অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധക്കൂട്ടമാണെങ്കിലും അറിയാതെ ഭക്ഷിക്കരുത്

ഔഷധക്കൂട്ടമാണെങ്കിലും അറിയാതെ ഭക്ഷിക്കരുത്

കഴിഞ്ഞമാസം പത്രങ്ങളിൽ  വിഷക്കൂൺ കഴിച്ച് ഒരു സ്ത്രീ മരിച്ചതായി ഒരു വാർത്ത കണ്ടു.  അവർ പറിച്ചെടുത്ത് കഴിച്ചത് ഒരിനം മരക്കൂണായിരുന്നു. എന്നാൽ, അത് തിരഞ്ഞെടുക്കാൻ പാരമ്പര്യമായ അറിവ് അവർക്കില്ലായിരുന്നു. അതാണ് അപകടമായത്. പക്ഷേ, എല്ലാ കൂണുകളും അപകടകാരികളാണോ? അല്ല നാം കൃഷിചെയ്ത് വരുന്ന പല കൂണിനങ്ങളും മരക്കൂണുകൾ തന്നെയാണ്. മരത്തിൽ പറ്റിപ്പിടിച്ചു വളരുന്നതും ഒട്ടേറെ പോഷക ഗുണങ്ങളുള്ളതും ഔഷധഗുണത്തിലും രോഗപ്രതിരോധശേഷിയിലും മികവ്കാണിക്കുന്നതും നാരിന്റെ അളവു കൂടുതലുള്ളതുമായ ഒരു ഭക്ഷ്യവസ്തു, മലയാളികൾ തങ്ങളുടെ ഭക്ഷണത്തിൽ വളരെ വിരളമായി മാത്രം ഉൾപ്പെടുത്തുന്നതും എന്നാൽ, നമ്മുടെ നാട്ടിലെ ആദിവാസി ജനതയുടെ ഭക്ഷണത്തിലും രോഗപ്രതിരോധത്തിലും കാലങ്ങളായി അവരെ രക്ഷിച്ചെടുത്തിരുന്നതുമായ വെളുത്തതും ചാര നിറം കലർന്നതുമായ ഒരു ഫംഗസ് വർഗം അതാണ് മരക്കൂണുകൾ. പ്രകൃതിയിൽ പലതരം മരക്കൂണുകൾ കാണപ്പെടുന്നുണ്ട്. നല്ല ഈർപ്പമുള്ള മണ്ണ്, ദ്രവിച്ചതടികൾ, മരങ്ങൾ, വേരുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണ നിലയിൽ പ്രകൃതിയിൽ കൂണുകൾ ഉണ്ടാകുന്നത്.
പ്രായേണ കടുപ്പം കുറവുള്ളതും നാരുള്ളതുമായ തെങ്ങ്, കവുങ്ങ്, പന എന്നിവയിലും മാവ്, കശുമാവ്, റബ്ബർ എന്നിങ്ങനെയുള്ള മരത്തിൽ പറ്റിപ്പിടിച്ചു വളരുന്ന മരക്കൂണുകളാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്.  മണ്ണിൽനിന്ന് നേരിട്ടുമുളച്ചുവരുന്നതും ചിതൽപ്പുറ്റുകളിൽ കണ്ടുവരുന്നതുമായ കൂണുകളാണ് മലയാളികൾ പണ്ടുകാലത്തേ ഭക്ഷണമായി ഉപയോഗിച്ചുവരുന്നത്. കേരളത്തിൽ ആദിവാസികളെപ്പോലുള്ള ചുരുക്കം ചില ആളുകളേ മരക്കൂണുകൾ പറിച്ചെടുത്തു ഭക്ഷിക്കുന്നതായി കണ്ടുവരുന്നുള്ളൂ. പരമ്പരാഗതമായി അറിവുപകരുന്ന തരത്തിലാണ് അവർ കൂണുകൾ ഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. അറിവില്ലാത്തവർ മരക്കൂൺ പറിച്ചെടുത്ത് ഭക്ഷിക്കരുത്. അത് ഗുണത്തെക്കളേറെ ദോഷം ചെയ്യും. ചിലതരം കൂണുകൾ മരണത്തിനുവരെ കാരണമാകും കേരളത്തിൽ ഇപ്പോൾ കൃഷിചെയ്തുവരുന്ന മിക്ക കൂണിനങ്ങളും മരക്കൂണിന്റെ വകഭേദങ്ങളാണ്.
കേരളത്തിൽ കാണപ്പെടുന്ന മരക്കൂണുകൾ മൂന്നു തരത്തിലുണ്ട്. ഭക്ഷ്യയോഗ്യവും ഔഷധഗുണവുമുള്ള ചിപ്പിക്കൂണുകൾ ഉദാഹരണമായി ഷിറ്റാക്കി, ഫ്‌ളാമുലിന തുടങ്ങിയവ, ഭക്ഷ്യയോഗ്യമല്ലാത്തതും എന്നാൽ ഔഷധഗുണങ്ങളുള്ളതുമായ തരം, മൂന്നാമതായി മരങ്ങളുടെ വേരുകളുമായിച്ചേർന്ന് വളരുന്നതായ മൈക്കോറൈസ ഇനത്തിൽപ്പെട്ട കൂണുകൾ ഇവയിൽ ഭക്ഷ്യയോഗ്യമായതും മാരകമായ വിഷമുള്ളതുമായ ഇനങ്ങളുണ്ട്.
ഭക്ഷ്യയോഗ്യമായവ
കൃത്യമായ അറിവുണ്ടെങ്കിൽ മാത്രമേ മരക്കൂണുകളിൽനിന്ന് ഭക്ഷ്യയോഗയമായവ തിരഞ്ഞെടുക്കാനാവൂ. ചിപ്പിക്കൂണുകൾ, ചെവിക്കൂൺ, ഷിറ്റാക്കിക്കൂൺ, ഈനോക്കിടെയ്ക്ക്, മായിടെയ്ക്ക്, ഹണി തുടങ്ങിയവയാണ് കേരളത്തിൽ കാണപ്പെടുന്നതും ഇപ്പോൾ കൃഷിചെയ്തുവരുന്നതുമായ കൂണുകൾ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൂണിനമാണ് ചിപ്പിക്കൂണുകൾ മാത്രമല്ല ലോകത്താകമാനം കൃഷിചെയ്തുണ്ടാക്കുന്നതിൽവെച്ച് 30 ശതമാനത്തോളവും ചിപ്പികൂണിനമാണ്. ചിപ്പിക്കൂണിനത്തിൽത്തന്നെ ചാരയിനം, വെളുത്തയിനം, പിങ്ക് ഇനം, സ്വർണനിറമുള്ളവ എന്നിങ്ങനെ നാലുതരമുണ്ട്. വൈക്കോൽ അറക്കപ്പൊടി, വാഴനാര്,
തെങ്ങിൻമടൽ എന്നിവ മാധ്യമമായി ഇവ വളരും. പ്ലൂട്ടോറസ് സോജർകാജു, ജാമർ, ഓസ്ട്രിയേറ്റസ്, കോർണുകോപ്പിയേ, ട്യൂബരീജിയം, എരിഞ്ഞി, ഡ്രൈനസ് എന്നിങ്ങനെയുള്ളവയാണ് ചാരയിനം ചിപ്പിക്കൂണുകളിൽ പ്രധാനികൾ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിചെയ്തുവരുന്നതാണ് സോജർകാജു. സ്വന്തം ഉപയോഗത്തിനായി ഉണ്ടാക്കാവുന്നതാണിത.് നിറം കുറവായതുകൊണ്ട് വിപണിയിൽ പ്രിയം കുറയും. കേരളത്തിൽ നന്നായി വിളവുതരുന്നവയാണ് ജാമർ ഇനം ചിപ്പിക്കൂണും. ഒരു ബെഡ്ഡിൽനിന്ന് രണ്ടു കിലോഗ്രാം വരെ വിളവുകിട്ടും. ഇളം ചാരനിറവും ദൃഢതയും മാംസളമായ കുടയുമാണിതിന്റെ പ്രത്യേകത.
വയനാട്, ഊട്ടി, ഇടുക്കി തുടങ്ങിയ തണുപ്പുള്ളയിടങ്ങളിൽ കൃഷിചെയ്യാൻ കഴിയുന്നതരം കൂണാണ് ഓസ്ട്രയേറ്റ്‌സ്. ചാരനിറം കലർന്ന തവിട്ടുനിറമുള്ള ഇതിന്  യൂറോപ്പിലാണ് ഏറെ പ്രിയം. യൂറോപ്പിൽ കൃഷിചെയ്തുവരുന്ന മറ്റിനങ്ങളാണ്  ട്യൂബരീജിയം, എരിഞ്ഞി എന്നിവ.
കൃഷിക്കുത്തമം
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന ഫ്ളോറിഡ, തമാഴ്‌നാട് കാർഷിക സർവകലാശാലയുടെ സി.ഒ.2 എന്നിവയും പ്ലൂറോട്ടസ് ഒപൻഷിയേയുമാണ്. സി.ഒ.2 വിന്റെ ശാസ്ത്രനാമം ഹിപ്‌സിസൈഗസ് അൽമേരിയസ് എന്നാണ്. വൈറ്റ് മഷ്‌റൂം ഇനത്തിലാണ് ഇത് പെടുന്നത്. മൊട്ടായിരിക്കുമ്പോൾ വെള്ളനിറവും പൂർണവളർച്ചയെത്തുമ്പോൾ നല്ല വലിപ്പവും ദൃഢതയും തണ്ടിന് കട്ടിയും തൂക്കക്കൂടുതലും ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ കൂൺകർഷകർക്ക് പ്രിയം ഈയിനമാണ്.
വെളുത്തയിനത്തിൽപ്പെട്ട ഫ്ളോറിഡയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഏറ്റവും യോജിച്ചയിനം. വെളുപ്പുനിറം, മൃദുത്വം, മാംസളത, നല്ലവലിപ്പം, തൂക്കം എന്നീഗുണങ്ങളാണ് വിപണിക്ക് േഫ്‌ളാറിഡയെ പ്രിപ്പെട്ടതാക്കുന്നത്. വൈക്കോലിലും അറക്കപ്പൊടിയിലും നന്നായി വളർന്ന് വിളവുതരും. വൈക്കോൽബെഡ്ഡിൽനിന്ന് ഒരു കിലോയും അറക്കപ്പൊടി ബെഡ്ഡിൽ നിന്ന് രണ്ടു കിലോയിലധികവും കിട്ടും. സി.ഒ.1, എച്ച്.യു.ഫ്‌ളാബല്ലോസ്, പ്ലാറ്റിപ്പസ്, ഹോളണ്ട്, പെറ്റലോയ്ഡ് എന്നിവയും കേരളത്തിൽ കൃഷിചെയ്തുവരുന്നു.  ഔഷധഗുണമുള്ളതും പോക്ഷകാംശങ്ങളും നാരുകളും അടങ്ങിയതുമാണ് കൂണെങ്കിലും കൃത്യമായി അറിയാത്ത മരക്കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തതാണ് തടിക്ക് നല്ലത്.

ഔഷധക്കൂട്ടമാണെങ്കിലുംഅറിയാതെ ഭക്ഷിക്കരുത്.


പ്രമോദ്കുമാർ വി.സി.

അവസാനം പരിഷ്കരിച്ചത് : 6/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate