Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / ജൈവകൃഷി / കയ്ക്കാത്ത കയ്പക്ക
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കയ്ക്കാത്ത കയ്പക്ക

കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും വിത്തുകൾ കൃഷിരീതി രോഗങ്ങളും കീടങ്ങളും ഔഷധഗുണങ്ങൾ

കേരളത്തിലങ്ങോളമിങ്ങോളം കൃഷിചെയ്തുവരുന്ന ഒരു അദ്ഭുതഔഷധഗുണമുള്ള പച്ചക്കറിയിനമാണ് കയ്പക്ക അല്ലെങ്കിൽ പാവൽ. ആംഗലേയത്തിൽ ബിറ്റർ ഗോർഡ് എന്ന് അറിയപ്പെടുന്ന കയ്പയ്ക്ക ഓസ്‌ട്രേലിയയിൽ ബിറ്റർമെലൺ എന്നും അറിയപ്പെടുന്നു. ബിറ്റർ സ്‌ക്വാഷ്, കന്നഡത്തിൽ ഹഗള, തമിഴിൽ പാകൽ, സംസ്‌കൃതത്തിൽ കരേല എന്നും കരീബിയൻ ദ്വീപുകളിൽ സെരാസെ എന്നുവിളിക്കപ്പെടുന്ന നമ്മുടെ പാവയ്ക്ക ബ്രസീലിൽ സെയ്ന്റ് കയ്‌റ്റേനോ മെലയ എന്നാണ് അറിയപ്പെടുന്നത്. തനി ഭാരതീയനാണ് പാവൽ. 12-14 നൂറ്റാണ്ടുകളിൽ ഇത് ചൈനയിലേക്കും മറ്റ് പൂർവേഷ്യൻ രാജ്യങ്ങളിലേക്കും എത്തപ്പെട്ട പാവൽ അവിടങ്ങളിലെ ഭക്ഷണസാധനങ്ങളിൽ ഒഴിവാക്കാനാവാത്ത ഇനമായിമാറി.
പ്ലാനറ്റേ സാമ്രാജ്യത്തിലെ കുക്കുർബിറ്റേസി കുടുംബത്തിലെ മെമോർഡിക്കാ ജനുസ്സിലെ  പാവലിന്റെ ശാസ്ത്രീയനാമം മെമോർഡിക്ക ചാരന്റിയ എന്നാണ്. നന്നായി പടർന്നു പന്തലിച്ച് വളരുന്ന വള്ളിച്ചെടിയാണ് പാവൽ. അഞ്ചുമുതൽ പന്ത്രണ്ട് വരെ സെന്റിമീറ്റർ വലിപ്പംവരുന്ന മൂന്നുമുതൽ ഏഴുവരെ ഇണറുകളുള്ള പരന്ന കടും പച്ചനിറത്തിലും ഇളംപച്ചനിറത്തിലുമുള്ള ഇലകളാണുണ്ടാവുക.
കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും
നല്ല ജൈവപുഷ്ടിയുള്ളതും നീരവാർച്ചയുള്ളതുമായ എല്ലാമണ്ണിലും വളരുന്ന ഇനമാണീ പച്ചക്കറി. ഏഷ്യയിലെയും ആഫ്രിക്കയിലെയും തെക്കേഅമേരിക്കയിലെയും ഉഷ്ണമേഖലാപ്രദേശങ്ങളിൽ നന്നായി വളർന്നുവരുന്നു. കുറഞ്ഞത് 20 ഡിഗ്രിയും കൂടിയാൽ 30 ഡിഗ്രിയുമാണ് കയ്പയ്ക്കയ്ക്ക് അനുയോജ്യമായ താപനില. അന്തരീക്ഷ ഊഷ്മാവ് 18 ഡിഗ്രിയിലും കുറഞ്ഞാൽ ചെടിയുടെ വളർച്ചമുരടിക്കുകയും കായ്പിടിക്കുന്നത് കുറയുകയുംചെയ്യും. ഊഷ്മാവ്കൂടിയാൽ പെൺപൂവുകൾ കൊഴിഞ്ഞുപോവും. മഴക്കാലത്ത്കീടങ്ങളുടെ ആക്രമണം രൂക്ഷമാവുന്നതിനാലും താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാലും കളകളുടെ ആധിക്യവും പാാവൽകൃഷിയെ പ്രതികൂലമായി ബാധിക്കും. മണ്ണിന്റെ അമ്ല-ക്ഷാര സൂചിക 6നും 8നും ഇടയിൽ നിൽക്കുന്നതാണ് അനുയോജ്യം.

കൃഷിരീതി

നല്ലനീർവാർച്ചയുള്ള പശിമരാശിമണ്ണാണ് പാവൽ കൃഷിക്ക് അനുയോജ്യം. നല്ലനീർവാർച്ചയുളളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം കൃഷിയിടം.  സാധാരണയായി രണ്ടു സമയങ്ങളിലാണ് കേരളത്തിൽ കയ്പക്ക കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള മഴക്കാല വിളയായി മെയ്-ജൂൺ കാലങ്ങളിലും ഒരുസെന്റിന് 24 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 20 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക. മഴക്കാലത്താണെങ്കിൽ കുഴികൾക്കുപകരം കൂനകളുണ്ടാക്കി അതിൽ വിത്ത് നടാം.

വിത്തുകൾ


വിവിധവിത്തുകൾ കേരളത്തിൽ പാവൽകൃഷിക്കുപയോഗിച്ചുവരുന്നു. നല്ലവെള്ളനിറമുള്ളതും പുറംഭാഗത്ത് നിറയെമുള്ളുകളുള്ളതുമായ നാടൻ പാവൽ ഇനം കേരളത്തിൽ മുഴുവൻ കൃഷിചെയ്തിരുന്ന ഇനമായിരുന്നു. ഇതിന് ഒരു മീഡിയം നീളമേ ഉണ്ടാകൂ.
പ്രിയ
തൃശ്ശൂർ വെള്ളാനിക്കരയിലെ കേരളകാരഷികസർവകലാശാലയിലെ ഹോർട്ടികൾച്ചർകോളേജ് വികസിപ്പിച്ചെടുത്ത പ്രിയ എന്ന ഇനത്തിന് പ്രതലം നിറയെ മുള്ളുകളുണ്ടാകും. ഏതാണ്ട് 40-50 സെമീ നീളംവെക്കുന്ന ഇനമാണിത്. 50-60 ദിവസമാകുമ്പോഴേക്കും ആദ്യവിളവെടുപ്പ് നടത്താനാവും. ഓരോവിത്തിലും ശരാശരി 250 ഗ്രാം വരെ തൂക്കം വെക്കുന്ന 50 കായകൾവരെ പറിച്ചെടുക്കാം.
കേയമ്പത്തൂർ ലോങ് ഗ്രീൻ

തമിഴ്‌നാട്ടിലെ കോയമ്പത്തൂർഭാഗങ്ങളിൽ നിലവിലുള്ള ഒരു നാടൻ ഇനം കേരളത്തിലെ പാലക്കാട്ട് വിപുലമായി കൃഷിചെയ്തുവരുന്നുണ്ട്. ഇത് അത്യാവശ്യം വലുതാണ്. 60 സെന്റിമീറ്റർ വരെ നീളംവെക്കുന്ന ഇതിന് 350- 450 ഗ്രാം വരെ തൂക്കംവെക്കും. ഒരുഹെക്ടറിന് 18 ടൺവരെയാണ് ഇതിന്റെ വിളവ് ആയതിനാൽത്തന്നെ വൻകിട കർഷകർ മിക്കവാറും ആശ്രയിച്ചുവരുന്നത് ഈ തമിഴ്‌നാടൻ ഇനത്തെയാണ്.
കോ-1

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ  കാർഷികസർവകലാശാല വികസിപ്പിച്ചെടുത്തതാണ് ഈവിത്തിനം. നല്ലപച്ചനിറവും ഇടത്തരം വലിപ്പവുമുള്ള ഇതിന്റെ കായകൾ 20-30 സെ.മീ. നീളവും 100-150 ഗ്രാം തൂക്കവുമുണ്ടാകും. വിളവെടുപ്പ് തുടങ്ങി മൂന്നുമാസം വരെ നല്ല കായ്ഫലം തരുന്നയിനമാണിത്. ഹെക്ടറിന് 15 ടണ്ണോളം വിളവ് ഈയിനം വിത്തിലൂടെ ലഭിക്കുന്നു.
എം.ഡി.യു.-1

തമിഴ്‌നാട്ടിലെ  കാർഷികസർവകലാശാലയിലെ  മധുര കാർഷികകോളേജ്  വികസിപ്പിച്ചെടുത്തതാണ് ഈ വിത്തിനം. നേരി പച്ചനിറം കലർന്ന വെള്ളനിറമുള്ളതും പുറംഭാഗത്ത് നിറയെമുള്ളുകളുള്ളതുമായ ഇത് നല്ല വിളവുതരുന്നയിനമാണ് ഹെക്ടറിന് 30-35 ടൺ വിളവു ലഭിക്കും.
അർക്കരഹീത്

ബാംഗ്‌ളൂരിലെ ഹസർഗട്ടയിലെ ഇന്ത്യൻ ഹോരട്ടികൾച്ചർ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത വിത്തിനമാണിത്. നീളം കുറവും വണ്ണം കൂടുതലുമാണിവയ്ക്ക്. പച്ചനിറത്തിലുള്ള കായയുടെ പുറം ഭാഗത്ത് മുള്ളുകൾ കുറവായിരിക്കും. 100 ദിവസമാണിതിന്റെ വിളവു കാലാവധി. ഹെക്ടറിന് 12 ടൺവരെ വിളവു ലഭിക്കും.
പുസ ദോ- മൗസമി

ന്യൂഡൽഹി പുസയിലെ ഇന്ത്യൻ കാർഷികഗവേഷണകേന്ദ്രം വിസിപ്പിച്ചെടുത്ത ഈ വിത്തലുണ്ടാകുന്ന കായകൾ ചൈനീസ് വെറൈറ്റിപോലെയാണ്. തീരെ മുള്ളുണ്ടാവില്ല. നല്ല പച്ചനിറമായിരിക്കും. 100- 120 ഗ്രാം തൂക്കമുണ്ടാകും. വിത്ത്പാകി 55-60 ദിവസം കൊണ്ട് ആദ്യ വിളവെടുപ്പുനടത്താം. ഹെക്ടറിന് 12-15 ടൺ വിളവുലഭിക്കുന്ന ഇതിന്റെ വിളവുകാലം മൂന്നുമാസമാണ്.
പ്രീതി, പ്രിയങ്ക

കേരള കാർഷികസർവകലാശാല വികസിപ്പിച്ചെടുത്ത
25 സെ.മീ. നിളമുള്ള പ്രീതിക്ക് വെളുത്ത കായകളായിരിക്കും.
30 സെ.മീ. നിളംവെക്കുന്ന ഇടത്തരം ഇനമാണ് പ്രിയങ്ക. കൗർത്തമുള്ളുകളാണ് ഇവയുടെ പ്രത്യേകത. മധ്യകേരളത്തിലും തെക്കൻകേരളത്തിലും കൃഷിചെയ്തുവരുന്നയിനമാണിത് ൃരു ഹെക്ടറിന് 28 ടൺ വിളവുലടിക്കും.
മഹികോയെന്ന സ്വകാര്യകമ്പനിയുടെ മായ എന്ന വിത്തിനവും മികച്ച വിളവുതരുന്നതാണ്.
കൂടാതെ പുസവിശേഷ്, ഫൂലേ ബി.ജി.-6, എൻ.ഡി.ബി.ടി.-1, ഫൈസാബാദി, വൈറ്റ് ലോങ് എന്നിങ്ങനെ ഇനിയും കുറേയേറെയിനങ്ങൾ കയ്പക്കയിലുണ്ട്.

പരിചരണം

വിത്ത് നട്ടാൽ പടവലം, ചുരങ്ങ
എന്നിവപോലെത്തന്നെ മുളയ്ക്കാൻ താമസിക്കുന്ന വിത്താണ് പാവലിന്റേത്.
7മുതൽ 15 ദിവസംവരെയെടുക്കും മുളവരാൻ. മുളവന്നാൽ ശരിക്കും നന കിട്ടിയാൽ ഒരാഴ്ചകൊണ്ട് ചെടിവളർന്നു പന്തലിൽ കയറും. ആ സമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം എന്നാൽ മാത്രമേ നിറച്ചും കായപിടുത്തമുണ്ടാവൂ.  മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്.

രോഗങ്ങളും കീടങ്ങളും

സാധാരണ വെള്ളരിവർഗ വിളകൾക്കു വരുന്ന കീടങ്ങൾ തന്നെയാണ് പാവലിനെയും ബാധിച്ചുകാണാറ്. കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്തുരപ്പൻപുഴു എന്നിവയാണ് കയ്പയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ.  വേരുചീയൽ രോഗം, മൊസൈക്ക്‌രോഗം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങൾ.
കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ പേളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.
എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.
മൊസൈക്ക് രോഗം
മൊസൈക്ക് രോഗമാണ് കയ്പയെ ബാധിക്കുന്ന പ്രധാനരോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം.
രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തേട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.
ഇലപ്പുള്ളിരോഗം
ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നിട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്റെ പ്രതിരോധമാർഗങ്ങൾ.
ഔഷധഗുണങ്ങൾ
പ്രമേഹത്തിന് ഉത്തമ ഔഷധമായാണ് കയ്പക്ക കരുതിവരുന്നത്. പ്രമേഹത്തെ ശമിപ്പിക്കാൻ കഴിവുള്ള കരാന്റിൻ എന്ന രാസവസ്തു കയ്പക്കയിൽ വേണ്ടുവിധം അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് വർധിപ്പിക്കാതെ നോക്കുകയാണ് ഇത് ചെയ്യുന്നത്. മദ്യപാനശീലം ഇല്ലാതാക്കാൻ പാവയ്ക്കക്ക കഴിവുണ്ട്. എച്ച്.ഐ.വി. വൈറസിന്റെ വർധനതടയാനുള്ളശേഷി പാവയ്ക്കക്ക് ഉണ്ടെന്നു പറയപ്പെടുന്നു.  ്ശീതവീര്യമുള്ള ഇത് ശരീരകലകളെതണുപ്പിക്കാൻ കാരണമാകുന്നു. ആയുർവേദത്തിൽ വിരശല്യത്തിന്റെ  മരുന്നാണ് കയ്പക്ക. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ. വയറിളക്കം മാറാനും കുഷ്ഠരോഗ ചികിത്സയിലും കയ്പക്ക ഉപയോഗിക്കുന്നുണ്ട. മഞ്ഞപ്പിത്തംതടയാനും വാതസംബന്ധമായ അസ്വസ്ഥതകൾ കുറയക്കാനും കയ്പക്കനീര് നല്ലതാണ്.
കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ കയ്പക്കയിൽ അടങ്ങിയിരിക്കുന്നു.. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും  നികോട്ടിനിക് അമ്ലം, ഓക്‌സാലിക് അമ്ലംഎന്നിവയും പടവലത്തിൽ അടങ്ങിയിരിക്കുന്നു.
പ്രമോദ്കുമാർ വി.സി.
3.33333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top