অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിക്ക് വില്ലനായി പുതിയ ഇനം പട്ടാളപ്പുഴു

കൃഷിക്ക് വില്ലനായി പുതിയ ഇനം പട്ടാളപ്പുഴു

പട്ടാളപ്പുഴു

സ്പോടോപ്റ്റെറ എന്ന ജനുസ്സിൽപെടുന്ന മുപ്പത്തിയോന്നോളം നിശാശലഭങ്ങൾ ലോകമാസകലം 6 ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. മുട്ട വിരിഞ്ഞെത്തുന്ന ആദ്യദശയിലെ പുഴുക്കൾ കൂട്ടത്തോടെ കാണുന്നതിനാൽ ഇവയെ പട്ടാളപ്പുഴുക്കൾ എന്നു വിശേഷിപ്പിക്കാറുണ്ട്. ഇവയിൽ പച്ചക്കറി വിളകളെ ബാധിക്കുന്ന സ്പോടോപ്റ്റെറ ലിട്ടൂര, നെൽ വിളകളെ ബാധിക്കുന്ന

സ്പോടോപ്റ്റെറ മൗറീഷ്യ എന്നിവയാണ് സാധാരണയായി ഇന്ത്യയിൽ കണ്ടുവരുന്നത്. എന്നാൽ ഇന്ത്യയിലാദ്യമായി "സ്പോടോപ്റ്റെറ ഫ്രുഗിപെർഡാ' എന്ന വിദേശ കീടം, കർണാടകയിലെ ഹാസ്സൻ ജില്ലയിലെ ചോളപ്പാടങ്ങളിൽ നാശം വിതയ്ക്കുന്നതായി കണ്ടെത്തി. അതിനു ശേഷം ഇവ വളരെ പെട്ടെന്ന് തന്നെ ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ആയതിനാൽ കർഷകസമൂഹം അത്യന്തം ജാഗരൂകരായിട്ടിരിക്കേണ്ടതുണ്ട്.

1800കളുടെ തുടക്കത്തിൽ വടക്കേ അമേരിക്കയിലെ മെക്സിക്കോയിലാണ് ഇവയെ ആദ്യമായി തിരിച്ചറിഞ്ഞത്. 1845 ആയപ്പോഴേക്കും ഇവ പുല്ലിനത്തിൽപെട്ട നെല്ല്, ചോളം, ഗോതമ്പ്, കരിമ്പ് മുതലായ വിളകളെ ബാധിക്കുകയും വൻ സാമ്പത്തികനഷ്ടമുണ്ടാക്കുകയും ചെയ്തു. കൃഷിയിടത്തിൽ പുല്ലിനത്തിൽപെട്ട വിളകളുടെ അഭാവത്തിൽ പയർ, നിലക്കടല, സോയാബീൻ, പരുത്തി, ഉരുളകിഴങ്ങു മുതലായ വിളകളെയും ഇവ നേരിയ തോതിൽ ഭക്ഷിക്കുന്നതായി കണ്ടു. 2016ൽ വടക്കേ അമേരിക്കയിൽ നിന്ന് ആഫ്രിക്കയിലെ നൈജീരിയയിലേക്കു എത്തപ്പെട്ട ഇവ അവിടുത്തെ കൃഷിസമ്പ്രദായത്തെ അടിമുടി പിടിച്ചുലച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് നാല്പത്തിനാല് ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇവ നാശം വിതച്ചത്.

3 മുതൽ 4 സെ.മി. വലുപ്പമുള്ളവയാണ് "സ്പോടോപ്റ്റെറ ഫുഗിപെർഡാ' യുടെ നിശാശലഭങ്ങൾ. ഇവയുടെ മുൻചിറകുകൾ ബ്രൌൺ കലർന്ന ചാരനിരത്തിലും പിൻചിറകുകൾ വെള്ള നിറത്തിലും കാണപ്പെടുന്നു. ആൺശലഭങ്ങളിൽ മുൻചിറകിന്റെ അഗ്രഭാഗത്തായി കാണപ്പെടുന്ന വെള്ളനിറത്തിലുള്ള പുള്ളികൾ ഇവയെ പെൺശലഭങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഏകദേശം 30 മുതൽ 90 ദിവസം വരെ നീണ്ടു നിൽക്കുന്നതാണ് പട്ടാളപ്പുഴുക്കളുടെ ജീവിതചക്രം. രാത്രികാലങ്ങളിൽ ഇലയുടെ അടിഭാഗത്തു കൂട്ടത്തോടെ മുട്ടയിടുന്ന ഇവയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളാണ് വിളകളെ നശിപ്പിക്കുന്നത്. വളർച്ചയെത്തിയ പുഴുക്കൾ പച്ച, തവിട്ട് നിറങ്ങളിൽ കാണപ്പെടുന്നു. പുഴുക്കളുടെ ശിരോഭാഗത്ത് കാണപ്പെടുന്ന 'Y' ആകൃതിയിലുള്ള പാടും പിൻഭാഗത്തു കാണുന്ന നാലു ചെറിയ പുള്ളികളും സ്പോടോപ്റ്റെറ ജനുസ്സിൽ പെടുന്ന മറ്റു കീടങ്ങളിൽ നിന്നും ഇവയെ വ്യത്യസ്തരാക്കുന്നു. ആദ്യദശയിലുള്ള പട്ടാളപ്പുഴുക്കൾ ഇലയിലെ ഹരിതകം കാർന്നു തിന്നു ജാലകങ്ങൾ സൃഷ്ടിക്കുന്നു. വളർച്ച പ്രാപിച്ച പുഴുക്കൾ ഇലകൾ നിഷ്കരുണം തിന്നുനശിപ്പിക്കുന്നതിനോടൊപ്പം തൈച്ചെടിയുടെ ചുവടു ഭാഗം വച്ച് മുറിച്ചു മാറ്റുകയും ചെയ്യുന്നു. ചെടികൾ പൂർണമായി നശിപ്പിക്കുന്നതിനാൽ ഇതുമൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം വിലമതിക്കാവുന്നതിലുമപ്പുറമാണ്. പൂർണവളർച്ചയെത്തിയ പുഴുക്കൾ മണ്ണിലേക്ക് വീഴുകയും അവിടെ സമാധിദശ പൂർത്തിയാക്കുകയും ചെയ്യുന്നു. ഞൊടിയിടയിൽ വളർന്നു വലുതാകുന്ന ഇവ വൻതോതിൽ പെറ്റുപെരുകുന്നു. ലോകമാസകലം നൂറിലധികം വിളകളെ നശിപ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുള്ള ഇവ, ഇന്ത്യയിലെ കൃഷിയിടങ്ങളിൽ പടർന്നാൽ ഉണ്ടാക്കിയേക്കാവുന്ന ചലനം ചെറുതല്ല. ആയതിനാൽ, ഫലപ്രദമായ നിയന്ത്രണ രൂപരേഖ വികസിപ്പിച്ചെടുക്കേണ്ടതാണ്. പ്രാരംഭഘട്ടത്തിൽത്തന്നെ മുട്ടകൂട്ടങ്ങളെയും, കൂട്ടത്തോടെ വിരിഞ്ഞിറങ്ങുന്ന പുഴുക്കളെയും ഞെരിച്ചുകൊല്ലാം. ഇതിനായി കർഷകർസ്വന്തം കൃഷിയിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തേണ്ടതു അനിവാര്യമാണ്.

രാസകീടനാശിനികളായ ലാംട സൈഹാലോത്രിൻ ഉൾപ്പെടെയുള്ള നിയന്ത്രണ മാർഗങ്ങളെപറ്റിയുള്ള വിശദ പഠനങ്ങൾ തുടങ്ങി കഴിഞ്ഞു. കൃത്യമായ ഒരു നിയന്ത്രണം ഉരുത്തിരിയുന്നത് വരെ സ്പോടോപ്റ്റെറ ജനുസ്സിൽപ്പെടുന്ന മറ്റു കീടങ്ങൾക്കെതിരെയുള്ള നിയന്ത്രണമാർഗങ്ങൾ ഇവിടെയും അവലംബിക്കാവുന്നതാണ്. കാർഷിക ഗവേഷണ കൗൺസിലും, ബാംഗ്ലൂരിലെ NBAIR ഉം ഇതിനോടകം ഈ വിഷയത്തിൽ ഇടപെടുകയും, തക്കസമയത്തുള്ള സൂചനകൾ കൊടുത്തുവരികയും ചെയ്യുന്നു. നിലവിലെ സാഹചര്യം

നിയന്ത്രണ വിധേയമാണ്. എന്നിരുന്നാലും പുതിയ ഇനം പട്ടാളപുഴുക്കൾക്കായി കർഷകർ തങ്ങളുടെ കൃഷിയിടം നിരന്തരനിരീക്ഷണത്തിന് വിധേയമാക്കേണ്ടതാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 4/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate