ചൊറിയുകയില്ല ഈ നായ്ക്കുരണ; ആരും കടന്നു ചെല്ലാത്ത കൃഷിയില്‍ വിജയവേട്ടയുമായി പടിയൂരിലെ സ്ത്രീ കൂട്ടായ്മ
നായ്ക്കുരണയെന്ന പേരു കേട്ടാല്‍തന്നെ നമ്മളില്‍ പലര്‍ക്കും ചെറിയൊരു ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. നായ്ക്കുരണച്ചെടിയുടെ സമീപത്ത് കൂടെ പോവുമ്പോള്‍ നായ്ക്കുരണ മുട്ടിയോയെന്ന സംശയത്തില്‍ ചൊറിച്ചില്‍ അനുഭപ്പെടുന്നവരും ഉണ്ട്. എന്നാല്‍ ചൊറിയന്‍ കായയെന്ന ഈ നായ്ക്കുരണയെ ഉപജീവന മാര്‍ഗ്ഗമായി മാറ്റിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ ഗ്രാമത്തിലെ നാലു സ്ത്രീകള്‍.
പടിയൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് നായ്ക്കുരണ കൃഷിയില്‍ വേറിട്ട വിജയഗാഥ രചിക്കുന്നത്. ജെ.എല്‍.ജി ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിടിയോടിയിലെ ‘അനുപമ കുടുംബശ്രീ’ അംഗങ്ങള്‍ പുത്തന്‍ കൃഷി രീതിയിലേക്കിറങ്ങിയത്.
നായ്ക്കുരണപ്പൊടിയുടെ ഔഷധ ഗുണവും വിപണന സാധ്യതയും മനസിലാക്കിയ മാളു, സരസ്വതി, രാധ, ലക്ഷ്മി എന്നീ നാലു പേരാണ് അധികമാരും കടന്നുചെല്ലാത്ത കൃഷിരീതിയിലൂടെ വിജയം നേടുന്നത്.
നായ്ക്കുരണ കൃഷിയുടെ ബാലപാഠങ്ങള്‍ മാത്രം മനസിലാക്കി കൃഷിക്കിറങ്ങിയ ഇവര്‍ ആദ്യം വര്‍ഷം മുതല്‍ ഇരട്ടിലാഭമാണ് ഇതിലൂടെ സ്വന്തമാക്കുന്നത്.
രണ്ടേക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്താണ് ഈ സ്ത്രീ കൂട്ടായ്മയുടെ വിജയഗാഥയെന്ന് പടിയൂര്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ശ്രീജ പറയുന്നു. ‘നാലുവര്‍ഷത്തോളമായി ഇവര്‍ ഈ കൃഷിയിലേക്ക് ഇറങ്ങിയിട്ട്. നല്ല രീതിയില്‍ തന്നെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.’ ശ്രീജ സാക്ഷ്യപ്പെടുത്തുന്നു.
ചിലവിനാവശ്യമായ തുക ബാങ്ക് മുഖേന ലോണെടുത്തായിരുന്നു അനുപമയിലെ സാരഥികള്‍ കൃഷിയിലേക്കിറങ്ങുന്നത്. നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും അഞ്ചു ലക്ഷം രൂപയാണ് ഇവരുടെ ലാഭം. ഗ്രൂപ്പംഗങ്ങള്‍ തന്നെ തോട്ടത്തിലെ പണിയും നിര്‍വ്വഹിക്കുന്നതിനാല്‍ പണിക്കൂലി പുറമേ കൊടുക്കേണ്ട ആവശ്യവും ഇവര്‍ക്ക് വരുന്നില്ല.
കൃഷി ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ നല്ല ചിലവുണ്ടായിരുന്നുവെന്നും ആദ്യ വര്‍ഷം ഒന്നരലക്ഷം രൂപ മുതല്‍ മുടക്കിയാണ് കൃഷി ആരംഭിച്ചതെന്നും യൂണിറ്റംഗം സിന്ധു ഡൂള്‍ ന്യൂസിനോട് പറഞ്ഞു. തുടക്കത്തില്‍ ഒന്നര ലക്ഷം മുതല്‍ മുടക്കിയ ഇവര്‍ നായ്ക്കുരണ കൃഷിയില്‍ വിശ്വാസമര്‍പ്പിച്ചതോടെ 2013 ല്‍ രണ്ടര ലക്ഷവും 2014 ല്‍ മൂന്നര ലക്ഷവും ഇറക്കി കൃഷി ചെയ്യുകയായിരുന്നു.
‘തുടക്കത്തില്‍ ഞങ്ങള്‍ക്ക് നല്ല ചിലവുണ്ടായിരുന്നു. സ്ഥലം പാട്ടത്തിനെടുത്തതാണ്. ജെ.സി.ബി ഉപയോഗിച്ച് സ്ഥലമൊരുക്കിയാണ് കൃഷി ഇവിടെ തുടങ്ങുന്നത്.’ സിന്ധു പറഞ്ഞു.
കൃഷിക്കിടയില്‍ വരുമാനമൊന്നും ലഭിക്കില്ലെങ്കിലും വിളവിന്റെ വിപണനം കഴിയുന്നതോടെ കൃഷി ലാഭത്തിലാകുമെന്നും അംഗങ്ങള്‍ ഉറപ്പ് പറയുന്നു. മിക്ക ദിവസങ്ങളിലും കൃഷിയിടത്തില്‍ തന്നെ ഉണ്ടാകേണ്ടതുണ്ടെന്നും വിളവിന്റെ വളര്‍ച്ചയും മറ്റും നോക്കി വളമിടേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
കൃഷിക്കാവശ്യമായ പണം കണ്ടെത്താന്‍ ബാങ്കിന്റെ സഹായം തേടാറുണ്ടെന്നും ഈ കൃഷിയെ പൂര്‍ണ്ണമായും വിശ്വസിക്കാമെന്നുമാണ് അനുപമയിലെ ഈ മാതൃകാ തൊഴിലാളികള്‍ പറയുന്നത്. ‘ഇപ്പോള്‍ കനറാ ബാങ്കില്‍ നിന്ന് കാര്‍ഷിക ലോണ്‍ എടുത്തിട്ടുണ്ട്. ഒരു വര്‍ഷത്തെ കാലവധിയിലാണ് എടുത്തിട്ടുള്ളത്. വിളവില്‍ നിന്ന് പണം ലഭിക്കുമ്പോള്‍ പലിശയടക്കം അടച്ചാല്‍ മതി’ സിന്ധു പറഞ്ഞു.
ലോണടക്കാനുള്ള തുക കൃഷിയില്‍ നിന്നു ലഭിക്കാറുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ ഈ കൃഷി തുടരുന്നതെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. നവംബറില്‍ കായ്ച്ചു തുടങ്ങുന്ന വിളകള്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ് നടത്തുന്നത്. അതിരാവിലെയും വൈകീട്ടുമാണ് നായ്ക്കുരണയുടെ വിളവെടുക്കുക.
കടപ്പാട് : ലിജിൻ കടുക്കാരം
- കെ. ജാഷിദ് -
അവസാനം പരിഷ്കരിച്ചത് : 2/15/2020