Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കീട നിയന്ത്രണം / നെല്ലിലെ നിമാവിരകള്‍ നിസ്സാരക്കാരല്ല
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നെല്ലിലെ നിമാവിരകള്‍ നിസ്സാരക്കാരല്ല

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

കാർഷിക വിളകളെ ആക്രമിച്ച് വിള നഷ്ടത്തിനു കാരണമാകുന്ന വിരവർഗത്തിൽപ്പെട്ട ജീവികളാണ് നിമാ വിരകൾ. മണ്ണിൽ അധിവസിച്ച് വേരുകളിലൂടെ ആക്രമണം നടത്തുന്നവയാണ് ഇവയിൽ ഭൂരിഭാഗവും. എന്നാൽ തണ്ടിലും ഇലകളിലും കതിർമണികളിലും ജീവിച്ച് അവിടെ നിന്നും നീരൂറ്റിക്കുടിച്ച് വിളനഷ്ടത്തിന്കാരണമാകുന്ന നിമാവിരകളും നെൽപ്പാടങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. "സ്റ്റൈലറ്റുകൾ' എന്നറിയപ്പെടുന്ന സൂചിപോലെയുള്ള വദനാഗ്രങ്ങൾ വഴിയാണ് ഇവ സസ്യകോശങ്ങൾ തുരന്ന് കോശദ്രവങ്ങൾ അകത്താക്കുന്നത്. നെല്ലിനെ ആക്രമിക്കുന്ന 300- ലധികം ജാതി നിമാവിരകളുണ്ട്. നമ്മുടെ കാലാവസ്ഥയിൽ കാണപ്പെടുന്നവയും നെൽകൃഷിയെ സംബന്ധിച്ച് സാമ്പത്തിക പ്രാധാന്യമുള്ളവയുമായ ചില "നിമാ' ജാതികളെ അറിഞ്ഞിരിക്കാം.

നെല്ലിലെ വേരു നിമാവിര (Rice root nematode) (Hirschmannella sp.)

നെൽകൃഷിയുള്ള എല്ലാ മേഖലകളിലും ഇവയുടെ സാന്നിദ്ധ്യം കാണാമെങ്കിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് ആക്രമണം കൂടുതൽ.നെല്ലിനു പുറമേ ഇതര ധാന്യവർഗങ്ങൾ, വെണ്ട, തക്കാളി മുതലായ പച്ചക്കറി വിളകൾ എന്നിവയെയും ഈ നിമാവിര ആക്രമിക്കുന്നു. വരിനെല്ല്, തലേക്കെട്ടൻ, കവട, പടർപ്പൻപുല്ല്, കറുക, ഞണ്ടുകാലിപ്പുല്ല്, കയ്യോന്നി മുതലായ കളസസ്യങ്ങളിലും ഈ വിരകളുടെ സാന്നിദ്ധ്യം കാണാം. വേരുകൾക്കുള്ളിലേക്ക് തുരന്നു കയറുന്ന ഇവ വ്യാപകമായ കൃഷിനാശത്തിന് കാരണമാകാറുണ്ട്. വേരുകൾ തവിട്ടു നിറത്തിലായി അഴുകിപ്പോകുക, വളർച്ച മുരടിപ്പ്, മഞ്ഞളിപ്പ്, ചിനപ്പുകളുടെഎണ്ണം കുറയുക, കതിർക്കുലകളുടെ എണ്ണവും ഭാരവും ഗണ്യമായികുറയുക, മുതലായ ലക്ഷണങ്ങൾ കാണുന്ന പക്ഷം ഈ നിമാവിരയുടെ ആക്രമണം സംശയിക്കാവുന്നതാണ്, കൃഷിയിടം മുഴുവനായല്ല, മറിച്ച് അവിടവിടെയായി ചെറിയ ചെറിയ സ്ഥലങ്ങളിലായിട്ടായിരിക്കും ആക്രമണലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. പറിച്ചു നടുന്ന നെല്ലിനേക്കാൾ നേരിട്ടു വിതയ്ക്കുന്ന നെല്ലിലാണ് വേരു നിമാവിരയുടെ ആക്രമണം കൂടുതലായി കാണുന്നത്. കുട്ടനാട്ടിലെ തലവടി പഞ്ചായത്തിൽപ്പെടുന്ന "മടയാടി' പാടശേഖരത്ത് കഴിഞ്ഞ രണ്ട് പുഞ്ചക്കഷികളിലും ഈ "നിമാവിരയുടെ' ആക്രമണം തിരിച്ചറിഞ്ഞിരുന്നു.

വേരുകളിൽ മുഴകൾ ഉണ്ടാക്കുന്ന നിമാവിര (Rice root knot nematode Meloidogyne graminicola)

നേരത്തെ സൂചിപ്പിച്ച നിമാവിരകളെ അപേക്ഷിച്ച് കരനെല്ലിനെയാണ് ഇവ കൂടുതലായി ആക്രമിക്കുന്നത്. നെല്ല് കൂടാതെ ഇതര ധാന്യവിളകളെയും നെല്ലിനൊപ്പം വളരുന്ന പുല്ലു വർഗ- മുത്തങ്ങ വർഗ്ഗത്തിൽപെടുന്ന വിവിധ കളകളേയും ഇവ ആക്രമിക്കുന്നു. വേരിന്റെ അഗ്രഭാഗത്തിന് തൊട്ടു മുകൾവശത്ത് കൂടിയാണ് ഇവ അകത്തുകടക്കുന്നത്, ആക്രമണഫലമായി വേരുകളിൽ മുഴകൾ രൂപപ്പെടുന്നു. ഇതിന്‍റെ ഫലമായി വേരിലൂടെയുള്ള വെള്ളത്തിന്റെയും മൂലകങ്ങളുടേയും ആഗിരണം തടസ്സപ്പെടുന്നു. ചെടിയുടെ വളർച്ച, ചിനപ്പുകളുടെയും കതിർക്കുലകളുടേയും എണ്ണം, കതിർമണികളുടെ ഭാരം എന്നിവയെല്ലാം ഗണ്യമായി കുറയുന്നു. 15-25% വരെ വിളനഷ്ടത്തിന് ഇവ കാരണമാകാറുണ്ട്. ബാഹ്യലക്ഷണങ്ങൾ വഴി നിമാ ആക്രമണം നിശ്ചയിക്കുക അത്ര എളുപ്പമല്ല. ചെടിപറിച്ചു നോക്കുമ്പോൾ വേരുകളുടെ അഗ്രഭാഗത്ത് വളഞ്ഞ് "ഹുക്കു' പോലെയുള്ള മുഴകൾ രൂപപ്പെട്ടിരിക്കുന്നത് കണ്ടാൽ ആക്രമണം ഉറപ്പിക്കാം.

സിസ്റ്റ് നിമാവിര (Cyst nema tode Heterodera sp.)

കേരളത്തിൽ നെൽകൃഷി ചെയ്യുന്ന എല്ലാ ജില്ലകളിൽ നിന്നും ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ ജനുസ്സിൽപ്പെടുന്ന വ്യത്യസ്ത ജാതി നിമാവിരകൾ നെല്പാടങ്ങളിൽ കാണപ്പെടുന്നു. ഇല മഞ്ഞളിപ്പ്, ഇലകൾ ക്രമേണ തവിട്ടു നിറത്തിലാവുക, വളർച്ച മുരടിപ്പ്, കതിർമണികളുടെ എണ്ണവും ഭാരവും കുറയുക മുതലായവയാണ് ബാഹ്യലക്ഷണങ്ങൾ. പലപ്പോഴും നിമാവിരബാധ തീവ്രമാകുന്ന സാഹചര്യത്തിൽ പൂവിടുന്നത് 10 ദിവസം മുതൽ രണ്ടാഴ്ച വരെ താമസിക്കാറുണ്ട്. ഇവയുടെ ആക്രമണം മൂലം വേരുകളിൽ ചെറിയ 'സിസ്റ്റുകൾ' രൂപപ്പെടുന്നു. പക്ഷെ ഇവ വേരുമുഴകളെപ്പോലെ അത്ര പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല. എന്നാൽ സിസ്റ്റുകൾ രൂപപ്പെടുന്ന ഭാഗത്ത് വേരു തവിട്ടു നിറത്തിലോ, കറുത്ത നിറത്തിലോ കാണപ്പെടും. ഇവയിൽ ഈ നിമാവിരകളുടെ മുട്ടക്കൂട്ടങ്ങലുമുണ്ടാകും.

ഇലത്തുമ്പുകൾ വെള്ളനിറത്തിലാക്കുന്ന നിമാവിര അഥവാ "വൈറ്റ് റിപ്പ് നിമറ്റോഡ്' ( Aphaphelenchoides besseyi)

പേരു സൂചിപ്പിക്കുന്നതു പോലെ ഈ നിമാവിരയുടെ ആക്രമണംമൂലം മുകളിലകളുടെ അഗ്രഭാഗം ഏകദേശം ഒരു സെന്റീമീറ്റർ മുതൽ മൊത്തം ഇലനീളത്തിന്റെ 1/3 ഭാഗം വരെ വെള്ള നിറത്തിൽ നൂലുപോലെയാകുന്നു. ഈ ഭാഗം പിന്നീട് അടർന്നു പോകും. ഇല രൂപീകരണ വേളയിൽ മുകുളത്തിന്റെ അകവശത്തു നിന്നും നീരൂറ്റിക്കുടിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇവയുടെ സാന്നിദ്ധ്യമുള്ള നെല്പാടങ്ങളിൽ നിന്നും കൊയ്തെടുക്കുന്ന കതിർമണികളിലൂടെയാണ് മറ്റിടങ്ങളിലേക്ക് നിമകൾ എത്തപ്പെടുന്നത്. ഇത്തരം നെന്മണികളുടെ പുറംകവചത്തിനുള്ളിൽ സുഷുപ്താവസ്ഥയിൽ കാണപ്പെടുന്ന വിരകൾ വിത്തു വിതച്ച് ഇലകൾ രൂപപ്പെടുന്ന വേളയിൽ ഇലമുകുളങ്ങളിലേക്കു കയറുന്നു. കതിർമണികൾ രൂപപ്പെടുന്നതോടെ ഇവ ഇലയിൽനിന്നും കതിർക്കുലകളിൽ കയറിപ്പറ്റുകയും, അവിടെനിന്നും കൂട്ടം കൂട്ടമായി നീരൂറ്റിക്കുടിക്കുകയും ചെയ്യുന്നു. ഒപ്പം ഇലകളിൽ നിന്നും കതിർക്കുലകളിൽ നിന്നും താഴെ മണ്ണിലേക്ക് ഊർന്നിറങ്ങുന്നവ, ജലസേചനത്തിനുപയോഗിക്കുന്ന വെള്ളത്തിലൂടെ പുതിയ ചെടികളിലേക്കും കയറിപ്പറ്റുന്നു. ഇങ്ങനെ ഇവ കൃഷിയിടത്തിലാകെ വ്യാപിക്കുന്നു.

ഇലകളിൽ നിന്നും കതിർമണികളിൽ നിന്നും നീരൂറ്റിക്കുടിക്കുക വഴി, ചെടിയുടെ വളർച്ച മുരടിക്കുന്നതിനും, നെന്മണികൾ പതിരായിപ്പോകുന്നതിനും ഇടയാക്കുന്നു. പൊതുവെ കതിർക്കുലകൾ വലിപ്പം കുറഞ്ഞും, കതിർമണികളുടെ എണ്ണം തീരെ കുറഞ്ഞുമിരിക്കും. നെല്പാടങ്ങളിൽ അവിടവിടെയായിട്ടായിരിക്കും ആക്രമണലക്ഷണങ്ങൾ കാണുക. കേരളത്തിലെ മിക്ക നെൽകൃഷി മേഖലകളിലും ഇവയുടെ ആക്രമണ ലക്ഷണങ്ങൾ കാണാറുണ്ടെങ്കിലും ഇതുമൂലമുണ്ടാകുന്ന വിളനഷ്ടം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. 10-50% വരെ വിളനഷ്ടം ഉണ്ടാകാം.

വേരിനുള്ളിൽ മുറിവുകളുണ്ടാക്കുന്ന നിമാവിര (Lesion nematide Pratylenchus spp.)

വേരുകൾക്കുള്ളിൽ കടന്ന്, തങ്ങളുടെ ഉമിനീരിലെ രാസാഗ്നികളുടെ പ്രവർത്തന ഫലമായി വേരുകോശങ്ങളിൽ ക്ഷതമുണ്ടാക്കുന്ന നിമാവിരകളാണ് ഇവ. തത്ഫലമായി വേരിന്റെ ഉൾവശം തവിട്ടുനിറത്തിലായി കോശങ്ങൾ നശിച്ചു പോകുന്നു. ഇവിടേയും വേരുവഴിയുള്ള ആഗിരണം തടസ്സപ്പെടുന്നതുമൂലം ചെടിയുടെ വളർച്ച മുരടിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു. ഇവയും കേരളത്തിലെ നെൽപ്പാടങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുള്ളതാണ്.

തണ്ടിലെ നിമാവിര അഥവാ ഉഫ്ര നിമാവിര (Ditylenchus angustus)

നെല്ലിൽ 20% മുതൽ 90% വരെ വിളനഷ്ടത്തിന് കാരണമാവാറുണ്ട് ഈ നിമാവിര. ഇവയുടെ ആക്രമണത്തിന്റെ ആദ്യലക്ഷണം മുകളിലകളിൽ ഉണ്ടാവുന്ന മഞ്ഞനിറത്തിലുള്ള വരകളാണ്. ചെടി വളർച്ചയുടെ ആദ്യഘട്ടത്തിൽ നിമാആക്രമണം ഉണ്ടാകുമ്പോൾ തണ്ട്

വളഞ്ഞു പോവുകയും ഇലകൾ ചുരുളുകയും ചെയ്യും. കൂടാതെ ഇലകൾക്കിടയിലുള്ള തണ്ടിന്റെ ഭാഗം കറുത്ത നിറത്തിലാവും. ഇലകളിൽ നിന്നും കതിർമണികൾ രൂപപ്പെടുന്ന അവസരത്തിൽ ഇവ മുകളിലേക്ക് കയറുന്നു. ഇവയുടെ ആക്രമണം മൂലം കതിർമണികൾ ഇലപ്പോളയിൽ നിന്നും പുറത്തു വരാതിരിക്കുകയോ അഥവാ പുറത്തു വന്നാൽ കതിർമണികൾ തീരെ കുറഞ്ഞോ കാണപ്പെടും. ചിലപ്പോൾ ഒന്നിലധികം കതിർക്കുലകൾ ഒറ്റ ഇലപ്പോളയ്ക്കുള്ളിൽ കാണപ്പെടും. വിള കൊയ്യാൻ പാകമാകുന്നതോടെ നിമാവിരകൾ അനേകമെണ്ണം ഒന്നുചേർന്ന് ഒരു നൂൽക്കെട്ടു പോലെ മണ്ണിലേക്ക് മൂന്നിറങ്ങും. കൊയ്ത്തു കഴിഞ്ഞാൽ കച്ചിക്കുറ്റികളിൽ ഇവ ഇങ്ങനെ സുഷുപ്താവസ്ഥയിൽ ദീർഘനാൾ കഴിയും. പിന്നീട് കൃഷിക്കായി വെള്ളം കയറ്റുമ്പോൾ സുഷുപ്താവസ്ഥ വിട്ട് ഉണരുന്ന വിരകൾ ചെടികൾ മുളച്ചുപൊങ്ങുന്നതോടെ മണ്ണിൽനിന്നും തണ്ടിലൂടെ മുകളിലേക്കു കയറുകയും ഇലകളുടേയും തണ്ടിന്റേയും വളരുന്ന അഗ്രഭാഗങ്ങളിൽ നിന്നും കോശദ്രവങ്ങൾ ഊറ്റുകയും ചെയ്യുന്നു. ഇലകളുടേയും തണ്ടിന്റെയും വളരുന്ന അഗ്രഭാഗങ്ങൾ, തണ്ടിനോട് ഇലകൾ ചേരുന്ന ഭാഗം (nodes),കതിർക്കുലകൾ രൂപപ്പെടുന്ന തണ്ടിന്റെ അടിവശം, കതിർമണികളുടെ പുറംകവചം എന്നിവിടങ്ങളിലാണ് വിരകൾ കൂട്ടമായി കാണപ്പെടുക. സ്ഥിരമായി വെള്ളംകയറി നിൽക്കുന്ന താഴ്ന്ന നിലങ്ങളിലാണ് ഈ വിരകളുടെ ആക്രമണം ഉണ്ടാവുക. കേരളത്തിൽ ഇവയുടെ സാന്നിദ്ധ്യം അത്ര വ്യാപകമല്ല. മുകളിൽ സൂചിപ്പിച്ചവയ്ക്കു പുറമേ സ്പ്രിംഗ് നിമാവിര, വളയ നിമാവിര, ഷീത്ത് നിമാവിര മുതലായ വിവിധയിനം നിമാവിരകളെ നമ്മുടെ നെല്പാടങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയൊക്കെത്തന്നെ നെല്ലിനെ കൂടാതെ മറ്റ് വിളകളേയും ആക്രമിക്കുന്നവയാണ്. പലപ്പോഴും നിമാവിരകളുടെ ആക്രമണം നാം തിരിച്ചറിയാതെ പോകുന്നു എന്നതാണ് വാസ്തവം.

നിമാവിരകൾക്കെതിരെ സംയോജിത നിയന്ത്രണ മാർഗങ്ങൾ

 • വേനൽക്കാലത്ത് നിലം നന്നായി ഉഴുതു വെയിലു കൊള്ളിക്കുക. 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുതട്ടുമ്പോൾ മണ്ണിൽ സുഷുപ്താവസ്ഥയിൽ കഴിയുന്ന നിമാവിരകൾ നല്ലൊരളവിൽ നശിച്ചു പോകുന്നു.
 • നിമാവിരകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ നിലങ്ങളിൽ നെല്ലിനെ തുടർന്ന് എള്ള്, ഉഴുന്ന്, ചെറുപയർ മുതലായവ കൃഷി ചെയ്യുക.
 • ഉഫ്രാ നിമറ്റോഡ്, വൈറ്റ് റിപ് നിമറ്റോഡ് എന്നിവ വിത്തിലുടെ വ്യാപിക്കുമെന്നതിനാൽ ഇവയുടെ ആക്രമണം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അവിടെ നിന്നും വിളവെടുത്ത നെല്ല് വിത്തിനായി ഉപയോഗിക്കരുത്.
 • വിത്തിലൂടെ പകരുന്ന മുകളിൽ സൂചിപ്പിച്ച നിമാവിരകളെ നശിപ്പിക്കാൻ വിത്ത് ഒരുദിവസം വെള്ളത്തിൽ മുക്കിവെച്ച ശേഷം ആ വെള്ളം വാർത്ത്, 52-53 ഡിഗ്രി സെൽഷ്യസ് ചൂടിൽ 10 മിനുട്ട് നേരം സൂക്ഷിക്കുക.
 • നിലമൊരുക്കുന്ന സമയത്ത് ഏക്കറിന് 400 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്, 200 കിലോഗ്രാം ഉണക്കിപ്പൊടിച്ച് ചാണകം എന്നിവ ചേർക്കുക.
 • നഴ്സറിയിൽ ഒരു ചതുരശ്ര മീറ്ററിന് 100 ഗ്രാം എന്നതോതിൽ വേപ്പിൻപിണ്ണാക്ക് ചേർക്കുന്നത് നഴ്സറിയിലെ നിമാവിര ആക്രമണം തടയാൻ സഹായിക്കും.
 • ആര്യവേപ്പിന്റെ ഇലയും ചണമ്പിന്റെ ഇലയും ചേർത്ത് ഒരേക്കറിന് 25 കിലോഗ്രാം എന്ന തോതിൽ നിലമൊരുക്കുമ്പോൾ ഇട്ടുകൊടുക്കുക. ഇതേ അളവിൽ കുളവാഴയും ചേർത്ത് കൊടുക്കാം. ഈ പ്രയോഗങ്ങൾ വേരു നിമാവിരയ്ക്കെതിരെ ഫലപ്രദമാണ്.
 • കരപ്പാടങ്ങളിലാണല്ലോ മുഴകളുണ്ടാക്കുന്ന നിമാവിരയുടെ ആക്രമണം കൂടുതലായി കാണുന്നത്. ഇതിനെതിരെ മാരിഗോൾഡ് (ചെണ്ടുമല്ലി) കൃഷിയിടത്തിന്റെ അതിരുകളിലും നെല്ലിനിടയ്ക്ക് ഇടനിരകളായും വച്ചു പിടിപ്പിക്കുക. ഒപ്പം അതിരുകളിൽ ചണമ്പും നട്ടുപിടിപ്പിക്കുക. കടലപ്പിണ്ണാക്ക്, പരുത്തിപിണ്ണാക്ക് എന്നിവ തുല്യഅളവിലെടുത്ത് കുതിർത്ത വെള്ളം ഒഴിച്ചു കൊടുക്കുകവഴിയും ഈ നിമാവിരയെ നിയന്ത്രിക്കാം.
 • തുടർച്ചയായി നെൽകൃഷി ചെയ്യുന്ന പാടങ്ങളിൽ രണ്ടു വിളകൾക്കിടയ്ക്ക് മൂന്ന് മാസമെങ്കിലും ഇടവേള നൽകുക.
 • ആര്യവേപ്പിനും ചണമ്പിനും പുറമെ ശീമക്കൊന്ന, ആവണക്ക്, ഉമ്മം, കരിനൊച്ചി എന്നിവയുടെ ഇലകൾ ചേർത്ത് കൊടുക്കുന്നതും നിമാവിര നിയന്ത്രണത്തിന് ഫലപ്രദമാണ്. സീനിയ, വെൽവെറ്റ്ബീൻ എന്നിവയും ഉത്തമം തന്നെ.

ജൈവിക നിയന്ത്രണം

വേരുപടലത്തെ ആക്രമിക്കുന്ന നിമാവിരകൾക്കെതിരെ ജൈവനിയന്ത്രണകാരികളായ സൂക്ഷ്മാണുക്കളെ ഫലപ്രദമായി ഉപയോഗിക്കാം. പസിലോമൈസസ്; ലൈലാസിനസ്; ട്രൈക്കോഡെർമ വിറിഡെ; വെർട്ടിസീലിയം ക്ലാമിഡോപോറിയം; ആർബൈസ്കലാർ മെക്കോറൈസ; എന്നീ കുമിൾവർഗ മിതാണുക്കളും പാറ്റൂറിയ പെനിൻസ്; ബാസിലസ് സീറിയസ്; എന്നീ മിത്രബാക്ടീരിയകളും വേരിനെ ആക്രമിക്കുന്ന നിമവിരകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു. ഈ മിത്രാണുക്കളെ മണ്ണിൽ സന്നിവേശിപ്പിക്കുക, ഇവയടങ്ങിയ ലായനിയിൽ വിത്ത് മുക്കിവച്ച് വിതയ്ക്കുക, പറിച്ചു നടുന്നതിന് മുമ്പായി ചെടിവേരുകൾ മിത്രാണു ലായനിയിൽ മുക്കി വയ്ക്കുക എന്നീ മാർഗങ്ങളിലൂടെ നിമവിരകൾക്കെതിരെ മിത്രാണു പ്രതിരോധം തീർക്കാൻ സാധിക്കും. സസ്യവളർച്ചാത്വരക പദാർത്ഥങ്ങൾ പുറപ്പെടുവിക്കുന്ന ബാക്ടീരിയൽ കൂട്ടായ്മയായ "PGPR' ഉം നിമാവിരകൾക്കെതിരെയുള്ള പ്രതിരോധത്തിന് ഏറെ ഫലപ്രദമാണ്. മുകളിൽ സൂചിപ്പിച്ച മിത്രാണുക്കൾ നിമാവിരകളുടെ മുട്ടകളെ നശിപ്പിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്നവയ്ക്കാകട്ടെ, ആക്രമണ തീവ്രത പ്രകടിപ്പിക്കാൻ സാധിക്കുകയുമില്ല. ഉയർന്ന നൈട്രജൻ സാന്നിദ്ധ്യമുള്ള ജൈവവളങ്ങളാണ് പച്ചിലവളങ്ങൾ. പച്ചിലവളങ്ങൾ മണ്ണിൽ ചേർത്ത് കൊടുക്കുമ്പോൾ ഈ മിത്രാണുക്കളുടെ സംഖ്യയിൽ സ്വാഭാവികമായ വർദ്ധനവുണ്ടാകുന്നു. മണ്ണിലെ ജൈവാംശം1%-ൽ താഴെയുള്ള സാഹചര്യത്തിലാണ് നിമാവിര ആക്രമണം കൂടുതലായി കാണുന്നത്. ഈ സാഹചര്യത്തിൽ പച്ചിലവളങ്ങളും ഉയർന്ന കൈറ്റിൻ സാന്നിദ്ധ്യമുള്ള ജൈവവളങ്ങളും മണ്ണിൽ ചേർത്ത് കൊടുക്കണം. ഇതുവഴി 'കൈറ്റിൻ' ദഹിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മാണുക്കൾ മണ്ണിൽ ധാരാളമായി വളർന്നു പെരുകും. നിമാവിരകളുടെ മുട്ടകളുടെ പുറംതോടും കൈറ്റിൻ നിർമിതമാകയാൽ, അവയും ദഹിച്ചു ചേരുകയും അങ്ങനെ നിമാവിരകളുടെ സംഖ്യ ഗണ്യമായി കുറയുകയും ചെയ്യും.

കുട്ടനാട്ടിലേതുപോലെ വെള്ളം എല്ലായ്പ്പോഴും കയറിക്കിടക്കുന്ന നെല്പാടങ്ങളിൽ 'ഗോമസ് ഇൻട്രാറേഡിയൻസ്' എന്ന വേരുകുമിളുകളെ സന്നിവേശിപ്പിക്കുക വഴി നിമാവിര നിയന്ത്രണം സാദ്ധ്യമാക്കാം. കൂടാതെ ഉയർന്ന സൾഫർ സാന്നിദ്ധ്യമുള്ള കുട്ടനാട്ടിലെ മണ്ണിനങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിൽ സൂക്ഷ്മാണു പ്രവർത്തനം മൂലം രൂപപ്പെടുന്ന ഹൈട്രജൻ സൾഫൈഡ് വാതകം, കൊയ്ത്തിനു ശേഷം വെള്ളം കയറിയ സാഹചര്യത്തിൽ വൈക്കോൽ അഴുകുമ്പോൾ രൂപപ്പെടുന്ന ആലിഫാറ്റിക് അമ്ലങ്ങൾ എന്നിവയും നിമാവിരകളെ നശിപ്പിക്കാൻ പര്യാപ്തമാണ്. വളരെ ഉയർന്ന അല്ലാവസ്ഥയിലുള്ളതും (പി.എച്ച് മൂല്യം 4- ൽ താഴെ), വളരെ ഉയർന്ന ജൈവാംശമുള്ളതുമായ കുട്ടനാട്ടിലെ കരിനിലങ്ങളിൽ പൊതുവെ നിമാവിരകളുടെ സാന്നിദ്ധ്യം കാണപ്പെടുന്നില്ല.

കടപ്പാട്: കേരളകര്‍ഷകന്‍

3.15789473684
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top