ഒരു കുഴിയിൽ ഒരു വാഴ എന്നതാണ് കൃഷിരീതി. എന്നാൽ, ഒരുകുഴിയിൽ രണ്ടുവാഴവെച്ചാലോ? വിളവും ആദായവും ഇരട്ടിയാകും ചെലവും കുറയും. കൂട്ട വാഴക്കൃഷി അല്ലെങ്കിൽ കുണ്ട വാഴക്കൃഷി എന്നിവ നമ്മൾ കേരളീയർ പണ്ടുമുതലേ ചെയ്തുവരുന്നതാണ്. അതിലൂടെ ഞാലിപ്പൂവൻ, റോബസ്റ്റ, പൂവൻ, നേന്ത്ര, മൈസൂർ എന്നിങ്ങനെ നമ്മുടെ നാട്ടിൽ കൃഷിചെയ്തുവരുന്ന ഒട്ടേറെയിനങ്ങൾ ചെലവുകുറച്ച് കൃഷിചെയ്യാം.
നനയും നല്ല സൂര്യപ്രകാശവും ലഭിച്ചാൽ വാഴക്കൃഷി പുഷ്ടിപ്പെടും. പുഷ്ടിയുള്ളവാഴകളിൽ നല്ല കുലയും ആദായവും കൂടും. ഇരട്ടവാഴകൃഷി ഇരട്ടി ആദായം നൽകും.
കന്നുകൾ
ഇരട്ടവാഴക്കൃഷിയിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ടകാര്യം കന്നുകളുടെ തിരഞ്ഞെടുപ്പാണ്. ഒരേ വലിപ്പത്തിലും പ്രായത്തിലുമുള്ള പിള്ളക്കന്നുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഒരേസമയത്ത്, കുലയ്ക്കാനും വിളവെടുക്കാനും ഉള്ള സൗകര്യവും നൽകേണ്ടുന്ന പോഷണത്തിന്റെ അളവ് കൃത്യപ്പെടുത്താനും ഇങ്ങനെയുള്ള കന്നുകൾ സഹായിക്കും.
കുഴിയെടുക്കൽ
വാഴക്കന്നുകൾ നടുന്നതിന് കുറഞ്ഞത് പതിനഞ്ചുദിവസം മുമ്പെങ്കിലും കുഴിയെടുക്കണം. സാധാരണ വാഴക്കന്നുകൾക്ക് 50 സെന്റിമീറ്റർ നീളത്തിലും വീതിയിലുമാണ് കുഴിയെടുക്കുന്നതെങ്കിൽ ഇരട്ടവാഴക്കൃഷിക്ക ഒരു മീറ്റർ സമചതുരത്തിൽ കുഴിയെടുക്കണം. വരികളും നിരകളും തമ്മിൽ രണ്ട് മീറ്റർ അകലം നൽകണം. കന്നുകൾ നടുന്നതിന് രണ്ടുദിവസം മുമ്പ് തിളച്ചവെള്ളത്തിൽ മുക്കിയെടുക്കുന്നത് നന്ന്. ടിഷ്യുകൾച്ചർ തൈകളാണ് ഉപയോഗിക്കുന്നതെങ്കിൽ ് ഒരേ വലിപ്പത്തിലുള്ള കന്നുകൾ ഉപയോഗിക്കണം. തള്ളക്കുഴിയിൽ രണ്ട് പിള്ളക്കുഴിയെടുത്താണ് രണ്ട് വാഴകളും നടേണ്ടത്. ജൈവവളവും മേൽമണ്ണും ഉപയോഗിച്ച് കുഴിനിറയ്ക്കണം. ഇങ്ങനെ ഒരു ഹെക്ടറിൽ 1700-നടുത്ത് കുഴികളിലായി 3400 വാഴയോളം നടാം. ടിഷ്യൂകൾച്ചർ തൈകളാണ് നടുന്നതെങ്കിൽ നന്നായി ശ്രദ്ധിക്കണം. കവർ ശ്രദ്ധയോടെ പൊട്ടിച്ച് വേരിന് ഇളക്കം തട്ടാതെ കുഴിക്ക് മുകളിലാണ് അധികം ആഴത്തിലല്ലാതെ നടണം ആദ്യത്തെ രണ്ടാഴ്ച തണൽ നൽകണം നനയും.
വളം നൽകൽ
സാധാരണവാഴക്കന്നുകൾക്ക് അടിവളമായി 10 കിലോ
ജൈവവളവും ഒരു കിലോ കുമ്മായവും ടിഷ്യൂകൾച്ചർ തൈകളാണെങ്കൽ 15-20 കിലോ ജൈവവളം നൽകണം. വേനൽകാലത്ത് മൂന്നുദിവസത്തിലൊരിക്കൽ നനയ്ക്കണം.വാഴച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കരുത്. നേന്ത്രനാണെങ്കിൽ നല്ല വിളവുലഭിക്കാൻ രണ്ടുദിവസത്തിലൊരിക്കൽ 50 ലി്റ്റർ വെള്ളം നൽകണം.
പച്ചില പുതയൊരുക്കണം
വേനൽക്കാലത്ത് പച്ചിലയോ വൈക്കോലോ ഉണക്കപ്പുല്ലോ ഉപയോഗിച്ച് പുതയിടണം. വാഴ കുലയ്ക്കുന്നതുവരെ കന്നുകൾ വളരാൻ അനുവദിക്കരുത്. വാഴയുടെ കുല ചാടിക്കഴിഞ്ഞാൽ മുളയ്ക്കുന്ന കന്നുകളിൽ രണ്ടോമൂന്നോ നിലനിർത്തി വിത്തുകന്നുകളാക്കാം.
ഇരട്ടവാഴകളുടെ മെച്ചങ്ങൾ
ഒരു കുഴിയിൽ രണ്ടുവാഴയെന്നതിനാൽ ഒരു കുഴിക്ക് കൂലിച്ചെലവ് കുറവ്, രണ്ടു കുലകളെന്ന മെച്ചം, വിളവെടുക്കാനുള്ള കാലത്തിന്റെ കുറഞ്ഞ അളവ്, വളത്തിന്റെയും വെള്ളത്തിന്റെയും പരമാവധി ഉപയോഗം ഉറപ്പുവരുത്താം, കൃഷിസ്ഥലത്തിന്റെ വിസ്തൃതി
പരമാവധി ഉപയോഗപ്പെടുത്താം. എന്നിയെല്ലാമാണ് ഇരട്ടവാഴയുടെ മെച്ചങ്ങൾ. തുടങ്ങാം ഇരട്ടവാഴക്കൃഷി.
പ്രമോദ്കുമാർ വി.സി.