീണ്ടു നില്‍ക്കുന്ന മഴയുമില്ലാത്ത ഒരു കാലാവസ്ഥയാണ് ഈന്തപ്പന കൃഷിയുടെ വിജയം.
*നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇതേ ഘടകങ്ങളുടെ അഭാവം കാരണം കേരളം ഈന്തപ്പന കൃഷിക്ക് യോജിച്ചതല്ല.*
2.93333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top