অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിന്‍റെ സ്വന്തം കുടംപുളി

കേരളത്തിന്‍റെ സ്വന്തം കുടംപുളി

ആമുഖം

കേരളത്തിന്റെ സുഗന്ധവ്യഞ്ജനവിളകളിൽ വേറിട്ട സവിശേഷതകളുള്ള വിളയാണ് കുടംപുളി. പിണർ പുളി, വടക്കൻപുളി എന്നൊക്കെ വിളിപ്പേരുണ്ട്. പശ്ചിമഘട്ടത്തിൽ ഏകദേശം 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിലും തീരപ്രദേശങ്ങളിലും ഇവയെ കാണാം. ഇന്തോനേഷ്യയിൽ നിന്നാണ് എത്തിയതെങ്കിലും ഇന്ത്യയിൽ പല ഭാഗത്തും ഇത് പണ്ടുമുതൽക്കേ വളർന്നിരുന്നു. തെക്കു- കിഴക്കൻ ഏഷ്യയിലും മധ്യആഫ്രിക്കയിലും പണ്ടു മുതൽക്കേ കുടംപുളിക്ക് രണ്ട് പ്രധാന ഉപയോഗമായിരുന്നു. പാചകത്തിനും അതിന്റെ നൈസർഗികനിറം നിമിത്തം വർണകമായും.

കുടംപുളിയുടെ ആരോഗ്യപരമായ മേന്മകൾ കണ്ടെത്തിയത് പുതിയ കാര്യമല്ല. കാരണം 1835 മുതൽ ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണങ്ങൾ നടന്നിരുന്നു. പതിനഞ്ചു വർഷത്തെ നിരന്തര ഗവേഷണങ്ങൾക്കൊടുവിലാണ് ശരീര ഭാരം കുറയ്ക്കാനുള്ള പ്രത്യേക സിദ്ധി കുടമ്പുളിക്കുണ്ടെന്നു കണ്ടെത്തുന്നത്. ഇതിനുകാരണമാകട്ടെ കുടംപുളിയുടെ തോടിൽ അടങ്ങിയിരിക്കുന്ന HCA (ഹൈഡ്രോക്സി സിട്രിക്ആസിഡ്) എന്ന ഘടകവും. ഉണക്ക തോടിൽ 10 മുതൽ 30 ശതമാനം വരെ ഹൈഡ്രോക്സി സിട്രിക് ആസിഡുണ്ട്. ശരീരഭാരം കുറയ്ക്കുക എന്നാൽ ദുർമേദസ് കുറയാൻ സഹായിക്കുക എന്നർഥം. ഒപ്പം ശരീരത്തിലെ കൊഴുപ്പ് ഉരുക്കിക്കളയുന്നു. കൂടാതെ പൂർണതൃപ്തിയും വിശപ്പും ഒക്കെ ഉത്തേജിപ്പിക്കുന്ന സിറോട്ടോണിൻ ഉത്പാദനം ക്രമീകരിക്കാനും ഇതിനു കഴിവുണ്ട്. അങ്ങനെയാകുമ്പോൾ ഭക്ഷണത്തോടുള്ള താൽപര്യം കുറഞ്ഞ് കുറച്ചുമാത്രം കഴിക്കുന്നു. എന്നാൽ ഈസിറോട്ടോണിൻ ഉത്പാദനവുമായി ബന്ധപ്പെട്ട മറ്റു വശങ്ങൾ ഇന്നും പഠന വിധേയമാകുന്നു എന്നത് വാസ്തവം.

സസ്യപരിചയം

'ഗാഴ്സീനിയ' എന്ന ജനുസിൽ 300 മുതൽ 500 സ്പീഷീസോളം ചെടികളുണ്ട്. ഇവയിലൊന്നാണ് കുടംപുളി. കേരളത്തിൽ സുലഭമായി വളരുന്നതിനാലാണ് ഇതിന് “മലബാർ ടാമറിൻഡ്' എന്നു പേരു കിട്ടിയത്. പണ്ടു മുതൽക്കേ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഉയർന്നു വളർന്ന് നിറയെ പഴുത്ത കായ്ക്കളുമായി നിൽക്കുന്ന ഈ നിത്യഹരിത വൃക്ഷം ഒരു പതിവുകാഴ്ചയായിരുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഇതിന്റെ വിളവെടുപ്പുകാലം. പച്ചക്കായ്കള്‍ പഴുക്കാൻ തുടങ്ങുന്നതോടെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, ബ്രൌണ്‍ കലർന്ന മഞ്ഞനിറം എന്നിങ്ങനെ വിവിധ നിറഭേദങ്ങളണിയും. പഴങ്ങൾ ജീവകം-സി സമൃദ്ധമാണ്.കൊഴുപ്പിന്റെ അംശം തീരെ കുറവ്. നാരിന്റെ അംശം വേണ്ടുവോളം. തോട് വെയിലത്തുണക്കി പഴയ പുകയടുപ്പുകളുടെ മീതെതട്ടുകെട്ടി അതിൽ നിരത്തി പുകകൊള്ളിച്ച് പരുവപ്പെടുത്തുന്നതായിരുന്നു പതിവ്. ഇന്നും അപൂർവ്മായെങ്കിലും ചിലയിടങ്ങളിൽ തുടരുന്നു.

നിരവധി വന്യജാതികൾ കുടംപുളിക്ക് ബന്ധുക്കളായുണ്ട്. ക്യൂസിയേസീ' സസ്യകുലത്തിലെ "ഗാഴ്സീനിയ' ജനുസിൽപ്പെട്ടവരാണിവരെല്ലാം. ഇതിൽപ്രധാനിയാണ് കുടംപുളി. കൂടാതെ ആറ്റുപുളി, മക്കിപ്പുളി, ടാൾബോട്ടി, കൊക്കേ, രാജപുളി തുടങ്ങിയവർ കുടംപുളിയുടെ ബന്ധുബലത്തിലെ പ്രമുഖരാണ്. കേരളത്തിൽ പ്രധാന ഉപയോഗം മീൻകറികളിലെ ചേരുവയായാണ്. കൂടാതെ നിരവധി ഔഷധങ്ങളിലും ചേരുവയാണ്. ഇതിന്റെ കായ്കൾക്കു പുറമെവേരും തണ്ടും ഇലയുമൊക്കെ വിവിധ സസ്യജന്യ രാസഘടകങ്ങളാൽ സജീവമാണ്. ഇലകളിൽ ആൽക്കലോയിഡുകൾ, സ്റ്റീറോയിഡുകൾ, കാർഡിയാക്- ഗ്ലൂക്കോസൈഡുകൾ, ഫിനോളിക് ഫ്ളോവനോയിഡ്, ഫ്ളോബാറ്റാനിൻ, പ്രോട്ടീൻ, ടാനിൽടെർപിനോയിഡ് തുടങ്ങിയവയുണ്ട്. വേരിലാകട്ടെ ഗർബോജിയോൾ എന്നു പേരായ സാന്തോണും തടിയുടെ പുറം തൊലിയിൽ ഹൈഡ്രോ സിട്രിക് ആസിഡ്, ഗാഴ്സിനോൾ, ഐസോഗാഴ്സസിനോൾ തുടങ്ങിയവയും പൂക്കളിൽ ടെർപിനോയിഡ്, സ്റ്റീറോയിഡ്,ആൽക്കലോയിഡ്, കാർബോഹൈഡ്രേറ്റ്, ഫൈറ്റോസ്റ്റീറോയിഡ്, ഫ്ളവനോയിഡുകൾ, കൗമാരിൻ, ഫീനോൾ, പ്രോട്ടീൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ കുടംപുളിമരം അടിമുടി സസ്യപോഷക ഔഷധസമൃദ്ധവും ബഹുവിധ ഉപകാരപ്രദവുമാണ്.

ഒട്ടുതൈകള്‍ക്ക് വ്യാഴവട്ടം വേണ്ട

വിത്തു പാകി വളർത്തുന്ന കുടമ്പുളി തെകൾ ഇന്ന് പഴങ്കഥ. ഇങ്ങനെ വിത്തു തൈകൾ വളർത്തിയാൽ തന്നെ അവയിൽ പകുതിയിലധികവും ആൺ പ്രജകളായിരിക്കും. ബാക്കി പെൺപ്രജകളെ വളർത്തി പരിചരിച്ചെടുക്കാമെന്നു വച്ചോലോ? കുറഞ്ഞത് 10 വർഷമെങ്കിലും കാത്തിരിക്കണം ഒരു കായ് പിടിക്കുന്നത് കാണാൻ. ഇത് ചിലപ്പോൾ 12 വർഷമാകാനും മതി. ഈ വൈഷമ്യവും കാത്തിരിപ്പും ഒഴിവാക്കാനാണ് ഒട്ടുതൈകൾ തയാറാക്കാൻ തുടങ്ങിയത്. വശത്തൊട്ടിച്ചും മൃദുതണ്ടിലൊട്ടിച്ചും ഒക്കെ ഒട്ടുതൈകൾ ഒരുക്കാം. അങ്ങനെയായാൽ കായ് പിടിക്കാൻ 10-12 വർഷം എന്നത് മൂന്നു വർഷമായി കുറയും. പൂർണതോതിൽ സ്ഥിരവിളവുകിട്ടാൻ പിന്നെയും കുറച്ചുകൂടെ കാത്തിരിക്കണമെന്നുമാത്രം. മാത്രവുമല്ല, അമ്മച്ചെടിയുടെ (മദർ പ്ലാന്റ്) സർവഗുണങ്ങളും ഉണ്ടായിരിക്കുകയും ചെയ്യും. പണ്ടത്തെ നാടൻ കുടംപുളി മരത്തെപ്പോലെ മാനംമുട്ടെ വളരില്ല, അധികം ഉയരാത്തതിനാൽ വിളവെടുപ്പും എളുപ്പം. സ്ഥിരവിളവ് തരുന്ന 200-275 ഗ്രാം തൂക്കമുള്ള കായ്കൾ വിളയുന്ന മരമാണ് ഉത്തമമായ അമ്മച്ചെടി. ഇങ്ങനെ തയാറാക്കിയ തൈകൾ കേരള കാർഷിക സർവകലാശാല ഉത്പാദിപ്പിച്ചു നൽകുന്നുണ്ട്. കുടംപുളി ഒറ്റവിളയായും ഇടവിളയായും വളർത്താം. സ്ഥലമനുസരിച്ച് ചില ചെറിയ വ്യത്യാസങ്ങൾ വേണമെന്നുമാത്രം. പറ,മ്പുകളിൽ 75X75X75 സെന്റീമീറ്റർ വലിപ്പത്തിലാണ് കുഴികളെടുക്കേണ്ടതെങ്കിൽ ആറ്റു തീരങ്ങളിലും മറ്റും 50x50X50 സെന്റീ'മീറ്റർ വലിപ്പമാണ് കുഴികൾക്ക് വേണ്ടത്. തൈകൾ തമ്മിൽ 4x4 മീറ്റർ അകലം നിർബന്ധം. മേയ് - ജൂണിലെ മഴയുടെ തുടക്കമാണ് തൈ നടാൻ നന്ന്. തെങ്ങ്, കമുക് തോട്ടങ്ങളിലും കുടംപുളി നടാം. പക്ഷെ തീരെ തണലത്താകരുത് എന്നു മാത്രം. തുറസായ സ്ഥലങ്ങളായാൽ നന്ന്.

നടീൽ, പരിചരണം

തൈ നടുംമുമ്പ് കുഴിയിൽ രണ്ടു കിലോ ജൈവവളം (കമ്പോസ്റ്റ്, കാലിവളം എന്നിവ) മേൽമണ്ണുമായി കലർത്തി നിറയ്ക്കണം. തൈയുടെ ഒട്ടുസന്ധി മൺനിരപ്പിനു മുകളിൽ നിൽക്കുംവിധം നടണം. നട്ട് ഒരു മാസമാകുമ്പോൾ ഒട്ടുസന്ധിയിലെ പോളിത്തീൻ നാട സശ്രദ്ധം മുറിച്ചു നീക്കുക. ഒപ്പം തടത്തിൽ പുതയിടുകയും വേണം.

വളപ്രയോഗത്തിൽ പ്രത്യേകശ്രദ്ധ വേണം. കാലിവളം ചെടിയൊന്നിന് വർഷം തോറും 10കിലോഗ്രാം വീതം നൽകണം. 15വർഷം പ്രായമായാൽ ഇത് 50കിലോഗ്രാമായി വർധിപ്പിക്കാം. കൂടാതെ രാസവളങ്ങളും. ഒട്ടുതെ വളരുന്നതനുസരിച്ച് താങ്ങു നൽകണം. വളർച്ചയുടെ വേഗം നോക്കിയിട്ട് അത്യാവശ്യം ചില കൊമ്പുകൾ മുറിച്ചു നീക്കാം. ആറു വർഷമാകുമ്പോൾ പരമാവധി ഉയരം നാലു മീറ്ററായും ഏഴു വർഷമാകുമ്പോൾ ഉയരം 4  4.5- മീറ്ററായും നിയന്ത്രിക്കണം.

ഒട്ടുതൈ മൂന്നാം വർഷം കായ്ക്കും. 12-15 വർഷം വേണം പൂർണമായ തോതിൽ സ്ഥിരവിളവു തരാൻ. കുടംപുളി പൂക്കുന്നത് ജനുവരി-മാർച്ച് മാസങ്ങളിലാണ്. വിളയുന്നതാകട്ടെ ജൂലൈമാസവും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറമാകും. വിളവെടുക്കാം, നിലത്തു വീഴുന്നത് പെറുക്കുകയുമാവാം.

കുടമ്പുളിയുടെ പുറന്തോടാണ് സുഗന്ധവ്യഞ്ജനമായുപയോഗിക്കുന്നത്. പഴുത്ത കായുടെ ഉൾഭാഗത്തെ കാമ്പ് കഴിക്കാൻ സ്വാദിഷ്ടം. വിത്തും മാംസളഭാഗവും നീക്കി പുറന്തോട് വെയിലത്തോ പുക കൊള്ളിച്ചോ ഉണക്കാം. ഇപ്പോൾ കൃത്രിമമായി ഓവനിൽവച്ച് ഉണക്കുന്ന പതിവും വ്യാപകം. ഉപ്പും വെളിച്ചെണ്ണയും ചേർത്ത് പുരട്ടിയിളക്കി സൂക്ഷിക്കാം. ഒരു കിലോ പുളിക്ക് 50ഗ്രാം ഉപ്പും 150 മില്ലി വെളിച്ചെണ്ണയും എന്നതാണ് അളവ്. ഒരുകിലോഗ്രാം തോടുണക്കിയാൽ 400 ഗ്രാം വരെ ഉണങ്ങിയ പുളികിട്ടും.

അമ്യത'വും 'ഹരിത'യും

കേരള കാർഷിക സർവകലാശാല രണ്ട് മികച്ച കുടമ്പുളി ഇനങ്ങൾ പുറത്തിറക്കി. അമൃതം, ഹരിത എന്നിവ. കോട്ടയം കുമരകം കാർഷിക ഗവേഷണകേന്ദ്രത്തിന്‍റെ സംഭാവനയാണിവ. വീട്ടുകൃഷിക്ക് ഉത്തമമാണ് ഹരിത. ഉയരവും കുറവ്. നേരത്ത കായ്ക്കും, കായ്കളും നന്ന്. ഒരു മരത്തിൽ നിന്ന് 9.91 കിലോ ഉണക്കപ്പുളികിട്ടും. അമൃതയുടെ കായ്കൾക്ക് സ്വർണമഞ്ഞ നിറമാണ്. ഒരു മരത്തിൽ നിന്ന് ശരാശരി 16.38 കിലോ ഉണക്കപ്പുളി പ്രതീക്ഷിക്കാം. താഴ്ന്ന സ്ഥലങ്ങളിലും തെങ്ങിന് ഇടവിളയായും നടാം. തൈകൾക്ക് തൃശൂർ മണ്ണുത്തിയിലെ സർവകലാശാലയുടെ വിൽപനകേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ മതി.

വളപ്രയോഗം

 

യൂറിയ

രാജ്ഫോസ്

പൊട്ടാഷ്

ആദ്യവര്‍ഷം

40 ഗ്രാം

100 ഗ്രാം

100 ഗ്രാം

2-15 വര്‍ഷം

80 ഗ്രാം

200 ഗ്രാം

200 ഗ്രാം

15-)൦ വര്‍ഷം മുതല്‍

1000 ഗ്രാം

1250 ഗ്രാം

1700 ഗ്രാം

കടപ്പാട്: കര്‍ഷകന്‍© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate