ചെറുപ്പക്കാര്‍ക്കിടയില്‍ കൃഷിയോടുള്ള താത്പര്യം ഏറിവരികയാണ്. എന്നാല്‍ അത്യാവേശത്തോടെ വ്യക്തമായ കാഴ്ചപ്പാടില്ലാതെ അതിലേക്ക് ഇറങ്ങിപ്പുറപ്പെടുക വഴി പരാജയത്തിന്റെ കായ്പുനീര്‍ രുചിച്ചവര്‍ ധാരാളമുണ്ട്. അവര്‍ പറയും കൃഷി നഷ്ടമാണ്. ചുമക്കാന്‍ ജീവിതഭാരം ഉണ്ടായിട്ടും ഒരു സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റോടെ കൃഷി എന്ന കളിയിലേക്ക് ധൈര്യപൂര്‍വം കളിക്കാന്‍ ഇറങ്ങിയ സന്തോഷ്കുമാര്‍ എന്ന മലമ്പുഴക്കാരന്‍. ആ കളിയില്‍ അദ്ദേഹം വിജയിച്ചുകയറിയ കഥയാണിത്.
കേരളത്തിലെ പ്രധാനപ്പെട്ട പത്രമാധ്യമങ്ങളിലെ മാര്‍ക്കറ്റിങ്ങ് വിഭാഗം ജീവനക്കാരന്‍ ആയിരുന്ന ചെറുപ്പക്കാരന്‍. അത്യാവശ്യം ചില നല്ല രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളും ഉള്ള കാലം, തരക്കേടില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു. അപ്പോഴും സ്വന്തമായി ഭൂമിവാങ്ങണമെന്നും കൃഷി ചെയ്യണമെന്നും ആഗ്രഹം മനസില്‍ സൂക്ഷിച്ചിരുന്നു. പാരമ്പര്യമായി കൃഷിയുമായി അത്രബന്ധമുള്ള കുടുംബമായിരുന്നില്ല സന്തോഷിന്റേത്. അങ്ങനെയുണ്ടാക്കിയ ചെറു സമ്പാദ്യവും ചില സഹായവും ചേര്‍ത്ത് തന്റെ സ്വപ്നത്തിന്റെ ആദ്യപടിയായി അദ്ദേഹം കൃഷിഭൂമിവാങ്ങി. മലമ്പുഴ അണക്കെട്ടിന്റെ അരികില്‍ ചേസന എന്ന സ്ഥലത്ത് 55 സെന്റ്. ഇവിടെ തുടങ്ങിയ കൃഷി വഴി ഇതിലൂടെ തനിക്കു ലാഭം ഉണ്ടാക്കുമെന്ന ചങ്കുറ്റം അദ്ദേഹമാര്‍ജ്ജിച്ചു.
ജോലിയുടെ ഇടവേളകളില്‍ സമയം കണ്ടെത്തി സന്തോഷ് കൃഷി ചെയ്തു തുടങ്ങി. മലമ്പുഴ ഡാമിനോടടുത്ത പ്രദേശമായതിനാല്‍ വെള്ളം ഒരു പ്രശ്‌നമായിരുന്നില്ല. അതൊരു ധൈര്യം തന്നെയായിരുന്നു. കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയ്ക്ക് ഒന്നരയേക്കര്‍ പാട്ടത്തിനെടുത്തു. വാഴയായിരുന്നു പ്രധാന കൃഷി. വാഴകൃഷിയുടെ ഇടയില്‍ ഉണ്ടായിരുന്ന സ്ഥലം പ്രയോജനപ്പെടുത്തി വഴുതന നട്ടു. തന്റെ കഷ്ടപ്പാടിന്റെ ഫലമെന്നോണം ആകെ മുതല്‍ മുടക്കിയ മൂന്നു ലക്ഷം വഴുതനയില്‍ നിന്നു കിട്ടി. വാഴകൃഷിയില്‍ നിന്നു കിട്ടിയ മൂന്നു ലക്ഷം ലാഭമായിരുന്നു.
കാര്യങ്ങള്‍ അവിടെതിരിഞ്ഞു. കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ജോലി ഉപേക്ഷിക്കുവാന്‍ തിരുമാനിച്ചു. എന്തായാലും സ്വന്തമായി കൃഷിഭൂമി വാങ്ങി കൃഷിചെയ്യുന്നത് കേരളത്തിന്റെ പരിസ്ഥിതിയില്‍ ഒരു ചെറുകിടക്കാരന് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ തന്റെ ചുറ്റുപാടും വാഴകൃഷിക്കും പച്ചക്കറി കൃഷിക്കും അനുയോജ്യമായ പാട്ടഭൂമികള്‍ സന്തോഷ്കണ്ടെത്തി. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പാട്ടത്തിന് കഷിയിടങ്ങള്‍ കണ്ടെത്തി. ചിലത് റബര്‍ത്തോട്ടങ്ങളായിരുന്നവ, മറ്റു ചിലത് വാഴനിലങ്ങള്‍ അങ്ങനെ ഭൂവുടമയ്ക്കു തന്റെ കൃഷി ഭൂമിയുടെ സംരക്ഷണവും പാട്ടത്തുകയും.
സന്തോഷ് തന്റെ സ്വപ്ന കൃഷിയിലേക്ക് അടുക്കുകയായിരുന്നു. ഇന്ന് ഈ യുവകര്‍ഷകന്‍ 60 ഏക്കറില്‍ കൃഷിയിറക്കിയിരിക്കുന്നു. രണ്ടു മുതല്‍ 15 ഏക്കര്‍ വരെ ചെറിയ പ്ലോട്ടുകളായി അവ ചിതറിക്കിടക്കുന്നു. സൂര്യോദ്യം മുതല്‍ അസ്തമയം വരെ ബൈക്കില്‍ പറന്നു നടന്ന് മേല്‍നോട്ടം വഹിക്കുന്നു. വാഴക്കൊപ്പം പച്ചക്കറി അതാണ് രീതി. 60 ഏക്കറില്‍ ഏതാണ്ട് 30 ഏക്കറോളം വാഴയാണ്. നേന്ത്രന്‍, ഞാലിപ്പൂവന്‍, പൂവന്‍ അങ്ങനെ പലതരം. 30 ഏക്കറില്‍ പച്ചക്കറിയും കപ്പയും, പടവലം, പാവല്‍, പയര്‍, വഴുതന, കോവയ്ക്ക, വെണ്ടയ്ക്ക, മുളക്, മുരിങ്ങയ്ക്ക അങ്ങനെ പോകുന്നു പച്ചക്കറികള്‍. പച്ചക്കറി കൃഷിയിലൂടെ ചെലവും മുതല്‍ മുടക്കും ലഭിക്കും. വാഴകൃഷിയുടെ മുഴുവന്‍ തുകയും ലാഭം, അതാണ് സുത്രവാക്യം. കഴിഞ്ഞ വര്‍ഷം മൂന്നരലക്ഷം കിലോഗ്രാം വാഴക്കുല സന്തോഷ് വിറ്റു. മൊത്തം കൃഷിയിലെ വിറ്റുവരവ് രണ്ടര കോടിയിലേറെയാണ്. വിജയബാങ്കില്‍ നിന്നെടുത്ത 20 ലക്ഷം, കഴിഞ്ഞ കൃഷിയിലെ ലാഭം അതാണ് ഈ വര്‍ഷത്തെ മുതല്‍മുടക്ക്. അങ്ങനെ തീര്‍ത്തും ലാഭകരമായ രീതിയിലാണ് ഈ യുവകര്‍ഷകന്റെ മുന്നേറ്റം.
ജൈവകൃഷിയോടു താത്പര്യമുണ്ടെങ്കില്‍ തന്നെയും സാമ്പത്തിക ബാധ്യതകള്‍ക്കിടയില്‍ പാട്ട ഭൂമിയില്‍ വിപുലമായി കൃഷി ചെയ്യുമ്പോള്‍ രാസവളങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നു എന്ന് ഈ കര്‍ഷകന്‍ തുറന്ന് സമ്മതിക്കുന്നു. എല്ലാ വിളകളിലും അത്യുത്പാദനശേഷിയുള്ളവ അദ്ദേഹം തെരഞ്ഞെടുക്കുന്നു. കൃത്യമായ മണ്ണു പരിശോധനയില്‍ ശ്രദ്ധിക്കുന്നു. തുള്ളിനനപോലെയുള്ള ആധുനിക കൃഷിരീതികളും ഉപയോഗിക്കുന്നു.
നവയുഗമാധ്യമങ്ങളിലൂടെ കൃഷി സംബന്ധമായ അറുവുകള്‍ ആര്‍ജ്ജിക്കുവാനും സമയം കണ്ടെത്തുന്നു.
വിപണനത്തിലും ഈ കൃത്യത അദ്ദേഹം പാലിക്കുന്നു. അതിനുദാഹരണം കോവയ്ക്ക കൃഷിയാണ്. അറു ബെഡുകളിലാണ് കോവയ്ക്കാ നട്ടിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ 150 കിലോ കോവയ്ക്ക ഓരോ ബെഡ്ഡില്‍ നിന്നും പറിച്ച് സ്ഥിരമായി വാങ്ങുന്ന കടകളില്‍ എത്തിയ്ക്കുന്നു. അതുവഴി വിപണി മൂല്യത്തിനൊത്ത സ്ഥിര വരുമാനം ഉറപ്പാക്കുന്നു. തന്റെ തോട്ടത്തില്‍ നിന്നും വിപണിയില്‍ എത്തിക്കുന്ന പച്ചക്കറികള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലൂടെ കച്ചവടക്കാര്‍ തന്നെ തേടിവരുന്ന അവസ്ഥയിലാണ് ഇന്ന് കാര്യങ്ങള്‍. പാലക്കാട്ടെ പല പച്ചക്കറി വിപണന കേന്ദ്രങ്ങളിലും അതിരാവിലെതന്നെ പച്ചക്കറികള്‍ എത്തിച്ചുകൊടുക്കുന്നതിലും ശ്രദ്ധിക്കുന്നു.
വിപണനത്തില്‍ പാലിക്കുന്ന ഈ കൃത്യതയിലൂടെ ദിവസവും 1500 കിലോ പച്ചക്കറിയും 25 വാഴക്കുലയും മാര്‍ക്കറ്റില്‍ എത്തിക്കാന്‍ സാധിക്കുന്നു. ഇതുവഴി 2013 ലെ ഏറ്റവും നല്ല കര്‍ഷകനുള്ള വിഎഫ്പിസികെ അവാര്‍ഡും ഈ കര്‍ഷകന് ലഭിക്കുകയുണ്ടായി.
സ്വകാര്യ പങ്കാളിത്തത്തിലൂടെ തന്റെ കൃഷി വിപുലമാക്കുനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണ് ഇദ്ദേഹം.
കൃഷിയിലൂടെ ഒരു സാമൂഹിക പരിവര്‍ത്തനം അതാണ് ഈ കര്‍ഷകന്റെ ലക്ഷ്യം.ഒരു ജോലിയിലൂടെ സമ്പാദിക്കുന്നതിലേറെ അദ്ദേഹം സമ്പാദിക്കുന്നുണ്ട്.
അതിനെല്ലാമുപരി സ്ത്രീകള്‍ ഉള്‍പ്പെടെ 40 ഓളം പണിക്കാര്‍ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്നു. സന്തോഷിന്റെ കാര്‍ഷിക വിജയത്തില്‍ ആകൃഷ്ടരായി ഏതാണ്ട് അഞ്ചോളം ചെറുപ്പക്കാര്‍ കൃഷി മേഘലയിലേക്ക് കടന്നു വന്നിരിക്കുന്നു. തന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും അനുജനും കുടുംബവും നല്കുന്ന പിന്തുണ ഈ വളര്‍ച്ചയില്‍ വലുതാണ്. അങ്ങനെ തന്റെ സമൂഹത്തോടുള്ള ബാധ്യതയില്‍ ഒരു പുതിയ മാനവിക തലം കൂട്ടിചേര്‍ക്കുകയാണ് ഈ കര്‍ഷകനും കുടുംബവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : സന്തോഷ്- 9446321360, പ്രശാന്ത് വിശ്വനാഥ് – 9446155222.*
കടപ്പാട്: കൃഷിപാഠം
- കെ. ജാഷിദ് -