অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുമ്പളക്കാലം

കുമ്പളക്കാലം

മഴക്കാലത്തിനു മുമ്പ് ആലയ്ക്കുപിറകിൽ ചാണകക്കുഴിക്കടുത്ത് നട്ട്, ആലയുടെ മേൽക്കൂരയിലേക്ക് പടർത്തി, വേനൽക്കാല പച്ചക്കറിയിറങ്ങുന്നതിനുമുമ്പേ മഴക്കാല വറുതിയിൽ പറിച്ചെടുത്ത് കറിവെക്കുന്ന ഒരു കറിക്കായയുടെ നൊസ്റ്റാൾജിയ നമ്മുടെ പല പഴമക്കാർക്കും കാണും. ദേഹമാസകലം വെളുത്ത് നരച്ച്, വലിയവലുപ്പത്തിൽക്കിടക്കുന്ന ഇത്ിന് നാം കുമ്പളങ്ങയെന്ന് പേരുപറയും. ഇപ്പോൾ അണുകുടുംബങ്ങൾക്ക് പാകമായ ചെറിയ സുനാമി കുമ്പളങ്ങളുടെ കാലമാണ്. കൂടിയാൽ 2 കിലോ വരെയേ അത് വലിപ്പം വെക്കൂ. എന്നാൽ പഴയ നാടൻ കുമ്പളങ്ങൾക്ക് കുറഞ്ഞ തൂക്കം 5-6 കിലോയാണ്.

കേരളീയരുടെ ഭക്ഷ്ണസംസ്‌കാരത്തിൽ മോരുകറിയായും ഓലനായും എളവൻ താളിച്ചതായും മൊളീഷ്യമായും കടന്നുവരുന്ന കുമ്പളം ഇളയതായാൽ ഇളവനും മൂത്താൽ കുമ്പളവും ആകുന്നു.

നാം ഭക്ഷണമായും ആയുർവേദമരുന്നായും ഉപയോഗിക്കുന്ന വെള്ളരി വർഗത്തിൽപ്പെട്ട കായാണ് കുമ്പളം. തനിഭാരതീയനാണ് കുമ്പളം. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളർത്തപ്പെടുന്നുണ്ട്.  സാധാരണയായി മൂന്നുതരത്തിൽ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും വൈദ്യരുകുമ്പളമെന്ന വേറൊരിനമായും ചെറുകുമ്പളമെന്ന മറ്റൊരിനമായും. പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫൈഡ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് കുമ്പളം. ബെനിൻകാസ ഹിപ്‌സുഡയെന്നാണ് ശാസ്ത്രനാമം. ഹിന്ദിയിൽ ഗോൾക്കന്ദു, തമിഴിൽ കല്യാൺപൂഷിണി, സംസ്‌കൃതത്തിൽ കൂഷ്മാണ്ഡഃ, പീതപുഷ്പ, ബൃഹത്ഫലം എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്.

ഇതൊരു വെള്ളരിവർഗവിളയാണ്. പന്തൽകെട്ടിയുംവളർത്താവുന്ന ഇതിന്റെ ഇലകൾ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതൽ ഇരുണ്ടതുമായിരിക്കും. മഴക്കാല വിളകൾക്കാണ് സാധാരണ പന്തൽ കെട്ടാറ്. പൂക്കൾക്ക് നല്ലവെള്ളനിറമാണ്. ഒരേചെടിയിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും കണ്ടുവരുന്നു. ആൺപൂക്കൾ സാധാരണരീതിയും പെൺപൂക്കൾ ഫല മഞ്ജരിയോടെയുമാണുണ്ടാവുക.

കൃഷിരീതി

സാധാരണയായി രണ്ടുസമയങ്ങളിലാണ് കേരളത്തിൽ കുമ്പളം കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബർ-ഡിസംബർ കാലങ്ങളിലും ഒരുസെന്റിന് 16-20 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കംമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക.

വിത്തുകൾ

കെ.എ.യു. ലോക്കൽ, ഇന്ദു, എന്നിവയാണ് മികച്ച കുമ്പളം ഇനങ്ങൾ. തമിഴ്‌നാട് കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെ ഹെക്ടറിന് 25-30 ടൺ വിളവുകിട്ടുന്ന, മൂപ്പെത്തിയ കായകൾക്ക് കുറഞ്ഞത് 10 കിലോ വലിപ്പം വെക്കുന്ന കോ-1 മികച്ച കുമ്പളമാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. കോയമ്പത്തൂർ കാർഷിക സർവകലാശാലയുടെതന്നെ കോ-2 എന്നതിന് 2-3 കിലോഗ്രാം തൂക്കമേ വെക്കൂ. 120-130 ദിവസത്തെ മൂപ്പേ ഇതിനുള്ളൂ. ഹെക്ടറിന് 35 ടൺ വിളവുകിട്ടും അതിനാൽത്തന്നെ അധികം വാണിജ്യകർഷകരും തിരഞ്ഞെടുക്കുന്ന ഇനമാണിത്.

നീളംകൂടിയ സാമാന്യം വലിപ്പമുള്ള എ.പി.എ.യു.- ശക്തി എന്നയിനം് ഹൈദരാബാദ് കാർഷിക സർവകലാശാലയുടേതാണ്. 140- 150 ദിവസമാണ് ഇതിന്റെ മൂപ്പ്. ഹെക്ടറിന് 30-35 ടൺ വിളവുകിട്ടും. നീളം കുറഞ്ഞ മുട്ടിന് മുട്ടിന് കായ്പിടിക്കുന്ന സുനാമിയെന്ന് അപരനാമമുള്ളയിനമാണ് വിപണിക്ക് നല്ലത്. സി.ഒ. -1 എന്നയിനവും പ്രചാരത്തിലുണ്ട്. ഒരു തടത്തിൽ നാലോഅഞ്ചോവിത്തുകൾ പാകി മുളപ്പിച്ചതിനുശേഷം മൂന്നില പരുവമായാൽ ഒരുതടത്തിൽ നല്ലകരുത്തുള്ള മൂന്നെണ്ണം മാത്രം നിർത്തി ബാക്കിപിഴുതുകളയണം.

തീരെ മുളയ്ക്കാത്ത തടത്തിലേക്ക് ഇത് മാറ്റിനട്ടാലും മതി.

മഴക്കാലത്ത് പന്തൽ

പന്തലിന്റെ ആവശ്യം കുമ്പളം കൃഷിയിൽ ഇല്ല. മഴക്കാലത്ത് പുരയിടകൃടിയിൽ പന്തലൊരുാം. എന്നാൽ പന്തലിന് നല്ല ഉറപ്പില്ലെങ്കിൽ കുമ്പളം മൊത്തം കായ്ക്കാൻ തുടങ്ങുമ്പോൾ ഭാരം കൂടി പന്തൽ ഒടിഞ്ഞുവീണ് കൃഷിമൊത്തം നശിച്ചുപോവും. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പടരാൻതുടരുന്ന സമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പന്തലിൽ വളർത്തുമ്പോൾ പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ  നിറച്ചും കായപിടുത്തമുണ്ടാവൂ.

രോഗങ്ങളും കീടങ്ങളും

മറ്റ്സാധാരണ വെള്ളരിവർഗ വിളകൾക്കു വരുന്ന കീടങ്ങൾ തന്നെയാണ് കുമ്പളത്തിനെയും ബാധിച്ചുകാണാറ്. കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്തുരപ്പൻപുഴു എന്നിവയാണ് കുമ്പളത്തെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.  വേരുചീയൽ രോഗം, മൊസൈക്ക്‌രോഗം, പൂപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങൾ.

കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പോളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.

എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കുമ്പളത്തെബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.

ഔഷധഗുണങ്ങൾ

ശീതവീര്യമുള്ള ഇത് ശരീരകലകളെതണുപ്പിക്കാൻ കാരണമാകുന്നു. ഇളവനെന്ന ഇളം കുമ്പളം ആയുർവേദത്തിൽ വിരശല്യത്തിന്റെയും പ്രമേഹത്തിന്റെയും  പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ്.

കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫേസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയുമുണ്ട്. നികോട്ടിനിക് അമ്ലം, ഓക്‌സാലിക് അമ്ലംഎന്നിവയും കുമ്പളത്തിൽ അടങ്ങിയിരിക്കുന്നു.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഈപച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക്് വീട്ടിൽ വളർത്താം.

പ്രമോദ്കുമാർ വി.സി.

pramodpurath@gmail.com

9995873877© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate