ആമുഖം
പഴയ പല കെട്ടിടങ്ങളും പൊളിക്കുമ്പോൾ വാതിൽ കട്ടിലയ്ക്കും ജനൽക്കട്ടിലയ്ക്കും ചുമരിനും ഇടയിൽ നിന്ന് ഒരു ചെടിയുടെ ഉണങ്ങിയ ഇലകളും തണ്ടും ലഭിച്ചിരുന്നു. അത്തരം ചെടികൾ ഉപയോഗിച്ചിരുന്ന ഭാഗത്ത് ഒരു തരത്തിലും ചിതലിന്റെയോ കൂറയുടെയോ മറ്റ് കീടങ്ങളുടെയോ ബാധ കണ്ടതുമില്ല. പഴയകാലത്ത് മൺകട്ടകൊണ്ടു നിർമിക്കുന്ന ചുമരും ചെങ്കൽ ചുമരുമായിരുന്നു വീടുനിർമാണത്തിന്റെ മുഖ്യ വസ്തുക്കൾ. വെള്ളക്കുമ്മായം കൊണ്ട് തേച്ചുമിനുക്കി വർണച്ചായം പൂശിയ മണിമേടകളും കൈകൊണ്ട് നിർമിക്കുന്ന കട്ട കൊണ്ട് കെട്ടിപ്പടുക്കുന്ന കുടിലുകളും ചുമരുകളും വാതിൽ ജനൽകട്ടിലകളും ചേരുന്ന ഭാഗത്ത് വച്ചിരുന്ന ചെടിയുടെ പേരാണ് കരിങ്കൊട്ട.
കർഷകരും കരിങ്കൊട്ടയും
പണ്ട്‌നമ്മുടെ പാടങ്ങളിൽ ജൈവവേലികൾ പതിവായിരുന്നു. ശീമക്കൊന്ന, കരിങ്കൊട്ട, ഡെയിഞ്ച, സെസ്‌ബേനിയ, കിലുക്കി, മഞ്ചാടി, ചണമ്പ് എന്നിവ ജൈവവേലികൾ മാത്രമായിരുന്നില്ല നല്ല ഒന്നാന്തരം കീടനശീകരണികളും ആയിരുന്നു. ഇതിൽ ചിതലിനെ നശിപ്പിക്കുകയെന്ന പ്രധാന കർത്തവ്യമായിരുന്നു കരിങ്കൊട്ടയെന്ന നാടൻ ചെടി നിർവഹിച്ചിരുന്നത്. നല്ല ഈർപ്പവും വെയിലും ലഭിക്കുന്ന വയൽക്കരകളിൽ കടുംപച്ച ഇലകളുമായി നിൽക്കുന്ന കരിങ്കൊട്ട ജൈവവളമെന്നതിനുപരി ചിതൽനാശിനിയും മറ്റ് കീടങ്ങളെ ചെറുക്കുന്നതുമാണ്. നിമാവിരകളെ നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്. ഇംഗ്‌ളീഷിൽ നീസ്ബാർക്ക് എന്നുവിളിക്കപ്പെടുന്ന ഇതിന് കരിങ്ങോട്ടയെന്നും പേരുകാണ്ുന്നു. സെമിഡറ ഇൻഡിക്കയെന്നാണ് ശാസ്ത്രനാമം.
നിറയെ കറുപ്പുകലർന്ന പച്ച ഇലകളും ഇലത്തൂമ്പിൽ നിന്ന് താഴേക്ക് നീണ്ടുവളരുന്ന തണ്ടിൽ പൂങ്കുലകളും ഉണ്ടാകുന്നു ഫെബ്രുവരി - മേയ് മാസങ്ങളിൽ പൂത്ത് കായ്ക്കുന്നു. ഉണങ്ങിത്താഴെവീഴുന്ന കായകൾ മുളച്ച് മരത്തിനുചുറ്റും വളരുന്നു.
ചിതൽശല്യത്തിനും നിമാവിരയ്ക്കും കരിങ്കൊട്ട
ചിതൽശല്യത്തിന് ഇപ്പോൾ നമ്മൾ ആധുനിക കീടനാശിനികളെയാണ് ആശ്രയിച്ചുവരുന്നത്. അതിൽ ക്ലോർപെറിഫോസ് ആണ് പ്രധാനം. മാരകമായ രാസവിഷമാണിത്. എങ്കിലും നിവൃത്തിയില്ലാതെ കരഷകരിൽപ്പലരും ഇത് ഉപയോഗിക്കുന്നു. പക്ഷേ ഇത് ചിതലിന് വേണ്ടത്ര ഫലപ്രദമല്ലെന്നറിയുമ്പോഴാണ് അക്കിടി മനസ്സിലാവുക. മൂന്നുമാസത്തിനകം വീണ്ടും ചിതലിന്റെ ആക്രമണം തുടങ്ങും. എന്നാൽ, കരിങ്കൊട്ടയെ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഇതിന് പ്രതിവിധി. പണ്ടത്തെ കൃഷിക്കാരുടെ ഒരു സുഹൃദ്‌സസ്യമായിരുന്നു കരിങ്കൊട്ട. വയലിലും പറമ്പിലും പുതയിടുമ്പോഴാണ് ഇത് ഉപയോഗിക്കാറ്. കരിങ്കൊട്ടയുടെ ഇലയും തണ്ടും മണ്ണൊരുക്കുമ്പോൾ കൂടെ ഉഴുതുചേർക്കുന്നതും പച്ചക്കറിക്ക് തടമൊരുക്കുമ്പോൾ തടത്തിൽ വിതറുന്നതും ഉണങ്ങിയ ഇലകളും തണ്ടുകളും കത്തിക്കുന്നതും. പുതയിട്ട് ചീയിക്കുന്നതും ചിതലിനെ ഇല്ലാതാക്കാൻ നല്ലതാണ്.
നിമാവിരകളെ പ്രതിരോധിക്കുന്നതിനും ഇത് വളരെ നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സാധാരണയായി ഫോറേ്റ്റ് എന്ന കിടനാശിയാണ് നിമിവിരകളെ പ്രതിരോധിക്കാൻ നാം ചേർക്കാറ് പക്ഷേ, അതിന്റെ രൂക്ഷഗന്ധവും വിലക്കൂടുതലും നന്നായി നിയന്ത്രിക്കാൻ പല പ്രാവശ്യം പ്രയോഗിക്കണമെന്നതും പ്രകൃതിസൗഹൃദമല്ലെന്നതും മണ്ണിന്റെ നാശത്തിന് ആക്കം കൂട്ടുമെന്നതും ഫോറേറ്റിന്റെ പോരായ്മകളാണ്. ഇതിന് പകരം കരിങ്കൊട്ടയുടെ ഇലകൾ ഒരു ബക്കറ്റിൽ ഇട്ടുവെച്ച് അതിൽ മുങ്ങാൻപാകത്തിൽ വെള്ളം ഒഴിച്ചുവെച്ച് ഒരാഴ്ച ചീഞ്ഞതിനുശേഷം അതിന്റെ വെള്ളം നാലിരട്ടിവെള്ളം ചേർത്ത് നേർപ്പിച്ചതിന് ശേഷം ചെടികളുടെ തടത്തിലും വിത്ത് നടുന്നതിന് മുമ്പ് തടത്തിൽ ഒഴിച്ചുകൊടുത്താൽ നിമാവിരകളെ നിശ്ശേഷം തടയാം. സോമാഡെറിൻ എന്ന ഗ്‌ളൂക്കോസൈഡും തൊലിയിലെ ടെക്സ്റ്റാസ്റ്റിറോളും സറ്റിഗ്മാസ്റ്റിറോളും തിക്ത പദാർഥവും ആണ് ഇതിന്റെ കീടനാശക ശക്തിക്കുപിന്നിൽ. വയൽവരമ്പിൽ സമൃദമായുണ്ടായിരുന്ന കരിങ്കൊട്ടയുടെ കീടനാശകശേഷിമനസ്സിലാക്കി അത് നമ്മുടെ ആധുനിക സംസ്‌കൃതിയിൽ ഉൾപ്പെടുത്തിയാൽ കൃഷി പ്രകൃതിസൗഹൃദവും കർഷകർക്ക് ലാഭവും മികച്ച ആരോഗ്യവും പ്രദാനം ചെയ്യാൻ കഴിയുമെന്നുറപ്പാണ്.
pramodpurath@gmail.com