অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പാല്‍ക്കൂണിനു മാധ്യമമായി ചകിരിച്ചോറ്

പാല്‍ക്കൂണിനു മാധ്യമമായി ചകിരിച്ചോറ്

പാല്‍ക്കൂണിനു മാധ്യമമായി ചകിരിച്ചോറ്

വൈക്കോലിന് പൊളളുന്ന വിലയായ സാഹചര്യത്തിൽ ഒരു പകരക്കാരനായി ചകിരിച്ചോറിനെ (കൊക്കോപിറ്റ്) അവതരിപ്പിക്കുകയാണ് വെള്ളായണി കാർഷിക കോളേജിലെ ഇൻസ്ട്രക്ഷണൽ ഫാം. വൈക്കോലിനേക്കാൾ അനായാസകരമായി കൃഷിചെയ്യാം എന്നതിലുപരി ഇരട്ടി ആദായം നേടാനും ഈ കൃഷിരീതി ഉതകുന്നു. ബ്രിക്കറ്റുകളായി വിൽപനയ്ക്ക് വച്ചിരിക്കുന്ന കൊക്കോപിറ്റ് വാങ്ങി 2-4 മണിക്കൂർ വെളളത്തിൽ കുതിർത്തു വയ്ക്കുക. അതിനുശേഷം വെളളത്തിൽ നിന്നെടുത്ത് 50-60% ഈർപ്പമാകുന്നതുവരെ വെയിലത്ത് നിരത്തിയിടുക. ഈ കൊക്കോപിറ്റിൽ 40-50% ജൈവമിശ്രിതം കുട്ടിക്കലർത്തി ഒരു മണിക്കുർ ആവിയിൽ അണുനശീകരണം ചെയ്യുക. അണുനശീകരണം

ചെയ്ത മാധ്യമം തണുത്തശേഷം 3 കിലോയ്ക്ക് 150-200 ഗ്രാം കൂൺ വിത്ത് എന്ന അളവിൽ കലർത്തി 45 X 35 സെന്റീമീറ്റർ വലിപ്പമുള പോളിത്തീൻ ബാഗുകളിൽ നിറച്ച് വായുസഞ്ചാരത്തിനായി 15-20 ദ്വാരങ്ങൾ ഇട്ട് സ്പോൺ റണ്ണിനായി ഇരുട്ടും വായുസഞ്ചാരവും 28-30 ഡിഗ്രി സെന്റിഗ്രേഡ് ചൂടുമുളള മുറിയിൽ വയ്ക്കേണ്ടതാണ്.

30-35 ദിവസങ്ങൾക്കുളളിൽ കൂൺ തന്തുക്കൾ ബെഡുകളിൽ പൂർണമായും വ്യാപിക്കും. അതിനുശേഷം മണൽ, മണ്ണ്, മണ്ണിരകമ്പോസ്റ്റ് എന്നിവ 1:1:1 അനുപാതത്തിൽ 2% കാത്സ്യം കാർബണേറ്റ് ചേർത്തിളക്കി അണുനശീകരണം ചെയ്ത് ഒരിഞ്ചുകനത്തിൽ കേസിങ്ങ് ചെയ്തവയ്ക്കുക. പത്തു പതിനഞ്ചു ദിവസത്തിനു ശേഷം കൂൺമുകുളങ്ങൾ വന്നുതുടങ്ങും. അഞ്ച് - ഏഴു ദിവസങ്ങൾക്കുളളിൽ കൂൺ വിളവെടുക്കാം. ആദ്യ വിളവിൽത്തന്നെ 750 ഗ്രാം മുതൽ 1250 ഗ്രാം പാൽ കൂൺ ലഭിക്കും. ആദ്യ വിളവെടുപ്പിനുശേഷം ബെഡുകൾ ശുദ്ധിയാക്കി കരിഞ്ഞ മുകുളങ്ങൾ മാറ്റി വീണ്ടും അമർത്തി വയ്ക്കുക. 10-15 ദിവസങ്ങൾക്കുള്ളിൽ രണ്ടാം വിളവെടുപ്പും 15-20 ദിവസങ്ങൾക്കുശേഷം മൂന്നാം വിളവെടുപ്പും നടത്താം.

ജൈവമിശിത - കൊക്കോപിറ്റ് മാധ്യമത്തിൽ കൃഷിചെയ്തെടുത്ത് ഒരു ബെഡിൽ നിന്നും ശരാശരി 200 ഗ്രാം മുതൽ 400 ഗ്രാംവരെയുളള പത്തു പന്ത്രണ്ടു കൂണുകൾ ലഭിക്കും. ചകിരിച്ചോറ് കാർഷികവിളകൾക്കു പറ്റിയ മാധ്യമമാണ്. കഴിഞ്ഞ 10-15 വർഷങ്ങളായി ഇതിൽ കൂൺകൃഷി പരീക്ഷിയ്ക്കുന്നെങ്കിലും പരമാവധി 200-250 ഗ്രാം വരെ കൂണുകളെ ലഭിക്കുകയുളളൂ. എന്നാൽ ഈ നൂതനമാധ്യമം ഇരട്ടി വിളവു തരുന്നു. കാർഷിക കോളേജിൽ കൂണുകളിൽ അടങ്ങിയിരിക്കുന്ന പോഷക - ധാതു ഗുണങ്ങളെപ്പറ്റി നടത്തിയ പഠനത്തിൽ നിന്നും വ്യക്തമാകുന്നത് രുചിയിലും കൃഷിരീതിയിലും മുന്നിട്ടു നിൽക്കുന്ന ചിപ്പിക്കൂണിനേക്കാൾ അമിനോ അമ്ലങ്ങൾ, നാര്, പൊട്ടാസ്യം എന്നിവ അധിക അളവിൽ പാൽക്കുണുകളിൽ അടങ്ങിയിരിക്കുന്നുവെന്നാണ്. ഔഷധഗുണങ്ങൾക്ക് കാരണമായ ഫളേവനോയിഡുകളും, ടെർപിനോയിഡുകളും പാൽകൂണിൽ നല്ലതോതിൽ അടങ്ങിയിട്ടുണ്ടെന്നും ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. സൂക്ഷിപ്പുകാലം കുറവാണെന്നുള്ളതാണ് കൂൺകർഷകരെ അലട്ടുന്ന ഒരു പ്രശ്നം. എന്നാൽ പാൽക്കൂണുകൾ കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. റഫ്രിജറേറ്ററിൽ 2 ആഴ്ചവരെ കേടുകൂടാതെ ഇരിക്കുന്ന ഈ കൂണുകൾ അന്തരീക്ഷാവസ്ഥയിൽ 2-3 ദിവസംവരെ സൂക്ഷിക്കാം. പ്രതികൂലമായ കാലാവസ്ഥയിലും, കൂടിവരുന്ന താപനിലയിലും കൂൺകൃഷി ചോദ്യചിഹ്നമാകുമ്പോൾ, പാൽകൂൺ 34 ഡിഗ്രി സെൽഷ്യസിലും 75% ഈർപ്പത്തിലും അനായാസകരമായി കൃഷിചെയ്തെടുക്കാമെന്നത് ഇവയെ മറ്റു കൂണിനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഒന്നോ രണ്ടോ കൂൺതടങ്ങളുണ്ടാക്കി വിളവെടുത്തശേഷം ഈ ചകിരിച്ചോറിനെ കാർഷികവിളകൾക്കു ജൈവവളമായുപയോഗിക്കാം. നൈട്രജൻ, പൊട്ടാസ്യം, സൂക്ഷമമൂലകങ്ങൾ ഇവ നല്ല തോതിലും ജലാഗിരണശേഷി വമ്പിച്ച തോതിലുമുളള ഈ ജൈവവളം ഉണക്കി വില്പനയും നടത്താം.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 7/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate