অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിലനില്‍പിന്‍റെ അനിവാര്യത

നിലനില്‍പിന്‍റെ അനിവാര്യത

ആമുഖം

വയനാട് ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ നിലനില്‍പ് ഇന്ന് ചോദ്യംചെയ്യപ്പെടുകയാണ്. കസ്തൂരിരംഗന്‍, മാധവ് ഗാഡ്ഗില്‍ എന്നിവര്‍ക്ക് മുമ്പേ പശ്ചിമഘട്ടത്തെപ്പറ്റി പഠനം നടത്തിയ ജൈവ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.എസ്.സതീഷ് ചന്ദ്രന്‍ 1980കളില്‍ ഇതിന്‍റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. പശ്ചിമഘട്ടത്തെ സംബന്ധിച്ച് ആധികാരികമായും സമഗ്രമായും പഠനം നടത്തിയ ആദ്യ ശാസ്ത്രജ്ഞനാണ് അദ്ദേഹം. വയനാടിന്‍റെ മാറുന്ന പ്രകൃതിയും സംസ്കാരവും അപകടകരമാണെന്ന് മൂന്ന് പതിറ്റാണ്ടുമുമ്പേ അദ്ദേഹം പറഞ്ഞുവെച്ചു. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളെ വകവെക്കാതെ ഇടപെടല്‍ നടത്തുകയാണ് അധികൃതര്‍ ചെയ്തത്. കോഴിക്കോട് ജില്ലയിലെ കക്കയം ജലസംഭരണിയും വയനാട് ജില്ലയിലെ ബാണാസുരസാഗര്‍ അണക്കെട്ടും വയനാടിന്‍റെ സൂക്ഷ്മ കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് സതീഷ്ചന്ദ്രന്‍ പറയുന്നു. പശ്ചിമഘട്ടത്തിലെ അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശമാണ് വയനാട്. വനങ്ങളില്‍ ജൈവസമ്പത്ത് കുറഞ്ഞുവരുന്നത് കുടിവെള്ളമില്ലാതാക്കും. വയനാടിന്‍റെ ചുറ്റും മലനിരകളാണ്. ഈ മലനിരകള്‍ക്കിടയിലുള്ള ഇടനാഴിയിലൂടെയാണ് വയനാടിന്‍റെ പടിഞ്ഞാറെ ഭാഗത്തേക്ക് മഴമേഘങ്ങള്‍ എത്തുന്നത്. റിസര്‍വോയറുകള്‍ക്ക് വേണ്ടി അവിടെ നിര്‍മ്മാണം നടത്തിയത് പച്ചപ്പ് നശിക്കാന്‍ ഇടയായി. ഇത് മഴമേഘങ്ങളുടെ വരവിനെ കുറക്കുകയും മഴയും കുറയുകയും ചെയ്തു. മുളവല്‍ക്കരണവും സ്വാഭാവികവനങ്ങളുടെ സംരക്ഷണവും കാര്‍ഷികവിളകളുടെ വനവല്‍ക്കരണവും (അഗ്രോഫോറസ്ട്രി) അത്യാവശ്യമാണ്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ വരള്‍ച്ചയെ പ്രതിരോധിക്കാനായി ജൈവവേലികള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. പ്രാദേശികമായി ഇവിടങ്ങളില്‍ ലഭിക്കുന്ന സസ്യങ്ങളും ചെടികളും ഇതിനായി ഉപയോഗിക്കണം. കുടുംബശ്രീ, നാഷണല്‍ സര്‍വ്വീസ് സ്കീം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയെ സംയോജിപ്പിച്ച് വയനാട്ടിലാകെ ഒരു ജൈവസംസ്കൃതി വീണ്ടെടുക്കുന്നതിനുള്ള മുന്നേറ്റമാണ് വേണ്ടതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രതിവിധികള്‍

കാട്ടുതീ തടയുന്നതിന് ഫലപ്രദമായ നടപടികള്‍ കൈകൊള്ളാത്തതിനാല്‍ വേനല്‍ക്കാലത്ത് കാട്ടുതീ വ്യാപകമാവുകയും വനവും പുല്‍മേടുകളും കത്തി നശിക്കുകയും ജൈവസമ്പത്ത് നഷ്ടമാവുകയും ചെയ്യുന്നു. ബാണാസുരമല, ചെമ്പ്രമല, കുറിച്യര്‍മല, വെള്ളരിമല, ബ്രഹ്മഗിരി മലനിരകള്‍ എന്നിവിടങ്ങളില്‍ എല്ലാ വേനല്‍കാലത്തും കാട്ടുതീ പതിവായിരിക്കുകയാണ്. ചെമ്പ്ര മലകള്‍ക്ക് മുകളില്‍ ഹൃദയതടാകത്തിനരികില്‍വരെ 2017 മുതല്‍ കാട്ടുതീ എത്തുകയും പുല്‍മേടുകള്‍ നശിക്കുകയും ചെയ്തു. മരംമുറിയാണ് മറ്റൊരു പ്രശ്നം. വയനാടിന്‍റെ പല വനങ്ങളിലും ഇടക്കിടെ വ്യാപകമായ തോതില്‍ മരംമുറി നടക്കാറുണ്ട്. മരങ്ങള്‍ മുറിച്ച് കടത്തിക്കൊണ്ട്പോയതിന് ശേഷം മാത്രമാണ് വനപാലകര്‍ അറിയുന്നത്.
വയനാടിന്‍റെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ച മറ്റൊരു വിഷയം അനധികൃത പാറഖനനവും മണല്‍ ഖനനവുമാണ്. ചെറിയ ജില്ലയിലാകെ 156 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അമ്പലവയല്‍ പഞ്ചായത്തില്‍ മാത്രം 38 ക്വാറികളുണ്ട്. എടക്കല്‍ ഗുഹക്കരികില്‍ പോലും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത 33 ക്വാറികളും ലൈസന്‍സുള്ള 12 ക്വാറികളും അമ്പലവയല്‍ പഞ്ചായത്തിലാണ്. മുക്കുന്നിമല, ചൂരല്‍മല, കല്ലുമല, ചാമപ്പാറ, ബപ്പനംമല, ബാണാസുര, ചുണ്ടേല്‍ എന്നിവിടങ്ങളിലെ 14 ക്വാറികളുടെ പ്രവര്‍ത്തനം വനംവകുപ്പ് നിര്‍ത്തിവെപ്പിച്ചിരുന്നു. ക്വാറികളുടെ പ്രവര്‍ത്തനം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും ആ പേരില്‍ ജില്ലയിലെ മുഴുവന്‍ ക്വാറികളുടേയും പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിവെപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ജനപ്രതിനിധികളും വികസനവാദികളും ആരോപിക്കുന്നു. ജില്ലയ്ക്ക് പുറത്തുള്ള ക്വാറികളെ സഹായിക്കാനാണിതെന്നും വയനാടിന്‍റെ വികസനം ഇപ്പോള്‍ മുരടിച്ചുവെന്നും ഇവര്‍ പറയുന്നു.
ചതുപ്പുകളും വയലും നികത്തി നടക്കുന്ന അനധികൃത കെട്ടിടനിര്‍മ്മാണവും വയനാടിന്‍റെ പരിസ്ഥിതിക്ക് വലിയ ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. ലക്കിടി ഉള്‍പ്പെടെയുള്ള പ്രദേങ്ങളില്‍ ഇത്തരം നിര്‍മ്മാണം നടക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ചുള്ളതാണ് വന്‍കിട ചെറുകിട റിസോര്‍ട്ടുകളുടെ നിര്‍മ്മാണവും. 1986ല്‍ നിര്‍മ്മിച്ച വൈറ്റ് വാട്ടര്‍ എന്ന റിസോര്‍ട്ടായിരുന്നു വയനാട്ടിലെ ആദ്യത്തെ റിസോര്‍ട്ട്. എന്നാല്‍ ഇന്ന് 37 വന്‍കിട റിസോര്‍ട്ടുകളും അമ്പതിലധികം ചെറുകിട റിസോര്‍ട്ടുകളും ഉണ്ട്. അമ്പതിലധികം റിസോര്‍ട്ടുകളുടെ നിര്‍മ്മാണവും നടന്നുവരുന്നുണ്ട്.
ഊട്ടിയും മൂന്നാറുംപോലെ ടൂറിസംരംഗത്ത് വിനോദസഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന പ്രധാന ഇടമായി വയനാട് മാറിയിട്ടുണ്ട്. പ്രതിവര്‍ഷം 60 ലക്ഷം ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളാണ് വയനാട്ടിലെത്തുന്നത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് വയനാടിന്‍റെ പ്രധാന ടൂറിസം സീസണ്‍. അടുത്ത കാലത്തായി മഴ ആസ്വദിക്കാനായി ധാരാളം പേര്‍ എത്തിതുടങ്ങിയതോടെ മണ്‍സൂണ്‍ ടൂറിസവും ഇവിടെ വളരുന്നുണ്ട്. ടൂറിസം വികസനവും ജനജീവിതവും സാധ്യമാകണമെങ്കില്‍ വയനാടിന്‍റെ തനത് കാലാവസ്ഥയും പരിസ്ഥിതിയും വീണ്ടെടുക്കണം.
വയനാടിന്‍റെ കാലാവസ്ഥയും പരിസ്ഥിതിയും വീണ്ടെടുക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണ്. ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന ബോധ്യം പൊതുജനങ്ങളില്‍ വളര്‍ത്തണം. യുവജനങ്ങളുടേയും സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും കൂട്ടായ പരിശ്രമം ഇതിനാവശ്യമാണ്. വയനാടിനായി ഒരു പരിസ്ഥിതി സൗഹൃദ വികസനനയം വേണം. പരിസ്ഥിതി-ജല-മണ്ണ് സംരക്ഷണത്തിനായി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. പദ്ധതി നിര്‍വ്വഹണത്തിന് ജില്ലാതലത്തില്‍ ഏകോപനം വേണം. വയനാടിനെ കാര്‍ബണ്‍ സന്തുലിതമാക്കാനുള്ള ഒരു യജ്ഞം സര്‍ക്കാരിന്‍റെ പദ്ധതിയിലുണ്ട്. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ ഇതിന് തുടക്കം കുറിച്ചുകഴിഞ്ഞു.
കേരളത്തിന്‍റെ പാലുല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലയായ വയനാട്ടില്‍ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്ന് ഇവിടുത്തെ കന്നുകാലി സമ്പത്താണ്. ജില്ലയിലാകെ 72677 കന്നുകാലികളും 5166 പോത്തുകളും 3577 പന്നികളും അതിലധികം ആടുകളും ഉണ്ട്. കൃഷിയിടത്തെ ജൈവസമ്പുഷ്ടമാക്കുന്നതിലും വയനാടിന്‍റെ ജൈവമുന്നേറ്റത്തിലും ഈ നാല്‍ക്കാലിസമ്പത്ത് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ വനത്തിനുള്ളിലേക്ക് നിയന്ത്രണമില്ലാതെ കാലികളെ മേയാന്‍ വിടുന്നത് കാട്ടിനുള്ളിലെ ജൈവ-ആവാസവ്യവസ്ഥയെ നശിപ്പിക്കുമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ബയോഡൈവേഴ്സിറ്റി പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹിയുമായ ഗുരുവായൂരപ്പന്‍ പറഞ്ഞു. ആവശ്യത്തിന് തീറ്റപ്പുല്‍കൃഷി നാട്ടില്‍ നടത്തുകയാണ് ഇതിന് പരിഹാരം.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ തത്വദീക്ഷയില്ലായ്മ നാട്ടിലെ ജൈവവൈവിധ്യത്തെ നശിപ്പിച്ചു. കാട് വെട്ടല്‍ എന്ന ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അപൂര്‍വ്വയിനം സസ്യങ്ങളും ചെടികളുമാണ് വംശനാശം നേരിടുന്നത്. പകരം വയനാടിന്‍റെ ജൈവവൈവിധ്യസംരക്ഷണ പരിപാലനത്തിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്‍റെ അരുവികള്‍ നശിച്ചതും തോടുകളുടേയും പുഴകളുടേയും ഓരങ്ങള്‍ നശിച്ചതും കാവുകള്‍ ഇല്ലാതായതും വയനാടിന്‍റെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡന്‍റ് എന്‍.ബാദുഷ പറഞ്ഞു. കൃഷിയിടങ്ങളില്‍ ഏകവിള ഒഴിവാക്കി ബഹുവിള സമ്പ്രദായം പ്രോത്സാഹിപ്പിക്കണമെന്നും വനത്തിനുള്ളിലെ മുഴുവന്‍ താമസക്കാരേയും നാട്ടിലെത്തിച്ച് പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്‍റെ സാമ്പത്തികപ്രശ്നവും പാരിസ്ഥിതിക പ്രശ്നവും ഒരുപോലെ പരിഹരിക്കാന്‍ കഴിയുന്ന നടപടികളാണ് വേണ്ടത്. കാര്‍ബണ്‍ വിഷം കുറക്കാനുള്ള ക്രിയാത്മക ഇടപെടല്‍, ശാസ്ത്രീയമായ മരംനടല്‍, ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി എന്നിവയും ജില്ലക്കാകെ ഒരു ഹരിതപദ്ധതിയുമാണ് ആവശ്യം. അടിയന്തര പ്രാധാന്യത്തോടെ അധികൃതര്‍ ഇത് പരിഗണിച്ചില്ലെങ്കില്‍ കേരളത്തില്‍ ആദ്യം മരുഭൂമിയാവുക വയനാടായിരിക്കും. മരുഭൂമിയിലേക്കുള്ള വയനാടിന്‍റെ ദൂരം കുറക്കുക എന്നത് മാത്രമാണ് ഇനിയുള്ള പ്രതിവിധി.
സി.വി.ഷിബു

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate