കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ലോകമെന്പാടും സ്വീകരിച്ച നടപടികളില്‍ പ്രധാനപ്പെട്ടവ അത്യുല്പാദനശേഷിയുള്ള വിള ഇനങ്ങളുടെ ഉപയോഗവും ഉയര്‍ന്ന തോതിലുള്ള രാസവള പ്രയോഗവും ആണ്. സുസ്ഥിരമായ ഉത്പാദനത്തിന് ഉതകും വിധം മണ്ണിന്‍റെ ഫലപുഷ്ടി നിലനിര്‍ത്തുന്നതിന് രാസവളങ്ങളുടെ ഉപയോഗം അനിവാര്യമായിരുന്നു. തെറ്റായ കൃഷി രീതികളും കര്‍ഷകര്‍ വ്യാപകമായി രാസവളങ്ങളും രാസസസ്യസംരക്ഷണ വസ്തുക്കളും ഉപയോഗിച്ചു തുടങ്ങിതോടെ മണ്ണിന്‍റെ ആരോഗ്യം ക്ഷയിക്കുകയും വിവിധ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇതിന് പ്രതിവിധിയായി രാസവളങ്ങളുടെയും സസ്യസംരക്ഷണ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കി വീണ്ടും ഉപയോഗിക്കാവുന്ന ജൈവവസ്തുക്കളിലൂടെ പ്രകൃതിയോടിണങ്ങി ചേര്‍ന്ന സുസ്ഥിരകൃഷി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍ദ്ദേശിക്കപ്പെട്ട ഒരു കൃഷിരീതിയാണ് ജൈവകൃഷി.
മണ്ണ് - ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്തുക.
ഇടവിളയായോ ആവരണ വിളയായോ പയര്‍വര്‍ഗ സസ്യങ്ങള്‍ വളര്‍ത്തുന്നതിലൂടെ മണ്ണിലെ പാക്യജനകത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാം. കൂടാതെ പയര്‍വര്‍ഗ്ഗത്തില്‍പ്പെടുന്ന മരങ്ങള്‍ കൃഷിയിടങ്ങള്‍ക്കു ചുറ്റുമായി നട്ടുപിടിപ്പിക്കുകയുമാവാം.
നിലം ഉഴുന്നതും കിളയ്ക്കുന്നതും പരിമിതപ്പെടുത്തുന്നതിലൂടെ ഊര്‍ജ്ജം സംരക്ഷിക്കുക.
വിളവെടുത്ത ശേഷം ബാക്കിവരുന്ന സസ്യഭാഗങ്ങള്‍ മണ്ണിലേക്കു തന്നെ ചേര്‍ത്തു കൊടുക്കുക.
മണ്ണിര കന്പോസ്റ്റു നിര്‍മ്മാണവും ഉപയോഗവും വ്യാപകമാക്കുക.
ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പാക്യജനകം, ഭാവകം എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുക.
മണ്ണിന്‍റെ ഈര്‍പ്പം, താപനില എന്നിവ ക്രമീകരിക്കുന്നതിനു ജൈവിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ആവശ്യമായ വിധം പുതയിടീല്‍ നടത്തുക.
സസ്യകീടനാശിനികളുടെ നാശം ഒഴിവാക്കുകയും പരിസ്ഥിതി സന്തുലനം പാലിക്കുകയും ചെയ്യുക.
മണ്ണില്‍ ആവശ്യമായ തോതില്‍ ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കുക എന്നത് ജൈവകൃഷി രീതിയില്‍ പ്രധാനപ്പെട്ട ഒരു പരിപാലനമുറയാണ്. ഇത് മണ്ണിന്‍റെ ഭൗതിക, രാസ, ജൈവ പ്രക്രിയകളിലുണ്ടാകുന്ന മാറ്റങ്ങള്‍ സസ്യവളര്‍ച്ചയ്ക്കും ഏറെ അനുയോജ്യമാണ്. ഇതുകൂടാതെ നിലം ഉഴുന്നത്, വിള പരിവര്‍ത്തനം, ജൈവിക മാര്‍ഗ്ഗങ്ങളിലുടെയുള്ള കള നിയന്ത്രണം, കീട-രോഗ നിയന്ത്രണം എന്നീ പരിപാലനമുറകളും ജൈവകൃഷി രീതിയില്‍ അവലംബിക്കുന്നതാണ്.
ജൈവകൃഷിരീതികളിലൂടെ നമുക്ക് വിഷാംശം ഇല്ലാത്ത ഗുണമേന്‍മയേറിയ കാര്‍ഷികോല്പന്നങ്ങള്‍ ലഭിക്കുന്നു. ഇവയിലടങ്ങിട്ടുള്ള ഈര്‍പ്പത്തിന്‍റെ, അളവ് കുറവാകയാല്‍ ഇവ കൂടുതല്‍ കാലം കേടുകൂടാതെ സംരക്ഷിച്ച് സൂക്ഷിക്കുകയുമാവാം. വിളവെടുപ്പ്, സംസ്കരണം എന്നിവയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനു ജൈവകൃഷി രീതി ഉപയോഗപ്രദമാണെന്ന് കണ്ടിട്ടുണ്ട്. കൃഷി ഭൂമി കുറഞ്ഞു വരികയും കാര്‍ഷികോല്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ രാസവളങ്ങളും സസ്യസംരക്ഷണ വസ്തുക്കളും ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതിയിലേക്ക് ക്രമാനുഗതമായി മാറുന്നതാണ് അഭിലഷണീയം.
ജൈവകൃഷിയില്‍ ഏറ്റവും ഊന്നല്‍നല്‍കുന്നത് മണ്ണിന്റെ ഗുണമേന്മയാണ്. ജീവനുള്ള, രോഗപ്രതിരോധശേഷി നല്‍കുന്ന, പോഷകമൂലക സമൃദ്ധമായ ആരോഗ്യമുള്ള മണ്ണിനെ സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്. ജീവനുള്ള മണ്ണ് എന്നുകൂടി ഇതിനെ പറയാം. മണ്ണിന്റെ ജീവന്‍ എന്നുപറയുന്നത് അതില്‍ കുടികൊള്ളുന്ന കോടാനുകോടി സൂക്ഷ്മാണുക്കളാണ്. ഇത്തരത്തില്‍ വിളകള്‍ക്ക് അനുകൂലമായതും അതോടൊപ്പംതന്നെ പ്രതികൂലമായി ബാധിച്ച് രോഗം വിതയ്ക്കുന്ന സൂക്ഷ്മാണുക്കളും മണ്ണിലുണ്ട്. നമുക്കിവിടെ വിളകള്‍ക്ക് അനുകൂലമായ രോഗകാരികളായ അണുക്കളെ നശിപ്പിക്കുന്ന മിത്രജീവാണുക്കളാണ് വേണ്ടത്. ഇത്തരത്തിലുള്ള അണുക്കളെ മണ്ണില്‍ വളര്‍ത്തിയെടുക്കുകയെന്നത് ജൈവകൃഷിയുടെ അടിസ്ഥാന പ്രവര്‍ത്തനമാണ്. ഇതിന് കാര്‍ഷിക സര്‍വകലാശാലതന്നെ വകസിപ്പിച്ചെടുത്ത,കര്‍ഷകന് പ്രയോഗിക്കാന്‍ സാധിക്കുന്നതുമായ കള്‍ചറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഫലപ്രദമായി ഉപയോഗിച്ചാല്‍ ഏറ്റവും ആവശ്യമായ മൂലകങ്ങളെ ലഭ്യമാക്കാനും, രോഗപ്രതിരോധനിര സൃഷ്ടിക്കാനും കഴിയും. ഇത്തരത്തില്‍പ്പെട്ട രണ്ട് ജീവാണുക്കളെ ഇനി പരിചയപ്പെടുത്താം.
പിജിപിആര്‍ മിശ്രിതംസസ്യവളര്‍ച്ചാ സഹായിയായ റൈസോ ബാക്ടീരിയയാണ് ഈ പായ്ക്കറ്റിലുള്ളത്. പ്ലാന്റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസൊ ബാക്ടീരിയ എന്നാണ് ഇതിന്റെ പൂര്‍ണനാമം. പ്രധാന മൂലകങ്ങള്‍ (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം) ഒന്നിച്ച് ലഭ്യമാകുന്ന സങ്കരസ്വഭാവമുള്ളതാണിത്. ഇവ ഓരോന്നും ലഭിക്കുന്ന സൂക്ഷ്മാണുവളങ്ങള്‍ പ്രത്യേകം പ്രത്യേകം വാങ്ങി ഉപയോഗിക്കുന്നതിനുപകരം പിജിപിആര്‍ മിശ്രിതം മാത്രം ഉപയോഗിച്ചാല്‍ മതി. ഇവ ചെടികളില്‍ ഇനി പറയുന്ന ധര്‍മംചെയ്യും.
1. വേരുകള്‍ കൂടുതല്‍ പൊട്ടിവളരാന്‍ സഹായിക്കും.
2. ഇവയുടെ ഇടപെടല്‍ വഴി സസ്യഹോര്‍മോണില്‍ വ്യത്യാസം ഉണ്ടാവുകയും മൂലകങ്ങളെ പെട്ടെന്ന് ആഗീരണംചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
3. സസ്യരോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു
4. സൂക്ഷ്മമൂലകങ്ങളായ, ഇരുമ്പ്, സള്‍ഫര്‍, ചെമ്പ് എന്നിവയുടെ ലഭ്യത വര്‍ധിപ്പിക്കുന്നു.
5. കുമിള്‍-ബാക്ടീരിയ രോഗങ്ങളെ ചെറുക്കുന്നു.
6. രോഗപ്രതിരോധശേഷിയുള്ള കര്‍മഭടനായി പ്രവര്‍ത്തിക്കുന്നു.
ഉപയോഗം:
പായ്ക്കറ്റുകളില്‍ ലഭ്യമാകുന്ന പിജിപിആര്‍ ഒരു ശതമാനമോ, രണ്ടു ശതമാനമോ, കാലിവളവുമായി ചേര്‍ത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: രാസവളമോ രാസകീടനാശിനികളുമായോ കലര്‍ത്തരുത്. ചാരം ചേരാത്ത ജൈവവളത്തോടൊപ്പം ഉപയോഗിക്കുക. അംഗീകൃത സ്ഥാപനങ്ങളിലെ കാലാവധി തീരാത്ത മേന്മയുള്ളവതന്നെ വാങ്ങുക. ലഭ്യത: കാര്‍ഷിക സര്‍വകലാശാലവഴി ലഭ്യമാക്കാം.വാം (ഢഅങ)വെസിക്കുലര്‍ ആര്‍ബസ്കുലാര്‍ മൈക്കൊറൈസ എന്ന ഒരു മിത്രകുമിളാണിത്. ഇതിന് വേരുകളുടെ സാന്നിധ്യം ഉണ്ടെങ്കിലേ നിലനില്‍ക്കാനാവൂ. പച്ചക്കറി, വൃക്ഷവിളകള്‍, പഴ-ധാന്യ-സുഗന്ധ വ്യഞ്ജനവിളകളുടെ വേരിലെല്ലാം ഇതിന്റെ സാന്നിധ്യമുണ്ട്. വേരുകളില്‍ ഇവയുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ഉപയോഗത്തിലൂടെ ചെയ്യുന്നത്.
മേന്മകള്‍:
1. ഫോസ്ഫറസ്, നാകം, ചെമ്പ്, സള്‍ഫര്‍, ഇരുമ്പ് എന്നിവ ചെടിക്ക് നല്‍കുന്നു.
2. സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
3. രോഗപ്രതിരോധശേഷി കൂട്ടുന്നു.
4. മണ്ണില്‍ അമ്ല-ക്ഷാര സഹനശേഷി കൂട്ടുന്നു.
5. വളര്‍ച്ചാസാധ്യത കൂട്ടുന്നു.
ഉപയോഗം
1. രാസവളവുമായോ, കീടനാശിനിയുമായോ കൂട്ടിക്കലര്‍ത്തരുത്.
2. ജൈവവളവുമായി ചേര്‍ത്ത് ഉപയോഗിക്കുക.
3. ഉപയോഗിക്കുമ്പോള്‍ മണ്ണ്-മാധ്യമം എന്നിവയ്ക്ക് നവു വേണം.
4. വാം സൂക്ഷിക്കുന്നത് നേരിട്ട് വെളിച്ചവും വെയിലും തട്ടാത്ത ഇടമാവണം.
5. കാലാവധി കഴിയാത്ത, വിശ്വസ്തമായ നിര്‍മിതികേന്ദ്രങ്ങളില്‍നിന്നു വാങ്ങുക.
ജൈവകൃഷിതന്നെ ജൈവവളത്തില്‍ അധിഷ്ഠിതമായ കൃഷിമുറയാണ്. ജൈവവള ലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം അതിന്റെ ഗുണമേന്മ ഉറപ്പിക്കാനും പോഷകസമ്പന്നമാക്കാനും നമുക്കാവണം. ചില പ്രത്യേക ശ്രദ്ധ നല്‍കി ഉപയോഗിക്കുന്ന ജൈവവളത്തെ സമ്പുഷ്ടീകരിക്കാന്‍ ഓരോ കൃഷിക്കാരനും പഠിക്കണം. കൂടുതല്‍ ഉപയോഗിക്കുന്ന ഏതാനും ജൈവവളങ്ങളെ എങ്ങിനെ സമ്പുഷ്ടീകരിക്കാമെന്നു വിശദമാക്കാം.
കാലിവളം
ജൈവകൃഷിയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന കാലിവളം പ്രത്യേക രീതിയില്‍ തയ്യാറാക്കി ഉപയോഗിച്ചാല്‍ വലിയ മൂല്യവര്‍ധന ഉണ്ടാകും. തൊഴുത്തില്‍നിന്നു തുടങ്ങണം ഈ പ്രവൃത്തി. തൊഴുത്തിനോടു ചേര്‍ന്ന് 20 ഃ 6 ഃ 3 വലുപ്പത്തില്‍ കുഴിയെടുക്കുക. മുകളില്‍ വെയിലും, മഴയും കൊള്ളാത്തവിധം മേല്‍ക്കൂര വേണം. ഗോമൂത്രവും ചാണകവും ചേര്‍ന്നതാകണം കാലിവളം. അനുപാതം ചാണകം മൂന്നു ഭാഗം ഗോമൂത്രം ഒരു ഭാഗം (3:1). തൊഴുത്തില്‍ വൈക്കോല്‍ വിരിച്ചുകൊടുക്കണം. അറക്കപൊടിയും ചപ്പുചവറുകളും ആവാം. ഒരു പശുവിനു മൂന്നു കി.ഗ്രാം എന്ന തോതില്‍ തറയില്‍ വിരിച്ചുകൊടുക്കാം. തൊഴുത്തിനു സമീപത്തുള്ള കുഴിയുടെ ഒരരികില്‍ മൂന്നടി ഭാഗത്ത് ദിവസവും തറയില്‍വിരിച്ച ജൈവവസ്തുക്കളും ചാണകവും മൂത്രവും കലര്‍ന്ന മിശ്രിതം കോരിക്കൂട്ടുക. പല ദിവസങ്ങളിലായി ഏതാണ്ട് മൂന്നടി ഉയരമാവുമ്പോള്‍ ഇതിനു മുകളില്‍ മണ്ണും ചാണകവും ചേര്‍ത്ത മിശ്രിതം കുഴമ്പുരൂപത്തിലാക്കി പുരട്ടി മൂടിവയ്ക്കുക. അടുത്തദിവസംമുതല്‍ ലഭിക്കുന്ന തൊഴുത്തിലെ അവശിഷ്ടം ഇതിനടുത്ത കുഴിഭാഗത്തെ മൂന്നടി സ്ഥലത്ത് നിറയ്ക്കാം. 3-4 മാസം കഴിയുമ്പോള്‍ ആദ്യത്തെ കൂന എടുക്കാം. ഇങ്ങിനെ തുടര്‍ന്ന് ഓരോകൂനവഴി ഗുണമേന്മയുള്ള കാലിവളം ഉണ്ടാക്കാം. സാധാരണ കാലിവളത്തെക്കാള്‍ കൂടുതല്‍ ഗുണമേന്മയും പോഷകമൂലകങ്ങളും ഉണ്ടാവും.
ഇ എം കമ്പോസ്റ്റ്
വളംജൈവവളങ്ങളുടെ സമ്മിശ്ര ശേഖരമാണ് കമ്പോസ്റ്റ്. നമ്മള്‍ പാഴാക്കിക്കളയുന്ന എല്ലാ ജൈവവസ്തുക്കളും, ചാണകവും ചേര്‍ത്ത് കമ്പോസ്റ്റ് ഉണ്ടാക്കാം വളത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാന്‍ ഇ എം കമ്പോസ്റ്റ് രീതി സ്വീകരിക്കാവുന്നതാണ്. മണ്ണില്‍ വിളകളുടെ പോഷണത്തെ ഏറ്റവും സഹായിക്കുന്ന ഒരുകൂട്ടം സൂക്ഷ്മജീവികളുടെ മിശ്രിതമാണ് ഇ എം ലായനികള്‍. ഇവ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതുകൂടി ചേര്‍ത്ത കമ്പോസ്റ്റാണ് ഇ എം കമ്പോസ്റ്റ്. നിര്‍മാണരീതി ഇനി പറയുന്നു. വെള്ളം കെട്ടിക്കിടക്കാത്ത, വെയിലേല്‍ക്കാത്ത ഇടം തെരഞ്ഞെടുക്കണം. ഈ പ്രതലത്തില്‍ ഇ എം ലായനി ഒഴിക്കണം. (അതായത് 30 ലിറ്റര്‍ ശുദ്ധജലം ഒരു ബക്കറ്റിലെടുത്ത് അതില്‍ 500 മി. ലി. ഇ എം ലായനിയും പരിപോഷണ മാധ്യമമായി 300 മി.ലി. ശര്‍ക്കര ലായനിയും ചേര്‍ത്തിളക്കിയതാണ് നാം ഉണ്ടാക്കുന്ന ഇ എം ലായനി). ഈ ലായനിയില്‍നിന്നാണ് അഞ്ചു ലിറ്റര്‍ പ്രതലത്തില്‍ ഒഴിക്കേണ്ടത്. ഇതിനു മുകളില്‍ അഞ്ചു സെ. മീ. ഉയരത്തില്‍ പച്ചച്ചാണകം നിരത്തുക. വീണ്ടും ഈര്‍പ്പം നിലനിര്‍ത്താന്‍ മാത്രം അല്‍പ്പം ഇ എം ലായനി ഒഴിക്കുക. തുടര്‍ന്ന് ചപ്പുചവറുകളും ജൈവ വസ്തുക്കളും ദിവസവും നിരത്തുക. 1.5 മീറ്റര്‍ ഉയരത്തിലെത്തിയാല്‍ ഇതിനു മുകളില്‍ പോളിത്തീന്‍ ഷീറ്റ്കൊണ്ട് മൂടിവയ്ക്കുക. 25 ദിവസം കഴിഞ്ഞാല്‍ മുകളില്‍ അല്‍പ്പം വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്താം. 50 ദിവസത്തോടെ ഇത് നല്ല കമ്പോസ്റ്റായി മാറും. ഇതില്‍ അഞ്ചു കി.ഗ്രാംവീതം കടലപ്പിണ്ണാക്കും എല്ലുപൊടിയുംകൂടി ചേര്‍ത്താല്‍ വളരെ ഗുണംചെയ്യും.
കോഴിവളം
ജൈവവളത്തില്‍ ഏറ്റവും ഗുണമേന്മയുള്ളതാണ് കോഴിവളം. കാലിവളത്തിന്റെ നാലിരട്ടി ഗുണംചെയ്യും. സമ്പുഷ്ടീകരിക്കാന്‍ പ്രയോഗിക്കുമ്പോള്‍ ഇനിപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ചൂട് കൂടുതലുള്ളതിനാല്‍ മണ്ണില്‍ നവുള്ളപ്പോഴേ പ്രയോഗിക്കാവൂ. ഒരു ടണ്ണിന് 90 കി.ഗ്രാം തോതില്‍ കുമ്മായവുമായി ചേര്‍ത്ത് ഉപയോഗിക്കുക. ആട്ടിന്‍കാഷ്ടംനല്ല ജൈവവളമാണ്. എന്നാല്‍ ഘടനയുടെ പ്രത്യേകതകൊണ്ട് പെട്ടെന്ന് ചെടികള്‍ക്ക് കിട്ടില്ല. പൊടിച്ചുചേര്‍ക്കുക. നല്ല വെയിലത്തിട്ടാലും കാറ്റുവഴിയും മൂലകനഷ്ടം ഉണ്ടാകും. പുതിയ വളം ഉപയോഗിക്കുക.
മലപ്പട്ടം പ്രഭാകരന്‍
ചകിരി യില്‍നിന്ന് ചകിരി നാര് ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടമായ ചകിരിച്ചോര്‍ നല്ല കമ്പോസ്റ്റ് വളമാക്കാമെന്ന് അധികമാരും ഓര്‍ക്കാറില്ല. അഥവാ അതിന് മെനക്കെടാറില്ല. ഒരു കി.ഗ്രാം ചികിരിനാര് ഉണ്ടാവുമ്പോള്‍ രണ്ടു കി.ഗ്രാം ചികിരിച്ചോറ് ഉണ്ടാവുന്നു. ഭാരംകുറഞ്ഞ, കാറ്റില്‍ പറക്കുന്ന ഈ അവശിഷ്ടം ധാരാളം ഈര്‍പ്പം വലിച്ചെടുക്കുന്നതും നിക്ഷേപിക്കാന്‍ ധാരാളം സ്ഥലം ആവശ്യമുള്ളതുമാണ്. കേരളത്തിലെ ചകിരിവ്യവസായ കേന്ദ്രങ്ങളില്‍ അടിഞ്ഞുകൂടുന്ന ചികിരിച്ചോര്‍ പരിസ്ഥിതിക്കുതന്നെ പ്രയാസങ്ങള്‍ ഉളവാക്കുന്നു.
ഇങ്ങിനെ പരിസ്ഥിതിപ്രശ്നങ്ങള്‍ ഏറിവന്നപ്പോഴാണ് തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെയും കയര്‍ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനഫലമായി ചികിരിയില്‍നിന്ന് ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ജൈവവള നിര്‍മാണത്തിന് ആവശ്യമായ- പൂപ്പല്‍ മിശ്രിതം പിത്ത്പ്ലസ് കേന്ദ്ര കയര്‍ ഗവേഷണ കേന്ദ്രത്തില്‍നിന്ന്വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിതരണംചെയ്തുവരുന്നു. പിത്ത്പ്ലസ് ഉപയോഗിച്ചാല്‍ 30 ദിവസംകൊണ്ട് ചകിരിച്ചോറിനെ നല്ല ജൈവവളമാക്കി മാറ്റാന്‍കഴിയും.ഒരു ടണ്‍ ചികിരിച്ചോര്‍ കമ്പോസ്റ്റാക്കി മാറ്റാന്‍ രണ്ടു കി.ഗ്രാം പിത്ത് പ്ലസും അഞ്ച് കി.ഗ്രാം യൂറിയയും ആവശ്യമാണ്.
കമ്പോസ്റ്റ് നിര്‍മിക്കുന്നവിധം
നല്ല സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെ. മീ. കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത്പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനുശേഷം പഴയപടി 100 കി.ഗ്രാം ചകിരിച്ചോര്‍ പിത്ത്പ്ലസിനു മുകളില്‍ വിതറണം. അതിനു മുകളില്‍ ഒരു കി.ഗ്രാം യൂറിയ വിതറുക. ഇങ്ങിനെ വീണ്ടും ചകിരിച്ചോര്‍, പിത്ത്പ്ലസ്, ചികിരച്ചോര്‍, യൂറിയ എന്ന ക്രമത്തില്‍ 10 അടുക്ക് ചകിരി ച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നച്ചുകൊടുക്കണം.
ഈര്‍പ്പാംശം നിലനിര്‍ത്താന്‍ ചണച്ചാക്കോ, വഴയിലയോ, തെങ്ങോലയോ കൊണ്ട് മുകളില്‍ പുതയിടണം. 30-40 ദിവസംകൊണ്ട് ചികിരിച്ചോര്‍ കമ്പോസ്റ്റ് റെഡി. ഒരു ടണ്‍ ചികിരിച്ചോറില്‍നിന്ന് 600 കി.ഗ്രാം കമ്പോസ്റ്റ് വളം ലഭിക്കും. സംസ്കരിച്ചെടുത്ത ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്നില്‍ 4.80%, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും , മണ്ണിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും, ഉല്‍പ്പാദനം കൂട്ടുന്നതിനുംഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.
രവീന്ദ്രന്‍ തൊടീക്കളം
ഞവര (നവര) നെല്‍ക്കൃഷിക്ക് തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ സമയമായി. ഒരുകാലത്ത് അന്യംനിന്നുവെന്നു കരുതിയ ഞവര നെല്ലിന് ഇപ്പോള്‍ പ്രിയം ഏറിവരികയാണ്. ഔഷധഗുണമുള്ളതു കാരണം ആയുര്‍വേദ ചികിത്സാവിധികളില്‍ ഞവരക്ക് ഏറെ സ്ഥാനമുണ്ട്. ഔഷധഗുണംകൊണ്ടുതന്നെ ഭക്ഷണത്തിലും ഞവരച്ചോറ് ഇടംപിടിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടാംവിളക്കാലമാണ് ഞവര നെല്‍ക്കൃഷിക്ക് ഉത്തമം. വിത്തുശേഖരണത്തിനും നിലമൊരുക്കാനും ഇപ്പോഴേ തയ്യാറെടുത്തുതുടങ്ങുന്നത് ഉചിമതമാണ്- മൂപ്പുകുറഞ്ഞ നെല്ലിനങ്ങളിലൊന്നാണ് ഞവര. 60-90 ദിവസമാണ് മൂപ്പ്. രണ്ടിനം ഞവര കേരളത്തില്‍ പ്രചാരമുണ്ട്; കറുത്തതും വെളുത്തതും. രണ്ടിന്റെയും അരിയുടെ നിറം ചുവപ്പാണ്. ഔഷധഗുണം കറുത്ത ഞവരയ്ക്കാണ് കൂടുതല്‍.
എന്നാല്‍, ഉല്‍പ്പാദനം കൂടുതല്‍ ലഭിക്കുക വെളുത്ത ഞവരയില്‍നിന്നാണ്. ഒരുമീറ്ററിലധികം ഉയരത്തില്‍ ഞവര വളരും. മൂപ്പെത്താറാവുമ്പോഴേക്കും ചാഞ്ഞുവീഴാന്‍ ഇടയുള്ള ഇനമാണിത്. അതുകൊണ്ടുതന്നെ നല്ല നീര്‍വാര്‍ച്ച ഉള്ളതും വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ സാധിക്കുന്നതുമായ വയലുകള്‍ വേണം ഞവരക്കൃഷിക്കായി ഉപയോഗിക്കാന്‍. ഒരു ഹെക്ടറില്‍ 80 കിലോഗ്രാം നെല്‍വിത്തുവേണം കൃഷിയിറക്കാന്‍. നുരിയിടല്‍ രീതിയിലാണെങ്കില്‍ 90 കിലോ വിത്തും വേണം. പറിച്ചുനടുന്ന രീതിയാണ് ഉല്‍പ്പാദനം കൂടാന്‍ ഇടയാക്കുന്നതെന്നാണ് അനുഭവസ്ഥരുടെ കാഴ്ചപ്പാട്.
ഒരു ഹെക്ടറില്‍ അഞ്ചുടണ്‍ ജൈവവളം (കാലിവളമായാലും മതി) ഉപയോഗിക്കണമെന്ന് കാര്‍ഷികവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പറിച്ചുനടുന്നതിന് 15 ദിവസം മുമ്പെങ്കിലും ജൈവവളം ചേര്‍ത്ത് ഉഴുതുമറിക്കണം. ചിനപ്പുപൊട്ടുന്ന സമയത്ത് മണ്ണിരക്കമ്പോസ്റ്റ് (ഒരു ഹെക്ടറില്‍ 50 കിലോഗ്രാം ചേര്‍ത്തുകൊടുക്കുന്നത് നെല്ലിന്റെ വളര്‍ച്ച വര്‍ധിക്കാനും ഉല്‍പ്പാദനം ഇരട്ടിയായി മാറാനും സാധിക്കും. നല്ല രോഗപ്രതിരോധശേഷിയുള്ള ഇനമാണ് ഞവര. എങ്കിലും കീടങ്ങളുടെ ആക്രമണം പ്രതീക്ഷിക്കാം. ഇലചുരുട്ടിപ്പുഴു, ചാഴി തുടങ്ങിയവയുടെ ശല്യം ഞവരയെ ബാധിക്കാറുണ്ടെന്ന് വയനാട്ടിലെ കര്‍ഷകസുഹൃത്തുക്കള്‍ അനുഭവങ്ങളില്‍നിന്ന് അറിഞ്ഞിട്ടുണ്ട്.
ചാഴിശല്യം തടയാന്‍ വേപ്പെണ്ണയും വെളുത്തുള്ളിനീരും ചേര്‍ത്ത ലായനി തളിച്ചുകൊടുക്കുന്നത് ഉചിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്- 20 മില്ലിഗ്രാം വേപ്പെണ്ണയും 20 മില്ലിഗ്രാം വെളുത്തുള്ളിനീരും ചേര്‍ത്ത ലായനിയില്‍ 20 മില്ലിഗ്രാം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുവേണം നെല്ലിന് തളിക്കാന്‍. ചാരം ചേര്‍ത്തുകൊടുക്കുന്നത് ഉല്‍പ്പാദനം വര്‍ധിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് വയനാടന്‍ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ഇലചുരുട്ടിപ്പുഴു പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ടൈക്കോ ഗ്രാമകാര്‍ഡ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും കര്‍ഷകര്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സോമു മലപ്പട്ടം
മാലിന്യസംസ്കരണം, പ്രത്യേകിച്ച് ഗാര്‍ഹികമാലിന്യ സംസ്കരണംവഴി പോഷകസമ്പുഷ്ടമായ ജൈവവളക്കൂട്ട് അഥവാ വളര്‍ച്ചാ ജൈവത്വരകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനേകം പോംവഴികളുണ്ട്. ഈ ഗണത്തില്‍പ്പെട്ടൊരു പേരാണ് ഹൃദയാമൃതം. ജൈവവളം എന്നതിനു പുറമെ ഒരുപരിധിവരെ കീടരോഗ പ്രതിരോധവാഹിനികൂടിയായ ഹൃദയാമൃതം ജൈവക്കൃഷിരംഗത്തെ ഉറച്ച മുതല്‍ക്കൂട്ടാണ്.
തയ്യാറാക്കുന്ന രീതി
1. 50 ലിറ്റര്‍ ബാരലില്‍ നാറ്റം (കമ്യൂണിസ്റ്റ് പച്ച, നാറ്റച്ചപ്പൂച്ചെടിപെരുവലം...), മണം (തുളസി, തുമ്പ... ), കയ്പ് (വേപ്പ്,കാഞ്ഞിരം...…), കറ (ആടലോടകം, മരച്ചീനി. പപ്പായ... ലരേ.) എന്നീ ഇനത്തില്‍പ്പെട്ട സസ്യാവശിഷ്ടങ്ങള്‍ കൊത്തിയരിഞ്ഞ് കഞ്ഞിവെള്ളം അഥവാ കാടിവെള്ളത്തില്‍ കുതിര്‍ത്ത് ഒരു കിലോ ശര്‍ക്കരയും ചേര്‍ത്ത് മൂടി അടച്ച് 30 ദിവസം വയ്ക്കുക.
2. 50 ലിറ്റര്‍ ബാരലില്‍ അഴുകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ദിവസേന ശേഖരിക്കുക. ദിവസവും എരിവ്, പുളി, ഉപ്പ്, മധുരം എന്നിവ മാറാനായി 200 ഗ്രാം കുമ്മായം ചേര്‍ക്കേണ്ടതാണ്. ബാരല്‍ നിറഞ്ഞശേഷം 30 ദിവസം സൂക്ഷിക്കുക.
3. പച്ചപ്പുല്ലും വയ്ക്കോലും തിന്നുന്ന പശുവിന്റെ 20 കിലോ ചാണകവും 20 ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് നന്നായി കലക്കി 30 ദിവസം വയ്ക്കുക
ക്രമനമ്പര്‍ ഒന്നും രണ്ടും മൂന്നും 200 ലിറ്റര്‍ കൊള്ളുന്ന വലിയ ബാരലിലേക്കൊഴിച്ച് സംയോജിപ്പിക്കുക. കൂടെ രണ്ടു കിലോ ശര്‍ക്കര പൊടിച്ചതും രണ്ടു കിലോ ധാന്യപ്പൊടി അവശിഷ്ടവും 11 ലിറ്റര്‍ മീന്‍ അമിനോ അമ്ളവും (അഞ്ചുകിലോ കടല്‍മത്സ്യവും ആറു കിലോ ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി 16 ദിവസം വച്ചത്) മണ്ണിര കമ്പോസ്റ്റില്‍നിന്നു ലഭിക്കുന്ന 10 ലിറ്റര്‍ വെര്‍മിവാഷും ചേര്‍ത്ത് നന്നായി ഇളക്കി 10 ദിവസത്തിനുശേഷം മുട്ട അമിനോ അമ്ളവും ചേര്‍ത്ത് (24 നാടന്‍ കോഴിമുട്ട മുങ്ങിക്കിടക്കാന്‍ പാകത്തില്‍ ചെറുനാരങ്ങനീരിലിട്ട് 15–ാം ദിവസം മുട്ടപൊട്ടിച്ച് 1.5 കിലോ ശര്‍ക്കരയും ചേര്‍ത്ത് വീണ്ടും 15 ദിവസം സൂക്ഷിച്ചശേഷം ലഭിക്കുന്നതാണ് മുട്ട അമിനോ അമ്ളം) വീണ്ടും 10 ദിവസം തണലില്‍ സൂക്ഷിക്കുക. ആകെ 50 (30+10+10) ദിവസം പൂര്‍ത്തിയാക്കുന്നതോടെ 200 ലിറ്റര്‍ ഹൃദയാമൃതം തയ്യാറാകുന്നു.
ഉപയോഗരീതി
ഹൃദയാമൃതം 20 ഇരട്ടി വെള്ളവും ചേര്‍ത്ത് സസ്യങ്ങളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും 30 ഇരട്ടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കുകയും ചെയ്യാം. നാലില പ്രായംമുതല്‍ അഞ്ചുദിവസത്തലൊരിക്കല്‍വീതം ഹൃദയാമൃതം നല്‍കേണ്ടതാണ്. സൂര്യാസ്തമയശേഷം പ്രയോഗിക്കുന്നതാണ് ഉത്തമം.
ഇതിലൂടെ ചെടികളുടെ വളര്‍ച്ചയും കീടരോഗങ്ങളുടെ പ്രതിരോധശേഷിയും വേരുപടലവും വര്‍ധിക്കുന്നതായി കാണാം. വേരു ചീയല്‍, മൊസൈക് തുടങ്ങിയ ഫംഗസ്ബാധയും ലഘൂകരിക്കാം. ഹൃദയാമൃത പരിചരണത്തിലൂടെ ലഭിക്കുന്ന കായകള്‍ക്ക് സൂക്ഷിപ്പുശേഷിയും രുചിയും കൂടുതലാണ്. (കണ്ണൂര്‍ പെരിങ്ങോം വയക്കര കൃഷിഭവനില്‍ കൃഷി അസിസ്റ്റന്റാണ് ലേഖകന്‍) ഇമെയില്‍
രമേശന്‍ പേരൂല്‍
ramesanperool@gmail.com
കണ്ണൂര്‍ കണ്ണവം വെളുമ്പത്ത് കുഞ്ഞിപറമ്പത്ത് വീട്ടില്‍ ജിരേഷ് എന്ന കര്‍ഷകന്റെ പച്ചക്കറിത്തോട്ടങ്ങള്‍ ആകര്‍ഷകമാവുന്നത് ജൈവകൃഷിയുടെ വിളനിലമെന്ന മേന്മയിലാണ്. വയനാടന്‍ മലനിരകളുടെ അടിവാരത്തെ മലഞ്ചെരിവുകളില്‍, കണ്ണവം കോളനി പ്രദേശത്ത് തരശ്ശായിക്കിടന്ന ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് പച്ചക്കറിക്കൃഷി ചെയ്തത്. ഗുണമേന്മയുള്ള സങ്കരയിനം പച്ചക്കറിവിത്തുകളാണ് നടീലിന് ഉപയോഗിച്ചത്. വനമണ്ണിന്റെ ജൈവസമ്പുഷ്ടിക്കൊപ്പം കാലിവളവും, മണ്ണിരകമ്പോസ്റ്റും കൂടി ചേര്‍ത്ത് പരിപാലിക്കപ്പെട്ട തോട്ടം, വളര്‍ന്നുപടര്‍ന്ന് പന്തലിച്ച് പൂവിട്ട് കായ്ച്ചുതുടങ്ങിയിരിക്കുന്നു. ജൈവിക രോഗകീട നിയന്ത്രണരീതിയില്‍ ഫെറമോണ്‍ കെണിയും, സ്യൂഡോമോണാസും, ജൈവകീടനാശനികളും ഉപയോഗിച്ച് രോഗകീടനിയന്ത്രണം സാധ്യമാക്കി. മഴക്കാലമായതിനാല്‍ ജലസേചനം ആവശ്യമായിവന്നില്ല.
കൃഷിപരിപാലനത്തില്‍ ഒട്ടേറെ ചെലവുകള്‍ കുറയ്ക്കാന്‍ സാധിച്ചു. പാട്യം കൃഷിഭവന്‍ ആവശ്യമായ സാങ്കേതികനിര്‍ദേശങ്ങള്‍ നല്‍കി. പച്ചക്കറികൃഷി വികസനപദ്ധതി അനുസരിച്ചുള്ള സാമ്പത്തികസഹായവും കൃഷിഭവന്‍ നല്‍കും.വിളവെടുപ്പ് ഉദ്ഘാടനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സൗമിനി നിര്‍വഹിച്ചു. ജൈവോല്‍പ്പന്നമെന്ന നിലയില്‍ കൃഷിയിടത്തില്‍ത്തന്നെ വന്‍ ഡിമാന്‍ഡാണിപ്പോള്‍. അധികമായി വരുന്ന ഉല്‍പ്പന്നങ്ങള്‍ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കൂത്തുപറമ്പ് ജൈവപച്ചക്കറി ചന്തയിലാണ് വിറ്റഴിക്കുന്നത്. പീച്ചിങ്ങക്ക് കി.ഗ്രാമിന് 25-30 രൂപയും പയറിന് 45-50 രൂപയും വിലയായി ലഭിക്കുന്നു. പാവല്‍ വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. അഞ്ചു ക്വിന്റല്‍ പീച്ചിങ്ങയും ഒരു ക്വിന്റല്‍ പയറും ഇതിനകം വിറ്റഴിച്ചു. 15 ക്വിന്റല്‍ താലോലിയും, രണ്ട് ക്വിന്റല്‍ പയറും 50 കി.ഗ്രാം പാലവും ഇനി ലഭിക്കുമെന്ന് ജിരേഷ് പറയുന്നു. ചെത്തുതൊഴിലാളികൂടിയ ജിരേഷിന്റെ തൊഴിലിനിടയിലുള്ള ഇടവേളകളാണ് കൃഷിപരിപാലനത്തിനായി കണ്ടെത്തുന്നത്.
അടുക്കള നമുക്കിന്ന് പാചകപ്പുര മാത്രമാണ്. ഭക്ഷണം പാകംചെയ്യാനും ഒരുക്കാനും സൂക്ഷിക്കാനുമെല്ലാമുള്ള ഒരിടം. ഇതിനപ്പുറം ചില വലിയ ധര്‍മ്മങ്ങള്‍കൂടി അടുക്കളയ്ക്ക് നിര്‍വഹിക്കാനുണ്ടെന്ന് നമ്മില്‍ പലരും തിരിച്ചറിയുന്നില്ല. ജൈവകൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്താണ് അടുക്കളയുടെ മറ്റൊരു മുഖംകൂടി നാം തിരിച്ചറിയേണ്ടത്. ആവശ്യംകഴിഞ്ഞ് പുറന്തള്ളുന്ന അടുക്കളവസ്തുക്കളെ എങ്ങനെ കാര്‍ഷികവിളകള്‍ക്കായി ഉപയോഗിക്കാമെന്നതാണത്. ഏതുവീട്ടിലും ഇന്ന് പച്ചക്കറികള്‍, കിഴങ്ങുകള്‍, ഇലക്കറികള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഒരടുക്കളത്തോട്ടം ആവശ്യമാണ്-മുമ്പുകാലങ്ങളില്‍ അടുക്കളയ്ക്കു പുറത്ത് ധാരാളം ഒഴിഞ്ഞതും വളക്കൂറുള്ളതുമായ മണ്ണുള്ള ഇടങ്ങള്‍ ഉണ്ടായിരുന്നു. ഇന്നും ധാരാളമുണ്ട്. ഇവിടെ വളര്‍ത്തുന്ന പച്ചക്കറികളെയും കിഴങ്ങ്, ഇലക്കറികളെയും ഉദ്ദേശിച്ചാണ് അടുക്കളത്തോട്ടം എന്ന പേരുവന്നത്. അടുക്കളയിലെ ഭക്ഷ്യവസ്തുവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ ഇവിടെ വലിച്ചെറിഞ്ഞും ഒഴിച്ചുകൊടുത്തും കൃഷിക്ക് ഉപയുക്തമാക്കിയിരുന്നു. ഇന്ന് ഇതെല്ലാം നാം കൈവിടുകയും അടുക്കള പാചകപ്പുരയായി മാറുകയുമാണ്. എന്നാല്‍, ഇത്തരം ധാരാളം ഭക്ഷ്യ "പാഴ് വസ്തുക്കള്‍' നമ്മുടെ അടുക്കളയില്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ നമുക്ക് പച്ചക്കറിക്ക് ഉപയോഗിച്ച് അടുക്കളത്തോട്ടം വീണ്ടെടുക്കേണ്ടതുണ്ട്. ഏതൊക്കെ ജൈവവളമായി മാറ്റാമെന്നു പരിശോധിക്കാം.
1. ചാരം: അടുക്കളയില്‍നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കുപുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരുകിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്),}200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മുഞ്ഞയും മാറിക്കിട്ടും.
2. കഞ്ഞിവെള്ളവും കാടിവെള്ളവും: അരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മുഴുത്ത കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മിലിമൂട്ട എന്നിവയെ നിയന്ത്രിക്കാനാവും.
3. മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവുംഇതു രണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധിനല്‍കും. ചുവട്ടില്‍ ഇട്ട് അല്‍പ്പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും.
4. മാംസാവശിഷ്ടം: മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണംചെയ്യും.
5. പച്ചക്കറി-ഇലക്കറി-പഴവര്‍ഗ അവശിഷ്ടങ്ങള്‍ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റ്വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും- സാധാരണ കുഴികമ്പോസ്റ്റും നിര്‍മിച്ച് വളമാക്കിമാറ്റാം. ചിരട്ടക്കരി: ചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിനുപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളംചേര്‍ത്ത് ചാന്താക്കിമാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്നു മുളയ്ക്കാന്‍ സഹായിക്കുകയുംചെയ്യും. തേയില, കാപ്പി, മുട്ടത്തോട്: അവശിഷ്ടങ്ങള്‍ ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്‍കാന്‍. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. പൂച്ചെടികള്‍ക്കും ഉത്തമമാണ്. തേങ്ങാവെള്ളം: തേങ്ങാവെള്ളം പാഴാക്കരുത്. കീടനാശിനിയായും ഉത്തേജകവസ്തുവായും ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉല്‍പ്പാദനവര്‍ധനവുണ്ടാക്കും. കൂടാതെ വിവിധ ജൈവ കീടനാശിനി കൂട്ടുകള്‍ക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.
മലപ്പട്ടം പ്രഭാകരന്‍
അവസാനം പരിഷ്കരിച്ചത് : 7/28/2020
ജീവാണു വളങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
ജീവാണുമിശ്രിതങ്ങള്‍-വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
വിവിധ തരത്തിലുള്ള പച്ചക്കറി കൃഷിയും ജൈവ കൃഷിരീതികള...