অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവകൃഷി അടിസ്ഥാന വിവരങ്ങൾ

വഴികള്‍ പലത്

ജൈവകൃഷിയെന്നു പൊതുവേ വിളിക്കുന്നത് പല കൃഷി സമ്പ്രദായങ്ങളെ ഉദ്ദേശിച്ചാണ്. മണ്ണിന്‍റെ സ്വാഭാവികമായ വളക്കൂറിലും അതിന്‍റെ ജൈവികമായ പോഷണത്തിലും വിശ്വാസമര്‍പ്പിക്കുന്ന ഏതു കൃഷിരീതിയെയും ജൈവകൃഷിയെന്നു വിളിക്കാം. പ്രധാന ജൈവകൃഷി രീതികള്‍ ഇനി പറയുന്നവയാണ്.

  • ബദല്‍ കൃഷി-ഏറെക്കുറേ ജൈവകൃഷിപോലെ പൊതുവായ പദം. രാസവസ്തുക്കള്‍ക്കു ബദലായി വിവിധ ജൈവ ഉപാധികള്‍ ആശ്രയിക്കുന്നു എന്നു മാത്രം. ഇന്ധനം ഉപയോഗിക്കുന്ന പമ്പ് സെറ്റുകള്‍ പോലും നിരാകരിക്കുന്ന ബദല്‍കൃഷിക്കാരുണ്ട്.
  • പ്രകൃതികൃഷി-കിളയ്ക്കാത്ത കൃഷിയെന്നും വിളിക്കുന്നു. ജപ്പാനില്‍ മസനോബു ഫുക്കുവോക്ക പ്രചരിപ്പിച്ച കൃഷിരീതി. ഒരു തരത്തിലും മണ്ണിളക്കാതെ കളപിഴുതു മാറ്റാതെയുള്ള കൃഷി.
  • പെര്‍മാകര്‍ച്ചര്‍-ദീര്‍ഘായുസുള്ള വൃക്ഷവിളകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന കൃഷിരീതി. പരിസ്ഥിതിക്കെതിരായി കാര്‍ഷികപ്രവര്‍ത്തനങ്ങളൊന്നുമില്ല.
  • ബയോ ഡൈനാമിക് കൃഷി-പ്രത്യേക രീതിയില്‍ തയാറാക്കുന്ന വളക്കൂട്ടുകളുടെ ഉപയോഗത്തില്‍ ആശ്രയിക്കുന്ന കൃഷി. ഗ്രഹങ്ങളുടെയും സൂര്യചന്ദ്രന്മാരുടെയും നിലകള്‍ക്കനുസരിച്ച് കാര്‍ഷികാസൂത്രണം.
  • തദ്ദേശീയ കൃഷി-പാശ്ചാത്യരാജ്യങ്ങളില്‍ ഉത്ഭവിച്ച കാര്‍ഷിക സമ്പ്രദായങ്ങളെയെല്ലാം തള്ളിക്കളയുന്ന കൃഷി. സ്വന്തം കാര്‍ഷിക പൈതൃകത്തിനു പരമപ്രധാനം സ്ഥാനം.
  • സുസ്ഥിരകൃഷി-മണ്ണിന് ഒന്നാംസ്ഥാനം കൊടുക്കുന്ന കൃഷിരീതി. മണ്ണിന്‍റെ പോഷകശോഷണത്തെ തടഞ്ഞ് ചിരസ്ഥായിയായി വിളവു തരുന്ന അക്ഷയപാത്രമാക്കി മണ്ണിനെ നിലനിര്‍ത്തുന്നു.
  • ഇടവരികൃഷി-പലവിളകള്‍ ഒന്നിച്ചു വിവിധ നിരകളിലായി കൃഷി ചെയ്യുന്നു. ഒരു നിരയിലെ കൃഷിക്ക് മറ്റൊരു നിരയിലെ കൃഷികള്‍ തുണയാകുന്നു.
  • ലീസ-ലോ എക്സ്റ്റേണല്‍ ഇന്‍പുട്ട് സസ്റ്റെയിനബിള്‍ അഗ്രിക്കള്‍ച്ചര്‍ എന്നതിന്‍റെ ചുരുക്കപ്പേര്. മൃദുകൃഷിയെന്നും ഇതിനെ വിളിക്കും. പുറമേ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിക്കാതെ നടത്തുന്ന കൃഷി ആ അര്‍ത്ഥത്തില്‍ ജൈവകൃഷിതന്നെ.
  • വിനയത്തോടെ തുടങ്ങാം

ജൈവകൃഷി തുടക്കത്തില്‍ തന്നെ നമ്മോടാവശ്യപ്പെടുന്നത് വിനയമാണ്. പ്രകൃതിയെ കീഴടക്കാനുള്ള അഹന്തമാറ്റി വച്ച് പ്രകൃതിയോടു സമരസപ്പെടാനുള്ള വിനയം.
സൂര്യന്‍റെ ഊര്‍ജത്തെ ഭക്ഷണമാക്കി മാറ്റാന്‍ കഴിയുന്നത് സസ്യങ്ങള്‍ക്കു മാത്രമാണ്. കൃഷിയെന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ്. അതായത് സൂര്യനും സസ്യവും കഴിഞ്ഞുള്ള സ്ഥാനം മാത്രമാണ് കൃഷിക്കാരനുള്ളത്. ഒരു കൂന ചപ്പുചവറുകളെ വാഴപ്പഴമാക്കി മാറ്റാന്‍ കഴിയുന്നത് വാഴയ്ക്കു മാത്രമാണ്. തേങ്ങയുണ്ടാക്കുന്നതിനുള്ള സാങ്കേതിക വിദ്യ തെങ്ങിനു മാത്രം സ്വന്തം. ഇവയോടു ചേര്‍ന്നും സഹകരിച്ചും ആഹാരം ഉല്‍പ്പാദിപ്പിക്കേണ്ടവനാണ് കൃഷിക്കാരന്‍. ഈ റോളില്‍നിന്നു മാറി പ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചിടത്താണ് കാര്‍ഷിക ദൂരന്തങ്ങളുടെ തുടക്കം.
ജൈവകൃഷി ആവശ്യപ്പെടുന്നത് വിനയമാണ്. നാം ഭക്ഷണം കഴിക്കുമ്പോള്‍ നമുക്കു കിട്ടുന്നത് ഊര്‍ജമാണ്. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഊര്‍ജം വളക്കൂറിലൂടെ മണ്ണിലെത്തിച്ചേര്‍ന്ന സൗരോര്‍ജമാണ്. നമ്മുടെ മുന്നില്‍ വിളമ്പിയിരിക്കുന്ന ചോറ് ഏതോ പച്ചിലകള്‍ പിടിച്ചെടുത്ത സൗരോര്‍ജമാണ്. ഭക്ഷണം സൗരോര്‍ജമാണെന്നു വരുമ്പോള്‍ പരമാവധി സൗരോര്‍ജം പിടിച്ചെടുക്കാനുള്ള ശ്രമമാകണം കൃഷി. സൗരോര്‍ജം പിടിച്ചെടുക്കാന്‍ സാധിക്കുന്നത് പച്ചിലകള്‍ക്കു മാത്രമാണ്. അതുകൊണ്ടാണ് മണ്ണ് ഒരിഞ്ച് പോലും തുറന്നിടരുത്, അവിടെ ഏതെങ്കിലും പച്ചില സസ്യം വളരാന്‍ അനുവദിക്കണമെന്നു പറയുന്നത്. ഒരു സസ്യമുണ്ടെങ്കില്‍ അത്രയും സൗരോര്‍ജം പിടിച്ചെടുത്തു കഴിഞ്ഞു. ആ സസ്യം അഴുകി മണ്ണില്‍ ചേരുമ്പോള്‍ സൗരോര്‍ജം മണ്ണിന്‍റെ വളക്കൂറായി മാറിക്കഴിഞ്ഞു. മറ്റൊരു സസ്യം ആ ഊര്‍ജം വലിച്ചെടുത്ത് ഭക്ഷണമാക്കി നമുക്കു തരുന്നു. അതുകൊണ്ടു നമുക്കു വിനയമുള്ളവരാകാം. സൂര്യനോട്, ചെടികളോട്, വളക്കൂറുള്ള മണ്ണിനോട് ഒക്കെ വിനയം.

വരൂ ജൈവകര്‍ഷകരാകാം

ഈശ്വര വിശ്വാസം പോലെയാണ് ജൈവകൃഷി. കുറെ അടിസ്ഥാന പ്രമാണങ്ങളുണ്ട്. ഇവ മുഴുവനായി പാലിച്ചാല്‍ ഏറ്റവും നന്ന്. ആവുന്നത്ര പാലിച്ചാല്‍ അത്രയും നന്ന്. പാലിച്ചില്ലെങ്കിലും ഈ പ്രമാണങ്ങള്‍ക്കു വിരുദ്ധമായി ഒന്നും ചെയ്യാനേ പാടില്ല. അടിസ്ഥാനതത്വങ്ങള്‍ ഇവയാണ്.

  • മണ്ണിന്‍റെ ആരോഗ്യ കാത്തു സൂക്ഷിക്കുക, മെച്ചപ്പെടുത്തുക.
  • ആവുന്നത്ര പാഴ്വസ്തുക്കളുടെ പുനരുപയോഗം. സ്വന്തം കൃഷിയിടത്തിലെ, ഗ്രാമത്തിലെ, പ്രദേശത്തെ പാഴ്വസ്തുക്കള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക.
  • പയറിനങ്ങളുടെയും പയര്‍വര്‍ഗമരങ്ങളുടെയും ഉപയോഗം.
  • ജൈവരീതിയില്‍ മാത്രമുള്ള സസ്യസംരക്ഷണം, രോഗപ്രതിരോധം
  • കൃഷിയിടത്തില്‍ പരമാവധി സസ്യവൈവിധ്യം
  • ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന മൃഗസംരക്ഷണം
  • ജനിതക സാങ്കേതിക വിദ്യയുടെ എല്ലാ രൂപത്തിലുള്ള ഉപയോഗത്തോടും എതിര്‍പ്പ്
  • പ്രകൃതിയുടെ സ്വാഭാവികമായ ഭൂഘടനയുടെ സംരക്ഷണം
  • വിഭവങ്ങളുടെ പുനരുപയോഗം, പരമ്പര്യേതര ഊര്‍ജ ഉപഭോഗം
  • വളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍, സൂക്ഷിപ്പു വസ്തുക്കള്‍, വിളവെത്തിക്കാനുള്ള വസ്തുക്കള്‍ തുടങ്ങിയവയില്‍ രാസവസ്തുക്കളുടെ പൂര്‍ണമായ ബഹിഷ്കരണം

ആരോഗ്യമുള്ള മണ്ണ്


$ സസ്യങ്ങള്‍ക്കു കരുത്തോടെ വളരാന്‍ കഴിയുന്ന മാധ്യമം
$ വെള്ളം സംഭരിച്ചു നിര്‍ത്തുകയും ചെടികള്‍ക്ക് വേണ്ട അളവില്‍ നല്‍കുകയും ചെയ്യുന്ന സംഭരണി.
$ ജൈവവസ്തുക്കളെന്തിനെയും വളരെ വേഗം അഴുകിച്ചേര്‍ന്ന് പുനരുപയോഗത്തിനു സജ്ജമാക്കുന്ന മാധ്യമം.
$ രോഗാണുക്കളുടെ വളര്‍ച്ച തടയുന്ന പ്രകൃതിയുടെ സ്വഭാവികമായ പ്രതിരോധ സംവിധാനം.
$ സസ്യപോഷകങ്ങളുടെ വറ്റാത്ത സംഭരണി
വളക്കൂറുള്ള മണ്ണിന്‍റെ ശേഷി ഒരിക്കലും തീരാത്തതാണ്. രാസകൃഷിയുടെ ഏറ്റവും വലിയ ദോഷം കൃത്രിമമായ ഇടപെടലുകളിലൂടെ അവ ഒന്നാമതായിത്തന്നെ മണ്ണിന്‍റെ വളക്കൂറ് നശിപ്പിക്കുന്നു എന്നതാണ്. അതിനുശേഷം പുറമെ നിന്ന് കൃത്രിമമായി പോഷകങ്ങള്‍ കിട്ടാതെ ചെടികള്‍ക്ക് വളരാന്‍ കഴിയാതെയാവുന്നു.
രാസകൃഷിയില്‍ വളമിട്ട് ചെടിയെ വളര്‍ത്തുമ്പോള്‍ ജൈവകൃഷിയില്‍ വളമിടുന്നതു മുഴുവന്‍ മണ്ണിനും അതിനുള്ളില്‍ വസിക്കുന്ന കോടാനുകോടി സൂക്ഷ്മജീവികള്‍ക്കുമാണ്. ഇതിനു രണ്ടിനും സസ്യമൂലകങ്ങളുടെ ആവശ്യമില്ല. പകരം പരമാവധി ജൈവവസ്തുക്കള്‍ കിട്ടിയാല്‍ മതിയാകും. അവയെ സാവകാശം ചെടിക്കുവേണ്ട മൂലകങ്ങളാക്കി നല്‍കാന്‍ കഴിയും.
മണ്ണിന്‍റെ വളക്കൂറ് നിലനിര്‍ത്തണമെങ്കില്‍ ഒരിക്കല്‍ കുറേ ജൈവവസ്തുക്കള്‍ കൊടുത്താല്‍ മാത്രം പോരാ, സ്ഥിരമായി അവ കൊടുത്തു കൊണ്ടേയിരിക്കണം. ഇതിന് പച്ചിലകളും മറ്റും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കണം. ഇതിനേതാനും പ്രായോഗിക മാര്‍ഗങ്ങളുണ്ട്.

  • ഒരു തരി മണ്ണുപോലും പുറത്തുകാണരുന്നത് എന്നത് നിര്‍ബന്ധമാക്കുക. മണ്ണിനെ മറച്ചുകൊണ്ട് സദാ എന്തെങ്കിലും ചെടികള്‍. അവയില്‍നിന്നു വേണ്ടത്ര പച്ചിലകളും പാഴ്വസ്തുക്കളും കിട്ടിക്കൊണ്ടിരിക്കും.
  • പലവിളകള്‍ മാറി മാറി കൃഷി ചെയ്യുക. അതിനിടയില്‍ പച്ചിലവളച്ചെടികള്‍ കൂടി കൃഷിചെയ്യുന്നതിനുള്ള സമയം ചേര്‍ത്തുകൊടുക്കുക. പയറുകള്‍, ഡെയിഞ്ച, കാട്ടുചണമ്പ് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.
  • വിളകള്‍ക്കൊപ്പം തീറ്റപ്പുല്ലിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. ഗിനിപ്പുല്ല്, ഗംബപ്പുല്ല്, നേപ്പിയര്‍ ഇനങ്ങള്‍ തുടങ്ങിയവ ഇതിന് ഉത്തമമാണ്.
  • തോട്ടത്തില്‍ എല്ലായിടത്തും പരമാവധി വിളകള്‍ ഒന്നിച്ചു കൃഷി ചെയ്യുന്ന മിശ്രവിളരീതി അനുവര്‍ത്തിക്കുക. എത്ര വിളകളുടെ കൂട്ടായ്മയുണ്ടാക്കാന്‍ സാധിക്കുമോ അത്രയും വിള ഓരോ ഭാഗത്തും ഉള്‍പ്പെടുത്തുക. ഉദാ: തെങ്ങ്, കമുക്, കുരുമുളക്, ജാതി, ഗ്രാമ്പൂ, കൊക്കോ, കാപ്പി, വാഴ, വനില, പതിമുകം എന്നിവ ഒരേ സ്ഥലത്തുതന്നെ കൃഷിചെയ്യുന്ന തീവ്രരീതി.
  • ദീര്‍ഘകാല വിളകള്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ അവയ്ക്കൊപ്പം വളരുന്ന പയര്‍വര്‍ഗത്തില്‍പ്പെട്ട മരങ്ങളോ (സുബാബുള്‍, ശീമക്കൊന്ന, സെസ്ബേനിയ തുടങ്ങിയവ) ആവരണ വിളകളോ (മ്യൂക്കുണ, പ്യൂറേറിയ, കലപ്പഗോണിയം തുടങ്ങിയവ) കൃഷിചെയ്യുക.
  • ദീര്‍ഘകാല വിളകളുടെ രണ്ടുനിരകള്‍ക്കിടയില്‍ ഒരു നിര പച്ചിലച്ചെടി, പച്ചിലമരം നട്ടുപിടിപ്പിക്കാന്‍ തുടക്കത്തില്‍ തന്നെ പ്ലാന്‍ ചെയ്യുക. സ്ഥിരമായി ഇവയില്‍നിന്നു കൊമ്പുകോതി പുതയിടാനെടുക്കാം.
  • കാര്യമായി ഉപയോഗമില്ലാത്ത പാഴ്മരങ്ങള്‍ തോട്ടത്തില്‍ എവിടെയെങ്കിലും നില്‍പുണ്ടെങ്കില്‍ അതിനെ സംരക്ഷിക്കുക. അവ ഇലയും കമ്പും തരട്ടെ.
  • തോട്ടത്തിനു നാലു ചുറ്റും വേലിച്ചെടികള്‍ നട്ടുപിടിപ്പിക്കു. പയര്‍വര്‍ഗത്തില്‍പെട്ട മരങ്ങളോ ശീമക്കൊന്നയോ കൊണ്ട് വേലി തീര്‍ക്കാം. ഇവയും കൊമ്പുകള്‍ മുറിച്ചെടുക്കാന്‍ മാത്രമുള്ളതാണ്. ഒപ്പം കാറ്റിന് മറയുമായിക്കൊള്ളും.
  • എന്‍.പി.കെ. എവിടെനിന്ന്

മണ്ണ് വളക്കൂറുള്ളതായി മാറിക്കഴിഞ്ഞാല്‍ മൂലകങ്ങളെക്കുറിച്ചുള്ള മുന്‍വിധികളൊന്നും ആവശ്യമില്ലെന്നാകും. കാരണം വേണ്ട മൂലകങ്ങള്‍ വേണ്ട അളവില്‍ വേണ്ട സമയത്ത് മണ്ണില്‍നിന്നു കിട്ടിക്കൊണ്ടിരിക്കും. ചെടികള്‍ നന്നായി വളരാനും നല്ല വിളവു തരാനും ഏറ്റവും കൂടുതലായി വേണ്ടത് എന്‍.പി.കെ എന്നീ മൂന്നു മൂലകങ്ങളാണ്. അതായത് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവ. ഇവയെങ്ങാനും കിട്ടാതെ വരുകയോ കുറഞ്ഞുപോകുകയോ ചെയ്താലെങ്ങനെ എന്ന ഭീതിയുള്ളവര്‍ക്ക് ഇവ സ്ഥിരമായി വേണ്ടത്ര കിട്ടുമെന്നുറപ്പാക്കാന്‍ ഏതാനും മാര്‍ഗങ്ങളുണ്ട്.
ജൈവകൃഷിയില്‍ നൈട്രജന്‍ നല്‍കുന്നതു പ്രധാനമായും പയര്‍വര്‍ഗത്തില്‍പെട്ട ചെടികളാണ്. ഇവയുടെ വേരുകളിലെ മുഴകളിലുള്ള ബാക്ടീരിയകള്‍ക്ക് അന്തരീക്ഷത്തിലെ നൈട്രജനെ ചെടികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ സാധിക്കും. മണ്ണില്‍ തന്നെ കാണപ്പെടുന്ന മറ്റു രണ്ടിനം ബാക്ടീരിയകളാണ് അസറ്റോബാക്ടറും അസോസ്പൈറില്ലവും ഇവയും നൈട്രജന്‍ ദാതാക്കളാണ്. നെല്ലിനൊപ്പം കാണപ്പെടുന്ന അനബേന അസോളെ ബാക്ടീരിയയ്ക്ക് അസോള പായലുമായി ചേര്‍ന്ന് ഒരു ഹെക്ടറിലേക്ക് 400 കി.ഗ്രാം നൈട്രജന്‍ നല്‍കാന്‍ കഴിയും. ഇതൊക്കെയാണെങ്കിലും ഏറ്റവും എളുപ്പമുള്ള വഴി പരമാവധി പയര്‍വര്‍ഗത്തില്‍പെട്ട ചെടികള്‍ കൃഷി ചെയ്യുന്നതാണ്. ഒരിഞ്ച് സ്ഥലം ചെടിയൊന്നുമില്ലാത്തതുണ്ടെങ്കില്‍ അവിടെ ഒരു പയര്‍ നടുക എന്നതു കാര്‍ഷികശൈലിയാക്കിയാല്‍ മതിയാകും.
അമ്ലതയും ഇരുമ്പിന്‍റെയും അലൂമിനിയത്തിന്‍റെയും അംശവും കൂടിയ കേരളത്തിലെ മണ്ണില്‍ ഫോസ്ഫേറ്റിന്‍റെ അളവും ചെടികള്‍ക്കതു കിട്ടുന്ന തോതും വളരെ വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ തന്നെ രാസകൃഷിയില്‍ ഉപയോഗിക്കുന്ന ഫോസ്റേറ്റ് വളങ്ങളില്‍ നല്ല പങ്കും പാഴായിപ്പോകുകയുമാണ്. ജൈവകൃഷിയിലാകട്ടെ മണ്ണില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റുകളെ ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കുന്നതിനാണ് ഊന്നല്‍. ഫോസ്ഫേറ്റുകളെ ലയിക്കുന്ന രൂപത്തിലാക്കിക്കൊണ്ടാണിത്. വളക്കൂറുള്ള മണ്ണില്‍ സ്വാഭാവികമായിത്തന്നെ ഫോസ്ഫേറ്റുകളുടെ രൂപമാറ്റം സംഭവിക്കുന്നു. വേരുകളുടെയും അവയിലെ നാരുവേരുകളുടെയും കൂടിയ തോതിലുള്ള വളര്‍ച്ചയുടെ ഫലമായി ജൈവകൃഷിയില്‍ മണ്ണിലെ ഫോസ്ഫേറ്റ് അംശങ്ങളുമായി കൂടുതല്‍ വേരുകള്‍ ഇടപെടുന്ന അവസ്ഥയുണ്ടാകുന്നു. വേരുകളിലെ നാരുവേരുകള്‍ പുറത്തുവിടുന്ന ചിലയിനം അമ്ലങ്ങളാണ് ഫോസ്ഫേറ്റുകളെ ലയിക്കുന്ന അവസ്ഥയിലെത്തിക്കുന്നത്.
വളക്കൂറുള്ള മണ്ണില്‍ വാം മൈക്കോറൈസ എന്നയിനം കുമിളുകള്‍ നല്ല തോതില്‍ വളരുന്നു. ഫോസ്ഫേറ്റിനെ ചെടികള്‍ക്കു കിട്ടുന്ന അവസ്ഥയിലെത്തിക്കാന്‍ഇവയ്ക്കാന്‍ കഴിയും. ചിലയിനം ഉള്ളികള്‍ക്ക് ഫോസ്ഫേറ്റിന്‍റെ രൂപമാറ്റത്തില്‍ സഹായിക്കാന്‍ കഴിയും. ജൈവവൈവിധ്യമുള്ള കൃഷിയിടത്തില്‍ ഈയിനം സസ്യങ്ങളും ഉണ്ടായിരിക്കും. മണ്ണില്‍ പുതയിട്ടിരിക്കുന്ന വസ്തുക്കളും ഫോസ്ഫേറ്റിനെ പ്രദാനം ചെയ്യാന്‍ കഴിവുള്ളവയായിരിക്കും.
പൊട്ടാസിയവും മണ്ണില്‍ അടങ്ങിയിട്ടുണ്ട്. ജൈവവളങ്ങളില്‍നിന്ന് ഇവ കിട്ടുന്നുമുണ്ട്. എന്നാല്‍ ജൈവാംശം കുറഞ്ഞ മണ്ണില്‍ (വളക്കൂറുമില്ലാത്തെ മണ്ണില്‍) ഇവ തങ്ങിനില്‍ക്കില്ല. രാസകൃഷിയില്‍ വീണ്ടും വീണ്ടും പൊട്ടാഷ് ചേര്‍ത്തുകൊടുക്കേണ്ടതായി വരുന്നതും ചേര്‍ക്കുന്നതില്‍ നല്ലൊരു പങ്ക് പാഴായിപ്പോകുന്നതിനും കാരണം ഇതാണ്. ജൈവകൃഷിയില്‍ സ്ഥിരമായി നല്ലതോതില്‍ പുതയിട്ടു മണ്ണിനെ സംരക്ഷിക്കുമ്പോള്‍ പൊട്ടാഷ് മേല്‍മണ്ണില്‍ തങ്ങിനില്‍ക്കുകയം ചെടികള്‍ക്കു വലിച്ചെടുക്കാന്‍ കഴിയുകയും ചെയ്യുന്നു. ആഴത്തില്‍ വേരോടുന്ന ചെടികളും ജൈവകൃഷിയിടത്തിലുള്ളതിനാല്‍ അവ മണ്ണിന്‍റെ അടിത്തട്ടില്‍നിന്നും പൊട്ടാഷ് വേര്‍പെടുത്തുന്നു. പുതയിടുന്നതിനാല്‍ പൊട്ടാസിയം മൂലകം പാഴായിപ്പോകുന്നതിനെ തടയാനുമാകുന്നു.
ജീവാണുവളങ്ങളുടെ ഉപയോഗം ജൈവകൃഷിയില്‍ നിഷിധമല്ല. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം എന്നീ മൂന്നു പ്രധാന മൂലകങ്ങളെയും പ്രദാനം ചെയ്യുന്ന ജീവാണുവളങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയും നിരവധി സ്വകാര്യം ഏജന്‍സികളും ഇവ വിപണനം നടത്തുന്നുണ്ട്. അംഗീകൃത ഏജന്‍സികളില്‍നിന്നു വാങ്ങുക. പഴക്കം ചെല്ലാത്ത മിശ്രിതങ്ങള്‍ വാങ്ങുക, കേരളത്തിലെ മണ്ണില്‍നിന്നു വേര്‍തിരിച്ചെടുത്ത ജീവാണുക്കളടങ്ങിയ മിശ്രിതം വാങ്ങുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നു മാത്രം. അതുപോലെ റോക്ക് ഫോസ്ഫേറ്റിന്‍റെ ഉപയോഗവും ജൈവകൃഷിയുടെ സങ്കല്‍പങ്ങള്‍ക്കെതിരല്ല. തടി കത്തിച്ച ചാരം കൃഷിയിടത്തില്‍ ഉപയോഗിക്കുന്നതിലും തെറ്റില്ല.

