ഉത്തര അക്ഷാംശം 28൦ക്കും ദക്ഷിണ അക്ഷാംശം 28൦ക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് കവുങ്ങ് കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യ, തെക്ക് കിഴക്കൻ ചൈന, ഫിലിപ്പൈന്‍സ്, പൂർവ പാക്കിസ്ഥാൻ, മലേഷ്യ, സിങ്കപ്പൂർ, മഡഗാസ്കർ തുടങ്ങിയ ഉഷ്ണമേഖലാ-സമശീതോഷ്ണ മേഖലകളിലെല്ലാം കവുങ്ങ് കൃഷി ചെയ്ത് വരുന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്ത്യയിൽ കവുങ്ങ് കൃഷി വ്യാപിച്ചു കിടക്കുന്നു. ആകെയുള്ള വിസ്തീര്‍ണ്ണത്തിന്‍റെ സിംഹഭാഗവും കർണ്ണാടക, കേരള, ആസ്സാം എന്നീ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ അടക്ക ഉൽപ്പാദനം, ആഗോള ഉൽപ്പാദനത്തിന്‍റെ 50 ശതമാനത്തോളം വരും. കർണ്ണാടകയാണ് വിസ്തീർണത്തിന്‍റെ കാര്യത്തിലും ഉൽപ്പാദനത്തിലും ഒന്നാമത്. കേരളത്തിന്‍റെ മുഖ്യ തോട്ടവിളകളിൽ ഒന്നാണ് കവുങ്ങ്. ഏറ്റവും കൂടുതൽ കവുങ്ങ് കൃഷി ചെയ്യുന്നത് മലപ്പുറം ജില്ലയിലാണെങ്കിലും (16900 ഹെക്ടർ), ഏറ്റവുമധികം ഉൽപ്പാദനം കാസർഗോഡ് ജില്ലയിൽ നിന്നാണ്.
വൈവിധ്യമാർന്ന കാലാവസ്ഥയിലും മണ്ണിനങ്ങളിലും കൃഷി ചെയ്യാവുന്ന വിളയാണ് കവുങ്ങ്. പൊതുവെ ദുർബലവും വണ്ണം കുറഞ്ഞതുമായ ഈ ഒറ്റത്തടിവ്യക്ഷത്തിൽ ശരാശരി എട്ട് ഓലകൾ കാണപ്പെടുന്നു.18 മുതൽ 24 വരെ മീറ്റർ ഉയരത്തിൽ കമുക് വളർന്ന് പൊങ്ങുന്നു. വൃക്ഷങ്ങള്‍ക്ക് ആറെട്ടുവർഷം പ്രായമാകുമ്പോൾ അവ ക്രമമായി വിളവ് തന്നുതുടങ്ങുന്നു. 40-50 വർഷം കഴിയുന്നതോടെ ഉല്പാദനം കുറയുന്നു. നീർവാർച്ചയും അമ്ലഗുണവുമുള്ള മണ്ണാണ് കവുങ്ങ് കൃഷിക്ക് ഏറ്റവും അനുയോജ്യം. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെ വെട്ടുകൽമണ്ണ്, ചെമന്ന ലോംമണ്ണ്, ആസ്സാം പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ എക്കൽമണ്ണ്, ഒറീസ്സയിലെ ലോം മണ്ണ് എന്നിവയെല്ലാം കമുകിന് യോജിച്ചതാണ്. മണ്ണേതായാലും ജലസംഗ്രഹശേഷിയും ജലനിർഗ്ഗമനശേഷിയും ഉണ്ടാകണമെന്നു മാത്രം. കേരളത്തിൽ ഭൂരിപക്ഷം തോട്ടങ്ങളും ചരൽ കലർന്ന വെട്ടുകൽ പ്രദേശങ്ങളാണ്. വളപ്രയോഗം വഴി ഈ മണ്ണിന്റെ പോഷകകുറവ് നികത്താവുന്നതേയുള്ളൂ. അന്തരീക്ഷ താപനില 10°Cൽ താഴ്ന്നതും 40°Cൽ കൂടുന്നതും കവുങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു.
കവുങ്ങിനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന മഴയുടെ അളവ് പോലെതന്നെ പ്രധാനമാണ് അതിന്‍റെ വിതരണവും. വർഷത്തിൽ 1500 മി.മീ. മുതൽ 5000 മി.മീ. വരെ ലഭിക്കുന്ന മഴയും മണ്ണിലെ സമൃദ്ധമായ ഈർപ്പവും കവുങ്ങിന് ഏറെ ഗുണകരമായ ഘടകങ്ങളാണ്. എല്ലാക്കാലത്തും ഒരേപോലെ മഴ ലഭിക്കുന്ന സ്ഥലങ്ങളിലാണ് നമ്മുടെ നാട്ടിലും പുറംനാടുകളിലും കമുകിൻ തോട്ടങ്ങൾ കാണപ്പെടുന്നത്. കൂർഗ്ഗ്, കേരളം, മൈസൂർ, ബംഗാൾ, ആസ്സാം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സാമാന്യം നന്നായി കാലവർഷം ലഭിക്കുന്നു. (2000 മുതൽ 5000 മി.മീ. വരെ) എന്നാൽ തമിഴ്നാട്, മൈസൂരിലേയും ഒറീസ്സയിലേയും സമതലപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മഴ 750 മില്ലിമീറ്ററിനും 1500 മി.മീ. നും ഇടക്കായതിനാൽ ജലസേചനം അവലംബിക്കേണ്ടതുണ്ട്. ഒരേപോലെയുള്ള മഴയുടെ വിതരണത്തിനാണ് കമുകിന്‍റെ വളർച്ചയിലും, ഉൽപാദനത്തിലും സ്വാധീനം; മറിച്ച് ലഭിക്കുന്ന മൊത്തം മഴയുടെ അളവിനല്ല. വടക്കൻ കേരളം, കർണ്ണാടക എന്നിവിടങ്ങളിൽ കാലവർഷവും തുലാവർഷവും ഉണ്ടായിട്ടുകൂടി നവംബർ മുതൽ മെയ് വരെ ഉണക്ക് അനുഭവപ്പെടുന്നുണ്ട്. ഇക്കാരണത്താൽ ഈ മാസങ്ങളിൽ ജലസേചനം അത്യാവശ്യമാണ്. മറിച്ച് മഴ ഒരുപോലെ വീതിച്ചിരിക്കുന്ന പ്രദേശങ്ങളിൽ കമുക് പുഷ്ടിയായി വളരുന്നു. ഉദാ: തമിഴ്നാട്ടിലെ മേട്ടുപ്പാളയം ഭാഗങ്ങൾ. മെച്ചപ്പെട്ട മഴ സമതുലിതമായി ലഭിക്കുന്നപക്ഷം തീരദേശങ്ങൾ തൊട്ട് സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ ഉയരത്തിലുള്ള സ്ഥലങ്ങളിൽ വരെ കവുങ്ങ് വളർത്താവുന്നതാണ്. ഉയരം വളരെ കൂടിയ സ്ഥലങ്ങളിൽ മെച്ചപ്പെട്ട വിളവ് ലഭിക്കുന്നില്ല. വയനാടൻ പ്രദേശങ്ങളിലും, കൂർഗ്ഗിലും ഫലങ്ങളിലെ പരിപ്പ് ഉറക്കുന്നില്ല. ഫലങ്ങൾ മൂപ്പെത്തുന്ന ജനുവരി- ഫെബ്രുവരി മാസങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന താഴ്ന്ന താപനിലയാണിതിന് കാരണം. ഇളംപ്രായത്തിലുള്ള കമുക് തണൽ ഇഷ്ടപ്പെടുന്നു. അത്യുഷ്ണവും വർദ്ധിച്ച ദൈനീക വ്യതിയാനവും അവക്ക് താങ്ങാൻ കഴിയില്ല. 21൦ മുതൽ 27൦ C വരെ താപനിലയള്ള പരിസ്ഥിതികൾ കമുകിന് അനുയോജ്യമാണ്. ഉഷ്ണക്കാലത്ത് താപനില വർദ്ധിക്കുമ്പോൾ ജലസേചനം വർദ്ധിപ്പിച്ച് ഉണക്കിന്‍റെ കാഠിന്യം കുറക്കേണ്ടതാണ്. വെയിലിന്‍റെ കാഠിന്യത്തിൽനിന്ന് മരങ്ങളെ സംരക്ഷിക്കാനാണ് അത്യുഷ്ണപ്രദേശങ്ങളിൽ കമുക് മരങ്ങൾ അകലം കുറച്ചുനടുന്നത്. പശ്ചിമ തീരത്ത് കാണപ്പെടുന്ന നെടിയ ഇനങ്ങളിൽ നവംബർ-ഡിസംബർ മാസങ്ങളിൽ 7 ദിവസം ഇടവിട്ടും, ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 6 ദിവസം ഇടവിട്ടും, മാർച്ച്-മെയ് മാസങ്ങളിൽ 3-5 ദിവസം ഇടവിട്ടും നന നൽകുന്നത് നല്ലതാണ്. തുള്ളിനന പ്രയോഗം അവലംബിച്ചാൽ നനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാം. കനത്ത മഴ സമയത്ത് കവുങ്ങുകളിൽ കുമിൾ രോഗബാധ കാണപ്പെടാറുണ്ട്. സുദീർഘമായ വരണ്ട വേളകളിൽ കവുങ്ങ് ചാഴികളുടെ ആക്രമണത്തിന് വിധേയമാകുന്നു. മഴ നിലയ്ക്കുന്നതോടെയാണ് ചാഴിബാധ കണ്ടുവരുന്നത്.
തോട്ടവിളകളിൽ ഏറ്റവും ആകർഷകമായ വരുമാനം നൽകുന്ന വ്യക്ഷമാണ് റബർ. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള റബ്ബർ കൃഷി ആരംഭിച്ചത്. 1902 ൽ 200 ഹെക്ടർ മാത്രമുണ്ടായിരുന്ന റബ്ബർ ക്യഷി 2006-07 ൽ 502240 ഹെക്ടറായി വർദ്ധിച്ചു. അതുപോലെ ഉൽപാദനം 1910 ലെ വെറും 80 ടൺ ആയിരുന്നത് ഇന്ന് ഏതാണ്ട് 780405 ടണ്ണോളമാണ്. ആമസോൺ തടങ്ങളിലെ മഴക്കാടുകളാണ് റബ്ബറിന്‍റെ പ്രകൃത്യാ ഉള്ള ആവാസകേന്ദ്രം. മൺസൂൺ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ പ്രദേശങ്ങളിൽ ലഭിക്കുന്ന മഴയും താപനിലയും റബ്ബർ ചെടിയുടെ വളർച്ചയ്ക്ക് ഏറെ യോജിച്ചതാണ്. മഴയെ ആശ്രയിച്ച് തനിവിളയായാണ് സാധാരണയായി റബ്ബർ കൃഷി ചെയ്യുന്നത്. റബ്ബറുൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ; റബ്ബർ ഉപഭോഗത്തിൽ നാലാമത്തേതും. ഇന്ത്യയിൽ റബ്ബറിന്‍റെ ശരാശരി ഉൽപ്പാദനം ഹെക്ടറൊന്നിന് 1554 കി.ഗ്രാം. ആണ്. 522670 ഹെക്ടർ സ്ഥലത്ത് റബ്ബർ കൃഷി വ്യാപിച്ചുകിടക്കുന്നു. രാജ്യത്തെ ഇന്ത്യയിൽ റബ്ബർ കൃഷി ചെയ്യുന്ന ആകെ വിസ്തീർണത്തിൻ 86 ശതമാനവും കേരളത്തിലാണ്. 2006-07ലെ കണക്കനുസരിച്ച് കേരളത്തിൽ മൊത്തം 502240 ഹെക്ടർ സ്ഥലത്തുനിന്ന് 780405 ടൺ റബ്ബർ ഉല്പാദിപ്പിച്ചിരുന്നു. പ്രക്യതിദത്ത റബ്ബറിന്‍റെ ഉൽപാദനത്തിൽ ഇന്ത്യക്ക് അതിന്‍റെതായ സ്ഥാനമുണ്ട്. പശിമരാശി മണ്ണാണ് റബറിനുത്തമം. മണ്ണ് വായുസഞ്ചാരമുളളതും വെളളം കെട്ടിനിൽക്കാത്തതുമായിരിക്കണം. മണലോ, ചരലോ കളിമണ്ണ്‍ കലർന്നതോ ആയ മണ്ണിലും റബ്ബർ കൃഷി ചെയ്യാവുന്നതാണ്. ഈർപ്പം നിലനിർത്താനുള്ള മണ്ണിന്‍റെ കഴിവാണ് പ്രധാനം. സൂര്യപ്രകാശലഭ്യത നല്ലവണ്ണമുള്ള പ്രദേശമായിരിക്കണം റബ്ബർ കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. സമുദ്രനിരപ്പിൽനിന്നും 1500 അടിവരെ പൊക്കമുള്ള, നിരപ്പായതോ ചരിവുള്ളതോ ആയ ഭൂമിയിൽ റബ്ബർ നന്നായി വളരുന്നു. കുത്തനെ ചരിവുളളതും പ്രകാശലഭ്യത വളരെ കുറഞ്ഞതുമായ സ്ഥലങ്ങളിൽ റബ്ബർ ക്യഷി ചെയ്യുന്നത് അഭികാമ്യമല്ല. ഒറ്റയടിക്ക് പെയ്യുന്ന അതിവർഷം റബ്ബറിനെ സംബന്ധിച്ചിടത്തോളം നല്ലതല്ല. വർഷത്തിൽ 2000 മി.മീറ്ററിൽ കുറയാതെ മഴ ഉണ്ടായിരിക്കണം. മാസംതോറും മിതമായി കിട്ടുന്ന മഴ റബ്ബർ കൃഷിക്ക് വളരെ നല്ലതാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ 20°-35൦ C വരെ താപനിലയുള്ള സമശീതോഷ്ണാവസ്ഥയാണ് റബ്ബറിന് അനുയോജ്യം. ഭൂമധ്യരേഖാപ്രദേശങ്ങളിലും ഉഷ്ണമേഖലാ മൺസൂൺ രാജ്യങ്ങളിലും റബ്ബർ പരമ്പാരാഗതമായി കൃഷി ചെയ്തുവരുന്നു. ഇന്ത്യയിൽ റബ്ബർ കൃഷി പ്രധാനമായും പശ്ചിമഘട്ട പർവ്വതനിരകളുടെ പടിഞ്ഞാറേ ചരിവിലും അടിവാരത്തിലുമാണ് ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് റബ്ബർ കൃഷി ചെയ്യുന്നതും ഉൽപ്പാദിപ്പിക്കുന്നതും കോട്ടയം ജില്ലയിലാണ്.
വര്‍ഷപാതം, താപനില, ആപേക്ഷിക ആര്‍ദ്രത, സൂര്യപ്രകാശം, മണ്ണ് തുടങ്ങിയ ഘടകങ്ങളോട് റബ്ബറിന്‍റെ വ്യത്യസ്ത ഇനങ്ങള്‍ക്ക് വ്യത്യസ്ത പ്രതികരണമാണുള്ളത്. അതുകൊണ്ടുതന്നെ റബ്ബറിന് ഏറ്റവും അനുയോജ്യമായ മണ്ണും കാലാവസ്ഥയും ഏതെന്നു നിര്‍ണ്ണയിക്കുക വിഷമകരമാണ്.
റബറിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷസ്ഥിതി
മികച്ച റബ്ബർ ഉൽപ്പാദക രാജ്യങ്ങളിൽ പോലും മേൽപറഞ്ഞ അന്തരീക്ഷസ്ഥിതി നിലനിൽക്കുന്നത് വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ്. ഉയർന്ന റബ്ബർ ഉൽപ്പാദനം നടത്തുന്ന രാജ്യങ്ങളിൽ സമ്യദ്ധമായി വർഷപാതവും റബ്ബർകൃഷിക്ക് ഏറ്റവും അനുയോജ്യമായ ഊഷ്മാവും സൂര്യപ്രകാശവുമാണുള്ളത്. വിവിധ അന്തരീക്ഷ ഘടകങ്ങൾക്ക് റബറിന്‍റെ വളർച്ചയിലും ഉൽപ്പാദനത്തിലും ഉള്ള സ്വാധീനം താഴെ ചേർക്കുന്നു.
കാലാവസ്ഥാഘടകം |
സ്വാധീനം |
|
|
||
1300-1500 മി.മീ. |
നീര്‍പിടുത്തമുള്ള മണ്ണില്‍ ആഴത്തില്‍ വേരോടാന്‍ സഹായിക്കുന്നു. |
|
1800-2500 മി.മീ. |
വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും അനുയോജ്യം. |
|
>3000 മി.മീ. |
ടാപ്പിംഗ്, മണ്ണ് സംരക്ഷണം, രോഗപരിപാലനം തുടങ്ങിയവ പ്രയാസകരമാവുന്നു. |
|
മാസം തോറുമുള്ള മഴ 100-125 മി.മീ. |
മണ്ണിലെ ഈര്‍പ്പ സഹായം ഇല്ലാതെ തന്നെ വളരാന്‍ പ്രാപ്തം. |
|
|
||
5 |
ശൈത്യം മൂലമുള്ള നാശം |
|
10 |
പ്രകാശസംശ്ലേഷണം നിലയ്ക്കുന്നു |
|
18-24 |
റബ്ബര്‍ പാല്‍ ഉല്‍പ്പാദനത്തിനു അനുയോജ്യം. |
|
35 |
സ്വേദരന്ധ്രങ്ങള്‍ അടയുന്നു. |
|
40 |
ഉയര്‍ന്ന തോതിലുള്ള ശ്വസനവും താഴ്ന്ന പ്രകാശസംശ്ലേഷണവും |
|
2a. പ്രതിമാസ താപനില |
||
>33 |
നന നല്‍കുന്നത് ചെറുപ്രായത്തിലുള്ള ചെടികളുടെ ഈര്‍പ്പക്കമ്മി കുറയ്ക്കാന്‍ സഹായിക്കും. |
|
>37 |
ഇലകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു |
|
<20 |
വളര്‍ച്ച വളരെ കുറയുന്നു |
|
2b. വാര്‍ഷിക താപനില (൦C) |
||
20 |
നിലനില്‍പ്പിനാവശ്യമായ ഏറ്റവും കുറഞ്ഞ താപനില |
|
25-28 |
പാല്‍ ഉല്‍പ്പാദനത്തിന് ഏറ്റവും അനുയോജ്യം |
|
3.അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്‍റെ മര്‍ദക്കുറവ് |
||
>12 |
പാലൊഴുക്ക് കുറയുന്നു |
|
28 |
സ്വേദരന്ധ്രങ്ങള്‍ അടയാന്‍ തുടങ്ങുന്നു |
|
35 |
സ്വേദരന്ധ്രങ്ങള്‍ അടയുന്നു |
വർഷപാതം
റബറിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായ ഘടകമാണ് മഴ. ലഭിക്കുന്ന മഴയുടെ അളവ് പോലെ തന്നെ പ്രധാനമാണ് മഴയുടെ വിതരണവും. പ്രതിമാസം സമതുലിതമായ വിതരണത്തോടെ പെയ്യുന്ന കുറഞ്ഞത് 125 മീ.മീ. മഴ റബ്ബർ ചെടിയുടെ വളർച്ചയ്ക്ക് അത്യുത്തമമാണ്. ജലസേചനം ആവശ്യമായി വരുന്ന നഴ്സറി പ്രായത്തിലുള്ള ചെറു റബർ തൈകളൊഴികെ റബ്ബർ തോട്ടങ്ങളെല്ലാം കാലവർഷാശ്രിതമായി വളരുന്നവയാണ്. ചെടികളിൽ നിന്ന് ബാഷ്പീകരണസ്വദനം വഴിയുള്ള ജലനഷ്ടം (പതിമാസ മഴയിൽ നിന്ന് ലഭിക്കുകയാണെങ്കിൽ അത് റബ്ബർ ചെടികൾക്ക് ഉത്തമമാണ്. ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയിൽ ശരാശരി പ്രതിദിന ബാഷ്പസ്വേദനം 4 മി.മീ. ആണ്. അതുകൊണ്ടുതന്നെ പ്രതിമാസം125 മി.മി. മഴ ലഭിക്കുകയാണെങ്കിൽ അത് റബ്ബർ ചെടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായതാണെന്ന് കാണപ്പെടുന്നു. പരമ്പരാഗതമായി റബ്ബർ വളരുന്ന കേന്ദ്രങ്ങളിലെല്ലാം വാർഷിക വർഷപാതം 2000 ലിറ്ററിനും 4000 മി.മീറ്ററിനും ഇടയ്ക്കും ശരാശരി മഴ ദിവസങ്ങൾ140-200 നും ഇടയ്ക്കാണ്. റബ്ബർ വളരുന്ന വിവിധ മേഖലകളിലെ
മഴയുടെ വിതരണത്തിലും അളവിലും വ്യത്യാസമുണ്ട്. മഴക്കുറവിനെ തുടർന്നുണ്ടാകുന്ന ഈർപ്പക്കമ്മിയിലെ കുറവ് മൂലം, റബർ പാലിന്‍റെ നിരക്കും, പാലൊഴുകുന്ന സമയദൈര്‍ഘ്യവും, റബ്ബറുല്‍പ്പാദനവും കുറയുന്നതായി കാണുന്നു. കാഠിന്യമേറിയ മണ്ണില്‍ (heavy soils) ശക്തമായ മഴ വെള്ളക്കെട്ടിന് കാരണമാകുന്നു. മണ്ണൊലിപ്പും ഉണ്ടാകാം. റബ്ബര്‍ വ്യാപകമായി കൃഷിചെയ്യാനാരംഭിച്ചതോടെ, കാലാവസ്ഥാ സാഹചര്യങ്ങളെ കണക്കിലെടുക്കാതെ വരണ്ട വേളകള്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്കും കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. വരള്‍ച്ച അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ ജലസേചനം നല്‍കുന്നതുവഴി ചെടികള്‍ ടാപ്പ് ചെയ്യാനെടുക്കുന്ന ദൈർഘ്യം കുറയ്ക്കാം. ദക്ഷിണേന്ത്യയിലെ തന്നെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്ന വിളവിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണം അതാതിടങ്ങളിൽ അനുഭവപ്പെടുന്ന മണ്ണിലെ ഈർപ്പലഭ്യതയാണ്. റബ്ബർ തോട്ടങ്ങളിൽ ജലസേചനത്തിന് ഈർപ്പ സംരക്ഷണമാർഗ്ഗങ്ങൾ അവലംബിച്ച് ഒരു പരിധിവരേ റബർ ചെടികളെ ബാധിക്കുന്ന വരൾച്ചയെ തടയാം. വർഷത്തിൽ 150 ദിവസത്തിൽ കൂടുതലുള്ള മഴ ദിവസങ്ങളും റബ്ബറിനെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ല. അത്തരം വർഷങ്ങളിൽ പാലുൽപാദനവും കുറയുന്നതായി കാണപ്പെടുന്നു.
മഴയുടെ ദൈനീക വിതരണക്രമം പാലുൽപ്പാദനത്തെ ഗണ്യമായി സ്വാധീനിക്കുന്നു. അതിരാവിലെയോ, ടാപ്പിങ്ങിന് തൊട്ടുമുൻപോ ലഭിക്കുന്ന മഴ, റബ്ബർ തടി നനയുന്നതിനും അതുവഴി ടാപ്പിങ്ങിന് പ്രതിബന്ധം സ്യഷ്ടിക്കുകയും ചെയ്യും. തൻമൂലം, റബ്ബര്‍ പാലുൽപ്പാദനത്തിൽ കുറവുണ്ടാകുന്നതായി കാണുന്നു. റബ്ബർ പാൽ ശേഖരിച്ചു കഴിഞ്ഞ ശേഷം പെയ്യുന്ന മഴയാകട്ടെ തൊട്ടടുത്ത ദിവസം ലഭിക്കുന്ന പാലിൽ വർധനവ് ഉണ്ടാക്കുന്നു.
മഴക്കാലത്ത് റബ്ബർ തൈകൾ ഈർപ്പക്കമ്മിക്ക് വിധേയമാകുന്നതായി കാണാറില്ല. എന്നാൽ പ്രതിവർഷം 3000 മി.മീ. മഴ ലഭിക്കുന്ന കേരളത്തിൽ പോലും ചില മാസങ്ങളിലുണ്ടാവുന്ന മഴക്കുറവ് റബ്ബർ കൃഷിയെ സംബന്ധിച്ചിടത്തോളം തൃപ്തികരമല്ല. കഠിനമായ ഈർപ്പക്കമ്മി നേരിടുന്ന ഡിസംബർ-മെയ് മാസങ്ങളിൽ റബ്ബറിന്റെ തായ്വേര് 2-3 മീറ്റർ താഴ്ചയിൽ നിന്ന് മണ്ണിലെ ഈർപ്പം ആഗിരണം ചെയ്യാറുണ്ട്. കഠിനമായ വരൾച്ചാവേളകളിൽ റബ്ബർ ചെടികൾ തടിയിലുള്ള വെള്ളം തന്നെ ഉപയോഗപ്പെടുത്തും. വേനൽ മാസങ്ങളിൽ ജലസേചനം നൽകിയില്ലെങ്കിൽ ഉയർന്ന ചൂടിനും ഈർപ്പക്കമ്മിക്കും വിധേയമായി ചെടികൾ ഉണങ്ങിപ്പോകുന്നു. ഉയർന്ന താപനിലയിൽ സസ്യസ്വേദനം കൂടുന്നതിനാൽ പ്രകാശസംശഷണത്തിന്റെ തോത് കുറയുന്നു. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിനിടയ്ക്ക് 4-5 ദിവസത്തോളം തുടർച്ചയായി മഴ പെയ്യുകയും ആകാശം മേഘാവൃതമായിരിക്കുകയും ചെയ്യുന്ന വേളകളിൽ റബ്ബർ മരങ്ങളിൽ നിന്ന് പതിവിൽ കവിഞ്ഞ ഇലപൊഴിച്ചിൽ കാണപ്പെടാറുണ്ട്. ജൂലായ് മധ്യത്തോടെയാണ് സാധാരണ പടിഞ്ഞാറൻ കാലവർഷകാലത്ത് ഈ രോഗം റബർ മരങ്ങളിൽ ഗതിയിൽ ഇല പൊഴിച്ചിൽ ഉണ്ടാകുന്നത്. എല്ലാ വർഷവും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് ഈ രോഗം റബ്ബര്‍ മരങ്ങളില്‍ കണ്ടുവരുന്നു. കാലവര്‍ഷാരംഭം മാറുന്നതിനനുസരിച്ച് ഇലപൊഴിച്ചില്‍ രോഗം ആരംഭിക്കുന്ന സമയവും വ്യത്യാസപ്പെടാം.
താപനില
റബ്ബർ ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാണ് അന്തരീക്ഷ താപനിലയ്ക്കുളളത്. മിതമായ താപനിലകളോട് പൊതുവെ റബ്ബർ സഹിഷ്ണുത പുലർത്തുന്നു. ഏറെ ഉയർന്നതും ഏറെ താഴ്ന്നതുമായ താപനില റബ്ബറിന് ഹാനികരമാണ്. ശരാശരി പ്രതിമാസ താപനില 25-28°C ആണ് ഏറെ അനുയോജ്യം.
മഴയില്ലാത്ത അവസരങ്ങളിൽ ഉയർന്ന താപനില, വർദ്ധിച്ച ബാഷ്പസ്വദനത്തിന് ഇടയാക്കുന്നു. അതുവഴി മണ്ണിലെ കഠിനമായ ഈര്‍പ്പക്കമ്മിക്കും. 37°Cൽ ഉയർന്ന അന്തരീക്ഷ താപനിലയും, മണ്ണിലെ ഈർപ്പക്കമ്മിയും കൂടി റബ്ബർ ചെടിയുടെ ഇലകളിൽ ക്ഷതമേൽപ്പിക്കുകയും ഇലകളുടെ അരിക് ഉണങ്ങാനിടയാകുകയും ചെയ്യുന്നതായി കാണപ്പെട്ടിട്ടുണ്ട്. ഇപ്രകാരം സംഭവിക്കുന്ന താപക്ഷതം (Thermal injury) ചെടികൾ നശിക്കുന്നതിന് ഇടയാക്കുന്നു. താപക്ഷതം മൂലമുള്ള നഷ്ടം കുറയ്ക്കുന്നതിന് റബർ ചെടികൾക്ക് ജലസേചനം നൽകേണ്ടത് ആവശ്യമാണ്. വടക്ക് കിഴക്കൻ ഇന്ത്യയിലെ റബ്ബർ തോട്ടങ്ങളിൽ താഴ്ന്ന താപനിലകൾ മൂലമുള്ള വളർച്ച മുരടിപ്പ് കാണപ്പെട്ടിട്ടുണ്ട്; പ്രത്യേകിച്ച് ശൈത്യമാസങ്ങളിൽ. താഴ്ന്ന താപനില അനുഭവപ്പെടുന്നയിടങ്ങളിൽ വളർച്ചാ നിരക്ക് താപനിലയിലെ വർധനവിനനുസരിച്ച് വർധിക്കുന്നതായും കാണുന്നു. ഉയർന്ന താപനിലയിൽ പാലുൽപ്പാദനം കുറയുന്നതായും തൽഫലമായി റബ്ബറുൽപ്പാദനം കുറയുന്നതായും കാണപ്പെടുന്നു.
സമുദ്രനിരപ്പിൽനിന്ന് 200 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിൽ റബ്ബർ കൃഷി ചെയ്യുമ്പോൾ, ടാപ്പ് ചെയ്യാൻ എടുക്കുന്ന കാലദൈർഘ്യം കൂടുന്നതായി കാണപ്പെടുന്നു. ഓരോ 100 മീറ്ററിനും ആറ് ദിവസത്തെ വ്യത്യാസം കാണപ്പെടുന്നു. ഇന്ത്യയിൽ നിരപ്പായ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന റബ്ബറിനെ അപേക്ഷിച്ച് ഉയർന്ന സ്ഥലങ്ങളിലുള്ള റബ്ബർ 26 മുതൽ 37 ശതമാനം വരെ വളർച്ചക്കുറവ് കാണിക്കുന്നു. ഉയരത്തിനനുസരിച്ച് താപനിലയിൽ വരുന്ന കുറവാണ് ഇതിനുകാരണം.
ആപേക്ഷിക ആർദ്രത
ചെടികളിൽ നിന്നുള്ള സ്വദനത്തിന്റെ നിരക്ക് നിയന്ത്രിക്കുന്നത് അന്തരീക്ഷ താപനിലയും ആപേക്ഷിക ആർദ്രതയുമാണ്. പാലുൽപ്പാദനത്തിലെ ദൈനീക വ്യതിയാനവും ബാഷ്പമർദ്ദക്കമ്മിയും തമ്മിൽ വിപരീതാനുപാതത്തിലുള്ള ബന്ധമാണുള്ളത്. പാലുൽപ്പാദനം ഏറ്റവും കൂടുതലും സ്ഥിരവുമായി ലഭിക്കുന്നത് രാത്രി 7 മണിക്കും രാവിലെ 8 മണിക്കും ഇടയിലാണ്. ഏറ്റവും കുറവ് ഉച്ചയ്ക്ക് 1 മണിക്കും. സ്വേദനം മൂലമുള്ള ഉയർന്ന ജലനഷ്ടവും തൽഫലമായി പാലൊഴുകുന്ന സുഷമനാളികളിൽ അനുഭവപ്പെടുന്ന മർദ്ദക്കുറവും പാലൂറുന്നത് കുറയുന്നതിന് കാരണമാകുന്നുണ്ട്.
സൂര്യപ്രകാശം
റബ്ബറിന്‍റെ വളർച്ചയിലും ഉൽപ്പാദനത്തിലും സൂര്യപ്രകാശത്തിന്‍റെ പ്രഭാവം പ്രകാശസംശ്ലേഷണത്തിലും റബ്ബറിന്‍റെ ജല ആവശ്യകതയിലും പ്രതിഫലിക്കുന്നു. മണ്ണിൽ ഈര്‍ർപ്പാംശം പരിമിതമാണെങ്കിൽ, ദീർഘനേരം ലഭിക്കുന്ന സൗരവികിരണങ്ങൾക്ക് ചെടികളുടെ പ്രകാശ സംശ്ലേഷണത്തിലും, വളർച്ചയിലും പ്രതികൂലഫലമാണുള്ളത്. ചെടികളിലെ കോശങ്ങൾക്ക് ധാരാളം ജലം ലഭ്യമാകുകയോ, ബാഷ്പസ്വദനം മൂലമുള്ള ജലനഷ്ടം പരിമിതപ്പെടുത്തുകയോ ചെയ്താൽ ദീർഘകാലം പാലൊഴുകുന്നതിന് അത് സാഹായകമാകും. ജലത്തിന്‍റെയും സൂര്യപ്രകാശത്തിന്‍റെയും ലഭ്യതയിൽ വരുന്ന കാലിക വ്യതിയാനം റബ്ബറുൽപ്പാദനത്തെ സ്വാധീനിക്കുന്നു. ധാരാളം ജലം ലഭിക്കുന്ന മഴക്കാലത്ത് ധാരാളം സൂര്യപ്രകാശം കൂടി ലഭിക്കുമെങ്കിൽ ഉയർന്ന പാലുൽപ്പാദനം ഉറപ്പാക്കാവുന്നതാണ്. സാധാരണഗതിയിൽ, മഴക്കാലത്തെ കുറഞ്ഞ റബ്ബർ പാലുൽപ്പാദനത്തിന് പ്രധാന കാരണം ആ മാസങ്ങളിലെ കുറഞ്ഞ സൂര്യപ്രകാശലഭ്യതയാണ്. എന്നാൽ, കൂടുതൽ സമയം ഉയർന്ന തോതിൽ ലഭിക്കുന്ന സൗര വികിരണങ്ങൾ ചെറിയ റബ്ബർ ചെടികളുടെ തടി (Bark) കരിയുന്നതിനിടയാക്കുന്നു. ചെറിയ ചെടികളെ ശക്തിയേറിയ ചൂടിൽ നിന്ന് സംരക്ഷിക്കുന്നതിന് തടിയിൽ ചുണ്ണാമ്പ് പൂശുന്നത് നല്ലതാണ്.
റബ്ബർ ഉൽപ്പാദനത്തിലെ കാലികവ്യതിയാനം സൂര്യപ്രകാശ ദൈർഘ്യത്താൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. എന്നാൽ പരമാവധി ഉൽപ്പാദനം ലഭിക്കാൻ വേണ്ട സൂര്യപ്രകാശത്തിൻറെ ആവശ്യകത ഇനിയും തിട്ടപ്പെടുത്തേണ്ടതുണ്ട്.
കാറ്റ്
റബ്ബർ തോട്ടങ്ങളുടെ നിലനിൽപ്പിന് നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകമാണ് കാറ്റ്. ശക്തിയേറിയ കാറ്റ് തോട്ടങ്ങളിൽ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. ചെടികളുടെ ഇലച്ചാർത്തിന് നാശം വരുത്തുവാനും വലിയ ഇലച്ചാർത്തുകളുളള ചെറിയ ചെടികൾ വളയ്ക്കുവാനും ശക്തിയേറിയ കാറ്റിന് കഴിയും. ശക്തമായി കാറ്റനുഭവപ്പെടുന്നയിടങ്ങളിൽ റബർ കൃഷി യോജിച്ചതല്ല.
കടപ്പാട്: കാലാവസ്ഥയും കൃഷിയും
C S ഗോപകുമാര്‍
K N കൃഷ്ണകുമാര്‍
H V പ്രസാദ് റാവു
അവസാനം പരിഷ്കരിച്ചത് : 6/21/2020