অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ധാന്യവിളകളും തോട്ടവിളകളും ഭാഗം-1

ധാന്യവിളകളും തോട്ടവിളകളും ഭാഗം-1

നെല്ല്

ലോകത്തിലെ ബഹുഭൂരിപക്ഷം ആളുകളുടെയും മുഖ്യാഹാരമാണ് അരി. ധാന്യവർഗ്ഗങ്ങളുടെ രാജ്ഞിയെന്നാണ് നെല്ല് അറിയപ്പെടുന്നത്. ഉഷ്ണമേഖല-ഉപോഷ്ണമേഖലാരാജ്യങ്ങളിലാണ് നെൽകൃഷി പ്രധാനമായും നടത്തുന്നത്. ലോകത്ത് ഏതാണ്ട് 148 മില്ല്യൺ ഹെക്ടർ പ്രദേശത്ത് നെൽകൃഷി ചെയ്യുന്നുണ്ട്. ഉൽപാദനം 525 ദശലക്ഷം ടൺ കവിയും. ഉൽപാദനത്തിന്റെയും ഉപഭോഗത്തിന്റെയും 90 ശതമാനം തെക്കു കിഴക്കൻ ഏഷ്യയിലാണ്. ചില ശൈത്യരാജ്യങ്ങളിലും നെൽകൃഷി ചെയ്യുന്നുണ്ട്.

കേരളത്തിൽ പാലക്കാട്, ത്യശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കൂടുതൽ നെൽകൃഷിയുള്ളത്.

ഉഷ്ണമേഖലാ-ആർദ്രോഷ്ണമേഖലകളിലെ തനതു വിളയാണ് നെല്ല്. കേരളത്തിന്റെ നെല്ലുൽപ്പാദനം ദേശീയ ഉൽപാദനത്തിന്‍റെ ഏതാണ്ട് ഒരു ശതമാനത്തോളമേ വരൂ. 2006-07ലെ നെല്ലുത്പാദനം 263529 ഹെക്ടർ സ്ഥലത്തുനിന്നും 641575 ടൺ ആയിരുന്നു. ഭക്ഷ്യാവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ അരി ഉപയോഗിക്കുന്ന കേരളത്തില്‍ ഇപ്പോഴത്തെ ഉൽപ്പാദനം സംസ്ഥാനത്തിന്റെ യഥാർത്ഥ ആവശ്യകതയേക്കാൾ തുലോം കുറവാണ്. അതുകൊണ്ടുതന്നെ നെല്ലുല്‍പ്പാദനം ഏറെ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഏറ്റവുമധികം നെല്ലുൽപ്പാദനം പാലക്കാട് ജില്ലയിൽ നിന്നാണ് -109208 ഹെക്ടർ സ്ഥലത്ത് നിന്ന് 270103 ടൺ.

കാലവർഷത്തെ ആശ്രയിച്ച് ചെയ്യുന്ന ഒന്നാം വിള ഞാറ് പറിച്ചുനട്ടോ, വിത്തെറിഞ്ഞോ കൃഷി ചെയ്യാം. രണ്ടാം വിളകൃഷിക്ക് ജലസേചന സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിളയായ നെല്ല് 2000 മി.മീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു. താഴ്ന്ന പ്രദേശങ്ങളിലാണ് സാധാരണയായി നെല്ല് കൃഷി ചെയ്യുന്നത്. ജലലഭ്യതയനുസരിച്ച് മൂന്ന് തവണ വരെ (വിരിപ്പ്, മുണ്ടകന്‍, പുഞ്ച) നെൽകൃഷി ചെയ്യുന്ന സമ്പ്രദായമാണ് കേരളത്തിൽ പൊതുവെ നിലവിലുള്ളത്. ഇവയിൽ ഒന്നാം വിളയായ വിരിപ്പ് കൃഷി (ഏപ്രില്‍-മെയ്-സെപ്തംബർ-ഒക്ടോബർ) പൂർണമായും കാലവർഷത്തെ മാത്രം ആശ്രയിച്ചുള്ളതാണ്. ഏപ്രിൽ- മേയ് മാസത്തിൽ ലഭിക്കുന്ന മഴ നെൽകൃഷിക്ക് അത്യന്താപേക്ഷിതമാണ്. ഈ സമയത്ത് ലഭിക്കുന്ന മഴയെ ആശ്രയിച്ചാണ് വിത്തിന്റെ മുളയും ഞാറിന്‍റെ നിലനിൽപ്പും. ഏപ്രിൽ-മെയ് മാസത്തെ മഴയിൽ വരുന്ന കുറവും കാലവർഷമഴയിൽ വരുന്ന കുറവും ഒന്നാംവിള കൃഷിയിൽ 37 ശതമാനം വരെ നഷ്ടം വരുത്താം. രണ്ടാംവിളയായ മുണ്ടകനാകട്ടെ (സെപ്തംബർ/ഒക്ടോബർ-ഡിസംബർ/ജനുവരി) തെക്കൻ കേരളത്തിൽ ഒക്ടോബർ-നവംബർ മാസത്തിൽ ലഭിക്കുന്ന മഴയെ ഭാഗികമായി ആശ്രയിച്ച് കൃഷി ചെയ്യുന്നു. മൂന്നാം വിള കൃഷിക്ക് നെല്ലിന്‍റെ ജല ആവശ്യകതയ്ക്ക് വേണ്ട മഴ ലഭിക്കാറില്ല. അതുകൊണ്ട് പൂർണ്ണമായും ജല സേചനത്തെ ആശ്രയിക്കേണ്ടിവരുന്നു. എന്നാൽ വടക്കൻ കേരളത്തിലാകട്ടെ തുലാവർഷത്തിന്‍റെ അഭാവം മൂലം രണ്ടാം വിളയെ ഈര്‍പ്പക്കമ്മി ബാധിക്കുന്നു. മതിയായ ജലസേചനം നൽകിയില്ലെങ്കിൽ കൃഷി നശിക്കുന്നു. മൂന്നാം വിളയായ പുഞ്ചകൃഷി (ഡിസംബർ-ജനുവരി-മാർച്ച് ഏപ്രിൽ) ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഒന്നാം വിളക്കാലത്ത് ലഭിക്കുന്ന മഴ, വിളയുടെ യഥാർത്ഥ ജലആവശ്യകതയെക്കാൾ തുലോം കൂടുതലാണ്. അതുകൊണ്ട് ഒന്നാം വിള ഒരിക്കലും ഈർപ്പകമ്മിക്ക് വിധേയമാക്കപ്പെടുന്നില്ല എന്നുവരികിലും വേണ്ടത്ര വേനൽ മഴ ലഭിക്കുകയെന്നതും ഒന്നാം വിളയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കാരണം വിത്തുവിത, ഞാറ്റടി തയ്യാറാക്കൽ തുടങ്ങിയ കൃഷിപ്പണികൾ നടക്കുന്നത് വേനൽ മഴയെ ആശ്രയിച്ചാണ്. വേനൽമഴ ക്രമം തെറ്റിയതോ, അപര്യാപ്തമോ ആയാൽ അത് വിത്ത് നാമ്പെടുക്കുന്നതിനെയും തുടർന്നുളള വളർച്ചയേയും അവതാളത്തിലാക്കും. ഇതിന്റെ ഫലമായി ഒന്നാം വിളയിൽനിന്നും വേണ്ടത്ര വിളവ് കിട്ടില്ല. എന്നാൽ, കതിരിടുന്നതുമുതൽ പാലുറക്കുന്നതുവരെയുള്ള ഘട്ടത്തിൽ നെൽപാടങ്ങളിൽ വെള്ളക്കെട്ടുണ്ടാകുന്നത് നെൽകൃഷിയുടെ വിളവിനെ ദോഷകരമായി ബാധിക്കും.

ജല ആവശ്യകത

മറ്റു ധാന്യവിളകളിൽ നിന്ന് നെല്ലിനെ വേർതിരിക്കുന്നത് അതിന്‍റെ ഉയര്‍ന്ന ജലആവശ്യകതയാണ്. വെള്ളത്തിൽ വളരുന്ന ഒരേ ഒരു ധാന്യവിളയും നെല്ല് തന്നെ. ആകെയുള്ള നെല്ലിനങ്ങളിൽ 60 ശതമാനവും വര്‍ഷാശ്രിതമായാണ് വളരുന്നത്. 20 ശതമാനം ഇനങ്ങൾ മാത്രമേ ഉയര്‍ന്നതോ വരണ്ടതോ ആയ പ്രദേശങ്ങളിൽ വളരുന്നതായി കാണപ്പെട്ടിട്ടുള്ളൂ. ബാക്കിയുളള 20 ശതമാനത്തോളം നെല്ലിനങ്ങൾ, ഒരു പരിധിവരെ, ജലസേചനത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്നവയാണ്.

നെൽപാടങ്ങളിൽ ഏകദേശം അഞ്ച് സെൻറീമീറ്റർ ഉയരത്തിൽ വെള്ളം കെട്ടിനിർത്തുന്നതാണ് നെല്ലിന് ഏറ്റവും അഭികാമ്യം. എന്നാൽ ബാഷ്പീകരണം കൂടുകയും വേണ്ടത്ര മഴയോ അഥവാ ജലസേചനമോ ലഭിക്കാത്ത പക്ഷം നെൽപാടങ്ങൾ ഉണങ്ങുന്നു. നെൽചെടിയുടെ വേരുകൾ സാധാരണഗതിയിൽ 15 സെൻറിമീറ്ററിനപ്പുറം ആഴത്തില്‍ പോകാറില്ല. അതിനാൽ മണ്ണിലെ ഈർപ്പശോഷണം നെൽച്ചെടി അതിവേഗം ബാധിക്കുന്നു. കൂടാതെ വെള്ളം കെട്ടിനിൽക്കാത്ത നെൽപാടങ്ങളിൽ കളകൾ ദ്രുതഗതിയിൽ പടർന്ന് പിടിക്കുകയും ചെയ്യുന്നു. കെട്ടിനിർത്തപ്പെടുന്ന ജലത്തിന്‍റെയും, മണ്ണിന്‍റെയും പകൽ താപനിലയിലുണ്ടാകുന്ന വ്യത്യാസം നെൽച്ചെടിയിലെ ചിനപ്പ് പൊട്ടൽ ഏറെ ത്വരിതപ്പെടുത്തുന്നു. അനുയോജ്യമായ ഉയരത്തിൽ വെളളം കെട്ടിനിർത്തുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ അധികജലം കെട്ടിനിൽക്കുന്ന അവസ്ഥ നെൽച്ചെടികൾക്ക് ദോഷകരമാണ്. ഇതുമൂലം വേരുകൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരുന്നു. മാത്രമല്ല, നെല്ലോലകൾ ചീയാനും ഇടവരുന്നു.

നെൽകൃഷിയുടെ വിവിധ വളർച്ചാഘട്ടങ്ങളായ കായിക വളർച്ചാഘട്ടം, പ്രത്യുൽപ്പാദനഘട്ടം, മൂപ്പെത്തൽ ഘട്ടം എന്നിവയിൽ അനുഭവപ്പെടുന്ന ജലാധിക്യം കുറഞ്ഞ വിളവിന് നിദാനമാകുന്നു. ജലം ഇഷ്ടപ്പെടുന്ന വിളയാണെങ്കിലും വിളയുടെ വിവിധ ഘട്ടങ്ങളിൽ അത്യധികമായി ലഭിക്കുന്ന മഴ, നല്ലവിളവിന് വിഘാതം സൃഷ്ടിക്കുന്നു. ഒന്നാം വിള കൃഷിയിൽ നെല്ലിനെ ജലദൗർലഭ്യമല്ല, മറിച്ച്, ജലാധിക്യമാണ് ദോഷകരമായി ബാധിക്കുന്നത്.

നെല്ലിന്‍റെ വിവിധ ഘട്ടങ്ങളിൽ അനുഭവപ്പെട്ട ജലാധിക്യം

വിളയുടെ ഘട്ടം

ജലാധിക്യം(മില്ലിമീറ്റര്‍)

1965

1983

കായിക ഘട്ടം

708

1041

പ്രത്യുൽപ്പാദന ഘട്ടം

210

465

മൂപ്പെത്തുന്ന ഘട്ടം

9

77

1965-ഉയർന്ന ഉൽപ്പാദനം ലഭിച്ച വർഷം

1983-കുറഞ്ഞ ഉൽപാദനം ലഭിച്ച വർഷം

കേരളത്തിന്‍റെ വടക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച്, കാസര്‍ഗോഡ് ജില്ലയിൽ വിരിപ്പ് കൃഷിയിൽ നിന്നുള്ള ഉൽപ്പാദനം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുറവാണ്. ഫലപുഷ്ടി കുറഞ്ഞ മണ്ണ്, കനത്തമഴ, വെള്ളക്കെട്ട്, മങ്ങിയ സൂര്യപ്രകാശം, പറിച്ചു നടലിൽ വരുന്ന താമസം എന്നിവയാണ് കുറഞ്ഞ ഉൽപ്പാദനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഞാറ് നടീലിലുണ്ടാവുന്ന കാലതാമസം, വിളവിന്‍റെ വളര്‍ച്ചാഘട്ടങ്ങളില്‍ കെട്ടിക്കിടക്കുന്ന അധികജലം, ചിനച്ചു പൊട്ടുന്ന സമയത്ത് ലഭിക്കുന്ന അധികമഴ എന്നിവയും ഉൽപ്പാദനത്തെ സംബന്ധിച്ചിടത്തോളം പ്രതികൂലഘടകങ്ങളാണ്. പൂർണ്ണമായും മൂപ്പെത്തുന്നതിന് 30 മുതൽ 45 ദിവസം മുമ്പ് വരെ ലഭിക്കുന്ന സൂര്യപ്രകാശം കായികവളർച്ചാ ഘട്ടത്തിൽ ലഭിക്കുന്ന ഉയർന്ന താപനില എന്നിവയും ഉൽപ്പാദനത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.

പറിച്ചുനടീലിലുണ്ടാവുന്ന കാലതാമസവും ഉൽപാദനത്തിലെ വ്യതിയാനവും

ഞാറ് പറിച്ചുനടീലിലുണ്ടാവുന്ന കാലതാമസം ഉൽപാദനത്തിൽ വരുത്തുന്ന കുറവിനെ കുറിച്ച് “അല്ലിക്കണ്ണൻ' എന്ന നെല്ലിനത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ ഞാറ് നേരത്തെ പറിച്ചുനട്ട സന്ദർഭങ്ങളിൽ (ജൂൺ 8) മൂപ്പെത്താൻ കൂടുതൽ സമയം എടുത്തെങ്കിൽ പോലും ഉൽപ്പാദനത്തിന്റെ അളവും കൂടുതലാണെന്ന് കണ്ടു; എന്നാൽ, ഇതേ ഇനം നെല്ല് ഏകദേശം രണ്ടാഴ്ച വീതം ഇടവിട്ട് പറിച്ചുനട്ടപ്പോൾ (ജൂൺ 22, ജൂലൈ 6, ജൂലൈ20) മൂപ്പെത്താൻ എടുക്കുന്ന സമയത്തിൽ പ്രകടമായ കുറവിനോടൊപ്പം ഉൽപ്പാദനത്തിലും നന്നെ കുറവ് കാണപ്പെട്ടു.

ഉല്‍പ്പാദനത്തിലും വളര്‍ച്ചയിലും പറിച്ചുനടീല്‍ സമയത്തിന്‍റെ പ്രഭാവം (ഇനം:അല്ലിക്കണ്ണന്‍)

പറിച്ചുനടീല്‍ സമയം

മൂപ്പെത്തുന്നതിനു വേണ്ടിവരുന്ന സമയം (ദിവസം)

ഉല്‍പ്പാദനം (ടണ്‍/ഹെക്ടര്‍)

ഉല്‍പ്പാദനത്തിലെ ശതമാനക്കുറവ്

ജൂണ്‍ 8

144.4

3.66

-

ജൂണ്‍ 22

139.0

2.92

20.2

ജൂലൈ 6

131.2

2.30

37.2

ജൂലൈ 20

126.4

1.36

62.8

പ്രകാശ സംവദത്വം കാണിക്കുന്ന ഇനങ്ങളിലാണ് ഇത് കൂടുതല്‍ പ്രകടം. നടീല്‍ സമയം ജൂണ്‍ 8ല്‍ നിന്ന് ജൂലൈ 20 വരെ നീണ്ടപ്പോള്‍ ഉല്‍പ്പാദനത്തില്‍ 62.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പ്രകാശ സംവേദത്വം പുലർത്താത്ത ഇനങ്ങളിലാകട്ടെ, (ജയ, ജ്യോതി, ത്രിവേണി) മറ്റ് അന്തരീക്ഷ ഘടകങ്ങളാണ് നിർണായകം. എന്നാൽ ഇത്തരം വിളകളിലും പറിച്ചുനടീൽ മൂലം വിളവിലുണ്ടാകുന്ന വ്യതിയാനം അസാധാരണമല്ല.

താപനില

നെൽച്ചെടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും വിളവിനേയും അന്തരീക്ഷ താപനില സാരമായി ബാധിക്കും. ഉഷ്ണമേഖലയിലും ഉപോഷ്ണമേഖലയിലും ആണ് നെല്ല് വളരുന്നത്. 20°C നും 40C നും ഇടക്കുള്ള അന്തരീക്ഷ താപനിലയാണ് നെല്ലിന്‍റെ വളർച്ചയ്ക്ക് അഭികാമ്യമെങ്കിലും പകൽ താപനില ഏകദേശം 30°C ആണ് ഏറ്റവും അനുയോജ്യം. ഉയർന്ന അന്തരീക്ഷ താപനിലയിൽ ഏറ്റക്കുറച്ചിലുകൾ വരുന്നതിനനുസരിച്ച് നെല്ല് മൂപ്പെത്തുന്നതിനുള്ള സമയത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതായി കാണുന്നു. അതായത്, അന്തരീക്ഷ താപനില ഉയരുന്തോറും മൂപ്പെത്തുന്നതിനുള്ള സമയം ആനുപാതികമായി കുറയുന്നു. ഒരേ ഇനം തന്നെ വിരിപ്പ്, മുണ്ടകൻ, പുഞ്ച കൃഷിക്കുപയാഗിക്കുകയാണങ്കിൽപ്പോലും മുണ്ടകൻ-പുഞ്ച കൃഷിയിൽ വിള മൂപ്പെത്തുന്നതിന് വിരിപ്പുകൃഷിയേക്കാൾ കുറഞ്ഞ സമയമേ എടുക്കുന്നുള്ളൂ എന്നുകാണാം. മുണ്ടകൻ-പുഞ്ച കൃഷി സമയത്തെ താരതമ്യേന കൂടിയ അന്തരീക്ഷ ഊഷ്മാവാണ് ഇതിന് കാരണം. വിളയുടെ കായിക ഘട്ടത്തിൽ അനുഭവപ്പെടുന്ന ഉയർന്ന താപനില നെല്ലിനങ്ങളായ 'ജയ', 'തൊണ്ണൂറാൻ എന്നിവയുടെ വിളദൈർഘത്തെ സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തി.

അന്തരീക്ഷോഷ്മാവിന് ഒരേ സമയം അനുകൂലവും പ്രതികൂലവുമായ സ്വാധീനമാണ് നെൽച്ചെടിയുടെ വളർച്ചയിലും ഉൽപാദനത്തിലും ഉള്ളത്. ഒരേ അന്തരീക്ഷോഷ്ടാവിനോട് നെൽച്ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങൾക്ക് വ്യത്യസ്ഥ പ്രതികരണമാണുള്ളത്. മുള വരുന്ന ഘട്ടത്തിലും ഞാറായിരിക്കുന്ന അവസ്ഥയിലും നെൽപാടങ്ങളിലെ ജലത്തിന്റെ ഊഷ്മാവാണ് നെൽച്ചെടിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകം. കാരണം, ഈ ഘട്ടത്തിൽ നെൽച്ചെടി വെള്ളത്തിനടിയിലാണ് എന്നതു കൊണ്ടുതന്നെ. ഞാറിന്‍റെ തലപ്പ് വളർന്ന് പൂർണ്ണമായും വെളളത്തിന് മുകളിൽ എത്തിക്കഴിഞ്ഞാൽ, അന്തരീക്ഷതാപനിലയാണ് ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്നത്. 20° സെൻറീഗ്രേഡോ അതിലധികമോ ആയ താപനിലയിലാണ് സാധാരണ നെൽച്ചെടികൾ വളരുന്നതെങ്കിലും 35-40°C ൽ ഉയർന്ന താപനില അഭികാമ്യമല്ല. പകൽ താപനില ഏറ്റവും കൂടിയത് 30°C ഉം രാത്രി താപനില ഏറ്റവും കുറഞ്ഞത് 20°C ആയിരിക്കുന്നതാണ് ഏറ്റവും അനുയോജ്യം. താഴ്ന്ന അന്തരീക്ഷ താപനിലയില്‍ മുളപൊട്ടുന്നതിന്റെ നിരക്ക് കുറവായിരിക്കും. 13°C ൽ വരെ മുളപൊട്ടല്‍ നടക്കുന്നതായി കണ്ടിട്ടുണ്ടെങ്കിലും, വേണ്ടിവരുന്ന സമയം 10 ദിവസമോ കൂടുതലോ ആകാറുണ്ട്. അനുയോജ്യമായ താപനിലയിൽ മുളപൊട്ടാന്‍ 6 ദിവസം വരെയാണ് എടുക്കുന്നത്. വേരുപിടിക്കുന്നതിന് താഴ്ന്ന നിലയിൽ ചിനപ്പു മന്ദഗതിയിലായിരിക്കും. എന്നാല്‍ ഉയര്‍ന്ന താപനിലയില്‍ ശ്വസനനിരക്ക് കൂടുന്നതിനാല്‍ മുളപൊട്ടുന്നത് നിലയ്ക്കുന്നു. വേരിന്‍റെ വളർച്ചയും മന്ദഗതിയിലാകുന്നു. കതിരുകൾ ഉണ്ടാകുന്നത് പൂർണമായും നിലയ്ക്കാം. മൂപ്പെത്തുന്ന സമയത്ത് നേരിടേണ്ടിവരുന്ന ഉയർന്ന താപനില അരിയുടെ ഗുണം നശിപ്പിക്കുകയും തവിടിന്‍റെ കനം കൂട്ടുകയും ചെയ്യുന്നു.

നെൽച്ചെടിയുടെ വളർച്ചാനിരക്ക്, വളർച്ചാദൈർഘ്യം, ഉൽപ്പാദനക്ഷമത എന്നിവയെ താപനില സ്വാധീനിക്കുന്നു. 22°C മുതൽ 37°C വരെ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവനുസരിച്ച് വളർച്ചാനിരക്കിലും ആനുപാതികമായ വർദ്ധനവ് കാണപ്പെടുന്നു. എന്നാൽ ഇതിനേക്കാളുയർന്ന താപനിലകളിൽ വളർച്ചാനിരക്കും ഉൽപ്പാദനവും പ്രതികൂലമായി ബാധിക്കപ്പെടുന്നതായാണ് കാണപ്പെടുന്നത്. വളരാൻ ഏറ്റവും അനുയോജ്യമായ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസൃതമായി നെൽച്ചെടിയുടെ പൂർണ്ണവളർച്ചയ്ക്ക് വേണ്ടിവരുന്ന സമയത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാവുന്നു. നെൽച്ചെടിയുടെ വ്യത്യസ്ത വികസനഘട്ടങ്ങൾക്ക് ആവശ്യമായ ഏറ്റവും അനുയോജ്യമായ താപനില ഇപ്രകാരമാണ്.

നെൽച്ചെടികൾ മൂപ്പെത്തുന്ന സമയത്ത് വേണ്ടിവരുന്ന താപനില, ചിനപ്പു പൊട്ടൽ, പുഷ്പിക്കൽ എന്നിവയ്ക്ക് ആവശ്യമായി വേണ്ടിവരുന്ന താപനിലകളേക്കാൾ കുറവാണ്. നെൽച്ചെടി വളരുന്നതിനനുസരിച്ച് ഓരോ ഘട്ടത്തിന്‍റെയും അനുയോജ്യ താപനില കുറഞ്ഞുവരുന്നതായി കാണുന്നു. പൂവിടുന്ന സമയത്തോ, നെൻമണികൾ ഉണ്ടാവുന്ന സമയത്തോ അനുഭവപ്പെടുന്ന ഉയർന്ന താപനില, പതിരുകൾ കൂടുതലായി ഉണ്ടാകുന്നതിന് കാരണമാകും. മാത്രമല്ല, പാലുറക്കുന്ന ഘട്ടത്തിനുവേണ്ട സമയദൈർഘ്യം കുറയുകയും ചെയ്യുന്നു. ഉയർന്ന താപനിലകള്‍ പാലുറക്കുന്ന നിരക്കിൽ വർധനവുണ്ടാക്കുമെങ്കിലും.

ഉയര്‍ന്ന താപനില പൂവിടലിനെ ത്വരിതഗതിയിലാക്കുന്നു. എന്നാൽ പൂവിട്ടതിനുശേഷം പിന്നീട് പാലുറക്കുന്ന ഘട്ടത്തിൽ നേരിടേണ്ടിവരുന്ന ഉയർന്ന അന്തരീക്ഷോഷ്മാവ് വിളവ് കുറയുന്നതിന് കാരണമാകുന്നു. പതിരുകൾ ധാരാളമായി ഉണ്ടാകുന്നതുമൂലവും, പാലുറക്കൽ ഘട്ടം ഹ്രസ്വമാകുന്നതും കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. താപനില 30C ല്‍ ഉയരുന്തോറും ഉൽപ്പാദനക്ഷമത നഷ്ടപ്പെട്ട പൂക്കളുടെ എണ്ണവും കാണപ്പെടുന്നു. ഉയർന്ന അന്തരീക്ഷോഷ്മാവില്‍ പരാഗരേണുക്കളുടെ നിർജലീകരണവും സംഭവിക്കുന്നു. മാത്രമല്ല, ഉയർന്ന അന്തരീക്ഷ ഊഷ്മാവില്‍, (പകൽ താപനില 35C ൽ കൂടുതലും, രാത്രി താപനില 30°C ൽ കൂടുതലും) പൂമ്പൊടികളുടെ വലിപ്പം കുറയുകയും അവയ്ക്ക് പൊട്ടിച്ചിതറാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഉയർന്ന താപനിലയെന്നതുപോലെ താഴ്ന്ന താപനിലയും വിളയേയും വിളവിനേയും ഹാനികരമായി ബാധിക്കാറുണ്ട്. എല്ലാ വിത്തുകളും മുളക്കാതിരിക്കുക, വളർച്ച മുരടിക്കുക, ഇലകളുടെ നിറംമാറ്റം, പൂവിടുന്നതിലെ താമസം പതിരുകളുടെ എണ്ണക്കൂടുതൽ തുടങ്ങിയവ ഉദാഹരണം.

നെല്‍ച്ചെടിയുടെ വ്യത്യസ്ത വികസനഘട്ടങ്ങളും അനുയോജ്യമായ താപനിലകളും

വികസനഘട്ടങ്ങള്‍

അനുയോജ്യമായ താപനില(C)

കോശവിഭജനം

25

കോശ വളര്‍ച്ച

30

പ്രകാശ സംശ്ലേഷണം

20-35

ശ്വസനം

20-32

മുളപൊട്ടല്‍

20-35

ചെടിയുടെ ശൈശവം

25-30

വേരുപിടിക്കല്‍

25-28

നെല്ലോലകളുടെയും തണ്ടുകളുടെയും വളര്‍ച്ച

 

22-31

കതിരിടല്‍

25-30

കതിരുവേര്‍തിരിക്കല്‍

18-30

പുഷ്പവികാസം

30-33

മൂപ്പെത്തല്‍

20-35

താപനിലയും വിളദൈർഘ്യവും

പ്രകാശ സംവേദനത്വം കാണിക്കാത്ത ഇനങ്ങൾ മാത്രമെടുക്കുമ്പോഴും അവയിൽതന്നെ ഞാറ് പറിച്ചുനട്ട് വിളവെടുക്കുന്നതു വരെയുള്ള സമയ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ കാണാം. ഞാറിന്‍റെ മൂപ്പ്, മണ്ണിനം, ഇവ ഒരേപോലെയാണെങ്കിൽ പോലും സ്ഥലത്തിനനുസരിച്ചും സീസണുകൾക്കനുസരിച്ചും വിളദൈർഘ്യത്തിലെ വ്യത്യാസം പ്രകടമാണ്. നെല്ല് വളരുന്ന സ്ഥലത്തെ അന്തരീക്ഷ താപനിലകൾക്കനുസരിച്ചാണ് വിളദൈർഘ്യം എന്നതുകൊണ്ടാണിത്. "ജയ" നെല്ലിനത്തിൽ നടത്തിയ പഠന പ്രകാരം ഉയർന്ന താപനിലയിലുണ്ടാവുന്ന വർധനവ് വിളദൈർഘ്യം കുറയുന്നതിന് കാരണമാകുന്നുവെന്ന് കണ്ടെത്തി.

ഉയർന്ന താപനില വർധിക്കുമ്പോൾ വിള മൂപ്പെത്തുന്നതിനു വേണ്ട ദൈർഘ്യം കുറയുന്നു.

ഉയര്‍ന്ന താപനിലയും (C) വിളദൈര്‍ഘ്യവും (ദിവസം) ഇനം: ജയ

ഉയര്‍ന്ന താപനില (C)

വിളദൈര്‍ഘ്യവും (ദിവസം)

29.9

96

29.1

93

29.1

95

30.1

92

30.2

101

29.8

105

30.6

93

29.8

96

29.5

99

30.6

95

29.9

96

29.3

99

29.6

98

32.4

90

32.0

84

31.6

79

32.7

92

31.9

82

32.6

87

32.8

83

33.2

88

33.3

80

32.5

84

സൗരവികിരണം

പൊതുവേ ആകാശം മേഘാവൃതമാകയാൽ മൺസൂൺ കാലത്ത് ലഭിക്കുന്ന സൗരവികിരണങ്ങൾ വിളവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകങ്ങളാണ്. കേരളത്തിലെ ഒന്നാംവിളകൃഷിയിൽ ഈര്‍പ്പക്കമ്മി നേരിട്ടില്ലെങ്കിൽ പോലും ഉൽപ്പാദനം കുറയാൻ കാരണമിതാണ്. എന്നാൽ മറ്റ് മാസങ്ങളിലാവട്ടെ വിളയുടെ വളർച്ചയ്ക്കാവശ്യമായ സൂര്യവികിരണങ്ങൾ ധാരാളം ലഭിക്കുന്നു. മറ്റുഘടകങ്ങൾ അനുകൂലമായാല്‍, മികച്ച ഉൽപ്പാദനം ലഭിക്കും. നെൽകൃഷിയിടങ്ങളിൽ ലഭിക്കുന്ന വികിരണങ്ങളാണ് ധാന്യോൽപ്പാദനം നിർണ്ണയിക്കുന്നത്. നെല്ലിന്‍റെ കായിക വളർച്ചാഘട്ടത്തിലും പ്രത്യുൽപ്പാദനഘട്ടത്തിലും വേണ്ടിവരുന്ന സൗരവികിരണങ്ങളുടെ അളവിൽ വ്യത്യാസമുണ്ട്. പ്രത്യുൽപ്പാദന ഘട്ടത്തിൽ ലഭിക്കുന്ന സൗരവികിരണങ്ങൾക്കാണ് വിളവിന്മേൽ നിര്‍ണ്ണായക സ്വാധീനമുള്ളത്. വിളവെടുപ്പിന് തൊട്ടുമുൻപുള്ള 45 ദിവസം ലഭിക്കുന്ന സൂര്യപ്രകാശമാണ് വിളവിനെ ഏറ്റവും അധികം സ്വാധീനിക്കുന്നത്. മറ്റ് ഘടകങ്ങൾ (വെള്ളം, അന്തരീക്ഷ ഊഷ്മാവ്, നൈട്രജൻ സംയുക്തങ്ങൾ) അനുകൂലമാണെങ്കിൽ സൂര്യപ്രകാശം ആവശ്യത്തിന് ലഭിച്ചാൽ നെൻമണികളുടെ തൂക്കം വർധിക്കുന്നതായി കാണപ്പെടുന്നു. താഴ്ന്ന താപനിലയും തെളിഞ്ഞ സൂര്യപ്രകാശമുള്ള അന്തരീക്ഷവുമാണ് ഈ സമയത്ത് ഏറ്റവും അഭികാമ്യം. കാരണം, മൂപ്പെത്തുന്നതിന് വേണ്ട സമയം കൂടുന്തോറും പ്രകാശസംശ്ലേഷണം മൂലം ഉൽപ്പാദിപ്പിക്കപ്പെടുന്ന ധാന്യകത്തിന്‍റെ അളവും വർധിക്കുന്നു. തൽഫലമായി നെൻമണികളുടെ തൂക്കം വർധിക്കുന്നു. സൗരവികിരണങ്ങളോടൊപ്പം തന്നെ അന്തരീക്ഷ താപനിലയും വിളവിനെ നിർണ്ണയിക്കുന്ന ഘടകമാണ്. യഥാർത്ഥത്തിൽ ഈ രണ്ട് ഘടകങ്ങളുടേയും സംയോജിത പ്രഭാവമാണ് വിളവിന്റെ അളവും മികവും നിശ്ചയിക്കുന്നത്.

പകൽ വെളിച്ചത്തിൽ ഉണ്ടാകുന്ന നേരിയ വ്യതിയാനങ്ങളോടുപോലും നെൽച്ചെടികൾ പെട്ടെന്ന് പ്രതികരിക്കുന്നു. താഴ്ന്ന അക്ഷാംശങ്ങളിലാണ് ഇത് ഏറ്റവും പ്രകടം. ഈ പ്രത്യേകത മൂലം നടുന്നത് വ്യത്യസ്ത സമയങ്ങളിൽ ആണെങ്കിൽ പോലും നെൽകതിരുകൾ ഒരേ സമയത്തുതന്നെ മൂപ്പെത്തുന്നു. പ്രകാശത്തോടുള്ള സംവേദനത്വം വ്യത്യസ്ത ഇനങ്ങളിൽ വ്യത്യസ്ത വളർച്ചാഘട്ടങ്ങൾ വ്യത്യസ്തമാണെന്നതാണിതിനുകാരണം.

സൂര്യപ്രകാശം

സൗരവികിരണങ്ങൾക്ക് നെല്ലിന്‍റെ വിളവിനെ സാരമായി സ്വാധീനിക്കാൻ കഴിയും. വിളവെടുപ്പിന് തൊട്ടുമുമ്പുള്ള 45 ദിവസം ലഭിക്കുന്ന സൂര്യപ്രകാശമാണ് വിളവിനെ ഏറ്റവും അധികം സ്വാധീനിക്കുന്നത്. മറ്റ് ഘടകങ്ങൾ (അതായത് വെള്ളം അന്തരീക്ഷ ഊഷ്മാവ്, നൈട്രജൻ സംയുക്തങ്ങൾ) അനുകൂലമാണെങ്കിൽ, സൂര്യപ്രകാശം ആവശ്യത്തിന് ലഭിച്ചാൽ നെന്മണികളുടെ ആക്കം വർധിക്കുന്നതായി കാണപ്പെടുന്നു. ഉയർന്ന വർഷപാതം, ആപേക്ഷിക ആർദ്രത, കുറഞ്ഞ തോതിലുളള സൂര്യപ്രകാശം തുടങ്ങിയവ ചിനപ്പ് പൊട്ടലിനെ സ്വാധീനിക്കുന്നു.

ജലബാഷ്പം

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന ജലബാഷ്പമാനം പലപ്പോഴും നെല്‍ച്ചെടികളെ പ്രതികൂലമായി ബാധിക്കാറുണ്ട്. ജലബാഷ്പം നിറഞ്ഞ അന്തരീക്ഷം പൂപ്പല്‍ മൂലമോ, ബാക്ടീരിയ മൂലമോ ഉള്ള സസ്യരോഗങ്ങള്‍ അതിവേഗം പടർന്നുപിടിക്കുന്നതിന് സഹായിക്കുന്നു. കീടങ്ങളുടെ ആക്രമണവും ഇത്തരം അന്തരീക്ഷത്തിൽ കൂടുതലാണ്.

കാറ്റ്

നെല്ലുൽപ്പാദനത്തിൽ കാറ്റിന്‍റെ പങ്ക് അത്ര പ്രസക്തമല്ല. ഇളം കാറ്റ് കാര്‍ബണ്‍ൺഡൈഓക്സൈഡിൻറ സംവഹാനത്തെയും, പരാഗണത്തെയും സഹായിക്കുന്നു എന്ന് പറയാമെങ്കിലും ശക്തമായ കാറ്റ് പലവിധത്തിലും നെല്‍കൃഷിക്ക് പ്രതികൂലമാണ്. പരാഗണ സമയത്ത് വീശിയടിക്കുന്ന ശക്തമായ കാറ്റ് പരാഗരേണുക്കളുടെ നിർജലീകരണത്തിനും, തദ്വാര ഉത്പാദനക്ഷമത നശിപ്പിക്കുന്നതിനും കാരണമാകുന്നു. മുണ്ടകൻ ക്യഷി സമയത്ത് പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വീശിയടിക്കുന്ന ശക്തമായ പാലക്കാടൻ കാറ്റുമൂലം സംഭവിക്കുന്നതും ഇതാണ്. ഈ കാറ്റ് മൂലം ഉൽപ്പാദനത്തിൽ 20 ശതമാനത്തോളം കുറവുണ്ടാകുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ശക്തമായ കാറ്റ് മൂലം മൂപ്പെത്തിയ നെൻമണികൾ പൊഴിയുകയും ചെയ്യാറുണ്ട്. അതിശക്തമായ കാറ്റ് വീശുന്ന സ്ഥലങ്ങളിൽ വയലുകൾക്കു ചുറ്റും അനുയോജ്യമായ കാറ്റുതട മരങ്ങൾ നട്ടുപിടിപ്പിച്ച് കാറ്റിനെ തടയുന്നത് ഒരു പരിധിവരെ ഗുണം ചെയ്തേക്കും.

ബാഷ്പമർദക്കമ്മി

ബാഷ്പമർദ്ദക്കമ്മിയിലുണ്ടാവുന്ന ആധിക്യം ഉയർന്ന താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ, വരൾച്ചാവേളകളിൽ ഉണ്ടാകുന്ന വെള്ളക്കമ്മി തൽപ്രദേശങ്ങളിലെ ബാഷ്പ്പമർദ്ദക്കമ്മി മൂലം രൂക്ഷമാകുന്നു. വരണ്ട ഋതുക്കളിൽ, പാലുറക്കുന്ന ഘട്ടത്തിൽ പ്രത്യേകിച്ച് ബാഷ്പ്പമർദ്ദക്കമ്മി കൂടുതലായിരിക്കും. ജലസേചനം നൽകിയാൽ പോലും ഉയർന്ന അന്തരീക്ഷതാപനിലയും തൽഫലമായുണ്ടാകുന്ന ബാഷ്പ്പമർദക്കമ്മിയും ചെടികളിലെ പ്രകാശസംശ്ലേഷണ നിരക്കിൽ കുറവ് വരുത്തുന്നു.

വരള്‍ച്ച

വര്‍ഷാശ്രിത നെല്‍കൃഷിയിടങ്ങളില്‍ മികച്ച വിളവ്‌ ലഭിക്കുന്നതിന് പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 200-300 മി.മീറ്റർ വരെ ജലലഭ്യത വേണമെന്ന് കണക്കാക്കപ്പെടുന്നു. ഉയർന്ന സ്ഥലങ്ങളിൽ കൃഷിചെയ്യുന്ന നെല്ലിനെ സംബന്ധിച്ച് വിളയുടെ ഏത് ഘട്ടത്തിലും വരൾച്ച ബാധിതമായേക്കാം. മഴയെ ആശ്രയിച്ച്  നെല്‍കൃഷി ചെയ്യുന്ന താഴ്ന്ന പ്രദേശങ്ങളിൽ വരൾച്ച, വളർച്ചയുടെ ആദ്യഘട്ടത്തിൽ ബാധിക്കുകയാണെങ്കിൽ അത് ഞാറിന്‍റെ വേരുപിടിത്തത്തെയും തുടർന്നുള്ള വളര്‍ച്ചയെയും ബാധിക്കും. നെൽച്ചെടികളുടെ ഇല ചുരുട്ടൽ, ഇലയിലെ കരിഞ്ഞ പാടുകള്‍, വികലമായ ചിനപ്പുപൊട്ടല്‍, മുരടിച്ച വളര്‍ച്ച, പൂവിടുന്നതിലെ താമസം, കതിരില്‍ കൂടുതലായി കാണപ്പെടുന്ന പതിര്, നെന്മണിയുടെ ഭാരക്കുറവ് എന്നിവയാണ് സാധാരണ വെള്ളക്കമ്മി മൂലം വിളവില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍. വളര്‍ച്ചയുടെ ആദ്യ ഘട്ടത്തിൽ വെളളക്കമ്മി നേരിട്ടാൽ പോലും, പൂവിടുന്നതിനു മുൻപ് വേണ്ടത്ര ജലം നൽകുകയാണെങ്കിൽ വിളവിൽ നഷ്ടം വരാതെ നോക്കാം. ജലദൗർലഭ്യത്തോട് പെട്ടെന്ന് പ്രതികരിക്കുന്ന ചെടിയാണ് നെല്ല്. പ്രത്യേകിച്ച് പൂവിടുന്നതിന് 10-15 ദിവസം മുമ്പും പൂവിട്ടതിന് 7 ദിവസം പിൻപുമുള്ള ഘട്ടം. ഈ കാലഘട്ടത്തില്‍ നേരിടേണ്ടിവരുന്ന വരൾച്ച ധാരാളമായി പതിരുണ്ടാവുന്നതിന് കാരണമാകുന്നു.

കൃമികീടരോഗബാധയും കാലാവസ്ഥയും

നെല്ലിലെ വെള്ളീച്ചയുടെ ആക്രമണം കാലാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കീടബാധ കൂടുതലായി കാണപ്പെടുന്നത് അന്തരീക്ഷ ആപേക്ഷിക ആർദ്രത കൂടുതലുള്ള ഒന്നാംവിള കൃഷിയിലാണ്. 80 ശതമാനത്തിനോടടുത്ത ഉയർന്ന ആപേക്ഷിക ആർദ്രതയിൽ കീടത്തിന്‍റെ മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന ശലഭങ്ങൾ വളരുകയും നെൽച്ചെടിയെ ആക്രമിക്കുകയും ചെയ്യുന്നു. മാർച്ച്-ഏപ്രിൽ മെയ് മാസങ്ങളിൽ ലഭിക്കുന്ന വേനൽമഴ ഞാറ്റടി സമയത്തുതന്നെ കീടബാധയ്ക്ക് തുടക്കമിടുകയും നടീലോടുകൂടി നെൽച്ചെടിയെ ബാധിക്കുകയും ചെയ്യുന്നു. ചിനപ്പ് പൊട്ടുന്ന സമയത്ത് അനുഭവപ്പെടുന്ന തുടർച്ചയായ മഴയും ഉയർന്ന ഉപരിതല ഊഷ്മാവിലെ കുറവും കീടബാധ ആരംഭിക്കുന്നതിന് കാരണമാകാം.

ശൈത്യകാലത്ത് അന്തരീക്ഷ താപനില 20°Cൽ താഴുന്നതും 16 മുതൽ 20 മണിക്കുർ ദൈർഘ്യമുള്ള രാത്രികാല മഞ്ഞുവീഴ്ചയും, നെല്ലിന്‍റെ ബ്ളാസ്റ്റ് രോഗം മൂർച്ഛിക്കുന്നതിന് കാരണമാകും. തുടർച്ചയായ മഴയും ഉയർന്ന താപനിലയിലെ കുറവും രോഗബാധയ്ക്ക് അനുകൂല ഘടകമല്ല. ആപേക്ഷിക ആർദ്രത 90 ശതമാനത്തിൽ കൂടുതലും താപനിലയിലെ അന്തരം 23-26°C ആണ് ബ്ളാസ്റ്റ് രോഗബാധയ്ക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യം. തെളിഞ്ഞ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് രോഗത്തിന്‍റെ കാഠിന്യം കൂടുന്നതായി കാണുന്നു. എന്നാൽ, മഴയും മഴദിവസങ്ങളുമായി വിപരീത ബന്ധമാണ് ഉള്ളത്. അന്തരീക്ഷ ആർദ്രതയിലെ വർദ്ധനവനുസരിച്ച് രോഗബാധയുടെ തീവ്രതയും കൂടുന്നു.

20°C മുതൽ 33°C വരെയുള്ള അന്തരീക്ഷ താപനില, 80 ശതമാനത്തോടടുത്ത ആപേക്ഷിക ആർദ്രത, മിതമായ മഴ എന്നിവ നെല്ലിലെ ചാഴി ബാധയ്ക്ക് ഏറ്റവും അനുയോജ്യമായ അന്തരീക്ഷ സാഹചര്യമാണ്. ശൈത്യകാലത്ത് (ആഗസ്റ്റ്/സെപ്തംബര്‍/ഡിസംബർ ജനുവരി) ചെയ്യുന്ന മുണ്ടകൻ കൃഷിയിലാണിത് കൂടുതൽ കാണപ്പെടുന്നത്. രണ്ടാംവിള കൃഷിയിടത്തിൽ നിന്ന് ചാഴി ആക്രമണം പുഞ്ച കൃഷിയിലും വ്യാപിക്കുന്നതായി കാണാം.

ഇലപ്പുള്ളിരോഗം ഏറ്റവും കൂടുതലാകുന്നത് രണ്ടാം വിളയിലാണ്. താഴ്ന്ന താപനിലയും മഴ ദിവസങ്ങളും രോഗബാധ തുടങ്ങുന്നതിനെ സ്വാധീനിക്കുന്നു. മഞ്ഞുള്ള രാത്രികൾ രണ്ടാം വിളക്കാലത്ത് കൂടുതലാണെങ്കിൽ രോഗബാധ വ്യാപകമാകുന്നു.

അന്തരീക്ഷ ആര്‍ദ്രത 60-80 ശതമാനവും താപനിലയിലെ അന്തരം 20-35 C ഉം നിലനിൽക്കുന്നത് ബ്ലൈറ്റ് രോഗബാധയ്ക്ക് ഏറ്റവും അനുകൂല സാഹചര്യമാണ്. ഉയർന്ന ആപേക്ഷിക ആർദ്രത, ഞാറുകളുടെ അടുപ്പക്കൂടുതൽ, പാക്യജനകപോഷകങ്ങളുടെ ആധിക്യം എന്നിവ ഷീത്ത് ബ്ലൈറ്റ് രോഗബാധയ്ക്ക് കാരണമാകും. ശക്തമായ കാറ്റും, തുടര്‍ച്ചയായി മഴ പെയ്യുന്ന വേളകളും താപനില 22-26 ഉം ആകുന്നത് ബാക്ടീരിയൽ ഇലവാട്ടത്തിന് കാരണമായ സാഹചര്യങ്ങളാണ്. പുഞ്ചകൃഷിയിൽ സാധാരണയായി ഈ രോഗബാധ കാണാറില്ല. അന്തരീക്ഷ സാഹചര്യങ്ങൾ രോഗബാധയ്ക്ക് അനുയോജ്യമല്ല എന്നതാണ് ഇതിന് കാരണം.

മെയ് മാസത്തിൽ ലഭിക്കുന്ന വേനൽമഴ നെല്ലിലെ ഗാളീച്ചയുടെ ആക്രമണം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നടീല്‍ വൈകുന്തോറും രോഗബാധ കൂടുന്നതായും കാണുന്നു.

കാലവര്‍ഷക്കാലത്തെ വരള്‍ച്ചയും നെല്ലുല്‍പ്പാദനവും

ജൂൺ മുതൽ സപ്തംബർ വരെ ശക്തിയോടെ പെയ്യുകയും പിന്നീട് അല്പം നീണ്ട വരണ്ട ഒരു ഇടവേള ഉണ്ടാവുകയും ചെയ്യുകയെന്നത് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയുടെ പ്രത്യേകതയാണ്. കാലവർഷക്കാലത്തിനിടയ്ക്കുതന്നെ ഈ വരണ്ട ഇടവേളകൾ പ്രത്യക്ഷപ്പെടുകയെന്നത് ഒട്ടും അസാധാരണമല്ല. കാലവർഷക്കാലത്ത് താൽക്കാലികമായി മഴ നിലയ്ക്കുന്നതുമൂലമോ അഥവാ കാലവർഷമഴയുടെ അപര്യാപ്തത മൂലമോ ആണ് ഇങ്ങനെ സംഭവിക്കുന്നത്. കേരളത്തിൽ വിരിപ്പു കൃഷിയിൽനിന്നും ലഭിക്കുന്ന നെല്ലുൽപ്പാദനം നിയന്ത്രിക്കുന്നത് തന്നെ മൺസൂണിന്‍റെ (പഭാവമാണ്. ഇടക്കിടയ്ക്കുണ്ടാകുന്ന മൺസൂൺ സ്തംഭനം കുറഞ്ഞ വർഷപാതത്തിനും അതുവഴി വരൾച്ചാവേളകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇത്തരം വരൾച്ചാവേളകൾ കേരളത്തിൽ അടുത്തയിടെയായി ഏറെ സാധാരണമായിട്ടുണ്ട്. ഈ വരൾച്ചാ വേളകൾ ചിലപ്പോൾ വിളയെ പ്രതികൂലമായി ബാധിക്കും. മറ്റുചിലപ്പോൾ അനുകൂലമായും. തൽസമയത്തെ വിളയുടെ വളർച്ചാഘട്ടം വരൾച്ചാവേളകളോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കുമിത്. കേരളത്തിൽ വിരിപ്പ് കൃഷിസമയത്തെ മൂടിക്കെട്ടിയ ആകാശവും, തോരാത്ത മഴയുമാണ് നല്ല വിളവ് ലഭിക്കുന്നതിന് പ്രതിബന്ധമായ ഒരു ഘടകം. മങ്ങിയ സൂര്യപ്രകാശം മൂലം ബാഷ്പസ്വേദനം കുറവായിരിക്കും; അതുപോലെ തന്നെ ബാഷ്പമർദ്ദക്കമ്മിയും.

നെല്ലിന്‍റെ പ്രത്യുൽപ്പാദനഘട്ടവും, മൂപ്പെത്തുന്ന ഘട്ടവും കാലവർഷത്തിനിടയ്ക്കുള്ള വരള്‍ച്ചാവേളകളുമായി ഒത്തുവരികയാണെങ്കില്‍ നെല്ലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗുണകരമാണെന്ന് കാണപ്പെട്ടിട്ടുണ്ട്. മണ്ണില്‍ തീരെ ഈര്‍പ്പമില്ലാത്ത അവസ്ഥ, ഉയര്‍ന്ന അന്തരീക്ഷ താപനില (30-32C), ഉച്ചതിരിഞ്ഞുള്ള ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രത, പ്രതിദിനം ശരാശരി 5-7 മണിക്കൂര്‍ ലഭിക്കുന്ന തെളിഞ്ഞ സൂര്യപ്രകാശം എന്നീ പ്രത്യേകതകള്‍ മൂലം ഈ വരള്‍ച്ചാവേളകള്‍ വിരിപ്പ് കൃഷിയില്‍നിന്ന് മികച്ച ഉല്‍പ്പാദനം ലഭിക്കുന്നതിന് കാരണമാകുന്നു.

സിമുലേഷൻ മോഡലുകൾ

കൃഷിയിൽ കാലാവസ്ഥയ്ക്കുള്ള സ്വാധീനം നിർണയിക്കുന്നതിന് വ്യത്യസ്ത വിള മോഡലുകൾ ഇന്ന് ലഭ്യമാണ്. കൃഷിയുടെ വ്യത്യസ്ത മേഖലകളിൽ ഇത്തരം മോഡലുകൾ വിപുലമായി ഉപയോഗിച്ചുവരുന്നു. പാരിസ്ഥിതികമായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ക്യഷിയിടങ്ങളെ തരംതിരിക്കുക, പ്രാദേശിക കാലാവസ്ഥാ മാറ്റങ്ങളെ വിലയിരുത്തുക, വിളയ്ക്ക് ഏറ്റവും അനുയോജ്യമായ കാർഷിക സാഹചര്യങ്ങള്‍ കണ്ടെത്തുക, കീടരോഗബാധകളെ നിയന്ത്രിക്കുക തുടങ്ങിയവ ഇതില്‍ ഉൾപ്പെടുന്നു. വിളയുടെ വളർച്ചയിലും ഉൽപ്പാദനത്തിലും പരിസ്ഥിതി മാറ്റങ്ങള്‍ ചെലുത്തുന്ന പ്രഭാവങ്ങൾ വിള സിമുലേഷൻ മോഡലുകള്‍ വഴി വിശധീകരിക്കാനാവും. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടയ്ക്ക് ഒട്ടേറെ വിളകള്‍ക്ക്, വിള മോഡലുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗോതമ്പ്, നെല്ല്, ചോളം, സാർഗം, മില്ലറ്റ്, പയർ, കപ്പലണ്ടി, സൂര്യകാന്തി, കരിമ്പ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾക്കും തോട്ടവിളകൾ, ഉദ്യാനസസ്യങ്ങൾ എന്നിവയ്ക്കുപോലും ഇന്ന് വിള കാലാവസ്ഥാ മോഡലുകൾ ലഭ്യമാണ്. ഒരു പ്രത്യേക സ്ഥലത്തെ സാഹചര്യങ്ങളിൽ നിന്നും ഒരു പ്രത്യേക വിളയിൽ നിന്ന് ലഭിക്കാവുന്ന പരമാവധി ഉൽപ്പാദനം നിർണയിക്കാൻ ഇത്തരം മോഡലുകൾ ഉപയോഗിക്കാം. ഇത് വഴി വിളയുടെ യഥാർത്ഥ വിളവും പ്രതീക്ഷിക്കുന്ന പരമാവധി വിളവും തമ്മിലുള്ള വിടവ് കണ്ടെത്തുകയും ചെയ്യാം. പാലക്കാട് മേഖലയിൽ രണ്ടാം വിള കൃഷിചെയ്ത നെല്ലിലെ വിവിധ ഇനങ്ങളുടെ നടീൽ സമയവും ഉൽപ്പാദനവും ഉപയോഗിച്ച് ലഭ്യമാവുന്ന പരമാവധി വിളവ് വിളമോഡലുകളുടെ സഹായത്തോടുകൂടെ സിമുലേറ്റ് ചെയ്തു. പറിച്ചുനടീൽ സെപ്തംബർ 25 ന് ശേഷമാണെങ്കിൽ ലഭിക്കാവുന്ന വിളവ് കുറവാണെന്ന് കണ്ടു. ഒക്ടോബർ 10 ന് ശേഷം നടുകയാണെങ്കിൽ വിളവിൽ 50 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തി. DSSAT v 3.5 എന്ന മോഡലാണ് ഇത്തരത്തിലുള്ള പഠനത്തിന് ഉപയോഗിച്ചത്. വിളയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും, കാലാവസ്ഥ, പരിചരണം, വളം, വെള്ളം ഇനം തുടങ്ങിയവയും വിളയുടെ ഉൽപ്പാദനത്തിൽ ചെലുത്തുന്ന സ്വാധീനവും മോഡൽ കണക്കിലെടുക്കുന്നു. ഇന്ത്യയിലും വിദേശങ്ങളിലും ഈ മോഡലുപയോഗിച്ച് നെല്ലിന്‍റെ വിളവും മറ്റ് ഘടകങ്ങളും സിമുലേറ്റ് ചെയ്തിട്ടുണ്ട്. 1993, 1994 വർഷങ്ങളിൽ പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തില്‍ CERES Rice മോഡലുപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ 1993 ലെ ഒന്നാംവിള നെൽകൃഷിയിൽ വ്യത്യസ്ത നടീൽ തീയതികളിൽ ലഭിച്ച വിളവും മോഡൽ സിമുലേറ്റ് ചെയ്ത വിളവും തമ്മിൽ വളരെയേറെ സാമ്യം കണ്ടെങ്കിലും 1994 ലെ ഒന്നാം വിളയിൽ ലഭിച്ച വിളവും സിമുലേറ്റഡ് വിളവും തമ്മിൽ അന്തരം കാണുകയുണ്ടായി. എന്നാല്‍ രണ്ടാം വിളയിൽ ലഭിച്ച വിളവും സിമുലേറ്റ് ചെയ് വിളവും തമ്മില്‍ യാതൊരു സാമ്യതയും കണ്ടില്ല. CERES Rice മോഡൽ ആർദ്രോഷണമേഖലയിലെ ഒന്നാം വിളകൃഷിയിലെ പരമാവധി ഉൽപ്പാദനം തിട്ടപ്പെടുത്തുന്നതിന് ഉപയോഗിക്കാം. എന്നാൽ രണ്ടാംവിളയിലെ ഉപയോഗത്തിന് അനുയോജ്യമാക്കിയെടുക്കേണ്ടതുണ്ട്.

പ്രാദേശിക നെല്ലുല്‍പ്പാദനത്തെ നിയന്ത്രിക്കുന്ന കാലാവസ്ഥാ ഘടകങ്ങള്‍

 

കാലാവസ്ഥാഘടകം

പ്രഭാവം

1

താഴ്ന്ന താപനില

മൂപ്പെത്താന്‍ വേണ്ട സമയത്തെയും വളര്‍ച്ചാനിരക്കിനെയും ബാധിക്കുന്നു.

2

ഉയര്‍ന്ന താപനില

വളര്‍ച്ചാഘട്ടത്തില്‍ മാരകമായ ഈര്‍പ്പക്കമ്മിക്ക് കാരണമാകുന്നു.

3

ജലത്തിന്‍റെ പോരായ്മ

നെല്‍ച്ചെടികളെ ഉണക്ക് ബാധിക്കുന്നു

4

വെള്ളക്കെട്ട്

നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ട് നെല്‍ച്ചെടികള്‍ ചീഞ്ഞുപോകാനും മണികള്‍ കെട്ടുപോകാനും ഇടയാക്കുന്നു.

 

5

മങ്ങിയ സൂര്യപ്രകാശം

പ്രകാശസംശ്ലേഷണത്തിന്‍റെ നിരക്ക് കുറയുന്നു. പ്രകാശസംവേദനത്വം കൂടിയ ഇനങ്ങള്‍ കൃഷി ചെയ്യുന്നതിന് തടസ്സം.

തെങ്ങ്

കേരളത്തിന്‍റെ കൽപവൃക്ഷമാണ് തെങ്ങ്. പൊതുവേ ഒരു ഉഷ്ണമേഖലാ വൃക്ഷമാണെങ്കിലും ദക്ഷിണേഷ്യ, തെക്കുകിഴക്കനേഷ്യ, പോളിനേഷ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തെങ്ങ് കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും തെങ്ങ് കൃഷി ചെയ്യുന്നുണ്ട്. ലോകത്താകെ 1,10,00,000 ഹെക്ടറിൽപ്പരം സ്ഥലത്ത് തെങ്ങു കൃഷിയുണ്ട്. ഇതിൽ 90 ശതമാനത്തിൽ കൂടുതൽ ഏഷ്യ-പസഫിക് മേഖലയിലാണ്. ഉഷ്ണമേഖലയിൽ മഴലഭിക്കുന്ന പ്രദേശങ്ങളിലാണ് തെങ്ങ് കൂടുതൽ വളരുന്നത്. സമുദ്രനിരപ്പിൽനിന്ന് 700 മീറ്ററിലധികം ഉയരത്തിൽ സാധാരണഗതിയിൽ തെങ്ങ് വളരുന്നതായി കാണപ്പെടുന്നില്ല. രാജ്യത്തെ മൊത്തം തെങ്ങ് കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ ഏതാണ്ട് 45 ശതമാനവും കേരളത്തിലാണ്. ഉൽപാദനത്തിന്‍റെ കാര്യത്തിലും കേരളം തന്നെ മുന്നിൽ- ദേശീയ ശരാശരിയുടെ 38.2 ശതമാനം. കേരളത്തിന്‍റെ ആർദ്രോഷ്ണ പ്രകൃതിക്ക് ഏറെ യോജിച്ച കൃഷിയാണ് തെങ്ങ്. കേരളത്തിൽ 2006-07 കാലയളവിൽ 872943 ഹെക്ടർ സ്ഥലത്ത് നിന്ന് 6054 മില്ല്യൺ നാളികേരം ഉല്പാദിപ്പിച്ചിരുന്നു.

സംസ്ഥാനത്തിന്റെ ശരാശരി നാളികേരോത്പാദനം ഹെക്ടറൊന്നിന് 6951 നാളികേരമാണ്. ദേശീയ ശരാശരിയുമായി (ഹെക്ടർ ഒന്നിന് 8165 നാളികേരം) താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. കാലവർഷകാലത്തെ കനത്ത മഴ, വേനൽനനയുടെ അഭാവം ദുർബലമായ വേനല്‍മഴ, മണ്ണിലെ പോഷകശോഷണം, പരിപരണമുറകളുടെ പോരായ്മ, മധ്യ-തെക്കൻ ജില്ലകളിലെ മാരകമായ വേരുചീയല്‍ രോഗം, വടക്കൻ കേരളത്തില്‍ കാണുന്ന ചെന്നീരൊലിപ്പ് രോഗം, മണ്ഡരിയുടെ ആക്രമണം, രാസവളങ്ങളുടെ അമിതമായ വിലവർദ്ധന തുടങ്ങി പല കാരണങ്ങളും കേരളത്തിലെ കുറഞ്ഞ നാളികേരോൽപ്പാദനക്ഷമതയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടട്ടാവുന്നതാണ്. കേരളത്തിൽ തന്നെ, ഉൽപ്പാദനക്ഷമതയുടെ കാര്യത്തില്‍ ജില്ലകൾ തോറും വ്യത്യാസം കാണപ്പെടുന്നു.

കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളോട് പൊതുവേ സഹിഷ്ണുത പുലർത്തുന്ന വൃക്ഷമാണ് തെങ്ങ്. എന്ന് വരികിലും, തെങ്ങിന്‍റെ വളർച്ച, ഉൽപ്പാദനം എന്നിവ വ്യത്യസ്ത കാലാവസ്ഥാ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. തെങ്ങിൽ ചൊട്ട ഇടുന്നതു മുതൽ പൂർണ വളർച്ചയെത്തിയ നാളികേരമാവുന്നത് വരെ ഏകദേശം 44 മാസങ്ങൾ വേണം. ഈ കാലഘട്ടത്തിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ നാളികേരോൽപ്പാദനത്തിൽ വ്യക്തമായി പ്രതിഫലിക്കും. വളർച്ചയെത്തിയ തെങ്ങിൽ ഓലകൾ തുടരെ തുടരെ ഉൽപ്പാദിപ്പിക്കപ്പെടുന്നു. എന്നാൽ ഒരു ഓല വിരിഞ്ഞ് തുടർന്ന് അടുത്ത ഓല വിരിയുന്നതുവരെ ഉണ്ടാകുന്ന ഇടവേള ഋതുഭേദങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഈ കാലയളവ് സെപ്തംബർ-നവംബർ മാസങ്ങളിൽ ഏറ്റവും കുറവും, ഏറ്റവും കൂടുതൽ മാർച്ച്-മെയ് മാസങ്ങളിലുമാണ്. അനുകൂല കാലാവസ്ഥയില്‍ പൂർണ്ണവളർച്ചയെത്തിയ ഓലകൾ 3-31/2 വർഷം തെങ്ങിൽ നിലനിൽക്കും.

വർഷപാതം

ഒരു വർഷാശ്രിത വിളയായതിനാൽ തെങ്ങിൽ നിന്നുള്ള ഉൽപ്പാദനത്തെ ബാധിക്കുന്ന ഏറ്റവും പ്രധാനഘടകമാണ് മഴ. വേനല്‍മാസങ്ങളിൽ ലഭിക്കുന്ന മഴയാണ് തെങ്ങിൽ നിന്നുള്ള ഉൽപ്പാദനത്തെ സംബന്ധിച്ച് പ്രധാനം. വിളവെടുപ്പ് വർഷത്തിലും അതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളിലും ജനുവരി-ഏപ്രിൽ മാസങ്ങളിൽ ലഭിക്കുന്ന മഴയാണ് വിളവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. എന്നാൽ കാലവർഷക്കാലത്ത് ലഭിക്കുന്ന കനത്ത മഴയാകട്ടെ, നാളികേരോൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായിട്ടാണ്‌ കണ്ടുവരുന്നത്. വിളവെടുപ്പിന് തൊട്ടുമുൻപുള്ളവർഷങ്ങളിൽ ജുൺ-ജൂലൈ മാസങ്ങളിൽ നേരിടേണ്ടിവരുന്ന കനത്ത മഴ, വലിപ്പം കുറഞ്ഞ നാളികേരങ്ങളുണ്ടാകാൻ കാരണമാകുന്നു. ‘കര്‍ക്കിടകകൂര്' എന്നാണ് ഈ നാളികേരങ്ങൾ അറിയപ്പെടുന്നത്. കനത്ത മഴയിൽ മച്ചിങ്ങ പൊഴിച്ചിലും കൂടുതലാകുന്നു.

വ്യത്യസ്ത ഋതുക്കളില്‍ തെങ്ങിലെ മച്ചിങ്ങ പൊഴിച്ചില്‍

സീസണ്‍

പെണ്പൂക്കളുടെ എണ്ണം (തെങ്ങോന്നിന്)

മച്ചിങ്ങ പൊഴിച്ചില്‍ (ശതമാനത്തില്‍)

വേനല്‍ക്കാലം

38.43

78.38

കാലവര്‍ഷം

29.40

83.02

തുലാവര്‍ഷം

24.73

69.70

ശൈത്യകാലം

13.58

39.12

മാത്രമല്ല, കനത്ത മഴ മൂലം പൂമ്പൊടി ഒലിച്ചുപോകുന്നതിനാൽ കായ്പിടുത്തത്തിലും കുറവുണ്ടാകുന്നു. കാലവർഷക്കാലത്ത് തെങ്ങിൻ തടങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ടുമൂലം വേരുകളുടെ അഗ്രഭാഗം ചീയുകയും പോഷകാഗിരണശേഷി കുറയുകയും ചെയ്യുന്നു. ഇത് തെങ്ങിന്‍റെ മൊത്തം ആരോഗ്യത്തെത്തന്നെ ബാധിക്കുന്നു. മഴയുടെ ലഭ്യത മാത്രമല്ല, വിന്യാസവും ഉൽപ്പാദനത്തെ സ്വാധീനിക്കുന്നു. തെക്കൻ ജില്ലകളിൽ മഴയുടെ വിന്യാസം സമതുലിതമായാണ് കാണപ്പെടുന്നത്. അതേസമയം വടക്കൻ കേരളത്തിലെ കനത്ത കാലവർഷവും വിരളമായ തുലാവർഷവും നാളികേരോൽപ്പാദനം കുറയാൻ കാരണമാവുന്നു.

താപനില

തെങ്ങ് വളരുന്ന പ്രദേശങ്ങളുടെ അന്തരീക്ഷതാപനില അതിന്‍റെ വളർച്ചയെയും ഉൽപ്പാദനത്തെയും മാത്രമല്ല, കൊപ്രയുടേയും വെളിച്ചെണ്ണയുടേയും ഗുണനിലവാരത്തെയും കൂടി സ്വാധീനിക്കുന്നു. തെങ്ങ് കൃഷി നടത്തിവരുന്ന ഭൂപ്രദേശങ്ങളുടെ അക്ഷാംശം, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം എന്നിവയ്ക്കനുസരിച്ച് അന്തരീക്ഷോഷ്മാവിൽ വ്യതിയാനം ഉണ്ടാകും. മധ്യരേഖയിൽ നിന്നകന്ന് പോകുന്തോറും തെങ്ങ് കൃഷി താഴ്ന്ന പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങുന്നു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം വർദ്ധിക്കുന്തോറും പ്രത്യുൽപ്പാദനഘട്ടത്തിലെത്തിച്ചേരാൻ തെങ്ങുകള്‍ കൂടുതല്‍ സമയമെടുക്കുന്നതായി കാണാം. ഉയര്‍ന്ന അന്തരീക്ഷോഷ്മാവ് തെങ്ങിനെ സംബന്ധിച്ചിടത്തോളം ഒരു അനുകൂല ഘടകമാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്. നാളികേരത്തിന്‍റെ കാര്യത്തിലാകട്ടെ, മൂപ്പെത്തുന്നതിനു തീരപ്രദേശങ്ങളിലേക്കാള്‍ കൂടുതല്‍ സമയം പീഠഭൂമികളില്‍ വേണ്ടിവരുന്നതായി കാണപ്പെടുന്നു. ഉപരിതല ഊഷ്മാവിലുണ്ടാകുന്ന വര്‍ധനവ്‌, നാളികേരത്തിന്‍റെ വളര്‍ച്ച, കൊപ്ര ഉല്‍പ്പാദനം, വെളിച്ചെണ്ണയുടെ അളവ് എന്നിവ വര്‍ദ്ധിപ്പിക്കുന്നതായി കാണാം. എന്നാല്‍   നാളികേരത്തിന്‍റെ വളർച്ചയുടെ രണ്ടാമത്തെ ഘട്ടത്തിൽ, അതായത് 4 മുതൽ 7 മാസം വരെ പ്രായമുള്ളപ്പോൾ, അതിന് നേരിടെണ്ടി വരുന്ന അന്തരീക്ഷോഷ്മാവ് കൂടുതലാണെങ്കിൽ നാളികേരത്തിന്‍റെ വലിപ്പം കുറയുന്നതായിട്ടാണ് കാണുന്നത്. സമൃദ്ധമായി ജലം ലഭിക്കുകയാണെങ്കില്‍ തെങ്ങില്‍ നിന്നുള്ള വിളവിനെ സംബന്ധിച്ചിടത്തോളം അന്തരീക്ഷ ഊഷ്മാവ് ഒരു അനുകൂലഘടകം തന്നെയാണ്. തെങ്ങിന് ഏറ്റവും അനുയോജ്യമായ ശരാശരി വാർഷിക താപനില 26-27°C ആണ്. പൂങ്കുലകളുടെ ഉൽപ്പാദനം ഏറ്റവും കൂടുതൽ നടക്കുന്നത് വേനൽക്കാലത്താണ്. പെൺപൂക്കളുടെ എണ്ണം വേനൽമാസങ്ങളിൽ കൂടുതലായിരിക്കും. സെപ്റ്റംബർ മുതൽ ജനുവരി വരെ വിരിയുന്ന കുലകളിൽ പെൺ പൂക്കൾ തുലോം കുറവായിരിക്കും. അവസാനത്തെ ആൺപൂ കൊഴിയുന്നതിനും, ഏറ്റവും ആദ്യത്തെ പെൺപൂ വിരിയുന്നതിനും ഇടയ്ക്കുള്ള ഇടവേളയ്ക്ക് പരാഗണത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ട്. ഈ കാലദൈർഘ്യം വേനൽ മാസങ്ങളിൽ ഏറ്റവും കൂടുതലായിരിക്കും. ഇത് സ്വയം പരാഗണത്തിനുള്ള സാദ്ധ്യത വിരളമാക്കുന്നു.

ആർദ്രത

ആർദ്രോഷ്ണ പ്രദേശങ്ങളിൽ സസ്യസ്വേദനത്തിന്‍റെ തോത് കുറവാകയാൽ ആഗിരണം വഴി മണ്ണിൽ നിന്നുള്ള പോഷക ലഭ്യത പരിമിതപ്പെടുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രസക്തമാണ്. എന്നാൽ ഉയർന്ന ആർദ്രത പലപ്പോഴും ക്യമി-കീട രോഗബാധകൾക്ക് ഏറെ യോജിച്ച അവസ്ഥയാണ്. മൂപ്പെത്തുന്നതിന് മുമ്പ് നാളികേരം ചീയുന്നതിന് ഇത് ഇടയാക്കുന്നു. ഉയർന്ന ആർദ്രതയും അനുകൂലമായ താപനിലയുമുണ്ടെങ്കിൽ കാമ്പിന്‍റെയും വെളിച്ചെണ്ണയുടേയും അളവ് കൂടുതലായിരിക്കും. ഇതിനാലാണ് തീരദേശങ്ങളിൽ ലഭിക്കുന്ന നാളികേരം ഗുണനിലവാരത്തിൽ ഉയർന്നതാവാൻ കാരണം.

കാറ്റ്

തെങ്ങിൻ തോപ്പുകളിൽ വമ്പിച്ച നാശം വരുത്തുമെന്നതിനാൽ ശക്തിയായ കാറ്റ് തെങ്ങ് കൃഷിയെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യമല്ല. ശക്തിയായ കാറ്റത്ത് തെങ്ങുകൾ കടപുഴകി വീഴുകയും ഒടിഞ്ഞു വീഴുകയോ ചെയ്യും. തെങ്ങിൻ മണ്ടയ്ക്ക് പലപ്പോഴും കേടു വരുത്താറുമുണ്ട്. കാറ്റ് ശക്തമായാൽ ബാഷ്പീകരണസ്വേദനം കൂടുതലാവുകയും, നന ഇല്ലാത്ത തെങ്ങുകൾക്ക് ദോഷമാവുകയും ചെയ്യും.

സൂര്യപ്രകാശം

ധാരാളം സൂര്യപ്രകാശമാവശ്യമുള്ള വിളയാണ് തെങ്ങ്. തണല്‍ സ്ഥലങ്ങൾ താങ്ങ് കൃഷിക്ക് യോജിച്ചതല്ല. തെങ്ങ് എല്ലായ്പ്പോഴും സൂര്യനഭിമുഖമായി വളരാനും കാരണമിതാണ്. ഇടതിങ്ങി തെങ്ങിൻതൈകള്‍ വച്ചുപിടിപ്പിക്കുന്നത് അഭിലഷണീയമല്ല. മഴക്കാലത്തെ മങ്ങിയ സൂര്യപ്രകാശം പ്രകാശസംശ്ലേഷണ നിരക്ക് കുറയ്ക്കുന്നു. അതുവഴി വിളവിലും കുറവുണ്ടാകുന്നു.

വരള്‍ച്ച

വളർച്ചയുടെ നിർണായക ഘട്ടത്തിൽ നേരിടേണ്ടിവരുന്ന വരള്‍ച്ചാവേളകള്‍ തെങ്ങിൽ നിന്നുള്ള ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കാണുന്നു. ജലസേചന സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഇത് പ്രകടമാണ്. ചൊട്ട ഇടുന്നതു മുതൽ നാളികേരം മൂപ്പെത്തുന്നത് വരെയുള്ള വളർച്ചാ ഘട്ടങ്ങൾ മണ്ണിലെ ഈർപ്പത്തെ അത്യധികം ആശ്രയിച്ചിരിക്കുന്നു. വേനൽമഴയിൽ ഉണ്ടാകുന്ന കുറവോ, ഡിസംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ മണ്ണിലെ ഈർപ്പത്തിൽ ഉണ്ടാകുന്ന ശോഷണമോ ആണ് പ്രധാനമായും നാളികേരോൽപാദനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകാറുള്ളത്. ഈ കാലയളവിൽ മണ്ണിലെ ഈർപ്പ ശോഷണം കൂടുതൽ രൂക്ഷമായി കാണപ്പെടുന്നത് കേരളത്തിലെ വടക്കൻ ജില്ലകളിലാണ്. കനത്ത കാലവർഷ മഴ ലഭിക്കുന്ന ഈ ജില്ലകളിൽ തുലാമഴയുടെ സാന്നിദ്ധ്യം തീരെ കുറവാണ്. ഡിസംബർ മുതൽ മെയ് വരെയുള്ള ദീർഘമായ കാലയളവിൽ വല്ലപ്പോഴും കിട്ടുന്ന വേനൽ മഴ ഒഴിച്ചു നിർത്തിയാൽ ഈ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിൽ അമരുന്നു. തൻമൂലം തെങ്ങുകൾ രൂക്ഷമായ ഈർപ്പക്കമ്മിക്ക് വിധേയമാക്കപ്പെടുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് വടക്കൻ ജില്ലകളിൽ തെങ്ങിന്‍റെ ഉൽപ്പാദനക്ഷമത കുറവായി കാണുന്നത്. നാളികേര ഉൽപ്പാദനത്തിൽ വരൾച്ചക്കുള്ള സ്വാധീനം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വരൾച്ച ബാധിതമായ തെങ്ങുകളിൽ കായ്ഫലത്തിൽ തൊട്ടടുത്ത വർഷം തന്നെ കുറവ് കണ്ട് തുടങ്ങുന്നു. ഈ കുറവ് 30 ശതമാനത്തോളം വരും. കായ് ഫലത്തിൽ വരുന്ന കുറവ് ഏട്ടാം മാസം മുതൽ കണ്ട് വരുന്നു. ഏറ്റവും കുറവ് കായ്ഫലം കിട്ടുന്നത് വരൾച്ച കഴിഞ്ഞ് 12-)മത്തെയോ 10)മത്തെയോ മാസങ്ങളിലുമാണ്. കായ്ഫലത്തിലെ ഈ കുറവ് വരൾച്ച കഴിഞ്ഞ് ഒരു വർഷത്തോളം നിലനിൽക്കുന്നു.

പൂക്കുലകളുടെ വികസന ദശയിലെ നിർണായക ഘട്ടങ്ങൾ മഴക്കുറവുള്ള ജനുവരി-ഏപ്രിൽ മാസങ്ങളിലാണെങ്കിൽ, തെങ്ങിന് അനുഭവപ്പെടുന്ന ഈർപ്പക്കമ്മി തേങ്ങയുടെ എണ്ണത്തിലും, കൊപ്രയുടെ ഗുണനിലവാരത്തിലും കുറവുണ്ടാക്കുന്നതിന് ഇടയാക്കുന്നു. അതുപോലെ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ലഭിക്കുന്ന നല്ല വിളവിനും കായ് വലിപ്പത്തിനും കാരണം പൂക്കുലകളുടെ നിർണായക വികസനഘട്ടം ഈര്‍പ്പക്കമ്മി തീരെയില്ലാത്ത ജൂൺ- സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്നത് കൊണ്ടാണ്. തെങ്ങിൽ നിന്നുളള ഉൽപാദനത്തെ സംബന്ധിച്ചിടത്തോളം വേനല്‍മാസങ്ങളിൽ ലഭിക്കുന്ന മഴയുടെയോ അഥവാ ആ മാസങ്ങളില്‍ മണ്ണിലുള്ള ലഭ്യമായ ഈര്‍പ്പത്തിന്‍റെയോ അളവുംകൂടി കണക്കിലെടുക്കേണ്ടതുണ്ട്.

വരൾച്ചാ സമയത്ത് തെങ്ങിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ

വരൾച്ചയുടെ തീവ്രതയും കാലയവും അനുസരിച്ച് താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

  • പരിചരണത്തിലെ അപാകത മൂലം തൈതെങ്ങുകൾ വാടി നശിച്ചുപോകുന്നു.
  • അടിപട്ടകൾ താഴേക്ക് ചാഞ്ഞു വീഴുകയും പിന്നീട് കരിയുകയും ചെയ്യുന്നു.
  • കട ഭാഗത്തു വച്ചോ, അതിനുമുകളിൽ വച്ചോ ഓല ഒടിഞ്ഞു വീഴുന്നു.
  • പ്രായമായ തെങ്ങുകളുടെ കതിരോലകൾ മുറിഞ്ഞ് വീഴുകയും തെങ്ങ് നശിക്കുകയും ചെയ്യുന്നു.
  • ഒക്ടോബർ-നവംബർ മാസം മുതൽ കുലകൾ നശിച്ചുപോകുന്നു.
  • മച്ചിങ്ങ പൊഴിച്ചിൽ, കരിക്കുപൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
  • തേങ്ങയുടെ വലിപ്പം കുറയുന്നു.
  • വരൾച്ചയുടെ തീവ്രതയനുസരിച്ച് തൊട്ടടുത്ത വർഷത്തെ കായ്ഫലം 30 മുതൽ 50 ശതമാനം വരെ കുറയുന്നു.

നാടൻ തെങ്ങുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉൽപ്പാദനത്തിന്‍റെ കാര്യത്തിൽ സങ്കര ഇനം തെങ്ങുകൾ മുന്നിലാണെങ്കിലും, വരൾച്ചയുടെ കാഠിന്യം നാടൻ തെങ്ങുകളേക്കാൾ കൂടുതലായി അനുഭവപ്പെടുന്നതും സങ്കര ഇനം തെങ്ങുകൾക്കുതന്നെ. തെങ്ങിൻ തോട്ടങ്ങളിൽ രണ്ടു മാർഗ്ഗങ്ങളിലൂടെ വരൾച്ചയുടെ ദോഷഫലങ്ങൾ ലഘൂകരിക്കാൻ കഴിയും.

  • വേനൽക്കാല ജലസേചനം.
  • ജലസേചനത്തിന് വെള്ളം ലഭ്യമല്ലാത്ത അവസരങ്ങളിൽ അനുയോജ്യമായ പരിചരണ മാർഗ്ഗങ്ങൾ.

കൂടുതൽ കായ്ഫലം തരുന്ന തെങ്ങുകളിലാണ് വരൾച്ചമൂലം കായ്ഫലത്തിലുണ്ടാകുന്ന കുറവ് ഏറെ പ്രകടമാവുക. 100 ഓ അതിലധികമോ നാളികേരം പ്രതിവർഷം ലഭിക്കുന്ന തെങ്ങുകളിൽ വരൾച്ച മൂലം 30 ശതമാനം വരെ കുറവ് അനുഭവപ്പെടും. എന്നാൽ കുറഞ്ഞ എണ്ണം നാളികേരം (പതിവർഷം നൽകുന്നവയിൽ (40-60 എണ്ണം) ഈ കുറവ് താരതമ്യേന ചെറുതാണ് (11 ശതമാനം). ഇടത്തരം വിളവ് തരുന്നവയിൽ നാളികേരത്തിലുണ്ടാകുന്ന എണ്ണക്കുറവ് ഇതിന് രണ്ടിനും മദ്ധ്യേയായിരിക്കും.

കാർഷിക കാലാവസ്ഥം സൂചികകൾ ഉപയോഗിച്ചുള്ള നാളികേരോൽപ്പാദന പ്രവചനം

വിളവടുക്കുന്ന ആണ്ടിലെ മാത്രമല്ല അതിനു മുൻപുള്ള വര്‍ഷങ്ങളിലെ ജനുവരി എപ്രിൽ മാസങ്ങളിൽ ലഭിക്കുന്ന മഴയും നാളികേരോൽപ്പാദനത്തിൽ വളരെ നിർണായകമാണ് എന്നുപറഞ്ഞല്ലോ. വേനല്‍മാസങ്ങളിലെ വരൾച്ച പോലെ തന്നെ ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ കനത്ത മഴയും നാളികേരോൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. കാർഷിക കലാവസ്ഥാ സൂചികകൾ ഉപയോഗിക്കുന്നതുവഴി ഏഴ് മാസം വരെ മുൻകൂട്ടി നാളികേരോൽപ്പാദനം ഏറെക്കുറെ കൃത്യമായി കണക്കാക്കാൻ കഴിയും. കാർഷിക കാലാവസ്ഥാ സൂചികകളും നാളികേരാൽപ്പാദനവും തമ്മിലുള്ള ബന്ധം അവതരിപ്പിക്കുന്നതിന് റിഗ്രഷൻ സമവാക്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സമവാക്യം ഉപയോഗിച്ച് 1994-95 മുതൽ 2007-08 വരയുള്ള കേരളത്തിലെ മൊത്തം നാളികേരോൽപ്പാദനം പ്രവചിച്ചു.

മിക്കവാറും വർഷങ്ങളിൽ യഥാർത്ഥ നാളികേരോൽപ്പാദനവും പ്രവചിക്കപ്പെട്ട നാളികേരോൽപ്പാദനവും തമ്മിലുള്ള വ്യതിയാനം വളരെ കുറവായിരുന്നു.

വ്യത്യസ്ത ഉത്പാദനക്ഷമത പ്രകടിപ്പിക്കുന്ന തെങ്ങുകളില്‍ വരള്‍ച്ച മൂലമുണ്ടാകുന്ന കുറവ്

വിഭാഗം

നാളികേരത്തിന്‍റെ എണ്ണത്തിലുണ്ടാകുന്ന കുറവ്

100 നാളികേരമോ അതില്‍ കൂടുതലോ

29.3

80 മുതല്‍ 100 വരെ

30.4

60 മുതല്‍ വരെ

24.5

40 മുതല്‍ 60 വരെ

10.6

ശരാശരി

23.7

 

കാലാവസ്ഥാ വ്യതിയാനവും നാളികേരവിലയും

1983ൽ ഉണ്ടായ കഠിനമായ വരൾച്ചയെ തുടർന്ന് നാളികേര ഉൽപ്പാദനത്തിലുണ്ടായ ഇടിച്ചിൽ മൂലം 1984ൽ നാളികേരത്തിന്‍റെ വില വർധനവിന് കാരണമായി. അന്നത്തെ വിലനിലവാരമനുസരിച്ച്, ഏറ്റവും മികച്ച വിലയാണ് നാളികേരത്തിന് ലഭിച്ചത്. 1983ൽ നാളികേരമൊന്നിന് 1.70 ആയിരുന്നത് 1984 ആയപ്പോൾ 340 ആയി ഉയർന്നു. സമാനമായ വിലവർദ്ധനവാണ് 2003ൽ, 2002 ലെ വരൾച്ചയെ തുടർന്ന് കാണപ്പെട്ടത്. നാളികേരത്തിന്‍റെ വിലനിലവാരമാകട്ടെ, ഇറക്കുമതി നയം, സംസ്ഥാനത്തിനുപുറത്ത് നാളികേരോൽപ്പാദനം, വ്യവസായ മേഖലകളിലെ വെളിച്ചെണ്ണയുടെ ഉപയോഗം, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പാമോയിൽ ഇറക്കുമതി, വെളിച്ചെണ്ണ വില കുറക്കുന്നതിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്.

പരമ്പരാഗത തെങ്ങുകൃഷി പ്രദേശങ്ങളിലെ പരിമിതികൾ

വേനൽ മാസങ്ങളിലെ ഈർപ്പക്കമ്മിയും കാലവർഷകാലത്തെ വെളളക്കെട്ടുമാണ് പരമ്പരാഗത തെങ്ങുകൃഷി പ്രദേശങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണികൾ. എന്നിരിക്കിലും, കുറഞ്ഞ ഉപരിതല ഊഷ്മാവും ഉയര്‍ന്ന ആര്‍ദ്രതയും ഇവിടങ്ങളില്‍ നിലനിൽക്കുമെന്നതിനാൽ കൊപ്രയുടേയും വെളിച്ചെണ്ണയുടെ ഗുണനിലവാരവും നാളികേരത്തിന്‍റെ വലിപ്പവും കൂടുതലായിരിക്കും.

ഉയർന്ന ആപേക്ഷിക ആർദ്രത കൃമി- കീട-രോഗബാധ വർദ്ധിക്കുന്നതിന് സഹായകമാണെന്നത് മറ്റൊരു വശം. ഈർപ്പക്കമ്മിയാണ് വടക്കന്‍ കേരളത്തിൽ നാളികേരോൽപ്പാദനം കുറയുന്നതിനുള്ള പ്രധാന കാരണം.

പാരമ്പര്യേതര തെങ്ങുകൃഷിയിടങ്ങളിലെ പരിമിതികൾ

മഴയെ മാത്രം ആശ്രയിച്ച് തെങ്ങുകൃഷി നടത്തുന്ന പാരമ്പര്യ കൃഷിയിടങ്ങളിൽ നിന്നും വ്യത്യസ്തമായി ജലസേചനസൗകര്യം ഉറപ്പായും ലഭിക്കുന്ന പാരമ്പര്യേതര കൃഷിയിടങ്ങളിലും വ്യാവസായികമായി തെങ്ങുകൃഷി നടത്തിവരുന്നു. വേനൽ മാസങ്ങളിൽ മാത്രമല്ല, മൺസൂണ്‍ നിലയ്ക്കുന്ന ഇടവേളകളിൽ പോലും വേണ്ടത്ര ജലസേചനം ഉറപ്പാക്കണമെന്നുമാത്രം. നാളികേരത്തിന്റെ വലിപ്പം, പൂക്കുലകളുടെ എണ്ണം, വെളിച്ചെണ്ണയുടെ അളവ്, കൊപ്രയുടെ ഗുണനിലവാരം, എന്നിവ ഉപരിതല ഊഷാവ്, താഴ്ന്ന ആപേക്ഷിക ആർദ്രത, എന്നീ ആന്തരിക ഘടകങ്ങളാൽ നിയന്ത്രിതമാണ്. അന്തരീക്ഷ ഊഷ്മാവിൽ വരുന്ന ദൈനീക വ്യതിയാനങ്ങൾ വരെ പാരമ്പര്യേതര കൃഷിയിടങ്ങളിലെ തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിക്കാറുണ്ട് (തീരദേശങ്ങളൊഴികെ). കേരളം പോലെയുള്ള പരമ്പരാഗത കൃഷിയിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലും തീരദേശങ്ങളെ അപേക്ഷിച്ച് തെങ്ങ് കൃഷി ലാഭകരമല്ല. ഉയർന്ന പ്രദേശങ്ങളിൽ പൂവിടലും കായ്പിടിത്തവും താഴ്ന്ന പ്രദേശങ്ങളെ അപേക്ഷിച്ച് വൈകുന്നതാണിതിന് കാരണം. താഴ്ന്ന ആർദ്രതക്കു പുറമേ പാരമ്പര്യേതര കൃഷിയിടങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് വേനൽമാസങ്ങളിൽ ഉയർന്ന ഉപരിതല ഊഷ്മാവിലും ശൈത്യകാലങ്ങളിൽ താഴ്ന്ന ഉപരിതല ഊഷ്മാവിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ. മിതമായ ഉപരിതല ഊഷ്മാവും, ഈർപ്പവും, ജലസേചന സൗകര്യവും ലഭിക്കുന്ന തീരദേശങ്ങളിലും ദ്വീപുകളിലും തെങ്ങ് വിജയകരമായി കൃഷി ചെയ്യാം. എന്നാൽ പാരമ്പര്യ ക്യഷിയിടങ്ങളെ അപേക്ഷിച്ച് നാളികേരത്തിൽ വെളിച്ചെണ്ണയുടെ അളവ് കുറവായിട്ടാണ് കാണുന്നത്; തെങ്ങോന്നിൽ നിന്നും ലഭിക്കുന്ന നാളികേരത്തിന്‍റെ എണ്ണം കൂടുതലാണെങ്കിലും.

ജലസേചനം

വേനൽക്കാല ജലസേചനം കൊണ്ട് തെങ്ങിൽ നിന്നുള്ള കായ്ഫലം ഗണ്യമായി വർദ്ധിപ്പിക്കുവാൻ കഴിയും. തെങ്ങ് കൃഷിയുടെ കാര്യത്തില്‍ തമിഴ്നാട്, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൽപ്പാദനക്ഷമതയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നതിന് ഒരു പ്രധാന കാരണം, ആ സംസ്ഥാനങ്ങൾ അവലംബിക്കുന്ന ജലസേചനമാർഗ്ഗങ്ങളാണ്. ജലലഭ്യത കുറവായ ചെങ്കൽ മണ്ണിൽ നിന്നും, പൂഴിമണ്ണിൽ നിന്നും 'പരത്തിനന’ മുഖേനയും, "തടനന' വഴിയും മികച്ച വിള ലഭ്യമാക്കാവുന്നതാണ്. ദീർഘനാൾ പരത്തിനന അവലംബിക്കുന്നതു മൂലം മണ്ണ് മറ്റ് കാര്‍ഷികാവശ്യങ്ങൾക്ക് ഉപയോഗശൂന്യമായിത്തീരുന്നു എന്നൊരു ദോഷവശവുമുണ്ട്. ഇതിന് പ്രധാനകാരണം ലവണത്വം, ക്ഷാരത്വം, തുടങ്ങിയ രാസമാറ്റങ്ങൾ മണ്ണിൽ നടക്കുന്നതുകൊണ്ടാണ്. താരതമ്യേന ജലക്ഷാമം നേരിടാറുള്ള ഡിസംബർ-മെയ് മാസങ്ങളിൽ തുടർച്ചയായി നനച്ചില്ലെങ്കിൽ അത് തെങ്ങിനെ ദോഷകരമായി ബാധിക്കും എന്ന ഒരു ധാരണ കേരളത്തിലെ കേരകർഷകർക്കിടയിൽ ഉണ്ട്. തുടർച്ചയായി നനക്കാനുള്ള ജലസ്രോതസ്സുകളുടെ അഭാവമാണ് വടക്കൻ കേരളത്തിലെ കേര കർഷകരുടെ പ്രശ്നം. ഫെബ്രുവരി-മാർച്ച് മാസമാകുമ്പോഴേക്കും ജലസ്രോതസ്സുകൾ വറ്റി വരളുന്ന ഒരു സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. തൻമൂലം ഫെബ്രുവരി മാസംവരെ നനക്കാനുള്ള ജലം ലഭ്യമാണെങ്കിൽ കൂടി കർഷകർ തെങ്ങിന് നന നൽകാൻ മുതിരുന്നില്ല. കേരള കാർഷിക സർവ്വകലാശാലയിൽ മേൽ വിഷയത്തെ ആധാരമാക്കി നടന്ന പരീക്ഷണങ്ങൾ വെളിവാക്കുന്നത് ഈ ധാരണ അടിസ്ഥാന രഹിതമാണെന്നാണ്. തുടർച്ചയായി നനക്കാതിരുന്നാലും അത് തെങ്ങിന് ദോഷകരമാവുകയില്ല. ഈ മാസങ്ങളിൽ (ഡിസംബർ-മെയ്) ജലം ലഭിക്കുന്നിടത്തോളം ജലസേചനം തുടരുക വഴി തെങ്ങുകൾക്ക് നേരിടേണ്ടി വരുന്ന വരൾച്ചയുടെ കാഠിന്യവും കാലദൈർഘ്യവും ലഘൂകരിക്കാവുന്നതാണ്.

ജലത്തിന്‍റെ ലഭ്യതയുടെ പ്രാധാന്യം മനസ്സിലാക്കി ഒട്ടേറെ ജലസേചന മാർഗ്ഗങ്ങൾ തെങ്ങിൻ തോട്ടങ്ങളിൽ പരീക്ഷിച്ചിട്ടുണ്ട്. വേനൽക്കാല ജലസേചനത്തിന് തെങ്ങിന് നൽകേണ്ട ജലത്തിന്‍റെ അളവ് പരീക്ഷണങ്ങളിലൂടെ തിട്ടപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ മുതൽ മെയ് വരെ മൊത്തം നൽകേണ്ട ജലത്തിന്റെ അളവ് 7807 ലിറ്റർ വരും. ഡിസംബറിൽ ഇത് 1106 ലിറ്ററും ഏറ്റവും കൂടുതൽ 1480 ലിറ്റർ ഏപ്രിൽ മാസത്തിലുമാണ്. ചെങ്കല്ല് പ്രദേശങ്ങളിലാണ് ഈ കണക്കിൽ വെളളത്തിന്റെ അളവ് തിട്ടപ്പെടുത്തിയത്. മണ്ണിനങ്ങൾക്കനുസരിച്ച് ഈ അളവിൽ വ്യത്യാസം വരാം.

വിവിധ മാസങ്ങളില്‍ തെങ്ങിന്‍റെ ജല ആവശ്യകത (ലിറ്ററില്‍)

മാസം

ജല ആവശ്യകത

ഡിസംബര്‍

1106

ജനുവരി

1154

ഫെബ്രുവരി

1204

മാര്‍ച്ച്

1464

ഏപ്രില്‍

1488

മേയ്

1391

ആകെ

7807

 

ജലക്ഷാമം ഏറെയുള്ള പ്രദശങ്ങളിൽ 'കണിക ജലസേചനം’ ഏറ്റവും ഫലപ്രദവും ലാഭകരവുമാണ്. ഉപരിതല ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം വളരെയേറെ കുറക്കുവാൻ ഈ മാര്‍ഗ്ഗത്തിലൂടെ ജലസേചനം നൽകുന്നതുവഴി കഴിയും. തെങ്ങുകളിൽ നിന്നുള്ള വിളവ് മൂന്നാം വർഷം മുതൽ ഗണ്യമായി വർദ്ധിക്കുകയും ചെയ്യുന്നു.

വേനൽ നനക്ക് വേണ്ടത്ര ജലം ലഭ്യമല്ലാത്ത കേരളത്തിലെ വടക്കൻ ജില്ലകളിൽ രൂക്ഷമായി അനുഭവപ്പെടുന്ന വരൾച്ചയുടെ പ്രതികൂലഫലങ്ങൾ ലഘൂകരിക്കുന്നതിന് താഴെ പറയുന്ന പരിചരണമാർഗ്ഗങ്ങൾ അവലംബിക്കാം.

  • ഗുണമേൻമയുള്ള വിത്തുതേങ്ങ തെരഞ്ഞെടുക്കുകയും, ആരോഗ്യവും വളർച്ചയും കൂടുതലുള്ള തൈകൾ നടുകയും ചെയ്യുക. ആരോഗ്യമുള്ള തൈകൾക്ക് ഒരു പരിധി വരെ വരൾച്ചയെ അതിജീവിക്കാൻ കഴിയും.
  • നീർവാർച്ച കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഒരു മീറ്റർ താഴ്ചയുള്ള കുഴികളിൽ തൈകൾ നടുക. ആഴത്തിൽ നടുന്നത് കൊണ്ട് ശക്തിയേറിയ കാറ്റിന്‍റെ ആഘാതത്തിൽ നിന്ന് രക്ഷനേടാം. ബാഷ്പീകരണം മൂലമുള്ള ജലനഷ്ടവും കുറവായിരിക്കും.
  • ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ കിട്ടുന്ന മഴയ്ക്ക് ശേഷം നടാവുന്നതാണ്.
  • വേനൽ മാസങ്ങളിൽ തെങ്ങിൻ തൈകൾക്ക് തണൽ ആവശ്യമാണ്. ആദ്യത്തെ രണ്ട് വർഷം തണൽ നൽകേണ്ടതുണ്ട്. രണ്ട് തവണ വളപ്രയോഗം നൽകാവുന്നതാണ്. വേനൽമഴക്കു ശേഷം ഏപ്രിൽ-മെയ് മാസങ്ങളിൽ മൂന്നിലൊന്നും, സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും നൽകുന്നതാണ് നല്ലത്.
  • മെയ്-ജൂൺ മാസങ്ങളിലും സെപ്തംബർ-ഒക്ടോബർ മാസങ്ങളിലും ഇടനിലം കിളച്ചിടുകയോ പൂട്ടിയിടുകയോ ചെയ്യാവുന്നതാണ്. വെള്ളത്തിന്‍റെ ഒലിച്ചുപോക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ സപ്തംബർ-ഒക്ടോബർ മാസങ്ങളിൽ പൊലി കൂട്ടി ഇടുന്നതും നവംബർ-ഡിസംബർ മാസങ്ങളിൽ അവ നിരത്തിയിടുന്നതും നല്ലതാണ്. ചരിവുള്ള പ്രദേശങ്ങളിൽ മഴക്കുഴികള്‍ നിർമ്മിച്ച് ജലസംരക്ഷണനടപടികൾ എടുക്കേണ്ടതാണ്.
  • മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിന് തടങ്ങളിൽ പുതയിടെണ്ടത് ആവശ്യമാണ്. വരികൾക്കിടയിൽ മൂന്ന് മീറ്റര്‍ നീളത്തിൽ അര മീറ്റർ താഴ്ച്ചയിൽ ചാലുകീറുകയോ, 1.8 മീറ്റര്‍ ചുറ്റളവിൽ തടമെടുത്തോ, 3-4 തട്ടുകളായി അടുക്കി മണ്ണിട്ടു മൂടുക. മണ്ണിലെ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും. ഇതിന്റെ പ്രയോജനം അഞ്ച് മുതൽ ഏഴു വർഷം വരെ കിട്ടുന്നതായി കണ്ടിട്ടുണ്ട്.
  • തെങ്ങിൻ തടങ്ങളിൽ പച്ചിലവളങ്ങൾ ഇടുന്നതും ആവരണ ചെടികൾ വളർത്തുന്നതും ഈര്‍പ്പനഷ്ടം കറക്കുന്നതിന് സഹായിക്കും. വെള്ളത്തിന്‍റെ ഒലിച്ചുപോക്ക് നിയന്ത്രിക്കുന്നതിനും ഇത് കൊണ്ട് കഴിയുന്നു.
  • ഒക്ടോബർ മാസത്തിൽ അതാതിടങ്ങളിൽ ലഭ്യമായ ചെടികളുടെ കമ്പും ഇലകളും കൊണ്ട് തെങ്ങിൻ തടങ്ങളിൽ പുതയിടൽ നടത്തുന്നത് നല്ലതാണ്. ഉപരിതല ഊഷ്മാവും ബാഷ്പീകരണവും ഇതുമൂലം കുറയ്ക്കാം.
  • കാലവർഷം ശക്തിയായി ലഭിക്കുന്ന വടക്കൻ കേരളത്തിൽ തെങ്ങുകളെ ബാധിക്കുന്ന ഒരു മാരകരോഗമാണ് ചെന്നീരൊലിപ്പ്. വരൾച്ചാ വർഷങ്ങളിൽ രോഗം കൂടുതൽ രൂക്ഷമാകും. രോഗബാധിതമായ ഭാഗം മുറിച്ച് നീക്കി ചൂടുള്ള ടാർ പുരട്ടുകയാണ് സാധാരണ ചെയ്യുന്നത്. 25 ലിറ്റർ വെള്ളത്തിൽ 25 മില്ലിലിറ്റർ കാലിക്സിൻ ലായനി വർഷത്തിൽ മൂന്ന് തവണ തെങ്ങിന്‍റെ കടഭാഗത്ത് ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. തെങ്ങാന്നിന് 5 കി.ഗ്രാം വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുന്നതും അഭികാമ്യമാണ്.
  • സ്വേദനം മൂലമുള്ള ജലനഷ്ടം കുറക്കുവാൻ ഡിസംബർ-ഏപ്രിൽ മാസങ്ങളിൽ തെങ്ങിന്‍റെ ഏറ്റവും താഴത്തെ 3-4 ഓലകൾ വെട്ടിനീക്കാം. ഈ ഓലകൾ തടങ്ങളിൽ പുതയിടാൻ ഉപയോഗപ്പെടുത്താം.
  • വേനൽക്കാലത്ത് തെങ്ങിൻ തടിയുടെ പുറത്ത് കുമ്മായം അടിക്കുന്നത് വഴി സൂര്യാഘാതം മുഖേനയുള്ള ദോഷവശങ്ങളും ചിതൽശല്യവും ലഘൂകരിക്കാം.
  • തെങ്ങിൻ തടങ്ങളിൽ 2 കി.ഗ്രാം. കറിയുപ്പ് ഇട്ട് കൊടുക്കുന്നത് അന്തരീക്ഷത്തിലെ ഈർപ്പം ഘനീഭവിക്കുന്നതിനും മണ്ണ് നനവുള്ളതാക്കി സൂക്ഷിക്കുന്നതിനും സഹായിക്കും.

ഈ പരിചരണമാർഗ്ഗങ്ങൾക്കൊപ്പം വേനൽക്കാല ജലസേചനം കൂടി സ്വീകരിച്ചാൽ തെങ്ങിൽ നിന്ന് പരമാവധി കായ്ഫലം ലഭിക്കും. വേനൽകാല നനക്ക് വെള്ളമില്ലാത്ത അവസ്ഥയിൽ, മേൽപറഞ്ഞ പരിചരണ മാർഗ്ഗങ്ങൾ മാത്രം അവലംബിച്ചും താരതമ്യേന മികച്ച വിളവ് ലഭ്യമാക്കാം.

കാലാവസ്ഥയും രോഗകീടബാധയും

തെങ്ങിൽ വേരുതീനിപ്പുഴുക്കളുടെ ആക്രമണം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ജൂൺ-ജൂലൈ മാസങ്ങളിലും ഏറ്റവും കുറവ് ഫെബ്രുവരി-മാർച്ച് മാസങ്ങളിലുമാണ്. അന്തരീക്ഷ സാഹചര്യങ്ങളേക്കാളും മണ്ണിലെ സാഹചര്യങ്ങളാണ് ഈ കീടത്തിന്‍റെ നിലനിൽപ്പിന് സഹായകമാകുന്നത്. മണൽ പ്രദേശങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്.

തെങ്ങിൽ ബ്ലാക്ക് ഹെഡഡ് കാറ്റര്‍പില്ലറിന്‍റെ ആക്രമണം വർഷം മുഴുവനും കാണാമെങ്കിലും വേനലിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. അനുകൂലമായ അന്തരീക്ഷതാപനിലയും ആർദ്രതയും ആണ് ഇതിന് കാരണം. കൊമ്പൻചെല്ലിയുടെ ആക്രമണം രൂക്ഷമാകുന്നത് ജൂൺ-സെപ്തംബർ മാസങ്ങളിലാണ്. എന്നാൽ തെങ്ങിന്റെ ഏറ്റവും പ്രധാന കീടമായ ചെമ്പൻചെല്ലിയുടെ ആക്രമണം രൂക്ഷമാകുന്നത് ജനുവരി-മെയ് വരെയുള്ള കാലയളവിലാണ്.

വടക്കൻ കേരളത്തിൽ വ്യാപകമായി കാണുന്ന രോഗമാണ് ചെന്നീരൊലിപ്പ്. വേനലിലെ നീണ്ട വരണ്ട കാലാവസ്ഥയും, കാലവർഷക്കാലത്ത് ശക്തമായ മഴയും രോഗം രൂക്ഷമാകുന്നതിന് കാരണമാകുന്നു. തെങ്ങിൻ തടിയിലെ വിള്ളലുകളിൽകൂടി കുമിൾ അകത്ത് പ്രവേശിക്കുന്നു. തവിട്ട് കലർന്ന ചുവപ്പ് നിറത്തോടുകൂടിയ കൊഴുത്ത ദ്രാവകം വിള്ളലുകളിൽകൂടി പുറത്ത് ചാടുന്നു. തെങ്ങുകൾ വേനൽ മാസങ്ങളിൽ ഈർപ്പക്കമ്മി നേരിടുമ്പോൾ രോഗബാധ കൂടുതലായി കാണപ്പെടുന്നു.

മഴക്കാലത്താണ് മണ്ടചീയൽ രോഗം കൂടുതലായി കാണപ്പെടുന്നത്. മഴയുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ഈ രോഗം കേരളത്തിൽ കാലവർഷക്കാലത്തും തുലാവർഷക്കാലത്തും കാണുന്നു. അന്തരീക്ഷ താപനിലയുമായി ഈ രോഗത്തിന് പ്രത്യേക ബന്ധമൊന്നും തന്നെ ഉള്ളതായി കണ്ടെത്തിയിട്ടില്ല.

കശുമാവ്

തെക്കേ അമേരിക്കയിലെ ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശം. ടാൻസാനിയ, ഉഗാണ്ട, കെനിയ, മൊസംബിക് തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ വൻതോതിൽ കൃഷി ചെയ്തുവരുന്നു. ഇന്ത്യയിൽ കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, ഒറീസ്സ, ബംഗാൾ, ബീഹാർ, മേഘാലയ, ത്രിപുര, ഗോവ, മദ്ധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. 1590-ൽ പോർച്ചുഗീസുകാരാണ് കശുമാവ് ഇന്ത്യയിൽ കൊണ്ടുവന്നതെന്ന് കരുതുന്നു. ആഫ്രിക്കയിലും ഇന്ത്യയിലുമാണ് ഇന്ന് കശുമാവ് എറ്റവും കൂടുതൽ ക്യഷി ചെയ്യുന്നത്. നമുക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രധാന വിളയാണിത്. ഇന്ത്യയിൽ 800-ഓളം കശുവണ്ടി സംസ്കരണശാലകളുണ്ടെങ്കിലും, ആവശ്യമുള്ള കശുവണ്ടിയുടെ 50 ശതമാനം മാത്രമേ സംസ്കരണത്തിന് എത്തുന്നുള്ളൂ. തീരദശങ്ങളിലാണ് കശുമാവ് പ്രധാനമായും വളരുന്നത്. ഇന്ത്യയിൽ കശുമാവ് വളരുന്ന ആകെ സ്ഥലത്തിന്‍റെ 10 ശതമാനം കേരളത്തിലാണ്. തോട്ടണ്ടി ഉത്പാദനത്തിന്റെ ഏകദേശം 12 ശതമാനം കേരളത്തിൽനിന്നാണ്. കേരളത്തിലെ ശരാശരി കശുവണ്ടിയുൽപാദനം ഹെക്ടറിന് 875 കിലോഗ്രാമും ആണ്. ദേശീയ ശരാശരിയാകട്ടെ ഹെക്ടറിന് 820 കിലോഗ്രാമും. ശരാശരി വിളവ് കേരളത്തിൽ കൂടുതലാണെങ്കിലും, ജില്ലകൾ തോറും ഉത്പ്പാദനത്തിൽ വ്യത്യാസമുണ്ട്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ തോട്ടണ്ടി ഉത്പ്പാദിപ്പിക്കപ്പെടുന്നത്.

ഈ ഉൽപ്പാദനമെല്ലാം മഴയെ ആശ്രയിച്ചുമാത്രമാണ്. കണ്ണൂര്‍ ജില്ലയില്‍ ഉൽപ്പാദിപ്പിക്കപ്പെടുന്ന കശുവണ്ടി ഉയർന്ന ഗുണനിലവാരവും വലിപ്പവും പ്രദര്‍ശിപ്പിക്കുന്നതിനാലാണ് കമ്പോളങ്ങളില്‍ അത് താരതമ്യേന കൂടുതല്‍ വില നേടിത്തരുന്നത്. തീരദേശങ്ങളിലാണ് കശുമാവ് കൂടുതല്‍ വളരുന്നതെങ്കില്‍ കൂടി, സംസ്ഥാനങ്ങള്‍ തോറും ഉൽപ്പാദനക്ഷമതയുടെ കാര്യത്തിലും, ഗുണനിലവാരത്തിന്‍റെ കാര്യത്തിലും അന്തരമുണ്ട്.

പശ്ചിമതീരത്തുൽപ്പാദിപ്പിക്കപ്പെടുന്ന കശുവണ്ടിയുടെ വലിപ്പവും ഗുണമേൻമയും പൂർവതീരത്തുൽപ്പാദിപ്പിക്കപ്പെടുന്നവയെ അപേക്ഷിച്ച് മുന്തിയതാണെന്ന് കാണാം. മൺസൂണിൻറ അസ്ഥിരസ്വഭാവം നിമിത്തം കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ഈ കുറഞ്ഞ ഉൽപ്പാദനത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേരളത്തിൽ, കശുമാവിൽ നിന്നുള്ള ഉത്പാദനം മഴയെ ആശ്രയിച്ച് മാത്രമാണ്. മഴയെ ആശ്രയിച്ച് വളരുന്ന കശുമാവിന്‍റെ പൂവിടൽ, സ്ഥലത്തിന്‍റെ അക്ഷാംശം, ഉയരം, ലഭിക്കുന്ന വർഷപാതത്തിന്‍റെ അളവ് താപനില എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പൂവിട്ട് കായ് പിടിക്കുന്നതിന് കശുമാവിന് മഴ ആവശ്യമാണ്. അതുപോലെ കശുവണ്ടി പാകമാവുമ്പോൾ വരണ്ട കാലാവസ്ഥയും ആവശ്യമാണ്. വടക്കു കിഴക്കന്‍ കാലവർഷം ക്രമരഹിതമായാൽ മണ്ണില്‍ ഈർപ്പകമ്മി ഉണ്ടാവുകയും അത് പൂവിടലിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. മേഘാവൃതമായ അന്തരീക്ഷം തേയില കൊതുകിന്റെ സാന്നിദ്ധ്യം സജീവമാക്കുന്നു. ഈ സാഹചര്യം ആവർത്തിക്കപ്പെടുമ്പോൾ ഉത്പാദനം മന്ദീഭവിക്കും. അതിനാൽ, വിവിധ കാർഷിക കാലാവസ്ഥാ മേഖലകളിലുള്ള കശുമാവിന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളും, അന്തരീക്ഷവുമായുള്ള പരസ്പരവർത്തനം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കശുമാവ് കൃഷിയും ഉൽപ്പാദനവും ഭൂമിശാസ്ത്രപരവും കലാപരവുമായ അനേകം ഘടകങ്ങളാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. വ്യത്യസ്ത ഘടകങ്ങൾക്ക് കശുമാവിലുള്ള സ്വാധീനം പരിശോധിക്കാം.

  • അക്ഷാംശം:

ഭൂമധ്യരേഖയ്ക്കും, ദക്ഷിണ അക്ഷാംശം 10 ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വടക്കുകിഴക്കൻ ബ്രസീലാണ് കശുമാവിന്‍റെ ജൻമദേശമെന്ന് പൊതുവെ കരുതപ്പെടുന്നു. ഇന്ന് കശുമാവ് കൃഷി, ഉത്തര അക്ഷാംശം 27 °യിൽ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഫ്ളോറിഡ മുതൽ ദക്ഷിണ അക്ഷാംശം 28 യിൽ സ്ഥിതിചെയ്യുന്ന ദക്ഷിണാഫ്രിക്ക വരെ വ്യാപിച്ചുകിടക്കുന്നു. എന്നിരിക്കിലും, ഈ സ്ഥലങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കശുമാവ് കൃഷി ചെയ്യുന്നില്ല. മധ്യരേഖയിൽ നിന്നകന്ന് കശുമാവ് കൃഷി വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന രാജ്യം ദക്ഷിണ അക്ഷാംശം 23 യിൽ കിടക്കുന്ന മൊസാംബിക്കാണ്. ഉത്തരാർദ്ധഗോളത്തിൽ 15-20 ഇടയിൽ കിടക്കുന്ന ഗ്വാട്ടിമലയിലും, മെക്സിക്കോയിലും കശുമാവ് സമൃദ്ധമായി വളരുന്നതായി കാണുന്നു.

പ്രധാനപ്പെട്ട കശുമാവ് കൃഷി മേഖലകളെല്ലാം കാണപ്പെടുന്നത് ഉത്തരഅക്ഷാംശം 15°ക്കും, ദക്ഷിണ അക്ഷാംശം 15°ക്കും ഇടയിലാണ്. ഇന്ത്യയിൽ, ഉത്തരഅക്ഷാംശം 8°ക്കും. 28°ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തീരപ്രദേശങ്ങളിൽ ഉടനീളം കശുമാവ് വളരുന്നുണ്ടെങ്കിലും അവ ഏറ്റവും കൂടുതലായി വളരുന്ന പ്രദേശങ്ങൾ ഉത്തരഅക്ഷാംശം 8ക്കും, 20°ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന തീരദേശങ്ങളാണ്.

  • അക്ഷാംശവും പുഷ്പിക്കലും:

വിവിധ രാജ്യങ്ങളിൽ കശുമാവ് പൂവണിയുന്നതിലുണ്ടാകുന്ന കാലവൃതിയാനം, ആ രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന അക്ഷാംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ടാൻസാനിയയിലും ബ്രസീലിലും കശുമാവുകൾ ഏറ്റവും കൂടുതൽ പൂവണിയുന്നത്. മൊസാംബിക്കിൽ ഒക്ടോബർ, ഫിലിപ്പൈൻസിൽ മാർച്ച് എന്നീ മാസങ്ങളിലുമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കശുമാവ് പുഷ്പിക്കുന്നതിൽ കാലവ്യത്യാസം കാണപ്പെടുന്നു. ഉത്തര അക്ഷാംശം 13യിൽ സ്ഥിതിചെയ്യുന്ന മംഗലാപുരത്തും, മലപ്പുറം ജില്ലയിലെ ആനക്കയത്തും (11°N) ഏറ്റവുമധികം പുഷ്പ്പിക്കുന്നത് ജനുവരി മാസം ആദ്യമാണ്. ഏറ്റവുമധികം വിളവെടുപ്പ് നടക്കുന്നത് ഏപ്രിൽ ആദ്യവാരവും. പൂർവ്വതീരത്തെ ബാപട്ലയില്‍  (ആന്ധ്രാപ്രദേശ്-17N) ഏറ്റവുമധികം പുഷ്പിക്കൽ നടക്കുന്നത് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളുടെ മധ്യത്തിലാണ്. വിളവടുപ്പ് ഏപ്രിൽ അവസാനവും. എന്നാൽ വീണ്ടും വടക്കോട്ട് പോകുന്തോറും വിളവെടുപ്പ് സമയം മേയ് അവസാനം വരെ നീളുന്നു. ഭൂമധ്യരേഖയിൽ നിന്ന് തെക്കോട്ടും, വടക്കോട്ടും പോകുന്തോറും കശുമാവ് പൂക്കുന്നതില്‍ ക്രമമായ കാലവ്യത്യാസം പ്രകടമാണ്. എന്ന് വരികിലും, മധ്യരേഖയുടെ ഇരു ഭാഗങ്ങളിലുമുള്ള പ്രദേശങ്ങളിലും വിളവെടുപ്പ് നടക്കുന്നത് വേനല്‍ക്കാലത്തോടുകൂടിയാണ്.

കശുമാവ് വളരുന്നതിലും, പൂവണിയുന്നതിലും കായ്പിടിക്കുന്നതിലും അന്തരീക്ഷോഷ്മാവിന് ശക്തമായ സ്വാധീനമുണ്ട്. അക്ഷാംശവും പൂക്കാലവും തമ്മിലുള്ള ബന്ധം, അക്ഷാംശവും താപനിലയുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നു.

അക്ഷാംശത്തിൽ വരുന്ന വ്യതിയാനം പൂവിടൽ സമയത്തേയും സ്വാധീനിക്കുന്നു. ഉദാഹരണമായി ഉത്തര അക്ഷാംശം 9°16' ൽ കിടക്കുന്ന കൊട്ടാരക്കരയിൽ പൂവിടൽ ആരംഭിക്കുന്ന ശരാശരി സമയം നവംബർ 24 ആണ്.

അതേസമയം വടക്ക് കിഴക്കേ ഇന്ത്യയിലെ ഝര്‍ഗ്രാമിൽ ഇത് മാർച്ച് 14 വരെ നീളുന്നു. ഇന്ത്യയുടെ പശ്ചിമ തീരത്തുതന്നെ സ്ഥിതിചെയ്യുന്ന വ്യത്യസ്ത സ്ഥലങ്ങളിൽ അക്ഷാംശത്തിനനുസരിച്ച് പൂവിടൽ സമയം വ്യത്യസ്തമായി കാണുന്നുണ്ട്. തെക്ക് നിന്ന് വടക്കോട്ട് പോകുന്തോറും കശുമാവിൻ പൂവിടലിൽ ഓരോ ഡിഗ്രി അക്ഷാംശത്തിനും6 ദിവസം വീതം താമസം വരുന്നതായും കാണപ്പെടുന്നു. അതായത്, വടക്കോട്ട് പോകുന്തോറും പൂവിടൽ നവംബർ-ഡിസംബർ മാസത്തിൽ നിന്ന് ഡിസംബർ-ജനുവരിയിലേക്ക് നീളുന്നതായി കാണുന്നു. എന്നാൽ ഇന്ത്യയുടെ പൂർവ്വതീരത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ കശുമാവിന്‍റെ പുഷ്പ്പിക്കൽ ഫെബ്രുവരി-മാർച്ചിലാണ്.

അക്ഷാംശത്തിന് പുറമെ, രേഖാംശത്തിലുണ്ടാകുന്ന വ്യതിയാനവും പൂവിലിനെ സ്വാധീനിക്കുന്നു. പശ്ചിമതീരത്തും പൂർവ്വതീരത്തും ഒരേ അക്ഷാംശത്തിൽ തന്നെ വരുന്ന വ്യത്യസ്ഥ സ്ഥലങ്ങളിൽ കശുമാവിന്‍റെ പൂവിടൽസമയം വ്യത്യസ്തമാണെന്ന് കാണാം. സ്ഥലങ്ങൾ ഒരേ അക്ഷാംശത്തിലാണെങ്കിൽ പോലും രേഖാംശത്തിന്‍റെ സ്വാധീനം പൂവിടുന്ന സമയത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമാണെന്ന് ഇത് വ്യക്തമാക്കുന്നു.

പശ്ചിമതീരത്തെയും, പൂര്‍വ്വതീരത്തെയും വ്യത്യസ്ത അക്ഷാംശ-രേഖാംശങ്ങളില്‍ കശുമാവിന്‍റെ പൂവിടല്‍ സമയം

സ്ഥലം

അക്ഷാംശം

(N)

രേഖാംശം

(N)

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം(മീറ്റര്‍)

മണ്ണിനം

താപനില(C)

മഴയും മഴ ദിവസവും

പരമാവധി പൂവിടല്‍ നടക്കുന്ന സമയം

ഉയര്‍ന്നത്

താഴ്ന്നത്

പശ്ചിമതീരം

 

 

 

 

 

 

 

 

കൊട്ടാരക്കര(കൊല്ലം)

916’

7637’

91

ചെങ്കല്‍

27.1-34.9

16.0-22.7

2352(108)

നവംബര്‍-ഡിസംബര്‍

മാടക്കത്തറ(തൃശ്ശൂര്‍)

1031’

7613’

40

ചെങ്കല്‍

28.6-37.6

21.3-25.2

2795(121)

നവംബര്‍-ഡിസംബര്‍

ആനക്കയം(മലപ്പുറം)

1101’

7601

107

ചെങ്കല്‍

28.7-26.3

18.4-24.9

3367(110)

ഡിസംബര്‍-ജനുവരി

അമ്പലവയല്‍(വയനാട്)

1137’

7612’

974

ചെങ്കല്‍

24.4-32.3

11.0-20.8

1976(123)

ജനുവരി-ഫെബ്രുവരി

പീലിക്കോട്(കാസറഗോഡ്)

1212’

7510’

15

ചെങ്കല്‍

27.8-34.7

18.7-26.0

3624(114)

ഡിസംബര്‍-ജനുവരി

പുത്തൂര്‍(കര്‍ണ്ണാടക)

1245’

7512’

90

ചെങ്കല്‍

27.2-36.1

17.3-23.7

3660(123)

ഡിസംബര്‍-ജനുവരി

വെന്‍ഗുര്ല(മഹാരാഷ്ട്ര)

1551’

7338’

06

ചെങ്കല്‍

29.0-33.7

14.7-26.7

2871(98)

ഡിസംബര്‍-ജനുവരി

പൂര്‍വ്വതീരം

 

 

 

 

 

 

 

 

വൃദ്ധാചലം(തമിഴ്നാട്)

1103’

7926’

43

ചുവന്ന ചെങ്കല്‍

30.0-42.1

19.0-24.9

1042(54)

ഫെബ്രുവരി-മാര്‍ച്ച്

ചിന്താമണി(കര്‍ണ്ണാടക)

1324’

7854’

857

ചുവന്ന പശിമ തരിമണ്ണ്‍

26.2-34.4

115-21.7

670(45)

ഫെബ്രുവരി-മാര്‍ച്ച്

ബാപട്ള(ആന്ധ്രാപ്രദേശ്)

1554’

8030’

06

Littoral Sand

27.9-39.8

16.4-28.3

920(57)

ഫെബ്രുവരി-മാര്‍ച്ച്

ഭുവനേശ്വര്‍(ഒറീസ്സ)

2015’

8552’

26

പശിമ തരിമണ്ണ്‍

26.8-39.1

12.9-26.9

1525(99)

ഫെബ്രുവരി-മാര്‍ച്ച്

ഝര്‍ഗ്രം(പശ്ചിമബംഗാള്‍)

2228’

8703’

79

പശിമ തരിമണ്ണ്‍

25.1-39.5

7.5-24.5

1517(99)

ഫെബ്രുവരി-മാര്‍ച്ച്

 

ഒരേ അക്ഷാംശത്തിൽ തന്നെ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളാണ് ആനക്കയം, വൃദ്ധാചലം എന്നിവ. എന്നാൽ പശ്ചിമ തീരത്ത് സ്ഥിതിചെയ്യുന്ന ആനക്കയത്തെ പൂവിടൽ സമയം പൂർവതീരത്ത് കിടക്കുന്ന വൃദ്ധാചലത്തിലെ പൂവിടൽ സമയവുമായി വ്യത്യാസം പ്രകടിപ്പിക്കുന്നതിന്‍റെ കാരണം പൂർവ്വതീരത്ത് ലഭിക്കുന്ന വടക്ക് കിഴക്കൻ കാലവർഷത്തിന്‍റെ പ്രഭാവമാകാം. ഇതേ കാരണം കൊണ്ട് തന്നെയാണ് വെന്‍ഗുര്‍ളയിലും (മഹാരാഷ്ട്ര), ബാപടലയിലും (ആന്ധ) പുഷ്പ്പിക്കൽ വ്യത്യസ്ഥ സമയങ്ങളിൽ കാണുന്നത്.

മധ്യമേഖലയിൽ നിന്നകന്ന് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ ശൈത്യകാലത്തനുഭവപ്പെടുന്ന താഴ്ന്ന താപനില ചിനപ്പ് പൊട്ടലിന് അവശ്യം വേണ്ട താപനിലായേക്കാള്‍ വളരെയേറെ താഴ്ന്നതാണ്. ഒരുപക്ഷെ ഇക്കാരണം കൊണ്ടാവാം ഉയർന്ന അക്ഷാംശ മേഖലകളിൽ കശുമാവ് സാധാരണ കാണപ്പെടാത്തത്.

പൂവിടല്‍ സമയത്തില്‍ രേഖാംശത്തിന്‍റെ സ്വാധീനം

 

സ്ഥലം

അക്ഷാംശം(൦E)

രേഖാംശം(൦E)

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം(മീറ്റര്‍)

താപനില(൦C)

വര്‍ഷപാതം(മി.മീ.)

ഏറ്റവും കൂടുതല്‍ പൂവിടുന്ന സമയം

ഉയര്‍ന്നത്

താഴ്ന്നത്

പശ്ചിമതീരം

വെന്‍ഗുര്‍ള(മഹാരാഷ്ട്ര)

1551’

7338’

06

29.3-33.7

24.7-26.7

2871

ഡിസംബര്‍-ജനുവരി

ആനക്കയം(കേരളം)

1101’

7601’

107

28.7-36.3

18.4-24.9

3367

ഡിസംബര്‍-ജനുവരി

പൂര്‍വ്വതീരം

ബാപട്ള(ആന്ധ്ര)

1554’

8030’

06

27.9-39.8

16.4-28.3

920

ഫെബ്രുവരി-മാര്‍ച്ച്

വൃദ്ധാചലം(തമിഴ്നാട്)

1103’

7926’

43

30.0-42.1

19.0-24.9

1042

ഫെബ്രുവരി-മാര്‍ച്ച്

 

  • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം:

സമുദ്ര നിരപ്പിൽ നിന്ന് അധിക ഉയരത്തിൽ കശുമാവ് വളരാറില്ല. ഉയർന്ന പ്രദേശങ്ങളിലെ താഴ്ന്ന താപനില കശുമാവിന്‍റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. വളരെ ഉയർന്ന സ്ഥലങ്ങളിൽ വളരുന്ന കശുമാവ് വൈകി പൂവണിയുവാനും, കായ്പിടിക്കാനുമുള്ള പ്രവണത കാണിയ്ക്കുന്നു. ഉദാഹരണമായി, കേരളത്തിൽ തന്നെ സമുദ്രനിരപ്പിൽ നിന്ന് വൃത്യസ്ഥ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ കശുമാവ് പൂവണിയുന്നത് വ്യത്യസ്ത സമയത്താണ്.

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരവും കശുമാവിന്‍റെ പൂവിടലും

സ്ഥലം

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം (മീറ്റര്‍)

പുഷ്പിക്കുന്ന സമയം

കൊട്ടാരക്കര (കൊല്ലം)

91

നവംബര്‍ 24

അമ്പലവയല്‍ (വയനാട്)

974

ജനുവരി 6

പീലിക്കോട്(കാസറഗോഡ്)

15

ഡിസംബര്‍ 19

 

300 മീറ്റർ ഉയരത്തിനപ്പുറം ഇന്ത്യയിൽ കശുമാവ് കൃഷി സാധാരണ കണ്ടുവരുന്നില്ല. സമുദ്രനിരപ്പിൽ നിന്നുള്ള ഓരോ 100 മീറ്റർ ഉയരത്തിനും പൂവിടലിലെ താമസം മൂന്ന് ദിവസമാണ്.

ഇന്ത്യയിൽ കശുമാവ് കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത് തീരപ്രദേശങ്ങളിലാണ്. തീരദേശങ്ങളിലെ കാലാവസ്ഥ കശുമാവിന്‍റെ വളര്‍ച്ചക്ക് അനുകൂലമാണെങ്കിലും, സമുദ്രസാമീപ്യം ഇതിന്‍റെ വളർച്ചയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമൊന്നുമല്ല. കശുമാവിനെ ഒരു ‘തീരദേശവൃക്ഷം’ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇത് പൂർണ്ണമായും ശരിയല്ല. ഉദാഹരണമായി, ടാൻസാനിയയിലെ ഉൾനാടുകളിൽ വളരുന്ന തീരദേശത്തുള്ളവയേക്കാൾ മെച്ചപ്പെട്ട ആരോഗ്യനില പ്രകടിപ്പിക്കുന്നു.

ബ്രസീലിലാകട്ടെ, തീരദേശങ്ങളിൽനിന്നും 1000 കി.മീറ്റർ വരെ ഉള്ളിലോട്ട് നീങ്ങി കശുമാവുകൾ വളരുന്നതായി കാണാം.

  • താപനില:

ഒരു ഉഷ്ണമേഖലാ വിളയായതിനാൽ ഉയർന്ന താപനിലകളെ അതിജീവിക്കുവാനുള്ള കഴിവ് കശുമാവിനുണ്ട്. പകൽ താപനില 40°C വരെയുള്ള മൊസാംബിക് പോലെയുളള ഏറെക്കൂറെ വരണ്ട ഭൂപ്രദേശങ്ങളിൽ വരെ കശുമാവ് വളരുന്നതായിക്കാണുന്നു. വിപുലമായ താപ സഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കശുമാവിന് ഏറ്റവും അനുയോജ്യമായ പ്രതിമാസ താപനില 24°C നും 28°C നും ഇടയിൽ ആണ്. ഇളം പ്രായത്തിലുള്ള കശുമാവ് ശൈതൃത്താട് അതിയായ സംവേദനത്വം പ്രകടിപ്പിക്കുന്നു. ആസാമിൽ കശുമാവ് വളരുന്ന ഏറ്റവും താഴ്ന്ന താപനില 7°C ആണ്. ശൈത്യകാലം നിലനിൽക്കുന്ന സമയദൈർഘ്യത്തിനും കശുമാവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാനൃമുണ്ട്. പൂജ്യം ഡിഗ്രിയോടടുത്ത താപനില അൽപ്പകാലത്തേയ്ക്ക് അതിജീവിക്കാൻ കശുമാവിന് കഴിയുമെങ്കിലും, ശരാശരി വാർഷിക താപനില 20°C നേക്കാൾ കുറവുള്ള പ്രദേശങ്ങളിൽ കശുമാവ് കൃഷി ലാഭകരമല്ല. കശുമാവ് സമൃദ്ധിയായി വളരുന്ന ചില പ്രദേശങ്ങളിൽ, രാത്രി താപനില വളരെ താഴ്ന്നതാണെങ്കിൽ പോലും, പകൽ താപനില വളരെ ഉയർന്നതാണെന്ന് കണ്ടിട്ടുണ്ട്; പ്രത്യേകിച്ച് വരണ്ട കാലാവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങളില്‍. പ്രധാനപ്പെട്ട കശുമാവ് കൃഷിസ്ഥലങ്ങളിലെ ഏറ്റവും താഴ്ന്ന താപനില 15°C നും 25°C നും മധ്യേയാണ്. ഏറ്റവും ഉയര്‍ന്ന താപനില 25°C നും 35°C നും മധ്യേയും. മറ്റു കാലാവസ്ഥ ഘടകങ്ങൾ അനുയോജ്യമാണെങ്കിൽ, ദിനം തോറും കാലം തോറും ഉണ്ടാകുന്ന ഊഷ്മ വ്യതിയാനങ്ങൾ അതിജീവിക്കാൻ കശുമാവിന് സാദ്ധ്യമാണ്. ഉയർന്ന സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന താഴ്ന്ന താപനില മൂലം അത്തരം സ്ഥലങ്ങൾ കശുമാവ് കൃഷിക്ക് അനുയോജ്യമല്ല. ഇന്ത്യയുടെ പശ്ചിമതീരത്ത് 20C നോടടുത്ത് ചുരുങ്ങിയ താപനില അനുഭവപ്പെടുന്നത് ഡിസംബർ-ജനുവരി മാസങ്ങളില്‍ മാത്രമാണ്. പൂര്‍വതീരത്താകട്ടെ ചുരുങ്ങിയ താപനില (17C നോടടുത്ത്) അനുഭവപ്പെടുന്നത് ജനുവരി-ഏപിൽ മാസങ്ങളിലും, വേനൽമാസങ്ങളിൽ പശ്ചിമതീരത്ത് അനുഭവപ്പെടുന്ന കൂടിയ താപനില 32-34C പരിധിയിലും പൂർവ്വതീരത്ത് 34-38°C പരിധിയിലുമാണ്.

പശ്ചിമതീരത്ത് തന്നെ വ്യത്യസ്ത അക്ഷാംശങ്ങളിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളാണ് പീലിക്കോടും (കാസര്‍ഗോഡ് ജില്ല), വെൻഗുർളയും (മഹാരാഷ്ട), വെൻഗുർളയിൽ കശുമാവിലെ പൂവിടൽ ആരംഭിക്കുന്നത് നവംബർ ആദ്യവാരമാണ്. പീലിക്കോടാകട്ടെ ഡിസംബർ ആദ്യവാരവും. എന്നാൽ പൂവിടൽ തുടങ്ങി വിളവെടുപ്പ് വരെയുള്ള സമയം വെൻഗുർളയിൽ 118 ദിവസവും പീലിക്കോട് 87 ദിവസവുമാണ്. മാത്രമല്ല, വെൻഗുർളയിൽ പൂവിടൽ നേരത്തെ ആരംഭിക്കുകയാണെങ്കിൽപോലും വിളവെടുപ്പ് കഴിയുന്നത് പീലിക്കോടിനെ അപേക്ഷിച്ച് താമസിച്ചാണ്.

പീലിക്കോടും വെന്‍ഗുര്‍ളയിലും പൂവിടല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ദൈര്‍ഘ്യം

സ്ഥലം

പൂവിടല്‍ ആരംഭിക്കുന്ന ദിവസം

വിളവെടുപ്പ്

പൂവിടല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ദൈര്‍ഘ്യം

പീലിക്കോട്

ഡിസംബര്‍ 3

ഫെബ്രുവരി 28

87

വെന്‍ഗുര്‍ള

നവംബര്‍ 9

മാര്‍ച്ച്‌ 7

118

 

പീലിക്കോടും വെവൻഗുർളയും തമ്മിൽ നവംബർ-ഫെബ്രുവരി മാസങ്ങളിലെ കുറഞ്ഞ ഉപരിതല താപനിലയിൽ ഉള്ള വ്യത്യാസം 3.3°C ആണ്. പൂവിടൽ, കായ്പിടിത്തം, മൂപ്പെത്തൽ തുടങ്ങിയ പ്രധാനഘട്ടങ്ങളിൽ നടക്കുന്നത് നവംബർ-ഫെബ്രുവരി മാസങ്ങളിലാണ്. ഈ മാസങ്ങളിൽ വെൻഗുർളയെ അപേക്ഷിച്ച് പീലിക്കോട് താഴ്ന്ന താപനിലയിൽ 3.3°Cല്‍ കൂടുതൽ കാണുന്നു. ഇക്കാരണം കൊണ്ടാകാം വെൻഗുർളയിൽ പീലിക്കോടിനെ അപേക്ഷിച്ച് പൂവിടല്‍ തുടങ്ങി വിളവെടുപ്പ് വരെയുള്ള സമയം ദൈർഘ്യമേറിയതാവുന്നത്.

കേരളത്തിൽ കശുമാവ് പൂക്കുന്ന നവംബർ-ഫെബ്രുവരി മാസങ്ങളില്‍ വത്യസ്ഥ പ്രദേശങ്ങളിൽ താപനിലയിൽ പ്രകടമായ അന്തരമുണ്ട്. ഇത് സ്ഥലത്തിന്‍റെ അക്ഷാംശത്തിനനുസരിച്ചും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിനനുസരിച്ചും വ്യത്യാസപ്പെടുന്നു. ഉദാഹരണമായി, ഉത്തര അക്ഷാംശം 10°31 ൽ സ്ഥിതി ചെയ്യുന്ന മാടക്കത്തറയിൽ നവംബർ-ഫെബ്രുവരി മാസ താപനില 27.7°C രേഖപ്പെടുത്തിയപ്പോൾ ഉത്തര അക്ഷാംശം 11°37 ൽ കിടക്കുന്ന അമ്പലവയലിൽ (സമുദ്ര നിരപ്പിൽ നിന്ന് 974 മീറ്റർ ഉയരം) ഇത് 21.5°C ആകുന്നു. അതായത് താപനിലയിൽ 6.2C ന്‍റെ അന്തരം കാണുന്നു. കേരളത്തിന്‍റെ തെക്കുനിന്ന് വടക്കോട്ട് പോകുന്തോറും ഉപരിതല താപനിലയിൽ അക്ഷാംശത്തിനനുസരിച്ച് 0.5 മുതൽ 1.2°C വരെ വ്യത്യാസം കാണുന്നു. ഇത് വ്യക്തമാക്കുന്നത് താപനിലയിലെ അന്തരം അക്ഷാംശീയമായി കുറവും ഉയരത്തിനാനുപാതികമായി കൂടുതലുമാണെന്നാണ്. എന്ന് വരികിലും,ഉത്തര അക്ഷാംശം 9°16 ൽ സ്ഥിതിചെയ്യുന്ന കൊട്ടാരക്കരയിൽ നിന്നും ഉത്തര അക്ഷാംശം 12°12 ൽ സ്ഥിതിചെയ്യുന്ന പീലിക്കോട് വരുന്തോറും കുറഞ്ഞ ഉപരിതല അന്തരീക്ഷ ഊഷ്മാവിൽ 1.8°C വ്യത്യാസം കാണപ്പെടുന്നു. അക്ഷാംശത്തിനും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം എന്നിവ മൂലം ഉപരിതല ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം കശുമാവിന്‍റെ ജൈവിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതായി കാണാം.

പരിധിവിട്ടുയരുന്ന അന്തരീക്ഷതാപനിലയും കശുമാവിന് ഹാനികരമാണ്. കേരളത്തിലെ ചില ജില്ലകളില്‍ നിന്ന് 1993 ലും 1996 ലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പൂങ്കുലവാട്ടം, ആ വര്‍ഷങ്ങളിലെ കൂടിയ താപനിലയുടെ ഫലമായി പൂങ്കുലചാഴിയുടെ ആക്രമണം ഉണ്ടായത് മൂലമാണെന്ന് കരുതുന്നു. വൈകി പുഷ്പിക്കുന്ന ഇനങ്ങളിലാണ് ഇത് കാണപ്പെട്ടത്. പഴങ്ങൾ ഇളം പ്രായത്തിലായിരിക്കുമ്പോൾ ഉണ്ടാകുന്ന ഉയർന്ന താപനില (39-42°C), അവ കൊഴിയുന്നതിന് ഇടയാകുന്നു. കശുമാവിലെ പൂവിരിയലിനെ നിയന്ത്രിക്കുന്നതിൽ താപനിലക്കാണ് ആപേക്ഷിക ആർദ്രതയേക്കാൾ പ്രാധാന്യം. പ്രത്യുൽപ്പാദനഘട്ടത്തിൽ അനുഭവപ്പെടുന്ന ഉയർന്ന അന്തരീക്ഷ താപനില (>35°C) കശുവണ്ടിയുടെ തൂക്കം കുറയാൻ ഇടയാക്കുന്നു. ചില സന്ദർഭങ്ങളിൽ ഇന്ത്യയുടെ പൂർവ്വതീരത്ത് താപനില 42°C വരെ എത്താറുണ്ട്. പശ്ചിമ തീരത്ത് കശുമാവിന്‍റെ പ്രത്യുല്‍പ്പാദനഘട്ടത്തിൽ അനുഭവപ്പെടുന്ന മിതമായ അന്തരീക്ഷ താപനിലയാണ് മികച്ച കായ് വളർച്ചക്ക് അനുയോജ്യം. മാടക്കത്തറയിൽ (തൃശ്ശൂർ) നവംബറിൽ തുടങ്ങി ജനുവരി മധ്യം വരെ അനുഭവപ്പെടുന്ന ശക്തിയേറിയ പാലക്കാടൻ കാറ്റും ഫെബ്രുവരി-മാർച്ചിൽ അനുഭവപ്പെടുന്ന ഉയർന്ന അന്തരീക്ഷ താപനിലയും (>35°C) പരമാവധി വിളവ് ലഭിക്കുന്നതിന് തടസ്സമാകാറുണ്ട് എന്ന് കരുതുന്നു.

  • വർഷപാതം:

മഴയെ ആശ്രയിച്ച് വളരുന്ന ഒരു വിളയാണ് കശുമാവ്. വളരെ കുറഞ്ഞതും വളരെ കൂടിയതുമായ വാർഷിക വർഷപാതത്തെ അതിജീവിക്കുവാൻ കശുമാവിന് കഴിയുമെങ്കിലും ഉൽപ്പാദനക്ഷമതയെ സംബന്ധിച്ചിടത്തോളം കശുമാവ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ വാർഷിക വർഷപാതം 1300 മി.മീ മുതൽ 2500 മി.മി. വരെയാണ്. താരതമ്യേന താഴ്ന്ന തോതിൽ മഴ ലഭിക്കുന്ന പൂർവ്വതീരത്തെ അപേക്ഷിച്ച് ഉയർന്ന അളവിൽ മഴ ലഭിക്കുന്ന പശ്ചിമതീരത്ത് വിളവ് ഏകദേശം രണ്ട് മൂന്നിരട്ടിയാകാൻ കാരണവും ഈ മഴക്കൂടുതല്‍ തന്നെ.

തെക്ക് പടിഞ്ഞാറൻ - വടക്കുകിഴക്കൻ കാലവർഷങ്ങളിൽ നിന്ന് ലഭിക്കുന്ന മഴ മൂലം മണ്ണിന്‍റെ ഈർപ്പം വർദ്ധിക്കുന്നു. തളിരിടുകയും പൂവണിയുകയും ചെയ്യുന്ന സമയത്തെ ജല ആവശ്യകത ഇതു മൂലം പരിഹരിക്കപ്പെടുന്നു. മഴയെത്തുടർന്ന് പൂ വിരിയുകയും കായ് പിടിക്കുകയും ചെയ്യുന്ന സമയത്ത് അനുഭവപ്പെടുന്ന വരണ്ട ഇടവേളയാണ് കേരളത്തിൽ കശുമാവിൽനിന്ന് ഏറ്റവും മികച്ച വിളവ് ലഭിക്കുവാൻ ഇടയാക്കുന്നത്. മൺസൂൺ കാലത്ത് കശുമാവ് തളിരിടുകയോ, പൂവിടുകയോ ചെയ്യുന്നില്ല. ഡിസംബർ ആകുന്നതോടെ തളിർക്കാനും, പൂവിടാനും ആരംഭിക്കുന്നു. പൂവിടൽ മാർച്ച്-ഏപ്രിൽ വരെ നീളുന്നു. ഏറ്റവും കൂടുതൽ പൂവിടുന്നത് ഡിസംബർ-ജനുവരി മാസത്തിലാണെന്ന് കണ്ടിട്ടുണ്ട്. പുഷ്പിക്കുന്ന സമയത്തെ അടിസ്ഥാനപ്പെടുത്തി കശുമാവുകളെ നേരത്തെ പുഷ്പ്പിക്കുന്നവ (ഒക്ടോബർ-നവംബർ), ഇടക്കാലത്ത് പുഷ്പിക്കുന്നവ (ഡിസംബർ-ജനുവരി), വൈകി പുഷ്പിക്കുന്നവ (ജനുവരി ഫെബ്രുവരി) എന്നിങ്ങനെ തരംതിരിക്കാം.

താപനില അനുകൂലമാണെങ്കിൽ, കനത്ത മഴക്ക് ശേഷം കശുമാവ് തഴച്ച് വളരുന്നു. മഴക്കാലത്ത് നാമ്പുകൾ സുഷുപ്താവസ്ഥയിൽ ആയിരിക്കുകയും മഴക്കാലം കഴിയുമ്പോൾ പൊട്ടി വിരിയുകയും ചെയ്യുന്നു. നാമ്പിടുന്നതിന് ആവശ്യമായ ഒരു പ്രാഥമിക ഉപാധിയാണ് മണ്ണിലെ ഈർപ്പക്കമ്മി. പുഷ്പിക്കുന്നതിന് ജലസാന്നിദ്ധ്യം അത്യാവശ്യമാണെങ്കിലും ഈർപ്പക്കമ്മിക്ക് വിധേയമായില്ലെങ്കിൽ, കശുമാവിൽ നാമ്പിടൽ നടക്കുന്നില്ല. മറിച്ച്, ജലാധിക്യം നാമ്പിടലിനെ സംബന്ധിച്ചിടത്തോളം ഒരു പ്രതികൂലഘടകമാണ് താനും. അനുകൂലമായ താപനില, മഴയ്ക്കുശേഷമുള്ള താഴ്ന്ന ആപേക്ഷിക ആർദ്രത, സൂര്യപ്രകാശം മുതലായവ കശുമാവിന്‍റെ വളർച്ചയെയും, നാമ്പിടലിനേയും ത്വരിതപ്പെടുത്തുന്നു.

വർഷം മുഴുവനും ഒരേ പോലെ ലഭിക്കുന്ന കനത്ത മഴ കശുമാവിന്‍റെ വളർച്ചയ്ക്കും, ഉൽപ്പാദനത്തിനും അഭികാമ്യമല്ല. ചുരുങ്ങിയത് നാല് മാസമെങ്കിലും ദൈർഘ്യമുള്ള മഴയില്ലാത്ത ഇടവേള മികച്ച വിളവിന് അത്യാവശ്യമാണ്. പൂവിടുമ്പോഴും, കായ്പിടിക്കുമ്പോഴുമുണ്ടാകുന്ന മഴ, ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനുവരി-മാർച്ച് മാസങ്ങളിൽ പെയ്യുന്ന അസ്വാഭാവികമായ കനത്ത മഴ തേയിലക്കൊതുകിന്‍റെ ആക്രമണം രൂക്ഷമാക്കുന്നു. ഇതുമൂലം വിളവിൽ നഷ്ടം സംഭവിക്കുക മാത്രമല്ല, കശുവണ്ടിയുടെ ഗുണനിലവാരം കുറയുന്നതിനും ഇടയാക്കുന്നു. കാലം തെറ്റി പെയ്യുന്ന മഴ ക്രമരഹിതമായി പൂവിടുന്നതിനും കായ്പിടിക്കുന്നതിനും ഇടയാക്കുന്നു.

  • ആപേക്ഷിക ആർദ്രത:

വരണ്ട കാലാവസ്ഥയിൽ അനുഭവപ്പെടുന്ന ഉയർന്ന ആപേക്ഷിക ആർദ്രത (>80 ശതമാനം) കശുമാവ് കൃഷിക്ക് പ്രതികൂലമാണ്. ഉയർന്ന ആപേക്ഷിക ആർദ്രത ഉൽപ്പന്നങ്ങളുടെ അളവിനേയും, നിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല ചിലയിനം കുമിളകളുടെ വളർച്ചയെ സഹായിക്കുന്നതായും കാണപ്പെടുന്നു. ഉദാഹരണമായി ഈർപ്പം അധികമുള്ള പ്രദേശങ്ങളിൽ കശുമാവിനെ ബാധിക്കുന്ന ഒരു കുമിൾ ആണ് Colletotrichum glocosporioides. കൂടാതെ ഈർപ്പമുള്ള കാലാവസ്ഥയില്‍ മറ്റനേകം ഉപദ്രവകാരികളായ ഷഡ്പദങ്ങളും കശുമാവില്‍ താവളമടിക്കുന്നു.

മഴ തീരെ കുറവായ കാലങ്ങളിൽ ചിലപ്പോൾ അനുഭവപ്പെടുന്ന ഉയര്‍ന്ന ആപേക്ഷിക ആർദ്രത കശുമാവിന്‍റെ തല ആവശ്യകതയെ സംതുലനപ്പെടുത്തുകയും അതുവഴി അത്തരം നിർണായക ഘട്ടങ്ങളെ അതിജീവിക്കുവാൻ സഹായിക്കുന്നതായും കാണപ്പെട്ടിട്ടുണ്ട്. കശുമാവിന് ഏറ്റവും യോജിച്ച ആപേക്ഷിക ആർദ്രത എത്രയാണെന്ന് ഇനിയും നിർണയിക്കപ്പെട്ടിട്ടില്ല. ആപേക്ഷിക ആർദ്രത 10 ശതമാനത്തില്‍ താഴെയാകുന്ന അവസ്ഥയും കശുമാവിന് ഹാനികരമാണ്. ഇത്തരം സാഹചര്യങ്ങളിൽ പൂക്കൾ കരിയുകയും, കശുവണ്ടികൾ ചുളുങ്ങി, കറുത്തനിറമായി തീർന്ന് കെട്ട് പോവുകയും ചെയ്യുന്നു.

  • സൂര്യപ്രകാശവും പകൽ ദൈർഘ്യവും:

സൂര്യപ്രകാശത്തിന്‍റെ ലഭ്യത കശുമാവിന്‍റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. കശുമാവ് പൂവണിയുന്ന സമയത്ത് മേഘാവ്യതമായ അന്തരീക്ഷമാണുളളതെങ്കിൽ അത് പൂക്കൾ ചുരുങ്ങുന്നതിനും വാടിക്കൊഴിയുന്നതിനും ഇടയാക്കുന്നു. ഇത്തരം വാടിക്കൊഴിച്ചിൽ ഉണ്ടാകുന്നത് തേയിലക്കൊതുകിന്‍റെ ആക്രമണം മൂലമാണ്. കശുമാവിന്‍റെ പുഷ്പ്പിക്കലിനാവശ്യമായ അതേ കാലാവസ്ഥാ സാഹചര്യങ്ങൾ തന്നെ തേയിലക്കൊതുകിന്‍റെ വംശവർദ്ധനവിനും കാരണമാകുന്നു എന്ന വൈരുദ്ധ്യമാണ് കശുമാവ് കൃഷി നേരിടുന്ന വലിയ പ്രതിബന്ധം.

സൂര്യപ്രകാശം ഏറ്റവും നന്നായി ലഭിക്കുന്ന പുറത്തെ ശാഖാഗ്രങ്ങളിൽ ഫലങ്ങൾ ഉണ്ടാകുമ്പോഴാണ് ഏറ്റവും മികച്ച വിളവ് ലഭിക്കുന്നത്. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന വിളയായ കശുമാവ് അത്യധികം നിഴലുള്ള സ്ഥലത്ത് വളർത്തുന്നത് അഭികാമ്യമല്ല. സൂര്യപ്രകാശത്തോട് കശുമാവിനുള്ള പ്രതികരണം വളരെ പ്രകടമാണ്. നിഴലിൽ നിൽക്കുന്നവയേക്കാൾ, സൂര്യപ്രകാശത്തെ അഭിമുഖീകരിക്കുന്ന ശാഖകളിലാണ് ഇലകളും, പൂക്കളും, ഫലങ്ങളും ധാരാളമായി ഉണ്ടാകുന്നത്.

അടുത്തടുത്തായി നിൽക്കുന്ന കശുമാവുകൾ, അകന്നു നിൽക്കുന്നവയേക്കാള്‍ കൂടുതലായി ഈർപ്പക്കമ്മിക്ക് വിധെയമാവുന്നു. അകന്ന് നില്‍ക്കുന്നവയ്ക്ക് ശരാശരി 700-900 മി.മി. പരിധിയിലുളള വർഷപാതം തന്നെ വളരാൻ ധാരാളമാണ്.

ഡിസംബർ മുതൽ മെയ് വരയുളള മാസങ്ങളിൽ ഇന്ത്യയുടെ പശ്ചിമതീരത്ത് പ്രതിദിനം ഒൻപത് മണിക്കൂറിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നു.

തെക്കുപടിഞ്ഞാറൻ-വടക്ക് കിഴക്കൻ കാലവർഷക്കാലത്ത് (ജൂണ്‍-ഡിസംബർ വരെ) താരതമ്യേന കുറഞ്ഞ അളവിലേ സൂര്യപ്രകാശം ലഭിക്കുകയുള്ളൂ. (ശരാശരി 5 മണിക്കൂർ).

മേഘാവൃതമായ അന്തരീക്ഷം കശുമാവിലെ പൂവിടലിനെ മന്ദീഭവിപ്പിക്കുന്നതായി കാണുന്നു. ഇന്ത്യയുടെ പൂർവ്വതീരത്ത്, കാലവർഷക്കാലത്ത് ലഭിക്കുന്ന സൂര്യപ്രകാശത്തിലുണ്ടാകുന്ന കുറവ്, പശ്ചിമതീരത്തേതുപോലെ പ്രത്യക്ഷമല്ല. കശുമാവിന്‍റെ ജന്മനാടായ ബ്രസീലിൽ ലഭിക്കുന്ന ശരാശരി സൂര്യപ്രകാശത്തിന്‍റെ അളവ് 2000 മണിക്കൂറാണ്. വെനിസ്വാലായിൽ ഇത് 2000-2400 നും ഇടയിലാണ്. സമൃദ്ധമായി കശുമാവ് വളരുന്ന കേരളത്തിലെ പ്രദേശങ്ങളിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിന്‍റെ വാർഷിക ശരാശരി 2500 നും 2900 നും മദ്ധ്യേയാണ്. മഴക്കാലത്ത് ഇത് പ്രതിദിനം 3.32 മണിക്കൂറും, വേനൽക്കാലത്ത് 10.18 മണിക്കൂറും ആണ്.

  • കാറ്റ്:

കശുമാവ് സമൃദ്ധമായി വളരുന്ന ഒട്ടുമിക്ക രാജ്യങ്ങളും ധാരാളം കാറ്റുലഭിക്കത്തക്കവിധത്തിൽ സമുദ്രത്തോട് അടുത്താണ് സ്ഥിതിചെയ്യുന്നത്. കശുമാവുകളിൽ പരാഗണം നടക്കുന്നത് കൂടുതലും കാറ്റുമുഖേനയായതിനാൽ, പൂക്കളെ ഉൽപ്പാദനക്ഷമമാക്കുന്നതിലും, കാറ്റ് ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട്. പക്ഷെ അതിശക്തമായ കാറ്റ്, പൂക്കൾ കൊഴിച്ച് കളയുവാനും ഫലങ്ങൾ വീഴ്ത്തുവാനും ഇടയാക്കുന്നു. ചില സാഹചര്യങ്ങളിൽ അതിശക്തമായ കാറ്റ് കശുമാവിൽ നിന്നുള്ള ഉൽപ്പാദനത്തെ സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അനുയോജ്യമായ കാറ്റ് മണിക്കൂറിൽ 2 മുതൽ 25 കിലോമീറ്റർ വരെ വേഗതയോടുകൂടിയതാണ്. ഉപ്പ് കാറ്റാകട്ടെ മുകുളങ്ങളും, തളിരിലകളും വാടിക്കരിയുന്നതിന് ഇടയാക്കുന്നു.

  • വെള്ളക്കെട്ടും വരൾച്ചയും:

കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കശുമാവിന്‍ തോപ്പുകൾ വെള്ളക്കെട്ടിന് വിധേയമാകാം. സ്ഥലത്തിന്‍റെ കിടപ്പിനേയും മണ്ണിന്‍റെ സ്വഭാവത്തേയും, ആശ്രയിച്ചിരിക്കുമിത്. ജലവിതാനം വളരെ ഉയർന്ന തീരദേശങ്ങളിൽ വളരുന്ന കശുമാവിൻ തോട്ടങ്ങളിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. കശുമാവ് കൂടുതലും വളരുന്ന കേരളത്തിലെ മലനാട്ടിലും, ഇടനാട്ടിലും വെള്ളക്കെട്ട് ബാധിക്കുന്നതായി കാണുന്നില്ല.

കശുമാവിനെ സംബന്ധിച്ചിടത്തോളം പൂവണിഞ്ഞ് കായ് പിടിക്കുന്ന ഘട്ടത്തില്‍ മഴയില്ലാത്ത ഒരു ഇടവേള ആവശ്യമാണ്. എന്നാൽ, വടക്കു കിഴക്കൻ കാലവർഷം ക്രമരഹിതമായാൽ അത് മണ്ണിൽ ഈര്‍പ്പക്കമ്മിക്ക് ഇടവരുത്തുകയും തൻമൂലം പൂവിടലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പേരിനുമാത്രം തുലാമഴ ലഭിക്കുന്നത് മൂലം ഡിസംബർ തൊട്ട് മെയ് വരെ ദീർഘമായ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന വടക്കൻ കേരളത്തിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ തോട്ടണ്ടിയുൽപ്പാദനം ഗണ്യമായി കുറഞ്ഞുപോകുന്നതായി കണ്ടുവരുന്നു. വേനൽമഴ

പെയ്തില്ലെങ്കിൽ കേരളത്തിലെ കശുമാവിൻ തോപ്പുകൾ നവംബർ മുതൽ മെയ് വരെയുള്ള കാലയളവിൽ ഈർപ്പക്കമ്മി നേരിടാറുണ്ട്. പടിഞ്ഞാറൻ തീരത്തെ സമൃദ്ധമായി കശുമാവ് വളരുന്ന പ്രദേശങ്ങളിൽ ലഭിക്കുന്ന മഴയാകട്ടെ പ്രധാനമായും കാലവർഷത്തിൽ നിന്നുമാണ്. തളിരിടലും പൂവിടലും നടക്കുന്ന സമയത്തെ (ഒക്ടോബർ-നവംബർ) വരണ്ട കാലാവസ്ഥയെ തുടർന്ന്, പ്രത്യുൽപ്പാദന ഘട്ടമായ ഏപ്രിൽ,മെയ് മാസങ്ങളിൽ വേനൽ മഴ ലഭിക്കാത്ത പക്ഷം കശുമാവ് വളരുന്ന പശ്ചിമ തീരത്ത് മിതമായതോ കഠിനമായതോ ആയ വരൾച്ച അനുഭവപ്പെടും.

സാധാരണഗതിയിൽ കശുമാവ് വരൾച്ചാ വേളകളെ അതിജീവിക്കാറുണ്ട്. എന്നുതന്നെയുമല്ല, പ്രത്യുൽപ്പാദനഘട്ടത്തിലാണ് വരൾച്ചയെ നേരിടേണ്ടി വരുന്നതെങ്കിൽ കൂടുതൽ വിളവ് ലഭിക്കുന്നു. എന്നാൽ അതികഠിനമായ വരൾച്ചാ വേളകൾ കശുവണ്ടി ഉൽപ്പാദനത്ത പ്രതികൂലമായി ബാധിക്കുന്നു. സാധാരണഗതിയിൽ മണ്ണിലെ ഈർപ്പക്കമ്മിയോട് കശുമാവ് സഹിഷ്ണുത പുലർത്തുന്നു. എന്നാൽ ഈർപ്പക്കമ്മി നീണ്ടു നിൽക്കുന്ന അവസ്ഥയിൽ ഉദ്ദേശിച്ച വിളവ് കശുമാവിൽ നിന്നും ലഭിക്കുന്നില്ല.

കശുമാവിന്‍റെ വേരുകൾ വളരെ ആഴത്തിൽ താഴ്ന്നിറങ്ങി മണ്ണിൽ സംഭരിക്കപ്പെട്ട ജലം വലിച്ചെടുക്കുന്നു. ഈ കാരണത്താൽ അതിന് വരൾച്ചയെ ഏറെക്കുറെ അതിജീവിക്കുവാൻ കഴിയും. കളിമണ്ണുള്ള സ്ഥലങ്ങളിൽ നിൽക്കുന്ന കശുമാവിന്‍റെ വേരുകൾ അവികസിതവും മണ്ണില്‍ തുളച്ചിറങ്ങുന്നതിന് ശേഷിയില്ലാത്തതുമായിരിക്കും. ഇതുമൂലം പൂഴിമണ്ണിൽ വളരുന്ന കശുമാവിനെ അപേക്ഷിച്ച് അതേ പ്രദേശത്ത് തന്നെ കളിമണ്ണിൽ വളരുന്ന കശുമാവിന് വരൾച്ചയോടുള്ള പ്രതിരോധം താരതമ്യേന കുറവായിരിക്കും. വരണ്ട കാലാവസ്ഥയിൽ കശുമാവിന്‍റെ നിലനിൽപ്പിനെ നിർണയിക്കുന്ന മൂന്ന് പ്രധാനഘടകങ്ങളാണ് വേരുകൾക്ക് പരമാവധി ഉൾക്കൊള്ളാനാവുന്ന മണ്ണിന്‍റെ വ്യാപ്തം, മണ്ണിന്‍റെ ജലസംഭരണശേഷി, ജലവിതാനത്തോളം താണിറങ്ങാനുള്ള വേരുകളുടെ കഴിവ് എന്നിവ.

  • ജലസേചനം:

സുദീര്‍ഘമായ വരണ്ട കാലാവസ്ഥ കശുമാവിന്‍റെ വളർച്ചയേയും ഉൽപ്പാദനത്തേയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍, വേനല്‍ക്കാല ജലസേചനം അതിന് പ്രയോജനകരമാകാം. ജലസേചനം നൽകിയ വ്യക്ഷങ്ങളിൽ കായ്പിടിത്തം വർദ്ധിക്കുകയും തല്‍ഫലമായി വിളവിൽ തദനുസൃതമെച്ചം കാണുകയും ചെയ്യുന്നു.

ജലസേചനത്തോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെങ്കിലും, ഒട്ടുമിക്ക കശുമാവുകളും ജലലഭ്യത കുറവായ സ്ഥലങ്ങളിലാണ് വളരുന്നതായി കാണപ്പെടുന്നത്. അതിനാൽ ജലലഭ്യതയ്ക്ക് മഴയെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിൽ ഉയർന്ന ഉൽപ്പാദനം കൈവരിക്കുന്നതിന് വരള്‍ച്ചാപരിപാലനമാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.

വിളപ്രവചന മോഡല്‍

സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള പ്രസിമാസ മഴയുടെ അളവുപയോഗിച്ച് കേരളത്തിലെ കശുവണ്ടി ഉൽപ്പാദനം മുൻകൂട്ടി പ്രവചിക്കുന്നതിന് കേരള കാർഷിക സർവ്വകലാശാലയിലെ കാർഷിക കാലാവസ്ഥാവിഭാഗം ഒരു മോഡൽ വികസിപ്പിച്ചെടുത്തു. പ്രസ്തുത മോഡൽ കേരളത്തിലെ കശുവണ്ടി ഉൽപ്പാദനം മുൻ കൂട്ടി പ്രവചിക്കുന്നതിന് ഉപയോഗപ്പെടുത്തുന്നു.

കശുമാവിന്‍റെ വളർച്ചയും, ഉല്പാദനവും അവ സമൃദ്ധമായി വളരുന്ന മധ്യരേഖാ പ്രദേശങ്ങളിലെ, പ്രധാനമായും തീരദേശങ്ങളിലെ കാലാവസ്ഥയാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. കശുമാവ് പുഷ്പിക്കുന്ന സമയം അവ സ്ഥിതിചെയ്യുന്ന അക്ഷാംശത്തെ ആശ്രയിച്ചിരിക്കുന്നു. പൂവുകളുടെ എണ്ണമാകട്ടെ, മഴക്കാലം, മഴയില്ലാത്ത വരണ്ട കാലാവസ്ഥ എന്നിവയാലും സ്വാധീനിക്കപ്പെട്ടിരിക്കുന്നു. വിരിയുന്ന പെണ്പൂക്കളുടെ എണ്ണം, അന്തരീക്ഷ ഊഷ്മാവിനാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്നു. പൂവിടുന്ന സമയം അക്ഷാംശത്തെ ആശ്രയിക്കുന്നുവെങ്കിലും, കശുമാവ് വളരുന്ന എല്ലാ പ്രദേശങ്ങളിലും വിളവെടുപ്പ് വേനൽകാലത്തോടെ കഴിയുന്നു; കശുമാവിന്‍റെ പ്രകാശസംവേദന സ്വഭാവത്തെയാണ് ഇത് കാണിക്കുന്നത്. താഴ്ന്ന താപനിലയിലാണ് കശുമാവ് കീടങ്ങളുടേയും രോഗങ്ങളുടേയും ആക്രമണത്തിന് വിധേയമാകുന്നത്.

കശുമാവിനെ ആക്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കീടമാണ് തേയിലകൊതുക്. പൂങ്കുലകൾ, ഇളം തണ്ടുകൾ, കടുകുമണി വലിപ്പത്തിലുള്ള കശുവണ്ടികൾ തുടങ്ങിയവ ഈ കീടത്തിന്‍റെ ആക്രമണഫലമായി നശിച്ചുപോകുന്നു. തെക്കേ ഇന്ത്യയിലെ കശുവണ്ടി മേഖലകളിലാണ് ഇതിന്‍റെ ആക്രമണം വ്യാപകമായി കണ്ടുവരുന്നത്. ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ കശുമാവിൽ തളിർക്കലും പുഷ്പിക്കലും ആരംഭിക്കുന്ന സമയത്തോടനബന്ധിച്ചാണ് തേയിലകൊതുകിന്‍റെ ആക്രമണം രൂക്ഷമാകുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിലാണ് ഏറ്റവും കുറഞ്ഞ ആക്രമണം കാണപ്പെടുന്നത്. മഴക്കാലത്ത് തീരെ ഇല്ല എന്നുതന്നെ പറയാം.

1998-99 ൽ കണ്ണൂർ-കാസറഗോഡ് ജില്ലകളിലെ കശുമാവിൻ തോട്ടങ്ങളിൽ അനുഭവപ്പെട്ട പൂങ്കുലവാട്ടവും കമ്പുണക്കവും മൂലം കശുവണ്ടി ഉൽപാദനം ഗണ്യമായി കുറഞ്ഞു. തേയില കൊതുകിന്‍റെ രൂക്ഷമായ ആക്രമണമാണ് ഇതിന് കാരണം.

കശുമാവിന്‍റെ വളർച്ചയും ഉൽപ്പാദനവും, കാലാവസ്ഥാ ഘടകങ്ങളാൽ വളരെയധികം നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാണ്. കാലാവസ്ഥാ ഘടകങ്ങളും കശുമാവും തമ്മിലുള്ള ബന്ധം ആഴത്തിൽ മനസിലാക്കിയാൽ മാത്രമേ ഉൽപ്പാദനത്തിൽ ഉയർന്ന നിലവാരം കൈവരിക്കാൻ കഴിയൂ. കശുമാവിന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും ഉൽപ്പാദനത്തിലും കാലാവസ്ഥാഘടകങ്ങൾക്കുള്ള സ്വാധീനം അറിയാൻ കഴിഞ്ഞാൽ എന്തെങ്കിലും ദുഷ്ഫലങ്ങൾ ഉണ്ടെങ്കിൽ തന്നെ അവയെ മികച്ച പരിപാലന രീതിയിലൂടെ ലഘൂകരിക്കാവുന്നതാണ്.

കടപ്പാട്: കാലാവസ്ഥയും കൃഷിയും

സി.എസ്.ഗോപകുമാര്‍

കെ.എന്‍.കൃഷ്ണകുമാര്‍

എച്ച്.വി.പ്രസാദറാവു


അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate