പുഷ്പ, പുഷ്പേതര ഗ്രന്ഥികളിൽ നിന്നും ഊറി വരുന്ന മധുരദ്രാവകമായ പൂന്തേൻ തേനീച്ചകളാണ് തേനാക്കി മാറ്റുന്നത്. പൂന്തേനിന്റെ 99.5 –100 ശതമാവും സൂക്രോസ് എന്ന സങ്കീർണ പഞ്ചസാരയാണ്. വേലക്കാരി ഈച്ചകൾ അവയുടെ ഹണിസ്റ്റൊമക്കിൽ ഇൻവെർട്ടേസ്, ഡയാസ്റ്റേസ് എന്നീ എൻസൈമുകളുടെ സഹായത്തോടെ പൂന്തേനിനെ ലഘു പഞ്ചസാരകളുടെ സമാഹാരമായ തേനാക്കിമാറ്റുന്നു. ഇതിൽ ലഘുപഞ്ചസാരകളായ ഗ്ലൂക്കോസ് 34 ശതമാനവും ഫ്രക്ടോസ് 39 ശതമാനവും അടങ്ങിയിരിക്കുന്നു. തേനിൽ സൂ ക്രോസിന്റെ അളവ് വെറും രണ്ടു ശതമാനം മാത്രമാണ്. മറ്റു ഘടകങ്ങളായ പ്രോട്ടീനുകൾ, അമിനോആസിഡ്, മിനറൽസ്, വിറ്റാമിനുകൾ, എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ തേനിന്റെ ഗുണമേന്മ വർധിപ്പിക്കുന്നു. തേനിൽ 3200 കലോറി ഊർജമുണ്ട്. കൊഴുപ്പു രഹിതമാണ്. ഏതു പ്രായക്കാർക്കും കഴിക്കാം. ചെറുപ്രായം മുതൽ തേൻ കഴിക്കാം. ദഹനം ത്വരിതപ്പെടുത്തുന്നതിനാൽ കുട്ടികൾ നന്നായി ഭക്ഷണം കഴിക്കും. കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കും. തേജസും ഓജസും നിലനിർത്തുന്നതിനും ഊർജസ്വലതയും ഉണർവും പ്രദാനം ചെയ്ത് വാർ ധക്യം ഇല്ലാതാക്കുന്ന തിനും തേൻ നല്ലതാണ്. തേനീച്ച വളർത്തലിനും തേൻ ഉത്പാദനത്തിനും സ ഹായകമാകുന്ന വൈവിധ്യമാർന്ന സസ്യസമ്പത്തുള്ള സംസ്‌ഥാനമാണ് കേരളം. പ്രതിവർഷം 40,000 ടൺ തേൻ ഉത്പാദിപ്പിക്കാനും 800 കോടി രൂപ വരുമാനം നേടാനുമുള്ള ശേഷി നമ്മുടെ റബർ മരങ്ങൾക്കുണ്ട്. തേനീച്ചവളർത്തൽ പുനരുദ്ധരിക്കുന്നതിനും വ്യാപിപ്പിക്കുന്ന തിനും തേൻ ഉത്പാദനം വർധിപ്പിക്കുന്നതിനും, കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി തേനീച്ചപരാഗണഗവേഷണ കേന്ദ്രം മികച്ച സംഭാവനയാണ് നൽകിയിട്ടുള്ളത്. കേരളത്തിലെ കാലാവസ്‌ഥയ്ക്ക് അനുകൂലമായി ആദായകരമായി വളർത്താനുതകുന്ന നൂതന ശാസ്ത്ര– സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തി കർഷകർക്ക് കൈമാറുകയും കർഷകർ അവ പ്രാവർത്തികമാക്കുയും ചെയ്തതോടുകൂടി തേൻ ഉത്പാദനം പതിന്മടങ്ങ് വർധിച്ചു.
കാർഷിക വിഭവങ്ങളുടെ പൂർണമായ ഉപഭോഗം ഉറപ്പു വരുത്തുവാൻ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം അനിവാര്യമാണ്. വികസിത രാജ്യങ്ങളിൽ ഉത്പാദനത്തിന് ശേഷം 25 മുതൽ 50 ശതമാനം വരെ ഉത്പന്നങ്ങൾ നഷ്ടപ്പെടുന്നതായാണ് കണക്ക്. ഇതിനു പ്രധാനകാരണം സംസ്കരണമോ മൂല്യവർധനയോ പ്രാവർ ത്തികമാക്കാത്തതാണ്. കാർഷിക വിഭവങ്ങൾ സംസ്കരിക്കുകയും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുകയും ചെയ്താൽ വിപണന സാധ്യത മെച്ചെപ്പെടുത്താനാകും. തേനിന്റെ മൂല്യാധിഷ്ഠിത ഉത്പന്നങ്ങളുടെ നിർമാണവും ഉപഭോഗവും പ്രാധാന്യ മർഹിക്കുന്നു.
മറ്റു കൃഷികളിലെന്നപോലെ തേനുത്പാദനവും വർധിച്ച പ്പോൾ വിപണിയിൽ പ്രയാസം നേരിട്ടുതുടങ്ങി. ഔഷധമെന്ന നിലയിൽ മാത്രമായിരുന്നു തേനിന്റെ ഉപഭോഗം. എന്നാൽ ഇന്ന് തേനിന്റെ സവിശേഷതകളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ കൂടുതൽപേർ തേൻ ശീലമാക്കാൻ തുടങ്ങിയത് തേനിന്റെ വിപണന സാധ്യത വർധിപ്പിച്ചു. തേൻ ഒരു ഔഷധവും ഉത്തമ ആഹാരവും സൗന്ദര്യവർധക പദാർഥവുമാണ്. ജർമ്മനിപോലുള്ള വിദേശ രാജ്യങ്ങളിൽ തേൻ നിത്യാഹാരത്തിന്റെ ഭാഗമാണ്. നമുക്കും, ഹാനികരമായ വെളുത്ത പഞ്ചസാരയ്ക്കു പകരം മധുരത്തിനായി തേൻ ഉപയോഗിക്കാം. കൂടാതെ തേൻ ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് തേനിന്റെ ഉപഭോഗം കൂട്ടുന്നതോടൊപ്പം ആവശ്യകതയും വർധിപ്പിക്കും.
സംസ്‌ഥാനത്ത് നിലവിൽ 360 കോടി രൂപയ്ക്കുള്ള പതിനായിരം ടൺ തേൻ ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാൽ തേനിൽ മൂല്യവർധന നടത്തിയാൽ കിലോ യ്ക്ക് 360ൽ നിന്നും കുറഞ്ഞത് 450 രൂപയാക്കി ഉയർത്താനാകും. ഉത്പാദനം വർധിക്കുമ്പോഴു ണ്ടാകുന്ന വിലയിടിവ് കർഷകരുടെ മനസ് മടിപ്പിക്കും. ഇതിനുള്ള ഒരു പരിഹാരമാണ് തേൻ മൂല്യ വർധിത ഉത്പന്നങ്ങളാക്കുകയെന്നത്. തേൻ ചേർ ത്ത് നിരവധി ഉത്പന്നങ്ങൾ നിർമിക്കാനാകും. തേൻ പാനീ യം , ഹണി വൈൻ, കൈതച്ചക്ക തേൻ ജാം, തേൻ അവലോസുണ്ട, ഹണി പഞ്ച്, തേൻ കേക്ക്, തേൻ ഐസ്ക്രീം, തേൻ ബ്രഡ്, ഹണിക്കുക്കീസ,് തേനിൽ ഉണക്കിയ പഴങ്ങൾ, നട്ട്സ് ഇൻ ഹണി, ഹണി റോസ്റ്റഡ് നട്ട്സ് ബാർ, ഹണി ഫ്രൂട്ട് സിറപ്പ്, തേൻ നെല്ലിക്ക, തേൻ വെളുത്തുള്ളി തുടങ്ങി നിരവധി ഉത്പന്നങ്ങൾ തേനിൽ നിന്നും ഉത്പാദിപ്പിക്കാം.
തേൻ പാനീയം
തേനും വെള്ളവും ഇഞ്ചിനീരും നാരങ്ങനീരും ചേർത്ത് തയാറാക്കുന്ന 200 മില്ലി തേൻ പാനീയത്തിൽ 155 കലോറി ഊർജമുണ്ടാകും. കൂടാതെ മനുഷ്യശരീരത്തിന് അവശ്യം വേണ്ട കാർബോഹൈഡ്രേറ്റും ഓർഗാനിക് ആസിഡും പ്രോട്ടീനുകളും അമിനോ ആസിഡും മിനറലുകളും എൻസൈമുകളും വിറ്റാമിനുകളും ചേർന്ന ഒരു കലവറയാണ്. ഈ പാനീയം ഒരുമാസം വരെ കേടുകൂടാതെ ഉപയോഗിക്കാം. 200 മില്ലി ഹണി ഡ്രിങ്ക് ഉണ്ടാക്കുവാൻ 145 മില്ലി വെള്ളം, 35 മില്ലി തേൻ, 15 മില്ലി നാരങ്ങ നീര്, അഞ്ചു മില്ലി ഇഞ്ചി നീര് ഇവ ചേർക്കണം.
ഹണി വൈൻ
തേനിൽ നിന്നും സ്വാദിഷ്ടവും വിലയേറിയതുമായ വൈൻ തയാറാക്കാവുന്നതാണ്. ഇതിനായി തേൻ – അഞ്ചു കിലോ, വെള്ളം– 15 ലിറ്റർ, ഗ്രാമ്പു– അഞ്ചെണ്ണം, കറുവപ്പട്ട– മൂന്നിഞ്ചു കഷണം, യീസ്റ്റ്– മൂന്ന് വലിയ സ്പൂൺ എന്നതോതിൽ ഉപയോഗിക്കാം. തേനും വെള്ളവും യോജിപ്പിച്ച് അടുപ്പിൽ വച്ച് പത്തുമിനിറ്റ് നന്നായി തിളപ്പിക്കുക. ഗ്രാമ്പൂവും കറുവപ്പട്ടയും കിഴികെട്ടി ഇതിലിടുക. അരമണിക്കൂർ ചെറുതീയിൽ തിളപ്പിക്കണം. മുകളിൽ പൊങ്ങിവരുന്ന പത നീക്കം ചെയ്തശേഷം, അടുപ്പിൽ നിന്നു മാറ്റി, കിഴി പിഴിഞ്ഞെടുത്ത ശേഷം തണുക്കാൻ വയ്ക്കുക. ഇതിൽ നിന്ന് അരക്കപ്പ് മിശ്രിതത്തിൽ യീസ്റ്റ് കലക്കി, ബാക്കി ചേരുവയിൽ ചേർക്കുക. ഈ വൈൻ ഭരണിയിലാക്കി അടച്ച് മൂടിക്കെട്ടുക. 21 ദിവസം കഴിയുമ്പോൾ അരിച്ച് കുപ്പിയിൽ നിറയ്ക്കാം. രണ്ടു മാസം കഴിഞ്ഞ് വൈൻ ഉപയോഗത്തിന് തയാറാകും.
കൈതച്ചക്ക– തേൻ ജാം
കൈതച്ചക്ക ചെത്തിയരിഞ്ഞത് രണ്ടു കിലോ ചെറിയ ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റുക. ഇതിലേക്ക് 800 ഗ്രാം കുരുകളഞ്ഞ ഈന്തപ്പഴം, 100 ഗ്രാം കശുവണ്ടി, 50ഗ്രാം ബദാം, 100 ഗ്രാം ഉണക്കമുന്തിരി, മൂന്ന് ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്തിളക്കി വാങ്ങി വയ്ക്കുക. ഇതിലേക്ക് അരസ്പൂൺ ഏലയ്ക്കാപ്പൊടി, അരസ്പൂൺ കുരുമുളകു പൊടി എന്നിവ ചേർക്കാം. തണുത്തശേഷം രണ്ടു കിലോ തേൻ ഒഴിക്കുക. വൃത്തിയുള്ളതും ഈർപ്പരഹിതവുമായ ഭരണിയിലാക്കി അടച്ചുവെയ്ക്കുക. ഒരു മാസം കഴിഞ്ഞ് ഉപയോഗിക്കാം. മൂന്നു മാസം വച്ചിരുന്നാൽ ഏറ്റവും നന്ന്.
തേൻ അവലോസുണ്ട
ഒരു കിലോ പച്ചരി കഴുകി ഉണക്കിപ്പൊടിച്ച് രണ്ട് തേങ്ങ ചുരണ്ടിയതും ആവശ്യത്തിന് ജീരകംപൊടിച്ചതും ചേർത്ത് ഇളക്കി വറുക്കുക. ചെറിയ ബ്രൗൺ നിറമാകുമ്പോൾ അടുപ്പിൽ നിന്നും വാങ്ങിവയ്ക്കുക. തരികൾ നീക്കാനായി മിക്സിയിൽ ഒന്നു പൊടിക്കുക. പൊടി ഒരിക്കൽക്കൂടി ചെറുതായി ചൂടാക്കിയ ശേഷം തേൻ ചേർത്ത് ഇളക്കുക. ചൂടോടുകൂടി തന്നെ ഉരുളകളാക്കി എടുക്കുക. ഇതിനുമുകളിൽ കുറച്ച് അവലോസുപൊടി വിതറുക.
ഹണി പഞ്ച്
200 മില്ലിലിറ്റർ തേനും ഒരു നാരങ്ങയുടെ നീരും മാതള നാരങ്ങ അല്ലികളാക്കിയത് 100 ഗ്രാമും പഴങ്ളും യോജിപ്പിച്ചു ഫ്രിഡ്ജിൽ വയ്ക്കുക. വിളമ്പുന്നതിന് തൊട്ടുമുമ്പ് പുറത്തെടുത്ത് ഗ്ലാസുകളിലാക്കി തണുപ്പിച്ച് സോഡ ചേർത്ത് ഹണി പഞ്ച് തയാറാക്കാം.
തേൻ കേക്ക്
തേൻ കേക്ക് നിർമാണത്തിനാവശ്യമായ മാവ്, ബട്ടർ, മുട്ട എന്നിവയിൽ പഞ്ചസാരയ്ക്കു പകരം തേൻ ചേർത്ത് തയാറാക്കാം. തേൻകേക്ക് വളരെയേറെ രുചികരവും ഏതുപ്രായത്തിലുള്ളവർക്കും ഒരുപോലെ പ്രിയങ്കരവുമാണ്. മൈക്രോ വേവ് അവൻ 250ഡിഗ്രി ചൂടാക്കിയിടുക. 500 ഗ്രാം മൈദയിലേക്ക് 500 ഗ്രാം പൊടിച്ച പഞ്ചസാരയും ആവശ്യത്തിന് ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിക്കുക. ഇതിലേ ക്ക് 300 ഗ്രാം വെണ്ണയും എട്ട് മുട്ട, എട്ട് സ്പൂൺ പാൽ, ആവശ്യത്തിന് വാനില എസൻസ് എന്നിവ ചേർക്കുക. വെണ്ണ പുരട്ടിയ കേക്ക് മോൾഡിൽ ഈ മിശ്രിതം ഒഴിച്ച്, മുകൾവശം അണ്ടിപ്പരിപ്പ്, ചെറി എന്നിവ കൊണ്ട് അലങ്കരിക്കുക. അവ നിൽ വച്ച് 160 ഡിഗ്രിയിൽ 30 മിനിട്ട് ബേക്ക് ചെയ്യുക. അതിനുശേഷം വെള്ളം തിളപ്പിക്കുക. ചൂടാറിയ വെള്ളത്തിലേയ്ക്ക് 50 മില്ലിലിറ്റർ തേൻ, ആവശ്യത്തിന് റോസ് വാട്ടർ എന്നിവ ഒഴിച്ച് യോജിപ്പിക്കുക. ചൂടാറിയ കേക്ക് കമിഴ്ത്തിയ ശേഷം തേൻ – റോസ് വാട്ടർ മിശ്രിതം സ്പൂൺ ഉപയോഗിച്ച് പതിയെ ഒഴിച്ച് കേക്കിനുള്ളിലേക്ക് ഊറിയിറ ങ്ങാൻ അനുവദിക്കുക.
തേൻ ഐസ്ക്രീം
നൂറ് ഗ്രാം അത്തിപ്പഴം ചൂടുവെളളത്തിൽ ആറു മണിക്കൂർ കുതിർത്തശേക്ഷം മിക്സിയിൽ അരയ്ക്കുക, പീന്നീട് കാൽ കപ്പ് പാലും അര ടിൻ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് അരയ്ക്കണം. ഈ മിശ്രിതത്തിൽ കാൽ കപ്പ് തേനും അരകപ്പ് ക്രീമും ചേർത്ത് വീണ്ടും മിക്സിയിൽ അടിക്കണം. ഈ കൂട്ട് ഒരു ഐസ് ട്രേയിൽ ഒഴിച്ച് അലുമിനിയം ഫോയിൽ കൊണ്ട് മൂടി, കട്ടിയാകുന്നതുവരെ ഫ്രീസറിൽ തണുപ്പിച്ച് കഴിക്കാം.
തേൻ ബ്രെഡ്
ഗോതമ്പ് പൊടി, പാൽ, യീസ്റ്റ്, എന്നിവ തേനിൽ ചേർത്ത് കുഴച്ച് ചുട്ടെടുക്കുന്ന തേൻ ബ്രെഡിന് വിദേശരാജ്യങ്ങളിൽ പ്രിയമേറെയാണ്. കുഞ്ഞുങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഈ ബ്രെഡ് ഊർജദായകവും പോഷക സമൃദ്ധവുമാണ്.
ഹണികുക്കീസ്
തേൻ, പഞ്ചസാര, ഗ്ലൂക്കോസ്. ചെറുചൂടുവെള്ളം, വാനിലപ്പൊടി, ആൾക്കഹോൾ എക്സ്ട്രാക്റ്റ് എന്നിവ ചേർത്തുണ്ടാക്കുന്ന ഹണികുക്കീസ് ബ്രെഡ്, കേക്ക്, തുടങ്ങിയവയോട് ചേർത്ത് കഴിക്കാവുന്നതാണ്.
ഉണക്കിയ പഴങ്ങൾ
ഉണക്കിയെടുത്ത ഈന്തപ്പഴം, മാമ്പഴം, ഏത്തപ്പഴം, കൈതച്ചക്ക, ചക്ക, പപ്പായ, അത്തിപ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങൾ തേനിലിട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് കുട്ടികൾക്ക് ഏറെ പ്രിയങ്കരവും പോഷകഗുണമുള്ളുമായ ആഹാരമാണ്. തേനിന്റെ പോഷകഗുണം ഏറെ ലഭ്യമാക്കുന്ന ഭക്ഷണമായി ഇതിനെ കണക്കാക്കാം.
നട്ട്സ് ഇൻ ഹണി
കശുവണ്ടി, ബദാം, കപ്പലണ്ടി, പിസ്ത, വാൽനട്ട് എന്നിവ ചേർത്ത് രൂപപ്പെടുത്തുന്ന നട്ടസ് ഇൻ ഹണി പോഷകമേറെയുള്ളതാണ്. ഇത് ദിവസവും കഴിക്കുന്നത് രുചികരവും ആരോഗ്യത്തിന് ഉത്തമവുമാണ്.
ഹണി റോസ്റ്റഡ് നട്ട്സ് ബാർ
തേൻ, ബദാം, കപ്പലണ്ടി, വെള്ളം, വിനാഗിരി എന്നിവ ചേർത്ത് ഹണി റോസ്റ്റഡ് നട്ട്സ് ബാർ രൂപപ്പെടുത്താം. വർധിച്ച ഊർജദായകമായ ഈ വിഭവ ത്തിന് വിപണന സാധ്യതകൂടുതലാണ്.
ഹണി ഫ്രൂട്ട് സിറപ്പ്
പഴച്ചാറുകളിൽ തേൻ ചേർ ത്തുണ്ടാക്കുന്ന ഹണി ഫ്രൂട്ട് സിറപ്പ് ഇന്ന് വിപണിയിൽ ലഭിക്കുന്ന പലതരം സിന്തറ്റിക് സിറപ്പുകളെയും മറികടക്കുന്നതിന് സഹായിക്കും. ഏറെ വിപണന സാധ്യതയുള്ള മൂല്യവർധിത ഉത്പന്നമാണ്. പഴങ്ങളുടെ രുചിയും തേനിന്റെ ഗുണവും ഊർജദായക പാനീയമാക്കി ഹണി ഫ്രൂട്ട് സിറപ്പിനെ മാറ്റുന്നു.
തേൻ നെല്ലിക്ക
കഴുകി വൃത്തിയാക്കിയ നെല്ലിക്ക രണ്ടു കിലോ ആവിയിൽ പുഴുങ്ങുക. വെന്തു തൊലി പൊട്ടാതെ സൂക്ഷിക്കണം. അതിനു ശേഷം നനവില്ലാതെ നെല്ലിക്ക ഒരു ഭരണിയിൽ രണ്ടു കിലോ തേനിലിട്ടു വയ്ക്കുക. നെല്ലിക്ക തേനിൽ മുങ്ങിയിരിക്കണം. വായുകടക്കാതെ ഭരണി മൂടിക്കെട്ടി സൂക്ഷിക്കണം. 14 ദിവസം കഴിഞ്ഞ് ഭരണിയിലുള്ള തേൻ മാറ്റി പുതിയ തേൻ ഒഴിക്കണം. നെല്ലിക്ക തേനിലിട്ടത് വളരെയേറെ ഔഷധ ഗുണമുള്ള ഒരു ഉത്പന്നമാണ്. മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഇവ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാം.
തേൻ വെളുത്തുള്ളി
വെളുത്തുള്ളി വെയിലത്ത് ഉണക്കിയ ശേഷം തേനിലിട്ട് സൂക്ഷിക്കാം. ദിവസവും ഒരുസ്പൂൺ തേനും വെളുത്തുള്ളി മിശ്രിതവും കഴിക്കുന്നത് കൊളസ്ട്രോളും രക്‌തസമ്മർദ്ദവും കുറച്ച് ആരോഗ്യം പ്രദാനം ചെയ്യും.
കാന്താരി മുളക്–തേൻ
കാന്താരി മുളക് കഴുകി ഉണക്കി തേനിലിട്ട് സൂക്ഷിക്കുക. ദിവസവും ഒരു കാന്താരിയും ഒരു സ്പൂൺ തേനും കഴിക്കുന്നത് ഉയർന്ന രക്‌തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കും.
കാരറ്റ്– തേൻ ഹൽവ
കാരറ്റ് – ഒരു കിലോ, പാൽ– 500 മില്ലിലിറ്റർ, പഞ്ചസാര– രണ്ട് കപ്പ്, തേൻ– 100 മില്ലിലിറ്റർ, നെയ്യ്– മൂന്നു ടീസ്പൂൺ ഗ്രേറ്റ് ചെയ്ത കാരറ്റ് പാലിൽ നന്നായി വേവിച്ചെടുക്കുക. ഇതിൽ പാലും നെയ്യും പഞ്ചസാരയും ചേർത്ത് കുറുക്കിയെടുക്കുക. ഏലക്ക, അണ്ടിപ്പരിപ്പ്, ബദാം, തേൻ എന്നിവ ചേർത്ത് വിളമ്പാം
ബ്രഡ് ബനാന ഹണി ടോസ്റ്റ്
ബ്രഡ്– ഒരു പാക്കറ്റ്, ഏത്തപ്പഴം– മൂന്നെണ്ണം, നെയ്യ്– 50 ഗ്രാം, തേൻ– 100 മില്ലിലിറ്റർ, തൊലികളഞ്ഞ പഴുത്ത ഏത്തപ്പഴം നേർത്ത കനത്തിൽ നെടുകെ മുറിച്ച് നെയ്യിൽ പൊരിച്ചെടുക്കുക. നെയ്യിൽ ടോസ്റ്റ് ചെയ്ത രണ്ടു ബ്രഡിനടിയിലായി നേരത്തെ പൊരിച്ചെടുത്ത പഴം തേനിൽ മുക്കി സാൻവിച്ച് രൂപത്തിൽ വെയ്ക്കുക.
തേൻ ഗുലാബ് ജാമുൻ
ഗുലാബ് ജാമുൻ മിക്സ്– ഒരു പാക്കറ്റ്, എണ്ണ–ഒരു കിലോ, പഞ്ചസാര–250 ഗ്രാം, തേൻ– 500 മില്ലിലിറ്റർ, വെള്ളം– 250 മില്ലിലിറ്റർ, പാൽ– 500 മില്ലിലിറ്റർ. ഗുലാബ് ജാമുൻ മിക്സും പാലും നന്നായി കുഴച്ച് ചപ്പാത്തി പരുവത്തിലാക്കുക. കുറച്ചു സമയത്തിനു ശേഷം ഇവയെ ചെറിയ ഉരുളകളാക്കി. എണ്ണയിൽ പൊരിച്ചെടുക്കുക. പഞ്ചസാര ലായനിയിൽ തേൻ ചേർത്ത്, ഇതിലേക്ക് പൊരിച്ചെടുത്ത ഉരുളകൾ ഇടുക.
തേൻ ചേർത്ത് സോപ്പ് , മുഖലേപനങ്ങൾ, ശരീരലേപനങ്ങൾ എന്നിവ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹാനികരമായ രാസവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കി, പ്രകൃതിദത്തമായ തേൻചേർത്ത് നിർമിക്കുന്ന ഈ ഉത്പന്നങ്ങൾ ചർമത്തിനോ ആരോഗ്യത്തിനോ ഹാനികരമല്ല എന്നതാണ് പ്രത്യേകത. സൗന്ദര്യം സംരക്ഷിക്കുന്ന സ്ത്രീകളെ ഏറെആകർഷിച്ച് ആഭ്യന്തര വിപണിയും വിദേശവിപണിയും ഒരുപോലെ ഉപയോഗപ്പെടുത്താൻ ഈ മൂല്യവർധിത ഉത്പന്നങ്ങളിലൂടെ സാധിക്കും. Phone: 2384422, 9400185001 Email : aicrpvellayanicentre@gmail.com
ഡോ. എസ്. ദേവനേശൻ
ഡോ. കെ.എസ്. പ്രമീള, കെ.കെ. ഷൈലജ
അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം
കാർഷിക കോളജ്, വെള്ളായണി, തിരുവനന്തപുരം.
കടപ്പാട് : ദീപിക
അവസാനം പരിഷ്കരിച്ചത് : 4/3/2020
കൂടുതല് വിവരങ്ങള്
കൂടുതല് വിവരങ്ങള്
കൂടുതല് വിവരങ്ങള്
ഹൈമിനോപ്ടെറ (Hymenoptera) വര്ഗത്തില് പ്പെടുന്ന ഷ...