Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / കുറ്റിക്കുരുമുളക് തൈകൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുറ്റിക്കുരുമുളക് തൈകൾ

കുറ്റിക്കുരുമുളക് തൈകൾ നിർമ്മാണം

ആമുഖം

കുരുമുളകിന്റെ പ്രാധാന്യം മനസ്സിലാക്കിയ വാസ്‌കോഡ ഗാമ നാട്ടിലേക്ക് കൊണ്ടുപോകാൻ  സാമൂതിരിയോട് ഇതിന്റെ കുറച്ച് വള്ളികൾ ആവശ്യപ്പെട്ടു. അത് നൽകാൻ മടി കാട്ടിയ മന്ത്രിയോട് കുരുമുളകിന്റെ വള്ളി മാത്രമേ കൊണ്ടുപോകാനാവൂ അവർക്ക് നമ്മുടെ തിരുവുതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയില്ലയെന്ന് പറഞ്ഞതായി ഒരു കഥയുണ്ട്. കഥയെന്തായാലും കുരുമുളക് കൃഷിയും നമ്മുടെ സവിശേഷമായ കാലാവസ്ഥയും തമ്മിലുള്ള ബന്ധമാണ് അത് കാണിക്കുന്നത്. കറുത്തസ്വർണമെന്ന് പുകൾപെറ്റ നമ്മുടെ സ്വന്തം കുരുമുളകിന്റെ സുഗ്ധവ്യഞ്ജനമെന്ന പേരിലുള്ള ഗുണഗണങ്ങൾ വിസ്തരിക്കേണ്ട ആവശ്യമില്ല. കാലങ്ങൾക്കുമുമ്പുതന്നെ വിദേശീയരെ കറുത്തസ്വർണത്തെതേടിയിറങ്ങാൻ പ്രേരിപ്പിച്ച അതിന്റെ ഗുണങ്ങൾ സുവിദിധമാണല്ലോ. എന്നാൽ, ഒരു കാർഷികവിളയെന്ന രീതിയിലുള്ള അതിന്റെ വളർച്ച തളർച്ചകൾ വിലയെയും ബാധിക്കാറുണ്ട് വയനാട്ടിലൊട്ടുക്ക് കുരുമുളക് കൃഷി തകർന്നപ്പോൾ വിലവർധിക്കുകയും മറ്റ് വിദേശരാജ്യങ്ങിൽ നിന്ന് നിലവാരം കുറഞ്ഞവയെത്തിയപ്പോൾ വില താണതും അനുഭവമാണ്. മാർക്കറ്റിൽകിട്ടുന്ന പല കുരുമുളകുപൊടി പാക്കറ്റുകളിലും മായം കലരുന്നതും കീടനാശിനിയുടെ ആധിക്യവും നമ്മൾ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിൽനിന്ന് രക്ഷനേടാൻ അല്പം കുരുമുളക് വീട്ടിൽ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ചട്ടികളിൽ വളർത്താവുന്ന  കുറ്റിക്കുരുമുളകിന്റെ കൃഷി പ്രചാരത്തിലായത് എന്നാൽ, ശരിക്കുള്ള തൈകൾ തയ്യാറാക്കലിന്റെയും ചെടിപരിചരണത്തിന്റെയും അഭാവത്താൽ പല കുറ്റിക്കുരുമുളക് ചട്ടികളും അലങ്കാരത്തിന് മാത്രമായി മാറി.

തൈകൾ തയ്യാറാക്കാം

തൈകൾതയ്യാറാക്കുന്നതിന് മുമ്പ് പോട്ടിങ്് മിശ്രിതം നിറച്ച് പോളിത്തീൻ കവറുകൾ തയ്യാറാക്കണം. മൂന്നുചട്ടി മണൽ, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടി ചാണപ്പൊടി അല്ലെങ്കിൽ രണ്ടുചട്ടി കംമ്പോസ്റ്റ്, ഒരു കിലോ വേപ്പിൻപിണ്ണാക്ക് എന്നിവചേർത്ത് കൂട്ടിക്കലർത്തിയതാണ് പോട്ടിങ് മിശ്രിതം. അത്യാവശ്യം നീളമുള്ള പോളിത്തീൻകവറിന്റെ പകുതിയായിരിക്കണം പോട്ടിങ് മിശ്രിതം.

ഒരു വർഷം പ്രായമെങ്കിലുമുളള കുരുമുളകുകൊടിയുടെ പാർശ്വശിഖരങ്ങൾ നട്ടാണ് കുറ്റികുരുമുളക് ഉണ്ടാക്കുന്നത്.   പാർശ്വശിഖരങ്ങൾ  3 മുതൽ 5 മുട്ടുകളുള്ള  തണ്ടുകളായി മുറിച്ച് സെപ്റ്റംബർ- ഡിസംബർ വരെയുള്ള മാസങ്ങളിലാണ് പോട്ടിങ്ങ് മിശ്രിതം നിറച്ച പോളിത്തീൻ കൂടുകളിൽ വള്ളിത്തലകൾ നടുന്നത്. ഇൻഡോൾ ബ്യൂട്ടിറിക് ആസിഡ് എന്ന സസ്യ ഹോർമോണിന്റെ 1000 പി.പി.എം. (ഒരു ഗ്രാം- ഒരു ലിറ്റർ വെളളത്തിൽ) ലായനിയിൽ 45 സെക്കന്റു നേരം മുക്കിയതിനു ശേഷം പോളിത്തീൻകവറുകളിൽ നടുന്നതാണ് നല്ലത്. ഇങ്ങനെ വേരുപിടിക്കുന്നതിന്റെ അളവ് പകുതിയിൽത്താഴെ മാത്രമേവരുകയുള്ളൂ അതിനാൽ നാം ആവശ്യമുള്ളതിന്റെ ഇരട്ടിതൈകളെങ്കിലും നഴ്‌സറിയിൽ തയ്യാറാക്കണം. ഇങ്ങനെ പോളിത്തീൻകവറുകളിൽനിന്ന് വേരുപിടിപ്പിച്ച തൈകൾ മൂന്നെണ്ണംവീതം നേരത്തെ പറഞ്ഞ രീതിയിൽ തയ്യാറാക്കിയ പോട്ടിങ് മിശ്രിതംനിറച്ച ചട്ടികളിലേക്ക് മാറ്റിനടാം.

തെങ്ങിൻതോപ്പുകളിലും നടാം

വേരുപിടിപ്പിച്ച കുറ്റിക്കുരുമുളക്‌തൈകൾ ചട്ടികളിൽ മാത്രമല്ല തെങ്ങിൻതോപ്പുകളിലും ഇടവിളയാക്കിനടാവുന്നതാണ്. ഓരോ ചെടിക്കും രണ്ടുമീറ്റർ അകലം നൽകണം. അരമീറ്റർ വീതം ആഴവും നിളവും വീതിയുമുള്ള കുഴികളിൽ പോട്ടിങ് മിശ്രിതം നിറച്ചാണ് നിലത്ത് തൈകൾ നടേണ്ടത്. ഒരു സെന്റ് സ്ഥലത്ത് 40-50 തൈകളെങ്കിലും നടാം.

പരിപാലനം

ജൈവകൃഷിരീതിയിൽ ചട്ടികളിൽ നടുന്ന കുറ്റിക്കുരുമുളക് പരിപാലിക്കാൻ മാസത്തിലൊരിക്കൽ ജൈവവളങ്ങൾചേർത്തുകൊടുക്കണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വെർമിവാഷ്‌നേർപ്പിച്ചത്, ഗോമൂത്രം നേർപ്പിച്ചത് എന്നിവ മിതമിയതോതിൽ ഒഴിച്ചുകൊടുക്കാം. ഒരു ചട്ടിക്ക് ഒരു മാസം 20 ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിർത്ത് കലക്കി നേർപ്പിച്ച വെള്ളം എന്നിവയൊഴിച്ചുകൊടുക്കാം. ഇത്‌ചെടികൾക്ക് വേണ്ടത്ര നൈട്രജൻ കിട്ടുന്നതിന് സഹായിക്കും. രാസരീതിയിലാണെങ്കിൽ ചട്ടിയൊന്നിന് രണ്ടുഗ്രാം യൂറിയ 3-4 ഗ്രാം സൂപ്പർ ഫോസ്‌ഫേറ്റ്, 3-4 ഗ്രാം പൊട്ടാഷ് എന്നിവ ഓരോമാസവും ചേർത്തുകൊടുക്കാം. മാസത്തിലൊരിക്കൽ 3 മില്ലിലിറ്റർ അക്കോമിൻ ഒരു ലിറ്റർവെള്ളത്തിൽ കലക്കി ഓരോ ചെടിക്കും ഒഴിച്ചുകൊടുക്കുന്നത് രോഗ-കീട ബാധതടയും.

വള്ളി കോതണം

കുറ്റിക്കുരുമുളക് എപ്പോഴും കുറ്റിയായിത്തന്നെനിലനിർത്തണം. വള്ളികൾ നീണ്ടുവരികയാണെങ്കിൽ മുറിച്ച് കോതി നിലനിർത്തണം. വള്ളികൾ നന്നായി വേരുപിടിച്ച് രണ്ടുവർഷത്തിനകം തന്നെ തിരിയിട്ടുതുടങ്ങും.

ഒരു ചട്ടിയിൽ നിന്ന് കുറഞ്ഞത് അരക്കിലോയ്ക്കടുത്ത് കുരുമുളക് ലഭിക്കും. കരിമുണ്ട, വയനാടൻ എന്നിയിനങ്ങളും സങ്കരയിനങ്ങളും കുറ്റിക്കുരുമുളക് തൈകൾ തയ്യാറാക്കാൻ നല്ലതാണ്.

പ്രമോദ്കുമാർ വി.സി.

pramodpurath@gmail.com

3.36585365854
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top