Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കീട നിയന്ത്രണം / ഹരിത കഷായ നിർമ്മാണം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹരിത കഷായ നിർമ്മാണം

കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കീടബാധ.

ഹരിത കഷായം


കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കീടബാധ.ആഹാരത്തിനും പാര്‍പ്പിടത്തിനും വംശവര്‍ധനവിനും ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനും സസ്യങ്ങളേയും അതിനോട് ബന്ധപ്പെട്ട ആവാസവ്യവസ്ഥയേയും തന്നെയാണ് കീടങ്ങള്‍ ആശ്രയിക്കുന്നത്.

ഇവ എല്ലാ സസ്യങ്ങളേയും ഒരുപോലെ ആക്രമിക്കുകയില്ല. സാഹചര്യങ്ങളെല്ലാം ഒത്തുവരുമ്പോഴാണ് കീടം ഒരു വിളയെ ഉപയോഗപ്പെടുത്താന്‍ തുടങ്ങുന്നത്.

ആഹാരത്തിനോ മുട്ടയിടാനോ പാര്‍പ്പിടത്തിനോ, ജീവിക്കാനോ പറ്റാത്ത അവസ്ഥയുണ്ടായാല്‍ കീടം ആ വിള ഉപേക്ഷിക്കുന്നു.കീടങ്ങളുടെ ഈ രീതി ശാസ്ത്രമാണ് കീടനിയന്ത്രണ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നതിലെ ആണിക്കല്ല്.

പച്ചക്കറിയിലും വാഴയിലും നെല്‍കൃഷിയിലും ഹരിതകഷായം ഒന്നാന്തരം കീടനിയന്ത്രണ മാര്‍ഗ്ഗമായതിന്റെ രഹസ്യവും മറ്റൊന്നല്ല.

വൃക്ഷായുര്‍വേദത്തിലെ പ്രധാനിയാണ് ഹരിതകഷായം. ഒരു തരത്തിലുളള കീടങ്ങളും ആക്രമിക്കാത്ത സസ്യങ്ങളാണ് ഹരിതകഷായത്തിലെ താരങ്ങള്‍. ആടലോടകം,കരിനൊച്ചി, ആര്യവേപ്പ്, കാഞ്ഞിരം, കിരിയാത്ത്, കാട്ടുപുകയില, പച്ചക്കര്‍പ്പൂരം, പാന്നല്‍, കൊങ്ങിണി,പപ്പായ, ശീമക്കൊന്ന,പെരുവലം, കൂവളം, അരളി, കര്‍പ്പൂരതുളസി തുടങ്ങി അസഹ്യമായ ഗന്ധമുളളതും ചവര്‍പ്പ് രസപ്രധാനികളുമായ ചെടികളുടെ ഇലകളാണ് കഷായക്കൂട്ടുകള്‍. ഇവയില്‍ വിഭിന്ന സ്വഭാവമുളള പത്തോളം സസ്യങ്ങളുടെ ഇലകളും ഇളംതണ്ടുകളും 20 കിലോയെടുത്ത് ചെറുകഷണങ്ങളാക്കി വെക്കണം.

പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതും പൊട്ടിച്ചാല്‍ പാല് വരുന്നതുമായ ചെടികള്‍ കഷായക്കൂട്ടിന് ചേരില്ല. നാടന്‍ പശുവിന്റെ പച്ചചാണകം 10 കിലോഗ്രാം, മുളപ്പിച്ച വന്‍പയര്‍ 2കി.ഗ്രാം, കറുത്ത വെല്ലം 3 കിലോയും ഹരിതകഷായക്കൂട്ടിന് ആവശ്യമാണ്.

ഹരിതകഷായം തയ്യാറാക്കാന്‍ 200 ലിറ്റര്‍ ശേഷിയുളള ഒരു പ്ലാസ്റ്റിക്ക് ബാരല്‍ അത്യാവശ്യം. തണലത്ത് വെച്ച് ബാരലില്‍ ആദ്യം കുറച്ച് പച്ചചാണകം വിതറിയിടണം. അതിനുമുകളിലായി മൂന്നു പിടി അരിഞ്ഞ ഇലകള്‍. ഇനിയാണ് മുളപ്പിച്ച പയറും പൊടിച്ച വെല്ലവും വിതറേണ്ടത്.

ഇതുപോലെ പല അടുക്കായി ഡ്രം നിറയ്ക്കാം. 100 ലിറ്റര്‍ വെളളം കൂടി ചേര്‍ത്താല്‍ ഹരിതകഷായകൂട്ടായി. 10 ദിവസം അടച്ചുവെക്കണം. എല്ലാ ദിവസവും രാവിലെ പത്തുപ്രാവശ്യം ഇളക്കുക. രണ്ടാഴ്ചയ്ക്ക് ശേഷം അരിച്ചെടുത്ത് കിട്ടുന്ന ഹരിതകഷായം വിഷരഹിത പച്ചക്കറിയിലെ മിന്നുംതാരമാണ്. 100 മില്ലി ഹരിതകഷായം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കണം. ഇലകളില്‍ തളിക്കുന്നതിന്  അമ്പതുമില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ചേര്‍ക്കാം.

ചെലവുകുറഞ്ഞ രീതിയില്‍ തയ്യാറാക്കുന്ന വൃക്ഷായുര്‍വേദ കൂട്ടെന്ന ബഹുമതിയും ഹരിതകഷായത്തിനുണ്ട്. നമ്മുടെ ചുറ്റുമുളള കളകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താമെന്നതും നേട്ടം. വിഷരഹിത പച്ചക്കറികൃഷിക്ക് മുന്നിട്ടിറങ്ങുന്നവര്‍ക്ക് പൂര്‍ണ്ണപിന്തുണയേകാന്‍ ഹരിതകഷായത്തിനു കഴിയും.

കണ്ണൂര്‍ മൊബൈല്‍ സോയില്‍ ടെസ്റ്റിംഗ് ലാബിലെ കൃഷി ഓഫീസര്‍ ജിതേഷിന്റെ നേതൃത്വത്തില്‍ പരിയാരം ഗ്രാമിക എന്ന സ്വയം സഹായ സംഘം വിഷപരഹിത പച്ചക്കറികൃഷിയില്‍ വന്‍വിജയം കൈവരിച്ചതിന്റെ പിന്നിലെ രഹസ്യവും ഹരിതകഷായമാണ്.
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top