ചക്കപ്പഴത്തിന്‍റെ കുടുംബത്തിലെ മറ്റൊരംഗമായ ചെമ്പടാക്ക് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, തായ്ലണ്ട്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ സുലഭമായി കൃഷി ചെയ്തുവരുന്നു. കാഴ്ചയില്‍ നമ്മുടെ ചക്കയോട് സാദൃശ്യമുണ്ടെങ്കിലും തനതായ സ്വാദും മാധുര്യവും കൊണ്ട് ചക്കയേക്കാള്‍ ഒരുപടി മുന്നിലാണ് ചെമ്പടാക്കിന്‍റെ സ്ഥാനം. പ്ലാവിന്‍റെയും ആഞ്ഞിലിയുടെയും ഉറ്റ ബന്ധുവായ ചെമ്പടാക്ക് ആര്‍ട്ടോകാര്‍പ്പസ് ഇന്റിഗര്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. ബോര്‍ണിയോ ഉള്‍പ്പെടുന്ന മലയ് ആര്‍ക്കിപ്പിലാഗോയാണ് ചെമ്പടാക്കിന്‍റെ ജന്മദേശം. ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത മരങ്ങള്‍ക്ക് ധാരാളം ശാഖകള്‍ ഉണ്ടാകും. കടുംപച്ച നിറത്തിലുള്ള ഇലകളും തണ്ടുകളും രോമാവൃതമാണ് എന്നത് നമ്മുടെ ചക്കയില്‍നിന്ന് ചെമ്പടാക്കിനെ വ്യത്യസ്തമാക്കുന്നു. തായ്ത്തടിയിലും വണ്ണംകൂടിയ പ്രധാന ശാഖകളിലും ധാരാളം ഫലങ്ങളുണ്ടാകുന്നത് ഇതിന്‍റെ പ്രത്യേകതയാണ്. പ്രായമായ ഒരു മരത്തില്‍നിന്ന് ആണ്ടുതോറും 300 പഴങ്ങള്‍വരെ പ്രതീക്ഷിക്കാം. ഒനുമുതല്‍ മൂന്നുകിലോഗ്രാം വരെ തൂങ്ങുന്ന പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. നന്നായി വിളഞ്ഞ കായ്കള്‍ നീണ്ട ഞെടുപ്പോട് കൂടിത്തന്നെ ശാഖകളില്‍ നിന്ന് വേര്‍പ്പെടുത്തി വായുസഞ്ചാരമുള്ള മുറിയില്‍ കെട്ടിത്തൂക്കിയാണ് പഴുക്കാന്‍ അനുവദിക്കുന്നത്. നന്നായി പഴുക്കാന്‍ ഏകദേശം ഒരാഴ്ചയോളം വേണ്ടിവരും. നന്നായി പഴുത്ത കായ്കള്‍ 3-4 ദിവസംവരെ കേടുകൂടാതെ സൂക്ഷിക്കാമെന്നത് ചെമ്പടാക്കിന്‍റെ മറ്റൊരു മേന്മയാണ്. പാകമായി പഴുത്ത കായ്കള്‍ കത്തികൊണ്ട് ചെറുതായി വരഞ്ഞ്, കൈകൊണ്ട് നീക്കി സ്വാദിഷ്ടമായ ചുളകള്‍ വേര്‍പ്പെടുത്തിയെടുക്കാം. കായ്കള്‍ക്ക് വലുപ്പം കുറവായതിനാല്‍ ഡൈനിംഗ് ടേബിളില്‍ വച്ചുതന്നെ ചെമ്പടാക്ക് മുറിച്ചു ഭക്ഷിക്കാവുന്നതാണ്. അങ്ങനെ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കും സാധാരണ ചക്കയേക്കാള്‍ അനായാസമായി ഇത് കൈകാര്യം ചെയ്യാം.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ചെമ്പടാക്കിന്‍റെ പഴക്കാലം. ഇതിന്‍റെ നാല്‍പ്പതോളം ഇനങ്ങള്‍ മലേഷ്യയുടെ പല ഭാഗങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ടെങ്കിലും വ്യാവസായിക പ്രാധാന്യമുള്ളത് മൂന്നിനങ്ങള്‍ക്ക് മാത്രമാണ്. അവ HG 8, HG30, HG33 എന്നീ പേരുകളില്‍ ഹോംഗ്രോണ്‍ ബയോടെക് വിപണനം ചെയ്തുവരുന്നു. മഞ്ഞനിറത്തിലുള്ള ചുളയും നല്ല സുഗന്ധവുമാണ് HG-28 ന്. ഓറഞ്ച് കലര്‍ന്ന കടുംമഞ്ഞ നിറമുള്ള ചുളകളും ഹൃദയഹാരിയായ സുഗന്ധവുമാണ് HG30 നെ വ്യത്യസ്ഥമാക്കുന്നത്. HG33 ന്‍റെ കായ്കള്‍ 2 മുതല്‍ 3 കിലോഗ്രാം വരെ ഭാരമുള്ളവയാണ്. ഓരോന്നിലും 10 മുതല്‍ 20 വരെ ചുളകള്‍ കാണപ്പെടുന്നു. നല്ല നീര്‍വാര്‍ച്ചയുള്ള ഏതുതരം മണ്ണിലും ചെമ്പടാക്ക് വളരും. സൂര്യപ്രകാശത്തിന്‍റെയും മഴയുടെയും ഉയര്‍ന്ന ലഭ്യത ഇതിന്‍റെ വളര്‍ച്ച സുഗമമാക്കും. പൊതുവേ പറഞ്ഞാല്‍ ചക്ക വളരുന്ന ഏതു പ്രദേശത്തും ചെമ്പടാക്ക് നട്ടുപിടിപ്പിക്കാം. കാലവര്‍ഷം ആരംഭത്തോടെ തൈകള്‍ നടാവുന്നതാണ്. വേനല്‍ക്കാലത്ത് ചെടികളെ നന്നായി നനയ്ക്കേണ്ടിവരും. ചെടികള്‍ തമ്മില്‍ 30 അടി അകലം നല്‍കുന്നതാണ് നല്ലത്. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ചെടികളെ പ്രൂണ്‍ ചെയ്ത് രൂപപ്പെടുത്തി തറനിരപ്പില്‍നിന്നും ഒരു മീറ്ററിനു മുകളില്‍ ഓരോ വശത്തേക്കും നാലോ അഞ്ചോ പ്രധാന അഗ്രങ്ങള്‍ അനുവദിച്ച് വളര്‍ന്നുവരുന്ന ചെറുമരങ്ങളെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കായ്പിടുത്തം ശക്തമാക്കാന്‍ രൂപപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. വിത്തുകള്‍ മുളയ്ക്കുമെങ്കിലും ഇവ കൃഷിക്ക് ഒട്ടും അനുയോജ്യമല്ല. മുകുളനം വഴി ഉത്പാദിപ്പിക്കപ്പെടുന്ന തൈകള്‍ കരുത്തോടെ വളരുകയും നല്ല രൂപഭംഗി നിലനിര്‍ത്തുകയും ചെയ്യും.
പൂവിടലും പരാഗണവും കായ്പിടിത്തവും സാധാരണ ചക്കയുടേതുപോലെതന്നെ. വളര്‍ന്നുവരുന്ന കായകളെ പോളിത്തീന്‍ കൂടുകൊണ്ട് പൊതിഞ്ഞുസൂക്ഷിക്കുന്നത് കായീച്ചകളുടെയും മറ്റ് പ്രാണികളുടെയും ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കും. കുമിള്‍രോഗബാധ ഉണ്ടായാല്‍ സാഫ് എന്ന കുമിള്‍നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുകയും മണ്ണില്‍ ഒഴിച്ചുകൊടുക്കുകയുമാവാം.
സാപ്പിന്‍ഡിസി സസ്യകുടുംബത്തിലെ മറ്റൊരംഗമായ ലോങ്ങന്‍ ചൈനക്കാരുടെ സ്വന്തം ഫലവൃക്ഷമാണ്. ഡിമോകാര്‍പ്പസ് ലോങ്ങന്‍ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ ഫലവൃക്ഷം 10 മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. ഇതിന്‍റെ തളിരിലകളും ശാഖകളുമെല്ലാം വളരെ മനോഹരമായതിനാല്‍ ഒരു അലങ്കാരവൃക്ഷമായിക്കൂടി നട്ടുവളര്‍ത്താം. സമുദ്രനിരപ്പില്‍നിന്നും 1500 അടി ഉയരത്തില്‍വരെ ലോങ്ങന്‍ സ്വാഭാവികമായി വളരുന്നുണ്ടെങ്കിലും വളരെ ഉയര്‍ന്ന പ്രദേശങ്ങളിലും ലോങ്ങന്‍ വിജയകരമായി കൃഷി ചെയ്യാവുന്നതാണ്. ലോങ്ങന്‍ ഒരു മിതോഷ്ണ മേഖലാ ഫലവൃക്ഷമാണെങ്കിലും സമശീതോഷ്ണ മേഖലയില്‍ നന്നായി വളര്‍ന്ന് മികച്ച വിളവ് നല്‍കുന്നതായി കണ്ടുവരുന്നു. മറ്റേതൊരു ഉഷ്ണമേഖലാ ഫലവൃക്ഷത്തേപ്പോലെയും ലോങ്ങനും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ചൂടും ആവശ്യമാണ്.
കേരളത്തിന്‍റെ സമതലങ്ങള്‍ക്കും ഹൈറേഞ്ചിനും വളരെ യോജിച്ച ഒരു ഫലവൃക്ഷമായി ഉയരാന്‍ ലോങ്ങന് സാധ്യതകളെറെ. വര്‍ഷത്തില്‍ പലതവണ പൂക്കുന്ന പ്രകൃതമായതിനാല്‍ ഓഫ് സീസണിലും ഫലങ്ങള്‍ ഉത്പാദിപ്പിച്ച് വളരെ ഉയര്‍ന്ന വില ലഭ്യമാക്കുവാന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ ലോങ്ങന്‍ കൃഷിയുള്ളതും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നതും തായ്ലന്റാണ്. മികച്ച വിളവും വിലയും ലഭിക്കുന്നതിനാല്‍ തായ് കര്‍ഷകര്‍ ലോങ്ങന്‍ കൃഷി ചെയ്യാന്‍ ഉത്സാഹമുള്ളവരാണ്. ചൈന, ഇന്തോനേഷ്യ, അമേരിക്ക, നെതര്‍ലന്‍ഡ്‌സ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലേക്കാണ് ലോങ്ങന്‍ കൃഷി ചെയ്യുന്നത്. പൈനാപ്പിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നതും ലോങ്ങനാണ്. ഏകദേശം 5 ലക്ഷം മെട്രിക് ടണ്‍ ആണ് തയ്ലന്റിന്റെ ഉത്പാദനം.
ധാരാളം മൂല്യവര്‍ധിത ഉത്പന്നങ്ങളും ലോങ്ങനില്‍ നിന്നും തയ്യാറാക്കി മറ്റ് രാജ്യങ്ങളില്‍ വിപണനം ചെയ്തുവരുന്നു. ഈ കണക്കുകളില്‍ നിന്നും ലോങ്ങന്‍ എത്രമാത്രം വ്യാവസായിക പ്രാധാന്യമുള്ള ഒരു പഴവര്‍ഗ്ഗമാണെന്ന് മനസ്സിലാക്കാം.
ലോങ്ങന്‍റെ ധാരാളം ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ‘ഇഡോര്‍’ എന്നയിനമാണ് ഏറ്റവും മികച്ചത്. മറ്റ് ഇനങ്ങളെക്കാള്‍ വേഗത്തില്‍ വളര്‍ന്ന് മികച്ച വിളവ് നല്‍കുന്ന ഇഡോര്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഇനമാണ്. ശരീരക്ഷീണമകറ്റി, ഊര്‍ജ്ജസ്വലത നല്‍കുന്ന ഒരു ഫലമായാണ്. ലോങ്ങന്‍ അറിയപ്പെടുന്നത്. ശരീരത്തിന് ചൂടുനല്‍കി, ജീവിത സൗഭാഗ്യം പ്രദാനം ചെയ്യുന്ന ഒരു ഫലവൃക്ഷമായാണ് ലോങ്ങനെ ചൈനക്കാര്‍ കാണുന്നത്. മലേഷ്യക്കാരും ഇന്തോനേഷ്യക്കാരും ലോങ്ങന്‍ ജ്യൂസ് ഇഷ്ടപ്പെടുമ്പോള്‍ കൊറിയക്കാര്‍ ഉണങ്ങിയ ലോങ്ങനാണ് ഇഷ്ടപ്പെടുന്നത്.
വിത്തുകള്‍ മുളയ്ക്കുമെങ്കിലും പതിവച്ച തൈകളാണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. മണല്‍ കലര്‍ന്ന ധാരാളം ജൈവാംശമുള്ള മണ്ണിലാണ് ലോങ്ങന്‍ കൃഷി ചെയ്യേണ്ടത്. റംബുട്ടാന്‍റെ കൃഷിരീതി ലോങ്ങനും അവലംബിക്കാം. ചെടികള്‍ തമ്മില്‍ 30 അടി നല്‍കിയാല്‍ മതിയാകും. ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളാണ് ലോങ്ങന്‍റെ പൂക്കാലം. മൂന്ന്തരം പൂക്കള്‍ ലോങ്ങനില്‍ കാണാറുണ്ട്. അവ ആണ്‍പൂക്കള്‍, പെണ്പൂക്കള്‍, ദ്വിലിംഗ പുഷ്പങ്ങള്‍ എന്നിവയാണ്. ശാഖാഗ്രങ്ങളിലാണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. ആണ്‍പൂക്കളാണ് ആദ്യം വിരിയുന്നത്. തുടര്‍ന്ന് പെണ്പൂക്കളും ദ്വിലിംഗ പുഷ്പങ്ങളും. തേനീച്ചകളാണ് പരാഗണം നടത്തുന്നത്. പൂക്കളില്‍ പൂന്തേന്‍ ഉള്ളതിനാല്‍ മറ്റ് പ്രാണികളും സന്ദര്‍ശിക്കാറുണ്ട്.
ഒട്ടുംതന്നെ തണല്‍ വേണ്ടാത്ത ഒരു ഫലവൃക്ഷമാണ് ലോങ്ങന്‍ എന്നതിനാല്‍ നല്ല സൂര്യപ്രകാശമുള്ളിടത്താണ് ലോങ്ങന്‍ നട്ടുപിടിപ്പിക്കേണ്ടത്. വേനല്‍ക്കാലത്ത് ജലസേചനം ഉറപ്പാക്കണം. വര്‍ഷംതോറും ധാരാളം ജൈവവളങ്ങളും സംയുക്തവളങ്ങളും നല്‍കാം. നട്ട് നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ സംയുക്ത വളങ്ങള്‍ നല്‍കാം. NPK 18 കോംപ്ലക്സ് 100 ഗ്രാം വീതം വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം നല്‍കി, ഓരോ വര്‍ഷവും വളത്തിന്‍റെ അളവ് ക്രമാനുഗതമായി വര്‍ധിപ്പിച്ച് ആറാം വര്‍ഷം മുതല്‍ ഒരു കിലോ വീതം NPK 18 കോംപ്ലക്സ് മൂന്നു പ്രാവശ്യം നല്‍കണം.
സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, സിങ്ക് എന്നിവയും ഉള്‍പ്പെടുത്തണം. കാര്യമായ രോഗകീടബാധകള്‍ ഒന്നും ലോങ്ങനില്‍ കാണുന്നില്ല. എങ്കിലും ഇലതീനിപ്പുഴുക്കള്‍ ചിലപ്പോള്‍ ശല്യമാകാറുണ്ട്. വേപ്പ് അധിഷ്ഠിത ലായനികള്‍ തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്.
മലയാളികള്‍ക്ക് സുപരിചിതമായ കള്ളിച്ചെടിയുടെ കുടുംബത്തില്‍ (കാക്റ്റെസി) നിന്നുമുള്ള ഒരു മധുരക്കനി – അതാണ് ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായ. കേരളത്തിന്‍റെ പഴക്കൂടയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഈയടുത്തകാലത്താണ് വന്നെത്തിയതെങ്കിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ഡ്രാഗണ്‍ ഫ്രൂട്ട് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചിതമാണ്. മധ്യ അമേരിക്കയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ജന്മദേശമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതിന്‍റെ ഉത്ഭവത്തേപ്പറ്റി പല തര്‍ക്കങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്ന രാജ്യം വിയറ്റ്നാമാണ്. മധ്യ അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ മിഷനറി വൈദികരാണ് ഡ്രാഗണ്‍ ഫ്രൂട്ട് വിയറ്റ്നാം ജനതയ്ക്ക് പരിചയപ്പെടുത്തിയത്. ഇതിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലൂടെ വമ്പിച്ച സാമ്പത്തികനേട്ടമാണ് വിയറ്റ്നാം ജനത കൈവരിച്ചത്. 1870-ലാണ് ഡ്രാഗണ്‍ ഫ്രൂട്ട് വിയറ്റ്നാമില്‍ എത്തിയതെങ്കിലും ഇതിന്‍റെ വന്‍തോതിലുള്ള കൃഷി വ്യാപകമായിട്ട് അധികവര്‍ഷങ്ങളായിട്ടില്ല.
പോഷകസമൃദ്ധവും ഊര്‍ജ്ജദായകവുമായ ഡ്രാഗണ്‍ ഫ്രൂട്ട് സവിശേഷമായ രൂപവും കണ്ണഞ്ചിപ്പിക്കുന്ന നിറവും കൊണ്ട് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു എന്നു പറയാം. പഴത്തിന്‍റെ പുറത്ത് ചെതുമ്പലുകള്‍ പോലെയുള്ളതിനാലാണ് ഇതിനു ‘പിത്തായ’ എന്ന പേര് ലഭിച്ചത്. പുറംതോട് പ്രധാനമായും രണ്ട് നിറത്തില്‍ കാണപ്പെടുന്നു. കടുംപിങ്കും മഞ്ഞയും. എന്നാല്‍ ഉള്‍ക്കാമ്പ് മൂന്നു നിറങ്ങളിലുള്ളത് യഥാര്‍തത്തില്‍ മൂന്ന് സ്പീഷീസുകളാണ്. ഏറ്റവും സാധാരണമായ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ പുറംതൊലി കടുംപിങ്ക് നിറത്തിലും ഉള്‍ക്കാമ്പ് നല്ല വെളുത്തുമിരിക്കും. ഇതിനു മധുരം താരതമ്യേന കുറവായിരിക്കും. ഇതാണ് ഹൈലോസെറിയസ് അണ്‍ഡേറ്റസ് എന്ന ഇനം. രണ്ടാമത്തെ ഇനമായ ഹൈലോസെറിയസ് പോളിറൈസിന്‍റെ ഭക്ഷ്യയോഗ്യമായ ഉള്‍ക്കാമ്പ് രണ്ട് വ്യത്യസ്ത നിറത്തില്‍ കാണപ്പെടുന്നു. കടുംചുവപ്പും നല്ല മജന്തയും. ഇവയുടെ പുറംതൊലി സാധാരണപോലെ കടുംപിങ്കാണ്. ഏറ്റവും കൂടുതല്‍ വ്യാവസായിക സ്പീഷീസായ ഹൈലോസെറിയസ് മെഗലാന്തസിന്‍റെ പുറംതൊലി നല്ല മഞ്ഞനിറത്തിലും ഉള്‍ക്കാമ്പ് വെള്ള നിറത്തിലുമായിരിക്കും. നല്ല മധുരമുള്ള ഈ ഇനം വളരെ വിരളവും, വിപണിയില്‍ ലഭ്യമായാല്‍ത്തന്നെ നല്ല വിലയുമായിരിക്കും. ലോകമെമ്പാടുമുള്ള ഉദ്യാനപ്രേമികള്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ധാരാളം സങ്കരയിനങ്ങള്‍ ഉരുത്തിരിച്ചിട്ടുണ്ട്. അമേരിക്കയില്‍ത്തന്നെ ഏകദേശം നൂറിലധികം സങ്കര ഡ്രാഗണ്‍ ഫ്രൂട്ട് ഇനങ്ങള്‍ രെജിസ്ടര്‍ ചെയ്തിട്ടുണ്ട്.
ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ പൂക്കള്‍ രാത്രിയിലാണ് വിരിയുന്നത്. അതിനാല്‍ ഇതിന് മൂണ്‍ ഫ്ലവര്‍, ക്വീന്‍ ഓഫ് ദി നൈറ്റ്, ലേഡി ഓഫ് ദി നൈറ്റ് എന്നും പേരുകളുണ്ട്. വിദേശരാജ്യങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഒരേസമയം അലങ്കാരച്ചെടിയായും പഴച്ചെടിയായും ഉപയോഗപ്പെടുത്തുന്നു. പടര്‍ന്നുകയറുന്ന സ്വഭാവമുള്ള കള്ളിച്ചെടിയായതിനാല്‍ താങ്ങുകാലുകള്‍ ഇതിന്‍റെ കൃഷിക്ക് അത്യന്താപേക്ഷിതമാണ്. വായവ വേരുകള്‍ ധാരാളമുള്ളതിനാല്‍ മരങ്ങളിലും മറ്റ് താങ്ങുകളിലും പിടിച്ചുകയറി വളരുവാന്‍ സ്വതേ കഴിവുണ്ട്. രാത്രികാലങ്ങളില്‍ പൂക്കള്‍ വിരിയുന്നതിനാല്‍ പരാഗണത്തിനു നിശാശലഭങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന രാജ്യങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് പൂക്കുന്ന അവസരങ്ങളില്‍ ഇലക്ട്രിക് ലൈറ്റുകള്‍ സ്ഥാപിച്ച് നിശാശലഭങ്ങളെ ആകര്‍ഷിക്കുന്ന വിദ്യ സാധാരണമാണ്. സുഗന്ധവാഹിയായ മഞ്ഞയും വെള്ളയും കലര്‍ന്ന ഡ്രാഗണ്‍ പൂക്കള്‍ കാക്ട്ടെസി സസ്യകുടുംബത്തിലെ തന്നെ ഏറ്റവും വലിയ പൂക്കളെന്നു കരുതപ്പെടുന്നു. പരാഗണം നടന്ന് 50 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ പാകമാകുന്ന പഴങ്ങള്‍ മൂര്‍ച്ചയുള്ള ഒരു കത്തി അല്ലെങ്കില്‍ സിക്കേച്ചര്‍ ഉപയോഗിച്ച് വേര്‍പ്പെടുത്തിയെടുക്കാം.
തണ്ടുമുറിച്ച് നട്ട് ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്താവുന്നതാണ്. വിത്തുപാകിയും പുതിയ തൈകള്‍ ഉണ്ടാക്കാം. എന്നാല്‍ വിത്തുവഴിയുള്ള ചെടികള്‍ വളരെ സാവധാനമേ വളരുകയുള്ളൂ എന്നതിനാല്‍ ഈ രീതി പ്രായോഗികമല്ല. വിത്തുതൈകള്‍ ഏകദേശം 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ പുഷ്പിച്ചുകാണുന്നു. പുതിയ സങ്കരയിനം ഉത്പാദിപ്പിക്കുന്നതിന് ഈ രീതി പ്രയോജനപ്പെടുത്താം. തണ്ടുകളുടെ നീളം ചെടികളുടെ ശരിയായ വളര്‍ച്ചയെയും കായ്പിടുത്തത്തേയും സ്വാധീനിക്കുന്നതായി കാണുന്നു. ഏകദേശം 12 ഇഞ്ച് നീളമുള്ള തണ്ടുകളാണ് നടാന്‍ ഏറ്റവും അനുയോജ്യം. ധാരാളം ജൈവവളങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഒരു തടത്തിന്‍റെ മധ്യഭാഗത്ത് ഏകദേശം 6 അടി നീളമുള്ള ഒരു കോണ്‍ക്രീറ്റ് കാല് അല്ലെങ്കില്‍ വേലിക്കല്ല് ഉറപ്പിക്കുക എന്നതാണ് കൃഷിയുടെ ആദ്യപടി. ഇത്തരം കാലുകളുടെ ഓരോവശത്തും ഓരോ തണ്ടുകള്‍ ചേര്‍ത്ത് നടുക. ഇവയില്‍നിന്നും പുതിയ കിളിര്‍പ്പുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് പിടിച്ചുകയറുവാന്‍ സൗകര്യം ചെയ്തുകൊടുക്കണം. പുതുതായി ഉണ്ടാകുന്ന തണ്ടുകള്‍ താങ്ങുകാലുകള്‍ക്ക് ലംബമായി ചേര്‍ത്ത്കെട്ടി, താങ്ങുകാലിന്‍റെ അഗ്രത്ത് എത്തുമ്പോള്‍, ധാരാളം ശാഖോപശാഖകള്‍ പുറപ്പെടുവിക്കുന്നു. ഒരു കുടയുടെ ആകൃതിയില്‍ പടര്‍ന്നുപന്തലിക്കാന്‍ പഴയ ടയറോ മെറ്റല്‍ ഫ്രെയ്മോ ഉറപ്പിക്കാവുന്നതാണ്. ഇപ്രകാരം നന്നായി പടര്‍ന്നു വളരാന്‍ സൗകര്യമുണ്ടായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ചെടികള്‍ പുഷ്പിക്കാന്‍ തുടങ്ങും.
ജൈവവളങ്ങളോടാണ് ഡ്രാഗണ്‍ ഫ്രൂട്ടിന് പ്രതിപത്തിയെങ്കിലും ഇത് വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഓരോ ചെടിക്കും സംയുക്ത വളങ്ങള്‍ നാല് മാസം കൂടുമ്പോള്‍ നല്‍കാറുണ്ട്.
കേരളത്തിലെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്ക് അനുവര്‍ത്തിക്കാവുന്ന വളപ്രയോഗരീതി:
10 മുതല്‍ 15 കിലോഗ്രാം വരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഓരോ തടത്തിലും നല്‍കുക. ഈ അളവ് വര്‍ഷംതോറും അഞ്ച് കിലോ വീതം കൂട്ടി നാല് വര്‍ഷം ആകുമ്പോള്‍ 30 മുതല്‍ 40 കിലോ വരെ നല്‍കി അളവ് നിജപ്പെടുത്തുക. ചെടികളുടെ കായിക വളര്‍ച്ചയുടെ സമയത്ത് ഓരോ ചെടിക്കും 70 ഗ്രാം യൂറിയ, 90 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 40 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കുക. കായ്കള്‍ ഉണ്ടാവുന്ന സമയത്ത് നൈട്രജന്‍റെ അളവ് കുറയ്ക്കുകയും പൊട്ടാഷിന്‍റെ അളവ് കൂട്ടുകയും ചെയ്യണം. ഈയവസരത്തില്‍ ഇവ യഥാക്രമം 50:50:100 ഗ്രാം എന്ന തോതില്‍ ഓരോ ചെടിക്കും നല്‍കാം. ഓരോ വര്‍ഷവും ഈ അളവ് 220 ഗ്രാം വീതം കൂട്ടി 1.5 കിലോഗ്രാം വരെ നല്‍കണം.
മറ്റ് ഫലവൃക്ഷങ്ങളെ അപേക്ഷിച്ച് ഡ്രാഗണ്‍ ഫ്രൂട്ടിന് കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ എങ്കിലും വരണ്ടകാലങ്ങളില്‍ ജലസേചനം അത്യാവശ്യമാണ്. ഡ്രിപ്പ് രീതി ഈ കൃഷിക്ക് വളരെ യോജിച്ചതാണ്. ഈ രീതിയില്‍ ഫെര്‍ട്ടിഗേഷനും നല്‍കാന്‍ സാധിക്കും. പറയത്തക്ക കീടരോഗബാധകളോന്നും തന്നെ ഡ്രാഗണ്‍ ഫ്രൂട്ടിനെ ആക്രമിക്കാറില്ല. ഇലകള്‍തിന്നുന്ന പുഴുക്കളെ ചിലപ്പോള്‍ കാണാറുണ്ട്. വേപ്പ് അധിഷ്ഠിത ലായനികള്‍ തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്.
അന്താരാഷ്ട്രനിലവാരമുള്ള മികച്ച ഇനങ്ങളുടെ അഭാവമാണ് കേരളത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ കൃഷിക്ക് തടസ്സം നില്‍ക്കുന്നത്. വിദേശരാജ്യങ്ങളില്‍ ധാരാളം മേല്‍ത്തരം ഇനങ്ങള്‍ ലഭ്യമാണ്. ഇവ ഇറക്കുമതി ചെയ്ത്, തുടര്‍പഠനങ്ങള്‍ നടത്തി, നിര്‍ധാരണം ചെയ്ത് കേരളത്തിന് യോജിച്ച ഇനങ്ങള്‍ കൃഷി ചെയ്യുന്നതാണ് നല്ലത്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് വളരെ വിപുലമായ വിപണിയാണുള്ളത്. ധാരാളം ജീവകങ്ങളുടെയും ധാതുക്കളുടെയും വളരെ വേഗം രക്തത്തില്‍ അലിയുന്ന പഞ്ചസാരയുടെയും കലവറയായതിനാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഒരു മികച്ച ഹെല്‍ത്ത് ഡ്രിങ്ക് ആയി ഉപയോഗപ്പെടുത്താം. സ്വതന്ത്ര റാഡിക്കലുകളുടെ ഉപദ്രവത്തില്‍നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കുന്ന നിരോക്സീകാരകമായി പ്രവര്‍ത്തിച്ച് കാന്‍സര്‍ പോലുള്ള രോഗത്തില്‍നിന്നും ശരീരകലകളെ സംരക്ഷിച്ച്, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ധാരാളം സസ്യജന്യ സംയുക്തങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍നിന്നും വേര്‍തിരിച്ചിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് വംശജയായ മില്‍ക്ക് ഫ്രൂട്ട് ഏഷ്യന്‍ ഉഷ്ണമേഖലാ പ്രദേശങ്ങള്‍, ആഫ്രിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. ക്രൈസോഫില്ല കെയ്നിറ്റോ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മില്‍ക്ക് ഫ്രൂട്ട് സപ്പോട്ടെസി കുടുംബത്തിലെ അംഗമാണ്. അത്യാകര്‍ഷകമായ ഇലകളുടെ മുകള്‍ഭാഗം കടുംപച്ചയും അടിവശം സ്വര്‍ണ്ണവര്‍ണ്ണവുമാണ്. പഴങ്ങള്‍ക്ക് പര്‍പ്പിള്‍ നിറമോ മഞ്ഞകലര്‍ന്ന പച്ചനിറമോ ആയിരിക്കും. പഴത്തിന്‍റെ തൊലിയില്‍ വെളുത്ത കറയുണ്ടായിരിക്കും.
മില്‍ക്ക് ഫ്രൂട്ടിന്‍റെ ധാരാളം ഇനങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ കണ്ടുവരുന്നുണ്ടെങ്കിലും വിയറ്റ്നാമിലെ സതേണ്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (SOFRI) കണ്ടെത്തിയ ‘ലോ റൈന്‍’ എന്ന ഇനമാണ് മേല്‍ത്തരം എന്ന് പറയപ്പെടുന്നു. പുതിയ തൈകള്‍ ഉത്പാദിപ്പിക്കുവാന്‍ ഗ്രാഫ്റ്റിംഗ് രീതിയാണ് നല്ലത്. ഗ്രാഫ്റ്റ് തൈകള്‍ അതിവേഗം വളര്‍ന്ന് മൂന്നാംവര്‍ഷം മുതല്‍ ഫലങ്ങള്‍ നല്‍കിത്തുടങ്ങും. ക്ഷാരസ്വഭാവമുള്ള മണ്ണിലാണ് സ്റ്റാര്‍ ഫ്രൂട്ട് നന്നായി വളരുന്നത്. ജൈവവളങ്ങള്‍ക്കു പുറമേ സംയുക്തവളങ്ങളും വര്‍ഷത്തില്‍ 4 പ്രാവശ്യം വീതം നല്‍കാം. ആദ്യവര്‍ഷം 100 ഗ്രാം വീതം സംയുക്തവളം നല്‍കി നല്ല വളര്‍ച്ചയെത്തിയ മരങ്ങള്‍ക്ക് 500 മുതല്‍ ഒരു കിലോഗ്രാം വരെ നല്‍കാവുന്നതാണ്. വളര്‍ച്ച നിയന്ത്രിക്കാന്‍ പ്രൂണിംഗ് അത്യാവശ്യമാണ്. ഇതുവഴി ചെടികളെ നന്നായി രൂപപ്പെടുത്താവുന്നതാണ്.
കേരളത്തിലെ കാലാവസ്ഥയില്‍ ഏപ്രില്‍ മാസത്തിലാണ് മില്‍ക്ക് ഫ്രൂട്ട് നന്നായി പുഷ്പിച്ചു കാണുന്നത്. മകരമാസക്കാലം ചെറിയ പര്‍പ്പിള്‍ കലര്‍ന്ന വെളുത്ത പൂക്കള്‍ ചൂടി നില്‍ക്കുന്നത് കാണുവാന്‍ വളരെ മനോഹരമാണ്. ചെറിയ ദ്വിലിംഗ പുഷ്പങ്ങളില്‍ പരാഗണം നടത്തുന്നത് പ്രധാനമായും തേനീച്ചകളാണ്. പരാഗണത്തിനു മൂന്ന് മാസങ്ങള്‍ക്ക് ശേഷം വിളവെടുക്കാം. പഴങ്ങള്‍ പഴുത്ത് പൊഴിയുന്ന പതിവ് മില്‍ക്ക് ഫ്രൂട്ടിന് ഇല്ലാത്തതിനാല്‍ പാകമായ പഴങ്ങള്‍ ഞെട്ട് ചേര്‍ത്ത് മുറിച്ചെടുക്കാം. നന്നായി പഴുത്ത പഴങ്ങള്‍ തൊട്ടാല്‍ മൃദുവായിരിക്കും. പഴങ്ങള്‍ രണ്ടായി മുറിച്ച് ഒരു സ്പൂണ് കൊണ്ട് ഇളക്കി എടുത്ത് കഴിക്കുന്നതാണ് നല്ലത്. പഴങ്ങളുടെ ഉള്‍ക്കാമ്പ് തണുപ്പിച്ച് കഴിക്കാന്‍ നല്ലതാണ്. മാമ്പഴം, പൈനാപ്പിള്‍, സ്ട്രോബറി തുടങ്ങിയ പഴങ്ങളുമായി ചേര്‍ത്ത് ഫ്രൂട്ട് സലാഡ് തയ്യാറാക്കുവാനും വളരെ നല്ലതാണ്. മില്‍ക്ക് ഫ്രൂട്ട് ഓറഞ്ച് ജ്യൂസുമായി ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പാനീയം ജമൈക്കയില്‍ വളരെ പ്രസിദ്ധമാണ്. മില്‍ക്ക് ഫ്രൂട്ട് ധാരാളം പോഷകങ്ങളാല്‍ സമൃദ്ധമാണ്. പഴത്തിന്‍റെ നിരോക്സീകാരക സ്വഭാവം ആരോഗ്യപരിപാലനത്തില്‍ വളരെ പ്രയോജനപ്രദമാണ്.
ബട്ടര്‍ ഫ്രൂട്ട് എന്ന പേരില്‍ സുപരിചിതമായ അവൊക്കാഡോ മെക്സിക്കോയില്‍ ജനിച്ച ഒരു മിതോഷ്ണ മേഖലാ ഫലവൃക്ഷമാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള ഏതു പ്രദേശത്തും അനായാസമായി വളര്‍ത്താവുന്ന അവൊക്കാഡോ പാശ്ചാത്യരാജ്യങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ പഴങ്ങളിലൊന്നാണ്. 1892-ല്‍ ഇന്ത്യയില്‍ ഈ പഴം എത്തിയെങ്കിലും അവൊക്കാഡോയുടെ കൃഷി ഏതാനും ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നു. പെഴ്സിയ അമേരിക്കാന (Persia americana) എന്ന പേരില്‍ ശാസ്ത്രലോകത്ത് അറിയപ്പെടുന്ന അവൊക്കാഡോ ലോറെസി സസ്യകുടുംബത്തിലെ അംഗമാണ്. ഏതാണ്ട് 800 ലധികം ഇനങ്ങളുള്ള അവൊക്കാഡോ പ്രധാനമായും മൂന്ന് വിഭാഗത്തില്‍പ്പെടുന്നു. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റ് ഇന്ത്യന്‍, ഈ മൂന്ന് വിഭാഗത്തിലും അറിയപ്പെടുന്ന ഇനങ്ങള്‍ക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. വെസ്റ്റ് ഇന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന ഇനങ്ങളുടെ പഴങ്ങളാണ് ഏറ്റവും വലുത്. ഏതാണ്ട് ഒരു കിലോയോളം തൂക്കമുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് വളരെ യോജിച്ചതാണ് ഈ വിഭാഗത്തിലെ പല ഇനങ്ങളും. സബ് ട്രോപ്പിക്കല്‍ (മിതോഷ്ണ മേഖലാ) പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഹാസ് ഇനങ്ങള്‍ ഗ്വാട്ടിമാലന്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്. യൂറോപ്പില്‍ ഏറ്റവും ആവശ്യമുള്ളത് ഈ ഇനങ്ങള്‍ക്കാണ്.
ഏകദേശം 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത മരങ്ങള്‍ കാണാന്‍ വളരെ ഭംഗിയുള്ളതാണ്. വ്യാവസായികമായി കൃഷി ചെയ്യുമ്പോള്‍ മരങ്ങളെ ആദ്യകാലങ്ങളില്‍ പ്രൂണ്‍ ചെയ്ത് രൂപപ്പെടുത്തുന്നതാണ് മികച്ച വിളവിന് നല്ലത്. ചിലപ്പോള്‍ രണ്ടുതവണ പുഷ്പിക്കാറുണ്ട്. പരാഗണം നടന്ന് ആറുമാസത്തിലധികം വേണ്ടിവരും മൂപ്പെത്താന്‍. പുറംതൊലി പച്ചയോ കടും പര്‍പ്പിളോ ആകാം. ഉള്‍ക്കാമ്പ് മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ ആയിരിക്കും. പാകമായി പഴുത്ത കായ്കളുടെ ഉള്‍ക്കാമ്പ് മൃദുവും വെണ്ണയുടെ പരുവത്തിലുമായിരിക്കും.
നല്ല നീര്‍വാര്‍ച്ചയുള്ള ഏതു മണ്ണിലും അവൊക്കാഡോ വളരും. ക്ലെഫ്റ്റ് ഗ്രാഫ്റ്റ് വഴി ഉത്പാദിപ്പിക്കുന്ന തൈകളാണ് കൃഷിക്ക് നല്ലത്. മഴയുടെ തുടക്കത്തില്‍ തൈകള്‍ നടാം. വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ നന്നായി വളരും. ജൈവവളങ്ങളും സംയുക്തവളങ്ങളും ഉപയോഗിക്കാം. ഇതിനുപുറമേ സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, സിങ്ക്, അയണ്‍ എന്നിവയും നല്‍കണം. കേരളത്തില്‍ കൃഷി ചെയ്യുന്ന മികച്ച ഇനമായ ‘കല്ലാര്‍ റൗണ്ട്’ ജനപ്രീതി നേടിയ ഇനമാണ്. തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല 1997-ല്‍ പുറത്തിറക്കിയ TKD-1 ആണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അവൊക്കാഡോ വെറൈറ്റി. കടുംപച്ച നിറത്തിലുള്ള ഇടത്തരം ഉരുണ്ട കായ്കളാണ് ഇതിന്‍റെ പ്രത്യേകത. പ്രായമായ ഒരു മരത്തില്‍നിന്ന് 250 കിലോ വരെ വിളവ് പ്രതീക്ഷിക്കാം. തമിഴ്നാട്ടിലെ ലോവര്‍ പളനി പ്രദേശത്ത് കൃഷിചെയ്യുന്ന സീഡ് ലെസ് ഇനം, നൂറുഗ്രാം തൂക്കം വരുന്ന കായ്കള്‍ ഒരുമരത്തില്‍ തന്നെ ആയിരത്തോളം ഉണ്ടാകാറുണ്ട്.
ഡോ. സണ്ണി ജോര്‍ജ്ജ്
കടപ്പാട്: കര്‍ഷകമിത്രം, സമ്പൂര്‍ണ്ണ കാര്‍ഷിക ഗൈഡ്
അവസാനം പരിഷ്കരിച്ചത് : 5/27/2020