অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്ന നെല്ലിനങ്ങളും കൃഷിരീതികളും

കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്ന നെല്ലിനങ്ങളും കൃഷിരീതികളും

അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും നീണ്ടുനില്‍ക്കുന്ന വരള്‍ച്ചയും നിരന്തരമായി അനുഭവിക്കുന്ന തലത്തിലേക്ക് കാലാവസ്ഥാവ്യതിയാനം കേരളത്തെ കൊണ്ടെത്തിച്ചു എന്നുവേണം അനുമാനിക്കാന്‍. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ നമ്മുടെ കൃഷി മേഖലയ്ക്ക് പ്രത്യേകിച്ച് നെല്‍കൃഷിക്ക് സാധിക്കുമോ എന്ന് പരിശോധിക്കാം. ജീവജാലങ്ങളിലെ വൈവിധ്യവും അവ നിലനില്‍ക്കുന്നതിനായി ആശ്രയിക്കുന്ന അജൈവഘടകങ്ങളും ചേരുന്നതാണ് ജൈവവൈവിധ്യം. ജൈവവൈവിധ്യങ്ങളെ കേന്ദ്രീകരിച്ചു ഉല്‍പ്പാദനക്ഷമതയ്ക്ക് പ്രാധാന്യം കൊടുത്തു നാം പിന്തുടരുന്ന കൃഷിക്ക് കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കുവാൻ കാർഷികജൈവവൈവിധ്യത്തിന്റെ സുസ്ഥിരമായ ഉപയോഗത്തോടൊപ്പം പരമ്പരാഗതമായ അറിവും ആധുനിക ശാസ്ത്രജ്ഞാനവും സംയോജിപ്പിച്ചുള്ള കൃഷിരീതികൾ അവലംബിക്കുകയും ചെയ്യണം എന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നെല്ലിനങ്ങളുടെ വൈവിധ്യം കേരളത്തിൽ

വൈവിധ്യമാർന്ന നെല്ലിനങ്ങളാൽ സമ്പന്നമായിരുന്നു കേരളം. എകദേശം 2000 ന് മുകളിൽ നെല്ലിനങ്ങൾ നമുക്കുണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. കേരളത്തിലെ വൈവിധ്യമായ ഭൂഘടന, വിഭവലഭ്യത, കാലാവസ്ഥ, ക്യഷിരീതി എന്നിവ നെല്ലിനങ്ങളുടെ വൈവിധ്യത്തെ സമ്പന്നമാക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും ഭൂപ്രദേശത്തിനും വിഭവലഭ്യതയ്ക്കും മറ്റു നിരവധി ആവശ്യങ്ങൾക്കും അനുയോജ്യമായ ഇനങ്ങൾ തെരഞ്ഞെടുക്കുന്നതിലും വികസിപ്പിച്ചെടുക്കുന്നതിലും നമ്മുടെ പൂർവികർ ജാഗരൂകരായിരുന്നു.

അത്തരത്തിൽ സംരക്ഷിച്ചുപോരുന്ന ഇനങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നവ, നീണ്ടുനില്ക്കുന്ന വരൾച്ചയെ അതിജീവിക്കുന്നവ, ഉപ്പുവെള്ളത്തെ അതിജീവിക്കുന്നവ, രോഗകീടബാധയെ പ്രതിരോധിക്കുന്നവ, ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കുന്നവ, ഔഷധ പ്രാധാന്യമുള്ളവ, ഭക്ഷ്യഗുണമേന്മയേറിയവ, ഉല്‍പാദനശേഷിയേറിയവ, സുഗന്ധമുള്ളവ തുടങ്ങിയ സവിശേഷതകൾ ഉള്ള ഇനങ്ങളിൽ പലതും ഇന്നും നമ്മുടെ പാരമ്പര്യകർഷകർ സംരക്ഷിച്ചുവരുന്നു.

വെള്ളപ്പൊക്കവും നെല്‍കൃഷിയും

മഴ ധാരാളം ലഭിക്കുന്ന ഉഷ്ണമേഖലാ പ്രദേശമാണ് കേരളം. ചെറുതും വലുതുമായ 44 നദികളാലും മറ്റ് ജലാശയങ്ങളാലും സമ്പന്നമാണ് ഇവിടം. എന്നാല്‍ കേരളത്തിന്‍റെ ഭൂമിശാസ്ത്ര സവിശേഷതകളും കുന്നിന്‍ ചരിവുകളും ജലസംരക്ഷണം പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ പരിമിതികള്‍ ഒരു പരിധിവരെ തരണം ചെയ്യുന്നതിന് സഹായിക്കുന്നത് നെൽ വയലുകളാണ് താഴ്വരകളും ചതുപ്പുനിലങ്ങളും വയലുകളായി പരിവർത്തനം നടത്തിയ നമ്മുടെ പൂർവ്വികർ ജലസംഭരണത്തിന്/സംരക്ഷണത്തിന് വയലുകൾ നല്കുന്ന സംഭാവനകൾ കൂടി പരിഗണിച്ചായിരിക്കാം ഇതു ചെയ്തത്. ഓരോ പ്രദേശത്തും ലഭ്യമാകുന്ന മഴയുടെ ഗണ്യമായ പങ്ക് ആ പ്രദേശങ്ങളിലെ വയലുകളിൽ കെട്ടിക്കിടന്ന് ഭൂഗർഭജല വിതാനത്തിലേക്ക് അരിചിറങ്ങി പ്രാദേശിക ജലസുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം വെള്ളപ്പൊക്കവും വരൾച്ചയും വരാതെ നോക്കുന്നതിൽ നെൽവയലുകൾ പ്രധാന പങ്ക് വഹിക്കുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തെ അതിജീവിക്കാൻ ശേഷിയുള്ള വിളകളിലൊന്നാണ് നെല്ല്. നെല്‍കൃ ഷിയോടൊപ്പം 10 മുതൽ 15 സെന്റിമീറ്റർ വരെ വെള്ളം നിലനിർത്തുന്നതിലൂടെ വിളകൾക്ക് (പയോജനപ്പെടുന്നതോടൊപ്പം ജലം പരമാവധി ആഗിരണം ചെയുവാനുള്ള ശേഷി വർദ്ധിപ്പിച്ച് വെള്ളപ്പൊക്കം ഒഴിവാക്കാൻ സാധിക്കും. നെല്ല് മറ്റു ഭൂവിനിയോഗത്തിനായി മാറ്റുമ്പോൾ ഇത്തരം പാരിസ്ഥിതിക സേവനങ്ങളും നമുക്ക് നഷ്ടപ്പെടുന്നു. ഭൂമിശാസ്ത്രസവിശേഷതകളും ഉയർന്ന മഴലഭ്യതയും കാലാവസ്ഥാവ്യതിയാനവും കേരളത്തിൽ പ്രളയത്തിന്റെ സാധ്യത ഇരട്ടിപ്പിക്കുന്നു. വെള്ളപ്പൊക്കത്തെ അതിജീവിച്ച് നെല്‍കൃഷി ചെയ്യുവാനുള്ള സാങ്കേതികജ്ഞാനം കൈവരിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ പര്യാപ്തമായ നെല്ലിനങ്ങളും കൃഷിരീതികളും നമ്മുടെ പൂര്‍വികര്‍ വികസിപ്പിച്ചെടുത്തിരുന്നു.

കേരളത്തിലെ പല പ്രദേശങ്ങളില്‍ കൃഷി ചെയ്തുകൊണ്ടിരുന്ന ഈ ഇനങ്ങള്‍ വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ശേഷിയുള്ളതാനെന്നു പാരമ്പര്യ കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. വെള്ളത്തില്‍ മുങ്ങിയതിനുശേഷവും പൂര്‍വ്വാധികം ശക്തിയായി വളര്‍ന്നു വിളവ്‌ തരുവാന്‍ ശേഷിയുള്ളവയാണ് ഈ നെല്ലിനങ്ങള്‍.

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന കൃഷിരീതികള്‍

അതിജീവനശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന കൃഷിമുറകളും പാരമ്പര്യ കര്‍ഷകര്‍ അനുവര്‍ത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് വയനാട് ജില്ലയിലെ കുറിച്യ ആദിവാസി കര്‍ഷകര്‍ നെല്‍ വയലുകളെ ജലാഗിരണ ശേഷി, മണല്‍/ചെളി എന്നിവയുടെ അളവ്, ഫലഭൂയിഷ്ഠത, വയലിന്‍റെ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തില്‍ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതില്‍ ‘കുനിവയല്‍’ എന്ന് വിളിക്കുന്ന വയലുകള്‍ക്ക് ജലാഗിരണശേഷി കുറവാണ്. ഇവിടെ കൂടുതലായും വരള്‍ച്ചയെ അതിജീവിക്കുന്ന ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. എന്നാല്‍ ‘കൊരവ്’ വയലുകള്‍ക്ക് ജലാഗിരണ ശേഷി കൂടുതലാണ്. വെള്ളപ്പൊക്കം മൂലം മാസങ്ങളോളം ഇവിടെ വെള്ളം കെട്ടിക്കിടക്കും. ഇത്തരം വയലുകളില്‍ പരമാവധി ജലം നിലനിര്‍ത്തിക്കൊണ്ടുതന്നെ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ഇനങ്ങള്‍ കൃഷി ചെയ്യാം. മണ്ണും ചെളിയും വെള്ളവും ചേര്‍ന്ന കട്ടിയായ കുഴമ്പിനെ ഓര്‍മിപ്പിക്കുന്ന വയലുകലാണിവ. വിത്ത് നേരിട്ട് വിതയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. കൃഷി തുടങ്ങി എല്ലാസമയത്തും ചതുപ്പും വെള്ളവും കാണപ്പെടുന്നതിനാല്‍ പുരുഷന്മാരാണ് കൃഷിപ്പണി ചെയ്യുന്നത്. താഴ്ന്നുപോകാതിരിക്കാന്‍ പലകയോ, കട്ടിയുള്ള വാഴത്തടകള്‍ കെട്ടി അതില്‍ നിന്നാണ് നെല്ല് കൊയ്തെടുക്കുന്നത്. ഇത്തരം വയലുകളില്‍ 6 മാസത്തിനു മുകളില്‍ മൂപ്പുള്ള ഇനങ്ങളാണ് കൃഷിചെയ്യാറുള്ളത്.

വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ അനുവര്‍ത്തിക്കുന്ന മറ്റൊരു കൃഷിസമ്പ്രദായമാണ് വാളിച്ച. ഇത്തരം കൃഷിക്കായി ഉപയോഗിക്കുന്നത് മൂപ്പ് കൂടിയ, വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ഇനങ്ങളാണ്. അതിവര്‍ഷം പ്രവചിക്കുന്ന/പ്രതീക്ഷിക്കുന്ന വര്‍ഷങ്ങളിലാണ് ഇത്തരം കൃഷി അനുവര്‍ത്തിക്കുന്നത്. കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പ് തന്നെ വിത്ത് വിതയ്ക്കുകയും കാലവര്‍ഷം ശക്തമാകുന്ന ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളില്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തന്നെ കാലികളെ കൃഷിയിടത്തില്‍ മേയ്ക്കാന്‍  അനുവദിക്കുകയും ചെയ്യുന്നു. കാലികൾ അവശേഷിപ്പിക്കുന്ന ചെടികൾ 'പക്ക' എന്ന ഉപകരണം വെച്ച് ഉഴുതുമറിക്കുന്നു. എന്നിട്ട് വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കുന്നു. ഇത് കളകൾ പൂർണമായും ചീഞ്ഞ് മണ്ണിൽ ചേരുവാനും, അവശേഷിക്കുന്ന നെൽചെടികളിൽ നിന്നു ശക്തമായ പുതുനാമ്പുകൾ ഉണ്ടാകുവാനും സഹായിക്കുന്നു. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് വയലുകളിൽ നെൽചെടികൾ പൂർവ്വാധികം ശക്തമായി വളരുവാനും തുടങ്ങുന്നു. വെള്ളപ്പൊക്കം പ്രതീക്ഷീക്കുന്ന സമയങ്ങളിൽ അനുവർത്തിക്കുന്ന ഇത്തരം കൃഷി രീതിക്ക് പൊതുവെ ചെലവ് കുറഞ്ഞതും സുലഭമായി കാലിതീറ്റ ലഭ്യമാക്കുന്നതും രോഗകീടബാധയെ പ്രതിരോധിക്കുന്നതുമാണ്.

തീര പ്രദേശങ്ങളിൽ വെള്ളക്കെട്ടുള്ള അഥവാ വെള്ളപ്പൊക്കസാധ്യതയുള്ള സ്ഥലങ്ങളിൽ ഉപ്പുവെള്ളത്തെ പ്രതിരോധിച്ച് അനുവർത്തിക്കുന്ന കൃഷിരീതിയാണ് പൊക്കാളികൃഷി. പരമാവധി വെള്ളം കെട്ടിനിർത്തി ഉപ്പിന്റെ സാന്ദ്രത കുറച്ചുകൊണ്ടാണ് കൃഷി ഇറക്കുന്നത്. ഒരേ സമയം ഉപ്പിനേയും വെള്ളപ്പൊക്കത്തെയും അതിജീവിക്കുന്ന ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്.

വെള്ളപ്പൊക്കം അതിജീവിക്കുന്ന തരത്തിൽ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിലും നമ്മുടെ പൂർവ്വികർ ശ്രദ്ധപതിപ്പിച്ചിരുന്നു. വയലുകളുമായി ബന്ധപ്പെട്ട തോടുകളുടെ ആഴം കൂട്ടാതെ വീതികൂട്ടി അരികുകൾ ജൈവമാർഗത്തിലൂടെ സംരക്ഷിച്ച് ജലാഗിരണശേഷി വർദ്ധിപ്പിച്ച് നെല്കൃഷിയ്ക്ക് ഉപയുക്തമാക്കിയതോടൊപ്പം വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിനും അവർ ശ്രദ്ധപതിപ്പിച്ചിരുന്നു.

വയലുകളോട് ചേർന്ന് കുന്നിൻചരിവുകളിൽ നിർമ്മിച്ച തലക്കുളങ്ങൾ മലംചരിവുകളിൽ നിന്നുള്ള ഉപരിതലജലത്തെ സംഭരിച്ച് നിർത്തി വെള്ളപ്പൊക്ക സാധ്യതയെ കുറയ്ക്കുന്നു. വേനൽകാലങ്ങളിൽ ജലസേചനത്തിനും ഈ തലകുളങ്ങൾ പ്രയോജനപ്പെടുത്തുന്നു.

കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായ വെളളപ്പൊക്കവും നെല്കൃഷിയുടെ നിലനില്പിനെ സാരമായി ബാധിക്കുന്നു. നെല്കൃഷി സംരക്ഷിക്കുന്നതിന് വെള്ളപ്പൊക്കത്തെ അതിജീവിച്ച് കൃഷിരീതിയിലും ഇനങ്ങളിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന ഇനങ്ങൾക്ക് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്. കേരളത്തിൽ വിവിധയിടങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഇത്തരം നെല്ലിനങ്ങൾ കണ്ടെത്തി, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്തെ കർഷകരിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലുള്ള കൃഷിമാർഗങ്ങളുടെ പ്രചാരണവും വേണം. ഉല്പാദനക്ഷമതയേറിയതും വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതുമായ ഇനങ്ങൾ വികസിപ്പിച്ചെടുക്കുവാൻ ശാസ്ത്രീയമായ ഇടപെടലുകളും നടത്തേണ്ടിയിരിക്കുന്നു. ശാസ്ത്രീയ മാർഗങ്ങളും വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന കൃഷിരീതികളും സംയോജിപ്പിച്ച് നൂതന സമ്പ്രദായങ്ങൾ വികസിപ്പിച്ച് കൃഷിയും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്താൻ നമുക്ക് സാധിക്കും.

വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നെല്ലിനങ്ങള്‍

ക്രമ.നമ്പര്‍

ഇനം

കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍

1

തുളാണ്ടന്‍

തൃശ്ശൂര്‍

2

കരിങ്ങോന്‍

തൃശ്ശൂര്‍

3

വയിലാതുര

തൃശ്ശൂര്‍

4

ഓര്‍പാണ്ടി

തൃശ്ശൂര്‍

5

സ്വര്‍ണ്ണപാണ്ടി

തൃശ്ശൂര്‍

6

പൊക്കാളി

തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം

7

കുറുക

തൃശ്ശൂര്‍, എറണാകുളം

8

കട്ടമോടന്‍

തൃശ്ശൂര്‍, എറണാകുളം

9

കൊടിയന്‍

തൃശ്ശൂര്‍, പാലക്കാട്

10

ആര്യന്‍

കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, ആലപ്പുഴ

11

കോഴിവാലന്‍

കണ്ണൂര്‍

12

കരിമാല

കണ്ണൂര്‍

13

ഓര്‍കഴമ

കണ്ണൂര്‍

14

കുട്ടാടന്‍

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, ആലപ്പുഴ

15

തവളക്കണ്ണന്‍

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, ആലപ്പുഴ

16

കറുത്താളികണ്ണന്‍

കണ്ണൂര്‍, കാസര്‍ഗോഡ്‌

17

അടുക്കന്‍

വയനാട്

18

വെളിയന്‍

വയനാട്

19

തൊണ്ടി

വയനാട്

20

ചെന്താടി

വയനാട്

21

ചോമാല

വയനാട്


എം.എസ്.സ്വാമിനാഥന്‍ - ഗവേഷണ നിലയം, സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം, പുത്തൂര്‍വയല്‍ പി.ഒ,  മേപ്പാടി, വയനാട്

കടപ്പാട്: കേരളകര്‍ഷകന്‍

 

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate