മൈക്രോസ്കോപ്പിലൂടെ കാണാവുന്ന നീണ്ടുരുണ്ട നൂലുപോലുള്ള നിറമില്ലാത്ത വിര രൂപത്തിലുള്ള നിറമില്ലാത്ത ജീവികളാണ് നിമാവിരകള്. വിളകളെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കാന് കഴിവുള്ള മിത്ര വിരകളുണ്ട്. ഇവയെ എന്റമോപാത്തോജനിക് നിമറ്റോഡ് മിത്ര നിമാവിരകള് എന്ന് വിളിക്കുന്നു. ഇവ സസ്യങ്ങളെയോ മറ്റു ജീവജാലങ്ങളെയോ ബാധിക്കുന്നില്ല.
മിത്രനിമാവിര കീടങ്ങളുടെ ശരീരത്തിലെ വിവിധ ദ്വാരങ്ങളിലൂടെയും മുറിവുകളിലൂടെയും ഉള്ളില് പ്രവേശിക്കുന്നു. മിത്രനിമാവിരയ്ക്കുള്ളില് വസിക്കുന്ന ബാക്ടീരിയ ഉണ്ട്. ഇവ കീടത്തിനുള്ളില് കടന്നുകഴിഞ്ഞാല് പുറത്തുവരികയും കീടത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. കീടശരീരത്തിലുള്ള ബാക്ടീരിയ പ്രതിരോധശേഷിയെ തകര്ക്കാന് കാരണം ആകുന്ന പ്രോട്ടീനുകള് ഉണ്ടാക്കുക വഴി നിമാവിരകള്ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. കൂടാതെ അവയുണ്ടാക്കുന്ന ആന്റിബയോട്ടിക്കുകള് കീട ശവശരീരത്തെ മറ്റ് സൂക്ഷ്മാണുക്കളുടെ പ്രവര്ത്തനങ്ങളില് നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ആയതിനാല് മിത്ര നിമാവിര ബാധിച്ച് ചത്ത കീടത്തിന്റെ ശരീരത്തിന് ദുര്ഗന്ധമുണ്ടാകുന്നില്ല. ജൈവകീടനാശിനികളെ അപേക്ഷിച്ച് മിത്ര നിമാവിരകള് 24-48 മണിക്കൂറിനകം കൊല്ലുന്നു എന്നത് ഇവയ്ക്കുള്ള പ്രത്യേകതയാണ്.
മണ്ണില് സാധാരണയായി കാണപ്പെടുന്ന വേരുതീനിപുഴു, മാണവണ്ട് എന്നിവയ്ക്കെതിരായി മിത്രനിമാവിരകള് ഫലപ്രദമായി ഉപയോഗിക്കാം. മിത്രനിമാവിരയാല് ആക്രമിക്കപ്പെട്ട കീടശരീരം(കഡാവര്) ഉപയോഗിച്ചാണ് കീടനിയന്ത്രണം സാധ്യമാക്കുന്നത്. ഒരു കഡാവറില് 1.5 – 2.5 ലക്ഷം വരെ ശത്രുകീടത്തെ ആക്രമിക്കാന് പ്രാപ്തിയുള്ള നിമാവിരകള് ഉണ്ടാകും. കഡാവറില് നിന്നുള്ള മിത്ര നിമാവിര മണ്ണിലെ ഈര്പ്പത്തിന്റെ സാന്നിധ്യത്തില് സഞ്ചരിച്ച് പുഴുക്കളില് പ്രവേശിച്ച് അവയെ നശിപ്പിക്കുന്നു. നിമാവിരകളുടെ സഞ്ചാരത്തിന് ഈര്പ്പം ആവശ്യാമാണ്.
തണ്ടുതുരപ്പന്, വാഴ – വാഴ നട്ട് 5,6,7 മാസങ്ങളില് ഒരു കഡാവര് ഓരോ ഇലകവിളുകളില് ഇട്ടുകൊടുക്കുക. മാണവണ്ടിനാണെങ്കില് ഇത് 2.5 മാസം പ്രായമായ വാഴയില് ചെയ്യേണ്ടതാണ്.
കശുമാവിലെ തണ്ടുതുരപ്പന് – പുഴു തുരന്ന ദ്വാരം വൃത്തിയാക്കി രണ്ട് കഡാവര് ദ്വാരത്തില് നിക്ഷേപിക്കുക.
ഏലത്തിലെ വേരുതീനിപുഴു – ചുവടിന് 1-2 കഡാവര് എന്ന തോതില് ഉപയോഗിക്കുക.
ചെമ്പന് ചെല്ലി – ചെല്ലി തുരന്ന ദ്വാരത്തിലൂടെ (10 – 15 വര്ഷം പ്രായമായ തെങ്ങ്) 10 കഡാവര് ഇട്ടുകൊടുക്കുക. 15 വര്ഷത്തില് കൂടുതല് പ്രായമുള്ളവയ്ക്ക് 30 – 40 കഡാവര് വീതം ഉപയോഗിക്കുക.
കഡാവറില് നിന്നും പുറത്തു വരുന്ന നിമാവിരകളെ ശേഖരിച്ച് വെള്ളത്തില് കലക്കി തളിക്കുന്നതും ഒരു ഫലപ്രദമായ മാര്ഗ്ഗമാണ്.
സോണിയ വി.പി
അവസാനം പരിഷ്കരിച്ചത് : 6/20/2020