অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഔഷധ ഗുണമുള്ള ചെറുതേന്‍

ഔഷധ ഗുണമുള്ള ചെറുതേന്‍

ഔഷധ ഗുണമുള്ള ചെറുതേന്‍

 

വളര്‍ത്താന്‍ എളുപ്പം, ഔഷധ ഗുണങ്ങളുള്ള തേന്‍, കൊച്ചു കുട്ടികള്‍ക്കു പോലും കൈകാര്യം ചെയ്യാം… ചെറുതേനീച്ചകളുടെ കാര്യം വലിയ സംഭവമാണ്. നഗരത്തിരക്കിനിടയിലും അനായാസം ഇവയെ വളര്‍ത്താം, . ചെറുതേനീച്ചകളുടെ വിശേഷമറിയൂ.

സവിശേഷതകള്‍

പുഷ്പങ്ങളില്‍ മാത്രമല്ല മധുരമുള്ള പദാര്‍ഥങ്ങളിലെല്ലാം ചെറുതേനീച്ച സന്ദര്‍ശിക്കും. ഔഷധച്ചെടികള്‍, ഭക്ഷ്യവിളകള്‍, നാണ്യവിളകള്‍, സുഗന്ധവിളകള്‍, പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, കളകള്‍ തുടങ്ങി മിക്ക സസ്യങ്ങളില്‍ നിന്നും ചെറുതേനീച്ച തേനും പൂമ്പൊടിയും ശേഖരിക്കുന്നുണ്ട്.

അനായാസം കൈകാര്യം ചെയ്യാം

38 cm X 11 cm X 12 cm വലുപ്പമുള്ള പെട്ടികളാണ് ചെറുതേനീച്ച വളര്‍ത്താന്‍ നല്ലത്. നാടന്‍ മരങ്ങളുടെ തടി ഉപയോഗിച്ചാണ് സാധാരണ ഉണ്ടാക്കുക. മരുതാണ് ഏറ്റവും അനുയോജ്യം.

കോളനി വിഭജനം

നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ചെറുതേനീച്ച കോളനി വിഭജിക്കേണ്ടത്. ആ സമയത്ത് കൂടുതല്‍ റാണി സെല്‍ കാണപ്പെടുന്നു. മറ്റു മുട്ടകളോടൊപ്പം റാണി മുട്ടയും എടുത്തുവച്ചാണ് കോളനി വിഭജിക്കേണ്ടത്. ചെറുതേനീച്ച കൂടുകള്‍ മഴനനയാതെയും വെയില്‍ അടിക്കാതെയും സൂക്ഷിക്കണം. ഉറുമ്പ്, ചിലന്തി പോലുള്ള ഇരപിടിയന്‍മാരില്‍ നിന്നു സംരക്ഷണവും ഒരുക്കണം.

തേനെടുക്കല്‍

മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലാണ് തേനെടുക്കേണ്ടത്. ഒരു കൂട്ടിലെ മുഴുവന്‍ തേനും എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടില്‍നിന്നു തേനറകളോടുകൂടിയ ഭാഗം വൃത്തിയുള്ള സ്പൂണ്‍ ഉപയോഗിച്ച് എടുത്തശേഷം വൃത്തിയുള്ള പാത്രത്തിനു മുകളില്‍ കണ്ണി അകലമുള്ള തോര്‍ത്ത് വിരിച്ചുകെട്ടി അതിനു മുകളില്‍ തേനറകള്‍ നിക്ഷേപിക്കണം. ചെറുവെയിലത്ത് വച്ചാല്‍ തേന്‍ പെട്ടെന്നു ശേഖരിക്കാന്‍ കഴിയും. എന്നാല്‍, നല്ല വെയിലത്ത് വയ്ക്കരുത്. അങ്ങനെയുണ്ടായാല്‍ ചൂടേറ്റ് മെഴുകും ഉരുകി തേനിനൊപ്പം താഴത്തെ പാത്രത്തിലേക്ക് വീഴും. ഇങ്ങനെ വീണാല്‍ ആ തേന്‍ ശുദ്ധമായിരിക്കില്ല.

ഒരുക്കാം കെണിക്കൂടുകള്‍

ചുവരുകളിലും, മരപൊത്തുകളിലും, വൈദ്യുതി മീറ്റര്‍ ബോക്‌സുകളിലും ധാരാളം ചെറുതേനീച്ച കൂടുകള്‍ കണാറുണ്ട്. ഇവയെ നമുക്ക് അനായാസം കലങ്ങളിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കും. ഇതിനായി ചെറിയ വാവട്ടമുള്ള കലം കോളനിയുടെ വാതില്‍ ഭാഗത്ത് ചേര്‍ത്തുവച്ച് കളിമണ്ണുപയോഗിച്ചു ചുമരിനോട് ചേര്‍ത്ത് ഉറപ്പിക്കുക. കലത്തിന്റെ പുറകുവശത്തു ഒരു ചെറിയ ദ്വാരം ഇട്ടിരിക്കണം. പിന്നീട് ഒരു 7-8 മാസത്തിനു ശേഷം കലം തുറന്ന് പരിശോധിച്ചാല്‍ ചുവരിനുള്ളിലെ ചെറുതേനീച്ചകള്‍ മുഴുവന്‍ കലത്തിനുള്ളിലേക്ക് വന്നതായി കാണാം. കലത്തിനു മുകളില്‍ തടികൊണ്ടുള്ള അടപ്പുവച്ചു നന്നായി അടച്ചതിനു ശേഷം പുതിയ ചെറുതേനീച്ച കോളനിയായി മാറ്റി സ്ഥാപിക്കാവുന്നതാണ്.
കലം മാത്രമല്ല തടിപ്പെട്ടികളും ഇതുപോലെ കെണിക്കൂടൊരുക്കാന്‍ ഉപയോഗിക്കാം. തടിപ്പെട്ടിയുടെ കുറിയ വശങ്ങളില്‍ ഓരോ ദ്വാരം ഇടണം. ഒരു ദ്വാരത്തില്‍ ചെറിയ ഹോസ് ഘടിപ്പിച്ച് ഭിത്തിയിലും മറ്റുമുള്ള ചെറുതേനീച്ച കൂടിന്റെ വാതില്‍ഭാഗവുമായി ഉറപ്പിക്കണം. ഭിത്തിയിലെ കൂടിന്റെ വാതില്‍ഭാഗം അടര്‍ത്തിയെടുത്ത് പെട്ടിയുടെ എതിര്‍വശത്തുള്ള ദ്വാരത്തില്‍ ഘടിപ്പിച്ചാല്‍ ഈച്ചകള്‍ക്ക് ഭയംകൂടാതെ കൂടിനുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയും. 7-8 മാസത്തിനു ശേഷം ഈച്ചകള്‍ പെട്ടിയിലേക്ക് താമസം മാറിയതായി കാണാം.

വിഭജനം തടിപ്പെട്ടികളില്‍

കോളനി പിരിഞ്ഞ് നഷ്ടമുണ്ടാകാതിരിക്കാന്‍ യഥാസമയം ചെറുതേനീച്ച കോളനി വിഭജിക്കേണ്ടത് അത്യാവശ്യമാണ്. നവംബര്‍ ,ഡിസംബര്‍ മാസങ്ങളാണ് ചെറുതേനീച്ചക്കൂട് വിഭജിക്കാനുത്തമം. ധാരാളം വേലക്കാരി ഈച്ചയും മുട്ടയും പുഴുവും ഉള്ള കോളനികള്‍ തെരഞ്ഞെടുത്ത് തെളിവുള്ള സായാഹ്നങ്ങളില്‍ വിഭജനം നടത്താം. റാണിയുള്ള അറകള്‍ വേണം വിഭജനത്തിനു തെരഞ്ഞെടുക്കാന്‍. മാതൃതേനീച്ചപ്പെട്ടി തുറന്ന്, പകുതി പുഴു അടയും പൂന്‌പൊടി ശേഖരവും കുറച്ച് തേന്‍ ശേഖരവും പുതിയകൂട്ടിലേക്കു മാറ്റുക. എല്ലാപ്രായത്തിലുമുള്ള മുട്ട അട ഉണ്ടെന്ന് ഉറപ്പാക്കണം. തേനടകള്‍ പൊട്ടിയൊഴുകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് ഉറുന്പിന്റെ ആക്രമണത്തില്‍നിന്നു സംരക്ഷണം നല്‍കും.
പിരിക്കാനുപയോഗിച്ച കോളനിയില്‍ റാണിയുടെ സാന്നിധ്യവും പുതിയ കൂട്ടില്‍ റാണിമുട്ടയുടെ സാന്നിധ്യവും ഉറപ്പാക്കണം. റാണി അറ ഇല്ലെങ്കില്‍ അതില്‍ ഒരു റാണി അറ ഗ്രാഫ്റ്റ് ചെയ്തു നല്കണം. രണ്ടുകൂടും അടച്ച് സുരക്ഷിതമാക്കി പുതിയ കൂട് പഴയകൂടിന്റെ സ്ഥാനത്ത് പ്രവേശനദ്വാരം അതേദിശയില്‍ വരത്തക്കവിധം തൂക്കിയിടുക. പഴയകൂട് അടച്ച് കഴിയുന്നത്ര അകലേക്ക് മാറ്റി സ്ഥാപിക്കുക.മുളങ്കൂട് പോലെ നീളത്തില്‍ തുല്യകഷണങ്ങളായി ഉണ്ടാക്കുന്ന തടിപ്പെട്ടിയില്‍ കോളനിയുടെ വിഭജനം വളരെ എളുപ്പമാണ്. വളര്‍ച്ചക്കാലത്ത് പെട്ടിതുറന്ന് ഓരോ ഒഴിഞ്ഞ ഭാഗത്തും പാളികള്‍ ചേര്‍ത്ത് ഘടിപ്പിച്ച് പുതിയ കോളനികളാക്കാവുന്നതാണ്. വിഭജിക്കുന്‌പോള്‍ ആദ്യത്തെ കൂടിന് മുകളിലും രണ്ടാമത്തെ കൂടിന് താഴെയും ആയിരിക്കണം പുതിയ ഒഴിഞ്ഞ പാളിയുടെ സ്ഥാനം. ഈ രീതിയിലുള്ള വിഭജനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ അനായാസം ചെറുതേനീച്ചയെ കൈകാര്യം ചെയ്യാന്‍ സഹായിക്കും.

ചെറു തേനീച്ച കോളനി

കൂടിന്റെ പ്രധാന ഭാഗങ്ങള്‍- പ്രവേശന കവാടം, മുട്ട, പുഴു, അറകള്‍, പൂമ്പൊടി, തേനറകള്‍.

റാണി- ഒരു റാണിമുട്ട വിരിയാന്‍ 6570 ദിവസം വേണം. അഞ്ചു വര്‍ഷമാണ് റാണിയുടെ ആയുസ്. തേനീച്ചക്കോളനിയില്‍ മുട്ടയിടാന്‍ കഴിവുള്ള ഒരേയൊരു പെണ്ണീച്ച റാണി മാത്രമാണ്.

ആണീച്ച- ബീജസങ്കലനം നടക്കാത്ത മുട്ടവിരിഞ്ഞുണ്ടാകുന്നവയാണ് ആണീച്ചകള്‍. മടിയനീച്ചകളെന്നും വിളിക്കും. കൂട്ടിലെ തേന്‍ കഴിച്ച് വെറുതെ ഇരിപ്പാണ് പ്രധാന ജോലി.

വേലക്കാരി -ബീജസങ്കലനം നടന്ന മുട്ട വിരിഞ്ഞ് പുറത്തുവരുന്നവരാണ് ഇക്കൂട്ടര്‍. കോളനി വൃത്തിയാക്കല്‍, കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്കല്‍, കോളനിയുടെ സംരക്ഷണം, തേന്‍ ശേഖരിക്കല്‍ തുടങ്ങി ഒരു തേനീച്ചക്കോളനിയിലെ എല്ലാവിധ ജോലികളും ചെയ്യുന്നത് വേലക്കാരി ഈച്ചകളാണ്. ശരാശരി 80 ദിവസമാണ് ഇവരുടെ ആയുസ്.

തയാറാക്കിയത്
വിപിന്‍ ജോസ്
(ചെറുതേനീച്ച കര്‍ഷകന്‍, കണ്ണൂര്‍)

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate