കാലം മാറി വെള്ളീച്ചയും
കാലാവസ്ഥാ വ്യതിയാനം പുതിയ ചിലതരം കീടങ്ങളുടെ കടന്നു വരവിനും വഴിവയ്ക്കുന്നു. വെള്ളീച്ചകൾ കൃഷിയിടത്തിലെ നിത്യസന്ദർശകരാണെങ്കിലും ചില പുതിയതരം വെള്ളീച്ചകളുടെ സാന്നിധ്യം അടുത്തകാലത്തായി കേരളത്തിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അലിറോഡിക്കസ് റൂഗിയോ പെർ ലേറ്റസ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന " റൂഗോസ് വെള്ളീച്ചയും' പാരാലിറോഡസ് ബോൺഡാരി എന്നപേരിലെ "ബോൺഡാർസ് നെസ്റ്റിംഗ് വെള്ളീച്ചയും'. ഇലകളിൽ കൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരുറ്റിക്കുടിക്കുന്ന വെളുത്തനിറത്തിലുള്ള ചെറുപ്രാണികളാണ് വെള്ളീച്ചകൾ. ഇവയുടെ ആക്രമണ ഫലമായി ഇലകൾ ചുരുളുകയും ചെടിയുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. വെള്ളീച്ചകൾ ചില വൈറസുകളുടെ വാഹകർ കൂടിയാണ്. വെണ്ട, മുളക്, പയർ, തക്കാളി, മരച്ചീനി തുടങ്ങിയവയിൽ കണ്ടുവരുന്ന മൊസൈക്ക് രോഗത്തിനു കാരണമായ വൈറസുകളെ പരത്തുന്നത് ഈ വിരുതന്മാരാണ്. റൂഗോസ് വെള്ളീച്ചകൾ 2016 ലാണ് ആദ്യമായി നമ്മുടെ രാജ്യത്തെത്തിയത്. തെങ്ങോലയിൽ ആദ്യമായി കണ്ടെത്തിയ ഇവ, പിന്നീട് വെണ്ണപ്പഴം, വാഴ, ഒലിവ്, മാവ് എന്നീ വിളകളേയും ആക്രമിക്കുന്നതായി കണ്ടത്തി. കീടങ്ങളും കുഞ്ഞുങ്ങളും ഇലയുടെ അടിയിൽ കൂട്ടമായിരുന്നു നിരൂറ്റിക്കുടിക്കുന്നു. അതിനാൽ വെളുത്തനിറത്തിൽ വട്ടത്തിലുള്ള വരകളായിട്ടാണ് ഇവയെ ദൃശ്യമാകുന്നത്.
സാധാരണ വെള്ളീച്ചകളെക്കാൾ മൂന്നിരട്ടി വലുപ്പമുള്ളവയാണ് റൂഗോസ് വെള്ളീച്ചകൾ. ചിറകിൽ കാണപ്പെടുന്ന ഒരു ജോടി കറുത്ത വരകൾ ഇവയുടെ പ്രത്യേകതയാണ്. പെൺ റൂഗോസ് വെള്ളീച്ചകൾ ഇലയുടെ അടിഭാഗത്ത് വൃത്താകൃതിയിൽ മുട്ടയിടുന്നു. മുട്ടകൾക്ക് ക്രീം കലർന്ന വെള്ളനിറമോ കടുംമഞ്ഞനിറമോ ആണ്. കുഞ്ഞുങ്ങൾക്ക് തവിട്ട് കലർന്ന മഞ്ഞ നിറമാണ്. പൂർണ വളർച്ചയെത്തിയ കീടങ്ങൾ തെങ്ങോലയുടെ അടിഭാഗത്ത് ഈർക്കിലിനോട് ചേർന്ന് കൂട്ടമായി കാണപ്പെടുന്നു.
ഭാരതീയ തോട്ടവിള ഗവേഷണ കേന്ദ്രം 2018 ഡിസംബർ മാസത്തിൽ ഇന്ത്യയിൽ റിപ്പോട്ട് ചെയ്ത ബോൺഡാർസ് നെസ്റ്റിംഗ് വെള്ളീച്ചയുടെ ജന്മദേശം മധ്യ അമേരിക്കയാണ്. തെങ്ങോലകളിൽ തന്നെയാണ് ഈ വെള്ളീച്ചയേയും ആദ്യമായി കണ്ടത്തിയത്. റൂഗോസ് വെള്ളീച്ചയുടെ മൂന്നിലൊന്ന് വലിപ്പം മാത്രമുള്ള ഇവയുടെ ചിറകിൽ ഇംഗ്ലീഷ് അക്ഷരമായ എക്സ് (X) ആകൃതിയിലുള്ള കറുത്ത വരകൾ കാണാം. ഈ വെള്ളീച്ച ശരീരത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മെഴുക് പോലുള്ള വെളുത്ത ആവരണത്തിനു നടുവിലായാണ് കാണപ്പെടുന്നത്. അതിനാലാണ് ഇവ "നെസ്റ്റിംഗ് വെള്ളീച്ചകൾ" എന്നറിയപ്പെടുന്നത്.
വെള്ളീച്ചയുടെ ആക്രമണം തെങ്ങിന്റെ വിളവിനെ കാര്യമായ രീതിയിൽ ബാധിക്കുന്നില്ല. അതിന്റെ പ്രധാനകാരണം മിത്രകീടങ്ങളുടെ സാന്നിധ്യമാണ്. ഇവ വെള്ളീച്ചകളെ വളരെ ഫലപ്രദമായ രീതിയിൽ നശിപ്പിക്കുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തെങ്ങോലകളിൽ കാണുന്ന കരിപൂപ്പൽ ക്രമേണ കുറയും. കീടബാധ രൂക്ഷമാണെങ്കിൽ 2% വേപ്പെണ്ണ മിശ്രിതം തളിച്ചു കൊടുക്കാം.
കടപ്പാട്: കര്‍ഷകന്‍
അവസാനം പരിഷ്കരിച്ചത് : 6/20/2020