    എങ്ങനെ ജൈവകൃഷി

രാസകൃഷിയുടെ നേര്‍വിപരീതമാകണം ജൈവകൃഷി. ആരോഗ്യപൂര്‍ണമായ കൃഷിയാണ് ജൈവകൃഷി. പ്രകൃതിവിഭവങ്ങളുടെ വിളവിന്‍റെയും ജീവജാലങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്ന കൃഷി. ഇതില്‍ പ്രകൃതി വിഭവങ്ങളുടെ നാശം അനുവദിക്കുന്നില്ല. സൂര്യപ്രകാശം, മണ്ണ്, വെള്ളം, ജൈവവൈവിധ്യം തുടങ്ങിയവയുടെയൊക്കെ കരുതലോടെയുള്ള ഉപയോഗത്തിലൂടെയാണ് കാര്‍ഷഷിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. പ്രകൃതി വിഭവങ്ങള്‍ക്കു വന്ന ശോഷണമാണ് ഇക്കാലത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം. ജൈവകൃഷി ഇവയെ പഴയ ഓജസിലേക്ക് തിരിച്ചു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. നാം കണ്ടു ശീലിച്ചത് കൃഷിയുടെ സാങ്കേതിക വിദ്യയാണ്. ജൈവകൃഷി ലക്ഷ്യമിടുന്നത് പ്രകൃതി വിഭവങ്ങള്‍ക്കിണങ്ങുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ്.
ജൈവകൃഷി അസ്ഥിവാരമുറപ്പിച്ചിരിക്കുന്നത് മണ്ണിന്‍റെ വളക്കൂറ് എന്ന സങ്കല്‍പത്തിലാണ്. വളക്കൂറുണ്ടാക്കാനും അതു നിലനിര്‍ത്താനും സഹായിക്കുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. മണ്ണിന്‍റെ വളക്കൂറുളക്കുന്നത് അവിടെ എത്ര സസ്യങ്ങള്‍ വളരുന്നു. അവ എങ്ങനെ വളരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. വളക്കൂറാണ് മണ്ണിന്‍റെ ആരോഗ്യം.

    കൊത്തും കിളയും പുതയിടലും

കൃഷിയുടെ ഭാഗമായി മണ്ണില്‍ നടത്തുന്ന ഏറ്റവും വലിയ ഇടപെടല്‍ കൊത്തും കിളയുമാണ്. പ്രകൃതിയുടെ ക്രമങ്ങള്‍ക്ക് ഏറ്റവും വിരുദ്ധമായ കാര്യവും. ഇതു തന്നെ. അതുകൊണ്ട് പ്രകൃതികൃഷി കിളയ്ക്കുന്നതിനും മണ്ണിളക്കുന്നതിനുമെല്ലാം എതിരാണ്. എന്നാല്‍ ജൈവകൃഷി കിളയ്ക്കുന്നതിനെതിരല്ല. പക്ഷേ, കിള പരമാവധി കുറയ്ക്കാവുന്ന രീതിയില്‍ പുതയിട്ടും മറ്റും മണ്ണിനെ സംരക്ഷിക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്. മണ്ണിളക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രശ്നം മണ്ണിളക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രശ്നം മണ്ണൊലിപ്പാണ്. വിലപ്പെട്ട മേല്‍മണ്ണ് ഒഴുകിപ്പോകുന്നത് കിളച്ചിളക്കിയിടുമ്പോഴാണ്.
പ്രധാനമായും രണ്ടുകാര്യങ്ങള്‍ക്കു വേണ്ടിയാണ് കിളച്ചു മണ്ണിളക്കേണ്ടതായി വരുന്നത്. ഒന്നാമതായി നടീലിനും വിത്തുപാകലിനും വേണ്ട തടമോ കുഴിയോ എടുക്കുന്നതിനുവേണ്ടി. രണ്ടാമതായി കളയിളക്കുന്നതിനുവേണ്ടി.
കിള വേണ്ടിവരുന്ന സാഹചര്യങ്ങള്‍ തീരെ കുറവാണെന്നതാണ് വാസ്തവം. ദീര്‍ഘകാല വിളകളുടെ കാര്യത്തില്‍ കിളയ്ക്കേണ്ട ആവശ്യമേയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നതും ദീര്‍ഘകാല നാണ്യവിളകളായ റബ്ബര്‍, കുരുമുളക്, തെങ്ങ്, ഏലം, കമുക്, കാപ്പി, തേയില തുടങ്ങിയവയാണല്ലോ. ഇവയുടെ കൃഷിയിടത്തില്‍ മണ്ണ് ഇളക്കമുള്ളതാക്കാന്‍ പയര്‍വര്‍ഗത്തില്‍ പെട്ട ചെടികള്‍ നട്ടുപിടിപ്പിക്കുകയും അവ വെട്ടി പുതയിടുകയും ചെയ്താല്‍ മതി. പുതുക്കൃഷിയുടെയും ആവര്‍ത്തനക്കൃഷിയുടെയും സമയത്താണ് കിള വേണ്ടിവരുന്നത്.
ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്ന സ്ഥലത്താണ് ഉഴവും കിളയും കൂടുതലായും സ്ഥിരമായും വേണ്ടിവരുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും ആശാസ്യമായരീതി ഏറ്റവും കുറഞ്ഞ കിള എന്നതാണ്. ഒരിക്കലും വളരെ താഴ്ചയില്‍ മണ്ണ് കിളച്ചോ ഉഴുതോ മറിക്കരുത്. അഥവാ ഉഴവ് വേണ്ടിവന്നാല്‍ അത് ചെരിവിനു കുറുകെയാകണം. ചെരിവിനൊത്തായിരിക്കരുത്. ചെരിവിനൊത്ത് ഉഴുതിട്ടാല്‍ വെള്ളച്ചാലിലൂടെയെന്നപോലെ മേല്‍മണ്ണ് ഒഴുകിപ്പോകും. ഉഴവ് നടത്തുന്നത് കഴിഞ്ഞ കൃഷിയുടെ അവശിഷ്ടങ്ങള്‍ മണ്ണിലേക്ക് ചേര്‍ക്കുന്നതിനുവേണ്ടിയായിരിക്കണം. അവയൊരിക്കലും ഏറെ താഴ്ചയിലേക്കു പോകേണ്ട കാര്യമില്ല. സ്ഥിരമായി പുതയിട്ടുകൊണ്ടിരിക്കുന്ന മണ്ണില്‍മേല്‍മണ്ണ് നല്ല ഇളക്കമുള്ളതായിരിക്കും. അതില്‍ ഉഴവ് കൂടാതെ കൃഷിയാരംഭിക്കാനും കഴിയും. നെല്ലൊഴികെയുള്ള ഭക്ഷ്യവിളകളുടെ കാര്യത്തില്‍ കിളയ്ക്കല്‍ വേണ്ടിവന്നാലും നടീലിനു വേണ്ട ഏറ്റവും കുറഞ്ഞ സ്ഥലം മാത്രം ഇളക്കുന്നതായിരിക്കും നല്ലത്. പല വിളകള്‍ മാറിമാറി കൃഷിചെയ്തു കൊണ്ടിരുന്നാല്‍ കളകള്‍ വളരുന്നതിനുള്ള സാധ്യത തീരെ കുറയും. അതിനാല്‍ കളയെടുപ്പിനുള്ള കിളയും വേണ്ടിവരില്ല. കളകളെ കിളച്ചു മറിക്കുകയല്ല, വെട്ടി മണ്ണില്‍ ചേര്‍ക്കുകയാണ് നല്ലത്.
മണ്ണും ജലവും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ് കല്ലുകയ്യാലകള്‍ നിര്‍മിക്കുന്നതും കൃഷിയിടം ചെരിവിനനുസരിച്ച് പല തട്ടുകളായി തിരിക്കുന്നതും വളരെ പണ്ടേയുള്ള രീതികളാണ്. ഏറ്റവും ചെരിവു കൂടിയ ഭൂപ്രദേശത്ത് അടുത്തടുത്ത് തട്ടുകളുണ്ടായിരിക്കുന്നതാണ് നല്ലത്. ഇവയ്ക്കു പുറമെ ആവരണ വിളകള്‍ നട്ടു പിടിപ്പിക്കുന്നതും ശക്തിയായ വേരുപടലമുള്ള രാമച്ചം പോലെയുള്ള ചെടികള്‍ ഇടയ്ക്കിടെ നിരയൊപ്പിച്ച് നട്ടുവളര്‍ത്തുന്നതുമൊക്കെ മണ്ണൊലിപ്പ് തടയുന്നതിനുള്ള വഴികളാണ്.
മണ്ണു സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ജലസംരക്ഷണവും. ഇതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗം മണ്ണില്‍ പുതയിടുന്നതാണ്. പുതയിട്ടു സംരക്ഷിച്ച സ്ഥലത്തായിരിക്കും ഏറ്റവുമധികം ജലം സംരക്ഷിക്കപ്പെടുക. ജൈവവസ്തുക്കള്‍ അഴുകിച്ചേര്‍ന്ന മേല്‍മണ്ണ് സ്പോഞ്ച് വെള്ളം പിടിച്ചു നിര്‍ത്തുന്നതെങ്ങനെയോ അതേ രീതിയില്‍ വെള്ളം സംരക്ഷിക്കുന്നു. ഇതിനു പുറമേ നടപ്പാക്കാവുന്ന മറ്റു കാര്യങ്ങളാണ് നീര്‍ക്കുഴികളുടെ നിര്‍മാണവും ചാലുകള്‍ക്കു കുറുകെ ചിറകളും കല്‍ക്കെട്ടുകളും നിര്‍മിക്കുന്നതും ചെരിവിനു കുറുകെ കിടങ്ങുകളെടുക്കുന്നതുമെല്ലാം.

    വിളവു കൂടണമെങ്കില്‍

സങ്കരവിത്തുകളുടെ കാലമാണിത്. വിളവു കൂടണമെങ്കില്‍ വിത്തുകള്‍ സങ്കരമാകണമെന്നതിനെക്കാള്‍ ജൈവകൃഷി പ്രാധാന്യം കൊടുക്കുന്നത് മണ്ണ് സങ്കരമാകണം എന്നതിനാണ്.
മണ്ണ് സങ്കരമാകണമെങ്കില്‍ അതില്‍ പലതരത്തിലുള്ള സസ്യജന്തുജാലകളുണ്ടായിരിക്കണം. പുതയിടുന്ന വസ്തുക്കള്‍ വ്യത്യസ്തമായിരിക്കണം. വിവിധയിനം പക്ഷിമൃഗാദികളുടെ വിസര്‍ജ്യങ്ങള്‍ ചേര്‍ത്തുകൊടുക്കണം. ഇവയെല്ലാം ചേര്‍ന്ന് വളക്കൂറു കൂട്ടുന്ന മണ്ണ് സങ്കരമായിരിക്കും. ഇതില്‍ ഓരോ ചെടിക്കും വേണ്ട പോഷകങ്ങളെല്ലാമുണ്ടായിരിക്കും. വിത്തുമാത്രം സങ്കരമായാല്‍ പോരാ മണ്ണും സങ്കരമാകണം. വിത്തുഗുണം പ്രധാനമാണ്. പക്ഷേ, ഗുണമേന്മയുള്ള വിത്തിനും വളക്കൂറില്ലാത്ത മണ്ണില്‍ ഫലം തരാനാവില്ല.
മണ്ണിന്‍റെ ജീവനാണ് ചെടിളുടെ ജീവന്‍. മണ്ണിന്‍റെ ആരോഗ്യമാണ് ചെടികളുടെ ആരോഗ്യം. മണ്ണിന്‍റെ ജീവനെന്നാല്‍ അതില്‍ കഴിയുന്ന സൂക്ഷ്മജീവികളുടെ ജീവനാണ്. ഇവയുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മണ്ണിന്‍റെ ജീവശേഷി കൂടുന്നു. ഈ ജീവശേഷി തന്നെയാണ് മണ്ണിന്‍റെ ഫലപുഷ്ടിയും വളക്കൂറും. ഏറ്റവും വളക്കൂറുള്ളത് വനമണ്ണിലാണ്. അതിനു കാരണം അവിടെയാണ് ഏറ്റവുമധികം ജൈവവൈവിധ്യമുള്ളത്.
എത്രമാത്രം വൈവിധ്യമുള്ള ചെടികളുടെ ഇലയും തണ്ടും തടിയും മണ്ണില്‍ വീഴുന്നുവോ അത്രയും രോഗപ്രതിരോധശേഷിയും വളക്കൂറുമാണ് മണ്ണിനു കിട്ടുന്നത്. ഒരു സസ്യം നല്‍കുന്നതല്ല മറ്റൊരു സസ്യം നല്‍കുന്നത്. ഒന്നിന്‍റെ അവശിഷ്ടം മറ്റൊന്നിന് ഏതെങ്കിലും തരത്തില്‍ ഉപകാരപ്പെടുന്ന വസ്തുവായി മാറുന്നു.
സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ പോലെയാണ് വിവിധ ജീവജാലങ്ങളുടെ വിസര്‍ജ്യങ്ങളും. പശു, ആട്, കോഴി, പന്നി, താറാവ്, ആന തുടങ്ങിയവയുടെയൊക്കെ വിസര്‍ജ്യം കൊണ്ട് ഓരോ തരത്തിലുള്ള പ്രയോജനമാണ് മണ്ണിനു കിട്ടുന്നത്. മല്‍സ്യാവശിഷ്ടങ്ങള്‍ ചേര്‍ത്തുകൊടുത്താല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഗുണമായിരിക്കും കിട്ടുന്നത്.
മണ്ണിനെ സങ്കരമാക്കാന്‍ മറ്റൊരു വഴി വിവിധയിനം വസ്തുക്കള്‍ കൊണ്ടുള്ള പുതയിടലാണ്. എല്ലാവിധ ജൈവാശിഷ്ടങ്ങളും മണ്ണിനു നല്‍കാനുള്ളതാണ്. അളവിലും സ്വഭാവത്തിലും വ്യത്യസ്തമായ എത്ര ജൈവ വസ്തുക്കള്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കാന്‍ കഴിയുന്നോ അത്രയും മെച്ചമായിരിക്കും. കരിയിലയുടെ പ്രയോജനമല്ല, പുല്ലില്‍നിന്നു കിട്ടുന്നത്. ഇവയെല്ലാം മണ്ണിനു പുതയായി മാറിക്കൊള്ളും. എന്നാല്‍ ഗുണത്തില്‍ വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യുന്നു. കടലാസ്, ചാക്ക്, തുണി, ഉമി, പതിര്, തേങ്ങയുടെ തൊണ്ട്, അടയ്ക്കയുടെ തൊണ്ട്, ചെമ്മീനിന്‍റെ തോട്, തടിക്കഷണങ്ങള്‍, വൈക്കോല്‍, ഓലമടല്‍, പായലുകള്‍, കരിമ്പിന്‍ചണ്ടി, തീപ്പെട്ടിക്കമ്പനിയിലെ പാഴ്വസ്തുക്കള്‍ അങ്ങനെ നാലും പാടും നോക്കിയാല്‍ പുതയിടാന്‍ പറ്റിയ വസ്തുക്കളേയുള്ളൂ. ഇവകൊണ്ട് പുതയിട്ട് അതിനു മീതെ വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും വിസര്‍ജ്യങ്ങള്‍ മണ്ണില്‍ ചേരുമ്പോള്‍ അത്രയും സൂക്ഷ്മജീവികളാണു ചേരുന്നത്.
ജൈവവൈവിധ്യത്തിന്‍റെ ഏറ്റവും പ്രധാനഘടകം മിശ്രവിള കൃഷിയാണ്. ജൈവകൃഷിയുടെ അടിസ്ഥാന സമീപനങ്ങളിലൊന്ന് പ്രകൃതിയില്‍നിന്നു പഠിക്കുക എന്നതാണ്. പ്രകൃതിയിലൊരിടത്തും ഒരു സസ്യം മാത്രമായി നില്‍ക്കുന്നില്ല. അതുതന്നെ ജൈവകൃഷിയിടത്തിലും വേണ്ടത്. കാട്ടിലേക്കു നോക്കൂ. അവിടെ എത്ര തട്ടുകളായാണ് മരങ്ങളുടെ ഇലത്തലപ്പ്. വന്‍വൃക്ഷങ്ങള്‍ മുതല്‍ പുല്ലുവരെയെല്ലാം അവയുടേതായ ക്രമത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുണ്ടാകുന്ന മെച്ചം സൂര്യനില്‍നിന്നുള്ള ഒരു പ്രകാശരശ്മിപോലും പാഴായിപ്പോകുന്നില്ല എന്നതുതന്നെ. ഏതെങ്കിലുമൊരു ഇലയില്‍ മാത്രമാണ് എല്ലാ രശ്മികളും പതിക്കുന്നത്. സൗരോര്‍ജം ഭക്ഷണമായി മാറുന്നു.
ഇലത്തലപ്പുപോലെ തന്നെ വിന്യസിക്കപ്പെട്ടതാണ് വേരുപടലവും. പല ആഴത്തില്‍നിന്ന് അവ വളവും വെള്ളവും വലിച്ചെടുക്കുന്നു. മല്‍സരം പരമാവധി ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന പുല്ലുകളാണ് ഏറ്റവും മേല്‍ത്തട്ടില്‍ മാത്രം വേരോടിക്കുന്നത്. ഏറ്റവും ഉയരമുള്ള മരങ്ങള്‍ ഏറ്റവും അടിത്തട്ടുവരെ വളത്തിനും വെള്ളത്തിനുമായി പോകുന്നു. ഇവയുടെ ഇലകള്‍ വീണു ദ്രവിക്കുമ്പോള്‍ മണ്ണിനു കിട്ടുന്ന മെച്ചമല്ല പുല്ലിന്‍റെ ഇല വീണു ദ്രവിക്കുമ്പോള്‍ മണ്ണിനു കിട്ടുന്നത്. ഇതുതന്നെ കാട്ടിലെ മണ്ണ് ഏറ്റവും സങ്കരമായിരിക്കുന്നതിന്‍റെ കാരണം.
കേരളത്തില്‍ ഒരു വിളയും തനിയെ വളര്‍ത്തേണ്ട കാര്യമില്ല. തെങ്ങിന്‍തോപ്പുകള്‍ മിശ്രവിളകള്‍ക്കുവേണ്ടി മാത്രമുള്ളതെന്നു പറയാം. തെങ്ങിനൊപ്പം ആരോഗ്യകരമായി കഴിയാനാവുന്ന വിളകളെത്രയെണ്ണമാണ്. ജാതി, ഗ്രാമ്പൂ, കൊക്കോ, കാപ്പി, കുരുമുളക്, കമുക്, വനില, വാഴ, മരുന്നു ചെടികള്‍ തുടങ്ങിയവയൊക്കെ തെങ്ങിനോടിണങ്ങുന്നവയാണ്. അഞ്ചു വിളകളാണ് തെങ്ങിനൊപ്പം ആദായകരമായി വളര്‍ത്തുന്നത്. ഓരോ സ്ഥലത്തിനുമനുസരിച്ച് തെങ്ങിനൊപ്പം വളരേണ്ട വിളകളെ നിശ്ചയിക്കാവുന്നതേയുള്ളൂ.
റബ്ബറാണ് ഒപ്പമൊന്നിനെയും വളരാന്‍ സമ്മതിക്കാത്ത വിളയായി പറഞ്ഞു പോരുന്നത്. യഥാര്‍ത്ഥത്തില്‍ റബ്ബറിന്‍റെ പ്രശ്നം അതിന്‍റെ നടീല്‍ രീതിയാണ്. ഇതിനുപകരം റബ്ബറില്‍ ഇടവരി നടീല്‍ പരീക്ഷിച്ചാല്‍ ഏതു വിളയും ഒപ്പം വളരും. രണ്ടുനിര റബ്ബറുകള്‍ അടുത്തടുത്ത നടുകയും അടുത്ത രണ്ടുനിരകള്‍ ഈ രണ്ടുനിരകളില്‍നിന്നു മുപ്പതോ നാല്‍പ്പതോ അടി മാറ്റി നടകയും ചെയ്താല്‍ മധ്യേ കിട്ടുന്ന സ്ഥലത്ത് വാഴയോ കുരുമുളകോ ഫലവൃക്ഷങ്ങളോ എന്തും നേടാം.
നെല്ലിനുമുണ്ട് ഇതേ പേരുദോഷം. പക്ഷേ, നെല്‍പ്പാടങ്ങളുടെ വരമ്പുകളാണ് നാം പാഴാക്കിക്കളയുന്ന സമ്പത്ത്. നന്നായി സൂര്യപ്രകാശം കിട്ടുന്ന വരമ്പുകള്‍ പലതരത്തിലുള്ള പച്ചക്കറിവിളകള്‍ക്കും പൂച്ചെടികള്‍ക്കുമായി ഉപകാരപ്പെടുത്തിയാലോ. എന്തായാലും മണ്ണ് സങ്കരമാകണമെങ്കില്‍ അതില്‍ വളരുന്ന ചെടികള്‍ സങ്കരമാകാതെ പറ്റില്ല. മിശ്രവിളകളാണ് സങ്കരമണ്ണിന്‍റെ കുറുക്കുവഴി.

    പ്രാണികളും കീടങ്ങളും

കീടങ്ങളോടു ജൈവകൃഷിയുടെ സമീപനമെന്തായിരിക്കും. ഒരു ചോദ്യം. അതിനൊരു മറുചോദ്യമുണ്ട്. കീടങ്ങളുടോടു രാസകൃഷിയെന്തുചെയ്യും? ഉത്തരം മരുന്നടിക്കും. ഒരു മരുന്നു ഫളിക്കാതാവുമ്പോഴോ? അതിനെക്കാള്‍ ശക്തിയുള്ള മരുന്നടിക്കും.
ഒടുവില്‍ കൃഷിയില്‍നിന്നു കിട്ടുന്നതെല്ലാം കീടങ്ങളെ കൊല്ലാന്‍ വേണ്ടിമാത്രം ചെലവാകും. അതു കഴിഞ്ഞാല്‍ ആന്ധ്രപ്രദേശിലെ കര്‍ഷകര്‍ ചെയ്തതുപോലെ അതേ മരുന്നു തന്നെ കഴിച്ച് കൃഷിക്കാരനും കീടങ്ങളില്ലാത്ത ലോകത്തേക്കു പോകാം.
ജൈവകൃഷിയില്‍ കീടങ്ങളില്ല, പ്രാണികളേയുള്ളൂ. പ്രകൃതിയുടെ ഭാഗം തന്നെയായ പ്രാണികള്‍. യഥാര്‍ത്ഥത്തില്‍ എന്താണ് കീടം? ഏതൊരു ജീവിക്കും പ്രകൃതിയില്‍ അതിന്‍റെതായ സ്ഥാനമുണ്ട്. ഭക്ഷണവുമുണ്ട്. ഒരു ജീവിയും അനിയന്ത്രിതമായി പെരുകാന്‍ പ്രകൃതി അനുവദിക്കുകയുമില്ല. പ്രകൃതിയുടെ നിയന്ത്രണങ്ങളെ മറികടന്ന് ഒരു ജീവിക്രമാതീതമായി പെരുകുമ്പോഴാണത് കീടമായി മാറുന്നത്. ഒരേക്കറില്‍ അഞ്ചു ചാഴിയുണ്ടെങ്കില്‍ അതു പ്രാണി മാത്രമാണ്. അമ്പതിനായിരമായാല്‍ കീടമായി. പ്രാണി കീടമാകുന്നത് അതിന്‍റെ പ്രകൃതിയിലെ ശത്രു ഇല്ലാതാകുമ്പോഴാണ്. വിഷങ്ങള്‍ ചെയ്ത സഹായമാണിത്. കീടങ്ങളുടെ എതിര്‍പ്രാണികളെ കൊന്നുകളഞ്ഞു. വീണ്ടും പ്രകൃതിയുടെ പഴയക്രമങ്ങള്‍ പുനസ്ഥാപിക്കുന്നതിനാണ് ജൈവകൃഷിയില്‍ ഊന്നല്‍.
അതുവരെ പ്രയോഗിക്കാനുള്ളതാണ് ജൈവകീടനാശിനികളും കെണികളും. വേപ്പിനെയും മറ്റും ആധാരമാക്കിയുള്ള ജൈവകീടനാശിനികള്‍ ഇപ്പോള്‍ ധാരാളമായി വിപണിയില്‍ കിട്ടാനുണ്ട്. കീടനാശക സ്വഭാവമുള്ള ജീവാണുക്കളും ഇപ്പോള്‍ വിപണിയിലെത്തിത്തുടങ്ങിയിട്ടുണ്ട്. ഇവയും ശാശ്വതപരിഹാരമല്ല. കൃഷിയിടത്തിലെ ജൈവവൈവിധ്യം വര്‍ധിപ്പിക്കുക എന്നതു മാത്രമാണ് ശാശ്വത പരിഹാരം. അപ്പോള്‍ ജീവികളുടെ വൈവിധ്യവും വന്നുകൊള്ളും. ഇത്തരം ജീവികളില്‍ മിക്കവയും മാംസാഹാരികളാണ്. അതായത് മറ്റു കീടങ്ങളെ തിന്നു ജീവിക്കുന്നവ. കൃഷിയിടത്തില്‍നിന്നു കീടങ്ങളെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ വഴി ജൈവവൈവധ്യം പുനസ്ഥാപിക്കുന്നതാണ്.
അതുപോലെ ജൈവകൃഷിയില്‍ ആശ്രയിക്കാവുന്നതാണ് വിവിധയിനം കെണികള്‍. ഇവ ആവശ്യാനുസരണം ഉണ്ടാക്കി പ്രയോഗിക്കാം. പച്ചക്കറികളില്‍ കായിച്ചകളെ കുടുക്കാനുള്ള പലതരം പഴകെണികള്‍ ഇപ്പോള്‍ തന്നെ കര്‍ഷകര്‍ ഉപയോഗിച്ചു വരുന്നതാണല്ലോ. വിളക്കുകെണികളും ഇതുപോലെതന്നെ ഫലപ്രദമാണ്. വൈകുന്നേരം ആറിനും രാത്രി ഒമ്പതിനുമിടയിലാണ് മിക്ക കീടങ്ങളും സജീവമാകുന്നത് ഈ സമയത്ത് വിളക്കുകെണി പ്രയോഗിച്ചാല്‍ നല്ലഫലം കിട്ടും. ഒരു വിളക്ക് അല്ലെങ്കില്‍ ബള്‍ബും കീടം വീണാല്‍ പുറത്തിറങ്ങിപ്പോകാതെ ചാകുന്നതിനുള്ള വെള്ളം നിറച്ച പാത്രവുമാണിതിന്‍റെ ഭാഗങ്ങള്‍. വെള്ളം കയറ്റുന്നതും ഇറക്കുന്നതും ക്രമീകരിച്ചും കൃഷിയുടെ സമയം ക്രമീകരിച്ചും കീടനിയന്ത്രണം വരുത്തുന്നവരുമുണ്ട്.
ജൈവകീടനാശിനികള്‍ നിരവധിയാണ്. ഉദാഹരണത്തിനു ശീമക്കൊന്നയുടെ ഇലയും തൊലിയും ഇട്ടു വേവിച്ച വെള്ളത്തില്‍ പുഴുങ്ങി എടുത്ത ഗോതമ്പ് ചേര്‍ത്ത ഏതു മിശ്രിതവും നല്ല എലിവിഷമാണ്. ഒന്നാമത്തെ ദിവസം പകുതി വേവാകുമ്പോള്‍ നിര്‍ത്തുകയും രണ്ടാമത്തെ ദിവസം ബാക്കി വേവിക്കുകയുമാണ് ചെയ്യേണ്ടത്. കൊമ്പന്‍ ചെല്ലി പ്രശ്നകാരിയാകുന്നെങ്കില്‍ വാവട്ടമുള്ള മണ്‍കലം വക്കുവരെ മണ്ണില്‍ കുഴിച്ചിടുക. അതില്‍ കാല്‍ കിലോ ആവണക്കിന്‍ പിണ്ണാക്കിട്ട് മുക്കാല്‍ഭാഗം നിറയത്തക്കവിധം കഞ്ഞിവെള്ളമോ വെള്ളമോ ഒഴിക്കുക. രണ്ടു മൂന്നാഴ്ച കഴിയുമ്പോള്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും. കൊമ്പന്‍ ചെല്ലികള്‍ ഇതില്‍ വന്നു വീണ് ചത്തുകൊള്ളും.
ജൈവകീടനാശിനികളോ കെണികളോ ഉപയോഗിക്കുമ്പോള്‍ മറന്നുപോകരുതാത്ത കാര്യമുണ്ട്. ഇവ എക്കാലത്തേക്കുമുള്ള പരിഹാരമല്ല എന്ന സത്യം. കീടങ്ങളെ സ്ഥിരമായി നിയന്ത്രിക്കാന്‍ കഴിയുന്നത് പ്രകൃതിക്കു മാത്രമാണ്. അതിനു ജൈവവൈവിധ്യമെന്ന ഒറ്റ പരിഹാരമേയുള്ളൂ. തെങ്ങിലെ മണ്ടരിയുടെ കാര്യം അടുത്തകാലത്തെ ഉദാഹരണം. തുടക്കത്തില്‍ ഡി.ഡി.റ്റിയും നുവാക്രോണും മുതല്‍ എന്തെല്ലാം തെങ്ങില്‍ പ്രയോഗിച്ചു. പക്ഷേ മണ്ടരിമാത്രം മുട്ടുകുത്തിയില്ല. ഇപ്പോഴിതാ പ്രത്യേകിച്ച് മരുന്നടി ഒന്നുമില്ലാതായപ്പോള്‍ മണ്ടരിശല്യം തീരെ കുറയുകയും ചെയ്തിരിക്കുന്നു. ഏതാനും വര്‍ഷം കൂടി കഴിയുമ്പോള്‍ ചെമ്പന്‍ചെല്ലിയോ കൊമ്പന്‍ചെല്ലിയോ പോലെ മറ്റൊരു കീടം മാത്രമായി മണ്ടരിയും മാറും.

    വളം എവിടെ? എങ്ങനെ?

ജൈവവസ്തുക്കള്‍ കൊണ്ട് മണ്ണിന്‍റെ വളക്കൂറ് കൂട്ടാനാവുമെങ്കിലും പ്രത്യേകം തയ്യാറാക്കിയ വളം പലപ്പോഴും അവശ്യഘടകമായി മാറിയേക്കാം. ജൈവകൃഷിയില്‍ ഉപയോഗിക്കുന്ന പ്രധാന വളം വിവിധ തരം കമ്പോസ്റ്റുകളാണ്.
കമ്പോസ്റ്റ് നിര്‍മാണത്തില്‍ ഏറ്റവും ശ്രദ്ധിക്കാനുള്ളത് ഇതിനുപയോഗിക്കുന്ന വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതും ഒരുക്കുന്നതുമാണ്. കമ്പോസ്റ്റിന്‍റെ ഗുണമേന്മ ഈ രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ചെടിയുടെ വളര്‍ച്ചയ്ക്കു വേണ്ട നൈട്രജനുമായി നിശ്ചിത അനുപാതം പുലര്‍ത്തുന്ന വസ്തുക്കളാണ് കമ്പോസ്റ്റാക്കാന്‍ ഉപയോഗിക്കേണ്ടത്. ഒരു ഭാഗം നൈട്രജന്‍ എണ്‍പതില്‍ താഴെ ഭാഗം കാര്‍ബണ്‍ എന്ന അനുപാതത്തില്‍ വരുന്ന വസ്തുക്കള്‍ കൊണ്ട് കാമ്പസ്റ്റുണ്ടാക്കിയാലാണ് ഏറ്റവും ഗുണമേന്മയുണ്ടായിരിക്കുന്നത്.  ഇതനുസരിച്ച് കാര്‍ബണിന്‍റെ അനുപാതം 400 എത്തുന്ന അറക്കപ്പൊടി കമ്പോസ്റ്റുണ്ടാക്കാന്‍ പറ്റിയതല്ല. വൈക്കോല്‍: 50, പയറിനങ്ങളുടെ തണ്ട്: 20-30, ചാണകം: 20-25, കൃഷിയിടത്തിലെ പാഴ്വസ്തുക്കള്‍: 15 പയറിന്‍റെ ഉണക്കത്തണ്ട്: 15 എന്നിങ്ങനെയാണ് സാധാരണയായി കിട്ടുന്ന പാഴ്വസ്തുക്കളിലെ കാര്‍ബണ്‍ നിലവാരം. ഇവയൊക്കെ കമ്പോസ്റ്റാക്കാന്‍ ഉത്തമമാണ്.

അവസാനം പരിഷ്കരിച്ചത് : 6/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate