Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കൃഷി അധിഷ്ഠിത വ്യവസായം / ഫലവര്‍ഗ്ഗ കൃഷി / കേരളത്തിന് സ്വന്തമാക്കാവുന്ന അപൂര്‍വ്വപഴങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കേരളത്തിന് സ്വന്തമാക്കാവുന്ന അപൂര്‍വ്വപഴങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ലോങ്ങ്‌കോങ്ങ്

തായ്ലന്റിലെ ഏറ്റവും മികച്ച ലാന്‍സോന്‍ ഫലവൃക്ഷങ്ങളില്‍ പെട്ടതാണ് മഞ്ഞനിറത്തില്‍ ആകര്‍ഷകമായ കുലകളായി കാണപ്പെടുന്ന ലോങ്ങ്‌കോങ്ങ്. ലാന്‍സിയം ഡൊമസ്റ്റിക്കം എന്നാണ് ശാസ്ത്രീയനാമം. ഏകദേശം മൂന്നുമുതല്‍ ആറുവരെ സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള 15 മുതല്‍ 25 വരെ കായ്കളുള്ള കുലകളായാണ്‌ പഴങ്ങളുണ്ടാകുന്നത്. ഓരോ കുലകളിലേയും ഒരു അല്ലിയില്‍ മാത്രമേ വിത്തുണ്ടായിരിക്കുകയുള്ളൂ. ബഹുഭ്രൂണങ്ങളാണ് ഇവയിലുള്ളത്.

ഒരുവിധം കട്ടിയുള്ള പുറംതോടില്‍ വെള്ളക്കറ തീരെയില്ലെന്നതാണ് ലാങ്സാറ്റില്‍ നിന്നും ലോങ്ങ്‌കോങ്ങിനെ വ്യത്യസ്തമാക്കുന്നത്. സ്വാദിലും മാധുര്യത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്നത് ലോങ്ങ്‌കോങ്ങാണ്. മരത്തില്‍നിന്നുതന്നെ പഴുക്കുന്ന ഇനമായതിനാല്‍ നല്ല മഞ്ഞനിറമാകുമ്പോള്‍ വിളവെടുക്കാം. ലോങ്ങ്‌കോങ്ങിനു വളരാനും നല്ല വിളവ്‌ നല്‍കാനുമുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ട്. വിത്തുകള്‍ മുളയ്ക്കുമെങ്കിലും ഗ്രാഫ്റ്റ് ചെയ്ത തൈകളാണ് കൃഷിക്കായി ഉപയോഗിക്കേണ്ടത്. നല്ല നീര്‍വാര്‍ച്ചയും ധാരാളം ജൈവാംശമുള്ളതുമായ മണ്ണില്‍ ലോങ്ങ്‌കോങ്ങ് നന്നായി വളരും. തെങ്ങിന്‍തോട്ടങ്ങളില്‍ ഇടവിളയായി കൃഷിചെയ്യുവാനും വളരെ നല്ലതാണ്. അധികം ആഴത്തിലോടാത്ത വേരുകളായതിനാല്‍ പുതയിടുന്നത് നല്ലതാണ്.

ശരിയായ ജലസേചനം മികച്ച വിളവ്‌ നല്‍കും. ലോങ്ങ്‌കോങ്ങ് പഴത്തിന് മധുരംപോലെതന്നെ ഉയര്‍ന്ന ഔഷധഗുണങ്ങളുമുണ്ട്. രക്തത്തില്‍ വളരെ വേഗത്തില്‍ അലിയുന്ന പഞ്ചസാരയാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ പഴങ്ങള്‍ ഊര്‍ജ്ജദായകമാണ്. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രക്തശുദ്ധിക്ക് നല്ലതാണ്.

മേപ്രാങ്ങ് എന്ന മരിയന്‍ പ്ലം

ഈയടുത്ത കാലത്ത് മാത്രം ശ്രദ്ധേയമായ മറ്റൊരു പഴമാണ് മേപ്രാങ്ങ്. മരിയന്‍ പ്ലം, ഗാന്‍ഡിറിയ, കൂണ്‍ഡാങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്ന മേപ്രാങ്ങ് ‘ബുയിയാ മാക്രോഫില്ല’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. മാമ്പഴവും അമ്പഴവുമൊക്കെ ഉള്‍പ്പെടുന്ന അനാര്‍ക്കേഡിയേസി സസ്യകുടുംബത്തിലെ വളരെയൊന്നും അറിയപ്പെടാത്ത, വളരെ സ്വാദിഷ്ഠമായ ഒരു ഫലവൃക്ഷമാണ്‌ മേപ്രാങ്ങ്. ഏറ്റവും കൂടുതല്‍ ട്രോപ്പിക്കല്‍ ഫലവൃക്ഷങ്ങള്‍ ലോകത്തിനു സമ്മാനിച്ച മലായ് ആര്‍ക്കിപെലാഗോയാണ് മേപ്രാങ്ങിന്‍റെ ജന്മദേശം. കായ്കള്‍ക്ക് മാമ്പഴത്തോട് സാമ്യമുണ്ടെങ്കിലും വ്യത്യസ്തതകളേറെയാണ്. മുട്ടയുടെ ആകൃതിയില്‍ മഞ്ഞകലര്‍ന്ന നല്ല ഓറഞ്ച് നിറത്തിലുള്ള പഴങ്ങള്‍ കുലകളായി പിടിച്ചുകിടക്കുന്ന മരങ്ങള്‍ കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. ഈ നിത്യഹരിത വൃക്ഷങ്ങള്‍ 20 മീറ്റര്‍ വരെ ഉയരം വയ്ക്കാറുണ്ട്. പഴങ്ങള്‍ക്ക് ഏകദേശം 70 ഗ്രാം വരെ ഭാരമുണ്ട്. മേപ്രാങ്ങിന്‍റെ തൊലിയുള്‍പ്പെടെ കഴിക്കാവുന്നതാണ്. പഴങ്ങള്‍ക്ക് വളരെ ഹൃദ്യമായ സ്വാദും, നല്ല മധുരവും, ചെറിയ തോതില്‍ സുഗന്ധവുമുണ്ട്. ഒരു കിലോ പഴത്തിന് ഏകദേശം അറുനൂറ് രൂപയോളം വിലവരും. തായലന്റില്‍ മാത്രമാണ് ഇപ്പോള്‍ മേപ്രാങ്ങ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ഉഷ്ണമേഖലാ സാഹചര്യമുള്ള കേരളത്തിന്‍റെ പല ഭാഗത്തും മേപ്രാങ്ങ് വളരെ വിജയകരമായി കൃഷി ചെയ്യാവുന്നതാണ്.

സലാക്ക് എന്ന മെമ്മറി ഫ്രൂട്ട്

ഇന്തോനേഷ്യയുടെ സ്വന്തമായ സലാക്ക് അല്ലെങ്കില്‍ സ്നേക്ക്ഫ്രൂട്ടിന് വളരെയധികം താരപരിവേഷം ഈ അടുത്തകാലത്ത് ലഭിച്ചുകൊണ്ടിരിക്കുന്നു. സലാക്കാ (Salaca) എന്ന പനവര്‍ഗ്ഗത്തിലെ ജനുസ്സിന് ധാരാളം സ്പീഷീസുകളുണ്ട്. അവയില്‍ പ്രധാനമാണ് സലാക്കാ സലാക്കാ, സലാക്കാ വല്ലിച്ചിയാനാ, സലാക്കാ എടുസിലിസ് എന്നിവ. ഇവയുടെ ഇലകള്‍ 20 അടിവരെ വലിപ്പമുള്ളതും ധാരാളം മുള്ളുകള്‍ നിറഞ്ഞതുമാണ്. ഇലയിടുക്കുകളില്‍ ആണ്‍ പെണ് പൂങ്കുലകള്‍ വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്നു. കായ്കള്‍ക്ക് അത്തിപ്പഴത്തിന്‍റെ വലിപ്പവും രൂപവുമാണ്. പഴത്തിന്‍റെ പുറംതൊലി പാമ്പിന്‍റെ ത്വക്കുപോലെ കാണപ്പെടുന്നതിനാലാണ് സ്നേക്ക് ഫ്രൂട്ട് എന്ന പേര് ലഭിച്ചത്. പാകമായ കായ്കളുടെ തൊലി കൈകൊണ്ട് നീക്കി ഭക്ഷ്യയോഗ്യമായ ഭാഗം വേര്‍പെടുത്താം. സാധാരണ രണ്ട് അല്ലികളുണ്ടാവും ഒരു പഴത്തിന്. ഓരോ അല്ലികളിലെയും ഇരുണ്ട നിറത്തിലുള്ള ഒരു വിത്തും. മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പ്രത്യേകതരം സ്വാദാണ് സ്നേക്ക് ഫ്രൂട്ടിനെ വ്യത്യസ്തമാക്കുന്നത്. പൈനാപ്പിളും, മാമ്പഴവും, ഓറഞ്ചും, മുന്തിരിയുമെല്ലാം കൂടിയ തനതായ സ്വാദ് പലരെയും കീഴടക്കുന്നു. വളരേയധികം ഇനങ്ങള്‍ ഉണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍നിന്നും കണ്ടെത്തിയ ‘ഗുലാ പാസിര്‍’ ഇനമാണ് ഏറ്റവും മേല്‍ത്തരമായി കണ്ടത്. വിത്തുപാകിയാണ് ഇത് കൃഷി ചെയ്യുന്നത്. നാലാം വര്ഷം മുതല്‍ പുഷ്പിച്ചു തുടങ്ങും. ചെടികളില്‍ ധാരാളം മുള്ളുള്ളതിനാല്‍ ഒരു വേലിച്ചെടിയായി തോട്ടങ്ങളുടെ അതിരുകളില്‍ നട്ടുവളര്‍ത്താം. ഈ രീതിവഴി വന്യജീവികളുടെ ആക്രമണങ്ങളില്‍നിന്ന് തോട്ടങ്ങളെ സംരക്ഷിക്കുകയും മികച്ച വരുമാനമുണ്ടാക്കുകയും ചെയ്യാം. കേരളത്തില്‍ റബറിന് ഇടവിളയായി സലാക്ക് ഫ്രൂട്ടിനെ പരിഗണിക്കാം. വ്യത്യസ്ഥമായ ഒരു Copping patern ഇതിനായി രൂപകല്‍പന ചെയ്‌താല്‍ മതിയാകും.

സലാക്ക് ഒരു മെമ്മറി ഫ്രൂട്ടായാണ് ഇന്തോനേഷ്യയില്‍ അറിയപ്പെടുന്നത്. ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഉയര്‍ന്നതോതിലുള്ള അളവ് ഈ പഴത്തിന്‍റെ ഒരു പ്രത്യേകതയാണ്. വളരെയധികം നാരിന്‍റെ അംശം ഉള്ളതിനാല്‍ മലബന്ധം തടയും. നേത്രരോഗങ്ങളെ സുഖപ്പെടുത്താന്‍ സലാക്ക് പഴങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ജബോട്ടിക്കാബാ എന്ന മരമുന്തിരി

നമുക്ക് സുപരിചിതമായ പേരയ്ക്കയുടെ കുടുംബത്തിലെ അംഗമാണ് ജബോട്ടിക്കാബ. മിര്‍സിയേറിയ ജനുസ്സില്‍ ഒട്ടനവധി സ്പീഷീസുകളുണ്ട്. ഇവയുടെയെല്ലാം ഉറവിടം ബ്രസീലാണ്. ബ്രസീലിയന്‍ ജനതയുടെ ജീവിതവും സംസ്കാരവുമായി ഈ പഴത്തിന് വളരെ ബന്ധമുണ്ട്. പ്രധാന തണ്ടും ശിഖരങ്ങളും മുന്തിരിപ്പഴങ്ങള്‍ ആവരണം ചെയ്തിരിക്കുന്നതുപോലെ, കടും പര്‍പ്പിള്‍ ജബോട്ടിക്കാബ പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാന്‍ വളരെ മനോഹരമാണ്. ജബോട്ടിക്കാബയുടെ ധാരാളം സ്പീഷീസുകള്‍ ബ്രസീലിയന്‍ കാടുകളില്‍ സ്വാഭാവികമായി കാണപ്പെടുന്നു. ഇവിടെ നിന്നുമാണ് മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ജബോട്ടിക്കാബ കുടിയേറിയത്. ഇവ കുറ്റിച്ചെടിയായോ ചെറിയ മരമായോ ഉയരം കൂടിയ വലിയ മരങ്ങളായോ കാണപ്പെടുന്നു. നാലു മുതല്‍ 50 വരെയുള്ള ജബോട്ടിക്കാബയുടെ വിവിധ സ്പീഷീസുകളുണ്ട്.

വ്യാവസായികമായി ബ്രസീലില്‍ കൃഷി ചെയ്യുന്ന ധാരാളം ഇനങ്ങളുണ്ട്. സബാറ, പോളിസ്റ്റ, സാവോ പോളോ, ഗ്രിമാല്‍ എന്നിവയാണവ. മിര്‍സിയേറിയ ട്രങ്കിഫ്ലോറ എന്ന ഇനം വളരെ മികച്ചതായി കാണപ്പെടുന്നു. മറ്റുള്ള ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതിന്‍റെ കായ്കളുടെ ഞെട്ടിന് നീളം കൂടുതലുണ്ടായിരിക്കും. പരപരാഗണം വഴിയാണ് കൂടുതല്‍ കായ് പിടിക്കുന്നത്. അതിനാല്‍ ഒന്നിലധികം ചെടികള്‍ വളര്‍ത്തേണ്ടതുണ്ട്. വിത്തുവഴിയാണ് പുതിയ ചെടികള്‍ ഉത്പാദിപ്പിക്കുന്നത്. ബഹുഭ്രൂണങ്ങളുള്ളതിനാല്‍ ഇത്തരം ചെടികള്‍ മാതൃവൃക്ഷത്തിന്‍റെ സ്വഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിത്തുമുളയ്ക്കുവാന്‍ രണ്ടോ മൂന്നോ ആഴ്ചയെടുക്കും. വളരെ സാവധാനം വളരുന്ന സ്വഭാവമാണ് ചെടികള്‍ക്ക്. സബാറ എന്നയിനം 8 വര്‍ഷങ്ങള്‍കൊണ്ട്‌ പുഷ്പിച്ചതായി കണ്ടു. പൂ വിരിഞ്ഞതിനുശേഷം ഒരു മാസത്തിനകം വിളവെടുക്കാം. പഴങ്ങള്‍ നേരിട്ടോ ജാം, ജെല്ലി, ജ്യൂസ്, വൈന്‍ എന്നിവ തയ്യാറാക്കിയോ ഉപയോഗിക്കാം. ബ്രസീലില്‍ ധാരാളം മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ ലഭ്യമാണ്.

അമ്ലത്വം കൂടിയ മണ്ണിലാണ് ജബോട്ടിക്കാബ നന്നായി വളരുന്നത്. ജലസേചനത്തിനു ക്ലോറിന്‍ കലര്‍ന്ന വെള്ളം പാടില്ല. മണ്ണിന്‍റെ പി.എച്ച് മൂല്യം 4.5 മുതല്‍ 5.5 വരെ ആയിരിക്കണം. സംയുക്ത വളങ്ങളോട് ജബോട്ടിക്കാബക്ക് നന്നേ താല്‍പ്പര്യം കുറവായതിനാല്‍ ധാരാളം ജൈവവളങ്ങള്‍ നല്‍കണം. വര്‍ഷത്തില്‍ പലതവണ പൂക്കാറുണ്ട്. പൂക്കുന്ന സമയത്ത് നന്നായി നനച്ചാല്‍ കായ്പിടിത്തം കൂടുതലായി കാണുന്നു. കാര്യമായ രോഗ കീട ബാധകളൊന്നും തന്നെ ആക്രമിക്കുന്നതായി കാണുന്നില്ല.

മാമി സപ്പോട്ടി: കേരളത്തിലും വളരും

മധ്യ അമേരിക്കയില്‍നിന്നുള്ള സ്വാദിഷ്ടമായ ഈ പഴം ഒരിക്കല്‍ ആസ്വദിച്ചാല്‍ എങ്ങനെയെങ്കിലും ഇതിന്‍റെ ഒരു നടീല്‍ വസ്തു സ്വന്തമാക്കണമെന്ന് വിചാരിക്കുന്നവരാണ് മിക്കവരും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഫ്ലോറിഡ, ഹവായ് എന്നീ അമേരിക്കന്‍ ഐക്യനാടുകളിലും മാത്രമാണ് മാമി സപ്പോട്ടിയുടെ കൃഷി വ്യാപകമായിട്ടുള്ളത്. വളരെ മനോഹരമായ മരങ്ങള്‍ 50 മുതല്‍ 150 അടി വരെ ഉയരം വയ്ക്കാറുണ്ട്. എന്നാല്‍, ഗ്രാഫ്റ്റ് മരങ്ങള്‍ വളരെ പൊക്കം കുറച്ച് പടര്‍ത്തി വളര്‍ത്താന്‍ കഴിയും. സപ്പോട്ടി കുടുംബത്തിലെ അംഗമായ മാമി സപ്പോട്ടിയുടെ ശാസ്ത്രീയനാമം പൂട്ടേറിയ സപ്പോട്ട (Pouteriya sapota) എന്നാണ്. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് പഴങ്ങള്‍. ഒരടിവരെ നീളമുള്ള ഇലകള്‍ ശാഖകളുടെ അഗ്രങ്ങളില്‍ കുലകളായി കാണപ്പെടുന്നു. ശാഖകളുടെ തൊലിയിലാണ് പൂക്കള്‍ വിടരുന്നത്. പൂ വിരിഞ്ഞ് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് കായ്കള്‍ മൂക്കുന്നത്. കായ്കളുടെ തൊലിയില്‍ നഖം കൊണ്ട് ചെറുതായി ഒന്ന് ഉരച്ചുനോക്കി ഉള്ള് ചുവപ്പ് നിറമാണെങ്കില്‍ പാകമായി എന്ന് കരുതാം. പഴുക്കാന്‍ അഞ്ചോ ആറോ ദിവസങ്ങള്‍ വേണ്ടിവരും.

വിത്തുവഴി പ്രജനനം സ്വാഭാവികമായി നടക്കുന്നതിനാല്‍ മാമി സപ്പോട്ടിയുടെ ധാരാളം ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും വ്യാവസായിക പ്രാധാന്യമുള്ള ഇനങ്ങള്‍ പാന്റിന്‍, മഗാന, എക്സ് കാലിബര്‍, കോപന്‍, ഫ്ലോറസ്, പെയ്സ്, ലെറെറ്റോ എന്നിവയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള പ്രദേശങ്ങളില്‍ നന്നായി വളരും. നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് അനുയോജ്യം. കേരളത്തിന്‍റെ തനതായ കാലാവസ്ഥയ്ക്ക് മാമി സപ്പോട്ടിയുടെ കൃഷി എന്തുകൊണ്ടും നല്ലതാണ്. മാമി സപ്പോട്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ത്തന്നെ ആവശ്യക്കാര്‍ ധാരാളം. പഴങ്ങള്‍ നേരിട്ടോ, ഐസ്ക്രീം, പുഡിംഗ്, ഫ്രൂട്ട് സാലഡ് എന്നിവ തയ്യാറാക്കിയോ ഉപയോഗിക്കാം.

ആമസോണിയന്‍ അബിയു

സപ്പോട്ടയുടെ കുടുംബത്തിലെ മറ്റൊരു ഫലവൃക്ഷമാണ്‌ ആമസോണ്‍ കാടുകളില്‍ ഉത്ഭവിച്ച അബിയു. പൂട്ടെറിയ കെയ്മിറ്റോ (Pouteriya caimito) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന അബിയു അന്തരീക്ഷത്തില്‍ ഉയര്‍ന്ന ആര്‍ദ്രതയും 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കാവുന്നതാണ്. സമുദ്രനിരപ്പില്‍നിന്നും രണ്ടായിരം അടിവരെയുള്ള പ്രദേശങ്ങളിലാണ് അബിയു നന്നായി വളരുന്നത്. ഗ്രാഫ്റ്റിങ്ങിലൂടെ പുതിയ തൈകള്‍ ഉത്പാദിപ്പിക്കാം. ധാരാളം ഇനങ്ങള്‍ ലഭ്യമാണെങ്കിലും ഓസ്ട്രേലിയന്‍ ഇനങ്ങളാണ് ഏറ്റവും മികച്ചതായി കണ്ടുവരുന്നത്. ഓറഞ്ചിന്‍റെ വലിപ്പമുള്ള കായ്കള്‍ നല്ല മഞ്ഞനിറത്തിലും ഉരുണ്ടുമിരിക്കും. ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പ് വെളുത്തതും സുതാര്യവുമായിരിക്കും. നല്ല മധുരമുള്ള ഉള്‍ക്കാമ്പ് നേരിട്ടോ ശീതീകരിച്ചോ കഴിക്കാം. ധാരാളം പോഷകങ്ങളുള്ളതിനാല്‍ അബിയുവിന് ആവശ്യക്കാര്‍ ഏറെ.

കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷികഗൈഡ്

 

 

 

3.15625
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top