കീടങ്ങളുടെ ആക്രമണം രൂക്ഷമായാല്‍ ഇലകളില്‍ പൊള്ളലേറ്റതുപോലുള്ള/കരിഞ്ഞതുപോലുള്ള ലക്ഷണങ്ങള്‍ കാണാം.
പ്രാരംഭദശയിലുള്ള പുഴുക്കള്‍ ഇലകളുടെ ഹരിതഭാഗങ്ങള് തിന്നു നശിപ്പിക്കുന്നു. വളര്‍ച്ചയെത്തിയ പുഴുക്കള്‍ ഓലയുടെ കോശങ്ങള്‍ കാര്‍ന്ന് തിന്ന് ഈര്‍ക്കില്‍ മാത്രം അവശേഷിക്കുന്നു.
കറുത്ത വലയുള്ള ഇലപ്പുള്ളികള്‍ പോലുള്ള അടയാളങ്ങള്‍ പുഴുക്കള്‍ തിന്നുപോയ ഭാഗങ്ങളില്‍ കാണാം. തുടര്‍ന്ന് ഇങ്ങനെയുള്ള ഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് വലിയ പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
സ്ലഗ് പുഴുക്കള്‍ തിന്ന് നശിപ്പിക്കുന്ന ഓലകളിലുണ്ടാകുന്ന പാടുകളില്‍ 'ഗ്രേ ബ്ലൈറ്റ്' ഉണ്ടാക്കുന്ന 'പെസ്റ്റലോഷിയോ സ്പ്ഷീസ് പാല്മേറം' എന്ന കുമിളിന്റെ ബാധ കാണാനുള്ള സാധ്യത കൂടുതലാണ്.
കീടം രൂക്ഷമായി ആക്രമിച്ചിട്ടുള്ള തെങ്ങുകളിലെ ഓലകളെല്ലാം കരിഞ്ഞ്, ഉള്നിരയിലുള്ള ഓലകള്‍ മാത്രം അവശേഷിക്കുന്നു. ഇതുവഴി ഓലകളുടെ പ്രകാശസംശ്ലേഷണം കാര്യക്ഷമത കുറഞ്ഞു പോകുന്നു.
കീടബാധയുള്ള തോട്ടങ്ങളിലെ തെങ്ങോലകള്‍ പ്രായമാകുന്നതിന് മുന്‍പ് തന്നെ വളഞ്ഞു തൂങ്ങുകയും, വെള്ളക്ക/കരിക്ക് കൊഴിഞ്ഞുപോകുകയും ചെയ്യുന്നത് വഴി തെങ്ങിന്റെ വിളവും കുറയുന്നു.
കീടബാധ കാണാറുള്ള സമയം
ആന്ധ്രപ്രദേശ് സംസ്ഥാനത്തെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ഉള്ള പോലെ കൂടിയ താപനിലയും (>39℃), ആര്‍ദ്രതയും (>85%) ഇവയുടെ സംഖ്യ വര്‍ദ്ധിക്കാന്‍ കാരണമാകും.
നിയന്ത്രണം
കീടബാധ പതിവായി കാണാറുള്ള പ്രദേശങ്ങളിലെ കീടങ്ങളുടെ സംഖ്യ വിലയിരുത്തുന്നതിനും, കീടയാക്രമണം കുറയ്ക്കുന്നതിനും വേണ്ടി വിളക്കുകെണികള്‍ സ്ഥാപിക്കുന്നതും ഫലപ്രദമാണ്. സ്വാഭാവിക അവസ്ഥയില്‍ സ്ലഗ് പുഴുക്കളെ അധിവസിക്കുന്ന പരാദജീവികളായ 'യൂറിറ്റോമ ടട്ടിപ്പാക്കെൻസിസ്', 'യൂപ്ലെക്ടറോമോർഫ നാറ്റഡെ', 'സെകോഡെസ് നറേറിയെ' എന്നിവ ഈ പുഴുക്കളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
തെങ്ങൊന്നിന് പ്രതിവര്‍ഷം ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ (പാക്യജനകം : ഭാവഹം : ക്ഷാരം എന്നിവ 500 : 320 : 1200 ഗ്രാം എന്ന തോതില്‍) നല്‍കുകയും, 4 ദിവസത്തിലൊരിക്കല്‍ 250-300 ലി. വെള്ളമുപയോഗിച്ച് നനച്ചു കൊടുക്കുകയും ചെയ്യുന്നത് കീടബാധയേറ്റ തെങ്ങുകളെ 20-24 മാസങ്ങള്‍ കൊണ്ട് പൂർവ്വ സ്ഥിതിയിലെത്തിക്കാന്‍ സഹായിക്കുന്നു.
അഹല്യ ഉണ്ണിപ്രവൻ