অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പാരിസ്ഥിതിക പ്രശ്നങ്ങള്‍

പാരിസ്ഥിതിക പ്രശ്നങ്ങള്‍

ആമുഖം

കാട്ടിനുള്ളിലെ നാട് വയനാട്ടിലെ ഒരു പ്രധാന പ്രശ്നമാണ്. അതായത്, വനത്തിനുള്ളിലുള്ള ജനവാസകേന്ദ്രങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതികളൊന്നും ഫലപ്രദമായി നടക്കാത്തതിനാല്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇവിടെ പതിവാണ്. വയനാട് വനത്തില്‍ 57 ജനവാസകേന്ദ്രങ്ങളുണ്ട്. ഇത്രയധികം ജനവാസകേന്ദ്രങ്ങളില്‍ 104 സങ്കേതങ്ങളിലായി 2670 കുടുംബങ്ങള്‍ താമസിക്കുന്നു. ഇവയില്‍ ഭൂരിഭാഗംപേരും ആദിവാസികളാണ്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ധനസഹായത്തോടെ ചിലയിടങ്ങളില്‍ സ്വയം സന്നദ്ധ പുനരധിവാസപദ്ധതി ആരംഭിച്ചെങ്കിലും വിജയിച്ചില്ല. ഓരോ കുടുംബത്തിലും പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പത്ത് ലക്ഷം രൂപവീതം നല്‍കി വീടും സ്ഥലവും ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി. നല്ലരീതിയില്‍ നടപ്പിലാക്കിയാല്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇതായിരുന്നു. ആനകളുടെ സഞ്ചാരപാതയായ ആനത്താരയിലടക്കം ഇപ്പോള്‍ ചില കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ആനകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും അവയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായ മുള നശിക്കുകയും ചെയ്തത് വലിയൊരു പ്രതിസന്ധിയാണ് വനത്തില്‍ സൃഷ്ടിച്ചത്. 2004 മുതല്‍ 2014വരെയുള്ള പത്ത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രത്യേക പ്രതിഭാസത്തിലൂടെയാണ് വയനാടന്‍ കാടുകളിലെ ഭൂരിഭാഗം മുളകളും പുഷ്പിച്ച് നശിച്ചത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് സാധാരണ മുള പൂക്കുന്നത്. ഒരുഭാഗത്ത് ഇങ്ങനെ മുള പൂത്ത് നശിക്കുമ്പോള്‍ മറുഭാഗത്ത് പുതിയ മുളത്തൈകള്‍ വളര്‍ന്നുവരികയും അവ മുളങ്കൂട്ടങ്ങളായി വികസിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായ ബാധിച്ചതിനാലാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുളകള്‍ കൂട്ടത്തോടെ പുഷ്പ്പിച്ച് നശിച്ചതെന്ന് വനഗവേഷണം നടത്തുന്ന വിദഗ്ധര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മുളകള്‍ പോലും ഇക്കാലയളവില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയും പിന്നീട് നശിക്കുകയും ചെയ്തുവെന്ന് വനത്തിനുള്ളിലെ ആദിവാസികളും സാക്ഷ്യപ്പെടുത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍

വയനാട്ടിലടക്കം വനഭൂമി കൂടുതലുള്ള ജില്ലകളിലെ പ്രധാന പ്രശ്നമാണ് വനത്തിന്‍റെ വിസ്തൃതി കുറയുന്നതും വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പ്രധാന കാരണവും ഇതുതന്നെയാണ്. സ്വാഭാവികമായി ഉണ്ടായിരുന്ന വനങ്ങള്‍ നശിപ്പിക്കപ്പെട്ടതും അനുയോജ്യമല്ലാത്ത മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ടുള്ള വനവല്‍ക്കരണവും ഈ സംഘര്‍ഷത്തിന് ആക്കംകൂട്ടി. ഉല്‍പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ വലിച്ചെടുക്കാന്‍ ആവശ്യമായ വനം ഇല്ലാത്തതിനാല്‍ പാരിസ്ഥിതിക പ്രശ്നങ്ങളും ഉടലെടുത്തു. വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ അക്കേഷ്യ, തേക്ക്, യൂക്കാലി എന്നിവ നട്ടുപിടിപ്പിച്ചതിനാല്‍ വനത്തിനനുയോജ്യമായ ചെടികളുടെ വ്യാപനം നിലച്ചു. ഇത് പരിസ്ഥിതിയേയും കാലാവസ്ഥയേയും ബാധിച്ചു എന്നുമാത്രമല്ല വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയും വെള്ളവും ഇല്ലാതാക്കി. തന്‍മൂളം മൃഗങ്ങള്‍ കൂട്ടത്തോടെ വനത്തിന് പുറത്തേക്കിറങ്ങി. 344 ച.കി.മീ.വരുന്ന വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 211 ചെറു വെള്ളച്ചാട്ടങ്ങളും അമ്പതിലധികം ചെക്ക് ഡാമുകളുമുണ്ട്. ഇവയില്‍ പലതും ജനുവരി ആകുന്നതോടെതന്നെ വറ്റിത്തുടങ്ങുന്നു. വറ്റിപ്പോകുന്ന ജലാശയങ്ങളിലെ മത്സ്യങ്ങളും തവളകളും മണ്ണിനടിയിലെ ചളിയിലേക്ക് പോയി അവിടെ ശിശിരനിദ്രയിലായിരിക്കും. ആ സമയത്ത് അവയെ കണ്ടാല്‍ ജീവനുള്ളവയാണെന്ന് പോലും തോന്നില്ല. നിശ്ചിത സമയത്തിനകം മഴ ലഭിച്ചില്ലെങ്കില്‍ ഈര്‍പ്പമില്ലാതെ അവയ്ക്ക് നിദ്രയില്‍ നിന്ന് ഉണരാന്‍ കഴിയില്ല. ഇങ്ങനെ നേരത്തെ വരള്‍ച്ചയെത്തുമ്പോള്‍ നേരത്തെതന്നെ ശിശിരനിദ്രയില്‍ കഴിയുന്ന സൂക്ഷ്മജീവികള്‍ ചത്തുപോവുകയാണ് പതിവ്. വരള്‍ച്ചയുടെ മാസങ്ങളില്‍ ചെറുജീവികളില്‍ പലതും നിദ്രാവസ്ഥയില്‍ പ്രവേശിച്ചാണ് വരള്‍ച്ചയെ അതിജീവിക്കുന്നത്. നന്നായി വെയില്‍ വന്നാല്‍ പോലും അട്ടകളൊക്കെ മണ്ണില്‍ ചേര്‍ന്നിരിക്കും. ചെറുജീവികളുടേയും സൂക്ഷ്മ ജീവികളുടേയും നാശത്തിന് കാരണമാകുന്നത് കൂടാതെ ഇലപൊഴിയും കാടുകളിലെ ഭക്ഷ്യവസ്തുക്കളും ഇല്ലാതാകുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ള ജില്ലകളില്‍ ഒന്നാണ് വയനാട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയുടെ ചുറ്റും വനമേഖലയാണ്. ആകെ 824 ച.കി.മീ.ഉള്ളില്‍ 734 ആനകളും 2066 കാട്ടുപോത്തുകളും കടുവയും പുലിയും ആയിരക്കണക്കിന് കാട്ടുപന്നികളും കുരങ്ങുകളും മാനുകളും ഉണ്ടെന്നാണ് കണക്ക്. അതായത് ശരാശരി ഒരു ആനയ്ക്ക് വിഹരിക്കാന്‍ കഷ്ടിച്ച് കിട്ടുന്നത് ഒരു ച.കി.മീ.മാത്രം ഈ സ്ഥലപരിമിതിക്കുള്ളില്‍ നിന്ന് അവയ്ക്കാവശ്യമായ തീറ്റയും വെള്ളവും ലഭിക്കണം. സ്വാഭാവികമായും ഇന്നത്തെ സാഹചര്യത്തില്‍ ഇത് ലഭിക്കില്ല. പല വിദേശരാജ്യങ്ങളിലും വനവിസ്തൃതിക്ക് ആനുപാതികമായി വന്യമൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുണ്ട്. അല്ലെങ്കില്‍ ചിലയിടങ്ങളില്‍ നിയന്ത്രിക്കും. വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ പുനരധിവാസത്തിനുള്ള പദ്ധതികളായിരിക്കും ഫലപ്രദമായി വേണ്ടത്.

ആനകളുടെ ഭക്ഷണരീതിക്ക് പ്രത്യേക സവിശേഷതകളുണ്ട്. ഏറ്റവും പ്രിയപ്പെട്ട ആഹാരം പുല്ലിനങ്ങളാണ്. എന്നാല്‍ എല്ലാ പുല്ലിനങ്ങളും ഭക്ഷിക്കില്ല. ഭക്ഷണത്തില്‍ ഒരു തെരഞ്ഞെടുക്കല്‍ നടത്തിയാണ് എല്ലാം അകത്താക്കുന്നത്. പുല്ല് ഭക്ഷിക്കുന്നതിനെ തുടര്‍ന്ന് ചില പച്ചിലകളും കഴിക്കും. ചൊരുക്ക്, വിഷം, ദാഹം, ദഹനക്കുറവ് എന്നിവയ്ക്ക് പരിഹാരമായി മറുമരുന്നായാണ് പച്ചിലകള്‍ കഴിക്കുന്നത്. വരള്‍ച്ചാകാലഘട്ടത്തില്‍ കാട്ടിലൂടെ സഞ്ചരിച്ചാല്‍ ചോരപ്പറ്റുള്ള പിങ്ക് നിറമുള്ള ആനപ്പിണ്ടമാണ് കാണാന്‍ കഴിയുന്നത്. പുല്ലും പച്ചിലകളും ലഭിക്കാതെ വരുമ്പോള്‍ ആനകള്‍ മരത്തോലാണ് ഭക്ഷിക്കുന്നത്. ചടച്ചിയുടെ തോല്‍ കൂടുതലായി ഭക്ഷിക്കുമ്പോഴാണ് ആനപ്പിണ്ടം ചുവന്ന നിറത്തില്‍ കാണുന്നത്.

വയനാട്ടില്‍ ആദ്യം വരള്‍ച്ചയെത്തുന്നത് പശ്ചിമഘട്ടത്തിന്‍റെ കിഴക്കേചരിവിലെ മഴനിഴല്‍ പ്രദേശങ്ങളിലാണ്. കര്‍ണാടക , തമിഴ്നാട് സംസ്ഥാനങ്ങളിലെ വനമേഖലയാണിത്. അവിടെ ഫെബ്രുവരി-മാര്‍ച്ചില്‍ എല്ലാം വരണ്ടുണങ്ങും. ഇലപൊഴിയും കാടുകളുടെ പച്ചപ്പ് നഷ്ടമാകും. നീര്‍ച്ചാലുകള്‍ വരണ്ടുണങ്ങും. ഈ മേഖലയില്‍ നിന്ന് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ പശ്ചിമഘട്ടത്തിന്‍റെ കിഴക്കേ ചരിവിലേക്ക് കൂട്ടത്തോടെ കുടിയേറും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വയനാടന്‍ കാടുകളില്‍ വലിയ വരള്‍ച്ച ഉണ്ടാകാറില്ല. ഇടയ്ക്ക് വേനല്‍ മഴയില്‍ പുല്ലുകള്‍ തളിര്‍ക്കും, ഇതിനാല്‍ വന്യജീവികള്‍ അതിജീവനത്തിനായി വയനാടന്‍ കാടുകളിലേക്ക് കുടിയേറുകയാണ് പതിവ്. ഏപ്രില്‍-മെയ് മാസങ്ങളില്‍ വയനാടും വരണ്ടുണങ്ങും. മുമ്പ് അപ്പോഴേക്കും വേനല്‍മഴ ശക്തമാകുമായിരുന്നു. മഴക്കാലമാകുന്നതോടെ കുടിയേറിയ വന്യമൃഗങ്ങള്‍ അവരുടെ ആവാസമേഖലയിലേക്ക് മടങ്ങിപ്പോകും. ഇതിനിടെ വരള്‍ച്ച രൂക്ഷമാകുമ്പോള്‍ ആനകള്‍ നിര്‍ജ്ജലീകരണം മൂലമോ മറ്റ് അസുഖങ്ങള്‍ മൂലമോ ചരിയും. 2017ലെ വേനല്‍ക്കാലത്ത് നാല് മാസത്തിനുള്ളില്‍ 18 ആനകള്‍ വയനാട്ടില്‍ ചരിഞ്ഞു. ഇതില്‍ ആറെണ്ണം വെള്ളത്തിനുവേണ്ടി കടുവകളും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ചരിഞ്ഞതെന്ന് വനപാലകര്‍ പറഞ്ഞു. പൊതുവെ ആനകള്‍ക്ക് നേരെ കടുവ ആക്രമണം നടത്താറില്ല. എന്നാല്‍ അടുത്തകാലത്തായി ഇതും സാധാരണമായിരിക്കുന്നു.

വന്യമൃഗശല്യം രൂക്ഷമായതോടെ വന്യമൃഗങ്ങളുടെ ആക്രമണവും വയനാട്ടില്‍ തുടര്‍ക്കഥയാണ് 1980 മുതലുളള ലഭ്യമായ കണക്കനുസരിച്ച് വയനാട്ടില്‍ ഇതുവരെ 110പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചു. ഇതില്‍ എണ്‍പത് പേരും തിരുനെല്ലിപഞ്ചായത്തില്‍ പെട്ടവരാണ്. അതായത് രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍പേര്‍ വന്യമൃഗാക്രമണത്തില്‍ മരിച്ചത് വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലാണ്. 91 കിലോമീറ്ററാണ് തിരുനെല്ലിയുടെ ആകെ വനാതിര്‍ത്തി. കര്‍ണാടകയിലെ നാഗര്‍ഹോള വനമേഖലയോടെ ചേര്‍ന്നുകിടക്കുന്ന ഇവിടം നോര്‍ത്ത് വയനാട് വനം ഡിവിഷന്‍റെ ഭാഗവും തോല്‍പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട പ്രദേശവുമാണ്. കാട്ടാനകളുടേയും കാട്ടുപോത്തിന്‍റേയും കടുവയുടേയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. 1990 മുതല്‍ വടക്കേ വയനാട്ടില്‍ തിരുനെല്ലി പഞ്ചായത്ത് വന്യമൃഗശല്യ പ്രതിരോധ കര്‍മ്മസമിതി പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്‍റെ എല്ലാവാര്‍ഡുകളിലും യൂണിറ്റുകളുള്ള കര്‍മ്മസമിതി പതിനൊന്നംഗ എക്സിക്യുട്ടീവ് കമ്മറ്റിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2006ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവുമായി ഭാരവാഹികളായ ടി.സി.ജോസഫും കെ.അനന്തന്‍ നമ്പ്യാരും ചര്‍ച്ച നടത്തിയിരുന്നു. വനത്തിനുള്ളില്‍ അക്കേഷ്യ തൈകള്‍ നടുന്നത് നിര്‍ത്തിവെച്ചതും തേക്ക്, അക്കേഷ്യ മുതലായ മരങ്ങള്‍ മുറിക്കാനും പകരം വനത്തിന് അനുയോജ്യമായ മരത്തൈകള്‍ നടുന്നതിനും തീരുമാനമായത് കര്‍മ്മസമിതിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ജനവാസ കേന്ദ്രങ്ങളായ ഗ്രാമങ്ങള്‍ ആനത്താരകളായി മാറുന്ന കാഴ്ചയാണ് തിരുനെല്ലിയില്‍ പലപ്പോഴും കാണാന്‍ കഴിയുന്നത്. വയനാടിന്‍റെ മണ്ണിന്‍റെ സ്വഭാവഘടനവച്ച് വനത്തിനോട് ചേര്‍ന്ന് ട്രഞ്ച് നിര്‍മ്മാണം പരിഹാരമല്ല. മഴക്കാലത്ത് മണ്ണിടിഞ്ഞ് അതുവഴി വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് പതിവാണ്. കൂടാതെ ട്രഞ്ചുകളുടെ നിര്‍മ്മാണം വരള്‍ച്ച വേഗത്തിലെത്തിക്കും. ആയതിനാല്‍ വൈദ്യുതി ഫെന്‍സിംഗും സ്വകാര്യ തോട്ടങ്ങളോട് ചേര്‍ന്ന് വിജയകരമാണെങ്കിലും സര്‍ക്കാര്‍ ചിലവില്‍ നിര്‍മ്മാണം നടത്തുന്ന സ്ഥലങ്ങളില്‍ ഇത് പരാജയമാണ്. ശാശ്വതമായി നിലനില്‍ക്കുന്നതും നൂറ് വര്‍ഷത്തേക്കെങ്കിലും അറ്റകുറ്റപ്പണി ആവശ്യമില്ലാത്തതും റെയില്‍ പാള ഫെന്‍സിങ്ങാണെന്ന് ടി.സി.ജോസഫ് പറഞ്ഞു. ഉപയോഗശൂന്യമായ റെയില്‍പാളം റെയില്‍വേയില്‍ നിന്ന് ലേലത്തിനെടുത്ത് വനാതിര്‍ത്തികളില്‍ വേലി നിര്‍മ്മിക്കുന്ന രീതി കര്‍ണാടകയില്‍ നല്ല നിലയില്‍ നടപ്പാക്കുന്നുണ്ട്. ഒരു കോടി ഇരുപത്താറ് ലക്ഷം രൂപയാണ് ഒരു കിലോമീറ്ററിന്‍റെ നിര്‍മ്മാണച്ചിലവ്. കല്ലുകൊണ്ട് നിര്‍മ്മിക്കുന്ന കരിങ്കല്‍ ഭിത്തികള്‍ പലപ്പോഴും ആന തകര്‍ക്കുന്നത് പതിവാണ്. കൂടാതെ വന്‍തോതില്‍ കല്ല് ആവശ്യമായി വരുന്നതിനാല്‍ ക്വാറികള്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്നത് മറ്റുതരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കും. അതിനാല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ പ്രായോഗികമായി റെയില്‍ ഫെന്‍സിംഗ് അനിവാര്യമായി വന്നിരിക്കുകയാണ്. വനത്തിനുള്ളില്‍ മരങ്ങളില്ലാതെ തുറസ്സായ മൈതാനങ്ങളില്‍ വനവല്‍ക്കരണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ആവശ്യമായ തീറ്റയും വെള്ളവും വനത്തിനുള്ളില്‍ ലഭ്യമായാല്‍ വന്യമൃഗശല്യം വയനാട്ടിലൊരു പ്രശ്നമല്ലെന്ന് ഇവര്‍ പറയുന്നു.

സി.വി.ഷിബു

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate