অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവകൃഷിയുടെ പ്രസക്തി

ജൈവകൃഷിയുടെ പ്രസക്തി

“ജൈവകൃഷി” ഇന്ന് കാർഷികമേഖലയിൽ ഒരു അപരിചിത പദമല്ല. പ്രകൃതിയോട് സമരസപ്പെട്ടുകൊണ്ടുള്ള ക്യഷിസമ്പ്രദായം ആണിത്. പ്രക്യതിയെയോ അതിലെ ആവാസ വ്യവസ്ഥകളെയോ ഒട്ടുംതന്നെ അലോസരപ്പെടുത്താതെതന്നെ നൂതന കൃഷി സാങ്കേതങ്ങളുപയോഗിച്ച് മെച്ചപ്പെട്ട വിളവ് ഉറപ്പുവരുത്തുക എന്നതാണ് ഇത്തരം കൃഷിരീതികളിൽ ചെയ്യുന്നത്. എന്നു തന്നെയല്ല, അതീവഹാനികരങ്ങളായ രാസവസ്തുക്കളുടെയും, രാസവളങ്ങളുടെയും ഉപയോഗം ഇത്തരം ക്യഷിരീതികളിൽ പാടേ വർജിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക പ്രദേശത്തെ സംബന്ധിച്ചിടത്തോളം, ആ പ്രദേശത്തെ ഋതുഭേദങ്ങൾ, മണ്ണിന്റെ സവിശേഷഘടന, ആവാസ വ്യവസ്ഥ എന്നിവയെ ഇത്തരം കൃഷിരീതികളിൽ സമന്വയിപ്പിച്ചിരിക്കുന്നു. ഇതര കൃഷിരീതികളിൽനിന്ന് വിഭിന്നമായി, 'കള' (Weed) കളെയും "കീട' (pest)ങ്ങളെയും ഒട്ടൊരു സൗഹൃദമനോഭാവത്തോടെ വീക്ഷിക്കുന്നു എന്നതും ഇത്തരം കൃഷിരീതിയുടെ പ്രത്യേകതയാണ്.

ജനങ്ങൾക്കും, പരിസ്ഥിതിക്കും ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനമാണ് ജൈവകൃഷിരീതികൾ മൂലം ലഭിക്കുന്നത്. മണ്ണിന്റെ ഫലപുഷ്ടി സുദീർഘകാലത്തേക്ക് മെച്ചപ്പെടുത്തുക, പരിസ്ഥിതിയെ അലോസരപ്പെടുത്താതെ തന്നെ കീടങ്ങളെയും രോഗബാധകളെയും നിയന്ത്രണാധീനമാക്കുക, ജലസ്രോതസ്സുകളുടെ ശുദ്ധിയും, സുരക്ഷിതത്വവും ഉറപ്പുവരുത്തുക, കർഷകന് അവശ്യം വേണ്ട അടിസ്ഥാന വസ്തുക്കൾ (വിത്ത്, കാർഷികോപകരണങ്ങൾ, വളം) തുടങ്ങിയവ ഏറ്റവും ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുക, ഉയർന്ന ഗുണനിലവാരമുള്ള വിളവ് ഉൽപ്പാദിപ്പിക്കുകയും, അത് മെച്ചപ്പെട്ട രീതിയിൽ വിപണനം നടത്തുകയും ചെയ്യുക എന്നിവയും ജൈവകൃഷിരീതി ലക്ഷ്യമിടുന്നു.

ആധുനിക കൃഷിരീതി വിവിധയിനം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം ക്യഷിരീതികളിൽ ഉപയോഗിക്കുന്ന ക്യതിമ വളങ്ങളും കളനാശിനികളും, വെള്ളത്തിലൂടെ ഒലിച്ച് നദി, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകളിലെത്തി അവയെ മലിനപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യുന്നു. കൃത്രിമ വളങ്ങളുടെ നിരന്തര ഉപയോഗം മൂലം മണ്ണിലെ ജൈവവസ്തുക്കളുടെ തോത് ക്രമേണ ക്ഷയിക്കപ്പെടുന്നു. മാത്രമല്ല, ഓരോ വർഷവും തലേവർഷം ഉപയോഗിച്ചതിനേക്കാൾ കൂടുതൽ അളവ് കൃത്രിമ വളങ്ങൾ ഉപയോഗിക്കേണ്ടതായി വരുന്നു. വിളവിന്റെ തോത് ആകട്ടെ, മെച്ചപ്പെടുന്നില്ലതാനും. കൃത്രിമ വളങ്ങൾ മണ്ണിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും, മണ്ണിന്റെ ഘടനയെ വ്യത്യാസപ്പെടുത്തുകയും ചെയ്യുന്നു. മണ്ണിലെ വായുസഞ്ചാരവും ദുർബലമാക്കുന്നു. ഇതിനെല്ലാമുപരി കൃത്രിമ കീടനാശിനികളുടെ നിരന്തര ഉപയോഗം മൂലം കീടങ്ങൾ, വിവിധ രോഗങ്ങൾ തുടങ്ങിയവക്ക് പടിപടിയായി ഇത്തരം രാസവസ്തുക്കളോട് ഒരു പ്രതിരോധശേഷി രൂപപ്പെടുന്നു. തന്മൂലം അവയുടെ ഉന്മൂലനം നാൾ ചെല്ലുന്തോറും കൂടുതൽ ദുഷ്കരമായിത്തീരുന്നു. കൃത്രിമ കീടനാശിനികളുടെ അവശിഷ്ടങ്ങൾ മണ്ണിൽ ദീർഘകാലം നിലനിൽക്കുന്നു. ക്രമേണ, ഇവ ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യരുടേയും മൃഗങ്ങളുടേയും ശരീരത്തിൽ പ്രവേശിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നു.

മണ്ണിന്റെ ഘടനയും സംപുഷ്ടതയും മെച്ചപ്പെടുത്തുക എന്നത് ജൈവകൃഷിരീതിയുടെ പ്രഥമവും പ്രധാനവുമായ ഘടകമാണ്. ഇതിനുവേണ്ടി വിളയുടെ അവശിഷ്ടഭാഗങ്ങളും ജന്തുജന്യ വളങ്ങളും ചാക്രികമായി ഉപയോഗപ്പെടുത്തുന്നു. ശരിയായ സമയത്തുതന്നെ മണ്ണിനെ കൃഷിക്ക് പാകപ്പെടുത്തുക, വിള പരിവർത്തനരീതികൾ അവലംബിക്കുക, പച്ചിലകളും നൈട്രജൻ സംയുക്തങ്ങളുടെ ഖനികളായ പയർവർഗ്ഗ സസ്യങ്ങളുടെ അവശിഷ്ടഭാഗങ്ങളും വളമായി ഉപയോഗപ്പെടുത്തുക, പുതയിടുക തുടങ്ങിയവ മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താനുപകരിക്കുന്നു.

കള-കീട രോഗബാധകളെ നിയന്ത്രിക്കുന്നതിനും ജൈവ കൃഷിരീതിയിൽ തനതായ മാർഗ്ഗങ്ങളുണ്ട്. ശ്രദ്ധാപൂർവ്വം വിള തെരഞ്ഞെടുക്കുക, പ്രതിരോധശേഷി കൂടുതലുള്ള വിളയിനങ്ങൾ ഉപയോഗിക്കുക, മെച്ചപ്പെട്ട പരിചരണരീതികൾ അവലംബിക്കുക, വിളപരിവർത്തനം, കീടങ്ങളെ നശിപ്പിക്കാൻ അവയുടെ പ്രക്യത്യാ ഉളള ശത്രുക്കളെ തന്നെ ഉപയോഗപ്പെടുത്തൽ, മെച്ചപ്പെട്ട ജനിതകമുള്ള വിളയിനങ്ങൾ ഉപയോഗിക്കൽ, പ്രക്യതിദത്ത കീടനാശിനികൾ (ഉദാ: പുകയിലക്കഷായം) തുടങ്ങിയവ ഉപയോഗിക്കൽ എന്നിവയാണ് പ്രമുഖ പ്രതിരോധ മാർഗ്ഗങ്ങൾ.

ഇവ കൂടാതെ ജലസ്രോതസ്സുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക എന്നതും ജൈവക്യഷി സമ്പ്രദായത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

ജൈവകൃഷി ഇന്ത്യയിൽ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ജൈവകൃഷി എന്ന ആശയം അപരിചിതമല്ല. ഭാരതത്തിലെ വ്യത്യസ്ത ഭൂവിഭാഗങ്ങളിൽ വൈവിധ്യമാർന്ന കാലാവസ്ഥ ഭേദങ്ങളിൽ ജൈവകൃഷി സമ്പ്രദായം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ജൈവകൃഷി സമ്പ്രദായത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണങ്ങൾ പലതാണ്. ഉയർന്ന ഉല്പാദനക്ഷമതയുള്ള വിവിധയിനം വിളകളുടെ അവതരണത്തോടൊപ്പം കൃത്രിമവളങ്ങൾ, കീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു കാർഷിക സംസ്കാരത്തോടെയാണ് ഇന്ത്യയിൽ ഹരിതവിപ്ലവം സാക്ഷാൽക്കരിക്കപ്പെട്ടത്. 1992-93 കാലഘട്ടങ്ങളിൽ രാജ്യത്തെ കൃത്രിമ രാസവള ഉപഭോഗം 12.16 മില്യൺ ടൺ ആയി ഉയർന്നു. 1951-52 കാലഘട്ടങ്ങളിൽ ഇത് 66000 ടൺ ആയിരുന്നു. കീടനാശിനികളുടെ ഉപഭോഗവും ഇപ്രകാരം ഉയർന്നിട്ടുണ്ട്. ഈ രാസവള കീടനാശിനികളെല്ലാം തന്നെ ഉല്പാദിപ്പിക്കുന്നത് ഫോസിൽ ഇന്ധനങ്ങളിൽനിന്നാണ്. വരും നാളുകളിൽ പ്രതീക്ഷിതമായ ഫോസിൽ ഇന്ധനങ്ങളുടെ ദൗർലഭ്യം സ്വാഭാവികമായും കൃത്രിമവള-കീടനാശിനികളെയും ബാധിക്കും. ലഭ്യതയിൽ വരുന്ന കുറവും, തന്മൂലമുണ്ടാകുന്ന വിലവർദ്ധനവും കാർഷികോല്പാദനത്തിലും പ്രതിഫലിക്കും. വർദ്ധിച്ചു വരുന്ന ജനസംഖ്യക്കനുസ്യതമായി ഉയർന്ന സുസ്ഥിരമായ കാർഷികോല്പാദനം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഹരിത വിപ്ലവകാലത്ത് നാം നേടിയ ഉയർന്ന ഉല്പാദനം പിന്നീടങ്ങോട്ട് ഉണ്ടായിട്ടില്ലെന്നും ഉല്പാദന ക്ഷമതയിൽ വേണ്ട സുസ്ഥിരത നേടുവാൻ ആയിട്ടില്ലെന്നും ശാസ്ത്രജ്ഞർ തന്നെ വിലയിരുത്തിയിട്ടുണ്ട്.

വളം, കീടനാശിനി തുടങ്ങിയവയുടെ വർദ്ധിച്ച ഉപഭോഗം മണ്ണിനെയും ജലാശയങ്ങളേയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു (Degradition). രാസയൗഗികങ്ങളടങ്ങിയ വളം-കീടനാശിനികളുടെ നിരന്തരമായ ഉപഭോഗം അതീവ ആപൽക്കരമായ ഒരു സ്ഥിതി വിശേഷം സംജാതമാക്കാൻ വഴി തെളിക്കുന്നു. ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾ ക്രമേണ ഫലപുഷ്ടി നഷ്ടപ്പെട്ട് തരിശു നിലങ്ങളാകുന്നു. കൃഷിയിടങ്ങളിൽ സംഭവിക്കുന്ന രാസമലിനീകരണം ഉപരിതല ജലസ്രോതസ്സുകളെ മാത്രമല്ല, ഭൂഗർഭജലത്തേപ്പോലും മലീമസമാക്കുന്ന ഒരു ദുരന്തത്തിലേക്കാണ് കൈചൂണ്ടുന്നത്. ഉല്പാദനം വർദ്ധിപ്പിക്കുന്നതോടൊപ്പം മണ്ണിന്റെ ആരോഗ്യവും, ഭൂഗർഭജലസ്രോതസ്സുകളുടെ പരിശുദ്ധിയും നിലനിറുത്തുക എന്നതാണ് രാസവസ്തുവിമുക്തമായ ഒരു ക്യഷിരീതി വികസിപ്പിച്ചെടുക്കുന്നതിലെ പ്രധാന ദൗത്യം.

ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചിടത്തോളം വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്ന പല രാജ്യങ്ങളും ഈയിടെ രാസവസ്തുവിമുക്തമായ ജൈവ കൃഷിരീതിയിലേക്ക് തിരിയാനുള്ള കാരണം ഇതായിരിക്കാം. അതിനാൽ മനുഷ്യനുൾപ്പെടുന്ന ജൈവമണ്ഡലത്തിന്‍റെ നിലനിൽപിനും ക്ഷേമത്തിനും പ്രകൃത്യാ ഉള്ള ഒരു സന്തുലനം കൊണ്ടുവരേണ്ടതുണ്ട്. തന്മൂലം ജൈവകൃഷിയുടെ സ്വീകാര്യത പ്രതിദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മിക്കവാറും എല്ലാ രാഷ്ട്രങ്ങളും ഇത്തരം ക്യഷിരീതി അനുവർത്തിക്കുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്. IFOAM-ന്‍റെ (International Federation of Organic Agricultural Movement) റിപ്പോർട്ട് പ്രകാരം ലോകത്താകമാനമുള്ള ജൈവകൃഷിയിടങ്ങളുടെ ആകെ വിസ്തീർണ്ണം ഏതാണ്ട് 24 മില്യൺ ഹെക്ടർ ആണ്; 130-ഓളം രാഷ്ട്രങ്ങൾ ഈ രീതി സ്വീകരിച്ചിരിക്കുന്നു എന്നു വരികിലും, വിപണനം ഏതാനും വ്യവസായവൽക്യത രാഷ്ട്രങ്ങളിലായി മാത്രം ഒതുങ്ങി നിൽക്കുന്നു. വരും നാളുകളിൽ പക്ഷേ, ജൈവ ഉൽപ്പന്നങ്ങളുടെ കമ്പോളം വിസ്ത്യതമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്; കാരണം തങ്ങളുടെ ആരോഗ്യത്തെപ്പറ്റി ലോകത്തെ ഭൂരിപക്ഷം ജനങ്ങളും ബോധവാന്മാരായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാസവിമുക്തമായ ജൈവ ഉൽപ്പന്നങ്ങളുടെ ആവശ്യകത ഏറുക തന്നെ ചെയ്യും. ഏറ്റവും കൂടുതൽ ജൈവക്യഷിയിടങ്ങളുള്ള രാഷ്ട്രങ്ങളിൽ പ്രമുഖസ്ഥാനം ആസ്ട്രേലിയ, അർജന്റീന, ഇറ്റലി, കാനഡ, യു.എസ്.എ. എന്നിവയാണ്. ചില രാഷ്ട്രങ്ങൾ ജൈവകൃഷിരീതിയെ ഔദ്യോഗികതലത്തിൽത്തന്നെ അംഗീകരിച്ചിട്ടുണ്ട്.

ജൈവകൃഷിയുടെ ദോഷവശങ്ങൾ

ഉല്പാദനത്തിൽ ഉണ്ടാകാവുന്ന അസ്ഥിരതയാണ് ഒരു പ്രധാന ദോഷവശം. ഏറ്റവും അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളിൽപ്പോലും, പലപ്പോഴും അതേ സാഹചര്യങ്ങളിൽ പരമ്പരാഗത ക്യഷിയിൽ നിന്നു ലഭിക്കുന്നത്ര വിളവ് ജൈവകൃഷിയിടങ്ങളിൽ നിന്ന് ലഭിക്കുന്നതായി കാണാറില്ല. പച്ചക്കറികൾ, മുന്തിരി, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളവുകളിൽ ഈ വ്യത്യാസം പ്രകടമായി ദർശിക്കാവുന്നതാണ്. തന്നെയുമല്ല, കള-കീട-രോഗ ബാധകളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഫലപ്രദമായ രീതി കണ്ടെത്താൻ ജൈവകൃഷിരീതിക്ക് കഴിഞ്ഞിട്ടില്ല. ഇതും വിളവിന്റെ തോതിനെ കാര്യമായി ബാധിക്കുന്നു. സസ്യജന്യവും ജന്തുജന്യവുമായ വളപ്രയോഗരീതിയെ അതിരറ്റ് ആശ്രയിക്കുന്നു എന്നതാണ് മറ്റൊരു പോരായ്മ.

ജൈവകൃഷിയുടെ വക്താക്കൾ ഉത്തരം പറയേണ്ടിവരുന്ന ചില പൊതുവായ ചോദ്യങ്ങൾ ഇവയാണ്:

എല്ലാവർക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാൻ ജൈവകൃഷി രീതിക്ക് സാധ്യമാവുമോ?

  • വിളകൾക്കാവശ്യമായ പോഷണം പൂർണ്ണമായും നൽകാൻ ജൈവ ഉറവിടങ്ങൾക്കാവുമോ?
  • പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം എടുത്തുപറയത്തക്ക മേന്മ ജൈവകൃഷിരീതിക്കുണ്ടോ?
  • ജൈവകൃഷിരീതിമൂലം ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ ഗുണപരമായി കൂടുതൽ മികവുറ്റവയാണോ?
  • ജൈവകൃഷിരീതി ചെലവു കുറഞ്ഞതാണോ?
  • ക്യമി-കീട-രോഗബാധകളെ ഫലപ്രദമായി ചെറുക്കാൻ ഈ ക്യഷിരീതിക്ക് കഴിയുമോ?

ഭക്ഷ്യസുസ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുവാൻ ജൈവകർഷകർ പല മാർഗ്ഗങ്ങളും അവലംബിക്കാറുണ്ട്. വിളപരിവർത്തനം, ഗുണമേന്മയുള്ള ഇനം തെരഞ്ഞെടുക്കൽ, ജല പരിപാലനം, വിളവിന്റെ അവശിഷ്ടഭാഗങ്ങൾ ഫലപ്രദമായി ഉപയോഗിക്കൽ തുടങ്ങിയവ ഇതിൽപ്പെടുന്നു. എങ്കിലും, വൻതോതിൽ ജൈവകൃഷിരീതിയിലേക്കുള്ള ചുവടുമാറ്റം പലപ്പോഴും പ്രതീക്ഷിക്കുന്ന ഫലം ചെയ്യുന്നതായി കാണുന്നില്ല.

ജൈവവളങ്ങളുടെ അപര്യാപ്തത തീർച്ചയായും ഇത്തരം കൃഷിരീതിയുടെ ഒരു പോരായ്മയാണ്. ഒരേക്കറിന് 5 മുതൽ 10 ടൺ വരെ രാസയൗഗികങ്ങൾ ഉപയോഗിക്കേണ്ട സ്ഥാനത്ത് ജൈവക്യഷിരീതിയെ അവലംബിക്കുമ്പോൾ 15 മുതൽ 20 ടൺ വരെ ജൈവവളങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. ഇതിലാകട്ടെ നൈട്രജൻ- ഫോസ്ഫറസ്, പൊട്ടാസ്യം ധാതുക്കളുടെ സാന്നിധ്യം യഥാക്രമം 0.7%, 0.3%, 0.5% എന്നിങ്ങനെയാണ്. എന്നാൽ ഫലഭൂയിഷ്ഠമായ മണ്ണും, അനുകൂലമായ കാലാവസ്ഥയും ഇല്ലാത്ത അവസ്ഥയിൽ, മറ്റേതു ക്യഷിരീതിയേക്കാളും ലാഭകരമാണ് ജൈവക്യഷിരീതി എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൃഷിയോടൊപ്പം കന്നുകാലി പരിപാലനം എന്നത് നൂറ്റാണ്ടുകളായി അനുവർത്തിച്ചുവരുന്ന രീതിയാണ്. കൃഷിയിടങ്ങളിൽനിന്നുള്ള ഉപോത്പന്നങ്ങളായ വൈക്കോൽ, തീറ്റപ്പുല്ല്, പിണ്ണാക്ക് തുടങ്ങിയവ കാലിത്തീറ്റയായി ഉപയോഗിക്കപ്പെടുമ്പോൾ, കന്നുകാലികളുടെ വിസർജ്യവസ്തുക്കൾ വളമായി ഉപയോഗിക്കപ്പെടുന്നു. ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം, കന്നുകാലികളിൽനിന്നുള്ള ക്ഷീരോത്പാദനവും വിപണനവും ഒരു വരുമാനമാർഗ്ഗം കൂടിയാണ്.

മണ്ണിന്റെ ഫലപുഷ്ടി നില നിറുത്തുന്നതൊടൊപ്പം, പൂർണ്ണമായും ജൈവ ഉറവിടങ്ങളിൽനിന്ന് മാത്രമുള്ള പോഷണമാർഗ്ഗങ്ങൾ ഉപയോഗിച്ച് മണ്ണിന്റെ രാസ ജൈവ ഭൗതിക ഗുണങ്ങൾ മെച്ചപ്പെടുത്തുക എന്നതും ജൈവകൃഷിരീതിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. മണ്ണിലേക്ക് പ്രയോഗിക്കപ്പെടുന്ന ജൈവവളങ്ങൾ മണ്ണിലടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലം ധാതു രൂപത്തിൽ മണ്ണിൽ ലയിക്കപ്പെടുന്നു.

രാജ്യത്തെ മൊത്തം കൃഷിഭൂമിയുടെ ഏകദേശം 30 ശതമാനത്തോളം മാത്രമേ ജലസേചനസൗകര്യം ലഭ്യമായവയുളളു. ബാക്കിയുള്ളവ വര്‍ഷാ(ശിതങ്ങളാണ്. അടിക്കടി വരൾച്ചയും ജലദൗർലഭ്യതയും അനുഭവപ്പെടുന്നതിനാൽ ഉല്പാദനം വർദ്ധിപ്പിക്കാൻ കഠിനയത്നം ആവശ്യമാണ്. ഓരോ ഘട്ടത്തിലും ഉപയോഗിക്കപ്പെടുന്ന പദാർത്ഥങ്ങളുടെ വിനിയോഗക്ഷമത (Input use efficiency) പരിശോധിക്കപ്പെടേണ്ടതാണ്. പരമാവധി നഷ്ടം ഒഴിവാക്കുവാൻ പര്യാപ്തമായ പുതിയ സാങ്കേതങ്ങളുപയോഗിച്ച് കൃഷിക്കുപയോഗിക്കുന്ന വളത്തിന്റെ പോഷണ മൂല്യം പരമാവധി ചൂഷണം ചെയ്യേണ്ടതുണ്ട്. ഒരേകദേശക്കണക്കനുസരിച്ച് 600-700 മില്യൺ ടൺ ജൈവാവശിഷ്ടങ്ങൾ കാർഷിക മേഖലയിൽനിന്ന് ലഭ്യമാകുന്നുണ്ടെങ്കിലും, ഇവയുടെ ഭൂരിഭാഗവും വേണ്ട വിധത്തിൽ വിനിയോഗിക്കപ്പെടുന്നില്ല. ഭാരതത്തിൽ ഏകദേശം 1800 മെട്രിക് ടൺ കാലിവളം ഓരോ വർഷവും ലഭിക്കുന്നുണ്ട്. ഇതിൽ 2/3 ഭാഗം ജൈവവാതകോല്പാദനത്തിനുവേണ്ടി ഉപയോഗിച്ചാൽപ്പോലും ഏകദേശം 440 മെട്രിക് ടൺ കാലിവളം കൃഷിക്ക് ലഭ്യമാണ്.

ജൈവക്യഷിയിടങ്ങളിലെ ഉൽപാദനരീതി പരമ്പരാഗത ക്യഷിയിൽനിന്നും തീർത്തും വ്യത്യസ്തമാണ്. ഭക്ഷ്യവസ്തുക്കളുടെ രൂപത്തിൽ മാത്രമാണ് പോഷകമൂലകങ്ങൾ കൃഷിയിടങ്ങളിൽനിന്ന് പുറത്തേക്ക് വരുന്നത്. കാർഷികാവശിഷ്ടങ്ങൾ കത്തിച്ചു കളയുന്ന രീതി ജൈവകൃഷി അനുവദിക്കുന്നില്ല. മൃഗങ്ങളുടെ വിസർജ്യവസ്തുക്കൾ അശാസ്ത്രീയമായി സംഭരിച്ചുവയ്ക്കുന്നത് ഇത്തരം കൃഷിരീതിയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ജൈവകൃഷിയിൽ കൃഷിക്കുപയോഗിക്കുന്ന പോഷകമൂലകങ്ങളുടെ ചംക്രമണം കൃഷിയിടത്തിൽനിന്ന് തുടങ്ങി കൃഷിയിടത്തിൽ തന്നെ അവസാനിക്കുന്നു. അതിനാലാണ് ഈ കൃഷിരീതി പരിസ്ഥിതി സൗഹാർദ്ദപരമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുള്ളത്. സുസ്ഥിരമായ, അലോസരപ്പെടാത്ത ഒരു ആവാസവ്യവസ്ഥ (ecosysteril) ആണ് ജൈവക്യഷിയിടങ്ങളിൽ കണ്ടുവരുന്നത്. മണ്ണിന്റെ പരിപോഷണം, മാലിന്യ വിനിയോഗം, കാർബൺ ബന്ധനം (carbon1 sequestration) പോഷക ചംക്രമണം, തുടങ്ങി ഒരു ആവാസവ്യവസ്ഥയിൽ സംഭവിക്കുന്ന പ്രക്രിയകൾ ജൈവകൃഷിയിടങ്ങളിൽ സ്വാഭാവികമായി സംഭവിക്കുന്നു.

കീടരോഗനിയന്ത്രണത്തിന് തികച്ചും വ്യത്യസ്തമായ രീതിയാണ് ജൈവകൃഷിരീതിയിൽ അനുവർത്തിച്ചുവരുന്നത്. പ്രക്യത്യാതന്നെ കീടങ്ങളോടും, രോഗങ്ങളോടും പ്രതിരോധശേഷിയളള വിളയിനങ്ങൾ ഉപയോഗിക്കുക, കീടരോഗബാധകൾക്ക് അനുകൂലമല്ലാത്ത കാലാവസ്ഥയിൽ വിതയ്ക്കൽ നടത്തുക, കീടങ്ങളുടെയും കളകളുടെയും പ്രകൃത്യാ ഉളള ശ്രതുക്കളെ സംരക്ഷിക്കുകയും അവയെ ഉപയോഗിച്ച് സ്വാഭാവികമായ രീതിയിൽ കള-കീട ഉന്മൂലനം സാദ്ധ്യമാക്കുകയും ചെയ്യുക, മണ്ണിലെ രോഗാണുക്കളെ നശിപ്പിക്കുക, വിളപരിവർത്തനം നടത്തുക, ഷഡ്പദങ്ങളെയും മറ്റും തടയാൻ 'വല' "മറ' എന്നിവയുപയോഗിക്കുക, പരാഗകാരികളെയും, കീടങ്ങളുടെ സ്വാഭാവികശ്രതുക്കളെയും ആകർഷിക്കുവാൻ രാസസ്വഭാവം താരതമ്യേന കുറഞ്ഞ “ഫെറോമോണുകൾ ഉപയോഗിക്കുക എന്നിവ ഇത്തരം മാർഗ്ഗങ്ങളിൽ ചിലവയാണ്. ഇവയാകട്ടെ, ചെലവുകുറഞ്ഞ രീതികൾ കൂടിയാണ്.

ഏറിവരുന്ന ആരോഗ്യ അവബോധനവും പരിസ്ഥിതി സഹവർത്തിത്വ കൃഷിരീതികളെക്കുറിച്ചുള്ള അറിവും വിദേശങ്ങളിൽ ജൈവ ഉല്പന്നങ്ങൾക്കായി പുതിയ വിപണി തുറന്നിരിക്കുകയാണ്. ഇന്ത്യയിലും ജൈവ ഉല്പ്പന്നങ്ങൾ ആവശ്യപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണം ഏറി വരികയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ അനേകായിരം കൃഷിക്കാർ ജൈവകൃഷിരീതിയിലേക്ക് ചുവടുമാറിയിട്ടുണ്ട്. എന്നിരുന്നാലും, വിജയകരമായ വിപണനത്തിന് വളരെയധികം തടസ്സങ്ങൾ ഉണ്ട്. ഈ തടസ്സങ്ങൾ തരണം ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട അധികാരികളുടെ സാക്ഷ്യപ്പെടുത്തൽ (Certification) വളരെ പ്രധാന പങ്കു വഹിക്കുന്നു. ഇങ്ങനെ സാക്ഷ്യപ്പെടുത്തിയ ജൈവ ഉല്പന്നങ്ങൾക്ക് കയറ്റുമതി വിപണിയിൽ മാന്യമായ ഇടം ലഭിക്കുന്നു. ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുക എന്ന പ്രധാന ദൗത്യത്തോടു കൂടി രൂപം കൊണ്ട് സ്ഥാപനമാണ് "ഇൻഡോ സെർട്ട്"https://static.vikaspedia.in/media_vikaspedia/ml/images/agriculture/d1cd48d35d15d43d37d3f/d05d1fd3fd38d4dd25d3ed28-d06d35d36d4dd2fd19d4dd19d33d4d200d/images19.jpg" ന്റെ (NPOP) അംഗീകാരമുള്ള INDOCERT'ന്റെ ചുമതലകൾ. ജൈവസർട്ടിഫിക്കേഷന്റെ ദേശീയ മാനദണ്ഡങ്ങളനുസരിച്ച് കയറ്റുമതിക്ക് വേണ്ടിയുള്ള സാക്ഷ്യപത്രം ഈ സംഘടന കർഷകർക്ക് നൽകുന്നു.

ജൈവകൃഷി കാലാവസ്ഥാപരമായ പ്രസക്തി

ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രധാന ഹേതു ഫോസിൽ ഇന്ധനങ്ങളുടെ (ഉദാ; കൽക്കരി, പ്രകൃതി വാതകം, പെട്രോൾ) അമിത ഉപഭോഗമാണെന്നുള്ളതിൽ തർക്കമില്ല. ഇത്തരം പ്രക്രിയകൾ മൂലം അന്തരീക്ഷത്തിൽ കാർബൺ ഓക്സയിഡിന്റെ അളവ് ക്രമാതീതമാകുകയും അതുവഴി ആഗോളതാപനം വർദ്ധിക്കാനിടവരുകയും ചെയ്യുന്നു. ആഗോളതാപനം ഉയർത്തുന്നതിൽ കാർബൺ ഡൈ ഓക്സൈഡ് വഹിക്കുന്ന പങ്കിനേക്കാൾ എത്രയോ ഇരട്ടിയാണ് മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകതന്മാത്രകള്‍ക്കുള്ളത്. CO, വിനേക്കാൾ ഇരുപതിരട്ടിയാണ് ഇക്കാര്യത്തിൽ മീഥേനുള്ളത്; നൈട്രസ് ഓക്സൈഡിനാകട്ടെ 300 ഇരട്ടിയും! അന്തരീക്ഷത്തിലെ ഹരിതഗൃഹപ്രഭാവം ഉയർത്തുന്നതിൽ കാർഷിക മേഖലയ്ക്കും ഒരു പ്രധാന പങ്കുണ്ട്. ഇക്കാര്യത്തിൽ ഏകദേശം 13.5 ശതമാനത്തോളം പങ്ക് കാർഷിക മേഖലയിൽ നിന്നാണ് എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. IPCC (Intergovernmental Panel on Climate Change)യുടെ പഠനങ്ങൾ പ്രകാരം ശാസ്ത്രീയ കാർഷിക മേഖലയിൽനിന്നുള്ള ഹരിത ഗൃഹവാതക പുറന്തള്ളൽ 5.1 മുതൽ 6.1 ഗിഗാടൺ കാർബൺ ഡൈ ഓക്സൈഡ് തുലനാങ്ക (Equivalent)ത്തിന് തുല്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെയാണ് ജൈവകൃഷി സമ്പ്രദായത്തിന്റെ പ്രസക്തി പരിശോധനാവിധേയമാകുന്നത്. ഹരിത ഗൃഹവാതക പുറന്തള്ളൽ വലിയൊരളവുവരെ കുറയ്ക്കാൻ ഇത്തരം കൃഷിരീതിയ്ക്ക് കഴിയും എന്ന് കണ്ടെത്തിയിട്ടുണ്ട്. CO,-വിനെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാതെ മണ്ണിൽത്തന്നെ പിടിച്ചുവെയ്ക്കുക എന്ന പ്രക്രിയയിലൂടെയാണിത് സാധിതമാകുന്നത്. ഉയർന്ന കാർബൺ ഡൈ ഓക്സൈഡ് ഉപഭോഗവും ഇത്തരം കൃഷിരീതിയുടെ പ്രത്യേകതയാണ്. ഈ രണ്ടു പ്രകിയകൾ മൂലം, ജൈവകൃഷി നിലങ്ങളിൽ, മറ്റു കൃഷി സമ്പ്രദായങ്ങൾ അവലംബിക്കുന്നിടത്തെക്കാൾ, അന്തരീക്ഷത്തിലേക്കുളള CO2 പുറന്തള്ളൽ വളരെ കുറവായിരിക്കും.

പരമ്പരാഗത ക്യഷിരീതികളിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന കൃത്രിമ നൈട്രജന്‍ വളങ്ങളും, ആഗോളതാപനം വർദ്ധിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. CO2 വിനേക്കാൾ 300 ഇരട്ടിയാണ് നൈട്രജൻ സംയുക്തങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള പങ്ക്.

എന്നാൽ ജൈവകൃഷി സമ്പ്രദായത്തിലാവട്ടെ, നൈട്രജൻ സംയുക്തങ്ങൾ കൃത്രിമമായി നൽകേണ്ട അവസ്ഥ ഉണ്ടാകുന്നതേയില്ല. വിളയുടെ അവശിഷ്ടങ്ങൾ ജീർണിപ്പിച്ച് വളമാക്കിയും (Composting), വളർത്തു മ്യഗങ്ങളുടെ വിസർജ്യങ്ങൾ മണ്ണിൽ കലർത്തിയും മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. വിള പരിവർത്തനം അവലംബിക്കുക മൂലം, വിളകൾക്ക് പോഷക ശോഷണം സംഭവിക്കുന്നതേയില്ല. 'ഒന്നു ചീയുമ്പോൾ മറ്റൊന്നിന് വളമാകുന്നു' എന്ന പഴഞ്ചൊല്ല് ജൈവ കൃഷി രീതിയെ സംബന്ധിച്ചിടത്തോളം സാർത്ഥകമാണ്. പയർ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങൾ ഇടവിളയായും, ഉപ-വിളയായും നട്ടുവളർത്തി വിളവെടുപ്പിനുശേഷം മണ്ണിൽത്തന്നെ വെട്ടിമൂടുന്നു. ഈ സസ്യങ്ങൾ ജീർണ്ണിച്ച് മണ്ണിലലിയുമ്പോൾ ഒന്നാന്തരം നൈട്രജൻ ഖനികളാകുന്നു. ജൈവ ഉറവിടങ്ങളിൽ നിന്നുള്ള ഈ നൈട്രജൻ സംയുക്തങ്ങൾ അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കപ്പെടാതെ, മണ്ണിൽത്തന്നെ പിടിച്ചുവയ്ക്കപ്പെടുന്നു. എന്നാൽ ഇതരക്യഷിരീതികളിലാവട്ടെ വളപ്രയോഗത്തിന്റെ ഭാഗമായി ചേർക്കുന്ന കൃത്രിമ നൈട്രജൻ വളങ്ങൾ അന്തരീക്ഷത്തിലേക്ക് N20 വിക്ഷേപിക്കുവാനിടവരുത്തുന്നു. IPCC യുടെ കണക്ക് പ്രകാരം, ഉപയോഗിക്കപ്പെടുന്ന നൈട്രജൻ വളങ്ങളുടെ 1.6 ശതമാനം നൈട്രസ് ഓക്സൈഡ് ആയി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ജൈവക്യഷിയിടങ്ങളിലാകട്ടെ, കൃത്രിമ രാസവളങ്ങൾ ഉപയോഗിക്കുകയില്ല. പച്ചില ജൈവവള പ്രയോഗം മാത്രം അവലംബിക്കുന്നതിനാൽ മണ്ണിന്റെ ഘടനയും, ഫലപുഷ്ടിയും മെച്ചപ്പെടുകയും ചെയ്യുന്നു. ഇത്തരം മണ്ണിൽ വായുസഞ്ചാരവും താരതമ്യേന കൂടുതലായിരിക്കും. ക്യഷിജന്യ മാലിന്യങ്ങൾ ക്യഷിയിടങ്ങളിൽത്തന്നെ വളമായുപയോഗിക്കുക - ജൈവക്യഷിയിടങ്ങളിൽ പരക്കെ സ്വീകരിക്കപ്പെട്ടുവരുന്ന ഈ രീതി, പക്ഷേ, ഇതര ക്യഷിരീതികളിൽ പാടേ തിരസ്കരിക്കപ്പെട്ടതാണ്. എന്നുവരികിലും, മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളിൽ ഇക്കാര്യം പുനഃപരിഗണനാവിധേയമാകുന്നു എന്നതിൽ സമാശ്വസിക്കാം. പരമ്പരാഗത ക്യഷിയിടങ്ങളിൽ അനുവർത്തിക്കപ്പെട്ടുവരുന്ന അധികവളപ്രയോഗം പലപ്പോഴും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴി തെളിക്കുന്നു. ക്യതിമ രാസവളങ്ങളും, കീടനാശിനികളും ഒഴുകി ജലാശയങ്ങളിലെത്തുകയും ജലമലിനീകരണത്തിനിടയാക്കുകയും ചെയ്യുന്നു.

ക്യഷിയിടങ്ങളിൽനിന്നുള്ള ഹരിത ഗൃഹവാതക പുറന്തളളൽ ഒന്നുകിൽ കൃഷിയിടങ്ങളുടെ നൈട്രജൻ ഉപഭോഗക്ഷമതയെയോ അഥവാ അധിക നൈട്രജൻ സംയുക്തങ്ങളുടെ അന്തരീക്ഷ വിക്ഷേപത്തെയോ അനുസരിച്ചിരിക്കും. ജൈവകൃഷിയിടങ്ങളിലാകട്ടെ, നൈട്രജൻ സംയുക്തങ്ങളുടെ പ്രയോഗവും, അതിനാൽ ഉപഭോഗവും മിതമായ തോതിലായിരിക്കും, തന്മൂലം പുറംതള്ളലില്ല.

ഹരിതഗൃഹ വാതക പ്രഭാവത്തിന്റെ 14 ശതമാനത്തോളം സംഭാവന മീഥേൻ വാതകത്തിന് അവകാശപ്പെട്ടതാണ്. അതിൽത്തന്നെ ഭൂരിഭാഗവും ക്യഷിയിടങ്ങളിൽനിന്നാണ്. ഇക്കാര്യത്തിൽ പരമ്പരാഗത കൃഷിയിടങ്ങളിൽ നിന്ന് ഒട്ടുംതന്നെ പുറകിലല്ല ജൈവകൃഷിയിടങ്ങളും. നെല്ല്, വൈക്കോൽ മുതലായവ ജീർണിക്കുന്നതിൽ നിന്നാണ് മീഥേൻ വാതകം പുറന്തള്ളപ്പെടുന്നത്. ക്യഷിയിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക, താരതമ്യേന മീഥേൻ ഉൽസർജനം കുറഞ്ഞ വിളയിനങ്ങൾ ഉപയോഗിക്കുക എന്നിവയാണ് അഭിലഷണീയമാർഗ്ഗം.

മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ ജൈവകൃഷിക്ക് കഴിയുമോ എന്നാണ് ചോദ്യം. വ്യത്യസ്ത കാരണങ്ങൾമൂലം “കഴിയും" എന്ന് തന്നെ പറയാം. കാരണം ഇത്തരം ക്യഷിരീതിയിൽ പരമ്പരാഗതമായി സിദ്ധിച്ച അറിവുകളും വൈദഗ്ധ്യവും നിരീക്ഷണ പാടവവും അനുഭവജ്ഞാനവും പരമാവധി പ്രയോജനപ്പെടുത്താൻ കർഷകർക്ക് സാധിക്കുന്നു. ആധുനിക കൃഷിസമ്പ്രദായത്തിൽ പക്ഷേ പലപ്പോഴും ഇത്തരം നാട്ടറിവുകളെ പാടേ അവഗണിക്കുകയാണ് പതിവ്. ജൈവകൃഷിരീതി സ്വീകരിക്കുന്ന ക്യഷിയിടങ്ങൾക്ക് വരൾച്ച, ക്രമരഹിതമായ വർഷപാതം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ നേരിടാൻ കഴിയുന്നു എന്നതാണ് മറ്റൊരു നേട്ടം. ജൈവപരിപാലനം ലഭിക്കുന്ന മണ്ണിലെ ജൈവസംയുക്തങ്ങൾ ഒരു സ്പോഞ്ച് പോലെ വർത്തിച്ച് ജലത്തെ ശേഖരിച്ചുവയ്ക്കുന്നു എന്നതാണ് വസ്തുത.

വികസ്വരരാജ്യങ്ങളിൽ ജൈവകൃഷിയോടുള്ള ആഭിമുഖ്യം അനുദിനം വർദ്ധിച്ചുവരുന്നു. താരതമ്യേന കുറഞ്ഞ മുതൽ മുടക്ക്, രാസവസ്തു വിമുക്തമായ ഭക്ഷ്യപദാർത്ഥങ്ങൾ, പ്രക്യതിസംരക്ഷണം തുടങ്ങിയ മേന്മകൾ ഈ കൃഷിരീതിക്കുണ്ടെന്നുള്ളതാണ് കാരണം. പ്രതികൂലകാലാവസ്ഥയാണെങ്കിൽപ്പോലും കടുത്ത അദ്ധ്വാനവും പരിചരണമുറകളും വഴി ന്യായമായ ഉല്പാദനത്തോത് ഉറപ്പുവരുത്തുവാൻ ഈ സമ്പ്രദായത്തിൽ സാധ്യമാകുന്നു. പരമ്പരാഗത കൃഷിസമ്പ്രദായത്തിൽനിന്ന് വിഭിന്നമായി നാട്ടറിവുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്നതും ഈ ക്യഷിരീതിയുടെ പ്രത്യേകതയാണ്. ജൈവക്യഷി വ്യാപകമാക്കുന്നതിനും പ്രാത്സാഹിപ്പിക്കുന്നതിനും വ്യക്തികളും സർക്കാരും കാർഷിക പരിസ്ഥിതി സംഘടനകളും ഒരുപോലെ ഉത്സാഹിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഇത്തരം കൃഷിരീതിയിലൂടെ സുരക്ഷിതമായ ഭക്ഷണത്തോടൊപ്പം ഭക്ഷ്യപരമായ സുസ്ഥിരതയും സാക്ഷാത്കൃതമാവുകയുള്ളു.

കടപ്പാട്: കാലാവസ്ഥയും കൃഷിയും

സി.എസ്.ഗോപകുമാര്‍, കെ.എന്‍.കൃഷ്ണകുമാര്‍, എച്ച്.വി.പ്രസാദറാവു

 

 

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate