ഇന്ത്യയിൽ വ്യത്യസ്ഥമായ ഉപയോഗങ്ങളുള്ള പുളി ഇനമാണ് കുടംപുളി (Pot Tamarind). ഇതിന്റെ ശാസ്ത്രീയ നാമം Garcinia gummi-gutta എന്നാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള ജനങ്ങൾ ഇത് വിവിധ തരത്തിൽ ഉപയോഗിയ്ക്കുന്നുണ്ട്.
കേരളത്തിലെ കാലാവസ്ഥ കുടംപുളി കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ഏതു തരം മണ്ണിലും കുടംപുളി വളരുമെങ്കിലും മണല്‍ കലര്‍ന്ന എക്കല്‍ മണ്ണിലാണ് നല്ലവണ്ണം വളരുന്നത്. പ്രത്യേകിച്ച് ആറ്റു തീരങ്ങളില്‍. കുടംപുളിയില്‍ ആണ്‍ വൃക്ഷത്തില്‍ നിന്നും ഫലമുണ്ടാകില്ല. പെണ്‍ വൃക്ഷത്തില്‍ നിന്നേ ഫലമുണ്ടാകൂ. കുടംപുളിയുടെ കുരു ഇട്ട് കിളിര്‍പ്പിച്ച് ഉണ്ടാകുന്ന തൈ വളര്‍ന്ന് ഒന്‍പതു പത്ത് വര്‍ഷം കഴിഞ്ഞാലേ ഫലമുണ്ടാകൂ. ആ വൃക്ഷം ആണാണെങ്കില്‍ പൂവിടും. പക്ഷേ ഫലം ഉണ്ടാകാറില്ല. ആ സമയം വരെ വളര്‍ത്തിയിട്ട് വെട്ടികളയേണ്ടി വരും. അത് കൃഷിക്കാരനു വളരെ ബാദ്ധ്യതയാകും. ഈ കാരണങ്ങളാല്‍ നല്ല ഫലം തരുന്ന മാതൃവൃക്ഷത്തില്‍ നിന്ന് എടുക്കുന്ന ഒട്ടുതൈകള്‍ ഉല്പാദിപ്പിച്ചാണ് കൃഷി നടത്തേണ്ടത്.
ഒട്ടുതൈകള്‍ ഉപയോഗിച്ച് കൃഷി നടത്തിയാല്‍ മൂന്ന്, നാല് വര്‍ഷം കൊണ്ട് ഫലം തരും. മാതൃ വൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും ഈ തൈകള്‍ക്ക് ഉണ്ടാകും. ഇത് ചെറിയ മരങ്ങളായി വളരും. കൂടുതല്‍ മരങ്ങള്‍ ഒരു നിശ്ചിത സ്ഥലത്ത് കൃഷി ചെയ്യുവാന്‍ സാധിക്കും. ഗവണ്‍മെന്റ് നേഴ്‌സറികളില്‍ നിന്നോ, എല്ലാ ജില്ലകളിലുള്ള കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ നിന്നോ ന്യായമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് വാങ്ങാം. മൂന്നോ, നാലോ ഒട്ടുതൈകള്‍ കര്‍ഷകന്‍ വാങ്ങി വീടുകളില്‍ നട്ടാല്‍ മതി. ഇതാണ് ലളിതമായ കൃഷി.
കുടംപുളി തനിവിളയായും, ഇടവിളയായും കൃഷി ചെയ്യാം. ഒട്ടുതൈകള്‍ നാല് മീറ്റര്‍ അകലത്തിലാണ് നടേണ്ടത്. തെങ്ങിന്‍ തോപ്പിലും, കവുങ്ങ് തോട്ടത്തിലും ഇടവിളയായും കൃഷി ചെയ്യാം. തൈ നടുന്നതിനുള്ള കുഴി എടുത്ത് അതില്‍ ജൈവവളം നിറയ്ക്കുക. തൈകള്‍ നടുമ്പോള്‍ ഒട്ടിച്ച ഭാഗം മണ്ണിനു മുകളില്‍ നില്ക്കണം. തൈകള്‍ നട്ട് ഒരു മാസം കഴിഞ്ഞ് ഒട്ടിപ്പിന്റെ സ്ഥലത്ത് പ്ലാസ്റ്റിക് ടേപ്പ് അഴിച്ചു കളയണം. തൈ കിളിര്‍ത്ത് കഴിഞ്ഞാല്‍ രണ്ടു മാസം കൂടുമ്പോള്‍ ജൈവവളം നല്‍കണം. മഴയില്ലാത്തപ്പോള്‍ ജലസേചനം അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് നിര്‍ബന്ധമായും തൈകളുടെ ചുവടുകളില്‍ പുതയിടണം. തൈകളുടെ ഒട്ടിപ്പിന്റെ അടി ഭാഗത്തുണ്ടാകുന്ന കിളിര്‍പ്പുകള്‍ എല്ലായപ്പോഴും നീക്കം ചെയ്യണം.
ഒട്ടുതൈകള്‍ നട്ടതിനു ശേഷം മൂന്നാം വര്‍ഷം കായ്ക്കാന്‍ തുടങ്ങും. വിളഞ്ഞ് പഴുത്ത് താഴെ വീഴുമ്പോഴോ, മരം കുലുക്കി താഴെ വീഴുമ്പോഴോ, തോട്ടി കൊണ്ടോ പറിക്കാം. കായ്കള്‍ വെള്ളത്തില്‍ കഴുകി മാംസളഭാഗവും, കുരുവും വേര്‍ തിരിച്ച് പുറം തോട് വെയിലത്ത് വച്ച് ഉണക്കണം. വ്യവസായികമായി വളരെ കൂടുതല്‍ പുളിയുണ്ടെങ്കില്‍ ഡ്രയറുപയോഗിച്ചുണക്കാം. ഉണങ്ങിയ പുളിയ്ക്ക് പുക കൊടുക്കുന്നതു കൊണ്ട് കുടംപുളിയുടെ ഗുണനിലവാരം ഉയരും. വെളിച്ചെണ്ണയും, ഉപ്പും കൂട്ടി തിരുമ്മി വയ്ക്കുകയാണെങ്കില്‍ ദീര്‍ഘനാള്‍ കേട് കൂടാതിരിക്കുവാന്‍ സഹായിക്കും.
കുടംപുളിയുടെ തോടില്‍ അന്നജം, കൊഴുപ്പ്, മാംസ്യം, ധാതുലവണങ്ങള്‍, അമഌങ്ങള്‍ എന്നിവയടങ്ങിയിരിക്കുന്നു. കുടംപുളി സത്ത് ഉല്പാദിപ്പിക്കുന്ന ധാരാളം ഫാക്ടറികള്‍ ഇന്ന് കേരളത്തിലുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇതിനു വന്‍ ഡിമാന്‍ഡാണ്. ശരീരത്തിലെ അമിതമായ കൊളോസ്‌ടോളിന് പരിഹാരമാണ് കുടംപുളി സത്തിന്റെയുപയോഗം. കേരളത്തിലെ എല്ലായിനം മീന്‍കറികളിലേയും അഭിവാജ്യഘടകമാണ് കുടംപുളി.
കുടംപുളിയുടെ കുരുവും, തളിരും, തൊലിയും, വേരും ഔഷധ നിര്‍മ്മാണത്തിനുപയോഗിക്കുന്നു. കുടം പുളിയിലടങ്ങിയിരിക്കുന്ന ഹൈഡ്രോ സിട്രിക് അമ്ലത്തിനു ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ പറ്റും. സത്ത് ആയുര്‍വേദ മരുന്നുകളിലും ഫാര്‍മസ്യൂട്ടിക് മരുന്നുകളിലേയും ഒരു ചേരുവയാണ്. ഇതുകൊണ്ട് ഉണ്ടാക്കുന്ന കഷായം, ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. മോണ ശക്തിപ്പെടുത്തുവാന്‍ കുടംപുളി തോടു കൊണ്ടുള്ള വെള്ളം വായില്‍ കൊള്ളാറുണ്ട്. കുടംപുളി കുരുവില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കോകം എണ്ണ വളരെയധികം പോഷക സമൃദ്ധമായ ഭക്ഷ്യ എണ്ണയാണ്. കോകം എണ്ണ വേദന സംഹാരികളിലും, ഓയിന്‍മെന്റുകളിലും, ഔഷധങ്ങളിലും അസംസ്കൃത വസ്തുവായി ഉപയോഗിച്ചു വരുന്നു. കൈകാലുകളും, ചുണ്ടും വരണ്ടു പൊട്ടുന്നതിനു ഇത് വളരെ പ്രയോജനപ്പെടും. ചില പ്രദേശങ്ങളില്‍ മീനെണ്ണയ്ക്കു പകരമായും ഇത് ഉപയോഗിക്കുന്നുണ്ട്.
അവസാനം പരിഷ്കരിച്ചത് : 2/15/2020