നന്നായി മൂത്തുവിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് ഞാവല്‍ തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്‍ എല്ലായിടത്തും ഞാവല്‍ നന്നായി കായ്ക്കുന്നുണ്ട്. തമിഴ്‌നാടില്‍ വ്യാപകമായി ഞാവല്‍ മരങ്ങളുണ്ട.് അവിടങ്ങളിലെ ഞാവല്‍ തൈകള്‍ നല്ല കായ് ഫലവും നല്‍കാറുണ്ട്. നന്നായി മൂത്തകായകളില്‍ ഓരോന്നിലും ആറ് വിത്തുകള്‍ വരെ കാണും. അവ ശേഖരിച്ചെടുത്ത് ഉടന്‍തന്നെ പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്‍ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയ്ക്കുന്നതിനുള്ള ശേഷിയും നഷ്ടപ്പെടുന്നു.
മുളച്ചുപൊന്തിയ തൈകള്‍ മൂന്ന്-നാലു മാസം പ്രായമാകുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ള നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേരുപിടിപ്പിച്ചും തൈകള്‍ തയ്യാറാക്കാം. ചെടിയുടെ ആദ്യകാലത്ത് വളര്‍ത്തിയെടുക്കാന്‍ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല.
ഉദ്യാനങ്ങളില്‍ നടുമ്പോള്‍ 10-15 മീറ്റര്‍ അകലം പാലിക്കാം. എന്നാല്‍ കാറ്റിനെ പ്രതിരോധിക്കുന്ന ഞാവല്‍, പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാല്‍ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാല്‍ത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ ഞാവല്‍ സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികള്‍ ഇലയും ഇളം തണ്ടും തിന്നുതീര്‍ക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട.് രണ്ടുവര്‍ഷം കൊണ്ടു തന്നെ 46 മീറ്റര്‍ ഉയരം വെക്കുന്ന ഇത് നാലുവര്‍ഷം കൊണ്ട് പുഷ്പിക്കും. മരം മുറിച്ചു മാറ്റിയാല്‍ത്തന്നെപിന്നെയും നല്ല വളര്‍ച്ച കാണിക്കും.
ശീതവീര്യമുള്ളതെന്ന് ആയുര്‍വേദത്തില്‍ പറയപ്പെടുന്ന ഇതിന്റെ പാകമായ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം രൂക്ഷമാണ്. അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, തയാമിന്‍, റൈബോ ഫഌവിന്‍, നയാസിന്‍, പാന്റോത്തൈനിക് അമ്ലം, വിറ്റാമിന്‍ ബി6, സി, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവ സമ്പുഷ്ടമായ തോതില്‍ അടങ്ങിയിരിക്കുന്നു. ഔഷധമായി നന്നായി ഉപയോഗിക്കപ്പെടുന്ന വൃക്ഷത്തിന്റെ കായ, ഇല, കമ്പ് എന്നിവ ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ഞാവല്‍ കായയുടെ കുരു ഉണക്കിപ്പൊടിച്ചത് പ്രമേഹത്തിന്റെ മരുന്നാണ്. വിത്തിലടങ്ങിയിരിക്കുന്ന ചില ആല്‍ക്കലോയ്ഡുകള്‍ അന്നജത്തെ പഞ്ചസാരയായി മാറാതെ തടയുന്നതുകൊണ്ടാണിത്. തണ്ടും ഇലയും ആന്റി ബയോട്ടിക് ശേഷി കാണിക്കുന്നതിനാല്‍ ഇവ വാറ്റിക്കിട്ടുന്ന സത്ത് ഫിലിപ്പീന്‍സിലും മറ്റ് പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും വയറുവേദനയ്ക്കും വയറിളക്കത്തിനും മരുന്നായി സേവിക്കുന്നു. ഇത്രയൊക്കെ ഗുണഫലങ്ങളുള്ള കായ ആയിരുന്നിട്ടും നമ്മുടെ പല സ്ഥലങ്ങളിലും തണല്‍ വൃക്ഷമായി വളര്‍ത്തിവരുന്ന ഇതിന്റെ കായകള്‍ ആരാലും ശേഖരിച്ചുപയോഗിക്കപ്പെടാതെ നിലത്തുവീണ് നശിച്ചുപോവുന്നത് ദുരിതക്കാഴ്ചയാണ്.
അവസാനം പരിഷ്കരിച്ചത് : 2/15/2020