ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാല്‍ ദിവസങ്ങളോളം വാടാതിരിക്കും.

കോഴിയിറച്ചിയില്‍ ഒരു പകുതി ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചു സമയം വെച്ച ശേഷം റോസ്റ്റ് ചെയ്‌താല്‍ ഇറച്ചിക്ക് നല്ല നിറം കിട്ടും.

ഇറച്ചി വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്ത് വേവിക്കാതെ വെന്ത ശേഷം ഉപ്പ് ചേര്‍ത്താല്‍ കൂടുതല്‍ മൃദുവായിരിക്കും.

കോഴിയിറച്ചി കഷണങ്ങളില്‍ അല്‍പ്പം നാരങ്ങാ നീര് പുരട്ടിയിട്ട് പാകം ചെയ്‌താല്‍ കോഴിക്ക് നല്ല മയം ഉണ്ടായിരിക്കും.

ഇറച്ചി മാര്‍ദവം ഇല്ലെന്നു തോന്നിയാല്‍ പാകം ചെയ്യുന്നതിന് മുന്‍പ് അല്‍പ സമയം പപ്പായയുടെ ഇലയില്‍ പൊതിഞ്ഞു വെക്കുക. പിന്നീട് പാകം ചെയ്‌താല്‍ ഇറച്ചിക്ക് നല്ല മാര്‍ദവം ഉണ്ടാകും.

സ്റ്റൂവും മപ്പാസും ഉണ്ടാക്കുമ്പോള്‍ ഉലുവയിട്ട് കടുക് വറുത്താല്‍ കറിക്ക് നല്ല സ്വാദ് ഉണ്ടായിരിക്കും.

വെള്ളത്തിന് പകരം തേങ്ങാ വെള്ളത്തില്‍ രസം തയ്യാറാക്കിയാല്‍ രുചിയേറും

ഉരുളകിഴങ്ങിന്റെ പുറംതൊലിയില്‍ വെണ്ണ പുരട്ടി ബെയ്ക്ക് ചെയ്‌താല്‍ തൊലി വിണ്ടു കീറി പൊട്ടാതിരിക്കും ഇങ്ങനെ ചെയ്ത ഉരുളകിഴങ്ങ് വെച്ചുണ്ടാക്കുന്ന കറികള്‍ക്ക് കൂടുതല്‍ രുചിയുണ്ടാകും.

കുടംപുളി കേടാകാതിരിക്കാന്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കുക.

മിക്‌സിയുടെ ബൗളിനുള്ളിലെ ദുര്‍ഗന്ധം മാറാന്‍ പുതിനയിലയോ നാരങ്ങാ തൊലിയോ ഇട്ട് അടിക്കുക.

ജാറിനുള്ളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും അടിച്ചാല്‍ ബൗളിനുള്ളില്‍ മസാല പറ്റിപ്പിടിച്ചിരിക്കില്ല.

മസാല പുരട്ടിയ മീനിന്‍റെ മീതെ മുട്ട പതച്ചത് വളരെ നേര്‍മ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകയില്ല.

ചൂടായ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താല്‍ പൊടിഞ്ഞു പോകയില്ല.

ആവിയില്‍ വെന്തവ ശരീരത്തിനു നല്ലതാണു ... പുട്ട്, ഇഡ്ഡലി,ഇടിയപ്പം തുടങ്ങിയവ.

ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.

ഇഡ്ഡലിക്ക് നല്ല മയവും രുചിയും കിട്ടാന്‍ അരി അരക്കുമ്പോള്‍ ഒരു പിടി അവല്‍ കൂടി ചേര്‍ത്താല്‍ മതി.

ഇഡ്ഡലി ഉണ്ടാക്കുന്ന മാവില്‍ കുറച്ചു എണ്ണ(ഒലീവ്) ഒഴിച്ചു നന്നായി ഇളക്കിയ ശേഷം ഇഡ്ഡലി ഉണ്ടാക്കുകയാണെങ്കില്‍ നല്ല രുചിയുള്ള, സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റും.

അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്ന് അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വയ്ക്കുക .അച്ചപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.

പച്ചമുളക് കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പു നീക്കി കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുക.

മട്ടന്റെ ഉളുമ്പ് മണം മാറാന്‍ രണ്ടു കുടംപുളി ഇട്ടു വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.

പരിപ്പ് വേവിക്കുമ്പോള്‍ തിളച്ചു മറിയാതിരിക്കാന്‍ തിള വരുമ്പോള്‍ ഒരു തുള്ളി എണ്ണ ചേര്‍ക്കുക.

ഗരം മസാല, ജീരകം ഇവയുടെ മണവും സ്വാദും നഷ്ടപ്പെടാതിരിക്കാന്‍ പ്രകാശം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക