অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അമര പയര്‍ കൃഷി

അമര പയര്‍ കൃഷി

ചതുരപ്പയറിനോട് ഏറെ സാമ്യമുള്ള  പയർവർഗ്ഗമാണ് അമര.

ഇന്ത്യൻ ബീൻ, ഈജിപ്ത്യൻ ബീൻ എന്നീ പേരുകളിലും    അമര അറിയപ്പെടുന്നു. ചതുരപ്പയറിനെ പോലെ ദൈര്‍ഘ്യം കുറഞ്ഞ പകൽ വള്ളി അമരയും (എല്ലാ സീസണിലും കായിക്കുന്ന കുറ്റിയിനം അമരകൾ ഇന്ന് ലഭ്യമാണ്) പൂക്കാന്‍ നിര്‍ബന്ധമാണ്.

ഈ പ്രകാശസംവേദന സ്വഭാവമാണ് അമരയെ മഴക്കാലവിളയാക്കിയത്. അതായത്, ജൂലൈ, ആഗസ്ത് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍, നവംബറില്‍ പുഷ്പിക്കുന്നതിന് തീര്‍ത്തും അനുയോജ്യമായ കാലാവസ്ഥ ലഭിക്കും.

മഴക്കാലം വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് താത്കാലിക വിരാമമിടുന്നതാണ് നമ്മുടെ രീതി. എന്നാല്‍ ഏത് സാഹചര്യവും അതിജീവിക്കാൻ കഴിവുള്ള അമര ഈ അവസരത്തിലാണ് കൃഷി ചെയ്യുന്നത്.

ഒന്നരയടി നീളവും വ്യാസവും ആഴവുമുള്ള കുഴിയില്‍ പച്ചിലയും ചാണകവും എല്ലു പൊടിയും മേല്‍മണ്ണുമിട്ട് കുഴി നിറച്ച് ഏഴു ദിവസത്തിന് ശേഷം നന്നായി കിളച്ചിളക്കി അമര നടാം.

ഓരോ കുഴിയിലും അഞ്ച് വിത്തെങ്കിലും പാകണം. കനത്ത മഴയായതുകൊണ്ട് തൈകൾ പ്രോ ട്രേയിൽ മുളപ്പിച്ച് മാറ്റി നടുന്നതാണ് നല്ലത്… ഒരു തടത്തില്‍ കരുത്തുള്ള മൂന്ന് തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുമാറ്റണം. ഗ്രോ ബാഗിലാണെങ്കിൽ കരുത്തുള്ള ഒരു തൈ മാത്രം നിർത്തിയാൽ മതി. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലും താങ്ങും നല്‍കി പടരാന്‍ സൗകര്യമൊരുക്കാം. വേലിയിൽ പടർത്തിയും വളർത്താം..

കനത്ത മഴക്ക് ശേഷം ചെടികള്‍ക്കു ചുറ്റും വെള്ളം പുറത്തേക്കൊഴുകാതെ തടങ്ങള്‍ ക്രമീകരിക്കാം.

രണ്ടുപിടി ചാണകവും ഒരു പിടിചാരവും 50 ഗ്രാം രാജ്‌ഫോസും യോജിപ്പിച്ചെടുത്താല്‍ അമരയ്ക്ക് നല്‍കേണ്ട വളക്കൂട്ടായി. പൂക്കുന്ന സമയത്ത് പോട്ടാസ്യം അടങ്ങിയ വളങ്ങൾ നൽക്കാൻ ശ്രദ്ധിക്കണം ഇത് ധാരാളം പൂവും കായയും ഉണ്ടാകാൻ സഹായിക്കും..

മറ്റു പച്ചക്കറികൾക്ക് തണുപ്പു കാലങ്ങളിൽ കണ്ടുവരുന്ന ഫംഗസ് ആക്രമണം അമരയിൽ കണ്ടുവരുന്നില്ല.. പൊതുവെ  രോഗകീടാക്രമണങ്ങൾ അമരയിൽ കണ്ടു വരുന്നില്ലെങ്കിലും ഇടക്ക് പയർ ചായിയുടെ ആക്രമണം കണ്ടു വരുന്നു…

ശരിയായ രീതിയിലുള്ള കീടനിയന്ത്രണ മാർഗ്ഗത്തിലൂടെ ഇവയെ തുരത്താവുന്നതാണ്… തക്കസമയത്ത് നട്ട് പരിപാലിച്ചാൽ 60-75 ദിവസം കൊണ്ട് അമര വിളവ് തന്നുതുടങ്ങും. ഒരു തടമുണ്ടെങ്കിൽ വിട്ടാവാശ്യത്തിന് ദിവസവും ധാരാളം കായകൾ ലഭിക്കും.. കായകൾക്ക് കൂടുതൽ മൂപ്പെത്തുന്നതിന് മുമ്പ് വിളവെടുക്കണം..

വള്ളി ചിനപ്പുകളുടെ അഗ്രഭാഗത്ത് കുലകളായാണ് കായകൾ ഉണ്ടാകുക, അതു കൊണ്ട്തന്നെ വിളവെടുപ്പിന് ശേഷം വള്ളി തലപ്പുകൾ മുറിച്ച് കളഞ്ഞാൽ പുതിയ ചിനപ്പുകൾ വളരുകയും ധാരാളം കായകൾ ലഭിക്കുകയും ചെയ്യും..

അമരയുടെ അടുപ്പക്കാരായ കൊത്തമരയും ചതുരപ്പയറും ജൂലായ് ആഗസ്ത് മാസത്തില്‍ ആണ്  കൃഷി ചെയ്യേണ്ടത്. നട്ട് നല്ല വളര്‍ച്ചയെത്തുമ്പോഴേക്കും കിട്ടുന്ന ദൈര്‍ഘ്യം കുറഞ്ഞ പകല്‍ മൂവരുടെയും പുഷ്പിക്കലിന് പ്രേരണയാകുന്നു.

ഇന്ത്യയില്‍ ജന്മംകൊണ്ട അമര മാംസ്യസമ്പുഷ്ടമായ പച്ചക്കറിയാണ് 30 ശതമാനത്തോളമുള്ള പ്രോട്ടീന്‍ തന്നെയാണ് അമരയെ പച്ചക്കറി കൃഷിയിലെ അമരക്കാരനാക്കുന്നത്.

മൺസൂൺ കാലത്തും കൃഷി ചെയ്യാം എന്നതിനാൽ ഖാരിഫ് വിളകളുടെ പട്ടികയിലും  അമര സ്ഥാനം പിടിച്ചിട്ടുണ്ട്.

അവസാനം പരിഷ്കരിച്ചത് : 1/11/2022



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate